SUBSCRIBE


സിനിമ

or
Author


17th March | Issue 46

1956, മധ്യതിരുവിതാംകൂർ: കുടിയേറ്റവും, കാട്ടുപോത്തും, കുറേ കഥകളും


ഗോകുല്‍ കെ.എസ്

'അവിശ്വസനീയത' -യാണ് (unreliability) സിനിമയിലെ ഒരു പ്രധാന ഘടകം. ഓർമ്മകളെ എത്രത്തോളം നമുക്ക് വിശ്വസിക്കാൻ കഴിയും, അല്ലെങ്കിൽ 'ഓർത്തെടുത്ത്' പറയുന്ന കാര്യങ്ങളിൽ യാഥാർഥ്യത്തെ എത്രത്തോളം ഒരാൾ ഉൾക്കൊള്ളുന്നുണ്ട് എന്നത് പ്രധാനമാണ്. 'ഓർത്തെടുക്കുമ്പോൾ' സമാന്തരമായി ചില കാര്യങ്ങൾ നമ്മൾ 'മറന്നു പോകുന്നുണ്ട്'. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. പരിക്ക് പറ്റിയതിന് ശേഷം ആശുപത്രിയിൽ വച്ച് എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുന്ന രംഗത്തിൽ, എത്ര സ്വാഭാവികമായാണ് യാഥാർഥ്യത്തിന് വിളിപ്പാടകലെയുള്ള 'കഥകൾ' പുറത്തു വരുന്നത്.


സമീപകാലത്ത് വേറിട്ട ദൃശ്യാഖ്യാന ശൈലി കൊണ്ടും സൗന്ദര്യാത്മക സംവേദനത്തിലെ പരീക്ഷണങ്ങൾ കൊണ്ടും സിനിമാസ്വാദകർക്കിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ട 'ശവം', 'വിത്ത്' എന്നീ സിനിമകള്‍ക്ക് ശേഷം ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് '1956, മധ്യതിരുവിതാംകൂർ'. അൻപതുകളുടെ സാമൂഹിക-സാംസ്‌കാരിക-ഭൂമിശാസ്‌ത്ര പശ്ചാത്തലത്തിൽ, ഭൂപരിഷ്ക്കരണത്തിന് മുൻപ്, കോട്ടയത്ത് നിന്നും തേനിയിൽ നിന്നും ഇടുക്കിയിലേക്ക് കുടിയേറ്റങ്ങൾ നടക്കുന്ന കാലഘട്ടത്തിലാണ് ഡോൺ കഥകളുടെ പെട്ടി തുറക്കുന്നത്. ഏതെങ്കിലും ഒരു ചരിത്ര സംഭവത്തെ ആസ്‌പദമാക്കിയെടുത്ത 'പീരീഡ് ഡ്രാമ' -യല്ല ഈ ചിത്രം. പക്ഷേ കേരളത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ് പുനരാവിഷ്‌ക്കരിക്കപ്പെടുന്നത്. ലളിതമായ സംഭാഷണങ്ങളിലൂടെ, സാഹസികതകളിലൂടെ, കുടിയേറ്റത്തിന്റെ പ്രതീകാത്മക അനുഭവങ്ങളിലൂടെ, സാമൂഹിക ഇടങ്ങളിലൂടെ, പ്രകൃതിയും മനുഷ്യരും തമ്മിലുള്ള സങ്കീർണമായ ബന്ധത്തിന്റെ പല തലങ്ങളാണ് ഡോൺ ഈ സിനിമയിൽ കണ്ടെടുക്കുന്നത്. പല കാലങ്ങളിലായി കേട്ട കഥകളിലൂടെ പരിചയപ്പെട്ട കുറേ മനുഷ്യരെയും, അവർ ജീവിച്ച കാലത്തേയും, അന്വേഷിച്ചിറങ്ങുന്ന സംവിധായകൻ '1956, മധ്യതിരുവിതാംകൂർ' എന്ന സിനിമയിലൂടെ പുനഃസൃഷ്ടിക്കുന്നത് കുടിയേറ്റ ഭൂതകാലത്തിന്റെ സാംസ്‌കാരിക-സാമൂഹിക ഓർമ്മകളാണ്. മനുഷ്യസമൂഹം എന്ന നിലക്ക് നമ്മൾ എത്ര ദൂരം മുന്നോട്ട് പോയിരിക്കുന്നു എന്ന് പരിശോധിക്കാനുള്ള സാധ്യതയാണ് കഴിഞ്ഞുപോയ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്ന സിനിമകൾ തുറന്നിടുന്നത്. മാറ്റങ്ങളുടെ മഹാസമുദ്രത്തിൽ മുങ്ങിപോകുമ്പോഴും, ഒരുപാട് ദൂരം നമ്മൾ താണ്ടിയിട്ടില്ല എന്ന് ഈ സിനിമ ഓർമ്മിപ്പിക്കുന്നു. മോസ്‌കോ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലടക്കം തിരഞ്ഞെടുക്കപ്പെട്ട ചിത്രം, ഇക്കഴിഞ്ഞ കേരളാ രാജ്യാന്തര ചലച്ചിത്രമേളയിൽ 'കലീഡോസ്കോപ്പ്' വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഡോൺ സംവിധാനം ചെയ്‌ത നാലാമത്തെ ചിത്രമായ 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം', 'മലയാളം സിനിമ ടുഡേ' വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. 

സിനിമക്കുള്ളിലെ നാടക രംഗം

നമ്മുക്ക് ചുറ്റുമുള്ള മനുഷ്യരോട് അവരുടെ ജീവിതത്തിൽ നടന്ന ഏതെങ്കിലും സംഭവങ്ങൾ ഓർത്തെടുത്ത് പറയാൻ ആവശ്യപ്പെട്ടാൽ, അങ്ങനെ കേൾക്കുന്ന പല 'കഥകളിൽ' നിന്ന് ഒരു സമൂഹത്തിന്റെ ഭൂത-വർത്തമാന കാലങ്ങളുടെ ചിത്രങ്ങൾ മനസ്സിൽ സൃഷ്ടിച്ചെടുക്കാൻ നമ്മുക്ക് സാധിക്കും. നിത്യജീവിതത്തിൽ വളരെ സാധാരണയായി നടക്കാറുള്ള പല സംഭാഷണങ്ങളിൽ പോലും ഓർമ്മകളോ അനുഭവങ്ങളോ ഒക്കെ എപ്പോഴും കടന്ന് വരാറുണ്ട്. അങ്ങനെ എത്രയോ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഈ കഥകളിൽ, അല്ലെങ്കിൽ ഓർമ്മകളിൽ, എത്രയോ കഥാപാത്രങ്ങളെ നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്. പല കഥകളും, പിന്നീട് പല രൂപത്തിൽ അവർത്തിക്കപ്പെട്ടിട്ടുണ്ടാകുമല്ലോ. അങ്ങനെ ചിന്തിച്ചാൽ നമ്മളെ വലയം ചെയ്യുന്നത് കഥകളാണ്. അത് ഉടലെടുക്കുന്നത് ജീവിതാനുഭവങ്ങളിൽ നിന്നും, കാലത്തിനൊപ്പമുള്ള സഞ്ചാരത്തിൽ നിന്നും, മനുഷ്യ ബന്ധങ്ങളിൽ നിന്നുമൊക്കെയാണ്. ഈ ഓർമ്മകൾ ചരിത്രാഖ്യാനങ്ങളായി എഴുതപ്പെടാറില്ല. പക്ഷേ തീർച്ചയായും സ്വകാര്യ-പൊതു ഓർമ്മകളും (personal-collective memories), അതിനിടയിൽ സംഭവിക്കുന്ന നിരന്തര വിനിമയങ്ങളിലൂടെ ഉരുത്തിരിയുന്ന 'കൾച്ചറൽ മെമ്മറി' -യും ചരിത്രത്തിന്റെ ഭാഗമാണ്. ഓർമ്മകൾക്ക് ഒരു ജനതയുടെ അതിജീവനത്തിനോളം പ്രാധാന്യമുണ്ട്. ചരിത്രകാരനായ മിലൻ ഹുബ്ൽ ഒരിക്കൽ പറഞ്ഞത് പോലെ, "ഒരു ജനതയെ ഇല്ലാതാക്കുന്നതിന്റെ ആദ്യ പടി എന്ന് പറയുന്നത്... അവരുടെ ഓർമ്മകളെ മായ്ച്ചു കളയുക" എന്നതാണ്. പലയിടത്ത് നിന്നായി വരുന്ന ചെറുഅരുവികൾ ചേർന്ന് പുഴയായി ഒഴുകുന്നത് പോലെയുള്ള '1956, മധ്യതിരുവിതാംകൂർ' എന്ന സിനിമയുടെ ആഖ്യാന ഘടന ഓർമ്മകളെ പുനരാവിഷ്‌ക്കരിക്കുന്ന സിനിമകളുടെ ജൈവികമായ രൂപവുമാണ്. ഈ സിനിമയിൽ ഇരുപതിലധികം കഥകൾ കൈവഴികൾ പോലെ പലയിടത്ത് വച്ച് ഒഴുകി വന്നു ചേരുന്നുണ്ട്‌. ഈ കഥകളെല്ലാം ഒരു പ്രത്യേക കാലത്തിലും സമയത്തിലും നിന്നുകൊണ്ട് കുറേ മനുഷ്യർ ഓർത്തെടുത്ത് പറയുന്നതാണ്‌. രണ്ട് സഹോദരന്മാരും, അവരുടെ കുറേ പരിചയക്കാരും ചേർന്ന് കുറച്ച് പണം സമ്പാദിക്കാനായി ഒരു കാട്ടുപോത്തിനെ വേട്ടയാടാൻ പോകുന്നു എന്ന കഥാതന്തുവിലേക്ക് സിനിമ എത്തുന്നത് പലയിടത്തായി കേൾക്കുന്ന കഥകളിലൂടെയാണ്. ഒരു സംഭാഷണത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ, കഥകളോടൊപ്പം സാമൂഹിക-സാംസ്‌കാരിക ചരിത്രവും കോർത്തിണക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്. കാട്ടുപോത്തിനെ തേടിയുള്ള യാത്രക്കിടയിൽ കേൾക്കുന്ന കഥകൾ പലതും, അവിടെ നിന്ന് ആ കാലഘട്ടത്തിന്റെ പല സാമൂഹിക കോണുകളിലേക്ക് പടർന്നൊഴുകുകയാണ്. പുഴയിലേക്ക് ഒഴുകി ചേരുകയും, ചിലപ്പോഴൊക്കെ ചെറു കൈവഴിയായി വേർപിരിഞ്ഞു ഒഴുകുകയും ചെയ്യുന്ന കഥകളുടെ (ഓർമ്മകളുടെ) സ്വതന്ത്ര സഞ്ചാരമാണ് കാഴ്ച്ചക്കാരെ പിടിച്ചിരുത്തുന്നത്.

മലകയറ്റം

വിചിത്രമായ ഒരു ആചാരത്തെ കുറിച്ച് എവിടെ നിന്നോ കേട്ടറിഞ്ഞ ഓനനും സുഹൃത്തുക്കളും അത് കാണാനായി തമിഴ് നാട്ടിലേക്ക് പോയതിനെ കുറിച്ചും, കോര നാട് വിട്ടു പോയതിനെ കുറിച്ചും നമ്മൾ ആദ്യം കേൾക്കുന്നത് മറ്റൊരാളിലൂടെയാണ്. ഇടയ്ക്കിടക്ക് അയാൾ വന്നു ചില കഥകൾ പറഞ്ഞിട്ട് പോകുന്നു. പിന്നീട് ക്യാമറ എത്തുന്നത് ഒരു കള്ള് ഷാപ്പിനുള്ളിൽ നാലുപേർ സംസാരിച്ചു കൊണ്ടിരിക്കുന്നിടത്താണ്. നാലുപേർ കൂടിയിരുന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ എത്ര കഥകൾ കേൾക്കാം. പിന്നീട് അവറാച്ചന്റെ വീട്ടിൽ കോരയെ ആദ്യമായി നമ്മൾ കാണുന്നു. ഒടുവിൽ കുരുമുളക് പറിക്കുന്നതിനിടയിൽ ഓനൻ-കോര സഹോദരന്മാരെ നമ്മൾ കണ്ടു മുട്ടുന്നു. ഇതെല്ലാം നീണ്ട സംഭാഷണ രംഗങ്ങളാണ്. തുടർന്നും സിനിമ പുരോഗമിക്കുന്നത് ഇത്തരം സംഭാഷണങ്ങളിലൂടെയാണ് എങ്കിലും, കാട്ടിലേക്ക് പോകുന്നത് മുതൽ സ്വാഭാവികമായ ചില മാറ്റങ്ങൾ ആഖ്യാനത്തിൽ സംഭവിക്കുന്നുണ്ട്. കോരയുടെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് 'കാട്ടുപോത്തിലേക്ക്' കാര്യങ്ങളെ എത്തിക്കുന്നത്. എന്താണ് കോരയുടെ പശ്ചാത്തലം എന്ന് തുടക്കത്തിലെ സംഭാഷണങ്ങളിലൂടെ കുറേയൊക്കെ വ്യക്തമാകുന്നുണ്ട്. കോരയെ സഹായിക്കുന്നതാകട്ടെ അയാളുടെ സഹോദരനായ ഓനനാണ്. ഇവർക്കിടയിലെ ബന്ധത്തെ കുറിച്ചും ഇതേ സംഭാഷണങ്ങളിൽ നിന്ന് മനസിലാക്കാം. ഇങ്ങനെ നോക്കുമ്പോൾ തുടക്കത്തിലെ സംഭാഷണ രംഗങ്ങൾ സിനിമയുടെ ആകെ ഉള്ളടക്കത്തിന്റെ സംക്ഷിപ്‌ത ആമുഖമാണ്. മൂന്നാമത്തെ സംഭാഷണത്തിൽ കാട്ടുപോത്തും, നാലാമത്തെ സംഭാഷണത്തിൽ തോക്കും കടന്ന് വരുന്നു. പിന്നീട് ചീട്ടു കളിയിലൂടെ സാഹസിക സഞ്ചാരത്തിലേക്ക് പ്രവേശിക്കുന്നു. വനാന്തരങ്ങളിൽ കാട്ടുപോത്തിനെ തേടിയുള്ള ആറ് പേരുടെ യാത്ര ഭാവാർത്ഥ തലത്തിൽ ഇടുക്കിയിലേക്കുള്ള കുടിയേറ്റങ്ങളെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. പരിചിതമല്ലാത്ത അന്തരീക്ഷത്തിലും പരിസരങ്ങളിലും തോന്നുന്ന ഭയവും, അങ്ങനെയുള്ള ഇടങ്ങൾ 'കീഴടക്കുന്നതിലെ' വെല്ലുവിളിയും സാഹസികതയും എല്ലാം ആഖ്യാനത്തിൽ പ്രതിഫലിക്കുന്നു. സാമ്പത്തികമായ പ്രതിസന്ധികളിൽ നിന്ന് കരകയറാനാണ് പല കുടിയേറ്റങ്ങളും നടന്നിട്ടുള്ളത്‌. പുതിയ ഇടത്തേക്ക് ജീവിതം പറിച്ചുനടുന്നത് കഷ്ടപ്പാടുകൾ വലിയൊരളവിൽ മാറിക്കിട്ടും എന്ന പ്രതീക്ഷയിലാണ്. പക്ഷേ കുടിയേറി ചെന്ന ഇടങ്ങളിലെ വലിയൊരു വിഭാഗം മനുഷ്യരുടെയും ജീവിതയാഥാർഥ്യം സിനിമയിലെ കഥാപാത്രങ്ങൾക്ക് സംഭവിക്കുന്നത് തന്നെയാണ്. ഒരു രംഗത്തിൽ മാത്രം, ഒരു ജർമൻ പെയിന്റിംഗ്‌ പോലെ, തെളിയുന്ന 'കാട്ടുപോത്ത്' ഒരേ സമയം നിരർത്ഥകമായ ശ്രമങ്ങളുടെയും, അതേപോലെ തന്നെ കുത്തിവീഴ്ത്താൻ സജ്ജമായി നിൽക്കുന്ന വ്യവസ്ഥിതിയുടെയും പ്രതീകമാണ് എന്ന് വിലയിരുത്താം. നമ്മളെ തുറിച്ചു നോക്കുന്ന പോത്ത്, മറ്റൊരർത്ഥത്തിൽ സിനിമയിൽ അവതരിപ്പിക്കപ്പെടുന്ന ഭൂതകാലമാണ്. ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു ബിംബമാണ് 'കാട്ടുപോത്ത്'.

യാത്രക്കിടയിലെ രംഗം

'അവിശ്വസനീയത' -യാണ് (unreliability) സിനിമയിലെ ഒരു പ്രധാന ഘടകം. ഓർമ്മകളെ എത്രത്തോളം നമുക്ക് വിശ്വസിക്കാൻ കഴിയും, അല്ലെങ്കിൽ 'ഓർത്തെടുത്ത്' പറയുന്ന കാര്യങ്ങളിൽ യാഥാർഥ്യത്തെ എത്രത്തോളം ഒരാൾ ഉൾക്കൊള്ളുന്നുണ്ട് എന്നത് പ്രധാനമാണ്. 'ഓർത്തെടുക്കുമ്പോൾ' സമാന്തരമായി ചില കാര്യങ്ങൾ നമ്മൾ 'മറന്നു പോകുന്നുണ്ട്'. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. പരിക്ക് പറ്റിയതിന് ശേഷം ആശുപത്രിയിൽ വച്ച് എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുന്ന രംഗത്തിൽ, എത്ര സ്വാഭാവികമായാണ് യാഥാർഥ്യത്തിന് വിളിപ്പാടകലെയുള്ള 'കഥകൾ' പുറത്തു വരുന്നത്. സിനിമയുടെ തുടക്കത്തിൽ പറയുന്ന 'ആചാരം' ഇതുപോലെ ആരോ പറഞ്ഞ കഥയാകാം. അപ്പോൾ ഹനുമാൻ സ്വാമിയെ കണ്ടതോ? കേള തനിക്ക് എന്താണ് സംഭവിച്ചത് എന്ന് ആശുപത്രിയിലേക്ക് പോകുമ്പോൾ പറയുന്നുണ്ട്; അത് സത്യമാണോ?  കോര, ഓനൻ എന്നിവരുടെ മുൻകാലത്തെ കുറിച്ച് മറ്റുള്ളവർ പറഞ്ഞു കേട്ടുള്ള അറിവാണ് പ്രധാനമായും നമുക്ക് ഉള്ളത്. അതിൽ എത്രത്തോളം വാസ്തവമുണ്ട്? പല തലമുറകളായി കൈമാറി വരുന്ന കഥകൾക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ആര് പറയുന്നു, ആർക്ക് മാത്രം പറയാൻ അവസരം ലഭിക്കുന്നു, ആര് വ്യാഖ്യാനിക്കുന്നു, എങ്ങനെ വ്യാഖ്യാനിക്കുന്നു, എന്തെല്ലാം മറച്ചു വെക്കുന്നു, എന്തുകൊണ്ട് മറച്ചു വെക്കുന്നു, എന്തെല്ലാം കൂട്ടിച്ചേർക്കുന്നു എന്നിങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾക്ക് ഇവിടെ പ്രസക്തിയുണ്ട്. സിനിമയിൽ എല്ലാവരും ഒരു കഥ എങ്കിലും പറയുന്നുണ്ട്; അത് മാത്രമല്ല ഈ കഥകൾ നമ്മൾ കാണുന്ന കഥാലോകത്തിന്റെ ഉള്ളിലാണ്. സ്വപ്‌നത്തിലും കഥയുണ്ട്; യാഥാർഥ്യത്തിൽ ഭ്രമിപ്പിക്കുന്ന കാഴ്ച്ചകളുമുണ്ട്. ഡോൺ അൻപതുകളിലെ കഥകൾ കേൾക്കുന്നത് സിനിമയുടെ തുടക്കത്തിൽ എഴുതി കാണിക്കുന്നത് പ്രകാരം 'അച്ഛാച്ഛനിൽ' നിന്നാണ്. അച്ചാച്ചൻ പറഞ്ഞതിലും/പറയാത്തതിലും, ഡോൺ ആവിഷ്‌ക്കരിക്കുന്നതിലും/ഒഴിവാക്കുന്നതിലും എല്ലാം 'റിമെംബെറിങ്-ഫോർഗെറ്റിങ്' പിരിമുറുക്കം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഓർമ്മകളെ പിന്തുടരുന്ന സിനിമകളുടെ കാതലായ സ്വഭാവമാണ് 'അവിശ്വസനീയത'. അതില്ലെങ്കിലാണ് പ്രശ്‌നം. അവിശ്വസനീയതയെ സിനിമ നടക്കുന്ന കാലഘട്ടത്തോട് ചേർത്ത് വായിക്കേണ്ടത് അനിവാര്യമാണ്‌. ഇന്നത്തെ പോലെ ഏത് വിവരവും നിമിഷ നേരം കൊണ്ട് എല്ലാവരിലേക്കും എത്തുന്ന സാഹചര്യമല്ല അന്നുണ്ടായിരുന്നത്. ഓരോ ആളുകളും കാര്യങ്ങൾ അറിയുന്നതും, അറിയാതെ പോകുന്നതും സംഭാഷങ്ങളിലൂടെയോ ആളുകൾ പറയുന്ന കഥകളിലൂടെയോ മാത്രമാണ്. ശ്രദ്ധേയമായ ഒരു കാര്യം, ആറു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ മുൻപത്തെ പോലെ തന്നെയോ, അതിനേക്കാൾ അധികമായോ 'അവിശ്വസനീയത' സമൂഹത്തെ തളർത്തുന്നുണ്ട്. ദിവസവും കേൾക്കുന്ന വാർത്തകൾ മുതൽ സംഭാഷണങ്ങളിലെ 'തള്ളുകൾ' വരെ നീളുന്നു ഇന്നത്തെ 'കഥകൾ'. സിനിമയുടെ ഒടുക്കം കാണുന്ന 'തോക്ക്' ഈ ചിന്തകളെ അടിവരയിടുന്നു..

വിദൂരതയിൽ ആൾക്കൂട്ടം, സിനിമയുടെ ആദ്യ രംഗം

സഹകരണ മനോഭാവവും സ്വാർത്ഥ താൽപര്യങ്ങളും തമ്മിലുള്ള കൊമ്പുകോർക്കലാണ് പോത്തിനെ തേടിയുള്ള യാത്രയുടെ മറ്റൊരു പ്രത്യേകത. പലപ്പോഴും കഥാപാത്രങ്ങൾ പറയുന്ന കഥകൾ പോലെ, അവർക്കിടയിലും പല തരത്തിലെ വിശ്വാസക്കുറവുകൾ പ്രകടമാണ്‌. പരസ്‌പരം വിശ്വസിക്കാനും, സഹകരിച്ചു മുന്നോട്ട് പോകാനും അവർ പ്രയാസപ്പെടുന്നുണ്ട്. അത് മനുഷ്യ സമൂഹത്തിന്റെ പൊതുസ്വഭാവമാണ്. സമീപകാലത്ത് സ്‌പൈക്ക് ലീയുടെ 'ഡാ ഫൈവ് ബ്ളഡ്‌സ്' എന്ന സിനിമയിൽ ഇത്തരത്തിൽ ഉണ്ടാകുന്ന പിരിമുറുക്കങ്ങളുടെ നാടകീയ കാഴ്ച്ചകൾ കാണാവുന്നതാണ്. ദൃശ്യാഖ്യാനത്തിലെ ശ്രദ്ധേയമായ മറ്റൊരു ഘടകം 'ഡിസ്റ്റൻസിങ്' -ആണ്. സിനിമയുടെ പശ്ചാത്തലത്തിലുള്ള ഇടത്തിലേക്ക്, ആ കാലഘട്ടത്തിലേക്ക്, കാഴ്ചക്കാരായി മാത്രം പോകുന്നവരാണ് നമ്മൾ. പുറത്തു നിന്നാണ്, മറ്റൊരു ഇടത്തിൽ/കാലത്തിൽ നിന്നുകൊണ്ടാണ്, സിനിമയിൽ നടക്കുന്ന സംഭവങ്ങൾ നമ്മൾ കേൾക്കുന്നതും കാണുന്നതും. സാങ്കേതിക തലത്തിലെ സൂക്ഷ്മമായ ഇടപെടലുകളിലൂടെ ഈ 'അകൽച്ച' -യെ കുറിച്ച് സംവിധായകൻ ഓർമ്മിപ്പിക്കുന്നുണ്ട്. വിദൂരതയിൽ കാണുന്ന ഒരുകൂട്ടം ആളുകളിൽ സിനിമ തുടങ്ങുമ്പോൾ, അനന്തമായി കിടക്കുന്ന മലകൾ, ഉയരത്തിലുള്ള ഏറുമാടത്തിനടുത്ത് നടക്കുന്ന സംഭാഷണം ദൂരെ നിന്ന് കാണുന്നത്, നിരവധി ലോങ്ങ് ഷോട്ടുകൾ, പശ്ചാത്തലത്തിൽ മാത്രം മുഴങ്ങി കേൾക്കുന്ന വെടിയൊച്ചകൾ, കേളക്ക് സംഭവിക്കുന്ന അപകടം നമ്മൾ കാണാത്തത് - എന്നിങ്ങനെ ഒരുപാട് 'ഡിസ്റ്റൻസിങ്' സംഭവിക്കുന്നുണ്ട്. ലാവ് ഡിയാസ്, സായി മിങ് ലിയാങ്, ബേല ടാർ എന്നിവരുടെ സിനിമകളെ അനുസ്‌മരിപ്പിക്കുന്ന 'നിശ്ചലത' -യാണ് മറ്റൊരു പ്രത്യേകത. ചിലപ്പോൾ സമയത്തെ പോലും പിടിച്ചു നിർത്താൻ ചില ഫ്രയിമുകൾക്ക് സാധിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ ആന്തരിക ചിന്തകളിലേക്ക് പോവുക എന്നതിൽ നിന്ന് മാറി, പ്രകൃതി-മനുഷ്യ ബന്ധത്തെ ദൃശ്യങ്ങളിലൂടെ അടയാളപ്പെടുത്തുക എന്നതാണ് പ്രധാനമായും 'നിശ്ചലത' ചെയ്യുന്നത്.

ആശുപത്രിയിലെ രംഗം

ചില സ്റ്റില്ലുകൾ മണ്ണും മനുഷ്യരും തമ്മിലുള്ള വേർപെടുത്താൻ കഴിയാത്ത ബന്ധത്തെയും ഒപ്പിയെടുക്കുന്നുണ്ട്. അൻപതുകളിൽ വനാന്തരങ്ങളിലൂടെ 'യാത്ര' എങ്ങനെയാണ് സാധ്യമായിരുന്നത് എന്നും, അതിന്റെ വ്യത്യസ്‌ത അനുഭവതലങ്ങൾ എന്താണെന്നും സിനിമ 'നാടകീയ സാഹസികത' എന്ന മായം ചേർക്കൽ ഇല്ലാതെ കാണിച്ചു തരുന്നുണ്ട്. മല കയറുന്ന രംഗങ്ങൾ, തമ്പടിക്കുന്നത്, കാട്ടിലൂടെ നടന്നു നീങ്ങുന്നത്, കഥാപാത്രങ്ങൾ അനുഭവിക്കുന്ന അവശതകൾ, ചെറിയ സന്തോഷങ്ങൾ, നിരാശകൾ; ഇതെല്ലാം വലിയൊരു ജനതയുടെ കുടിയേറ്റ അനുഭവങ്ങളെ പ്രതിനിധാനം ചെയ്യുന്നുണ്ട്. 

കേള

സിനിമയിൽ ഒരിടത്ത് മാത്രമാണ് 'കുരിശ്' കാണാൻ കഴിയുക. കുടിയേറ്റക്കാരുടെ കൂടെ അവരുടെ മതവും സംസ്‌കാരവും യാത്ര ചെയ്‌തിരുന്നു. ചിലപ്പോൾ മനുഷ്യർ ഇടങ്ങൾ കീഴടക്കുന്നതിന് മുൻപ്, മതങ്ങൾ അവിടെ സ്ഥാനമുറപ്പിച്ചിരുന്നു. മറ്റ് ചിലപ്പോൾ മതങ്ങൾ വഴി 'കീഴടക്കൽ' സാധ്യമായിട്ടുണ്ട്. ഇതിനെല്ലാം വിശാലമായ ചരിത്ര വായനകൾ ആവശ്യമാണ്. അൻപതുകളിലെ സുറിയാനി ക്രിസ്ത്യൻ യാഥാസ്ഥിതികതയും, അധീശ മനോഭാവവും, ജാതീയ-ലിംഗ വിവേചന ധാരണകളും, മതത്തിന്റെ സ്വാധീനവും എല്ലാം പല സംഭാഷണങ്ങളിലായി പ്രകടമാകുമ്പോൾ സാമൂഹികമായ കാഴ്ചപ്പാടുകളിലേക്കും സംവിധായകന്റെ ശ്രദ്ധ ചെല്ലുന്നുണ്ട്. 'പാണ്ടി', 'തുലുക്കന്മാർ', 'പുതു ക്രിസ്റ്റിയാനി' എന്നിങ്ങനെയുള്ള പ്രയോഗങ്ങളിൽ തുടങ്ങി 'മറ്റ് വിഭാഗങ്ങൾ' എന്ന് അവർ കരുതുന്ന ആളുകളെ കുറിച്ച് വച്ച് പുലർത്തുന്ന ധാരണകളിൽ വരെ 'സവർണ്ണ മനോഭാവം' തെളിഞ്ഞു കാണുന്നുണ്ട്. 'ഭാര്യ അവളുടെ വീട്ടിൽ ഒരുപാട് നാൾ താമസിക്കുന്നത് അത്ര നല്ലതല്ല', 'സ്ത്രീകളുടെ കയ്യിൽ സാമ്പത്തിക കാര്യങ്ങൾ ഏൽപിക്കരുത്', 'പെണ്ണുങ്ങളെ പോലെ രഹസ്യം സൂക്ഷിക്കാൻ കഴിയാത്തവൻ', 'സ്നേഹമുള്ളവൾ ആയത് കൊണ്ട് ചിലപ്പോഴൊക്കെ നമ്മളെ ഭരിക്കാൻ അവസരം നൽകണം' എന്നിങ്ങനെ നീളുന്ന സിനിമയിലെ ആൺ പ്രഭാഷണങ്ങൾ പുരുഷ-കേന്ദ്രീകൃത സമൂഹത്തിന്റെ ചിത്രമാണ് നൽകുന്നത്. ഇവിടെ ചിന്തിക്കാവുന്ന ഒരു പ്രധാന കാര്യം, 'നമ്മൾ അവിടെ നിന്ന് ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു' എന്നതാണ്. മേൽപറഞ്ഞ പല ധാരണകളും ചിന്തകളും അഭിപ്രായ പ്രകടനങ്ങളും ഇപ്പോഴും തുടരുന്നു എന്നത് നമ്മൾ അവകാശപ്പെടുന്ന പല 'മുന്നേറ്റത്തെയും' ചോദ്യം ചെയ്യുന്നു. ബിബ്ലിക്കൽ റെഫെറെൻസുകൾ സിനിമയിൽ ധാരാളമുണ്ട്. 'രണ്ട് സഹോദരന്മാർ' എന്നത് ആബേൽ-കയിനിൽ തുടങ്ങി 'മുടിയാനായ പുത്രൻ' വരെ പല കഥകളിലും ആവർത്തിക്കപ്പെടുന്ന പ്രമേയമാണ്. കത്തോലിക്ക സമൂഹത്തിന്റെ കഥ പറയുമ്പോൾ സ്വാഭാവികമായും അവരുടെ സംസ്‌കാരത്തെയും ജീവിതരീതികളെയും എങ്ങനെയാണ് മതം സ്വാധീനിച്ചിരുന്നത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. സോവിയറ്റ്‌ യൂണിയനിൽ നിന്ന് കൊണ്ട് വന്ന 'കറുത്ത ക്രിസ്തു' -വാണ് കൗതുകമായി തോന്നിയത്.

സംവിധായകൻ ഡോൺ പാലത്തറ

സന്ദീപ് കുരിശേരി, ജിജി പി. ജോസഫ് എന്നിവർ ഒരുക്കുന്ന 'സൗണ്ട് സ്‌കേപ്പ്' സിനിമയുടെ സാങ്കേതിക മികവുകളിൽ എടുത്ത് പറയേണ്ടതാണ്. കഥ നടക്കുന്ന ഇടത്തിലേക്ക് കാഴ്ച്ചക്കാരെ എത്തിക്കുന്നത് 'പ്രകൃതിയുടെ' ശബ്‌ദങ്ങളാണ്. രാത്രിയിൽ കേള കാട്ടിലേക്ക് ചൂട്ടും കത്തിച്ചു പോകുന്നതടക്കമുള്ള പല രംഗങ്ങളിലും 'ശബ്‌‌ദം' നിർണായകമാണ്. 'മോണോക്‌റോം കളർ പാലെറ്റിൽ', 'ബ്ലാക്ക് ആൻഡ് വൈറ്റിലാണ്' സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആ തീരുമാനത്തെ കുറിച്ച് ദി ഹിന്ദുവിന്‌ നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറയുന്നത് ഇങ്ങനെ: "കാഴ്ചക്കാരുടെ കണ്ണുകൾക്ക് ബ്ലാക്ക് ആൻഡ് വൈറ്റ്‌ നൽകുന്ന സ്വാതന്ത്ര്യം പ്രധാനമാണ്. സ്‌ക്രീനിന്റെ ചില പ്രത്യേക ഭാഗങ്ങളിലേക്ക് മാത്രം കാഴ്ച്ചക്കാരുടെ ശ്രദ്ധയെ കളർ സിനിമകൾ കൊണ്ട് പോകും. അതിൽ ഒരു കൃത്രിമത്വം അനുഭവപ്പെടും, എനിക്ക് ഈ സിനിമയിൽ അത് ആവശ്യമില്ല" 'ബ്ലാക്ക് ആൻഡ് വൈറ്റ്‌' -ൽ ചിത്രീകരിക്കുന്നു എന്നത് അവിസ്‌മരണീയ സിനിമാ അനുഭവം നൽകുന്നതിന് തടസ്സമാകുന്നില്ല എന്ന് സമീപ കാലത്ത് 'റോമാ', 'കോൾഡ് വാർ' അടക്കമുള്ള സിനിമകളിൽ കണ്ടറിഞ്ഞതാണല്ലോ. '1956, മധ്യതിരുവിതാംകൂർ' എന്ന സിനിമയെ ദൃശ്യഖ്യാന മികവിലേക്ക് എത്തിക്കുന്നത് ഛായാഗ്രഹകനായ അലക്സ് ജോസെഫണ്. 'ആന്ദ്രേ റുബ്ലേവ്' -നെ അനുസ്‌മരിപ്പിക്കുന്ന 'പീരീഡ് ഫ്രയിം കോമ്പോസിഷനും', 'സിറ്റിസൺ കെയിൻ' -നെ ഓർമ്മപ്പെടുത്തുന്ന 'ഡീപ് ഫോക്കസ്' -ഉം ശ്രദ്ധേയമാണ്. മൂന്ന് ട്രാക്കിംഗ് ഷോട്ടുകളാണ് സിനിമയിൽ ഉള്ളത്. ഇത് മൂന്നും - കള്ള് ഷാപ്പ്, ചായക്കട, ആശുപത്രി - ആ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന സാമൂഹിക ഇടങ്ങളെയാണ് പകർത്തുന്നത്. സിനിമയിൽ ഇടുക്കിയുടെ ഭൂമിക ഒരു പ്രധാന ഘടകമാണ്. ഇടങ്ങൾ മാറ്റങ്ങളുടെ സാക്ഷികളും, ചരിത്രം പിറവിയെടുക്കുന്നതിന്റെ കാഴ്ച്ചക്കാരുമാണല്ലോ. ചിത്രത്തിലെ, പ്രത്യേകിച്ചും യാത്രയ്ക്കിടയിലെ, ഒരുപിടി ഷോട്ടുകൾ ഒരുപാട് അർത്ഥങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. മല കയറുമ്പോഴുള്ള നിസ്സഹായാതയും കാഠിന്യവും അനുഭവപ്പെടുത്തുന്നത് ഈ ഷോട്ടുകളിലൂടെയാണ്. സാഹസികതകളിലേക്ക് പോകുമ്പോൾ സമാന പ്രമേയത്തിലുള്ള സിനിമകളിൽ സംഭവിക്കുന്ന 'വിചിത്രവൽക്കരണം' ഛായാഗ്രാഹകനും സംവിധായകനും ഈ സിനിമയിൽ ആവർത്തിക്കുന്നില്ല. ഡോൺ സിനിമകൾ ചെയ്യുന്നതും കഥകൾ എഴുതുന്നതും തന്റെ ചുറ്റുമുള്ള മനുഷ്യരിൽ നിന്നും, തനിക്ക് പരിചിതമായ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുമാണ്. ആ കഥകൾക്കും കാഴ്ചകൾക്കും ജീവനുണ്ട്, കഥാപാത്രങ്ങൾ ശ്വസിക്കുന്നുണ്ട്, നമ്മളോട് ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്, നമ്മളെക്കൊണ്ട് ഒരുപാട് ചോദ്യങ്ങൾ ചോദിപ്പിക്കുന്നുമുണ്ട്. അത് ഇനിയും തുടരട്ടെ! ഡോണിന്റെ അടുത്ത സിനിമകൾക്കായി കാത്തിരിക്കുന്നു.

 



ദ ഫാൽക്കൺസ്: അധികാരരാഷ്ട്രീയത്തിന്റെ വേട്ടപ്പക്ഷികൾ


ബാലചന്ദ്രൻ ചിറമ്മൽ

1960കളിലാണ് യൂറോപ്യൻ സിനിമയിലെ വിപ്ലവകരമായ നവതരംഗം എന്ന പുതുപ്രസ്ഥാനം ആരംഭിച്ചത്. അതുവരെ നിലനിന്നിരുന്ന സിനിമാ സങ്കല്പങ്ങളെ അപ്പാടെ നിരാകരിക്കുകയും സിനിമയെ തെരുവിലേക്ക്...

+


കിമ്മിന്റെ സ്വപ്നം


ഫൈസൽ ബാവ

ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സംവിധായകരിൽ ഒരാളാണ് തെക്കൻ കൊറിയയിൽ നിന്നുള്ള കിം കി ഡുക്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാംതന്നെ വളരെ വ്യത്യസ്തമായ വിഷയത്തിലൂടെയുള്ള...

+


‘നൻപകൽ നേരത്ത് മയക്ക'ത്തിലെ തിണമാറ്റവും ആദിദ്രാവിഡബന്ധവും


സാന്ദ്രലക്ഷ്മി ആർ

എസ് ഹരീഷ് തിരക്കഥയെഴുതി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനമികവിലൂടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചലച്ചിത്രം പുറത്തുവന്നിട്ട് ഒരു വർഷത്തിലേറെയായിരിക്കുന്നു. ഏതാനും മാസങ്ങൾക്ക്...

+


ഗ്ലാഡിയേറ്ററിലെ മല്ലയുദ്ധങ്ങൾ


മാത്യു സണ്ണി കെ

"The General who became a slave . The slave who became a gladiator.The gladiator who defied an Emperor " - Emperor Commodus 

ഭാര്യയുടെയും മകന്റെയും ആരുംകൊല പൊറുക്കാൻ ആർക്കാണ് കഴിയുക? 

പ്രതികാരം ചെയ്യും വരെ ആ ഹൃദയങ്ങൾ അശാന്തമായി...

+


ജീവിത വ്യവഹാരങ്ങളുടെ 'കൂഴങ്കൽ'


സംഗീത്

മനുഷ്യജീവിതത്തോടും അതിന്റെ കാലിക സമസ്യകളോടും സംവദിക്കുവാൻ ഒരു കലയ്ക്ക് എപ്പോൾമുതൽ കഴിയാതെവരുന്നോ, അപ്പോൾമുതൽ അതിന്റെ നിലനിൽപ്പ് വെല്ലുവിളിയിലാകുന്നുണ്ട്. ജീവിതത്തോടുള്ള...

+


ജീവിത സായാഹ്നത്തിലെ വിശുദ്ധരാത്രികൾ


മാത്യു സണ്ണി കെ

ജീവിത ആയോധനത്തിനായി മക്കളെല്ലാം പറന്നകന്നതോടെ വാർദ്ധ്യക്യത്തിൽ നമ്മുടെ മാതാപിതാക്കൾ തനിച്ചാകുകയാണ്. ഒന്നു മിണ്ടിയും പറഞ്ഞും ഇരിക്കാൻ ആരോഗ്യമുള്ളതോ ഇല്ലാത്തതോ ആയ ഒരു...

+


മമ്മൂട്ടിയൊരു ബ് രാലാണ് അഥവാ മമ്മൂട്ടി എന്ന വരാൽ അനുഭവം


ജിതേഷ് ആസാദ്

വരാലിന് ഒരു ആമുഖം.

വരാൽ എന്ന് പൊതുവെ അറിയപ്പെടുന്ന മീനിന് ഞങ്ങടെ നാട്ടിൽ കണ്ണൻ എന്നും ബ്രാൽ എന്നുമൊക്കെയാണ് പറയാറ്. കോട്ടയം ജില്ലക്കാർ നെയ്മീൻ എന്ന്...

+


സിക്സത് സെൻസിന് ഇരുപത്തിയഞ്ചാം വാർഷികം


മാത്യു സണ്ണി കെ

മലയാളിയായ മനോജ് നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്ത സിക്സ്ത് സെൻസ് എന്ന ഹോളിവുഡ് ചിത്രം സൈക്കോളജിക്കൽ ഹൊറർ  ഴാനറിൽ ഒരു ക്ലാസിക്കാണ്. മരിച്ചവരെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന ബാലനായ...

+


ഹോളിവുഡിൽ റീമേക്കിനൊരുങ്ങുന്ന ബോളിവുഡ് ചിത്രം


മുസമ്മിൽ എംസീ

ബോളിവുഡിൽ റീമേക്ക് സിനിമകൾ പുതിയ വാർത്തയൊന്നുമല്ല. പക്ഷേ, ഒരു ബോളിവുഡ് ചിത്രം ഹോളിവുഡിൽ റിമേക്കിനൊരുങ്ങുന്നു എന്നത് തീർച്ചയായും പുതിയ വാർത്തയായിരിക്കും. അത് ചെയ്യുന്നതോ, ആക്ഷൻ...

+


വിറ്റോ കൊർലിയോന്റെ മരണം


മാത്യു സണ്ണി കെ

"A man doesnt spend time with his family can never be a real man " - Don Vito Corleone 

ഫ്രാൻസീസ് ഫോർഡ് കപ്പോളയുടെ വിശ്വവിഖ്യാതമായ  സിനിമയാണ് ഗോഡ്ഫാദർ (1972). ന്യൂയോർക്കിലെ  മാഫിയകുടുംബങ്ങൾ  അധീനതക്കും സമ്പത്തിനും...

+


തനിയാവർത്തനം, ഭൂതക്കണ്ണാടി: ഭ്രാന്തിന്റെ അടിവേരുകൾ


പി.ആർ രഘുനാഥ്‌

എംടിയിൽ നിന്ന് ലോഹിതദാസിലേക്ക് 

മനുഷ്യമനസ്സിന്റെ സൂക്ഷ്മതലങ്ങളിലേക്ക്, സൂക്ഷ്മ ഭാവങ്ങളിലേക്കുള്ള യാത്രകളായിരുന്നു എംടി വാസുദേവൻ നായരുടെ രചനകളെല്ലാം. അതിൽ...

+


'അങ്കുറി'ലെ മറക്കാനാവാത്ത ദൃശ്യം


മാത്യു സണ്ണി കെ

ശ്യാം ബെനഗലിന്റെ പ്രഥമ ചിത്രമായ അങ്കുറിന്റെ (1974) അവസാന സീൻ മറക്കാനാകാത്ത ദൃശ്യമാണ്. ഫ്യൂഡൽ ബംഗ്ലാവിന്റെ വിശാലമായ മുറ്റമാണ് രംഗം. അത്യന്തം ക്രൂരമായ ഒരു ദളിത് പീഡനം അവിടെ...

+


ശ്യാം ബെനഗലിന്റെ 'മന്ഥൻ' വീണ്ടുമെത്തുമ്പോൾ


മാത്യു സണ്ണി കെ

വിശ്രുത സംവിധായകനായ ശ്യാം ബെനഗലിന്റെ മന്ഥൻ (മഥനം) എന്ന സിനിമ, കാൻ ഫിലിം ഫെസ്റ്റിവലിലെ നിറഞ്ഞ സദസ്സിൽ കഴിഞ്ഞ ദിവസം പ്രദർശിപ്പിക്കുകയുണ്ടായി. മന്ഥൻ സിനിമയുടെ റിസ്റ്റോർഡ് പ്രിൻ്റുമായി ...

+


സൈഡ് വാൾസ്: ഇന്റർനെറ്റ് കാലത്തെ പ്രണയം


ബാലചന്ദ്രൻ ചിറമ്മൽ

“The internet brings me closer to the world but farther to the life”

പണ്ട് ഈ നഗരങ്ങളും ഫോണും മറ്റും ഇല്ലാത്ത കാലത്ത് ഒറ്റ മുറി പങ്കിട്ട് താമസിച്ചിരുന്ന എന്നോട് എന്റെ സഹപ്രവർത്തകൻ പറയുമായിരുന്നു “ഞാൻ നാട്ടിൽ പോയിട്ട്...

+


ദ സെറ്റ്ലേർസ്: വെള്ളമനുഷ്യരുടെ വംശഹത്യകൾ


ബാലചന്ദ്രൻ ചിറമ്മൽ

യൂറി ദിമിത്രിയേവിന്റെ “ആനിമൽസ് ഓൺ എ പെഡസ്റ്റൽ” എന്ന പുസ്തകം മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധത്തിന്റെയും മൃഗങ്ങൾ മനുഷ്യർക്ക് വേണ്ടി ചെയ്ത “അധ്വാനത്തിന്റെയും”...

+


പുഴയും മണലും ഏറ്റുമുട്ടുന്ന ജീവിതം


ഡോ. സിബു ഇരിമ്പിനിക്കൽ

മരുഭൂമിയിലെ അടിമജീവിതം ആടായും ഒട്ടകമായും ജീവിച്ച് ഒടുവിൽ മനുഷ്യനായി പുറത്തിറങ്ങിയ നജീബിന്റെ ജീവിതം പറയാൻ മലയാളിയായ ബ്ലെസ്സി എന്ന ഫിലിം മേക്കർ ഒരുക്കിയ ലോക സിനിമയാണ് 'ആടുജീവിതം'....

+