SUBSCRIBE


സിനിമ

or
Author


27th November | Issue 239

‘നൻപകൽ നേരത്ത് മയക്ക'ത്തിലെ തിണമാറ്റവും ആദിദ്രാവിഡബന്ധവും


സാന്ദ്രലക്ഷ്മി ആർ

കേന്ദ്രകഥാപാത്രത്തിന്റെ മാനസികരൂപാന്തരീകരണത്തിന് കാരണമാകുന്ന സാംസ്കാരിക ഭൂപ്രകൃതിയിലെ വ്യത്യാസങ്ങളെ വിശദീകരിക്കാൻ ഏറ്റവും യോഗ്യമായ പഠനമേഖല തിണസിദ്ധാന്തമാണ്. ഇതൊരു സാഹിത്യസിദ്ധാന്തമാണെന്നതിനൊപ്പം ദാർശനികവും കഥാത്മകവും ചരിത്രപരവുമായ തലങ്ങളെ ഉൾക്കൊള്ളുന്നതുമായ ഒരു സാഹിത്യ കലാസിദ്ധാന്തമാണ്


എസ് ഹരീഷ് തിരക്കഥയെഴുതി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനമികവിലൂടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചലച്ചിത്രം പുറത്തുവന്നിട്ട് ഒരു വർഷത്തിലേറെയായിരിക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഈ ചിത്രത്തിന്റെ തിരക്കഥ പുസ്തകരൂപത്തിൽ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്നത്. പാതിമയക്കത്തിൽ നിന്ന് പൊടുന്നനെയുണർന്ന്, സ്വന്തം വ്യക്തിത്വത്തെ വീണ്ടെടുക്കേണ്ടി വരുന്ന സങ്കീർണ്ണമായ മാനസികാവസ്ഥയെ ഏറെ സംവാദസാധ്യതകൾ തുറന്ന് വെച്ചുകൊണ്ട്  തയ്യാറാക്കിയ അത്യപൂർവ്വമായ സിനിമാനുഭവമാണ് ‘നൻപകൽ നേരത്ത് മയക്കം’. ഒരു മലയാളി സംവിധായകൻ തമിഴ് മേഖലയെ തിരഞ്ഞെടുത്ത് ഏതാണ്ട് തമിഴ് ഭാഷയിൽ തന്നെ തയ്യാറാക്കിയ ഈ സിനിമയിൽ ജെയിംസ് എന്ന മലയാളിയിൽ സംഭവിക്കുന്ന മാനസിക രൂപാന്തരീകരണത്തിനുള്ള ഉപകരണമായി സുന്ദരമെന്ന തമിഴ് ശരീരത്തെ എന്തുകൊണ്ടാകാം തിരഞ്ഞെടുത്തത്?..

മൂവാറ്റുപുഴയിൽ നിന്നും വേളാങ്കണ്ണി തീർഥാടനം നടത്തി മടങ്ങിവരുന്ന ഒരു സംഘമാളുകൾ ഭക്ഷണശേഷം വാഹനത്തിലിരുന്ന്  ഉച്ചയുറക്കത്തിലേക്ക് കടക്കുന്നു. എന്നാൽ  കേന്ദ്ര കഥാപാത്രമായ ജെയിംസ് ഉറക്കത്തിലേക്ക് വീഴുന്നത് ‘ജെയിംസ് ’എന്ന  മലയാളിയുടെ സ്വത്വത്തിലും  ഉറക്കമുണരുന്നത് തമിഴനായ ‘സുന്ദരം’ എന്ന സ്വത്വത്തിലേക്കുമാണ്. ഒരു തമിഴ് ഗ്രാമീണവഴിയിൽ വച്ച് ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെടുന്ന ജെയിംസ് സമീപഗ്രാമത്തിലേക്ക് അവിടം അത്യന്തം പരിചയമുള്ള ഒരാളെപ്പോലെ കയറിച്ചെല്ലുന്നതാണ് കഥാഗതിയിലെ വഴിത്തിരിവ്. 

ഇവിടെ  കേന്ദ്രകഥാപാത്രത്തിന്റെ മാനസികരൂപാന്തരീകരണത്തിന് കാരണമാകുന്ന സാംസ്കാരിക ഭൂപ്രകൃതിയിലെ വ്യത്യാസങ്ങളെ വിശദീകരിക്കാൻ ഏറ്റവും യോഗ്യമായ പഠനമേഖല തിണസിദ്ധാന്തമാണ്. ഇതൊരു സാഹിത്യസിദ്ധാന്തമാണെന്നതിനൊപ്പം ദാർശനികവും കഥാത്മകവും ചരിത്രപരവുമായ തലങ്ങളെ ഉൾക്കൊള്ളുന്നതുമായ  ഒരു സാഹിത്യ കലാസിദ്ധാന്തമാണ്. ഭൂമിശാസ്ത്രവും ജീവിതപരിസരങ്ങളും ജീവിതത്തിന്റെ എല്ലാവിധമായ സങ്കീർണ്ണതകളും ഇതിൽ ഉള്ളടങ്ങിയിരിക്കുന്നു. കാലം,സ്ഥലം,ഭൂതല വൈവിധ്യങ്ങൾ, കാലം സ്ഥലത്തിലും സ്ഥലം കാലത്തിലും ചെലുത്തുന്ന സ്വാധീനങ്ങൾ ഇവയൊക്കെ പരിശോധിക്കുന്നതിനുള്ള മാർഗമാണ് തിണസങ്കല്പം. വൈജ്ഞാനികധാര എന്ന നിലയിൽ തിണസിദ്ധാന്തത്തിൽ പാരിസ്ഥിതികവും  മന:ശാസ്ത്രപരവുമായ  ഘടകങ്ങളാണ് പ്രധാനമായും  ഉപയോഗിച്ചിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ വർഗീകരണങ്ങൾ, മന:ശാസ്ത്രപരമായ ഘടകങ്ങൾ എന്നിവ ഒരു തിണയുടെ സ്വഭാവത്തിൽ നിന്ന് മറ്റൊരു തിണയുടെ സ്വഭാവത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെയും അവ മനുഷ്യരിൽ ചെലുത്തുന്ന സ്വാധീനത്തെയും  തിരിച്ചറിയാൻ സഹായകരമായ ഉപാധികളാണ്. അതിനാൽ തന്നെ നൻപകൽ നേരത്ത്‌  മയക്കം എന്ന ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിന് സംഭവിക്കുന്ന    മാനസികരൂപാന്തരീകരണത്തെ കലയുടെ യുക്തിയോടൊപ്പം  തിണമാറ്റത്തിന്റെ സാധ്യതകളുമായി ചേർത്ത് വായിക്കാൻ സാധിക്കുന്നു.

തീർത്തും അയഥാർഥമെന്നോ സ്വപ്നസമാനമെന്നോ പറയാവുന്ന ഒരു അനുഭൂതിതലമാണ് നൻപകൽ നേരത്ത് മയക്കത്തിനുള്ളത്. യുക്തിസഹമായ ഒരു കഥാന്ത്യമോ കഥാനുഭൂതിയോ വേണമെന്ന നിർബന്ധബുദ്ധിയോ എങ്ങനെയാണ്   ജെയിംസ് സുന്ദരമായി മാറുന്നത് എന്നത്തിനുള്ള ഉത്തരമോ അന്വേഷണമോ യുക്തിയോ ഈ ചലച്ചിത്രത്തിന്റെ ബാധ്യതയാവുന്നില്ല. കാഫ്കയുടെ മെറ്റമോർഫോസിസ്(metamorphosis) ആസ്വദിക്കാൻ കഴിയാത്തവർക്ക് മനുഷ്യൻ ഒരു പ്രാണിയായി രൂപാന്തരപ്പെടുമെന്നത് അയുക്തികമാണ്. അങ്ങനെയുള്ളവർക്ക്  ഈ സിനിമയുടെ കഥാപരിസരം ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്തതാണ്. ഒരാൾ മനസ്സ് മാറി വേറൊരു കഥാപാത്രമായി മാറുമോ എന്ന സംശയമവർക്കുണ്ടാകും.  അങ്ങനെയുള്ളവർക്കുള്ളതല്ല തുടർന്നുള്ള വിശദീകരണങ്ങൾ. പക്ഷേ രസനീയമായി ഈ കഥാപാത്രത്തെയും കഥയെയും അനുഭവിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവർക്കിതിൽ രൂപപ്പെടുന്ന യുക്തി നിത്യജീവിതത്തിന്റെ യുക്തിയല്ല, മറിച്ച് കലയുടെ യുക്തിയാണ്. 

തിണമാറ്റം നൻപകൽ നേരത്ത് മയക്കത്തിൽ 

മൂവാറ്റുപൂഴക്കാരൻ മലയാളിയും ക്രിസ്തുമത വിശ്വാസിയുമായ ജെയിംസ് എന്ന വ്യക്തിയും  തമിഴ്നാട്ടിലെ ദിണ്ടിഗൽ ഗ്രാമത്തിലെ ഹൈന്ദവവിശ്വാസിയായ സുന്ദരം എന്ന വ്യക്തിയും തികച്ചും വിഭിന്നമായ സാമൂഹിക – സാംസ്കാരിക – ഭാഷാ മേഖലകളിൽ നിലനില്ക്കുന്നവരും വിരുദ്ധ സ്വഭാവഗുണങ്ങളുള്ളവരുമാണ് . നാട് ,  കുടുംബം , സാമൂഹിക ജീവിതം , ഭാഷ , ഭക്ഷണം തുടങ്ങിയ ഘടകങ്ങളെ ചലച്ചിത്രാഖ്യാനത്തിന്റെ നാടകീയതയ്ക്കായി പ്രശ്നവത്കരിക്കുന്നുണ്ട് .  ഇത് വ്യക്തമാക്കുന്ന നിരവധി സന്ദർഭങ്ങൾ ചലച്ചിത്രത്തിലുണ്ട്. ഈ വൈജാത്യങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനുള്ള ഹേതുവായി ഇവിടെ സംഭവിക്കുന്ന തിണമാറ്റം (landscape variantion) മാറിയിരിക്കാം എന്നതിനെ തൊൽക്കാപ്പിയത്തിലെ തിണസങ്കല്പത്തിന്റെ പിൻബലത്തോടെ നോക്കിക്കാണാം.

ഭൂപ്രകൃതി, കാലാവസ്ഥ, ജീവിതസാഹചര്യം എന്നിവയോടൊപ്പം മാത്രമേ മനുഷ്യാനുഭവത്തിന്റെ കാവ്യവൽക്കരണം സാധ്യമാകൂ എന്നുള്ള  ബോധ്യത്തിൽ നിന്ന് രൂപപ്പെട്ടതും അവ മനുഷ്യജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെ ചർച്ച ചെയ്തുകൊണ്ടുള്ളതുമായ സമഗ്രദർശനമാണ് ദ്രാവിഡസൗന്ദര്യശാസ്ത്രഗ്രന്ഥമായ തൊൽക്കാപ്പിയത്തിലെ പൊരുളതികാരത്തിൽ വിശദീകരിക്കുന്ന തിണസങ്കല്പം. മനുഷ്യാനുഭവങ്ങളുടെ ആന്തരിക സംഘർഷങ്ങളോടൊപ്പം പാരിസ്ഥിതിക സൌന്ദര്യവ്യവസ്ഥയുടെ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ജീവിതദർശനത്തിന്റെ സമഗ്രതയെ വിവക്ഷിക്കുക എന്നതാണ് തിണസങ്കൽപ്പത്തിന്റെ ലക്ഷ്യം. ‘തിണ’ എന്ന പദത്തെ ഭൂവിഭാഗം (landscape), ഭൂപ്രകൃതി  എന്നിങ്ങനെയാണ് പൊതുവായി വ്യാഖ്യാനിക്കുന്നത്. തൊൽക്കാപ്പിയത്തിൽ വിവിധ ഭൂവിഭാഗങ്ങൾക്ക് പേരുകൾ നൽകി, അവയ്ക്ക് ഓരോന്നിനും അതിന്റേതായ പ്രത്യേകതകളും ഘടകങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. ഇവയിൽ പ്രധാനമായും അഞ്ച്  തിണ (ഐന്തിണകൾ) കളാണുള്ളത്. തിണസംഖ്യയെ സംബന്ധിച്ച് തൊൽകാപ്പിയർ, ഇത്ര തിണകളെന്ന് അന്തിമമായി വ്യവച്ഛേദിക്കുന്നിടത്തു തന്നെ തുടരണമെന്നെവിടെയും സൂചിപ്പിച്ചിട്ടില്ല. അന്നത്തെ സംഘകാല സാമൂഹിക ജീവിതത്തിലെയും ഭൂസ്ഥിതിയുടെയും വർഗീകരണത്തിലെ ഏറ്റവും ചുരുങ്ങിയ എണ്ണമാണ് / വർഗ്ഗീകരണമാണ് (differentiation) ഐന്തിണകൾ. 

തിണമാറ്റത്തിന്റെ ആലോചനാസാധ്യതകൾ

തിണസിദ്ധാന്തത്തിന്റെ സാധ്യതകളെ വിപുലപ്പെടുത്താനും സമകാലികമായി പ്രയോഗിക്കുവാനും ഉതകുന്ന സംജ്ഞയാണ് ‘തിണമാറ്റം’. ഒരു തിണയിൽ നിന്ന് മറ്റൊരു തിണയിലേക്കുള്ള  വ്യക്തിയുടെ  / വ്യക്തികളുടെ  മാറ്റത്തെ അവരുടെ ‘തിണമാറ്റ’ (landscape variation)മായി പരിഗണിച്ചുകൊണ്ടുള്ള ചർച്ചകൾ, വ്യത്യസ്ത വായനകളിലേക്കുള്ള  പുതിയ വാതിലുകൾ തുറക്കുന്നു. കരുപ്പൊരുളുകളുടെ കലർച്ച കൊണ്ടു സംഭവിക്കുന്ന ‘തിണമയക്ക’ത്തിൽ നിന്നും വ്യത്യസ്തമായ ആശയമാണ് തിണമാറ്റം(ഓരോ തിണയുടെയും ഭൂമിശാസ്ത്ര സവിശേഷതകൾക്കനുസൃതമായ പ്രധാന ഭക്ഷണം, മൃഗം, വൃക്ഷം, പുഷ്പം, പക്ഷി, ആരാധനാമൂർത്തി എന്നിങ്ങനെയുള്ള പതിനൊന്നോളം ഘടകങ്ങളാണ് കരുപ്പൊരുൾ.  ഈ കരുപ്പൊരുൾ പല സാഹചര്യങ്ങളാൽ ഒരു തിണയിൽ നിന്ന് മറ്റൊരു തിണയിൽ പോയിച്ചേരുന്നതിനെയാണ് ‘തിണമയക്കം’ എന്നതുകണ്ട് വിവക്ഷിക്കുന്നത്.) നിലവിലെ ഭൂസ്ഥിതി, ഭൂമിയുടെ സാംസ്കാരിക വ്യത്യാസങ്ങൾ എന്നിവയനുസരിച്ച് നമുക്ക് എത്രവേണമെങ്കിലും തിണകളും അത്രത്തോളം തിണമയക്കങ്ങളും തിണമാറ്റങ്ങളും സൃഷ്ടിച്ചെടുക്കാനുള്ള സാധ്യതകളുണ്ട്. 

അഞ്ച് തിണകളെ (ഐന്തിണകൾ) ക്കുറിച്ചും അവിടങ്ങളിലെ ജനജീവിതത്തെക്കുറിച്ചും സംഘംകൃതികളിൽ നിറഞ്ഞുനില്ക്കുന്ന പരാമർശങ്ങൾ പരിശോധിച്ചാൽ, ഐന്തിണകൾ മറ്റേതൊരു സംസ്കൃതിയിലെയുമെന്നപോലെ തമിഴകത്തെയും പ്രാചീനമനുഷ്യന്റെ ജീവിതവികാസത്തിന്റെ സുപ്രധാന ഘട്ടങ്ങളെയുമാണ് സൂചിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. വ്യത്യസ്ത തിണകളിലെ ജനങ്ങൾക്ക് ഭൂമിശാസ്ത്രപരമായുള്ള വ്യത്യാസങ്ങളാൽ  പല ഭൗതികസാഹചര്യങ്ങളും വ്യത്യസ്ത  ജീവിതരീതികളുമായിരുന്നുവെങ്കിലും ഈ തിണനിവാസികൾ തമ്മിൽ പരസ്പരം കൂടിക്കലർന്നുതന്നെയാണ് അതിവസിച്ചത്. ഒരു തിണയിൽ നിന്ന് ആളുകൾ മറ്റൊന്നിലേക്ക് പോകുമ്പോൾ  സ്വാഭാവികമായും സംജാതമാകുന്ന പാരിസ്ഥിതികവും സാമൂഹികവുമായ ജീവിതസാഹചര്യങ്ങളിലവർക്ക്  ജീവിക്കേണ്ടിവന്നു. തമിഴ്- മലയാളി ബന്ധത്തിലുള്ള സാജാത്യ-വൈജാത്യങ്ങൾക്ക് ഇത്തരത്തിൽ സംഭവിക്കപ്പെട്ട സാംസ്കാരികമായ കൊടുക്കൽ വാങ്ങലുകൾ കാരണമായി വർത്തിച്ചിരിക്കാം. ഇപ്രകാരം ഒരു സാംസ്കാരികവസ്തു എന്ന നിലയിൽ ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചലച്ചിത്രത്തിനുള്ളിൽ രണ്ടു സാംസ്കാരികസ്വത്വങ്ങൾ ഒരു ഭൗതികശരീരത്തിൽ പ്രകടമാക്കുന്ന വ്യത്യാസങ്ങളെയും തിണമാറ്റത്തിന്റെ തലത്തിൽ നോക്കിക്കാണാം. (‘നൻപകൽ’ എന്ന ഉച്ചനേരം  പോലും തിണസങ്കൽപ്പത്തിലെ  ലെക്സികോഗ്രഫിയിൽ നിന്നെടുത്ത ഒരു പദമാണ്.)

സംഘകാലകവിയുടെ ലോകദർശനം മനുഷ്യകേന്ദ്രീകൃതമല്ല പ്രകൃതിയും ഋതുപകർച്ചകളുമൊക്കെയും ചേർന്നതാണ്. മനുഷ്യന്റെ വികാരങ്ങളും ചിന്തകളും കർമ്മവും പ്രകൃതിയോടും കാലത്തോടും ജീവിതപരിസ്ഥിതിയോടും പരിബദ്ധമാണെന്ന് ദ്രാവിഡർ നൂറ്റാണ്ടുകൾക്ക് മുൻപ് തിരിച്ചറിഞ്ഞിരുന്നു.  തിണകൾ മാറുന്നതനുസരിച്ച് മനുഷ്യമനസ്സിനും മാറ്റങ്ങളുണ്ടാകുന്നതായി തൊൽക്കാപ്പിയം പലമട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനെ പിന്തുണയ്ക്കുന്ന നീരീക്ഷണങ്ങളും പഠനങ്ങളും പിൽക്കാലത്ത് രൂപപ്പെട്ടുവന്നു . 

ജെയിംസും സുന്ദരവും; തിണമാറ്റത്തിന്റെ ആദിദ്രാവിഡബന്ധം 

സംഘകാലഘട്ടത്തിൽ ദ്രാവിഡർ ദക്ഷിണേന്ത്യയിലെ പ്രബല രാഷ്ട്രീയശക്തിയായി വികസിച്ചുവെന്ന് സംഘംകൃതികളിൽ സൂചനയുണ്ട്. അക്കാലത്ത് തൊണ്ടൈനാട്, പാണ്ടിനാട്, ചോളനാട് , ചേരനാട് എന്നിങ്ങനെ നാലു പ്രധാന സാമ്രാജ്യങ്ങളും നിരവധി രാജ്യങ്ങളുമായി തമിഴകം വിഭജിക്കപ്പെട്ടിരുന്നതിൽ ചേരനാടാണല്ലോ പിൽക്കാലത്ത് കേരളമായി വികസിച്ചത്. പ്രാചീനകേരളം തമിഴകത്തിന്റെ പടിഞ്ഞാറോട്ടുള്ള വ്യാപനം മാത്രമായിരുന്നുവെന്ന, കെ. എൻ ഗണേഷിന്റെ ‘കേരളത്തിന്റെ ഇന്നലെകൾ’ എന്ന പുസ്തകത്തിലെ പരാമർശത്തിലൂടെ  കേരളത്തിലെ വിഭവങ്ങളും കടൽത്തീരവും തമിഴകത്തിന്റെ ഭാഗമെന്ന നിലയിലാണ് ആദിമകാലത്ത് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമാകുന്നു. കൂടാതെ  മൂലദ്രാവിഡഭാഷയിൽ നിന്ന് തെലുങ്ക് കർണ്ണാടകങ്ങൾ പിരിഞ്ഞതിനു ശേഷം തമിഴും മലയാളവും ഒന്നിച്ചായിരുന്ന ഒരു പൂർവ്വദശയുണ്ടായിരുന്നുവെന്നും ആ പൂർവ്വഭാഷ പിൽക്കാലത്ത് പല സ്വാധീനതകൾക്കും വിധേയമായി രണ്ടു സ്വതന്ത്രഭാഷകളായി ഉരുത്തിരിഞ്ഞുവെന്നുമുള്ള നിരീക്ഷണങ്ങളിലൂടെ ഭാഷയുടെ ഉത്പത്തിയിലുള്ള പ്രാക്തനമായ ഐക്യവും  മലയാള-തമിഴ് ബന്ധത്തിന്റെ അംഗീകരിക്കപ്പെട്ട സൂചനകളിലൊന്നായി പരിഗണിക്കാവുന്നതാണ്. ആര്യവൽക്കരണത്തിന്റെ പരിണതഫലമാണ് ഇന്നത്തെ കേരളമെങ്കിലും  തൻറെ ആദിമദ്രാവിഡജീവിതത്തിലേക്ക് തിരിച്ചു ചെല്ലുന്ന അബോധമായ പ്രാചീനത മലയാളിയിലുണ്ട്. ആദിദ്രാവിഡമായ സംഘബോധത്തിലേക്ക് കേരളത്തെയും തമിഴ്നാടിനെയും നയിക്കുന്ന സാംസ്കാരികപരിസ്ഥിതി (cultural ecology) ഈ രണ്ട് ദ്രാവിഡജനതകളിലുമുണ്ട്.

സുന്ദരമെന്ന വ്യക്തിയായി മാറിയ ജെയിംസിന്റെ ശരീരം തന്റെ ആദിദ്രാവിഡ സ്വത്വത്തെ നിർവചിക്കുന്നതരത്തിലുള്ള ഒരു രംഗം ‘നൻപകൽ നേരത്ത് മയക്കത്തി’ലുണ്ട്. പ്രസ്തുത രംഗത്തിൽ ജെയിംസിനെ തിരികെ നാട്ടിലേക്ക് മടക്കാൻ നിർബന്ധിക്കുന്ന, അയാളുടെയും സുന്ദരത്തിന്റെയും കുടുംബങ്ങളുടെയും നാട്ടുകാരുടെയുമെല്ലാം മുന്നിൽവെച്ച് ഈ മണ്ണും ഈ സമൂഹവും തന്റേതാണെന്നും ഇത് താനും തന്റെ മുൻതലമുറകളും ജനിച്ചുവളർന്ന ഇടമാണെന്നും അയാൾ പല രീതിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നു. വൈകാരികമായ  ഈ സന്ദർഭത്തിൽ ജെയിംസും സുന്ദരവും തങ്ങളുടെ ദ്രാവിഡസ്വത്വത്തിൽ ഐക്യപ്പെടുകയാണ്. താൻ ഈ നാട്ടുകാരനാണെന്ന് എല്ലാവരാലും അംഗീകരിക്കപ്പെടാനുള്ള ആഗ്രഹം എന്ന കേവലതയേക്കാൾ സുന്ദരവും ജെയിംസുമടങ്ങുന്ന തമിഴ് – മലയാളി സമൂഹങ്ങൾ ദ്രാവിഡമെന്ന ഒറ്റ സമൂഹമാണ് എന്ന് സ്ഥാപിക്കാനുള്ള മോഹമാണത്. ഈ  ആഗ്രഹം ജെയിംസ് എന്ന മലയാളിയ്ക്കോ സുന്ദരം എന്ന തമിഴനോ അല്ല, മറിച്ച് ദ്രാവിഡ അസ്തിത്വം പേറുന്ന ഇരുസമൂഹങ്ങളുടെയും സാമൂഹിക അബോധമാണ്.  ‘നൻപകൽ നേരത്ത് മയക്ക’ത്തിലെ കേന്ദ്ര കഥാപാത്രത്തിന് സംഭവിക്കുന്ന മാനസികരൂപാന്തരീകരണം   തിണമാറ്റത്തിന്റെ സ്വാധീനത്താൽകൂടി സംഭവിക്കുന്ന പ്രതിഭാസമായി കലയുടെ യുക്തിയിൽ  വായിക്കുന്നതിനോടൊപ്പം, മലയാളിയുടെയും തമിഴരുടെയുമുള്ളിലുള്ള ആദിദ്രാവിഡപൈതൃകം അവർ തമ്മിലുള്ള വ്യത്യാസങ്ങൾക്കിടയിലും അവരുടെ അബോധത്തിലുള്ള സമന്വയമായും മാനസികരൂപാന്തരീകാരത്തിനുള്ള രാസത്വരകമായും (Catalyst) പ്രവർത്തിക്കുന്നു എന്ന സാധ്യതകൂടി ഈ  സിനിമാവായനയിൽ പരിഗണിക്കുന്നു.

ജെയിംസിന്റെയും സുന്ദരത്തിന്റെയും ആദിദ്രാവിഡ ബന്ധത്തിലേക്കുള്ള  സാധ്യതകളെ മുൻനിർത്തി തമിഴ് – മലയാളി ബന്ധത്തിന്റെ ഈ സവിശേഷത മൂലമാണ് ജെയിംസ് എന്ന മലയാളിശരീരത്തെ സുന്ദരം എന്ന തമിഴനിലേക്കുള്ള മാനസിക രൂപാന്തരീകരണത്തിനുപകരണമായി ചലച്ചിത്രകാരൻ തിരഞ്ഞെടുത്തത്   എന്ന നിരീക്ഷണത്തിലേക്കെത്തിച്ചേരുന്നു. ഇപ്രകാരം   അനേകവായനാസാധ്യതകൾ തുറന്നു വയ്ക്കുന്ന  ഒരു ചലച്ചിത്രപാഠപുസ്തകമാണ് ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 3

  • THOMAS

    19/Oct/2025 [07:55-am]

    എഴുത്തിന്റെ വിസ്മയം

  • PJJ Antony

    21/Aug/2025 [05:01-am]

    Distinct / unique and refreshing approach and analysis. Certainly insightful. Thanks.



പെരുമാനി: സിനിമ ദേശത്തെ അടയാളപ്പെടുത്തുന്ന വിധം.


പി.ആർ രഘുനാഥ്‌

 

1. പെരുമാനിയുടെ അടരുകൾ 

“അപ്പനു”(2022)ശേഷം മജു സംവിധാനംചെയ്ത“പെരുമാനി”സവിശേഷാർത്ഥത്തിൽ ഒരു സാങ്കല്പിക ദേശത്തിന്റെയും അവിടെയുള്ള സാധാരണക്കാരായ...

+


മൊളഞ്ഞി അഥവാ സ്നേഹപ്പശ


നിധിന അശോകൻ

വള്ളുവനാടൻ ഭാഗത്ത് ചക്കപ്പശ, ചക്കയരക്ക്  എന്ന അർഥത്തിൽ പ്രാദേശികമായി ഉപയോഗിച്ചുവരുന്ന വാക്കാണ് മൊളഞ്ഞി. അടർത്തിമാറ്റാൻ അത്ര എളുപ്പത്തിൽ സാധ്യമല്ലാത്ത ഒന്നാണ് ചക്കപ്പശ. അത്...

+


കറുത്ത ജൂതനും കഥയില്ലായ്മയും


അനസ്‌ മാള

സ്വന്തം നാടായ മാളയുടെ ചരിത്രാംശം ഉൾച്ചേർന്ന സിനിമയെന്ന കൗതുകം 2017-ൽ റിലീസ് ചെയ്‌ത കറുത്ത ജൂതനോട് തോന്നിയിരുന്നു. എന്നാൽ പോയവാരം യൂട്യൂബിൽ ഇറങ്ങിയതായി സോഷ്യൽ മീഡിയയിൽ നിന്നറിഞ്ഞ...

+


അധികാരത്തിന്റെ നരവേട്ടകൾ


യാസർ അറഫാത്ത് മട്ടന്നൂർ

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് മുത്തങ്ങ സമരം നടക്കുന്നത്. 2003 ൽ ആന്റണി സർക്കാരിന്റെ കാലത്ത്. ആ ദിവസങ്ങളിലെ പത്രവാർത്തകളും അതുമായി ബന്ധപ്പെട്ട് നാട്ടിലെ ചായപ്പീടികയിൽ...

+


20 ഡെയ്സ് ഇൻ മര്യുപോൾ: യുദ്ധഭീകരതയുടെ നരക ദൃശ്യങ്ങൾ


ബാലചന്ദ്രൻ ചിറമ്മൽ

യുദ്ധം ആഘോഷിക്കുന്നവർക്ക് വേണ്ടി പ്രദർശിപ്പിക്കാവുന്ന ഒരു ഡോക്യുമെന്ററി സിനിമയാണ് “20 ഡെയ്സ് ഇൻ മര്യുപോൾ”. യുദ്ധം സൃഷ്ടിക്കുന്ന യാതനകളുടെ, അനാഥത്വത്തിന്റെ, ഒറ്റപ്പെടലിന്റെ ഒക്കെ...

+


അഡോളസെൻസ്: കൗമാരം വരയ്ക്കുന്ന കറുത്ത ചിത്രം


ജിനീഷ് കുഞ്ഞിലിക്കാട്ടിൽ

2025-ൽ നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തിയ 'Adolescence' എന്ന ബ്രിട്ടീഷ് ക്രൈം ഡ്രാമ മിനി-പരമ്പര കൗമാരത്തിന്റെ ഇരുണ്ട ലോകത്തേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ജാക്ക് തോണും സ്റ്റീഫൻ...

+


നോ അദർ ലാൻഡ്: വീട് നഷ്ടപ്പെടുന്നവരുടെ വിലാപങ്ങൾ


ബാലചന്ദ്രൻ ചിറമ്മൽ

പലസ്തീൻ ഒരു മുറിവാണ്. നീറുന്ന ചോരയുണങ്ങാത്ത മുറിവ്. അത് മനുഷ്യ വംശത്തെ നിരന്തരം വേട്ടയാടുന്ന ഒരു പേടിസ്വപ്നമായി ഇപ്പോഴും നിലകൊള്ളുന്നു. അന്തമില്ലാത്ത വംശഹത്യയുടെ ചാവുനിലമായി മാറി...

+


ദി സബ്സ്റ്റൻസ് : സൗന്ദര്യ വിപണിയിലെ സ്ത്രീവിരുദ്ധത


ബാലചന്ദ്രൻ ചിറമ്മൽ

കൊറാലി ഫാർജേറ്റിന്റെ (Coralie Fargeat) “ദ സബ്സ്റ്റൻസ്” സൌന്ദര്യ വർധക വസ്തുകളുടെ വിപണിയിലെ മനുഷ്യ വിരുദ്ധതത്തെയും ചൂഷണത്തെയും അത് സ്ത്രീകളിലുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ...

+


എമ്പുരാൻ, ആർ.ആർ.ആർ, ബാഹുബലി, കെ.ജി.എഫ് - പാനിന്ത്യൻ സിനിമകൾ നൽകുന്ന സന്ദേശമെന്ത്?


ഡോ. എം.ബി. മനോജ്

തമ്പുരാൻ എന്ന അർത്ഥം പങ്കുവയ്ക്കുന്ന വാക്കാണ് എമ്പുരാൻ. ഒരു കൊമേഴ്സൽ സിനിമയുടെ ചേരുവകൾ എല്ലാം ഒത്തുചേർത്ത സിനിമ എന്ന നിലയിൽ ബോളിവുഡ് പ്ലാറ്റ്ഫോമിൽ ചർച്ച ചെയ്യിക്കുവാൻ സാധിച്ച...

+


മൂന്ന് ആൺമക്കളുടെ അമ്മ


പി.ആർ രഘുനാഥ്‌

“നമ്മളെന്തിനാ പഴയ കാര്യങ്ങളൊക്കെയോർത്ത് ഇന്നത്തെക്കാലത്ത് ജീവിക്കുന്നത്?” ഭാസ്കരൻ/സുരാജ് വെഞ്ഞാറംമൂട് (നാരായണീന്റെ മൂന്നാൺമക്കൾ)

“മൂന്ന് ആൺമക്കളുടെ അമ്മ” എന്ന ശീർഷകത്തിൽ...

+


മുറ, ഒരു ജാതി പിള്ളേരിഷ്ടാ: അടഞ്ഞു പോകുന്ന വഴികൾ


ഡോ. എം.ബി. മനോജ്

മുമ്പ് ഇതുപോലെ രണ്ടുസിനിമകളെ അടിസ്ഥാനപ്പെടുത്തി ഒരു താരതമ്യപഠനം നടത്തിയിരുന്നു. കുറുപ്പ്, ജയ് ഭീം എന്നീ സിനിമകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രസ്തുത പഠനം. ഈ പരിശോധന പ്രശാന്ത്...

+


ദി സബ്‌സ്റ്റൻസ്‌: ഉടൽ രാഷ്‌ട്രീയവും സാമൂഹികവായനയും


നിധിൻ രാജു

മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലേക്കും അധികാര ചലനാത്മകതയിലേക്കും ഉടൽരാഷ്‌ട്രീയത്തിലേക്കും ആഴ്‌ന്നിറങ്ങുന്ന ചലച്ചിത്രോപന്യാസമാണ് കൊറാലി ഫോർജ്യ (Coralie Fargeat) സംവിധാനം ചെയ്‌ത 'ദി...

+


വീരഗാഥ വീണ്ടും കാണുമ്പോൾ


ബദരി നാരായണൻ

സിദ്ദിഖ് - ലാൽ സിനിമകളുടെ വരവോടെയാണ് മലയാള സിനിമയുടെ ശബ്ദരേഖകൾ വ്യാപകതരംഗമായി മാറിയത്. സിനിമ കാണുകയും ടേപ്പ് റെക്കോഡറിൽ ശബ്ദരേഖയിട്ട് തമാശകൾ വീണ്ടും വീണ്ടും കേട്ടു ചിരിക്കുകയും...

+


ഖൽബ്: സൂഫി വ്യവഹാരത്തിലെ പ്രണയഘട്ടങ്ങൾ


നാസിം വേങ്ങര

ആലപ്പുഴയുടെ നാഗരികതയും സംസ്‌കാരവും, ജില്ലയിലെ വിശാലമായ നെൽവയലുകളിലും കവലകളിലും മാത്രം ഒതുക്കുന്നതിന് പകരം , ജില്ലയിലെ തെരുവുകളിലേക്കും ചരിത്രപരമായ...

+


ദ ഫാൽക്കൺസ്: അധികാരരാഷ്ട്രീയത്തിന്റെ വേട്ടപ്പക്ഷികൾ


ബാലചന്ദ്രൻ ചിറമ്മൽ

1960കളിലാണ് യൂറോപ്യൻ സിനിമയിലെ വിപ്ലവകരമായ നവതരംഗം എന്ന പുതുപ്രസ്ഥാനം ആരംഭിച്ചത്. അതുവരെ നിലനിന്നിരുന്ന സിനിമാ സങ്കല്പങ്ങളെ അപ്പാടെ നിരാകരിക്കുകയും സിനിമയെ തെരുവിലേക്ക്...

+


കിമ്മിന്റെ സ്വപ്നം


ഫൈസൽ ബാവ

ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സംവിധായകരിൽ ഒരാളാണ് തെക്കൻ കൊറിയയിൽ നിന്നുള്ള കിം കി ഡുക്. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാംതന്നെ വളരെ വ്യത്യസ്തമായ വിഷയത്തിലൂടെയുള്ള...

+