SUBSCRIBE


COLUMNS

or
Author


അക്ഷരമാലയുടെ ബോധനശാസ്ത്രവും പ്രത്യയശാസ്ത്രവും
പന്മനയിൽ നിന്ന് ബഷീറിലേക്കുള്ള ദൂരം



രവിശങ്കർ എസ്. നായർ

അക്ഷരമാലയ്ക്കു വേണ്ടിയുള്ള ഈ സമരത്തിൽ അപകടകരമായ ഒരു സന്ദേശം അടങ്ങിയിരിക്കുന്നു. മലയാളഭാഷ നേരിടുന്ന യഥാർഥ ഭീഷണികൾ തിരിച്ചറിയാനും പ്രതികരിക്കാനും നമ്മുടെ ബുദ്ധിജീവികൾക്ക് തീരെ താല്പര്യമില്ല എന്നതാണത്. മലയാള ഭാഷാ സാഹിത്യ പഠനത്തിന്റെ നിലവാരത്തെക്കുറിച്ച് ഇവരാരെങ്കിലും പ്രതികരിക്കുമോ? മലയാളത്തിലെ ഭാഷാനൈപുണികളെ വസ്തുനിഷ്ഠമായി വിലയിരുത്താൻ കഴിയുന്ന ചോദ്യങ്ങൾ ഉണ്ടാക്കാൻ പോലും നമുക്ക് കഴിഞ്ഞിട്ടില്ല. ഭാഷാനൈപുണി വിലയിരുത്താൻ പി.എസ്.സി പോലും ഇന്നും ആശ്രയിക്കുന്നത് ‘നിഘണ്ടു' ആണോ ശരി ‘നിഖണ്ഡു' ആണോ ശരി എന്ന മാതൃകയിലുള്ള ചോദ്യങ്ങളാണ് -മാതൃഭൂമി പത്രം ‘മായരുത് മലയാളം' എന്ന ക്യാംപെയിനിലൂടെ തുടക്കം കുറിച്ച അക്ഷരമാലാ വിവാദത്തെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്ന ലേഖനം


ഏകദേശം 45 വർഷങ്ങൾക്കു മുൻപ് വായിച്ച ഒരു ഇംഗ്ലീഷ് കഥയാണ്. കഥയുടെ പേരും കഥാകാരന്റെ പേരും ഒന്നും ഓർമ്മയില്ല. എന്നാൽ കഥയുടെ ഉള്ളടക്കം ഓർമ്മയിൽത്തന്നെ നിൽക്കുന്നു. എത്ര ശ്രമിച്ചിട്ടും പൈതഗോറസ് തിയറം മനസ്സിലാക്കാൻ കഴിയാതിരുന്ന ഒരു സ്കൂൾവിദ്യാർഥി. പൈതഗോറസ് തിയറത്തോടുള്ള ഭയം ഗണിതത്തോടുതന്നെയുള്ള ഭയമായി മാറുകയാണ് അവനിൽ. ഫൈനൽ പരീക്ഷയിൽ കഷ്ടിച്ച് കടന്നുകൂടി സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കുന്നതോടെ ഗണിതം ഉപേക്ഷിച്ച് മറ്റു വിഷയങ്ങൾ പഠിക്കുകയും പിന്നീട് ഒരു  എഴുത്തുകാരനായിത്തീരുകയും ചെയ്യുന്നു. പക്ഷേ പൈതഗോറസ് തിയറത്തിനു മുന്നിൽ താൻ കീഴടങ്ങിയത് വലിയൊരു പരാജയബോധമായി അയാളെ അലട്ടുകയാണ്. തന്റെ അടുത്ത തലമുറയുടെ ജീവിതം പൈതഗോറസ് തിയറത്തിന്റെ കടമ്പ കാരണം വഴിമാറിപ്പോകരുതെന്ന  ആഗ്രഹം അയാൾക്കുണ്ട്. തുടർന്ന് ആരെയും ലളിതമായി പറഞ്ഞുമനസ്സിലാക്കാൻ കഴിയുംവിധം പൈതഗോറസ് തിയറം അയാൾ വളരെ പണിപ്പെട്ട് പഠിച്ചുമനസ്സിലാക്കുന്നു. തന്റെ മകനെ പൈതഗോറസ് തിയറത്തിന്റെ പീഡനത്തിൽ നിന്ന് രക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യം. സ്കൂൾ വിദ്യാർഥിയായ മകൻ പൈതഗോറസ് തിയറം പഠിക്കുന്നത് എന്നാണ് എന്ന് അയാൾ കാത്തിരിക്കുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവിൽ, അവൻ പൈതഗോറസ് തീയറം പഠിക്കാൻ തുടങ്ങിയപ്പോൾ, ആ വൈതരണി കടത്തിവിടാൻ സഹായഹസ്തവുമായി അയാൾ ചെല്ലുന്നു. ‘പൈതഗോറസ് തിയറം പഠിക്കാൻ പോവുകയല്ലേ?; നീ അതിനെക്കുറിച്ച് ഒട്ടും വിഷമിക്കണ്ട. അത് അനായാസം പഠിച്ചുമനസ്സിലാക്കാൻ നിന്നെ ഞാൻ സഹായിക്കാം’ എന്ന് വളരെ അഭിമാനത്തോടെ അയാൾ മകനോട് പറയുന്നു. അപ്പോൾ മകന്റെ പ്രതികരണം ഇതായിരുന്നു. അച്ഛാ, പൈതഗോറസ് തിയറം പഠിക്കാൻ എന്തിനാണ് സഹായം? പമ്പരവിഡ്ഢികൾക്ക് മാത്രമേ പൈതഗോറസ് തിയറം മനസ്സിലാക്കാൻ പ്രയാസമുള്ളൂ! രസകരമായ ഈ കഥ ഞാനിപ്പോൾ ഓർക്കുന്നത് കേരളത്തിലങ്ങോളമിങ്ങോളം അലയടിക്കുന്ന അക്ഷരമാലാ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്. സാധാരണ നാം ശ്രദ്ധിക്കാത്ത ഒരു ലോകതത്വത്തെയാണ് ഈ കഥ ആവിഷ്കരിക്കുന്നത്. നമ്മുടെ ലോകസങ്കല്പത്തെ സൃഷ്ടിക്കുന്നത് നാം ജീവിക്കുന്ന കാലവുംകൂടിയാണ്. നാം അറിയുന്ന ലോകമല്ല അടുത്ത തലമുറകൾ അറിയുന്നത്. നമുക്കുണ്ടായ അതേ അനുഭവം അവർക്കുണ്ടാകുമ്പോൾ അവർ അതിനു നൽകുന്ന മൂല്യം വേറെയാണ്. മുതിർന്ന തലമുറകളുടെ ലോകവീക്ഷണത്തിന്റെ പ്രശ്നങ്ങൾ ചെറുതും വലുതുമായ രീതിയിൽ അനുഭവിച്ചുകൊണ്ടും, അതിനോട് കലഹിച്ചുകൊണ്ടുമാണ് ഓരോ തലമുറയും വളരുന്നത്. എന്നാൽ വളർന്നുകഴിയുമ്പോൾ അടുത്തതലമുറയുടെ ലോകം എങ്ങനെ മാറിയിരിക്കുന്നു എന്നും എന്തുകൊണ്ട് മാറിയിരിക്കുന്നു എന്നും മനസ്സിലാക്കുന്നതിൽ അവർ പലപ്പോഴും പരാജയപ്പെടുകയും ചെയ്യുന്നു. വിജ്ഞാനത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. വിജ്ഞാനം മാറിക്കൊണ്ടിരിക്കുന്നു എന്നും അതിന്റെ വഴികൾ മാറിക്കൊണ്ടിരിക്കുന്നു എന്നും, സർവോപരി അതിന്റെ മൂല്യംതന്നെ മാറിക്കൊണ്ടിരിക്കുന്നു എന്നും മനസ്സിലാക്കാൻ നമ്മുടെ സമൂഹവും ബുദ്ധിജീവികളും വിസമ്മതിക്കുന്നു. അതുകൊണ്ടാണ് അക്ഷരമാല പഠിപ്പിക്കുന്നതിന്റെ പേരിൽ ഇന്ന് വലിയ വിവാദങ്ങളും ചർച്ചകളും ഒക്കെ ഉണ്ടാകുന്നത്. മേൽപ്പറഞ്ഞ കഥയിലെ അച്ഛനെപ്പോലെ നമ്മുടെ ഭാഷാപണ്ഡിതന്മാർക്കും തങ്ങളുടെ കാലത്തിനു പുറത്തേക്ക് കാണാൻ പറ്റാത്തതുകൊണ്ടല്ലേ അക്ഷരമാല പഠിപ്പിച്ചില്ലെങ്കിൽ ഭാഷാനൈപുണികൾ ഇല്ലാതായിത്തീരും എന്നൊക്കെ അവർക്കു തോന്നുന്നത്? ഈ പ്രശ്നത്തിന്റെ ഭാഷാപരവും ബോധനശാസ്ത്രപരമായ വസ്തുതകൾ പരിശോധിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിൽ.

 

വിവാദത്തിന്റെ പശ്ചാത്തലം

കേരളപ്പിറവിദിനത്തിൽ മാതൃഭൂമി പത്രം തുടക്കംകുറിച്ച ‘മായരുത് മലയാളം' എന്ന ക്യാംപെയിനിലൂടെയാണ് അക്ഷരമാലാ വിവാദത്തിന്റെ തുടക്കം. എം. എൻ. കാരശ്ശേരിയുടെ ലേഖനത്തോടെയാണ് ഈ ക്യാംപെയിൻ ആരംഭിച്ചത്. സ്കൂളുകളിൽ അക്ഷരമാല പഠിപ്പിക്കുന്നില്ല എന്നും അതുകൊണ്ട് പുതിയ തലമുറയ്ക്ക് അക്ഷരത്തെറ്റില്ലാതെ മലയാളം എഴുതാൻ കഴിയുന്നില്ല എന്നും അദ്ദേഹം വാദിച്ചു. ഇതിനെ തുടർന്ന് ടി.ബി. വേണുഗോപാലപ്പണിക്കർ, വി. ആർ. പ്രബോധചന്ദ്രൻ നായർ, എം ആർ. രാഘവവാരിയർ തുടങ്ങി പ്രശസ്തരും പ്രഗത്ഭരുമായ ഭാഷാപണ്ഡിതർ ഈ വാദത്തെ പിന്തുണയ്ക്കുന്ന ലേഖനങ്ങൾ എഴുതുകയുണ്ടായി. പ്രശസ്ത സാഹിത്യകാരനായ എൻ. എസ്. മാധവൻ മലയാള മനോരമ പത്രത്തിലെ തന്റെ കോളത്തിലൂടെ ഇതേ ആവശ്യം ഉന്നയിച്ചു. എന്തായാലും അക്ഷരമാല തിരികെ കൊണ്ടുവരാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം വന്നു. ഇതിനെത്തുടർന്ന് ഈ വിഷയത്തിന്റെ പല വശങ്ങൾ പരിശോധിച്ചുകൊണ്ടുള്ള ചർച്ചകൾ പത്രമാസികകളിലും സമൂഹമാധ്യമങ്ങളിലും വന്നുനിറഞ്ഞു. മാതൃഭൂമി ഈ പ്രശ്നത്തെക്കുറിച്ച് ഗൗരവമായി പഠിച്ചതായോ വിവരശേഖരണം നടത്തിയതായോ തോന്നുന്നില്ല. ഒന്നാം തീയതി കേരളപ്പിറവി ദിനത്തിൽ ക്ലിക്ക് ചെയ്യുന്ന ഒരു മുദ്രാവാക്യം തൊടുത്തുവിടുകയും ഭാഷാപണ്ഡിതരുടെ അഭിപ്രായം ആയി അതിനെ അവതരിപ്പിച്ചുകൊണ്ട് സമൂഹത്തിൽ ഈ ആശയം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഒരു സമീപനമാണ് മാതൃഭൂമി സ്വീകരിച്ചത്.  പ്രശ്നം വിശകലനം ചെയ്യാനോ എതിരഭിപ്രായങ്ങൾ ചർച്ച ചെയ്യാനോ ഉള്ള എല്ലാ അവസരവും സാധ്യതകളും നിരോധിച്ചുകൊണ്ടാണ് മാതൃഭൂമിയുടെ ക്യാംപെയിൻ മുന്നോട്ടുപോയത്. അക്ഷരമാലാ പഠനം തിരിച്ചുകൊണ്ടുവരും എന്ന് വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ ക്യാംപെയിൻ വിജയം നേടിയതായി ന്യായമായും മാതൃഭൂമിക്ക് അവകാശപ്പെടാം. എന്നുമാത്രമല്ല മലയാളത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവായി ഈ ക്യാംപെയിനിനെ അവതരിപ്പിക്കുകയും ചെയ്യാം. അക്ഷരമാല തിരിച്ചെത്തുന്നു എന്നുള്ളത് എല്ലാ പത്രങ്ങളിലും വലിയ വാർത്തയായി. പത്രങ്ങളുടെ നിലനിൽപ്പിന് ഇത്തരം ക്യാംപെയിനുകളും ഗിമ്മിക്കുകളും കൂടിയേ തീരൂ എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതിലേക്ക് നാം കടക്കേണ്ടതില്ല. അതേസമയം we do not allow facts to stand in the way of a good news story എന്ന് അമേരിക്കൻ പത്രപ്രവർത്തകർ പറയുന്ന തമാശയെയാണ് ഈ ക്യാംപെയിൻ അനുസ്മരിപ്പിച്ചത്. മലയാളഭാഷയോ ഭാഷബോധനമോ നമ്മുടെ സ്കൂൾ വിദ്യാഭ്യാസമോ നേരിടുന്ന എന്തെങ്കിലും പ്രതിസന്ധിയോ അല്ല മാതൃഭൂമിയെ അലട്ടിയത്; നേരെ മറിച്ച് ഇത്തരമൊരു ക്യാംപെയിനിന്റെ വാർത്താമൂല്യം മാത്രമാണ് അവരെ അതിലേക്കെത്തിച്ചത്. വാർത്താമൂല്യത്തെക്കുറിച്ചുള്ള മാതൃഭൂമിയുടെ വിലയിരുത്തൽ വളരെ കൃത്യവുമായിരുന്നു. പക്ഷേ മാതൃഭൂമി ഉയർത്തിക്കൊണ്ടുവന്ന ഈ പ്രശ്നത്തിന്റെ മറുവശം നാം കാണാതിരുന്നുകൂടാ.

എന്താണ് മാതൃഭൂമി ഉയർത്തുന്ന പ്രശ്നം?

നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസ പദ്ധതിയിൽ അക്ഷരമാലാ പഠനത്തോടെ ആണ് വിദ്യാഭാസത്തിന് തുടക്കം കുറിക്കുന്നത്. അക്ഷരമാല പഠിച്ചുറച്ചതിനുശേഷം മാത്രമേ മറ്റെന്തെങ്കിലും പഠിക്കുകയുള്ളൂ. കുടിപ്പള്ളിക്കൂടങ്ങളിലും മറ്റും അക്ഷരമാലാ പഠനം ദീർഘകാലം നീണ്ടുനിൽക്കും. ഇത് വളരെ യുക്തിസഹമായ ഒരു രീതിയാണ് എന്ന് നമുക്ക് തോന്നാം-അടിസ്ഥാന ഘടകങ്ങൾ ഉറപ്പിച്ചിട്ട് ഉയർന്ന തലങ്ങളിലേക്കു പോവുക. ഈ ധാരണ നമ്മുടെയൊക്കെ മനസ്സിൽ പതിഞ്ഞുകിടക്കുന്നതിനാൽ വിദ്യാഭ്യാസത്തിന്റെതന്നെ അടിത്തറയാണ് അക്ഷരമാലാ പഠനം എന്നു നാം വിശ്വസിക്കുന്നു. അക്ഷരമാല അറിഞ്ഞുകൂടാ എങ്കിൽ വിദ്യാഭ്യാസം ശിഥിലമായിപ്പോകും എന്ന വിശ്വാസം സമൂഹത്തിൽ വ്യാപകമാണ്. ഈയൊരു വിശ്വാസമാണ് മാതൃഭൂമി പത്രം തങ്ങളുടെ ക്യാംപെയിനിനുവേണ്ടി സമർഥമായി ഉപയോഗിച്ചിരിക്കുന്നത്. വർഷങ്ങളായി അക്ഷരമാല സ്കൂൾ പാഠപുസ്തകങ്ങളിൽ ചേർക്കാറില്ല എന്നതുകൊണ്ടാണ് ഇന്നത്തെ തലമുറയുടെ ഭാഷയിൽ അക്ഷരത്തെറ്റുകൾ ധാരാളമായി കടന്നുവരുന്നത് എന്നും, ഇവ വെറും അക്ഷരത്തെറ്റുകൾ അല്ല പുതിയ തലമുറയുടെ ഭാഷാശേഷിയിലെ പോരായമ്കളുടെ സൂചകമാണ് എന്നുമുള്ള നിലപാടാണ് മാതൃഭൂമിയിലെ ലേഖനങ്ങൾ സ്വീകരിച്ചുകാണുന്നത്. ഇതിന്റെ തുടർച്ചയായി, അക്ഷരങ്ങൾക്കു പ്രാധാന്യം നൽകുന്ന സമീപനം ആവശ്യമാണ് എന്ന് പല പഠനങ്ങൾ ഉദ്ധരിച്ചുകൊണ്ടുതന്നെ പലരും ആവശ്യപ്പെടുകയുണ്ടായി. ജീവൻ ജോബ് തോമസ് 2015 ൽ എഴുതിയ ഒരു ലേഖനം പലരും ഉദ്ധരിച്ചിരിക്കുന്നതു കണ്ടു. തന്നെ പ്ലസ് ടു തലത്തിൽ മലയാളം പഠിപ്പിച്ച പുല്ലുവഴി ജയകേരളം സ്കൂളിലെ അധ്യാപിക മോളി എബ്രഹാം ടീച്ചർ നടത്തിയ ഒരു അന്വേഷണത്തെപ്പറ്റി ജീവൻ ജോബ് അതിൽ പറയുന്നുണ്ട്. അത് ഇങ്ങനെയാണ്; “സ്കൂളിലെ അഞ്ചു മുതൽ 12 വരെയുള്ള ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഓണപ്പരീക്ഷയുടെ അവസാന ദിവസം പ്രത്യേകമായി പേപ്പർ കൊടുത്ത് മലയാളം അക്ഷരമാല എഴുതാൻ ആവശ്യപ്പെട്ടു. 1500 ഓളം കുട്ടികളെ കൊണ്ട് ഇങ്ങനെ മലയാളം അക്ഷരമാല പരീക്ഷാ അവസ്ഥയിൽ എഴുതിച്ചു. ആ കുട്ടികളിൽ 80 പേർ മാത്രമാണ് കൃത്യമായി അക്ഷരമാല തെറ്റുകൂടാതെ എഴുതിയത്.” സ്റ്റാനിസ്ലാവ് ദ്ഹേയ്ൻ എന്ന ന്യൂറോസയന്റിസ്റ്റ് വായനയെക്കുറിച്ച് എഴുതിയ പുസ്തകത്തെ അധികരിച്ചുള്ള കാര്യങ്ങളാണ് തുടർന്ന് ഈ ലേഖനത്തിൽ പറയുന്നത്. അക്ഷരങ്ങൾ ഓരോന്നായാണ് മസ്തിഷ്കം വായിക്കുന്നതെന്ന് ദ്ഹേയിനിന്റെ പുസ്തകത്തിന്റെ ആധികാരികതയിലൂന്നി സ്ഥാപിക്കുകയും അതിനാൽ അക്ഷരത്തിന് പ്രാധാന്യം നൽകുന്ന ബോധനരീതി ആവശ്യമാണ് എന്നു വാദിക്കുകയുമാണ് ജീവൻ ജോബ് ചെയ്യുന്നത്. വായനയുടെപിന്നിലുള്ള മസ്തിഷ്ക പ്രവർത്തനങ്ങളെക്കുറിച്ച് ദ്ഹെയിൻ നൽകുന്ന വിശദീകരണങ്ങൾ സംഗ്രഹിച്ച ശേഷം, ക, കാ, കി, കൂ, കെ, കേ എന്ന് ആവർത്തിച്ച് എഴുതിപ്പിക്കുന്നതാണ് മികച്ച ബോധനരീതി എന്ന നിഗമനത്തിൽ എങ്ങനെയാണ് എത്തുക എന്നത് മാത്രം എനിക്കു മനസ്സിലായില്ല. ഇവിടെ രണ്ടു കാര്യങ്ങൾ നാം സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.  (ഒന്ന്) പുതിയ തലമുറയുടെ ഭാഷനൈപുണികളിൽ ആശങ്കാജനകമായ തരത്തിലുള്ള പോരായ്മകളോ പ്രശ്നങ്ങളോ ഉണ്ടോ?  (രണ്ട്) ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, അക്ഷരമാല പഠിക്കാത്തതാണോ അവയ്ക്ക് കാരണമാകുന്നത്? ഇങ്ങനെ ഒരു പരിശോധന കഴിഞ്ഞതിനു ശേഷം ആയിരിക്കണമായിരുന്നു മാതൃഭൂമി അക്ഷരമാലാ ക്യാംപെയിൻ നടത്തേണ്ടിയിരുന്നത്. പ്രൊഫഷണലായ ഒരു സമീപനം സ്വീകരിക്കുന്നതിനു പകരം, അക്ഷരമാല പഠിക്കാത്തതിനാൽ വിദ്യാഭ്യാസം തകരുന്നു എന്ന ആരുടെയോ മുൻവിധി ഭാഷാപണ്ഡിതന്മാരുടെ ശബ്ദത്തിലൂടെ അവതരിപ്പിച്ചുകൊണ്ട് സമൂഹത്തിൽ അടിച്ചേൽപ്പിക്കുകയാണ് മാതൃഭൂമി ചെയ്തത്. എന്തായാലും ഈ രണ്ടു ചോദ്യങ്ങളും നമുക്ക് വിശദമായി പരിശോധിക്കാം.

 

പുതിയ തലമുറയുടെ ഭാഷാശേഷികൾ

പുതുതലമുറയുടെ ഭാഷ അക്ഷരത്തെറ്റുകൾ നിറഞ്ഞതാണ് എന്നത്രേ സമൂഹ മാധ്യമങ്ങളിലെയും മറ്റും ഭാഷ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നമ്മുടെ ഭാഷാപണ്ഡിതന്മാർ പരാതിപ്പെടുന്നത്. എം.എൻ. കാരശ്ശേരി സ്വന്തം അനുഭവത്തിൽനിന്നുള്ള ഒരു ഉദാഹരണവും അവതരിപ്പിക്കുന്നു. “കുറച്ചുമുമ്പ് പുതുതായി തുടങ്ങുന്ന ഒരു മാധ്യമസ്ഥാപനത്തിലെ പത്തുപതിനഞ്ച് യുവപത്രപ്രവർത്തകർക്ക് ഭാഷയെപ്പറ്റി ക്ളാസെടുക്കാൻ ഞാൻ ചെന്നു. അവർ എഴുതിയെടുക്കുന്ന പലതിലും അക്ഷരത്തെറ്റ് കണ്ടപ്പോൾ അവർക്ക് പത്തുവാക്ക് കേട്ടെഴുത്തുകൊടുത്തു. ഭൂരിപക്ഷത്തിനും ആറു വാക്കു തെറ്റി. ഒറ്റത്തെറ്റും വരുത്താത്ത ആരും ഉണ്ടായിരുന്നില്ല! അക്ഷരത്തെറ്റുകൂടാതെ മാതൃഭാഷയിൽ ഒരു കത്തോ പരാതിയോ ഹർജിയോ ലേഖനമോ എഴുതാൻ പുതിയ തലമുറയിൽ മിക്കവർക്കും പ്രാപ്തികാണില്ല.” എം.എൻ കാരശ്ശേരി നൽകുന്ന ഉദാഹരണം ഒരു അതിസാമാന്യവൽക്കരണം അല്ലേ?. അദ്ദേഹം മലയാളം അധ്യാപകനും  ഭാഷാപണ്ഡിതനും എഴുത്തുകാരനും മാത്രമല്ല, ഗവേഷണ മാർഗ്ഗദർശിയും ആയിരുന്നു. ഗവേഷണ രീതിശാസ്ത്രത്തിൽ പറയുന്ന സാമാന്യവൽക്കരണം (generalisation) എന്ന സങ്കല്പം അറിഞ്ഞുകൂടാത്ത ആളാണ് അദ്ദേഹം എന്ന് ഞാൻ കരുതുന്നില്ല. ഒരു പത്രപ്രവർത്തന പരിശീലനത്തിൽ പങ്കെടുത്ത 10 പേർ അക്ഷരത്തെറ്റ് വരുത്തി എന്നതിന്റെ അടിസ്ഥാനത്തിൽ പുതുതലമുറയിലെ മിക്കവാറും പേർക്ക് തെറ്റില്ലാതെ എഴുതാൻ കഴിയുകയില്ല എന്ന നിഗമനത്തിലെത്തുന്നത് എത്രത്തോളം യുക്തിസഹമാണ് എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു. ഇപ്രകാരമുള്ള അതിസാമാന്യവൽക്കരിക്കപ്പെട്ട നിരീക്ഷണങ്ങൾ അല്ലാതെ പുതിയ തലമുറയുടെ ഭാഷാശേഷികളിൽ വലിയ പോരായ്മയുണ്ട് എന്നു തീർപ്പു കല്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു വിവരവും മാതൃഭൂമി ലേഖനപരമ്പരയിലൂടെ പുറത്തുവരുന്നില്ല. ഇവിടെ കൗതുകകരമായ മറ്റൊരു കാര്യമുണ്ട്. യുവതലമുറകൾക്ക് ഭാഷാശേഷി വേണ്ടുവോളം ഇല്ലെന്നും അക്ഷരത്തെറ്റുകളും വ്യാകരണപരമായ തെറ്റുകളും വരുത്തി അവർ ഭാഷയെ നശിപ്പിക്കുന്നു എന്നും ഉള്ള വിലാപം എക്കാലത്തും ഉണ്ടായിട്ടുണ്ട്. അത് ഇവിടെ മാത്രമല്ല, ലോകമെമ്പാടും അങ്ങനെതന്നെ ആയിരുന്നു. പുതിയ തലമുറയുടെ ഭാഷയെക്കുറിച്ച് ഇന്ന് തങ്ങൾ ഉന്നയിക്കുന്ന അതേ വിമർശനം തന്നെയാണ് തങ്ങളുടെ ഭാഷയെക്കുറിച്ച് തങ്ങളുടെ മുൻതലമുറ ഉന്നയിച്ചിരുന്നത് എന്ന് എന്തുകൊണ്ടോ വിമർശകർ ഓർക്കാറില്ല. 


എം.എൻ കാരശ്ശേരി

അക്ഷരമാലാ പഠനം വളരെ ചിട്ടയോടെ നടന്നിരുന്ന ഒരു കാലത്ത്, 1935 ൽ പുറത്തുവന്ന പ്രയോഗദീപിക എന്ന തന്റെ പുസ്തകത്തിന്റെ മുഖവുരയിൽ, പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഖലിതങ്ങൾ താൻ എവിടെനിന്നു ശേഖരിച്ചു എന്ന് സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള വിവരിച്ചിരിക്കുന്നത്  ഇങ്ങനെയാണ്: “പാഠപുസ്തകകമ്മിറ്റിയാൽ അംഗീകൃതങ്ങളും അതിന്റെ അംഗീകാരത്തിനു നിവേദിതങ്ങളും ആയ പുസ്തകങ്ങളിൽ നിന്നും ഇതിൽ പല ദൃഷ്ടാന്തങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ മാസികഗ്രന്ഥങ്ങൾ, വർത്തമാനപ്പത്രങ്ങൾ, ഉപാധ്യായാദിപരീക്ഷയ്ക്കുള്ള ഉത്തരക്കടലാസ്സുകൾ, ഭാഷയിലും സംസ്കൃതത്തിലുമുള്ള പ്രസിദ്ധ സാഹിത്യ ഗ്രന്ഥങ്ങൾ ഇവയും ഉദാഹരണങ്ങൾ ശേഖരിക്കുന്നതിനുപയോഗിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ഗ്രന്ഥകാരന്മാരുടെയും ലേഖകന്മാരുടെയും നാമധേയങ്ങൾ പ്രകാശിപ്പിക്കുന്നതുകൊണ്ട് അനാവശ്യ ക്ഷോഭവും, മറ്റു കാര്യങ്ങൾക്കുതന്നെ സമയമില്ലാതിരിക്കെ, വിവാദഹവങ്ങളുമല്ലാതെ പ്രയോജനങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട് പ്രയോഗവിശേഷങ്ങൾ മാത്രമുദ്ധരിച്ചു നിരൂപണം ചെയ്തിട്ടുള്ളതുമാകുന്നു. അവരിൽത്തന്നെ അഭിജ്ഞന്മാരും ആദരപാത്രങ്ങളുമായി പലരുമുണ്ട്.” ഇന്ന് എം.എൻ കാരശ്ശേരി പുതുതലമുറയെക്കുറിച്ച് ഉയർത്തുന്ന അതേ ആക്ഷേപമല്ലേ അന്നത്തെ അഭിജ്ഞൻമാരായ വ്യക്തികളെയും എഴുത്തുകാരെയും കുറിച്ച് സാഹിത്യപഞ്ചാനൻ ഉയർത്തുന്നത്? അപ്പോൾ ഈ തെറ്റുകൾ പുതിയ കാര്യമല്ല. അക്ഷരമാല പഠിക്കാത്തതുകൊണ്ടുമല്ല തെറ്റുകൾ ഉണ്ടാകുന്നത്. ലഭ്യമായ തെളിവുകൾ വെച്ച് നോക്കുമ്പോൾ മുൻതലമുറകളുടെ ലേഖന നൈപുണികൾ ഇന്നുള്ളവരുടെതിനെക്കാൾ പിന്നിലായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുക. ഒരു ഉദാഹരണം പറയാം. താളിയോലകൾ പഠിക്കുന്നവർക്ക് പരിചിതമായ ഒന്നാണ് scribal error. അതായത് ഒരു പാഠം പകർത്തിയെഴുതുന്നവർ വരുത്തുന്ന തെറ്റുകൾ. മിക്കവാറും എല്ലാ പഴയ താളിയോലകളിലും ഇത്തരം തെറ്റുകൾ സുലഭമാണ്. ഇവ പകർത്തുന്നത് സ്കൂൾ കുട്ടികളല്ല; ലിഖിത പാഠങ്ങൾ പകർത്തുക എന്നത് ജീവനോപാധിയായവരോ പണ്ഡിതന്മാരോ ഒക്കെയാണ് ഈ തെറ്റുകൾ വരുത്തിയിരിക്കുന്നത്. പഴയ ആശാൻ പള്ളിക്കൂടത്തിലെ പഠനരീതിയുടെ മേന്മ പാടിപ്പുകഴ്ത്തുന്നവർ ഈ തെറ്റുകളെ എങ്ങനെ വിശദീകരിക്കും? യഥാർഥത്തിൽ പണ്ടുകാലത്ത് പകർത്തിയെഴുതുന്നവരിൽ വളരെ ചുരുക്കം പേർ മാത്രമേ വിശാലമായ ഒരർഥത്തിൽ സാക്ഷരരായിരുന്നുള്ളൂ. വായിക്കാനും എഴുതാനും അറിയാം എന്നതിനപ്പുറം തങ്ങൾ പകർത്തിയിരുന്ന പാഠങ്ങളുടെ അർഥം മനസ്സിലാക്കാനുള്ള കഴിവ് പകർപ്പെഴുത്തുകാരിൽ കൂടുതൽ പേർക്കും ഇല്ലായിരുന്നു. പകർത്തുന്ന വാക്കിലെ ഒരക്ഷരം വ്യക്തമല്ലെങ്കിൽ, സന്ദർഭത്തിൽ നിന്ന് ശരിയായ വാക്ക് ഊഹിച്ചെടുക്കാനും അവ്യക്തമായിക്കണ്ട അക്ഷരം തിരുത്തിവായിക്കാനും പകർപ്പെഴുത്തുകാരിൽ കൂടുതൽപേർക്കും കഴിഞ്ഞിരുന്നില്ല. അതായത് വളരെ പരിമിതമായ ഒരു സാക്ഷരതയാണ് അവർക്കുണ്ടായിരുന്നത്. 

 

തെറ്റുകൾ എന്തുകൊണ്ട് ഉണ്ടാകുന്നു?

അക്ഷരത്തെറ്റുകളെ നാം വിശകലനം ചെയ്യുമ്പോൾ പഠനകാലത്ത് വിദ്യാർഥികൾ വരുത്തുന്ന അക്ഷരത്തെറ്റുകളെയും മുതിർന്നവർ വരുത്തുന്ന അക്ഷരത്തെറ്റുകളെയും വ്യത്യസ്തമായി കാണണം. ഇവയെ കൂട്ടിക്കുഴച്ചതുകൊണ്ട് ഉണ്ടായ ഒരു അപകടമാണ് മാതൃഭൂമിയുടെ ക്യാംപെയിനിൽ നിഴലിക്കുന്നത്. മുതിർന്നവർ വരുത്തുന്ന അക്ഷരത്തെറ്റുൾ സ്കൂളിലെ ബോധനരീതിയുടെ പോരായ്മയുടെ സൂചകമാണ് എന്നത് തികഞ്ഞ ഒരു തെറ്റിദ്ധാരണയാണ്. സ്കൂൾ വിദ്യാർത്ഥികൾ വരുത്തുന്ന അക്ഷരത്തെറ്റുൾ പാതകങ്ങൾ ആയും ഭാഷാശേഷിയിലെ വലിയ പ്രശ്നങ്ങൾ ആയും കാണുന്ന സമീപനം ആധുനിക ബോധനശാസ്ത്രങ്ങൾ നിരസിക്കുന്നു. കുട്ടികൾ വരുത്തുന്ന തെറ്റുകൾ അവരുടെ ബൗദ്ധിക വികാസത്തിന്റെ ഭാഗമാണെന്നും അവർ നേരിടുന്ന പാരായണ-ആലേഖന പ്രശ്നങ്ങളുടെ സൂചകം ആണെന്നുമുള്ള സമീപനമാണ് നാം സ്വീകരിക്കേണ്ടത്. ചില ഉദാഹരണങ്ങൾ നോക്കാം. ദൈവം എന്ന വാക്ക് കേട്ടെഴുത്തിന് നൽകിയാൽ, പല കുട്ടികളും ‘ദെയ് വം’ എന്ന് എഴുതുന്നതുകാണാം. ഉച്ചരിക്കുന്നതുപോലെ ശരിയായി എഴുതുകയല്ലേ കുട്ടി ചെയ്യുന്നത്? ഈ ശരിയെ തെറ്റായി വിധിച്ചുകൊണ്ട് യാതൊരു യുക്തിയുമില്ലാത്ത ഒരു എഴുത്തുരീതി കുട്ടിയിൽ അടിച്ചേൽപ്പിക്കുക എന്നതാണ് ഇത്തരം വാക്കുകളുടെ കാര്യത്തിൽ നാം ചെയ്യുക. ഇത്തരമൊരു ‘തെറ്റ്’ കുട്ടിയുടെ ഭാഷാനൈപുണിയുടെ സൂചകമായി സ്വീകരിക്കുന്നത് നമ്മുടെ ചിന്താപരിമിതി കാരണമാണ്. ഇനി റോബർട്ട് ഡ്രമ്മണ്ടിന്റെ ഗ്രാമർ ഓഫ് ദ മലബാർ ലാംഗ്വേജ് എന്ന വ്യാകരണത്തിൽ ചില മലയാള വാക്കുകൾ എഴുതിയിരിക്കുന്നതു നോക്കൂ. ‘ചതെക്കുന്നു, ചതെയുന്നു, ഒറക്കുന്നു, ചവെക്കുന്നു, അയെക്കുന്നു’ എന്നിങ്ങനെയാണ്. ഇവിടെയും സംസാരഭാഷയോടടുത്തുനിൽക്കുന്ന എഴുത്തുരീതിയാണ് കാണുന്നത്. എഴുതിത്തുടങ്ങുന്ന കുട്ടികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് ഉച്ചാരണവുമായി പൊരുത്തപ്പെടാത്ത ലിപവിന്യാസം. ഇവിടെയൊക്കെ സ്വാഭാവിക രൂപത്തിൽ നിന്ന് മാനകരൂപത്തിലേക്ക്, യഥാർഥത്തിൽ ശരിയിൽ നിന്ന് തെറ്റിലേക്ക്, വിദ്യാർഥിയെ നയിക്കുകയാണ് നാം ചെയ്യുന്നത്. ശരിതെറ്റുകളുടെ കടുംപിടുത്തത്തിൽ കുട്ടിയെ ഞെരുക്കുകയല്ല, മാനക രീതിയിലേക്ക് ക്രമേണ മാറാനുള്ള അവസരം നൽകുകയാണ് വേണ്ടത്. 

അക്ഷരത്തെറ്റുകൾ ഉണ്ടാകാനുള്ള മറ്റൊരു കാരണം നാട്ടുമൊഴികളുടെ ശബ്ദഘടനയാണ്. ബിസേസം, ബിസമം എന്നൊക്കെ കേൾക്കുകയും പറയുകയും ചെയ്യുന്ന ഒരു കുട്ടിക്ക് വ, ബ, സ,ഷ എന്നീ അക്ഷരങ്ങളുടെ ആലേഖനത്തിൽ തെറ്റുണ്ടാവുക സ്വാഭാവികം. ഇത്തരം  ശബ്ദഘടനയുള്ള ഒരു നാട്ടുമൊഴിക്ക് എന്തെങ്കിലും പോരായ്മയുണ്ട് എന്നതാണോ നാം സ്വീകരിക്കേണ്ട സമീപനം? ശരിതെറ്റുകളുടെ യാന്ത്രികതയിലൂടെയല്ല ഇവിടെ കുട്ടിയുടെ ഭാഷാപ്രകടനത്തെ സമീപിക്കേണ്ടത്. താൻ സംസാരിക്കുന്ന ഭാഷാഭേദം പോരായ്മകളുള്ളതാണ് എന്ന ധാരണ കുട്ടിയിൽ അടിച്ചേൽപ്പിക്കരുത്. മാനകമായ ആലേഖന രീതി തന്റെ ഭാഷാഭേദത്തിൽ നിന്ന് വ്യത്യാസമുള്ളതാണ് എന്നതാണ് കുട്ടി ധരിക്കേണ്ടത്. മറ്റൊരു പ്രധാന കാര്യം അക്ഷരത്തെറ്റുകൾ എന്നുള്ളത് നീണ്ട ഒരു കാലയളവിൽ കൂടി മാത്രമേ തിരുത്താൻ കഴിയുകയുള്ളൂ എന്നുള്ളതാണ്. അഞ്ചോ ആറോ വർഷം മലയാളം ക്ലാസിൽ ഇരുന്നാൽ അക്ഷരത്തെറ്റുകളെല്ലാം ഇല്ലാതായിത്തീരും എന്ന് പ്രതീക്ഷിക്കുന്നത് ഭാഷാശേഷി വികസനത്തെക്കുറിച്ചുള്ള പരിമിതമായ ധാരണകൊണ്ടാണ്. പലതരത്തിലുള്ള അക്ഷരത്തെറ്റുകൾ എല്ലാ വിദ്യാർത്ഥികളുടെയും എഴുത്തിൽ ഏറെക്കാലം ഉണ്ടായിരിക്കും. കൂടുതൽ കൂടുതൽ എഴുതുകയും വായിക്കുകയും ചെയ്യുന്നതുവഴിയാണ് അവ തിരുത്തപ്പെടേണ്ടതാണ്.  അല്ലാതെ പഠിപ്പിച്ചു തിരുത്തുകയല്ല വേണ്ടത്. അത് സാധ്യവുമല്ല. ഭാഷയെ സംബന്ധിച്ചിടത്തോളവും, ഭാഷാപഠനത്തെ സംബന്ധിച്ചിടത്തോളവും ഏറ്റവും മൂല്യവത്തായ ബോധനാനുഭവം എഴുത്തും വായനയും ആണ്. അതിനുള്ള തുടക്കം കുറിക്കാൻ മാത്രമേ ക്ലാസ്മുറിയിലെ ബോധനത്തിലൂടെ കഴിയുകയുള്ളൂ. അതിനാൽ ഒരു വിദ്യാർത്ഥി അക്ഷരത്തെറ്റ് വരുത്തി എന്നുള്ളത്  ഭാഷയുടെ തകർച്ചയായൊന്നും കാണേണ്ടതല്ല; എന്തു തരം തെറ്റുവരുത്തി എന്നതാണ് നാം ശ്രദ്ധിക്കേണ്ടത്. ഉദാഹരണമായി 1960-കളിൽ കേരള സർവകലാശാലയിൽ മലയാളം കൈയെഴുത്തിനെക്കുറിച്ച് കുറിച്ച് നടന്ന പഠനത്തിലെ ഒരു ഭാഗം ഇവിടെ ചേർക്കാം.  

ഗവേഷകർ തീരുമാനിച്ച മികച്ച കൈയെഴുത്തിന്റെ മാനദണ്ഡങ്ങളനുസരിച്ച് ഉയർന്ന സ്കോർ നേടിയ കയ്യക്ഷരത്തിന്റെ ചിത്രമാണ് ഇത്.  കോമളത്തമാര എന്നതു കഴിഞ്ഞ് ‘പ്പൂവോ’ എന്നത് ഇടം വിട്ട് എഴുതിയിരിക്കുന്നത് കാണാം. മലയാളം അധ്യാപകർക്കൊക്കെ അറിയാവുന്ന വളരെ സാധാരണമായ ഒരു പ്രശ്നമാണിത്. ഇത്തരം തെറ്റു തിരുത്താനായി  ഒരു നിയമം പറഞ്ഞുകൊടുക്കാനൊന്നും കഴിയുകയില്ല. എന്നാൽ ഒരു കാലഘട്ടം കഴിയുമ്പോൾ ആരുടേയും ഇടപെടലില്ലാതെ ഈ പ്രശ്നം വിദ്യാർത്ഥിതന്നെ പരിഹരിക്കുന്നു. അതായത് ബൗദ്ധിക വികാസവുമായും ഭാഷാവികാസവുമായി ബന്ധപ്പെട്ടിരിക്കുന്ന ചില ധാരണകളും ശേഷികളും ആർജിക്കുമ്പോൾ മാത്രമേ ഇത് ശരിയാകുന്നുള്ളു. സ്കൂൾകുട്ടികൾ വരുത്തുന്ന അക്ഷരത്തെറ്റുകൾ അക്ഷരമാല പഠിക്കാത്തതുകൊണ്ട് ഉണ്ടാകുന്നതാണ് എന്ന നിലപാട് പ്രശ്നത്തെ ലളിതവൽക്കരിക്കുന്നതാണ് എന്നു സൂചിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. അക്ഷരത്തെറ്റുകൾ പല കാരണങ്ങളാൽ ഉണ്ടാകുന്നു; അവ പല തരത്തിലുള്ളവയുണ്ട്. അക്ഷരത്തെറ്റുകൾ എങ്ങനെയാണ് തിരുത്തേണ്ടത് എന്നു ചിന്തിക്കുമ്പോഴും സങ്കീർണമായ നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. വാതിലിന്റെ കട്ടളയുടെ  അളവുകൾ ശരിയാക്കുന്നതെങ്ങനെ എന്നു പറയുന്ന കൃത്യതോടെയും നിശ്ചയത്തോടെയും അക്ഷരത്തെറ്റുകളെക്കുറിച്ച് സംസാരിക്കുന്നത് തീരെ ശരിയല്ല. അത് അടിസ്ഥാനപരമായി ഭാഷാശാസ്ത്രപരമായ പ്രശ്നമല്ല, ബോധനശാസ്ത്രപരമായ പ്രശ്നമാണ്. 

ബൗദ്ധിക വികാസകാലഘട്ടത്തിൽ വിദ്യാർഥികൾ വരുത്തുന്ന തെറ്റുകളും പിന്നീട് വരുത്തുന്ന തെറ്റുകളും തമ്മിൽ ബന്ധിപ്പിക്കുന്നതും തികച്ചും തെറ്റായ സമീപനമാണ്. ആദ്യത്തേത് അത്യന്തം സങ്കീർണമായ ഒരു പ്രശ്നമാണെങ്കിൽ, രണ്ടാമത്തേത് താരമ്യേന ലളിതമായ പ്രശ്നമാണ്.  അക്ഷരത്തെറ്റുകൾ സ്വയം തിരുത്താനുള്ള അറിവും ധാരണകളും ആർജിച്ചുകഴിഞ്ഞ് ഒരാൾ വരുത്തുന്ന തെറ്റുകളാണ് രണ്ടാമത്തേത്.  ഭാഷാപരമായ എന്ത് തെറ്റും സ്വയം തിരുത്താനുള്ള പക്വത അവർക്കുണ്ട്. സ്കൂൾ പഠനത്തിലെ എന്തെങ്കിലും പോരായ്മകൾ കൊണ്ടല്ല മുതിർന്നവർ അക്ഷരത്തെറ്റുകൾ വരുത്തുന്നത്. ഇക്കാര്യം ഒന്നുകൂടി വിശദീകരിക്കാം.

ഭിന്നസംഖ്യകളെ ഹരിക്കാൻ അല്ലെങ്കിൽ ഒരു കെമിക്കൽ ഇക്വേഷൻ ബാലൻസ് ചെയ്യാൻ തനിക്ക് അറിയില്ല എന്ന് ഒരു മുതിർന്ന വ്യക്തി പറയുന്നു എന്നിരിക്കട്ടെ. ഇതിലേതെങ്കിലും അയാളെ പഠിപ്പിക്കണമെങ്കിൽ, സ്കൂൾ വിദ്യാർഥികളെ ഇതേ കാര്യങ്ങൾ പഠിപ്പിക്കുമ്പോൾ അടിത്തറയായി അവർക്ക് നൽകുന്ന അതേ മുന്നറിവുകൾ ഈ വ്യക്തിക്ക് ഉണ്ടോ എന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ മുന്നറിവുകൾ ഇല്ലാതെ ഇക്കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാൻ കഴിയുകയില്ല. അതായത് ചില അടിസ്ഥാന ധാരണകൾ, അറിവുകൾ, നൈപുണികൾ എന്നിവയുടെ പിൻബലത്തിൽ മാത്രമേ ഇവ പഠിച്ചെടുക്കാൻ കഴിയുകയുള്ളൂ. അതേസമയം ‘പീഡനം’ എന്ന വാക്ക് എങ്ങനെ എഴുതണമെന്ന് അറിയില്ല എന്ന് ഒരാൾ പറയുകയാണെങ്കിൽ, നിങ്ങൾ അക്ഷരമാല പഠിച്ചിട്ട് വരൂ എന്നോ, മറ്റെന്തെങ്കിലും മുന്നറിവ് നേടിയിട്ട് വരൂ എന്നോ സാധാരണഗതിയിൽ പറയേണ്ടിവരികയില്ല. ‘പീഡനം’ എന്ന വാക്ക് എങ്ങനെയാണ് ശരിയായി എഴുതുന്നത് എന്ന് എഴുതിക്കാണിച്ചു കൊടുക്കുക എന്നുള്ളത് മാത്രമാണ് ഇവിടെ ചെയ്യേണ്ടത്. അത്ര ലളിതമായ ഒരു പ്രശ്നമാണ് ഇത്. അടിസ്ഥാന വിദ്യാഭ്യാസത്തിൽ എന്തു പ്രശ്നം ഉണ്ടായിരുന്നു, അദ്ദേഹം എങ്ങനെയാണ് പഠിച്ചത്, എന്തൊക്കെ മനസ്സിലാക്കിയിട്ടുണ്ട് ഇങ്ങനെയുള്ള ഒരു കാര്യവും നമുക്ക് നോക്കേണ്ടിവരുന്നില്ല. ഇവിടെ നാം മനസ്സിലാക്കേണ്ട പ്രധാന കാര്യം പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് ഇരുപതും മുപ്പതും വർഷങ്ങൾക്കുശേഷം ഒരാൾ വരുത്തുന്ന അക്ഷരത്തെറ്റുകളുടെ കാരണം പ്രൈമറി വിദ്യാഭ്യാസത്തിലെ ബോധനരീതികളോ പ്രൈമറി വിദ്യാഭ്യാസ ഘട്ടത്തിലെ അപര്യാപ്തതകളോ ഒന്നുമല്ല. അടിസ്ഥാന ലേഖനശേഷികൾ ആർജിച്ചുകഴിഞ്ഞാൽ ഉയർന്ന ക്ലാസുകളിലെ പഠനവും ബൗദ്ധിക ശേഷിവികാസവും അനുസരിച്ച് അക്ഷരത്തെറ്റുകൾ സ്വയം തിരുത്താവുന്നതാണ്. ഇക്വേഷൻ ബാലൻസ് ചെയ്യാൻ ശരിക്കു പഠിപ്പിച്ചിട്ടില്ലെങ്കിൽ അത് ഒരു സ്ഥിരം അപര്യാപ്തതയായി തുടരും. അക്ഷരത്തെറ്റുകൾ അങ്ങനെയല്ല. പ്രൈമറി വിദ്യാഭ്യാസം എങ്ങനെയൊക്കെ ആയിരുന്നാലും കൂടുതൽ വായനയും പദപരിചയവും സിദ്ധിക്കുന്നതനുസരിച്ച് തെറ്റുകൾ തിരുത്താൻ ആർക്കും പ്രാപ്തി ഉണ്ടാകും. അതിൽ വലിയ സങ്കീർണതകളൊന്നുമില്ല. അതുകൊണ്ടുതന്നെയാണ് ഈ അക്ഷരമാലാസിദ്ധാന്തം വലിയൊരു തമാശയാണെന്ന് പറയേണ്ടിവരുന്നത്. 

ഇനി അക്ഷരത്തെറ്റുകളുടെ മറ്റൊരു വശം നമുക്ക് പരിശോധിക്കാം. എന്തുതരം അക്ഷരത്തെറ്റുകളെക്കുറിച്ചാണ് തങ്ങൾ സംസാരിക്കുന്നത് എന്ന് എം.എൻ കാരശ്ശേരിയോ മറ്റുള്ളവരോ വ്യക്തമാക്കിയിട്ടില്ല. ഇന്ന് ‘വിദ്യാർഥി’, ‘അധ്യാപകൻ’ എന്ന് പലരും എഴുതുന്ന വാക്കുകൾ ‘വിദ്യാർത്ഥി’, ‘അദ്ധ്യാപകൻ’ എന്ന് എഴുതാനാണ് എന്നെ സ്കൂളിൽ പഠിപ്പിച്ചത്. എന്റെ ശരിയല്ല അടുത്ത തലമുറയുടെ ശരി. ക്ലിപ്തം എന്ന് ഞാൻ പഠിച്ച വാക്ക് എനിക്കു മുൻപുള്ള തലമുറ എങ്ങനെയാണ് എഴുതിയിരുന്നത്? അപ്പോൾ ശരിതെറ്റുകളെക്കുറിച്ചുള്ള സങ്കല്പങ്ങളിലും ചെറിയ മാറ്റങ്ങൾ വരുന്നുണ്ട്. ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ നാം തയ്യാറാകണ്ടേ? ഇത് ഒരു കാര്യം. ഇക്കാര്യം മാറ്റിനിർത്തിയാൽത്തന്നെ, ഈ ഭാഷാപണ്ഡിതന്മാർ ഉദ്ദേശിക്കുന്ന അക്ഷരത്തെറ്റുകൾ എന്തുതരത്തിലുള്ളതാണ് എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മലയാളത്തിൽ നിന്ന് സംസ്കൃതം കടംകൊണ്ട വാക്കുകളിലെ അക്ഷരത്തെറ്റുകളെക്കുറിച്ച് ആയിരിക്കണം ഇവർ വ്യാകുലപ്പെടുന്നത്. സംസ്കൃത വാക്കുകൾ എഴുതുന്നതിനെ കുറിച്ച് ആശയക്കുഴപ്പങ്ങൾ വ്യാപകമാണ് മലയാളത്തിൽ. കഴിഞ്ഞദിവസം ‘നല്ല മലയാളം’ എന്ന ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ സന്യാസം ആണോ ശരി സന്ന്യാസം ആണോ ശരി എന്ന് ഒരാൾ ചോദിച്ചതിനു താഴെ വന്ന കമൻറ് ഇങ്ങനെയായിരുന്നു.  “ഈ ഗ്രൂപ്പിൽ എല്ലാവരും ചോദിക്കുന്നത് സംസ്കൃതം വാക്കുകളുടെ ശരിതെറ്റുകളെക്കുറിച്ചും അർഥത്തെക്കുറിച്ചുമാണ്. ഗ്രൂപ്പിന്റെ പേര് ‘നല്ല മലയാളം’ എന്ന പേര്  മാറ്റിയിട്ട് ‘നല്ല സംസ്കൃതം’ എന്ന് ആക്കുന്നതാണ് നല്ലത്.” 

തമാശയ്ക്ക് പറഞ്ഞതായിരിക്കാം; പക്ഷേ ഇതിൽ വലിയൊരു സത്യമുണ്ട്. പച്ചമലയാള പദങ്ങൾ എങ്ങനെ എഴുതണം എന്നുള്ളതിനെകുറിച്ച് ആർക്കും സാധാരണഗതിയിൽ സംശയം ഉണ്ടാവുകയില്ല. ‘ഉറക്കം, പറവ, കൂട്ടയടി’ എന്നൊക്കെയുള്ള വാക്കുകൾ  ആരും കേട്ടെഴുത്തിന് നൽകുകയില്ല. എന്നാൽ ‘വിഘ്നം, നിഘണ്ടു, പീഡനം, യാദൃശ്ചികം’ എന്നിങ്ങനെയുള്ള പദങ്ങൾ ആണെങ്കിൽ കാര്യം മാറി. അവസാനിക്കാത്ത സംശയങ്ങളാണ് പിന്നെ. ഇതുപോലുള്ള കുറച്ചു പദങ്ങൾ ആണ് എം എൻ കാരശ്ശേരി കേട്ടെഴുത്തിന് നൽകിയത് എന്നത് ഉറപ്പാണ്. പിഎസ് സി നടത്തുന്ന മലയാള പരീക്ഷകളിലെ ഏറ്റവും വലിയ കടമ്പ ഇത്തരം പദങ്ങൾ ആണ്. എന്തുകൊണ്ടാണ് ഇവ വലിയ പ്രശ്നമായിരിക്കുന്നത്?  പ്രാഥമിക വിദ്യാഭ്യാസത്തിൽ അക്ഷരമാല പഠിക്കാത്തതുകൊണ്ടാണോ ഇത്തരം വാക്കുകളിൽ തെറ്റുകൾ ഉണ്ടാകുന്നത്? ഇത്തരം വാക്കുകൾ എന്നും മലയാളിക്ക് പ്രശ്നമായിരുന്നു. ഒരുകാലത്തും അവ ശരിയായി എഴുതിയിരുന്നില്ല എന്നുള്ളതാണ് വാസ്തവം. പൂർവദ്രാവിഡഭാഷയുടെ ശബ്ദഘടനയോട് ഏറ്റവും അടുത്തുനിൽക്കുന്നതാണ് തമിഴിലെ സ്വനിമങ്ങൾ. ഇവയ്ക്കു പുറമേ സംസ്കൃതത്തിൽ നിന്ന് വന്നു ചേർന്ന ശബ്ദങ്ങൾ ഒരിക്കലും മലയാളിയുടെ ഉച്ചാരണത്തിലേക്ക് ഇഴുകിച്ചേർന്നിട്ടില്ല. വ്യഞ്ജനങ്ങളിൽ ക, ച, ട, ത, പ (ഖരങ്ങൾ) നമുക്ക് സ്വകീയമായിട്ടുള്ളവയാണ്. എന്നാൽ അതിഖരങ്ങൾ (ഖ, ഛ, ഡ, ദ, ബ) ഘോഷികൾ (ഘ, ഝ, ഢ, ധ, ഭ) എന്നിവ വന്നുചേർന്നവയാണ്. അതുപോലെ ശ, ഷ, സ എന്നീ ഊഷ്മാക്കളും. പാട്ട്, മണിപ്രവാളം എന്നീ രണ്ട് സാഹിത്യപ്രസ്ഥാനങ്ങൾ പഴയ മലയാളത്തിൽ ഉണ്ടായതുപോലും ഇതിനെ അടിസ്ഥാനമാക്കിയാണ്. സംസ്കൃതത്തിൽ നിന്നു ലഭിച്ച പദങ്ങളെ ദ്രാവിഡീകരിക്കാനുള്ള മലയാളിയുടെ സഹജപ്രവണതയാണ് പാട്ടിൽ കാണുന്നത്. എന്നാൽ സംസ്കൃതമറിയാവുന്ന ഒരു വരേണ്യവർഗത്തിന്റെ താല്പര്യമായിരുന്നു സംസ്കൃതപദങ്ങളെ അതേപടി എഴുതുകയും ഉച്ചരിക്കുകയും ചെയ്യുക എന്നത്. ഈ വ്യത്യസ്ത ഭാഷാമനോഭാവങ്ങളുടെ സംഘർഷത്തിൽ, കടംകൊണ്ട പദങ്ങളെ ദ്രാവിഡീകരിക്കാനുള്ള നമ്മുടെ സഹജപ്രവണത നമുക്ക് ഏറെയും നഷ്ടപ്പെട്ടു. എന്നാൽ സംസ്കൃതത്തിന്റെ ഉച്ചാരണം നിലനിർത്താനുള്ള കഴിവ് കാര്യമായി നാം ആർജിച്ചതുമില്ല. അതിഖര ഘോഷികളുടെ ലിപികൾ നമ്മുടെ അക്ഷരമാലയിൽ കടന്നുവന്നുവെങ്കിലും അവയുടെ ഉച്ചാരണം നാം ശരിയായ വിധത്തിൽ ആർജിച്ചിട്ടില്ല. ഇതാണ് നമ്മുടെ പ്രശ്നം. അതിഖര, ഘോഷാക്ഷരങ്ങളെയും അവ ചേർന്ന സംയുക്താക്ഷരങ്ങളെയും ചുറ്റിപ്പറ്റിയാണ് നമ്മുടെ അക്ഷരത്തെറ്റു പ്രസ്ഥാനം രൂപം കൊണ്ടിരിക്കുന്നത്. സാഹിത്യപഞ്ചാനന്റെ പ്രയോഗദീപിക മുതൽ പന്മന രാമചന്ദ്രൻ നായരുടെ നിരവധി പുസ്തകങ്ങൾ വരെ പറഞ്ഞുതിരുത്തിയിട്ടും അധിക്ഷേപിച്ചിട്ടും ഇന്നും ശരിയാകാതെ കിടക്കുകയാണ് മലയാളിയുടെ തലച്ചോറിൽ ഈ അക്ഷരങ്ങൾ.

ഇത് വിശദീകരിക്കാനായി നമ്മുടെ മറ്റൊരു ഭാഷാപണ്ഡിതൻ നടത്തിയ ഒരു പരീക്ഷണത്തെക്കുറിച്ച് പറയാം. മലയാളം ലെക്സിക്കണിന്റെ എഡിറ്ററും സംസ്കൃത പണ്ഡിതനുമായ ഡോ. ബി.സി. ബാലകൃഷ്ണൻ താൻ നടത്തിയ ഒരു പരീക്ഷണം തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: 

“ടവർഗാക്ഷരങ്ങളും അതിഖരഘോഷങ്ങളും ഉൾപ്പെടുന്ന ഏതാനും കൃത്രിമപദങ്ങൾ ഉണ്ടാക്കുക. /ഖടഗം/, /ദഘൂഡം/, /ഡഝളം/, /ഝഥടി/, /അഭടഗം/ എന്നിവപോലെ. മലയാളഭാഷയിൽ നല്ല പാണ്ഡിത്യമുള്ള ഏതാനുംപേരെ കൂട്ടി അവരിൽ ഒരാളോട് ഈ പദങ്ങൾ വായിക്കുവാൻ നിർദേശിക്കുക. മറ്റുള്ളവർ കേട്ടെഴുതട്ടെ. എഴുതിയപദങ്ങൾ വായിച്ച പദങ്ങളുമായി ഒത്തുനോക്കുക. വായിക്കുന്ന ആൾ അക്ഷരങ്ങൾ പിരിച്ചുവായിക്കുകയോ ഇന്ന ‘ഭ’ ഇന്ന ‘ട’ എന്നൊക്കെ നിർദേശിക്കുകയോ ചെയ്തില്ലെങ്കിൽ മിക്കവരും തെറ്റായി എഴുതാനാണിട. ഇത്തരത്തിലുള്ള ഇരുപത്തിയഞ്ചു കൃത്രിമ വാക്കുകൾ- രണ്ടക്ഷരമുള്ളവ മുതൽ ഏഴക്ഷരമുള്ളവ വരെ-ഇതെഴുതുന്ന ആൾ പരീക്ഷണത്തിനുപയോഗിച്ചു. സ്കൂൾ വിദ്യാർഥികൾ, കോളെജുവിദ്യാർഥികൾ, അധ്യാപകർ, അഭിഭാഷകർ, സാഹിത്യകാരന്മാർ തുടങ്ങി മലയാളഭാഷ ശ്രദ്ധിച്ചുപയോഗിക്കുന്ന വ്യക്തികൾ അടങ്ങിയ സദസ്സുകളിൽ ഈ പരീക്ഷണം ആവർത്തിച്ചു. വാക്കുകൾ അച്ചടിച്ച കടലാസ് സദസ്സുകളിൽ നേരത്തെ വിതരണം ചെയ്തിട്ടുപോലും കേട്ടെഴുതാൻ ആർക്കും കഴിഞ്ഞില്ല. വേറെവേറെ വ്യക്തികളെക്കൊണ്ടു വായിപ്പിച്ചപ്പോൾ കേട്ടെഴുതിയ വാക്കുകളിൽ അല്പാല്പം വ്യത്യാസം വന്നു.” (ബി.സി ബാലകൃഷ്ണൻ,സംസ്കൃത സ്വാധീനം മലയാളഭാഷയിൽ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1994, പു. 145.) അദ്ദേഹം കേട്ടെഴുത്തിനു നൽകി പലരും എഴുതിയ പട്ടികകൾ ഞാൻ 1986 ൽ കണ്ടിട്ടുണ്ട്. അതിനും എത്രയോ വർഷങ്ങൾക്കു മുൻപാണ് അദ്ദേഹം ഈ പരീക്ഷണം നടത്തിയത്. എന്താണ് അദ്ദേഹത്തിന്റെ പരീക്ഷണത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്? ഡോ. ബി.സി ബാലകൃഷ്ണൻ പറയുന്നത് ശ്രദ്ധിക്കൂ: “വിദ്യാഭ്യാസമുള്ള ഒരു ശരാശരി മലയാളിക്ക് അതിഖര ഘോഷശബ്ദങ്ങളുടെ വ്യത്യാസം കേട്ടറിയാനോ ഉച്ചരിച്ചു കേൾപ്പിക്കാനോ കഴിവില്ല എന്നതാണ് സത്യം. ക്ലാസുകളിൽ മലയാളം പഠിപ്പിക്കുന്ന അധ്യാപകർ “രണ്ടാമത്തെ ഖ”, “നാലാമത്തെ ഝ” എന്നൊക്കെ പറഞ്ഞുപഠിപ്പിക്കാറുണ്ട്. പരിചയമില്ലാത്ത ഒരു പദത്തിൽ അതിഖരങ്ങളും ഘോഷങ്ങളും വരുമ്പോൾ സംസ്കൃതം പഠിച്ച മലയാളിക്കുപോലും കേട്ടെഴുതാൻ പ്രയാസമാണ്. മിക്കപ്പോഴും പണ്ഡിതനും വിദ്യാർഥിയും അതിഖരങ്ങളെയും ഘോഷങ്ങളെയും വേർതിരിച്ചറിയുന്നത് പദപരിചയം കൊണ്ടുമാത്രമാണ് ”. അക്ഷരത്തെറ്റുകൾ എന്നു പറഞ്ഞ് ഇന്ന് പലരും ഉയർത്തിക്കൊണ്ടുവരുന്നതിൽ കൂടുതലും ഇത്തരത്തിലുള്ള തെറ്റുകളാണ്. അക്ഷരമാല പഠിച്ചാലും പഠിച്ചില്ലെങ്കിലും ഇവ ഉണ്ടാകും. അപ്പോൾ ഈ തെറ്റുകൾ സ്വീകാര്യമാണ് എന്നാണോ എന്റെ നിലപാട്? ഞാനിവിടെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്ന കാര്യം അക്ഷരമാല പഠിപ്പിച്ചാൽ ഈ തെറ്റുകൾ തിരുത്തപ്പെടുകയില്ല എന്നതാണ്. അക്ഷരമാലാ പഠനവുമായി ഈ തെറ്റുകൾക്ക് ഒരു ബന്ധവുമില്ല എന്ന് ഡോ. ബി.സി ബാലകൃഷ്ണന്റെ പരീക്ഷണം ശ്രദ്ധിച്ചാൽ മനസ്സിലാകാവുന്നതേയുള്ളൂ. അക്ഷരമാല എങ്ങനെയൊക്കെ പഠിപ്പിച്ചാലും പഠിച്ചാലും ബാസ്കരന്റെ ബ, എന്നും ബാലന്റെ ബ എന്നും പറഞ്ഞു മാത്രമേ ‘ഭ’ എന്ന അക്ഷരത്തെ ‘ബ’യിൽ നിന്ന് വേർതിരിച്ചുകാണിക്കാൻ മലയാളിക്കു കഴിയുകയുള്ളൂ. 

ഈ അക്ഷരത്തെറ്റുകളെ വലിയൊരു പ്രശ്നമായും, മലയാളഭാഷതന്നെ തകർന്നു കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയായും ഒക്കെ ഉയർത്തിക്കാണിക്കുമ്പോൾ ഒരു കാര്യം നാം ഓർക്കണം. മലയാളികൾ വരുത്തുന്നതിനെക്കാൾ എത്രയോ അധികം അക്ഷരത്തെറ്റുകൾ വരുത്തുന്നവരാണ് ഇംഗ്ലീഷ് മാതൃഭാഷ ആയിട്ടുള്ളവർ. സ്പെല്ലിംഗ് വ്യവസ്ഥ ഉള്ളതുകൊണ്ട് ഇംഗ്ലീഷിൽ അക്ഷരത്തെറ്റുകൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇംഗ്ലീഷിലെ അക്ഷരത്തറ്റുകളെയും സ്പെല്ലിങ്ങിനെയും കുറിച്ചുള്ള ഗവേഷണങ്ങളിലൂടെ ഉപരിപ്ലവമായെങ്കിലും കടന്നു പോയാൽ ഇത് നമുക്ക് മനസ്സിലാകും. ഇംഗ്ലീഷ് സംസാരിക്കുന്ന എല്ലാവർക്കും തന്നെ സ്പെല്ലിങ് ഉറപ്പില്ലാത്ത കുറച്ചു വാക്കുകൾ എങ്കിലും കാണും. ഇവിടെ പന്മന രാമചന്ദ്രൻ നായരും മറ്റും പട്ടികപ്പെടുത്തിയിരിക്കുന്ന അക്ഷരത്തെറ്റുകളെക്കാൾ എത്രയോ കൂടുതൽ വരും ഈ കുറച്ചു വാക്കുകൾ. നിഘണ്ടു നോക്കി സ്പെല്ലിംഗ് ഉറപ്പിക്കുകയും തിരുത്തുകയും ചെയ്യുക എന്ന രീതി പണ്ടു കാലം മുതൽ അവരുടെ കൂടെയുണ്ട്. ആധുനിക കാലത്ത് എഴുതിക്കൊണ്ടിരിക്കുമ്പോൾ തന്നെ സ്പെൽചെക്കർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും തെറ്റുകൾ എടുത്തുകാണിക്കുകയും ചെയ്യുകയാണ്. അതിനാൽ പുസ്തകങ്ങളിലും പത്രങ്ങളിലുമൊന്നും അക്ഷരത്തെറ്റുകൾ കാണുന്നില്ല എന്നു മാത്രം. ഇത്ര നിസ്സാരമാണ് അക്ഷരത്തെറ്റുകളുടെ പ്രശ്നം. മലയാളഭാഷയുടെ രൂപിമപരമായ സങ്കീർണതകൾ കൊണ്ട് 100% ഫലപ്രദമായ ഒരു സ്പെൽചെക്കർ ഉണ്ടാക്കാൻ കഴിയുകയില്ല. എങ്കിൽപ്പോലും അക്ഷരത്തെറ്റുകൾ വരുത്താൻ സാധ്യതയുള്ള വാക്കുകളൊക്കെ ഉൾപ്പെടുത്തി സ്പെൽചെക്കർ ഉണ്ടാക്കാവുന്നതാണ്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സമീപകാലത്ത് അങ്ങനെ ഒരെണ്ണം ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പരിശോധനയിലും മെച്ചപ്പെടുത്തലിലും ഒക്കെ ഞാനും പങ്കെടുത്തിരുന്നു.  ഇവിടെ തീരുന്ന ഒരു പ്രശ്നത്തെ ആണ് നിലവാരം തകർന്നുപോയി എന്നൊക്കെയുള്ള മുറവിളിയായി നമ്മുടെ പത്രങ്ങൾ വളർത്തിയെടുക്കുന്നത്.

പത്രപ്രവർത്തകരായി പരിശീലനം നേടുന്നവർക്ക് എം.എൻ. കാരശ്ശേരി പത്തു വാക്കുകൾ വീതം കേട്ടെഴുത്തു നൽകിയപ്പോൾ ഭൂരിപക്ഷത്തിനും ആറ് വാക്കുകൾ തെറ്റാൻ കാരണമെന്തായിരിക്കും. (ഇങ്ങനെ തെറ്റുവരുത്തുന്നവർ പത്രപ്രവർത്തകരാകാൻ യോഗ്യരാണോ എന്നൊരു ചോദ്യം ഇവിടെ വരികൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്നുണ്ട്.)  ഇവരുടെ ഭാഷാനൈപുണികൾ അപര്യാപ്തമായതുകൊണ്ടോ, അവർക്കു ലഭിച്ച വിദ്യാഭ്യാസത്തിന് എന്തെങ്കിലും പോരായ്മകളുള്ളതുകൊണ്ടോ ആണോ അവർ തെറ്റുവരുത്തിയത്? കാര്യം വളരെ ലളിതമാണ്. പത്താംക്ലാസ് കഴിഞ്ഞ് മലയാളം എഴുതിയിട്ടുള്ളവർ ആയിരിക്കുകയില്ല ഇവരിൽ പലരും. കാരശ്ശേരി മാഷ് കേട്ടെഴുത്ത് നൽകിയ പല പദങ്ങളും ഇവർ ആദ്യമായിട്ടായിരിക്കും എഴുതിയിട്ടുണ്ടാവുക. പത്താം ക്ലാസിനു ശേഷം സയൻസോ ചരിത്രമോ എക്കണോമിക്സോ ഒക്കെ ഇംഗ്ലീഷിൽ പഠിച്ചുകഴിഞ്ഞ ഒരു വ്യക്തിയെയും മലയാളം എം എ കഴിഞ്ഞ ഒരു വ്യക്തിയെയും താരതമ്യം ചെയ്തു നോക്കിയാൽ മലയാളം എംഎക്കാരൻ കുറവ് തെറ്റുകളെ വരുത്തുകയുള്ളൂ എന്ന് കാണാം. മെച്ചപ്പെട്ട ഭാഷാനൈപുണി ഉള്ളതുകൊണ്ടൊന്നുമല്ല ഇത്. അവർക്ക് പദപരിചയം കൂടുതൽ സിദ്ധിക്കുന്നു എന്നുമാത്രം. ഭാഷയിൽ സാധാരണ ഉപയോഗിക്കാത്ത പദങ്ങൾ വായിക്കാനും എഴുതാനുമുള്ള അവസരങ്ങളും, അഥവാ എഴുതി തെറ്റിയാൽ മറ്റുള്ളവരാൽ തിരുത്തപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഇത്രയേ ഉള്ളൂ കാര്യം. വളരെ നന്നായി മലയാളം എഴുതുന്ന പലരും പീഡനം,  അഭിവാഞ്ഛ,  പ്രവൃത്തി,  തുടങ്ങി പല വാക്കുകളും തെറ്റിച്ച് എഴുതുന്നത് കാണാം. ഇതൊന്നും ഭാഷാനൈപുണിയുടെ പ്രശ്നമല്ല. ചില തെറ്റുകൾ ആരും തിരുത്തിക്കൊടുക്കാത്തതിനാൽ തുടർന്നുപോകുന്നു എന്ന് മാത്രം.  രിക്കൽ തിരുത്തിയാൽ പിന്നീട് ഈ തെറ്റുകൾ ഉണ്ടാവുകയില്ല.  അതുകൊണ്ട് അക്ഷരത്തെറ്റുകൾക്ക് ആവശ്യത്തിലധികം പ്രാധാന്യം നൽകേണ്ട കാര്യമൊന്നുമില്ല. 

അക്ഷരമാല പഠിച്ചാൽ തെറ്റുകൾ കുറയും അല്ലെങ്കിൽ ഇല്ലാതാകും എന്ന ധാരണയ്ക്ക് അടിസ്ഥാനമൊന്നുമില്ലെന്ന് മേൽപ്പറഞ്ഞതിൽനിന്ന് വ്യക്തം ആണല്ലോ. വിദ്യാഭ്യാസത്തിന്റെയും ഭാഷാശേഷിയുടെയും ഒക്കെ അടിത്തറയാണ് അക്ഷരമാല എന്ന ധാരണ നമ്മുടെ സംസ്കാരത്തിൽ പ്രബലമാണ്. അക്ഷരമാല ഓർത്തു വയ്ക്കുന്നതിനും അത് ആ ക്രമത്തിൽ തന്നെ പഠിക്കുന്നതിനും യാതൊരു  പ്രസക്തിയും വാസ്തവത്തിൽ ഇല്ല. രസതന്ത്രത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയ എത്രപേർക്ക് ആവർത്തനപ്പട്ടിക മുഴുവൻ കാണാതെ അറിയാം എന്ന് പരിശോധിച്ചു നോക്കൂ.  പലർക്കും അതു മുഴുവൻ ഓർത്തെടുക്കാൻ കഴിയുകയില്ല. ആവർത്തനപ്പട്ടിക മുഴുവൻ ഓർമ്മയിൽ സൂക്ഷിക്കുന്നതിന് പ്രത്യേകിച്ച് പ്രാധാന്യവുമില്ല. പഠനകാലത്ത് മൂലകങ്ങളുടെ വർഗീകരണവും പരസ്പര ബന്ധവും ഓരോ മൂലകത്തിന്റെയും രാസ ഭൗതിക സ്വഭാവങ്ങളുടെ അടിസ്ഥാനവും മനസ്സിലാക്കാൻ ആവർത്തനപ്പട്ടിക ആവശ്യമാണ്. അതുകഴിഞ്ഞാൽ വീണ്ടും ആവർത്തനപ്പട്ടിക ചുമന്നുകൊണ്ടു നടക്കേണ്ട കാര്യമൊന്നുമില്ല. ആവർത്തനപ്പട്ടികയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷിയാണ് ആവശ്യം. വേണ്ടപ്പോൾ ആവർത്തനപ്പട്ടിക നോക്കാവുന്നതേയുള്ളൂ. ആവർത്തനപ്പട്ടികയുടെ കുറേ ഭാഗം മറന്നുപോയാൽ നിങ്ങളുടെ രസതന്ത്ര പരിജ്ഞാനം തകർന്നടിഞ്ഞുപോവുകയൊന്നുമില്ല. രസതന്ത്രപഠനത്തിൽ ആവർത്തനപ്പട്ടികയ്ക്കുള്ള സ്ഥാനമൊന്നും അക്ഷരമാലയ്ക്ക് ഭാഷാപഠനത്തിൽ ഇല്ല. എഴുതാനും വായിക്കാനും പഠിച്ചുകഴിഞ്ഞാൻ പിന്നെ അക്ഷരമാലകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ഭാഷാനൈപുണികളുമായി യാതൊരു ബന്ധവും അക്ഷരമാലയ്ക്കില്ല; എന്നാൽ ഭാഷാബോധനത്തിൽ വളരെ ചെറിയൊരു ധർമം ഉണ്ട്. ഒരു കൂട്ടം പേരുകൾ, ഇരുപതോ മുപ്പതോ നൂറോ ഒക്കെ, ഓർത്തിരിക്കണമെങ്കിൽ അവ ഒരു ക്രമത്തിൽ മാത്രമേ ഓർത്തുവയ്ക്കാൻ കഴിയുകയുള്ളു. ക്രമരഹിതമായി അവയെ ഓർമയിൽ സൂക്ഷിക്കാൻ കഴിയുകയില്ല. അക്ഷരമാലക്രമവും ഇതേ ധർമമാണ് നിർവഹിക്കുന്നത്. ഇതിപ്പുറം യാതൊരു പ്രസക്തിയുമില്ല അക്ഷരമാലയ്ക്ക്. ഉച്ചാരണശാസ്ത്രപരമായ വർഗീകരണമാണ് ഭാരതീയ ഭാഷകളിലെ അക്ഷരക്രമത്തിന് അടിസ്ഥാനം. അതിന് ഭാഷാശാസ്ത്രപരമായ സാംഗത്യം തീർച്ചയായും ഉണ്ട്. പക്ഷേ ഇതിന് ഭാഷാബോധനപരമായി യാതൊരു പ്രാധാന്യവുമില്ല. ഒന്നാം ക്ലാസിൽ അക്ഷരം പഠിക്കുന്ന ഒരു കുട്ടി ഉച്ചാരണശാസ്ത്രപരമായ വർഗീകരണത്തിന്റെ അടിസ്ഥാനത്തിൽ അക്ഷരം പഠിക്കും എന്നൊക്കെ കരുതുന്നത് അല്പം കടന്നകൈയാണ്. (ആ പ്രായത്തിലെ കുട്ടിയുടെ ബൗദ്ധികശേഷികളുടെ സ്വഭാബം മനസ്സിലാക്കാൻ പിയാഷേ നടത്തിയ ഭാവനാപൂർണമായ പരീക്ഷണങ്ങളെക്കുറിച്ച് വായിച്ചാൽ മതി. )മാതൃഭൂമിയുടെ ലേഖന പരമ്പരയിൽ ഉയർത്തിയ ഒരു പ്രശ്നം അക്ഷരമാല പഠിച്ചില്ലെങ്കിൽ നിഘണ്ടു നോക്കാൻ കഴിയുകയില്ല എന്നതായിരുന്നു. ഇത് വളരെ ബാലിശമായ ഒരു ചിന്ത ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. കാരണം അക്ഷരമാലാക്രമം നിഘണ്ടുവിന്റെ മുന്നിൽ നൽകിയിട്ടുണ്ടായിരിക്കും. അതിന്റെ അടിസ്ഥാനത്തിൽ നിഘണ്ടു ആർക്കും ഉപയോഗിക്കാവുന്നതേയുള്ളൂ. അതിനായി അക്ഷരമാല കാണാതെ പഠിച്ചുവയ്ക്കേണ്ട കാര്യമൊന്നുമില്ല. മറ്റൊരു കാര്യം ഇലക്ട്രോണിക് ഡിക്ഷ്ണറികളുടെ കാലത്താണ് നാം ജീവിക്കുന്നത്. ഇലക്ട്രോണിക് ഡിക്ഷണറികളെ സംബന്ധിച്ചിടത്തോളം അക്ഷരമാലാക്രമം എന്നൊന്നില്ല.  നിങ്ങൾ ഒരു പദം ടൈപ്പ് ചെയ്താൽ അതിന്റെ എൻട്രി നിങ്ങൾക്ക് ലഭിക്കും.

ബോധനശാസ്ത്ര പശ്ചാത്തലം

മാതൃഭൂമിയുടെ ക്യാംപെയിൻ അക്ഷരമാല തിരിച്ചുകൊണ്ടുവരിക എന്നുള്ളതിനെക്കുറിച്ച് ആയിരുന്നു.  അതേസമയം അതിലൂടെ നടന്ന ചർച്ചകൾ ബോധനശാസ്ത്രപരമായ ചില പ്രശ്നങ്ങളിലേക്കും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.  ഇതിൽ ഒന്ന് അക്ഷരത്തിനു പ്രാധാന്യം നൽകുന്ന ഒരു ബോധനസമ്പ്രദായം അല്ലേ മലയാളം അനുവർത്തിക്കേണ്ടത് എന്നുള്ളതാണ്.  ഇത് നാം ശ്രദ്ധാപൂർവ്വം ചർച്ചചെയ്യേണ്ട ഒരു കാര്യമാണ്.  പലതരം ബോധന സമീപനങ്ങളെ കുറിച്ച് നാം കേൾക്കാറുണ്ട്.  ഇവയെല്ലാം സാമാന്യമായി പറഞ്ഞാൽ രണ്ടു രണ്ടു തരത്തിലുള്ളവയാണ്.  മൃത ഭാഷകൾ അഥവാ ക്ലാസിക്കൽ ഭാഷകൾ പഠിക്കാനായി രൂപംകൊണ്ട സമീപനങ്ങളാണ് ഒരെണ്ണം.  ജീവൽ ഭാഷകൾ പഠിക്കാനായി രൂപപ്പെടുത്തിയ സമീപനങ്ങളാണ് മറ്റൊരെണ്ണം.  ജീവൽ ഭാഷകളുടെ പഠനം എന്നുള്ളതിന് 150 വർഷങ്ങൾക്കിപ്പുറത്തെ ചരിത്രം മാത്രമേയുള്ളൂ. അതേസമയം സംസ്കൃതം ലാറ്റിൻ തുടങ്ങിയ മൃതഭാഷകൾ പ്രത്യേകിച്ചും അവ വലിയ വിജ്ഞാനശേഖരങ്ങളുടെയും പുരാതന സാഹിത്യത്തിന്റെയും ഭാഷകൾ ആയിരുന്നതിനാൽ അത്തരം ഭാഷകളുടെ പഠനത്തിന് ലോകമെമ്പാടും വലിയ പ്രാധാന്യമുണ്ടായിരുന്നു. അതിനാൽ അവയ്ക്ക് നൂറ്റാണ്ടുകളുടെ തന്നെ ചരിത്രമുണ്ട്. ഈ സമീപനങ്ങളുടെ അടിസ്ഥാനം ഭാഷ എന്നത് നിയമങ്ങളുടെ സമാഹാരമാണ് എന്ന ചിന്തയാണ്. ലളിതമായ ഘടകങ്ങൾ അഭ്യസിക്കുകയും അവ ചേർന്ന് കൂടുതൽ സങ്കീർണമായ ഘടകങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന ഒരു ബോധന സമ്പ്രദായം ആണ് മൃതഭാഷകളുടെ പഠനത്തിൽ ലോകമെമ്പാടും അവലംബിച്ചിരുന്നത്.  ആധുനിക വിദ്യാഭ്യാസത്തിന്റെ ആവിർഭാവത്തോടെ ജീവൽ ഭാഷകൾ പഠിക്കാൻ തുടങ്ങിയപ്പോഴും ഇതേ സമീപനം അവിടെയും ഉപയോഗിക്കപ്പെടുകയുണ്ടായി.  അതുകൊണ്ടാണ് സാമ്പ്രദായികമായ ഭാഷാപഠനരീതി അക്ഷരം, പദം, വാക്യം എന്ന ക്രമം പിന്തുടരുന്നത്.  എന്നാൽ ജീവൽ ഭാഷകൾക്ക് ഈ രീതി ചേർന്നതല്ല എന്ന തിരിച്ചറിവ് വിദ്യാഭ്യാസ വിദഗ്ധർക്ക് ഉണ്ടാവുകയും,  ആശയവിനിമയത്തിന് പ്രാധാന്യം നൽകുന്ന ബോധനരീതികൾ ആവിഷ്കരിക്കപ്പെടുകയും ചെയ്തു. മൃതഭാഷകൾക്കായി ആവിഷ്കരിച്ച ബോധനരീതികളുടെ എതിർധ്രുവത്തിലുള്ള രീതികളാണ് ഇവ.  സമഗ്രഭാഷാദർശനം എന്നൊക്കെ പറയുന്നത് ഇത്തരത്തിൽ ജീവൽ ഭാഷകൾക്ക് പഠിക്കാനായി  അനുയോജ്യമായ സമീപനം വികസിപ്പിക്കാൻ നടത്തിയ ശ്രമങ്ങളിലൂടെ ഉണ്ടായതാണ്. അർത്ഥപൂർണ്ണമായ ഘടകങ്ങളിൽ നിന്ന് ആരംഭിച്ച് ലളിതമായ ഘടകങ്ങളിലേക്ക് ക്രമേണ എത്തിച്ചേരുക എന്ന പൊതുരീതി അവയ്ക്കുണ്ട്.  സാംപ്രദായിക ബോധന രീതികളിൽനിന്ന് മാറി ജൈവഭാഷകൾക്ക് അനുയോജ്യമായ രീതികളിലേക്ക് പോകാനുള്ള ബോധപൂർവ്വമായ ശ്രമം പല വികസിത രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്.  അതേസമയം ഒരു ധ്രുവത്തിൽ നിന്ന് മറ്റേ ധ്രുവത്തിലേക്ക് പൂർണമായും മാറുന്നതുകൊണ്ട് ചില പ്രശ്നങ്ങളുണ്ട് എന്നും പിന്നീട് തിരിച്ചറിയുകയുണ്ടായി. ഈ ചരിത്രം നാം പരിശോധിച്ചാൽ രണ്ടു സമീപനങ്ങളുടെയും രീതികൾ യുക്ത്യനുസരണം സംയോജിപ്പിച്ചതും ഓരോ ഭാഷയുടെയും പ്രത്യേകതകൾ കണക്കിലെടുക്കുന്നതുമായ സമീപനമാണ് ആവശ്യം എന്നു കാണാൻ പ്രയാസമില്ല. പാരായണബോധനത്തെക്കുറിച്ച് ഉണ്ടായ ഒരു ക്ലാസിക് പഠനമാണ്  Learning to Read: The Great Debate. ഹാർവാർഡ് സർവകലാശാലയിൽ പ്രൊഫസറായിരുന്ന Jeanne Chall ആണ് ഇത് എഴുതിയത്. കാർണഗി കോർപ്പറേഷനു വേണ്ടി അവർ നടത്തിയ മൂന്നു വർഷം നീണ്ടു നിൽക്കുന്ന ഒരു പഠനത്തിന്റെ ഫലമായിരുന്നു 1967 ൽ പുറത്തുവന്ന ഈ പുസ്തകം. വായനയുടെയും എഴുത്തിന്റെയും ബോധനത്തിൽ ഏതെങ്കിലും ഒരു ധ്രുവത്തിലേക്ക് - അക്ഷരകേന്ദ്രിത സമീപനത്തിലോ പദകേന്ദ്രിത സമീപനത്തിലോ- ഒതുങ്ങുന്നത് അശാസ്ത്രീയമാണ് എന്ന തിരിച്ചറിവിലാണ് ഈ പുസ്തകം എത്തിച്ചേരുന്നത്. അവരുടെ ഗവേഷണങ്ങൾ, വീക്ഷണങ്ങൾ, വാദഗതികൾ എന്നിവയിലൂടെ കടന്നുപോയാൽ അതാണ് മനശ്ശാസ്ത്രപരവും ബോധനശാസ്ത്രപരവുമായ വീക്ഷണത്തിൽ യുക്തിസഹമായ നിലപാട് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ഒരു പ്രത്യേക പഠിതാവിന്റെ ആവശ്യങ്ങൾക്കും അഭിരുചിക്കുമനുസരിച്ച് വഴക്കമുള്ള സമീപനമാണ് ഉണ്ടാകേണ്ടത്; ഏതെങ്കിലും ഒരു രീതിതന്നെ സ്വീകരിക്കുക എന്നതല്ല വേണ്ടത്. ഇത് എങ്ങനെ ചെയ്യാം എന്നതാണ് പ്രശ്നം. 


Jeanne Chall

അക്ഷരോച്ചാരക ഭാഷയായ മലയാളത്തിന്റെ ബോധനരീതിയിൽ അക്ഷരത്തിനു പ്രാധാന്യം നൽകേണ്ടതില്ലേ എന്ന ചോദ്യം ഇതോടനുബന്ധിച്ച് പലരും ഉയർത്തുന്നുണ്ട്. Jeanne Chall പറഞ്ഞതുപോലെ അക്ഷരാധിഷ്ഠിത രീതിയുടെയോ പദാധിഷ്ഠിത രീതിയുടെയോ ധ്രുവങ്ങളിലേക്കു പോകാതെയുള്ള മധ്യമാർഗം ആണു ശരി എന്നതാണ് എന്റെ നിലപാട്.  പദാധിഷ്ഠിതമായ ബോധനരീതികൾക്ക് വളരെ പ്രാമുഖ്യം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണ് ജീൻ Jeanne Chall പഠനം നടത്തിയതും പുസ്തകം പ്രസിദ്ധീകരിച്ചതും. അക്ഷരാധിഷ്ഠിതമായ പരമ്പരാഗത രീതികളിലേക്ക് തിരിച്ചുപോകണമെന്ന് പൊതുസമൂഹത്തിലെ വലിയൊരു വിഭാഗവും, പദാധിഷ്ഠിതമായ രീതികളാണ് ഫലപ്രദമെന്ന് വിദ്യാഭ്യാസ പണ്ഡിതന്മാരും രണ്ടു ധ്രുവങ്ങളിൽ നിന്ന് വാദിച്ചുകൊണ്ടിരുന്ന ഒരു സമയത്താണ് അവരുടെ പഠനം നടന്നത്.  പരമ്പരാഗതം എന്നുപറയുന്ന രീതികളെ തള്ളിക്കളയാനാവില്ല എന്നും   അവയ്ക്ക് അവയുടേതായ പ്രാധാന്യമുണ്ടെന്നും അവർ പഠനത്തിൽ എടുത്തുപറയുന്നുണ്ട്.  അതുകൊണ്ടാണ് ധ്രുവങ്ങളിൽ നിന്ന് മധ്യമാർഗത്തിലേക്ക് നീങ്ങുന്ന ഒരു ബോധന രീതിശാസ്ത്രം അവർ നിർദേശിക്കുന്നത്.  പൊതുവായ ഈ സമീപനത്തിന് ഉള്ളിൽ നിന്നുകൊണ്ടുതന്നെ ഓരോ ഭാഷയുടേയും പ്രത്യേകതകൾ കൂടെ കണക്കിലെടുത്തുകൊണ്ട് വേണം ബോധന രീതിശാസ്ത്രം ആവിഷ്കരിക്കേണ്ടത്. ഇംഗ്ലീഷ് പോലൊരു ഭാഷയ്ക്ക് സ്പെല്ലിങ് വ്യവസ്ഥ കണക്കിലെടുക്കാതെയുള്ള ഒരു ബോധനരീതിശാസ്ത്രം ആവിഷ്കരിക്കാൻ സാധ്യമല്ല. അതുപോലെ മലയാളത്തെ സംബന്ധിച്ചിടത്തോളം അക്ഷരങ്ങളുടെ ബാഹുല്യം, അക്ഷരരൂപങ്ങളുടെ സങ്കീർണത, സൂക്ഷ്മമായ വ്യത്യാസങ്ങൾ മാത്രമുള്ള അക്ഷരരൂപങ്ങൾ, സൂക്ഷ്മമായ ഉച്ചാരണ വ്യത്യാസമുള്ള അക്ഷരരൂപങ്ങൾ, ആകൃതിയിലും അനുപാതത്തിലും വ്യത്യാസമുള്ള അക്ഷരരൂപങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ട്. അതിനാൽ അക്ഷരബോധനം എന്നത്  തള്ളിക്കളയാൻ കഴിയുകയില്ല.  അതേസമയം എടുത്തുപറയേണ്ട ഒരു കാര്യം അക്ഷരത്തിനു പ്രാധാന്യം നൽകുക എന്നാൽ അക്ഷരത്തിൽ നിന്നു തുടങ്ങി പദങ്ങളിലേക്ക് പോകുക, അക്ഷരങ്ങൾ മാത്രമായി ദീർഘകാലം പഠിപ്പിച്ചുകൊണ്ടിരിക്കുക, അക്ഷരമാല ഉരുവിട്ട് പഠിപ്പിക്കുക ഇതൊന്നുമല്ല. അർഥപൂർണമായ കാര്യങ്ങളാണ് ആലേഖന പരിശീലനത്തിന്റെ ആദ്യഘട്ടം മുതൽ കടന്നുവരുന്നത് എന്നുള്ളതിന് വലിയൊരു പ്രാധാന്യമുണ്ട്. അത്തരം പൊതുവായ ഒരു സമീപനത്തികത്തു നിന്നുകൊണ്ട് അനുയോജ്യമായ സന്ദർഭങ്ങളിൽ അക്ഷരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ബോധനരീതി ആവിഷ്കരിക്കാൻ കഴിയും.  ലളിതമായ ഒരു ഉദാഹരണം മാത്രം പറയാം. കുട്ടികൾ വരയിടാത്ത പേപ്പറിൽ എഴുതണോ വരയിട്ട പേപ്പർ എഴുതണോ എന്ന് ചോദിച്ചാൽ, വരയിടാത്ത പേപ്പറിൽ എഴുതി തുടങ്ങുകയും, അങ്ങനെ എഴുതുമ്പോൾ കാര്യമായ പ്രശ്നങ്ങൾ ഉള്ള കുട്ടികളെ ഒറ്റവരയിട്ട പേപ്പറിൽ പേപ്പറിൽ എഴുതാൻ അനുവദിക്കുകയും, അവിടെയും പ്രശ്നങ്ങൾ ഉള്ള കുട്ടികളെ  രണ്ട് വരകൾക്കുള്ളിൽ എഴുതാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ് ചെയ്യേണ്ടത്. ഇതേ സമീപനമാണ് എല്ലായിടത്തും പിൻതുടരേണ്ടത്. എല്ലാവർക്കും നിർബന്ധമായും ഒരു രീതി എന്നുള്ളതിനു പകരം, പ്രശ്നങ്ങൾ അനുസരിച്ച് ബോധനരീതിയും പഠനരീതിയും വ്യത്യാസപ്പെടുത്താനുള്ള വഴക്കം ആണ് ആവശ്യം.

ഇന്ന് ഉയരുന്ന അക്ഷരമാലാ പ്രസ്ഥാനം പുതിയൊരു കാര്യമല്ല. നിർദേശക വ്യാകരണത്തിന്റെ കടുംപിടുത്തങ്ങളുടെ തുടർച്ചയാണ് അത്. ഭാഷയുടെ ജൈവികതയും ചലനാത്മകതയും മനസ്സിലാക്കാൻ കഴിയാതിരുന്ന വരട്ടുപണ്ഡിതന്മാരാണ് നിർദേശക വ്യാകരണത്തിന്റെ മേലങ്കിയണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്നത്. പി.ദാമോദരൻ നായരുടെ അപശബ്ദബോധിനി എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതിൽ എൺപതുശതമാനത്തിലധികവും ഒരു മലയാളിയും ഒരിക്കലും എഴുതുകയോ പറയുകയോ ചെയ്യാത്തതും ഇനി ഒരിക്കലും എഴുതുകയും പറയുകയുമില്ല എന്ന് തീർച്ചയാക്കാവുന്നതുമായ പദങ്ങളാണ്. കുതസ്ത്യൻ,കുയഷ്ടികം, കുന്ഥിത,കുദ്ധ്രം, ജിഹ്വാലൗല്യം, ജാരഠ്യം, ദ്വൈഗുണ്യം, പ്രാത്യഹിത എന്നിങ്ങനെയുള്ള വാക്കുകൾ ശരിയായി എഴുതാൻ മലയാളികളെ പഠിപ്പിക്കാനാണ് ദാമോദരൻ നായർ എഴുന്നൂറോളം പേജുകൾ കളയുന്നത്! ‘ചെടിച്ചു’ എന്നത് ജഡിച്ചു എന്നതിൽ നിന്നുണ്ടായ പദമായതിനാൽ ‘ചടിച്ചു’ എന്ന് എഴുതണം എന്നു ശഠിക്കുന്ന സാഹിത്യപഞ്ചാനനൻ ഒക്കെ ഏതുലോകത്താണ് ജീവിച്ചിരുന്നത്? ശരിതെറ്റുകളെക്കുറിച്ച് ഇത്രയേറെ ശ്രദ്ധ പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ  വാക്യങ്ങളിലെ തെറ്റുകൾ നോക്കൂ. ‘പുസ്തകങ്ങളിൽ നിന്ന്’ എന്ന് എഴുതേണ്ടിടത്ത് ‘പുസ്തകങ്ങളിൽ നിന്നും’ എന്നും, ‘ഉപാധ്യായാദി പരീക്ഷകൾക്കുള്ള' എന്ന് എഴുതേണ്ടിടത്ത് ‘ഉപാധ്യായാദി പരീക്ഷയ്ക്കുള്ള’ എന്നുമാണ് അദ്ദേഹം എഴുതുന്നത്.  ഇത്തരം വ്യാകരണപുംഗവന്മാർ  എഴുതിയിരുന്നത് ആർക്കും വായിക്കാൻ തോന്നാത്ത മലയാളമായിരുന്നു എന്നത് മറ്റൊരു കാര്യം. (ഇതിന് ഒരു അപവാദം കുട്ടികൃഷ്ണമാരാർ മാത്രമായിരുന്നു. ‘വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി ഇന്ത്യയെ പ്രതിനിധീകരിച്ചു’ എന്നെഴുതിയാൽ ഗാന്ധിജിക്ക് പോകാൻ വയ്യാഞ്ഞിട്ട് ഇന്ത്യയെ അയച്ചു എന്നാണ് അതിന്റെ അർത്ഥം എന്ന് മാരാർ എഴുതിയിട്ടുണ്ട്.  അതേസമയം അദ്ദേഹത്തിന്റെ മലയാളം അതീവ ലളിതവും ആശയ ക്രമീകരണം, യുക്തി എന്നിവയ്ക്ക് വളരെ പ്രാധാന്യം നൽകുന്നതുമായിരുന്നു. അസാമാന്യമായ സംസ്കൃതപാണ്ഡിത്യം ഉണ്ടായിരുന്നിട്ടും സംസ്കൃതപദങ്ങൾ കുത്തിനിറയ്ക്കാനോ പാണ്ഡിത്യം പ്രദർശിപ്പിക്കാനോ തീരെ ശ്രമിക്കാത്ത എഴുത്തുകാരനായിരുന്നു മാരാർ) വ്യാകരണപണ്ഡിതന്മാരുടെ ഇത്തരം വരട്ടുവാദങ്ങളെ നിസ്സാരമാക്കി തള്ളിക്കളഞ്ഞിരുന്നത് നമ്മുടെ എഴുത്തുകാരായിരുന്നു. സി.വിയുടെ മാർത്താണ്ഡവർമയിലെ പദപ്രയോഗങ്ങൾ തിരുത്തിക്കൊണ്ട് കിളിമാനൂർ രാജരാജവർമ കൊച്ചുകോയിത്തമ്പുരാൻ നൽകിയ പല നിർദേശങ്ങളും സി.വി തള്ളിക്കളഞ്ഞു. സംസ്കൃതഭാഷയിലെ നിയമപ്രകാരം മലയാളം എഴുതുന്നത് ശുദ്ധമായ വിവരക്കേടാണ് എന്ന തിരിച്ചറിവ് സി.വിയ്ക്കുണ്ടായിരുന്നു. വൈമാനികം എന്ന ചെറുകഥയിലൂടെ സാക്ഷാൽ വി.കെ.എൻ ഇങ്ങനെ പറയുന്നുണ്ട്. “പാണിനി ഒപ്പിച്ച സൂത്രം നാം ഭക്ത്യാദരപൂർവം പിന്തുടരുന്നു. മാനസ്സികമായ അടിമത്തം. സൂത്രം മറികടന്നാൽ ഭാഷയുണ്ടാവില്ലേ? യഥേഷ്ടം. വ്യാകരണം തെറ്റിച്ചാലാണ് ഭാഷായോഷ ചന്തക്കാരിയാവുക. ഗജവിരാജിതമന്ദഗതിയായില്ലെങ്കിലും ഒരാനച്ചന്തമൊക്കെയുണ്ടാവും.” സൂത്രങ്ങളല്ല ഭാഷയെ നിർണയിക്കുന്നത് എന്നും, മാറ്റം എന്നത് ഭാഷയുടെ അടിസ്ഥാനസ്വഭാവമാണെന്നും പറഞ്ഞു തരേണ്ടവർ തന്നെ മാറ്റത്തെ പ്രതിരോധിക്കാൻ മുന്നിൽ നില്ക്കുന്നു എന്നതാണ് നമ്മുടെ പ്രശ്നം.  

ഈ വിവാദത്തെക്കുറിച്ച്  സമൂഹമാധ്യമങ്ങളിൽ നടന്ന ചർച്ചകളിൽ ഉയർന്ന ചില ചോദ്യങ്ങൾ കൂടെ പരിശോധിക്കാം:

എങ്ങനെയും എഴുതാം എന്ന നിലപാട് അനുവദനീയമാണോ? അത് അനുവദനീയമല്ല എന്നതിൽ യാതൊരു സംശയവുമില്ല. അക്ഷരത്തെറ്റുകളെ നാം എങ്ങനെ സമീപിക്കുന്നു എന്നതാണ് കാര്യം. കോളേജിൽ മലയാളം പഠിപ്പിക്കുന്ന ഒരു അധ്യാപകന്റെ  എഴുത്തിൽ നിറയെ അക്ഷരത്തെറ്റുകൾ കണ്ടാൽ ഇയാൾക്ക് എഴുത്തും വായനയുമില്ലേ എന്ന് ആരും സംശയിച്ചുപോകുന്നത് സ്വാഭാവികം മാത്രമാണ്. അതേസമയം അക്ഷരത്തെറ്റുകളാണ് ഭാഷനൈപുണിയുടെ ആത്യന്തിക സൂചകം എന്ന ധാരണയും വികലമാണ്. ആലേഖന നൈപുണികളുടെ വിലയിരുത്തലിൽ ആശയപരവും ഘടനാപരവുമായ കാര്യങ്ങൾക്കു താഴെ ഏറ്റവും അവസാനം പരിഗണിക്കുന്ന ധാരണകളുടെയും നൈപുണികളുടെയും കൂട്ടത്തിലുള്ളതാണ് സ്പെല്ലിങ്, ചിഹ്നനം എന്നിവ. നമ്മുടെ പ്രശ്നം ഇവയെ മാത്രം ഭാഷാനൈപുണികളായി ഉയർത്തിക്കാട്ടുകയും മൂല്യവത്തായ മറ്റു നൈപുണികളെ കണക്കിലെടുക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ്. 

അക്ഷരമാല പഠിപ്പിച്ചില്ലെങ്കിൽ സുഖം എന്നത് സുഗം എന്നോ സുഘം എന്നോ ഒക്കെ എഴുതുകയില്ലേ? അക്ഷരമാല പഠിപ്പിക്കുന്നതുമായി ഇത്തരം തെറ്റുകൾക്ക് യാതൊരു ബന്ധവുമില്ല എന്നത് ഒരു കാര്യം. സുഖം എന്നത് സുഗം എന്നെഴുതിയാൽ ആകാശം ഇടിഞ്ഞുപോകും എന്നു കരുതുന്നവർ മലയാളത്തിലെ ‘ന’ എന്ന അക്ഷരത്തിലേക്കു നോക്കിയാൽ മതി. ദന്ത്യമായ ഉച്ചരണമുള്ള ഒരു സ്വനിമവും, വർത്സ്യമായ ഉച്ചാരണമുള്ള മറ്റൊരു സ്വനിമവും സൂചിപ്പിക്കാൻ ഈ ഒരു അക്ഷരമേയുള്ളൂ മലയാളിക്ക്. എന്തെങ്കിലും കുഴപ്പം സംഭവിക്കുന്നുണ്ടോ നമ്മുടെ ഉച്ചാരണത്തിൽ? നനഞ്ഞു എന്ന വാക്കിലെ രണ്ടു നകാരങ്ങളും ആരെങ്കിലും ഒരുപോലെ ഉച്ചരിക്കുന്നതു കേട്ടിട്ടുണ്ടോ? നേരെ തിരിച്ചുള്ള പ്രശ്നമാണ് അക്ഷരത്തെറ്റുകളിൽ കാണുന്നത്. ഏകദേശം ഒരുപോലെ ഉച്ചരിക്കുന്ന വാക്കുകൾക്ക് വ്യത്യസ്ത അക്ഷരങ്ങൾ ഉപയോഗിക്കുന്നു. വേഗം, നഖം, മേഘം എന്നീ വാക്കുകളിലെ രണ്ടാമത്തെ അക്ഷരങ്ങൾ കൃത്യമായി ഉച്ചരിക്കാൻ മലയാളിക്കു കഴിയുകയില്ല. അതുകൊണ്ടാണ് ഇത്തരം വാക്കുകൾ എഴുതുമ്പോൾ ഏത് അക്ഷരം എഴുതണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നത്. സമൂഹമാധ്യമങ്ങളിൽ ഇത്തരം വാക്കുകൾ എഴുതുമ്പോൾ ഒരുപാടുപേർ തെറ്റുകൾ വരുത്തുന്നുണ്ട്. മൊബൈൽ ഫോണുകളിൽ സ്പെൽ ചെക്കറുകൾ വ്യാപകമാകുന്നതോടെ തീരാവുന്ന ഒരു പ്രശ്നം മാത്രമാണിത്.  

സംസ്കൃതവുമായി ജൈവികമായ ബന്ധമുള്ള ഭാഷയാണ് മലയാളം. സംസ്കൃത ശബ്ദങ്ങൾ ശരിയായി ഉച്ചരിക്കുന്നതിനും എഴുതുന്നതും നാം പ്രാധാന്യം നൽകേണ്ടതല്ലേ? ഇംഗ്ലീഷിലേക്ക് കടന്നുവന്ന ലത്തീൻ അല്ലെങ്കിൽ ഗ്രീക്ക് പദങ്ങളെ മൂലഭാഷയുടെ നിയമങ്ങൾ അനുസരിച്ച് ഉപയോഗിക്കണം എന്നു ശഠിച്ചാൽ എന്തു സംഭവിക്കും എന്ന് ആലോചിച്ചാൽ മതി. ദ്രാവിഡത്തിലെ പഴം എന്ന വാക്കാണ് സംസ്കൃതത്തിലെ ഫലം ആയിത്തീർന്നത് എന്നാണ് സുസമ്മതമായ ഒരു അഭിപ്രായം. അപ്പോൾ ആ സംസ്കൃത പദം ദ്രാവിഡത്തിലെപോലെ ഉച്ചരിക്കേണ്ടതുണ്ടോ? ഏതു ഭാഷയും മറ്റൊരു ഭാഷയിൽ നിന്ന് കടംകൊണ്ട പദങ്ങളെ അടിച്ചുപരത്തുകയോ വലിച്ചുനീട്ടുകയോ വെട്ടിച്ചുരുക്കയോ ഒക്കെ ചെയ്യും. അതായത് കടംകൊണ്ട പദത്തിന്റെ ഉച്ചാരണവും അർഥവും വ്യാകരണ നിയമങ്ങളും ഒക്കെ തങ്ങൾക്കിണങ്ങുന്നവിധം പരിഷ്കരിക്കും. അങ്ങനെ മാത്രമേ ആ പദം കടമെടുത്ത ഭാഷയുടെ പദമായിത്തീരുകയുള്ളൂ. അത്തരമൊരു പ്രക്രിയയ്ക്ക് തടസ്സം നിന്ന നിർദേശക വ്യാകരണങ്ങൾ ഇന്ന് വായിച്ചാൽ വലിയ തമാശയായി മാത്രം അനുഭവപ്പെടും. അപൂർവം എന്നാൽ rare എന്ന അർഥത്തിൽ പ്രയോഗിക്കരുത്; precedence ഇല്ലാത്തത് എന്നു മാത്രമാണ് അതിനർഥം എന്നൊക്കെ പറഞ്ഞാൽ ഇന്ന് നാം ചിരിക്കും. ആ മുറിയിൽ കുറേ കസേരകൾ ക്രമവത്കരിച്ചിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ ഇയാൾക്കെന്താ തലയ്ക്ക് സുഖമില്ലേ എന്നു മാത്രമേ നാം കരുതൂ. ഒരു പദം സംസ്കൃതമാണോ ദ്രാവിഡമാണോ എന്നത് ചരിത്രപരമായ സാംഗത്യം മാത്രമുള്ള കാര്യമാണ്. മലയാളി ഉപയോഗിക്കുന്ന എല്ലാ പദവും മലയാളമാണ്. അത് മലയാളത്തിന്റെ ഉച്ചാരണത്തിനും എഴുത്തുരീതിക്കും അർഥസങ്കല്പത്തിനും അനുസരിച്ചുതന്നെ പ്രയോഗിക്കണം. സംസ്കൃതത്തിന് അവിടെ കാര്യമൊന്നുമില്ല.

അടിത്തറ ഉറപ്പിച്ചിട്ടുമാത്രം കൂടുതൽ സങ്കീർണമായ കാര്യങ്ങളിലേക്കു പോവുക എന്നത് തികച്ചും ശാസ്ത്രീയമായ സമീപനമല്ലേ? ആരും അനായാസം അംഗീകരിക്കുന്ന ഒരു ആശയമാണിത്. ആലോചിച്ചാൽ സംഗതി ശരിയാണെന്നു തോന്നും. സപ്തസ്വരങ്ങൾ പഠിക്കാതെ രാഗാലാപനം പഠിക്കാമോ, എണ്ണാൻ പഠിക്കാതെ ഗണിതക്രിയകൾ പഠിക്കാമോ എന്നൊക്കെയുള്ള സാമ്യകല്പനകൾ കൂടിയായാൽ പിന്നെ ആരും എതിർക്കുകയില്ല. എന്നാൽ ഭാഷാപഠനത്തെ സംബന്ധിച്ച് ഇത് അത്ര യുക്തിസഹമായ ഒരു വാദമല്ല. ഭാഷാനൈപുണികളുടെ അടിത്തറയും മേൽഘടനകളും കൃത്യമായി വേർതിരിക്കാൻ കഴിയുകയില്ല എന്നതാണ് വസ്തുത. ഭാഷാനൈപുണികളുടെ അടിത്തറ അക്ഷരമാല ആണെന്നത് യാതൊരു അടിത്തറയുമില്ലാത്ത ഒരു ധാരണയാണ്. സപ്തസ്വരങ്ങൾക്ക് സംഗീതത്തിലും, എണ്ണൽ ശേഷിക്ക് ഗണിതത്തിലും ഉള്ള പ്രാധാന്യമൊന്നും അക്ഷരമാലയ്ക്ക് ഭാഷാപഠനത്തിൽ ഇല്ല. ഉന്നതവിദ്യാഭ്യാസം നേടിയവരുടെ ഭാഷയിൽപ്പോലും വളരെ അടിസ്ഥാനപരമായ തെറ്റുകളോ പോരായ്മകളോ ഉണ്ടാകാം എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന പ്രശസ്തനായ ഒരു നിയമജ്ഞനോട് ഒരിക്കൽ കുറച്ചുനേരം സംസാരിക്കാനിടയായി. സംസാരത്തിനിടയിൽ ഞാൻ progenitor എന്ന വാക്ക് ഉപയോഗിച്ചപ്പോൾ അതിന്റെ അർഥം എന്താണ് എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ആ വാക്കിന്റെ അർഥം അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്ന് സത്യത്തിൽ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നെ ആലോചിച്ചപ്പോൾ എനിക്കു മനസ്സിലായി സാധാരണ എല്ലാവർക്കുമറിയാവുന്ന ചില വാക്കുകളുടെയെങ്കിലും അർഥം എനിക്കറിഞ്ഞുകൂടാ എന്ന്. എല്ലാവർക്കും ഇത്തരത്തിലുള്ള സ്പെല്ലിങ് തെറ്റുകൾ, അർഥത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ, വ്യാകരണ നിയമം അറിയായ്ക എന്നിവ ഉണ്ടായിരിക്കും. നൂറു ശതമാനം ശരി എന്നത് ആരുടെ ഭാഷയിലും ഇല്ല.  വ്യക്തികൾ തമ്മിലുള്ള വ്യത്യാസം എന്നതു കണക്കിലെടുക്കാതെയാണ് നാം അടിത്തറയെക്കുറിച്ചൊക്കെ സംസാരിക്കുന്നത്. വിദ്യാർഥികളുടെ പഠനശൈലികൾ, പക്വത ആർജിക്കലിനുള്ള സമയവും രീതിയും, ഇവയൊക്കെ വ്യത്യസ്തങ്ങളാണ്. ഒരേ അക്ഷരത്തെറ്റ് പല വിദ്യാർഥികൾ വരുത്തുമ്പോൾ അതിന്റെ കാരണങ്ങളും വ്യത്യസ്തമാകാം. ഒരു കുട്ടിക്ക് ഉച്ചാരണവും അക്ഷരരൂപവും തമ്മിൽ പൊരുത്തപ്പെടുത്താൻ കഴിയാത്തതായിരിക്കാം പ്രശ്നമെങ്കിൽ മറ്റൊരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം നാട്ടുമൊഴിയുടെ സ്വാധീനമായിരിക്കാം പ്രശ്നം. ഇത്തരം കാര്യങ്ങളൊക്കെ കണക്കിലെടുക്കാത്തതുകൊണ്ടു തന്നെ അടിത്തറ ഉറപ്പിച്ചിട്ട് മുകളിലോട്ട് എന്ന സിദ്ധാന്തം ദുർബലമാണ്. വിവിധ ഭാഷാനൈപുണികൾ ആർജിക്കുന്നതിൽ എല്ലാ വിദ്യാർഥികളും ഒരുപോലെയല്ല എന്നത് നാം തിരിച്ചറിയുകയാണ് വേണ്ടത്. 

എന്നെ സംബന്ധിച്ചിടത്തോളം അക്ഷരമാലയ്ക്കു വേണ്ടിയുള്ള ഈ സമരത്തിൽ അപകടകരമായ ഒരു സന്ദേശം അടങ്ങിയിരിക്കുന്നു. മലയാളഭാഷ നേരിടുന്ന യഥാർഥ ഭീഷണികൾ തിരിച്ചറിയാനും പ്രതികരിക്കാനും നമ്മുടെ ബുദ്ധിജീവികൾക്ക് തീരെ താല്പര്യമില്ല എന്നതാണത്. മലയാള ഭാഷാ സാഹിത്യ പഠനത്തിന്റെ നിലവാരത്തെക്കുറിച്ച് ഇവരാരെങ്കിലും പ്രതികരിക്കുമോ? മലയാളത്തിലെ ഭാഷാനൈപുണികളെ വസ്തുനിഷ്ഠമായി വിലയിരുത്താൻ കഴിയുന്ന ചോദ്യങ്ങൾ ഉണ്ടാക്കാൻ പോലും നമുക്ക് കഴിഞ്ഞിട്ടില്ല. ഭാഷാനൈപുണി വിലയിരുത്താൻ പി.എസ്.സി പോലും ഇന്നും ആശ്രയിക്കുന്നത് ‘നിഘണ്ടു' ആണോ ശരി ‘നിഖണ്ഡു' ആണോ ശരി എന്ന മാതൃകയിലുള്ള ചോദ്യങ്ങളാണ്. അൻപതു വർഷം മുൻപ് ഉപയോഗിച്ചിരുന്ന അതേ ചോദ്യമാതൃകകളാണ് സർവകലാശാലകളിലും കോളേജുകളിലും സാഹിത്യവിഷയങ്ങളിൽ ഉപയോഗിക്കുന്നത്. മലയാളത്തിലെ ഡോക്ടറൽ പ്രബന്ധങ്ങളുടെ നിലവാരമാണെങ്കിൽ പറയാതിരിക്കുന്നതാണ് ഭേദം. ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും യാതൊന്നും പറയാതെ അക്ഷരത്തെറ്റുകൾ ഭാഷയെ നശിപ്പിക്കുന്നു എന്നൊക്കെ പറയുമ്പോൾ ആ പറച്ചിൽ തന്നെ വലിയൊരു പ്രശ്നമാണ്. അക്ഷരമാല ഭാഷാശേഷികളുടെ അടിസ്ഥാനമാണ് എന്നത് വളരെ എളുപ്പം വിറ്റുപോകാവുന്ന ഒരു ആശയം മാത്രമാണ്. എത്ര ലാഘവത്തോടെയാണ് ഈ പ്രശ്നത്തെ നമ്മുടെ ഭാഷാ പണ്ഡിതന്മാർ സമീപിക്കുന്നത് എന്നത് വലിയ നിരാശ ഉണ്ടാക്കുന്നു.  ലോകമെമ്പാടും അധ്യാപകരും പണ്ഡിതന്മാരും ഗവേഷകരും വലിയ വലിയ കാര്യങ്ങൾ ചെയ്യാനും വിദ്യാർഥികളെകൊണ്ട് ചെയ്യിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കാലയളവിൽ നാം വളരെ നിസ്സാരമായ ചില കാര്യങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നില്ല.  പൊതുജനം പെട്ടെന്നുതന്നെ ഏറ്റെടുക്കും എന്നുറപ്പുള്ള പോപ്പുലിസ്റ്റ് മുദ്രാവാക്യങ്ങൾക്കു പുറകേ പോകുന്നതിനു മുമ്പ് സ്കൂളിൽ ചെന്ന്,  പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾ എഴുതിയ പുസ്തകങ്ങൾ എടുത്ത് പരിശോധിക്കുകയായിരുന്നു ഭാഷാപണ്ഡിതന്മാർ ചെയ്യേണ്ടിയിരുന്നത്.  അതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അവർ പ്രതികരിക്കേണ്ടിയിരുന്നത്.നല്ല മലയാളം എന്നാൽ അക്ഷരത്തെറ്റില്ലാത്ത മലയാളം എന്ന യാന്ത്രികമായ ഒരു ചിന്ത ഇന്നും കേരളത്തിൽ നിലനിൽക്കുന്നു. സർവകലാശാലാ വിദ്യാർഥികളുടെയും ഗവേഷകരുടെയും മുന്നിൽ വന്ന് ആശയങ്ങളെയോ പ്രബന്ധങ്ങളിൽ അവയ്ക്കു നൽകേണ്ട ക്രമത്തെയോ പൊരുത്തത്തെയോ  പരസ്പരബന്ധങ്ങളെയോ, ആശയങ്ങൾ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ഭാഷയെയോ കുറിച്ച് സംസാരിക്കാതെ ‘അതെ’ ആണോ ‘അതേ’ ആണോ ശരി എന്നു പ്രസംഗിക്കുന്നത് ബൗദ്ധികമായ അശ്ലീലമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. അക്ഷരത്തെറ്റില്ലാതെ എഴുതുക എന്നതിനപ്പുറത്ത് ലേഖനങ്ങളുടെ ഭാഷയും പദാവലിയും അവതരണവും ആശയക്രമീകരണവും- അതായത് ഒരു ലിഖിത പാഠത്തിന്റെ സുപ്രധാന വശങ്ങൾ- ചർച്ച ചെയ്യുന്ന ഒരു പുസ്തകം പോലും മലയാളത്തിലില്ല. അക്കാദമിക് ലേഖനരചന എന്നത് ലോകമെമ്പാടും ഉന്നതവിദ്യാഭ്യാസ തലത്തിലെ ഒരു പ്രധാനവിഷയമായിരിക്കുമ്പോൾ ഇവിടെ ‘പ്രവൃത്തി’ ആണോ ശരി ‘പ്രവർത്തി' ആണോ ശരി എന്നതിനപ്പുറുത്ത് നമ്മുടെ വിദ്യാർഥികളോട് ഒരു ഭാഷാപണ്ഡിതനും ഒന്നും പറയാനില്ല.നമ്മുടെ പ്രമുഖരായ ഭാഷാപണ്ഡിതന്മാർക്ക് ആശയങ്ങളെക്കുറിച്ചല്ല  അക്ഷരത്തെറ്റുകളെക്കുറിച്ചാണ് സംസാരിക്കാനുള്ളത് എന്നത് ഒരേ സമയം ഒരു തമാശയും അപകട സൂചനയുമാണ്. ചിന്തയോ സർഗാത്മകതയോ മൗലികതയോ കൊണ്ട് അടയാളപ്പെടുത്തപ്പെടരുത് എന്ന വാശിയാണ് നമ്മെ നയിക്കുന്നത്. അക്ഷരമാല തിരിച്ചുകൊണ്ടുവരാൻ ഒരു പത്രം ക്യാംപെയിൻ നടത്തുന്നു എന്നും നമ്മുടെ പ്രമുഖരായ ഭാഷാപണ്ഡിതന്മാർ അതിൽ അണി ചേരുകയും ചെയ്യുന്നു എന്നതിനർഥം നമുക്കിന്നും നല്ല മലയാളം എന്നാൽ പന്മന രാമചന്ദ്രൻ നായർ എഴുതിയ മലയാളം ആണ് എന്നത്രേ. നല്ല മലയാളം എഴുതാൻ ആഗ്രഹിക്കുന്നവർ വായിക്കേണ്ടത് പന്മന രാമചന്ദ്രൻ നായരെയല്ല; ബഷീറിനെയാണ്. തെറ്റില്ലാതെ മലയാളം എഴുതുന്നതിനെക്കുറിച്ച് മാരാര് എഴുതിയിട്ടുള്ളത് ഒന്നും വായിച്ചിട്ടില്ലെങ്കിലും തരക്കേടില്ല എന്നു മാത്രമല്ല, വായിക്കാതിരിക്കുന്നതാണ് നല്ലത്. മാരാരുടെ ഗദ്യം വായിക്കുകയും വേണം. പന്മനയിൽ നിന്ന് വൈക്കം മുഹമ്മദ് ബഷീറിലേക്കുള്ള ദൂരം വളരെ വലുതാണ്; അക്ഷരത്തെറ്റുകളുടെ ചതുപ്പിലല്ല ആശയങ്ങളുടെ വെളിച്ചത്തിലാണ് നമ്മുടെ കുട്ടികൾ വളരേണ്ടത് എന്ന തീരുമാനമെടുക്കാത്തിടത്തോളം കാലം ആ ദൂരം താണ്ടാൻ നമുക്ക് പ്രാപ്തിയുണ്ടാവുകയില്ല.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 3

  • കെ.എ.മുരളീധരൻ

    03/Dec/2021 [05:20-pm]

    അക്ഷരമാലയും വ്യാകരണവും ഉപേക്ഷിക്കണമെന്ന് ഭാഷാവിദഗ്ദ്ധർക്ക് പറയാം. പക്ഷേ പുതുതലമുറ അതുൾക്കൊണ്ട് ഭാഷ പഠിക്കട്ടെ.വളയമില്ലാതെ ചാടാൻ അവരെ ആദ്യമേ പരിശീലിപ്പിക്കരുത്. പഞ്ചതന്ത്ര കഥകളും ഐതിഹ്യമാലയുമൊക്കെ വായിച്ച് ഹൃദിസ്ഥമാക്കാനുള്ള ഭാഷാ പരിജ്ഞാനം അവർ നേടട്ടെ. കുഴപ്പം പിടിച്ചതാണ് മലയാള ഭാഷാ പഠനമെന്ന് എന്തിനാണ് ഒരു ധാരണയുണ്ടാക്കുന്നത്? ക്ഷമിക്കുക. കുട്ടികൾ മലയാളം പഠിക്കട്ടെ. പന്മനയെയും മാരാരെയുമൊക്കെ അവർ വഴിയേ അറിഞ്ഞു കൊളളും

  • K Rajan

    03/Dec/2021 [04:17-pm]

    ഉന്നയിക്കപ്പെട്ട പ്രശ്നവും അതിൻ്റെ സ്പിരിറ്റും കാണാതെ മറ്റെന്തൊക്കെയോ വിഷയങ്ങൾ വലിച്ചിഴച്ചു കൊണ്ടുവന്ന് ചർച്ചകളെ വഴി തിരിച്ചുവിടുകയോ അല്ലെങ്കിൽ ആരെയൊക്കെയോ പ്രീതിപ്പെടുത്താനുള്ള ശ്രമ മോ ഈ കുറിപ്പിൽ നിന്നും വായിക്കാൻ കഴിയും. നമ്മുടെ മഹാ പണ്ഡിതന്മാരുടെ ബൗദ്ധിക സത്യസന്ധത തന്നെ ചോദ്യം .ചെയ്യപ്പെടുന്ന സന്ദർഭങ്ങളാണിതൊക്കെ. സാധാരണ മനുഷ്യർക്കു എളുപ്പം മനസ്സിലാവുന്ന കാര്യങ്ങൾ മഹാ പണ്ഡിതർക്കു മനസ്സിലാവാത്ത വിചിത്രമായ കാലമാ ണിത് ! സ്കൂളിൽ അക്ഷരം പഠിപ്പിക്കണോ വേണ്ടയോ, വേണമെങ്കിൽ അതിൻ്റെ രീതിശാസ്ത്രം എന്തായിരിക്കണം, മസ്തിഷ്ക്കം എങ്ങനെയാണ് വായിക്കുന്നത്, ഇന്നത്തെ ഭാഷാ പ0നം വായനയിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ടോ, ഉണ്ടെകിൽ അതെന്തുകൊണ്ട്, അപ്പോൾ പിന്നെ ഭാഷാ പOനം എങ്ങനെയായിരിക്കണം ഇതൊക്കെയാണ് യഥാർത്ഥ പ്രശ്നങ്ങൾ. അത്തരം പ്രശ്നങ്ങളിലുള്ള താങ്കളുടെ പ്രഖ്യാപിത നിലപാടുകൾ ക്ലാസ്സ് റൂം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്തതും സൈദ്ധാന്തികമായി നില നിൽക്കാത്തതുമാണ്. വിഷയത്തിൽ താങ്കൾ ഒരു സംവാദത്തിനു തയ്യാറാവണമെന്നഭ്യർത്ഥിക്കുന്നു.