സിറ്റ്കോമുകൾ; ആമുഖം ഇംഗ്ലീഷിൽ സാഹചര്യം എന്നർത്ഥം...
കുട്ടികളുടെയും, സ്ത്രീകളുടെയും ഇടയിൽ കണ്ടുവരുന്ന പോഷകാഹാരക്കുറവ് സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു എന്നത് ഒരു അശുഭസൂചനയാണ്. രണ്ടു വയസ്സിൽ താഴെയുള്ള നാലിൽ ഒരു കുട്ടിയ്ക്ക് മാത്രമേ സമീകൃത ആഹാരം ലഭിക്കുന്നു എന്നുള്ള കണക്കുകൾ സമഗ്രമായ പുനർവിചിന്തനത്തിന് സമയമായി എന്ന് വിളിച്ചു പറയുന്നു. ജില്ലാതല കണക്കുകൾ പോഷകാഹാര സൂചികകളിലെ പിന്നോക്കാവസ്ഥയുടെ ചിത്രമാണ് കാണിക്കുന്നത്
മാതൃ-ശിശുക്ഷേമ രംഗത്തെ വികാസം അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ പരിപാലനത്തിന്റെപ്രത്യക്ഷ പ്രതീകമാണ്. അതിലുപരി ഒരു ദേശത്തെ പൊതുജനാരോഗ്യ മേഖലയുടെ തന്നെ മേന്മ നിർവചിക്കുന്ന ദിശാ സൂചകമായാണ് ആരോഗ്യ വിദഗ്‌ധർ ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ 27 വർഷത്തിനുള്ളിൽ രാജ്യത്ത് പൂർണമായി നടത്തപ്പെട്ട അഞ്ച് ദേശീയ കുടുംബാരോഗ്യ സർവ്വേകൾ പൊതുജനാരോഗ്യ രംഗത്താകെയും, മാതൃ-ശിശുക്ഷേമ രംഗത്ത് സവിശേഷമായും ഉണ്ടായ ചലനങ്ങൾ ചിട്ടയായി രേഖപ്പെടുത്തിയിട്ടുള്ളവയാണ്. മാതൃ-ശിശുക്ഷേമ രംഗത്ത് കേരളം കൈവരിച്ച മികവ് ദശാബ്ദങ്ങൾക്കു മുമ്പേ അന്താരാഷ്ട്രതലത്തിൽ ചർച്ചയായതും അംഗീകരിക്കപ്പെട്ടതുമാണ്. എന്നാൽ,ഒടുവിലായി പ്രസിദ്ധപ്പെടുത്തിയ അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ (2019-20) കണ്ടെത്തലുകൾ മാതൃ-ശിശുക്ഷേമ സൂചികകളിൽ ചിലതിലെങ്കിലും സംസ്ഥാനം കിതയ്ക്കുന്നതായുള്ള സൂചന നൽകുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളി നേരിടാനായി ആരോഗ്യരംഗ൦ പൂർണമായും സുസജ്ജമായ ഈ സാഹചര്യത്തിൽ, മാതൃ-ശിശുക്ഷേമ രംഗത്തുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും ആരോഗ്യ മേഖലയിൽ സംസ്ഥാനത്തിന്റെനേട്ടങ്ങളെ പിന്നോട്ടടിക്കാൻ ഹേതുവായേക്കാം. പുതിയ കണക്കുകൂട്ടലുകളുടെ വെളിച്ചത്തിൽ മാതൃ-ശിശുക്ഷേമ രംഗത്ത് സംസ്ഥാനം ഭാവിയിൽ അഭിമുഖീകരിക്കാൻ സാധ്യതയുള്ള വെല്ലുവിളികൾ അനാവരണം ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
മാതൃ-ശിശുക്ഷേമ രംഗത്തെ പുരോഗതി ഒരു രാജ്യത്തിൻ്റെ പൊതു ജനാരോഗ്യ അടിത്തറ സുദൃഢമാക്കുന്നതിൽ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട സൂചികകളിലുള്ള മികവ് വികസനത്തിൻ്റെയും ലിംഗ സമത്വത്തിൻ്റെയും ദാരിദ്ര്യ നിർമാർജ്ജനത്തിൻ്റെയും പരോക്ഷ സങ്കേതമായും പൊതുജനാരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാണിക്കാറുണ്ട്. അമ്മമാരുടെയും, നവജാത ശിശുക്കളുടെയും, കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുന്നത് ഭാവിതലമുറയുടെ ആരോഗ്യ പ്രശ്ങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള ഒരു ചുവടുവയ്പ്പു കൂടിയാണ്. മാതൃ-ശിശുക്ഷേമ രംഗത്ത് രാജ്യത്ത് നിലനിൽക്കുന്ന സങ്കീർണതകളുടെ നിജസ്ഥിതി വെളിപ്പെടുത്താനും സമയബന്ധിതമായി സൂചികകൾ പ്രദാനം ചെയ്യാനും 1992-93 കാലഘട്ടം മുതൽ ആരംഭിച്ച് വ്യത്യസ്ത റൗണ്ടുകളിൽ നടത്തിവരുന്ന ദേശീയ കുടുംബാരോഗ്യ സർവ്വേകൾക്ക് കഴിഞ്ഞു എന്ന് സംശയലേശമന്യേ കാണാൻ സാധിക്കും. ഈ ഡാറ്റയുടെ അടിസ്ഥാനത്തിൽ പില്ക്കാലത്ത് നടന്നതും, നിലവിൽ നടന്നുകൊണ്ടിരിക്കുന്നതുമായ നിരവധി പഠനങ്ങൾ ഈ അവകാശ വാദത്തിന് ഊർജം പകരുന്നവയാണ്.
ഈ ശ്രേണിയിലുള്ള അഞ്ചാമത്തെ സർവ്വേയുടെ (2019-20) സംസ്ഥാന തലത്തിലുള്ള ഫലങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. മുകളിൽ സൂചിപ്പിച്ചത് പോലെ, രാജ്യത്തെ വ്യത്യസ്ത ജനസംഖ്യാ സൂചികകൾക്ക് ഉപരിയായി മാതൃ-ശിശുക്ഷേമ രംഗത്തിന്റെസമ്പൂർണ രൂപരേഖ കൂടി ഈ സർവേയിലൂടെ നമുക്ക് ലഭ്യമാണ്. മുമ്പുള്ള സർവ്വേകളുമായി, പ്രത്യേകിച്ച് നാലാം റൗണ്ട് സർവ്വേ ( 2015-16), ഉള്ള താരതമ്യ പഠനം വ്യത്യസ്ത സൂചികകളിൽ സംസ്ഥാനത്തിന്റെ കുതിപ്പിന്റെയോ, കിതപ്പിന്റെയോ അനുമാനനിർണയം സാധ്യമാക്കുന്നതാണ്.
സ്പഷ്ടമായ പ്രവർത്തന വിലയിരുത്തലിനായി സൂചികകളെ മാതൃ-പരിചരണ സൂചികകൾ (Maternal care indicators) എന്നും പ്രസവ-പരിചരണ സൂചികകൾ (Delivery care indicators) എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു (പട്ടിക 1). പൊതുവിൽ, ഈ സൂചികകൾ മാതാവിന്റെഗർഭ-പ്രസവകാലത്ത് ലഭിച്ച ശ്രദ്ധയുടെയും പരിചരണത്തിൻ്റെയും ആകെത്തുകയാണ്. ആദ്യ മൂന്ന് മാസത്തിനുള്ളിൽ ഗർഭധാരണ പരിശോധന നടത്തിയ സ്ത്രീകളുടെ (Pregnancy test) ശതമാനത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നേരിയ കുറവ് (95.1 ശതമാനത്തിൽ നിന്ന് 93.6 ശതമാനം) മാത്രമാണ് രേഖപ്പെടുത്തിയത്. അതേസമയം, ഗർഭാവസ്ഥയിൽ പരിശോധനയ്ക്കായി സ്ത്രീകൾ ആശുപത്രിയിലേക്ക് നടത്തിയ സന്ദർശനങ്ങളിൽ ഏകദേശം 12 ശതമാനം പോയിൻസിന്റെ കുറവ് ഉണ്ടായതായി സർവ്വേ ഫലങ്ങൾ സൂചന നൽകുന്നു. പ്രളയം സൃഷ്ടിച്ച പ്രതിസന്ധികളും, പ്രളയഭീതിയിൽ കുടുംബങ്ങൾ താല്കാലികമായി മാറിതാമസിച്ചതും കുടുംബങ്ങളിലെ സാമ്പത്തിക ഞെരുക്കവും ഗർഭാവസ്ഥയിലെ പരിശോധനയിൽ വന്ന കുറവിന് നിദാനമായേക്കാം. സർവ്വേ നടന്നത് പ്രകൃതിദുരന്ത സമയത്തായിരുന്നു എന്നത് ഈ വാദത്തിന് ഉപോൽബലകമായ വസ്തുതയാണ്. എന്നാൽ, ഗർഭിണിയായിരിക്കുമ്പോൾ ഫോളിക് ആസിഡ് ഗുളിക കഴിച്ച സ്ത്രീകളുടെ എണ്ണം സംസ്ഥാനതലത്തിൽ 50 ശതമാനത്തിന് മുകളിലേക്ക് ഉയർത്താൻ കഴിഞ്ഞത് (47.4 ശതമാനത്തിൽ നിന്ന് 67 ശതമാനത്തിലേക്ക്) ഈ മേഖലയിൽ നേടിയ പുരോഗതിയുടെ ലക്ഷണമാണ്. ഗർഭിണികളിൽ ഫോളിക് ആസിഡ് ഗുളികകളുടെ ഉപയോഗം നവജാത ശിശുക്കളിലെ ജനന വൈകല്യങ്ങൾ ദൂരീകരിക്കുവാനും, തലച്ചോറിന്റെയും, നട്ടെല്ലുകളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം.
പ്രസവ പരിചരണ സൂചികകൾക്ക് അനുസൃതമായി, മാതൃ പരിചരണ സൂചികകളിൽ ചിലതിനെങ്കിലും സമാനമായ പരിവർത്തനങ്ങൾ സംഭവിച്ചു എന്ന് പട്ടികയിൽ നിന്ന് മനസിലാക്കാം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി തുലനം ചെയ്യുമ്പോൾ കേരളത്തിൽ ഭൂരിഭാഗം പ്രസവങ്ങളും ആരോഗ്യ കേന്ദ്രങ്ങളിൽ വച്ചു തന്നെയാണ് നടക്കുന്നത്.ആരോഗ്യ രംഗത്തെ സേവനങ്ങളും സൗകര്യങ്ങളും ഒരു പരിധി വരെ ജനങ്ങളുടെ കൈയെത്തും ദൂരത്ത് ലഭ്യമാകുന്നു എന്നതിന്റെ സുവ്യക്തമായ തെളിവാണ് ഇത്. എങ്കിലും പ്രസവ ആവശ്യത്തിനായി പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ നിരക്ക് കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനുള്ളിൽ 38.3 ശതമാനത്തിൽ നിന്ന് 34.1 ശതമാനമായി കുറഞ്ഞു. സ്വകാര്യ മേഖലയുടെ പങ്ക് ഈ കാലഘട്ടത്തിൽ 61.5 ശതമാനത്തിൽ നിന്ന് 65.7 ശതമാനമായി വളരാൻ ഇത് കാരണമായി. പ്രസവ ആവശ്യത്തിനായി പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നതിൽ ജില്ലാ തലത്തിലും വൻ അന്തരം ദൃശ്യമാണ്. എറണാകുളം (23.2 ശതമാനം), മലപ്പുറം (25.6 ശതമാനം), പാലക്കാട് (29.6 ശതമാനം), കാസർഗോഡ് (29.9 ശതമാനം), തൃശ്ശൂർ (30.8 ശതമാനം), കണ്ണൂർ (33.6 ശതമാനം) എന്നീ ജില്ലകളിലെ സ്ത്രീകൾ പ്രസവത്തിനായി പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് സംസ്ഥാന ശരാശരിക്ക് (34.1 ശതമാനം) താഴെയാണ്.
അതായത്, ഈ ജില്ലകളിൽ പ്രസവത്തിനായി സ്ത്രീകൾ കൂടുതലും സ്വകാര്യ ആശുപത്രികളിൽ വിശ്വാസമർപ്പിക്കുന്നുവെന്ന് ചുരുക്കം. എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ സ്വകാര്യ ആശുപ്രതികളുടെ ആധിക്യമാകാം കാരണം. മറിച്ച് കാസർഗോഡ്, പാലക്കാട് ജില്ലകളിൽ മതിയായ പൊതു ജനാരോഗ്യ സൗകര്യങ്ങളുടെ അഭാവം ഗർഭിണികളെ സ്വകാര്യ ആശുപത്രികളിലേക്ക് ആകർഷിക്കുന്ന ഘടകമാണ്. പൊതുജനാരോഗ്യ കേന്ദ്രങ്ങളും ആശുപത്രി സംവിധാനങ്ങളും നവീകരിക്കുന്നതിനും ഒപ്പം നൂതന ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്താനും ഭരണ സംവിധാനങ്ങൾ മുന്നോട്ടുവരുന്ന സാഹചര്യത്തിൽ ഇത്തരം ദിശാമാറ്റം ഒട്ടും ആശാസ്യമല്ല എന്നുവേണം കരുതാൻ. പ്രസവ ആവശ്യത്തിനായി സ്വകാര്യ മേഖലയെ കൂടുതലായി ആശ്രയിക്കുന്നത്, കുടുംബങ്ങൾ ചികിത്സയ്ക്കായി പോക്കറ്റിൽനിന്ന് കൂടുതൽ തുക (Out of pocket health expenditure) നീക്കിവയ്ക്കേണ്ടിവരുന്നുവെന്നതിന്റെസൂചനയാണ്. ഇത്തരം പ്രവണതകൾ ആരോഗ്യ രംഗത്തെ കൂടുതൽ മലീമസമാക്കാനും, സ്വകാര്യ മേഖലയുടെ കടന്നുകയറ്റത്തിനും അതുവഴി ചൂഷണത്തിലേക്ക് തള്ളിവിടാനും ഉള്ള സാധ്യത നിലനിൽക്കുന്നു.
സിസേറിയൻ മാർഗ്ഗത്തിലൂടെയുള്ള പ്രസവങ്ങൾ സംസ്ഥാനത്ത് വർദ്ധിക്കുന്ന പ്രതിഭാസത്തിന് കാലാകാലങ്ങളായി യാതൊരു വ്യതിചലനവും സംഭവിച്ചിട്ടില്ല എന്നുള്ള പരമാർത്ഥവും സർവ്വേ ഫലങ്ങൾ മുന്നോട്ടു വയ്ക്കുന്നു. ഈ രണ്ടു സർവ്വേ കാലയളവിലും സിസേറിയൻ പ്രസവങ്ങളിൽ ഏകദേശം 3 ശതമാന൦ പോയിന്റിന്റെ വർദ്ധനവ് (35.8 ശതമാനത്തിൽ നിന്നും 38.9 ശതമാനമാനത്തിലേക്ക്) രേഖപ്പെടുത്തിയതായി കാണുന്നു. ലാഭക്കൊതി മൂത്ത് സ്വകാര്യ ആശുപത്രികൾ സിസേറിയൻ പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം പണ്ടു മുതൽ തന്നെ നിലനിൽക്കുന്നു. നേരെ മറിച്ച്, പൊതു മേഖലയിലുള്ള ആതുരാലയങ്ങളും ഈ കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്ന് ഈ സ്ഥിതിവിവരക്കണക്കുകൾ പഠിപ്പിക്കുന്നു. ഉദാഹരണമായി, സ്വകാര്യ ആശുപത്രികളിലെ സിസേറിയൻ നിരക്കിൽ ഇക്കാലയളവിൽ 1.3 ശതമാന൦ പോയിന്റിന്റെ (38.6 ശതമാനത്തിൽ നിന്ന് 39.9 ശതമാനത്തിലേക്ക്) നാമമാത്രമായ വർദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാൽ ഗവൺമെന്റ് ആശുപത്രികളിൽ ഈ നിരക്കിലുള്ള വർദ്ധനവ് 5.8 ശതമാന൦ പോയിൻസിന്റെ വർദ്ധനവ് (31.4 ശതമാനത്തിൽ നിന്ന് 37.2 ശതമാനത്തിലേക്ക്) ദൃശ്യമാണ്. ചുരുക്കത്തിൽ, ഗവണ്മെന്റ് ആശുപത്രികളിൽ സിസേറിയൻ നിരക്ക് കഴിഞ്ഞ അഞ്ച് വർഷക്കാലത്തിൽ സ്വകാര്യമേഖലയെ അപേക്ഷിച്ച് ശതമാനക്കണക്കിൽ അഞ്ച് മടങ്ങിലധികം പോയിന്റ്‌സിന്റെ വർദ്ധനവുണ്ടായി. ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ കണ്ടെത്തലിന് സമാനമായ, ഉയർന്ന നിരക്കിലുള്ള സിസേറിയൻ പ്രസവങ്ങൾ സർക്കാർ ആശുപത്രികളിൽ നടക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെകോമൺ റിവ്യൂ മിഷൻ ടീം 2015 നവംബറിൽ സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. സിസേറിയൻ നിരക്കുകളിലും പ്രകടമായ അന്തർ-ജില്ലാ വ്യതിയാനം നിലനിൽക്കുന്നു.പ്രസ്തുത നിരക്കിന്റെസംസ്ഥാന ശരാശരിയായ 38.9 ശതമാനത്തേക്കാൾ കൂടിയ നിരക്കുള്ള 9 ജില്ലകൾ സംസ്ഥാനത്തുണ്ട്. ഇതിൽ തന്നെ, പത്തനംതിട്ട (57.6 ശതമാനം), എറണാകുളം (51.1 ശതമാനം) എന്നീ ജില്ലകളിൽ അകെ നടക്കുന്ന പ്രസവങ്ങളിൽ പകുതിയിലധികവും സിസേറിയൻ വിഭാഗത്തിൽ പെടുന്നവയാണെന്നുള്ളത്തിന്റെ കാര്യകാരണങ്ങൾ ഇഴകീറി പരിശോധിക്കേണ്ട സാഹചര്യം നിലനിൽക്കുന്നു.
സിസേറിയൻ പ്രസവങ്ങൾ മാതാവിന്റെയോ, കുട്ടിയുടെയോ (അല്ലെങ്കിൽ രണ്ടു പേരുടേയുമോ) ജീവന് അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മാത്രമേ നടത്താവൂ എന്നതാണ് ലോകാരോഗ്യ സംഘടന (WHO) യുടെ പ്രഖ്യാപിത നയം. ഇത് പ്രകാരം അകെ നടക്കുന്ന പ്രസവങ്ങളിൽ സിസേറിയൻ പ്രസവങ്ങൾ 15 ശതമാനത്തിൽ താഴെയായി നിജപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്ന സിസേറിയൻ പ്രസവങ്ങൾ ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിരിക്കുന്ന നിരക്കിനേക്കാൾ രണ്ടര മടങ്ങിലധികമാണ്. സാധാരണ പ്രസവങ്ങൾക്ക് 8 മുതൽ 16 മണിക്കൂർ വരെ കാത്തു നിൽക്കണമെന്ന യാഥാർത്ഥ്യത്തോട് അമ്മമാരും, ഭൂരിഭാഗം ഭിഷഗ്വരൻമാരും വിമുഖത കാണിക്കുന്നു. നമ്മുടെ രാജ്യത്ത് പൊതുവിലും, സംസ്ഥാനത്ത് പ്രത്യേകിച്ചും സിസേറിയൻ പ്രസവങ്ങൾ ഒരു ഫാഷൻ ആയി രൂപപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ. സിസേറിയൻ പ്രസവങ്ങളുടെ എണ്ണം നിജപ്പെടുത്തുന്നതിലുള്ള നിയമത്തിന്റെ അഭാവവും, പ്രസവ ചികിത്സാവിദഗ്‌ധരുടെ (Obstetrician) ദൗർലഭ്യവും, ആശുപത്രികളിലെ തിരക്കും ഇത്തരത്തിലുള്ള പ്രസവങ്ങളുടെ നിരക്ക് വർദ്ധനയ്ക്ക് കാരണമായേക്കാം. താരതമ്യേന വേദന കുറവാണെന്നുള്ള തിരിച്ചറിവും ഗർഭിണികളെ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്. വസ്തുതകൾ ഇങ്ങനെയാണെങ്കിലും സർക്കാർ സംവിധാനത്തിൽപ്പോലും, കുടുംബങ്ങൾ ഒരു നിശ്ചിത തുക ഇത്തരം ശസ്‌ത്രക്രിയക്ക് അധികമായി കണ്ടെത്തേണ്ടി വരുന്നുണ്ട് എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം.
ഗർഭ-പ്രസവാനന്തര ഇടവേള ദൈർഘ്യമേറിയത് അല്ലാത്തതിനാൽ കുടുംബ പശ്ചാത്തലത്തിൽ സമഗ്ര മാറ്റത്തിനുള്ള സാഹചര്യം ഈ കാലയളവിൽ നിലവിലില്ല. അതിനാൽ, സ്ത്രീകൾക്ക് ഗർഭ കാലത്ത് ലഭിക്കുന്ന പരിരക്ഷ, പ്രസവ ശേഷം മാതാവിനും ശിശുവിനും ലഭിക്കാൻ പോകുന്ന പരിചരണത്തിന്റെഒരു സൂചനയായി പലരും വിവക്ഷിക്കാറുണ്ട്. പ്രസവ ശേഷം നവജാത ശിശുവിന് ലഭിച്ച പരിചരണത്തിന്റെചില സൂചികകൾ ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് (പട്ടിക 2). കുട്ടികൾ ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടുന്ന അമ്മമാരുടെ ശതമാനത്തിൽ സംസ്ഥാനത്ത് നേരിയ വർദ്ധനവ് പ്രകടമാണ്. ഇപ്പോൾ മൂന്നിൽ രണ്ട് അമ്മമാർ മാത്രമേ (66.7 ശതമാനo) ഇത്തരത്തിൽ നവജാത ശിശുവിന് പ്രസവശേഷം മുലപ്പാൽ നല്കുന്നുള്ളു. ഈ നിരക്ക് ലോക ശരാശരിയായ 44 ശതമാനത്തേക്കാൾ മെച്ചമാണെങ്കിലും (2017) 70 ശതമാനത്തിന് മുകളിലേക്ക് ഉയർത്തുക ദുഷ്കരമല്ല എന്നതാണ് പല രാജ്യങ്ങളുടെയും അനുഭവം നൽകുന്ന പാഠം.
ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ നൽകുന്നത് കുട്ടികളുടെ അതിജീവനത്തെയും, ബുദ്ധി വളർച്ചയെയും സഹായിക്കുന്നതോടൊപ്പം മാരക രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി നേടിക്കൊടുക്കുന്നതായും പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇതിന്റെപ്രാധാന്യം ഉൾക്കൊണ്ടാണ് ലോകാരോഗ്യ സംഘടന നവജാത ശിശുക്കൾക്ക് ആദ്യത്തെ ആറുമാസം പൂർണമായും മുലപ്പാൽ മാത്രം നൽകണം എന്ന ആശയം മുന്നോട്ടു വച്ചിട്ടുള്ളത്. നവജാത ശിശുവിന്റെ ആരോഗ്യപരിപാലനം സാധ്യമാക്കുന്ന ആശയമാണെന്നതിൽ തർക്കമില്ലെങ്കിൽ പോലും സംസ്ഥാനത്ത് ഏകദേശം മൂന്നിൽ ഒന്ന് അമ്മമാരും ഈ ആശയപൂർത്തീകരണ പ്രക്രിയയിൽ പങ്കാളികളാകുന്നില്ല എന്നത് ആശങ്കാജനകമാണ്. ഏകദേശം പകുതിയിൽ കൂടുതൽ അമ്മമാർ മാത്രമേ (55 ശതമാനo) ആറുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് മുലയൂട്ടൽ നടത്തുന്നുള്ളൂ എന്നും സർവ്വേ വ്യക്തമാക്കുന്നു. മുലയൂട്ടൽ ലഭിക്കുന്നതോ അല്ലാത്തതോ ആയ ഏകദേശം നാലിലൊന്നു കുട്ടികൾക്കു മാത്രമേ (6-23 മാസം വരെ പ്രായo) മതിയായ ഭക്ഷണം (adequate diet) ലഭിക്കുന്നുള്ളു എന്ന നൊമ്പരപ്പെടുത്തുന്ന വിവരവും സർവ്വേ ഫലങ്ങളിലുണ്ട്. അതായത്, മുകളിൽ സൂചിപ്പിച്ച പ്രായത്തിലുള്ള നാലിൽ മൂന്ന് കുട്ടികൾക്ക് ആവശ്യത്തിന് ആഹാരo ലഭിക്കുന്നില്ല എന്നുള്ളതാണ് സത്യം. ശൈശവ ദശയിൽ മതിയായ ആഹാരo ലഭിക്കാത്ത സാഹചര്യം അവരുടെ നിലവിലെ ആരോഗ്യത്തെയും, വളർച്ചയെയും വിപരീതമായി സ്വാധീനിക്കുന്നു. ഇതിലുപരിയായി ഭാവിയിലെ മാനസിക വികാസത്തെയും, വിദ്യാഭ്യാസ നേട്ടങ്ങളേയും, ഉല്പാദനക്ഷമതയേപ്പോലും പിറകോട്ടടിക്കാൻ ഈ ന്യൂനത കാരണമായേക്കാം.
തത്ഫലമായി, ഇത് പിന്നീടുള്ള പല ആരോഗ്യ സൂചികകളേയും പ്രത്യക്ഷത്തിൽ തന്നെ സ്വാധീനിക്കുമെന്നതാണ് യാഥാർത്ഥ്യം. സംസ്ഥാനത്തെ പോഷകാഹാര നില തിട്ടപ്പെടുത്താനുള്ള മൂന്ന് സൂചകങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്. ഇവയിൽ ആദ്യത്തേത്, 5 വയസ്സിന് താഴെയുള്ള കുട്ടികളിൽ കാണുന്ന പ്രായത്തിന് ആനുപാതികമായ ഉയരമില്ലാതെ മുരടിക്കുന്ന അവസ്ഥ (Stunted)യാണ്. ഇക്കാര്യം പരിശോധിച്ചാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നേരിയ വർദ്ധനവ് ഉണ്ടായതായി കാണാം. 23.4 ശതമാനം കുട്ടികൾ ഇപ്പോഴും ഈ ഗണത്തിൽപ്പെടുന്നു എന്നുള്ളത് സഗൗരവം നോക്കിക്കാണേണ്ട വിഷയമാണ്. രണ്ടാമത്തെ സൂചികയായി പരിഗണിക്കുന്നത് കുട്ടികളിലെ ഭാരനഷ്ടമാണ്. പതിനാറ് ശതമാനം കുട്ടികൾ യഥാർത്ഥ ഭാരനഷ്ടം (Wasted) അനുഭവിക്കുന്നവരാണ്. പോഷകാഹാരക്കുറവിന്റെ ഏറ്റവും പ്രകടമായതും അതോടൊപ്പം രോഗപ്രതിരോധ ശേഷിയെ തന്നെ ദുർബലപ്പെടുത്തി ജീവന് പോലും ഭീഷണിയാകുന്ന അവസ്ഥാ വിശേഷമാണിത്. അഞ്ചിലൊരുകുട്ടി മൂന്നാമത്തെ സൂചികയായ തൂക്കക്കുറവ് (Underweight) ഉള്ളവരാണ്. പോഷകാഹാര നിലയുടെ ഈ മൂന്ന് സൂചികകളിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിന് ശുഭസൂചകമായ ഒരു പുരോഗതി നേടാനായില്ല എന്നു പരിശോധനയിൽ വ്യക്തമാകും. പല സംസ്ഥാനങ്ങളും കുട്ടികളുടെ പോഷകാരോഗ്യനില മെച്ചപ്പെടുത്തിയപ്പോൾ, ദൗർഭാഗ്യമെന്ന് പറയട്ടെ നമ്മുടെ സംസ്ഥാനo ഈ രംഗത്തെ സൂചികകളിലെല്ലാം പിന്നോട്ട് പോവുകയാണ് ചെയ്തത്.
പട്ടിക 2: തെരഞ്ഞെടുത്ത ചില ശൈശവ പോഷകാഹാര സൂചികകൾ
കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് വ്യത്യസ്ത പശ്ചാത്തല ഘടകങ്ങളുമായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. പോഷകാഹരക്കുറവിന്റെവ്യത്യസ്ത സൂചികകളിൽ അന്തർജില്ലാ വ്യതിയാനവും വളരെ സ്പഷ്ടമാണ്. ഉദാഹരണമായി, കുട്ടികൾക്കിടയിൽ വയസ്സിന് ആനുപാതികമായ ഉയരമില്ലാത്ത അവസ്ഥ വയനാട് (31.3 ശതമാനo), പാലക്കാട് (29.7 ശതമാനo), മലപ്പുറം (29.4 ശതമാനo), കാസർഗോഡ് (25.3 ശതമാനo), എന്നീ ജില്ലകളിൽ സംസ്ഥാന ശരാശരിയായ 23.4 ശതമാനത്തിന് മുകളിലാണ്. യഥാർത്ഥ ഭാരനഷ്ടം അനുഭവിക്കുന്ന കുട്ടികളുടെ സംസ്ഥാന ശരാശരി 15.8 ശതമാനമാണെങ്കിൽ, പാലക്കാട് (21.7 ശതമാനo), കൊല്ലം (21.4 ശതമാനo), മലപ്പുറം (18.2 ശതമാനo), തിരുവനന്തപുരം (17.4 ശതമാനo), എറണാകുളം (17.1ശതമാനo), വയനാട് (16.1 ശതമാനo) എന്നീ ജില്ലകൾ സംസ്ഥാന ശരാശരിക്ക് മുകളിൽ നില്കുന്നു.വയസ്സിന് ആനുപാതികമായ ഭാരക്കുറവിന്റെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. മറ്റു പോഷകാഹാര സൂചികകൾക്ക് സമാനമായ ചിത്രമാണ് ഇവിടെയും നമ്മുടെ മുന്നിലുള്ളത്. തീരദേശ-ആദിവാസി മേഖലകളിലെ കുട്ടികളിൽ പോഷകാഹാരക്കുറവിന്റെനിരക്ക് മറ്റു പ്രദേശങ്ങളെക്കാൾ ഉയർന്നു നിൽക്കാനുള്ള സാധ്യതയും കൂടുതലാണ്.
പോഷകാഹാരത്തിലുള്ള കുറവ് പ്രതിഫലിക്കുന്ന മറ്റൊരു പ്രത്യക്ഷ സൂചികയാണ് മനുഷ്യരിലുണ്ടാകുന്ന വിളർച്ചയുടെ (Anemia) തോത്. സംസ്ഥാനത്ത് 5 വയസ്സിൽ താഴെയുള്ള 5 കുട്ടികളിൽ 2 പേരിൽ (39.4 ശതമാനം) വിളർച്ച കണ്ടു വരുന്നു.കഴിഞ്ഞ 5 വർഷക്കാലത്തിനുള്ളിൽ സമാന പ്രായത്തിലുള്ളവരിൽ വിളർച്ചയുടെ തോത് 10 ശതമാനത്തിനു മുകളിൽ വളർന്നു എന്നുള്ളത് ശിശുക്ഷേമ രംഗത്ത് ചില മേഖലകളിലെങ്കിലും മോടി കുറയുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. കുട്ടികളെ കൂടാതെ 15 നും 49 നും ഇടയിലുള്ള എല്ലാ വിഭാഗം സ്ത്രീകളിലും വിളർച്ചാ നിരക്ക് വർധിച്ചു എന്ന നിരാശാജനകമായ സൂചനയും സർവ്വേ ഫലങ്ങൾ നൽകുന്നു. ഈ നിരക്കുകൾ (36.3 ശതമാന൦) സംസ്ഥാനത്ത് 5 വയസ്സിൽ താഴെയുള്ള കുട്ടികളിൽ കാണുന്ന വിളർച്ചാ നിരക്കിനേക്കാൾ കുറവാണെന്നുള്ളതാണ് ഏക ആശ്വാസം. ഇതിൽ ഏറ്റവും ശ്രദ്ധേയമായത്, നാലാമത് കുടുoബാരോഗ്യ സർവേയിൽനിന്നു അഞ്ചിലേക്ക് എത്തുമ്പോൾ, 15 നും 49 നും ഇടയിലുള്ള ഗർഭിണികളായ സ്ത്രീകളിൽ വിളർച്ചാ നിരക്ക് ഏകദേശo 9 ശതമാനത്തിന്റെ (22.6 ശതമാനത്തിൽ നിന്നും 31.4 ശതമാനo) വർദ്ധനവ് രേഖപ്പെടുത്തുകയുണ്ടായി എന്ന വസ്തുതയാണ്. ചുരുക്കത്തിൽ, അമ്മമാരിൽ കാണപ്പെടുന്ന വിളർച്ചാനിരക്ക് അതേ രൂപത്തിൽ ശിശുക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്ന അനുമാനത്തിലെത്താം. പാലക്കാട് (51.9 ശതമാനം), തൃശ്ശൂർ (48.7ശതമാനം), മലപ്പുറം (47.2 ശതമാനം), പത്തനംതിട്ട (44.2 ശതമാനം) എന്നീ ജില്ലകളിൽ കുട്ടികൾക്കിടയിലുള്ള വിളർച്ചയുടെ നിരക്ക് സംസ്ഥാന ശരാശരിയായ 39.4 ശതമാനത്തിനു വളരെ മുകളിലാണ്. വിളർച്ചാനിരക്കിലുള്ള ഈ വളർച്ച ആരോഗ്യ കേരളത്തിന് ആശാവഹമായ സന്ദേശമല്ല നല്കുന്നതെന്ന് ഒറ്റനോട്ടത്തിൽ തന്നെ കാണാവുന്നതേയുള്ളു.
നാലു ശതമാനം കുട്ടികൾ അമിത ഭാരത്താൽ (Overweight) ബുദ്ധിമുട്ടുന്നതും പട്ടികയിൽ നിന്ന് ദൃശ്യമാണ്. ഒരു വശത്ത് 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പോഷകാഹാര നില മോശമാകുമ്പോൾ മറ്റൊരുവശത്ത് ഈ പ്രായത്തിലുള്ള കുട്ടികൾക്കിടയിൽ അമിതഭാരം ക്രമാതീതമായി വർദ്ധിക്കുന്നതായും കാണാം. ഇത് സംസ്ഥാനത്തെ ആരോഗ്യ-ശിശുക്ഷേമ രംഗം പോഷകാഹാര വൈരുദ്ധ്യത്തിലേക്ക് (Nutritional Paradox) നയിക്കപ്പെടുന്നതിന്റെ മകുടോദാഹരണമായി വ്യാഖ്യാനിക്കാം. സമൂഹത്തിൽ വർധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിനു സമാനമായ സാഹചര്യത്തിലേക്കാണ് ഇത് നമ്മെ കൊണ്ടെത്തിക്കുന്നത്. ഒരു വിഭാഗം ജനങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയും, കൂണുപോലെ മുളച്ചുപൊന്തുന്ന ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകളും, ഓൺലൈൻ മാർഗ്ഗങ്ങളുൾപ്പടെയുള്ള ഫാസ്റ്റ്ഫുഡിന്റെ അനായാസ ലഭ്യതയും വരും വർഷങ്ങളിലും സമൂഹത്തിൽ പൊണ്ണത്തടിയന്മാരുടെ എണ്ണം കൂട്ടുന്ന ചാലകശക്തിയായി മാറും എന്ന് നിസ്സംശയം പറയാം. അപ്പോഴും പോഷകാഹാരക്കുറവിൽ ജീവിതം മുന്നോട്ടു തള്ളിനീക്കാൻ വിധിക്കപ്പെട്ട മറ്റൊരു വിഭാഗം ജനങ്ങളും സമൂഹത്തിലുണ്ടാവും. ഇത് സംസ്ഥാനത്ത് പൊതുവിൽ സൃഷ്ടിക്കാൻ പോകുന്ന രോഗാതുരത്വവും, പൊതുജനാരോഗ്യ രംഗത്തും കുടുംബങ്ങളിലും ഉണ്ടാകുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളും പൊതു സമൂഹവും, ആരോഗ്യ വിദഗ്ദ്ധരും കേവലം ഉപരിപ്ലവമല്ലാത്ത ചർച്ചയ്ക്ക് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഫാസ്റ്റ് ഫുഡ് സംസ്കാരത്തെ കൂടാതെ, സമയ ബന്ധിതമായി ആഹാരം കഴിക്കാത്തതും, നഗര വൽക്കരണവും, വ്യായാമ രാഹിത്യവും, ജീവിത ശൈലിയിലുള്ള പരിവർത്തനവും, അണു കുടുംബങ്ങളുടെ രൂപീകരണവും കുട്ടികളിൽ അമിതവണ്ണത്തിന് കാരണമാകുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശിശുരോഗ ചികിത്സാ രംഗത്ത് കേട്ടുകേൾവി പോലുമില്ലാതിരുന്ന ഹൃദയാഘാതത്തിനും, ക്യാൻസറിനും മറ്റു ജീവിത ശൈലീരോഗങ്ങൾക്കും കുട്ടികളിലെ അമിത വണ്ണo പ്രേരണയാകും. ശൈശവ ദശയിൽ തന്നെ ജീവിത ശൈലീ രോഗങ്ങൾക്ക് അടിപ്പെടുന്നത് ഭാവിജീവിതം തന്നെ നിരർത്ഥകമാകുന്ന അവസ്ഥ സംജാതമാക്കിയേക്കാം.
അംഗൻവാടികളും, സ്കൂളുകളും കോവിഡ് സാഹചര്യത്തിൽ അടഞ്ഞുകിടക്കുന്നത് കുട്ടികളുടെ പ്രഭാത-ഉച്ചഭക്ഷണ ലഭ്യതയെ ബാധിച്ചിരിക്കണം. ഈ സാഹചര്യം കുട്ടികളിലെ പോഷകാഹാരതോത് ഗണ്യമായി കുറച്ചേക്കാം. ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നുണ്ടങ്കിൽ കൂടി അവ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കിടയിൽ വീതം വയ്ക്കേണ്ട സഹചര്യം നിലനിൽക്കുന്നു. ഇത് കുട്ടികളുടെ പ്രതിശീർഷ ഭക്ഷ്യധാന്യ ലഭ്യതയിൽ ഇടിവ് വരുത്തിയേക്കാം. കൂടാതെ, വിദ്യാഭാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നത് മൂലം കുട്ടികൾ പുറം ലോകവുമായി ഇടപഴകുന്നത് പൂർണമായും നിലച്ച അവസ്ഥയിലാണ്. കുടുംബാംഗങ്ങളുമായി അടച്ചിട്ട വീട്ടിൽ കൂടുതൽ സമയം കഴിയുന്നത് അവരുടെ കായിക അധ്വാനത്തിലും, പരസ്പര വ്യവഹാരത്തിലും എത്രത്തോളം കുറവ് വരുത്തിയിട്ടുണ്ടാകാം എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.
കുട്ടികളുടെ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിൽ പോഷകാഹാരത്തിനു സമാനമായതോ അല്ലെങ്കിൽ തൊട്ടു താഴെയോ ഉള്ള സ്ഥാനമാണ് പ്രതിരോധ കുത്തിവയ്പുകൾക്ക് വൈദ്യശാസ്ത്രം കല്പിച്ചിരിക്കുന്നത്. ആയതിനാൽ പ്രതിരോധ കുത്തിവയ്പുകൾ, മാരക രോഗങ്ങളെ തടയുക വഴി കുട്ടികളുടെ ആരോഗ്യ സംരക്ഷണ കവചമായി വർത്തിക്കുന്നു എന്നതാണ് വാസ്തവം. നാലാമത് കുടുംബാരോഗ്യ സർവ്വേയിൽ തന്നെ രേഖകളുടെയോ/അമ്മയുടെ ഓർമ്മയുടെയോ അടിസ്ഥാനത്തിൽ രണ്ടു വയസ്സിനുള്ളിൽ പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്തവരിൽ മറ്റു പല പ്രദേശങ്ങളെക്കാളും പിന്നിലായാണ് കേരളത്തിനെ സ്ഥാനം. സിക്കിം (83 ശതമാന൦), പശ്ചിമ ബംഗാൾ (84 ശതമാന൦), ഗോവ (88 ശതമാന൦), ലക്ഷദ്വീപും, പഞ്ചാബും (89 ശതമാന൦ വീതം), പുതുച്ചേരി (91 ശതമാന൦) എന്നീ പ്രദേശങ്ങളാണ് കേരളത്തിനെക്കാൾ (82 ശതമാന൦) മുന്നിൽ നിൽക്കുന്നത്. അഞ്ചാമത് കുടുംബാരോഗ്യ സർവ്വേ ഫലങ്ങൾ പൂർണ്ണമായി ലഭ്യമല്ലെങ്കിൽപ്പോലും പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിരോധ കുത്തിവയ്പ് നിരക്ക് വർധിച്ചതായി സൂചനയുണ്ട്.
എന്ന് മാത്രമല്ല, രണ്ടു വയസ്സിനുള്ളിൽ കുട്ടികൾക്ക് ലഭിക്കേണ്ട പ്രധാന പ്രതിരോധ കുത്തിവയ്പുകളിൽ പലതിലും കേരളം പിന്നോട്ടുപോയതായി പട്ടികയിൽ (പട്ടിക 3) നിന്ന് മനസ്സിലാക്കാം. ഏതുതരം മാനദണ്ഡത്തിന്റെഅടിസ്ഥാനത്തിലായാലും (അമ്മമാരുടെ ഓർമ്മയുടെയോ/വാക്‌സിനേഷൻ കാർഡിൻ്റെയോ അടിസ്ഥാനത്തിൽ) കുട്ടികൾക്ക് പൂർണ്ണമായ കുത്തിവയ്പുകൾ എടുക്കുന്നില്ല എന്നതാണ് വാസ്തവം. കൂടുതൽ ആധികാരികമായി (കുത്തിവയ്പ് കാർഡിന്റെഅടിസ്ഥാനത്തിൽ) എല്ലാ കുത്തിവയ്പുകളുമെടുത്തത് നിലവിൽ 85 ശതമാനം കുട്ടികൾ മാത്രമാണ്. അതായത്, സംസ്ഥാനത്ത് 15 ശതമാനത്തോളം കുട്ടികളെ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പിന്റെപരിധിയിലേക്ക് എത്തിക്കാൻ നമുക്ക് കഴിയുന്നില്ല എന്നതാണ് വസ്തുത. കഴിഞ്ഞ സർവ്വേയെ അപേക്ഷിച്ച് ഈ ഗണത്തിൽ 3 ശതമാനം പോയിൻസിന്റെ കുറവും വന്നിരിക്കുന്നു എന്നതും നിരാശാജനകമാണ്. പ്രതിരോധ കുത്തിവയ്പിലുണ്ടാകുന്ന കുറവ് സംസ്ഥാനത്തിന്റെപല പ്രഖ്യാപിത ആരോഗ്യ-ശിശു ക്ഷേമ ലക്ഷ്യങ്ങളെയും (ഉദാ. പോളിയോ നിർമാർജനo) ദോഷകരമായി ബാധിച്ചേക്കാം.കൂടാതെ, നിയന്ത്രണ വിധേയമായ പലതരം അസുഖങ്ങളുടെയും ശക്തമായ പ്രത്യാഗമനത്തിന് ഇത് കളമൊരുക്കും.
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കരട് ആരോഗ്യ നയത്തിൽ (2018) അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ സ്കൂൾ പ്രവേശന സമയത്ത് പ്രതിരോധ കുത്തിവയ്പുകളെല്ലാം പൂർണ്ണമായി എടുത്തിരിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇത് മാതൃകയാക്കി പല സംസ്ഥാനങ്ങളും അവരുടെ പ്രതിരോധ കുത്തിവയ്പ് പദ്ധതി ലക്ഷ്യങ്ങൾ വിപുലീകരിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് കേരളം ഈ രംഗത്ത് പിറകോട്ടു പോയിരിക്കുന്നത്. കുത്തിവയ്പുകളെ സംബന്ധിച്ച് വിവരങ്ങളുടെ അഭാവം, മതാചാരനിഷ്‌ഠ, കുത്തിവയ്പുകളുടെ പാർശ്വഫല ഭീതി എന്നീ കാരണങ്ങളും സംസ്ഥാനത്ത് പ്രതിരോധ കുത്തിവയ്പ് നിരക്ക് കുറഞ്ഞുവരുന്നതിന് കാരണമാകാം. വിദ്യാ സമ്പന്നരായ അദ്ധ്യാപകർ പോലും ഈ ഗണത്തിൽപ്പെടുന്നു എന്നത് കൗതുകകരമായ വസ്തുതയാണ്. ഒരു വശത്ത് സർക്കാർ ശക്തമായ പ്രതിരോധ കുത്തിവയ്പ് ദൗത്യവുമായി മുന്നോട്ടുപോകുമ്പോൾ മറു വശത്ത് നവ-സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നുവരുന്ന പ്രതിരോധ കുത്തിവയ്പ് വിരുദ്ധ പ്രചാരവേല (Anti vaccine propaganda) സംസ്ഥാനത്തെ പ്രതിരോധ കുത്തിവയ്പ് പ്രവർത്തനങ്ങളുടെ (കോവിഡ് ഉൾപ്പെടെ) താളം തെറ്റിക്കാൻ പോലും പര്യാപ്‌തമാകുന്ന തലത്തിലുള്ളതാണ്.
ബി.സി.ജി, പോളിയോ വാക്സിൻ, ഡി.പി.റ്റി വാക്സിൻ എന്നീ പ്രതിരോധ കുത്തിവയ്പുകളുടെ സ്ഥിതിയും വിഭിന്നമല്ല. ഏകദേശം 90 ശതമാനം കുട്ടികളും കുത്തിവയ്പിനായി പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരാണ്. പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന കുട്ടികളുടെ എണ്ണത്തിൽ 10 ശതമാന പോയിന്റിൻസിനടുത്താണ് (77.6 ശതമാനത്തിൽ നിന്ന് 87.3 ശതമാനത്തിലേക്ക്) കഴിഞ്ഞ അഞ്ചു വർഷത്തിലുണ്ടായ വർദ്ധനവ്. പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പിലുണ്ടായ വർദ്ധനവ് സ്വകാര്യ മേഖലയുടെ സംഭാവനയിൽ തത്തുല്യമായ ഇടിവിന് (22.4 ശതമാനത്തിൽ നിന്ന് 12.3 ശതമാനത്തിലേക്ക്) കാരണമായി. അതായത്, ഏകദേശം പത്തിൽ ഒരു കുട്ടി മാത്രമേ കുത്തിവയ്പ്പിനായി സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നുള്ളൂ. ചുരുക്കത്തിൽ, മുപ്പത്തിയഞ്ചു ശതമാനം കുട്ടികൾ മാത്രം പൊതു ജനാരോഗ്യ കേന്ദ്രങ്ങളിൽ ജൻമമെടുക്കുമ്പോൾ ഇതിന്റെരണ്ടരമടങ്ങ് കുട്ടികൾ പ്രതിരോധ കുത്തിവയ്പ്പുകൾക്കായി പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നു. സ്വകാര്യ മേഖലയിലെ ഉയർന്ന നിരക്കുകളും, പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ വാക്‌സിനുകളുടെ മെച്ചപ്പെട്ട ഗുണനിലവാരവും മാതാപിതാക്കളെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്.
സർവ്വേ തിട്ടപ്പെടുത്തിയ മാതൃ-ശിശുക്ഷേമ രംഗത്തെ ഏതാനും ചില സൂചികകളിൽ കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനുള്ളിൽ സംസ്ഥാനം തല്സ്ഥിതി നിലനിർത്തുകയോ, മുന്നോട്ടു പോകുകയോ ചെയ്യുകയുണ്ടായി. ഉദാഹരണമായി, ടെറ്റനസ് വാക്‌സിൻ സ്വീകരിച്ച ഗർഭിണികളുടെ ശതമാനം, ആരോഗ്യ കേന്ദ്രങ്ങളിൽ നടന്ന പ്രസവങ്ങൾ ഉൾപ്പെടെ ചില സുപ്രധാന സൂചികകളിൽ സംസ്ഥാനം മുൻകാലങ്ങളിൽ നേടിയെടുത്ത മികവിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് മനസ്സിലാക്കാൻ സാധിക്കും. അതോടൊപ്പം തന്നെ ഗർഭിണികളിലെ ഫോളിക് ആസിഡ് ഗുളികകളുടെ ഉപയോഗo, പ്രസവിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടൽ ലഭിക്കുന്ന കുട്ടികളുടെ ശതമാനo എന്നിവയിലുണ്ടായ വർദ്ധനവ് ആരോഗ്യ രംഗത്തെ പ്രസാദാത്മക ചലനത്തിന്റെസൂചനയാണ്.
നിർഭാഗ്യവശാൽ, സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങൾക്ക് മങ്ങലേറ്റതിന്റെ ചിത്രമാണ് പുറത്തു വന്ന ഭൂരിഭാഗം മാതൃ-ശിശു ക്ഷേമ സൂചികകളും വെളിപ്പെടുത്തുന്നത്. അടുത്ത കാലത്തായി സംസ്ഥാനത്തിന്റെആതുരസേവന രംഗം കോവിഡ്-കോവിഡാനന്തര ചികിത്സയിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മറ്റു പല മേഖലകളെപ്പോലെ മാതൃ-ശിശു ക്ഷേമ രംഗത്തെ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നു.നിലവിൽ സംസ്ഥാനത്തിന്റെ ആതുരസേവന രംഗമാകെ കോവിഡെന്ന മഹാമാരിയെ നേരിടുന്നതിന് പ്രാമുഖ്യം കല്പിക്കുന്നു. ഇതുമൂലം ഉരുത്തിരിയുന്ന സാഹചര്യം കൂടി മുന്നിൽ കണ്ടുകൊണ്ട് വേണം 2019-20 കാലഘട്ടത്തിൽ നടന്ന സർവ്വേയിലെ ആരോഗ്യ സൂചികകളുടെ മുന്നോട്ടുള്ള പ്രയാണം വിലയിരുത്താൻ. ആയതിനാൽ, ഇപ്പോൾ പിന്നിൽ നിൽക്കുന്ന പല മാതൃ-ശിശുക്ഷേമ സൂചികകളും പിറകോട്ടു തന്നെ പോകാനുള്ള സാധ്യത നില നിൽക്കുകയാണെന്നാണ് വിദഗ്ദ മതം. ഇത് ആരോഗ്യമേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം സംസ്ഥാനത്തിന്റെ വികസന മാതൃകയുടെ മോടിക്ക് പോലും വരും വർഷങ്ങളിൽ മങ്ങലേൽപ്പിക്കാം. മുകളിൽ നടത്തിയ വിശകലനത്തിൽ നിന്നും നാം ശ്രദ്ധയൂന്നേണ്ട ചില സുപ്രധാന മേഖലകളിൽ ഒന്നാണ് ഗർഭിണികളുടെയും, ശിശുക്കളുടെയും പ്രതിരോധ കുത്തിവയ്പ്പുകളിലുണ്ടായിരിക്കുന്ന കുറവ്. ഈ വിഷയത്തിൽ നാം വളരെ ദൂരം മുന്നേറാനുണ്ട് എന്ന ഓർമ്മപ്പെടുത്തൽ സർവ്വേ ഫലങ്ങളുടെ സൂക്ഷ്മ വിലയിരുത്തൽ നമുക്ക് തരുന്നു. കോവിഡ് കാലത്ത് പ്രതിരോധ കുത്തിവയ്പ്പിലുണ്ടാകാൻ സാധ്യതയുള്ള കുറവ് രോഗങ്ങളും ഈ വിഭാഗത്തിലുള്ളവരും തമ്മിലുള്ള പുനഃസമാഗമനത്തിന് വേദിയൊരുക്കാം.
കുട്ടികളുടെയും, സ്ത്രീകളുടെയും ഇടയിൽ കണ്ടുവരുന്ന പോഷകാഹാരക്കുറവ് സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു എന്നത് ഒരു അശുഭസൂചനയാണ്. രണ്ടു വയസ്സിൽ താഴെയുള്ള നാലിൽ ഒരു കുട്ടിയ്ക്ക് മാത്രമേ സമീകൃത ആഹാരം ലഭിക്കുന്നു എന്നുള്ള കണക്കുകൾ സമഗ്രമായ പുനർവിചിന്തനത്തിന് സമയമായി എന്ന് വിളിച്ചു പറയുന്നു. ജില്ലാതല കണക്കുകൾ പോഷകാഹാര സൂചികകളിലെ പിന്നോക്കാവസ്ഥയുടെ സുതാര്യമായ ചിത്രമാണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ പോഷകാഹാര സൂചികകളിലെല്ലാം അട്ടപ്പാടിയുൾപ്പെടുന്ന പാലക്കാട് ജില്ല പിന്നിൽ നിൽക്കുമ്പോൾ, മലപ്പുറത്ത് വയസ്സിനു ആനുപാതികമായ ഉയരമില്ലാത്തത്തതും, യഥാർത്ഥ ഭാരനഷ്ടം അനുഭവിക്കുന്നതുമായ കുട്ടികളുടെ ആധിക്യമുണ്ട്. വിളർച്ചയിലും, വയസ്സിനാനുപാതികമായ ഉയരമില്ലാത്ത കുട്ടികളുടെ സൂചികയിലും വയനാടും പിന്നിലാണ്. കുട്ടികളുടെ പോഷകാഹാര സ്ഥിതിയിൽ പൊതുവിൽ മെച്ചമാണെങ്കിലും, യഥാർത്ഥ ഭാരനഷ്ടം അനുഭവിക്കുന്ന കുട്ടികളുള്ള ജില്ലകളിൽ മുൻപന്തിയിലാണ് കൊല്ലത്തിന്റെ സ്ഥാനം.
ദേശീയ തലത്തിൽ പോലും പോഷകാഹാരക്കുറവ് പരിഹരിക്കാനായി ശ്രദ്ധേയമായ ഇടപെടൽ നടക്കുമ്പോൾ കേരളത്തിൽ പോഷകാഹാരക്കുറവ് വർദ്ധിക്കുന്നത് ആഴത്തിൽ പഠിക്കേണ്ട വിഷയമാണ്. കോവിഡ് സൃഷ്ടിച്ച ലോക്ക് ഡൗണും, തൊഴിൽ നഷ്ടവും പോഷകാഹാര പ്രതിസന്ധിയ്ക്ക് ഇനിയും ആക്കം കൂട്ടാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്. കുട്ടികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുക എന്നത് അവരുടെ മൗലിക അവകാശം എന്നതിലുപരിയായി ഒരു ജനതയുടെ കടമ കൂടിയാണ്. എല്ലാ ജനവിഭാഗങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയതുപോലെ ആരോഗ്യ സേവനങ്ങൾ, ശിശു സംരക്ഷണം, പോഷകാഹാര വിദ്യാഭ്യാസം എന്നിവ ഒരു കുടക്കീഴിൽ കുട്ടികൾക്കും, അമ്മമാർക്കും ലഭ്യമാക്കേണ്ടതായി വരും. ഒരു കുട്ടിയുടെ ജീവിതത്തിന്റെആദ്യ 1,000 ദിവസങ്ങളുടെ സമയപരിധിയിൽ പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുന്നതിന് പ്രാമുഖ്യം നൽകി സംസ്ഥാനത്തിന് ഒരു പോഷകാഹാര നയo രൂപീകരിക്കേണ്ടതായുണ്ട്. അതിനൊപ്പം തന്നെ ഐ.സി.ഡി.എസ്സ്, അംഗൻ വാടികൾ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവ കുട്ടികളുടെയും, മാതാക്കളുടെയും പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്ന സുസ്ഥിരപദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതായുണ്ട്.
അമ്മമാരുടെയും കുട്ടികളുടെയും ഇടയിൽ മെച്ചപ്പെട്ട ആരോഗ്യപരിപാലനം ഉറപ്പുവരുത്താനും പകർച്ചവ്യാധികളെ നേരിടാനുമായി പ്രതിരോധ കുത്തിവയ്പുകൾ സമയബന്ധിതമായി പൂർത്തികരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. താഴേ തട്ടുമുതലുള്ള ചിട്ടയായ പ്രവർത്തനങ്ങളിൽ കൂടി മാത്രമേ സംസ്ഥാനത്ത് ഇടിവുണ്ടായ പ്രതിരോധ കുത്തിവയ്‌പ്പു നിരക്കുകൾ പൂർവ്വ സ്ഥിതിയിലേക്കോ അതിനു മുകളിലേക്കോ ഉയർത്താൻ സാധിക്കുകയുള്ളൂ. ഒന്നര വർഷത്തിനു ശേഷം സ്കൂളുകൾ തുറക്കുമ്പോൾ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ഉയർന്ന നിരക്കിലുള്ള പോഷകാഹാര കുറവ് കുട്ടികളുടെ രോഗപ്രതിരോധ ശേഷിയെ എങ്ങനെ ബാധിക്കുന്നു എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഇതിനായുള്ള മുൻകരുതലുകൾ വ്യത്യസ്ത തലങ്ങളിൽ ഏർപ്പെടുത്തേണ്ടതായി വരും. സ്ത്രീകൾ, കുട്ടികൾ എന്നിവരെ കൂടാതെ താരതമ്യേന ചെറിയ തോതിലാണെങ്കിൽ കൂടി പുരുഷൻമാരിലും വിളർച്ച കണ്ടുവരുന്നു എന്നുള്ളത് വിസ്മരിച്ചു കൂടാ. ഉല്പാദന പ്രക്രിയയുടെ നെടുംതൂണാകുന്ന ഈ വിഭാഗം ജനങ്ങളിൽ കണ്ടുവരുന്ന വിളർച്ചയ്ക്ക് അടിയന്തിര പ്രാധാന്യത്തോടെ പരിഹാരം കണ്ടെത്തേണ്ടതായുണ്ട്. മറുവശത്ത്, ഒരു നിശ്ചിത വിഭാഗം കുട്ടികൾ അമിത ഭാരത്താൽ വീർപ്പുമുട്ടുന്നു എന്ന യാഥാർഥ്യവും നമ്മൾ മനസ്സിലാക്കേണ്ടതു തന്നെ. കേരളത്തിലെ മാറി വരുന്ന ഭക്ഷ്യ സംസ്കാരവും, ഫാസ്റ്റ് ഫുഡ്ഡിനോട് യുവതലമുറയ്ക്കുള്ള അമിത ഭ്രമവും ആരോഗ്യ രംഗത്തെ അപകടത്തിലേക്കു നയിക്കുന്ന സൂചനകളാണ്.
അവസാനമായി, യാതൊരു നിയന്ത്രണവുമില്ലാതെ (പൊതു-സ്വകാര്യ ആശുപത്രി ഭേദമന്യേ) നടക്കുന്ന സിസേറിയൻ പ്രസവങ്ങളുടെ സാമൂഹിക-സാമ്പത്തിക-ആരോഗ്യ പ്രതിഫലനങ്ങൾ നാം പൂർണ്ണമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രസവങ്ങൾ സർക്കാർ സംവിധാനത്തിൽ നിരീക്ഷിക്കുന്നതിനും, സിസേറിയൻ നിരക്കുകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിജപ്പെടുത്തുന്നതിനുമുതകുന്ന നിയമനിർമ്മാണത്തിലേക്ക് കടക്കേണ്ടതായിവരും. ഇത്തരം നിയമനിർമ്മാണവും ഇതിന്റെകാര്യക്ഷമമായ മേൽനോട്ടവും പൊതു-സ്വകാര്യ ആശുപത്രികളിൽ അനാവശ്യമായ സിസേറിയൻ പ്രസവങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ സഹായിക്കും. അതിനൊപ്പം ആരോഗ്യരംഗത്ത് കുടുംബങ്ങൾ ചികിത്സയ്ക്കായി പോക്കറ്റിൽനിന്ന് മുടക്കുന്ന സംഖ്യ കുറയ്ക്കുകയും കേരള൦ മുന്നോട്ടുവയ്ക്കുന്ന 'നല്ല ആരോഗ്യം കുറഞ്ഞ ചിലവിൽ' (Good health at low cost) എന്ന ആശയത്തിന്റെ സാധൂകരണത്തിന് ശക്തിപകരുകയും ചെയ്യും. കോവിഡാനന്തര കേരളം മാനവിക വികസന രംഗത്ത് ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് കുതിയ്ക്കണമെങ്കിൽ മാതൃ-ശിശു സംരക്ഷണത്തിന് പ്രാമുഖ്യം നൽകിയേ മതിയാകൂ.
(ഡോ.ജെ. രത്നകുമാർ ന്യൂഡെൽഹിയിലെ സ്പീക്കേഴ്സ് റിസേർച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ റിസേർച്ച് ഫെല്ലോയും, ഡോ.കെ.പി. വിപിൻ ചന്ദ്രൻ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാകോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്).
ഇക്കഴിഞ്ഞ അർദ്ധവാർഷിക പരീക്ഷയിൽ പത്താം ക്ലാസിലെ ഇംഗ്ലീഷിന്റെയും പ്ലസ് വണ്ണിലെ ഗണിതത്തിന്റെയും ചോദ്യങ്ങൾ ചോർന്നതായി വാർത്ത വന്നിരിക്കുന്നു. ചിലർ പറയുന്നത് ഇത് പുതിയ ഒരു സംഭവമേ അല്ലെന്നാണ്. കഴിഞ്ഞവർഷവും ഓണം, ക്രിസ്മസ് പരീക്ഷകളുടെ ചോദ്യങ്ങൾ ചോർന്നിരുന്നുവത്രേ ! ഇക്കാര്യം...
ഇന്ത്യയ്ക്കായി ഒരു ഭരണഘടന തയ്യാറാക്കി സമർപ്പിച്ചതിനെ തുടർന്ന് ഡോ.ബി.ആർ. അംബേദ്ക്കർ നടത്തിയ പ്രഭാഷണങ്ങളിലൊന്നിൽ രാഷ്ടീയ ജനാധിപത്യവും സാമൂഹ്യ ജനാധിപത്യവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പ്രതിപാദിക്കുകയുണ്ടായി. രാഷ്ട്രീയ ജനാധിപത്യമെന്നത് സാങ്കേതിക പ്രക്രിയയിൽ...
മഹാരാഷ്ട്ര- ജാർഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ സംഭവിച്ച ഭരണത്തുടർച്ച വിശകലന വിധേയമാക്കുമ്പോൾ ബിജെപി നേതൃത്വത്തിനും കോൺഗ്രസ് നേതൃത്വത്തിനും ദേശീയതലത്തിൽ ആശ്വസിക്കാനും, ആശങ്കപ്പെടാനും കാരണങ്ങളേറെയുണ്ട്.
എക്സിറ്റ് പോളുകൾ പ്രവചിച്ചത് പോലെ തന്നെയാണ് കാര്യങ്ങൾ...
അടിമകളുടെ വിമോചകൻ എന്ന പേരിൽ എബ്രഹാംലിങ്കന്റെ ഒരു പാഠം സ്കൂൾ സിലബസിൽ ഉണ്ടായിരുന്നത് ഓർക്കുന്നു. അമേരിക്കയിൽ അടിമത്തം ഉണ്ടായിരുന്നുവെന്നും അടിമകളെ വിമോചിച്ച ആൾ എബ്രഹാംലിങ്കൻ ആണെന്നുമായിരുന്നു ആ പാഠത്തിന്റെ ഉള്ളടക്കം. എബ്രഹാം ലിങ്കനെ കുറിച്ച് പഠിക്കാൻ കഴിഞ്ഞതിൽ സന്തോഷം....
ഡേവിഡ് മെക് ലെല്ലൻ (David Mc Lellan) എൺപത്തി നാല് വയസ്സിലും റോമിലെ സാപ്പിയൻസ യൂണിവേഴ്സറ്റിയിൽ ഊർജസ്വലതയോടെ സംസാരിക്കുന്നതു കണ്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. മാത്രമല്ല മാർക്സിന്റെ ചിത്രമുള്ള ഒരു ടീ ഷർട്ടാണ് ധരിച്ചത്. ഒരു സംഘടനാ സമ്മേളനത്തിലെന്ന പോലെ ആവേശത്തിൽ നടക്കുന്ന ആ മഹത്...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിദ്യാഭ്യാസ ജാഥ സംഘടിപ്പിക്കുകയാണ്. ‘തോൽപിച്ചാൽ നിലവാരം കൂടുമോ’ എന്നതാണ് ജാഥയുടെ ക്യാമ്പെയിൻ മുദ്രാവാക്യം. ‘ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും’ എന്നതാണ് ജാഥ സർക്കാരിന്...
കേരളപ്പിറവിയോടനുബന്ധിച്ചുള്ള ഭരണഭാഷാവാരാചരണത്തിനു തുടക്കമാവുകയാണ്. ഭരണഭാഷാവാരമായി ആചരിക്കുന്നതുകൊണ്ടു മാത്രം ഭരണഭാഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കില്ല എന്നതിനു തെളിവാണ് ഔദ്യോഗിക തലത്തിലുള്ള ഇത്തരം പരിപാടികൾ.
അധികാരപ്രയോഗത്തിനുള്ള ഒരു ഉപകരണം മാത്രമാണ്...
ജീവിക്കാനുള്ള വിഭവങ്ങൾ ഇന്ത്യൻ മണ്ണിൽ ഏറെയുണ്ടെന്നിരിക്കെ, നല്ലൊരു വിഭാഗം ജനതയും, സ്വതന്ത്ര ലബ്ധിക്കു മുക്കാൽ നൂറ്റാണ്ടിനു ശേഷവും പരമദരിദ്രരായി കഴിയേണ്ടിവരുന്ന അവസ്ഥ നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ പോരായ്മയെ സൂചിപ്പിക്കുന്നു. ജനസംഖ്യയിലെ എണ്ണത്തിൽ ഏറെ കുറവുള്ളവർ...
വിമർശന മുനകൊണ്ട് ആത്മധൈര്യം കുത്തിക്കെടുത്തി ഒരു ഉദ്യോഗസ്ഥനെ ആത്മഹത്യയിലേക്കു നയിച്ചെന്നോ കൈക്കൂലി വാങ്ങിയതിന്റെ പേരിൽ ശിക്ഷിക്കപ്പെടുമെന്നു കരുതി സ്വയം മരണത്തിനു കീഴടങ്ങിയെന്നോ എന്ന് ഇനിയും വ്യക്തമാകാത്ത ഒരു ദാരുണ സംഭവം രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച്...
" പഠിപ്പു കൊണ്ട് സ്ത്രീകൾക്ക് ഭൂഷണമായ ലജ്ജ ഇല്ലാതാവുകയും വ്യഭിചാരാതി കുത്സിത കർമ്മങ്ങളിൽ അഭിരുചി ജനിക്കുകയും ചെയ്യുന്നു " , "സ്ത്രീകൾക്ക് അക്ഷരവിന്യാസരൂപമായ മാർഗം ഒരിക്കലും ഒരു വിധത്തിലും ഉപയോഗമുള്ളതായി കാണുന്നില്ല ".
വിദ്യാവിനോദിനി മാസികയിൽ 1896-ൽ സ്ത്രീ വിദ്യാഭ്യാസം...
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.