SUBSCRIBE


കവർസ്റ്റോറി

or
Author


21st July | Issue 64

ഡിജിറ്റൽ വിഭജനവും സാക്ഷരതയും


ഡോ.എൻ.ആർ. ഗ്രാമ പ്രകാശ്

പ്രാദേശികമായുള്ള വികസനപ്രത്യേകതകള്‍ ഡിജിറ്റല്‍ വിഭജനത്തെ കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നു. ഉയര്‍ന്ന ഇന്റര്‍നെറ്റ് ലഭ്യത തലസ്ഥാനഗരിയായ ഡല്‍ഹിയിലാണ് - 55 ശതമാനം. കേരളം,ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ മാത്രമാണ് 50 ശതമാനത്തിനു മുകളില്‍ വരുന്നത്. സൈബർ ഹബ്ബുകളും വന്‍ ടെക്കിസമൂഹമുള്ള കര്‍ണ്ണാടകയും തമിഴ്‌നാടും ഇന്റര്‍നെറ്റ് ലഭ്യതയില്‍ വളരെ പുറകിലാണെന്നത് കൗതുകകരമാണ്-20 ശതമാനം മാത്രം. പത്തിലൊന്നു വീടുകളില്‍ മാത്രം ഇന്റര്‍നെറ്റ് ലഭ്യതയുള്ള ഒഡീഷയാണ് ഏറ്റവും താഴെ.

image_src


I

കോവിഡ് വ്യാപനം സൃഷ്ടിച്ച സാമൂഹ്യസാഹചര്യത്തെ അതിജീവിക്കാന്‍ നിരവധി നവീനതകൾ മനുഷ്യര്‍ക്കു സ്വീകരിക്കേണ്ടിവന്നു. അനിവാര്യത എല്ലായ്‌പ്പോഴും മനുഷ്യകുലത്തെ പുതിയ കണ്ടെത്തലുകളിലേക്ക് എത്തിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോക ജനതയെ പിടിച്ചു കുലുക്കിയ മഹാമാരിയാണ് കോവിഡ്. സമീപഭൂതകാലത്തൊന്നും ദര്‍ശിച്ചിട്ടില്ലാത്തവിധം എല്ലാ മേഖലകളിലും പ്രതിരോധകവചങ്ങള്‍ തീര്‍ത്ത് നാം പിടിച്ചുനില്‍ക്കുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ വലിയ അഴിച്ചുപണികള്‍ നടന്നു. വലിയ കുതിച്ചുചാട്ടമുണ്ടായത് ആശയവിനിമയ മേഖലയിലാണ്. ശാരീരിക അകലം (Physical distance) പാലിക്കേണ്ടിവന്ന നിര്‍ബന്ധിത പരിതസ്ഥിതിയില്‍ സാമൂഹിക അടുപ്പം നിലനിര്‍ത്താന്‍ ഓണ്‍ലൈന്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്കു സാധ്യമായി. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ഗൂഗിള്‍, സൂം, തുടങ്ങിയ വാക്കുകള്‍ വീട്ടകങ്ങളിലെ നിത്യോപയോഗ സാമഗ്രികളുടേതെന്ന പോലെ പരിചിതമായി. വിനിമയ ലോകത്തെ വലുതും ചെറുതുമായ അനവധി വിനോദോപാധികള്‍, പുതിയ കാലത്ത് ബോധനമാധ്യമമായി മാറി. പുതുതായി വന്നുചേര്‍ന്ന ചര്‍ച്ചവേദിയായ ക്ലബ്ഹൗസും വിനോദവും വിദ്യാഭ്യാസവും ഒരുപോലെ കൈകാര്യം ചെയ്യുന്നു. സാമാന്യബോധ്യങ്ങളിലെ ധർമ്മവ്യസനങ്ങളെ അസ്വസ്ഥമാക്കുന്ന ചില അനുഭവങ്ങള്‍ ഇവയിൽ ഇടക്കിടെ ഉയര്‍ന്നു വരാറുണ്ടെങ്കിലും പുത്തന്‍ ആശയവിനിമയ മാധ്യമങ്ങളുടെ നിത്യസാന്നിധ്യത്തില്‍ നാം അമര്‍ന്നു കഴിഞ്ഞു.

ആഗോളതലത്തിൽ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വിശാലമേഖല വിദ്യാഭ്യാസമാണ്. കഴിയാവുന്നിടത്തോളം പാഠ്യപദ്ധതികള്‍ ഈ മാധ്യമത്തിലേക്കു മാറിയിരിക്കുന്നു. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് നിര്‍ദ്ദേശങ്ങൾ നൽകുകയും നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന യൂജിസി (University Grants Commission)  ഓൺലൈൻ ബോധനരീതിയിലേയ്ക്കു ചുവടുമാറ്റത്തിനു നിർദ്ദേശം നൽകികഴിഞ്ഞു.

പ്രാഥമികതലം മുതല്‍ ഉന്നതവിദ്യാഭ്യാസ മേഖല വരെ ഡിജിറ്റല്‍ ആശ്രിതപഠന സമ്പ്രദായത്തിലേക്കുള്ള സംക്രമണവേളയില്‍ സാമൂഹികവും ബോധനശാസ്ത്രപരവുമായ അനവധി ആഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടു്. അവയില്‍ ആഗോളതലത്തില്‍ സംവാദവിധേയമായ വിഷയമാണ് ഡിജിറ്റൽ വിഭജനം (Digital Divide).

വിവരസാങ്കേതികവിദ്യ മനസ്സിലാക്കി ഉപയോഗിക്കാനുള്ള കഴിവിലും അവസരത്തിലും ഉണ്ടാകുന്ന അസന്തുലിതസ്ഥിതിമൂലം ഒരു പ്രദേശമോ ജനവിഭാഗമോ നേരിടേണ്ടി വരുന്ന അസമത്വമാണ് ഡിജിറ്റല്‍ വിഭജനം. ഇന്റര്‍നെറ്റ് ഉപയോഗം സജീവമായതോടെ, അതിന്റെ ലഭ്യതയും അവസരവും ആസ്പദമാക്കി ഉള്ളവരും ഇല്ലാത്തവരുമെന്ന വിഭജനം ആഗോളതലത്തില്‍ നേരത്തെ തന്നെ ചൂടുപിടിച്ച ചര്‍ച്ച വിഷയമാണു് വിവരസാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും ലഭ്യത, കേവലം സാങ്കേതികപ്രശ്‌നമോ ജീവകാരുണ്യ സഹായത്തോടെ പരിഹരിക്കേണ്ടതോ അല്ലെന്നും ആഗോളവത്ക്കരണ മൂലധന ആധിപത്യവുമായി ബന്ധപ്പെടുത്തി വിലയിരുത്തേണ്ടതാണെന്നുമുള്ള പ്രബലമായ അഭിപ്രായം സാമൂഹ്യശാസ്ത്രജ്ഞന്മാരില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ടു്. ഇതിനിടെ ശ്രദ്ധിക്കപ്പെട്ട പൊതുശബ്ദം  പോപ്പ് ഫ്രാന്‍സീസിന്റേതായിരുന്നു. 2014ലെ ലോക വിവരവിനിമയ ദിനത്തിന്  പുറപ്പെടുവിച്ച സന്ദേശത്തില്‍ ഡിജിറ്റല്‍ വിഭജനം സമൂഹസംവിധാനത്തിന്റെ ഭാഗമാണെന്നും അനീതിയുടെയും അസമത്വങ്ങളുടെയും ലക്ഷണമാണെന്നും പോപ്പ് തുറന്നു. പ്രസ്താവിച്ചു. ഡിജിറ്റല്‍ വിഭജനം കുറച്ചുകൊണ്ടു വരുന്നതിന് വ്യത്യസ്ത പ്രവർത്തന പദ്ധതികളുമായി ലോക രാഷ്ട്രങ്ങൾക്കു രംഗത്തു വരേണ്ടി വന്നു.  കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ തുടങ്ങിവെക്കുകയും  ഇപ്പോഴത്തെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്ത ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയും ദേശീയ ലിറ്ററസി മിഷനും ലക്ഷ്യമിടുന്നത് ഡിജിറ്റൽ  വിഭജനം കുറച്ചുകൊണ്ടുവരലാണ്. നിര്‍ഭാഗ്യവശാല്‍ ആഗോള മഹാമാരിയായ കോവിഡ് ഈദൃശ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ജനതയെ ഡിജിറ്റല്‍ വിഭജനത്തിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ എടുത്തെറിയുകയും ചെയ്തിരിക്കുന്നു.

 

II

കേന്ദ്രഗവണ്‍മെന്റിലെ വിവിധ മന്ത്രാലയങ്ങള്‍ക്കു നയരൂപീകരണത്തിനു സഹായകമായ വിവരങ്ങള്‍ സര്‍വ്വേകളിലൂടെ ശേഖരിച്ചു നല്‍കുന്ന നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ (NSO) ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പുറത്തുവിട്ട വിദ്യാഭ്യാസരംഗത്തെ ഡിജിറ്റല്‍ സൗകര്യങ്ങളെക്കുറിച്ചുള്ള സര്‍വ്വെ റിപ്പോര്‍ട്ട് വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ടു. രാജ്യത്ത്  പത്തുവീടുകളെടുത്താല്‍  ഒന്നിൽ  മാത്രമാണ് ഏതെങ്കിലും ഇനം കംപ്യൂട്ടര്‍ (ഡെസ്‌കടോപ്പ്, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്) ഉള്ളത്. സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളിലൂടെയുള്ള ഇന്റര്‍നെറ്റ് ലഭ്യത  നാലിലൊന്നു വീട്ടില്‍ മാത്രമേ ഉള്ളൂ. ഇന്റര്‍നെറ്റ് ലഭ്യതയുള്ള വീടുകള്‍ 42 ശതമാനവും നഗരങ്ങളിലാണ് . ഗ്രാമീണമേഖലകളിലാകട്ടെ 15 ശതമാനം മാത്രം. ഡിജിറ്റൽ ഉപകരണങ്ങള്‍ ഉപയോഗിക്കാനാറിയുന്നവര്‍ അഞ്ചു വയസ്സിനു മുകളില്‍ 20 ശതമാനവും മുഖ്യ പ്രായ ഗ്രൂപ്പായ 15-29 വയസ്സിനിടയിലുള്ളവരിൽ 40 ശതമാനവും മാത്രമാണ്.

പ്രാദേശികമായുള്ള വികസനപ്രത്യേകതകള്‍ ഡിജിറ്റല്‍ വിഭജനത്തെ കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നു. ഉയര്‍ന്ന ഇന്റര്‍നെറ്റ് ലഭ്യത തലസ്ഥാനഗരിയായ ഡല്‍ഹിയിലാണ് - 55 ശതമാനം. കേരളം,ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ മാത്രമാണ് 50 ശതമാനത്തിനു മുകളില്‍ വരുന്നത്. സൈബർ ഹബ്ബുകളും വന്‍ ടെക്കിസമൂഹമുള്ള കര്‍ണ്ണാടകയും തമിഴ്‌നാടും ഇന്റര്‍നെറ്റ് ലഭ്യതയില്‍ വളരെ പുറകിലാണെന്നത് കൗതുകകരമാണ്-20 ശതമാനം മാത്രം. പത്തിലൊന്നു വീടുകളില്‍ മാത്രം ഇന്റര്‍നെറ്റ് ലഭ്യതയുള്ള ഒഡീഷയാണ് ഏറ്റവും താഴെ.

സാമ്പത്തികസ്ഥിതിയും ഡിജിറ്റല്‍ വിടവ് സൃഷ്ടിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നു. ഡിജിറ്റല്‍ സാക്ഷാരത ശതമാനത്തില്‍ പുറകിലുള്ള ഒഡീഷയില്‍ 63 ശതമാനം സമ്പന്നഗൃഹങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യങ്ങളുണ്ട്. ഗ്രാമീണമേഖലയിലാകട്ടെ ഇത് 2.3 ശതമാനം മാത്രം. ഇന്റര്‍നെറ്റ് ലഭ്യതയിലെ ധനിക-ദരിദ്ര വ്യത്യാസം ഏറ്റവും കുറവ് കേരളത്തിലാണ്. ദരിദ്ര-ഗ്രാമീണ മേഖലകളിലെ 39 ശതമാനത്തിൽ കൂടുതൽ വീടുകളില്‍ ഇന്റര്‍നെറ്റ് ലഭ്യതയുണ്ട്. നഗര-സമ്പന്ന വീടുകളിലാകട്ടെ സൗകര്യം 67 ശതമാനമാണ്. എന്നാല്‍ ആസാം പോലുള്ള സംസ്ഥാനങ്ങളില്‍ അസമത്വം വളരെ വലിയ തോതിലാണ്. 80 ശതമാനം നഗര-ധനിക വിഭാഗത്തിനു ഇന്റര്‍നെറ്റ് ലഭ്യതയുള്ളപ്പോള്‍ 94 ശമാനം ഗ്രാമീണ വിഭാഗങ്ങള്‍ക്കും ഇത് നിഷേധിക്കപ്പെട്ടിരിക്കുന്നു.

ഡിജിറ്റല്‍ വിഭജനം ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ പല തലത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും അവ താഴെ തട്ടിലേക്ക് ഫലപ്രദമായി എത്തിച്ചേര്‍ന്നിട്ടില്ല. കൂനിന്മേല്‍ കുരുവെന്ന പോലെയാണ് കോവിഡിന്റെ പടര്‍ച്ച. ഓണ്‍ലൈന്‍ പഠനത്തിന്റെ ആവശ്യകത വര്‍ദ്ധിച്ച കോവിഡ് കാലം മുന്‍പുതന്നെ ദുര്‍ബലമായ സംവിധാനത്തെ കൂടുതല്‍ പരിക്കേല്പിച്ചിരിക്കുന്നു. രക്ഷിതാക്കള്‍ അഭിമുഖീകരിക്കുന്ന തൊഴില്‍ നഷ്ടവും സാമ്പത്തിക അരക്ഷിതാവസ്ഥയും പ്രാദേശിക ഭരണസംവിധാനങ്ങള്‍ ആരോഗ്യമേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചതും, ഭാവിയെ വാര്‍ത്തെടുക്കന്ന വിദ്യാഭ്യാസരംഗത്തുണ്ടാക്കുന്ന തകര്‍ച്ച ആഴത്തിലുള്ളതാക്കും. മാനവ വിഭവ വികസന മന്ത്രാലയം (MHRD) വിവിധ സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് 2019-20ല്‍ 604 കോടി നീക്കിവെച്ചിടത്ത് 2020-21ല്‍ 469 കോടിയായി കുറച്ചതു്  മറ്റൊരു ആഘാതമാണ്.  

ആഗോള വിജ്ഞാനമേഖലയിലെ സൂപ്പര്‍ പവര്‍  ആയി ഇന്ത്യ മാറുമെന്നാണ് പുത്തന്‍ വിദ്യാഭ്യാസനയം 2020 വിഭാവനം ചെയ്യുന്നത്. ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ മുഖ്യമായെടുക്കുന്ന ഈ പദ്ധതി എങ്ങനെ വിജയം കാണുമെന്നത് ഇപ്പഴെ ആശങ്കയുണര്‍ത്തുന്നു. തുടങ്ങി വെച്ച ദിക്ഷ (DIKSHA), ഇ വിദ്യ, സ്വയംപ്രഭ ടി വി ചാനല്‍, മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സസ്, സ്വയം പോര്‍ട്ടല്‍, ശിക്ഷാവാണി എന്നീ പദ്ധതികളും  ദേശീയ ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനവും കോവിഡില്‍ മുങ്ങിപോയതായാണ് മനസ്സിലാക്കുന്നത്.

III

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡിജിറ്റല്‍ സൗകര്യങ്ങള്‍ കേരളത്തില്‍ കൂടുതലുണ്ടെങ്കിലും സംസ്ഥാനത്തിന്റെ ജീവിത നിലവാരമനുസരിച്ച് ഡിജിറ്റല്‍ അസമത്വം പരിഹരിക്കുന്നതിനു ഇനിയുമേറെ മുന്നേറേണ്ടതുണ്ട്. ഓണ്‍ലൈന്‍ പഠനമാധ്യമത്തിലേക്കുള്ള മാറ്റം അനിവാര്യമായിരുന്നെങ്കിലും അഭികാമ്യമല്ലാത്ത സാമൂഹിക, സാമ്പത്തിക, മാനസിക കുഴപ്പങ്ങള്‍ അതു സൃഷ്ടിച്ചു. മലപ്പുറം ഇരുമ്പളിയം സ്‌കൂളിലെ ഒമ്പതാംക്ലാസ്സുകാരി ദേവികയുടെ ആത്മഹത്യ ഈ കുഴപ്പങ്ങളെക്കുറിച്ചു കേരളീയർക്കു ഉണർന്നു  ചിന്തിക്കാനവസരം നല്‍കി. രണ്ടേമുക്കാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കു ഓണ്‍ലൈന്‍ പഠനസൗകര്യമില്ലെന്നതായിരുന്നു പ്രാഥമിക വിലയിരുത്തൽ.ഡിജിറ്റല്‍ ഉപകരണം വാങ്ങാനുള്ള സാമ്പത്തിക പ്രയാസം, വൈദ്യുതി, ഇന്റര്‍നെറ്റ് ലഭ്യതയില്ലായ്മ, വീടുകളില്‍ ഇരുന്നു പഠിക്കാനുള്ള ഭൗതിക സൗകര്യമില്ലായ്മ, ഇവയെല്ലാം പൊതുവെ വെളിപ്പെട്ടവയാണ്. മാസങ്ങൾ കഴിയുംതോറും കൂടുതൽ വീടുകൾ ഇല്ലായ്മയിലേക്ക വരുന്ന സാഹചര്യമുണ്ട്.ആദിവാസി പിന്നോക്ക മേഖലകളില്‍ ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണ്. കഴിഞ്ഞ പത്തു മാസം മൂന്നാറിലെ രാജമലയില്‍ നിന്ന് കുട്ടികൾ ആറു കിലോമീറ്റര്‍ നടന്ന് ഇരവികുളം പാര്‍ക്കിലെത്തിയാണ്   പഠനം നടത്തിയത്. ശക്തമായ മഴയിലും കാറ്റിലും കണക്ഷൻ നഷ്ടമാകുന്ന നിരവധി അനുഭവങ്ങളുണ്ട്. സാര്‍വ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസമെന്നത് വരുംകാലത്ത് വലിയൊരു വിഭാഗത്തിനു കിട്ടാക്കനിയാകാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഒഴിവാക്കേണ്ടിയിരിക്കുന്നു.

ഇന്റര്‍നെറ്റ് അധിഷ്ഠിത സാങ്കേതികവിദ്യകളുടെ വ്യാപനം രാഷ്ട്രങ്ങളുടെ  ആഭ്യന്തര ഉല്പാദനത്തിൽ (GDP)  വര്‍ദ്ധയുണ്ടാക്കുമെന്ന ലോകബാങ്കിന്റെ മുന്നറിയിപ്പ് ഗൗരവത്തോടെ കാണേണ്ടതുണ്ടു്. സ്ത്രീകൾക്കിടയിലെ ഡിജിറ്റൽ നിരക്ഷരത സമൂഹത്തില്‍ അവരുടെ ഇടപെടല്‍ശേഷി കുറക്കുമെന്നതും  ആശങ്കയുണര്‍ത്തുന്ന വസ്തുതയാണ്. ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 2019ലെ റിപ്പോര്‍ട്ടില്‍ നഗരങ്ങളില്‍ 33 ശതമാനവും ഗ്രാമങ്ങളില്‍ 28 ശതമാനവും സ്ത്രീകള്‍ക്കു മാത്രമേ മൊബൈല്‍ സൗകര്യമുള്ളൂ. പുരുഷന്മാര്‍ക്കാകട്ടെ ഇത് യഥാക്രമം 67 ശതമാനവും 72 ശതമാനവുമാണ്. വിദ്യാഭ്യാസം , ആരോഗ്യം, വ്യാപാരം തുടങ്ങി ദൈനംദിന ജീവിത രംഗത്ത് ഓണ്‍ലൈന്‍ സാങ്കേതികവിദ്യ ഒഴിവാക്കാനാവില്ല.ഇവിടെയെല്ലാം ഡിജിറ്റല്‍ സാക്ഷരതയില്ലാത്തവര്‍ വഴിയില്‍ വീണുപോവുകയോ ഉപേക്ഷിക്കപ്പെടുകയോ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് വികസിത സമൂഹത്തിന്റെ ബാധ്യതയാണ്.

മൊബൈല്‍ ഫോണ്‍, ടി.വി., കംപ്യൂട്ടറുകള്‍ വാങ്ങി നല്‍കല്‍ പോലുള്ള ജീവകാരുണ്യ 'സേവന പ്രവൃത്തികള്‍ നല്‍കുന്ന താത്ക്കാലിക പരിഹാരങ്ങള്‍ക്ക് പുറത്തേയ്ക്ക് ദൃഷ്ടി പായിക്കേണ്ടതുണ്ട്. സര്‍ക്കാര്‍-സ്വകാര്യ സംരംഭങ്ങളിലൂടെ ഇന്റര്‍നെറ്റ് ലഭ്യത അടിയന്തിരമായി ഉറപ്പുവരുത്തുകയാണ് ആദ്യപടി.  കെ -ഫോൺ പദ്ധതി വിസ്മരിക്കുന്നില്ല. വിദ്യാഭ്യാസത്തിനുള്ള അവകാശത്തിൽ   ഇന്റര്‍നെറ്റ്, പഠനോപകരണ ലഭ്യത കൂടി ഉള്‍പ്പെടുത്തി നയരൂപീകരണവും പ്രാവര്‍ത്തികമാക്കലും വേണം.

ഓൺലൈൻ പഠനം ഉറപ്പാക്കാൻ അയൽപക്ക പഠനകേന്ദ്രങ്ങൾ എന്ന സർക്കാർപദ്ധതി സ്വാഗതാർഹമാണ്. മുഖാമുഖമുള്ള അധ്യയന രീതി തിരിച്ചു വന്നാലും ഡിജിറ്റൽ പoന സമ്പ്രദായം മേൽക്കൈ നേടാനാണു സാധ്യത. വിജ്ഞാന സമൂഹത്തിലേക്കുള്ള പരിവർത്തനത്തിൽ അരികുവത്ക്കരണം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ആവശ്യമാണ്.

ഇവക്കെല്ലാം  പശ്ചാത്തലമൊരുക്കും വിധം സമൂഹത്തിലെ ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കണം. ഐടി മിഷനും സാക്ഷരതാ മിഷനും ചേര്‍ന്നു കഴിഞ്ഞ വർഷമാദ്യം തുടങ്ങിവെച്ച  പ്രവര്‍ത്തനം കോവിഡ് വ്യാപനത്തിനു ശേഷം എന്തായെന്നറിയില്ല. ഇന്ത്യക്കും ലോകത്തിനു തന്നെയും മാതൃകയായ തൊണ്ണൂറുകളിലെ സാക്ഷരതായജ്ഞം പോലെ ഒരു ബഹുജനമുന്നേറ്റത്തിനു സമയമായിരിക്കുന്നു. സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും ബഹുജന പ്രസ്ഥാനങ്ങളും കൈകോര്‍ത്തു  ഡിജിറ്റല്‍ സാക്ഷരതായജ്ഞത്തിനു തുടക്കം കുറിക്കണം. ഈ സന്ദിഗ്ധസന്ധിയില്‍ മടിച്ചു നിന്നിട്ടു കാര്യമില്ല.;കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ നിലവാരത്തിന് അനുസൃതമായി  ഡിജിറ്റല്‍ സാങ്കേതികതയെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. 

 

മുഖ്യ കടപ്പാട്: India Report Digital Education-2020 - Launched by Ministry of Human Resource Development]

(ലേഖകൻ കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി  മുൻ രജിസ്ട്രാർ ആണ് )

 

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 3

  • ധനജ്ഞയൻ കെ മച്ചിങ്ങൽ

    22/Jul/2021 [04:53-pm]

    വിജ്ഞാന സമൂഹനിർമിതിക്ക് തടസം നിൽക്കാൻ പോകുന്ന ഒരു വസ്തുത ഡിജിറ്റൽ വിഭജനമായിരിക്കും. കെ ഫോൺ പരിപൂർണ്ണമായും നിലവിലിൽ വന്നാലും ഉപകരണങ്ങൾ സ്വായത്തമാക്കാൻ കഴിയാത്ത സാധാരണ ജനങ്ങൾ ഡിജിറ്റൽ വിഭജനത്തിന്റെ ഇരകളായി തന്നെ കഴിയേ ണ്ടതായി വരും. സർക്കാർ മുൻ കൈ എടുത്ത് ഇതിനൊരു പരിഹാരം കാണേണ്ടതായി വരും. വി

  • വി.എസ്.അനിൽകുമാർ

    22/Jul/2021 [04:16-pm]

    മോദി സർക്കാർ ജന നന്മ ഉദ്ദേശിച്ച് എന്തോ ചെയ്യാൻ പോയി എന്നും കോവിഡ് അതിനെ തടസ്സപ്പെടുത്തി എന്നുമുള്ള ഭാഗമൊഴിച്ചാൽ അറിവു നൽകുന്ന ലേഖനം