SUBSCRIBE


കവർസ്റ്റോറി

or
Author


24th February | Issue 95

ഹിജാബ്: 'മറ'യ്ക്കപ്പുറവും ഇപ്പുറവും


ഇസ്സ അഹ്‌സൻ

മുസ്ലിംസ്ത്രീയുടെ അടിസ്ഥാനാനുഭവമായി മുഖ്യധാര പലപ്പോഴും ആഘോഷിക്കുന്നത് ഇത്തരം കഥകളാണ്. പ്രാകൃത സംസ്കാരത്തിൽ നിന്നു രക്ഷ നേടി പരിഷ്കൃത പടിഞ്ഞാറിനൊപ്പം ഇട കലർന്ന മുസ്ലിംസ്ത്രീകളാണ് ഇത്തരം കഥകളിൽ ഇടംപിടിക്കുന്നത്. അല്ലെങ്കിൽ, മുസ്ലിംസ്ത്രീയെ വരച്ചിടുന്നത് മതേതര ഇന്ത്യാബോധത്തെ നിർണയിക്കുന്നതും ബ്രാഹ്മണിക്കൽ ഹിന്ദു രാഷ്ട്രത്തെ പ്രീതിപ്പെടുത്തുന്നതുമായ ഏകതാന ദുർബലസംഘമായാണ്. എന്നാലോ, പല മുസ്ലിം പുരുഷന്മാരും തങ്ങളുടെ മതത്തെ രക്ഷിക്കാനും സ്വയമിങ്ങനെ ചിത്രീകരിക്കപ്പെടുന്നതിൽ നിന്ന് രക്ഷ നേടാനും ഇതിനെ തിരിച്ചും വാദിക്കുന്നു.

image_src


പൊതുജനമധ്യേ 'ദൈവ'ത്തെക്കുറിച്ച് ഞാൻ സംസാരിക്കാറില്ല. എനിക്കവളോടുള്ള പ്രണയം തന്നെയാണ് കാരണം. എന്റെ വാക്കുകളുടെ ചാപല്യം അവളുടെ പരിശുദ്ധിക്ക് കളങ്കമേൽപ്പിക്കുമോ എന്ന ഭയമാണ് കൂടുതൽ സംസാരിക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്നത്. പ്രയാസമേറെയാണ് അവളെ കണ്ടെത്താൻ.  അപ്രതീക്ഷിതമായ ഇടങ്ങളിലാണ് പലരുമവളെ കണ്ടെത്തുന്നത്. ചിലർ അറിവിലൂടെ കണ്ടെത്തുമ്പോൾ, മറ്റുചിലർ പുസ്തകങ്ങളിൽ തിരയുന്നു. സംഗീതവും നൃത്തവും ദൈവത്തിൽ അഭിരമിക്കാനുള്ള അവസരമാണ് ചിലർക്ക്. വേറെ ചിലർക്ക് മറ്റു കലാരൂപങ്ങൾ ദൈവസൌന്ദര്യത്തിന്റെ വിരുന്നൊരുക്കുന്നു. നിലനിൽപ്പിനുവേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളിൽ ദൈവഹിതത്തെ കാണുന്നു ചിലർ. എന്നാൽ, എന്നെപ്പോലെ ചിലർ തകർന്ന ഹൃദയങ്ങളിലാണ് അവളെ കണ്ടെത്തുന്നത്.

ഈയൊരെഴുത്തിൽ ഞാനെന്തുകൊണ്ടാണ് കൂടുതൽ ശ്രദ്ധവെക്കുന്നുവെന്നത് തീർത്തും സ്വാഭാവികചോദ്യമാണ്. അന്വേഷണത്തിന്റെ, കണ്ടെത്തലിന്റെ ഈ യാത്രയിൽ പ്രയാസമേറെയാണ്. അവളോടൊപ്പം ജീവിച്ചുതീർത്ത പ്രതിസന്ധികളുടെ, തിരിച്ചറിവിന്റെ, സ്വയം സന്ദേഹത്തിന്റെ, നിഷേധത്തിന്റെ, സ്വീകരണത്തിന്റെ, വേർപെടലിന്റെ, തുടങ്ങി ക്രമാനുഗതമായ സൌഹൃദത്തിന്റെയുമെല്ലാം കഥകൾ ഇവിടെ ഇടകലർന്നുവരുന്നുണ്ടൊരുപാട്. അത് എഴുത്തിനിരിക്കും മുമ്പ് ഒരായിരം തവണ എന്നെ ചിന്തിപ്പിക്കുന്നു. ആയതുകൊണ്ടുതന്നെയാണ്, ചിലർ ഹൃദയത്തോട് ചേർത്തിയും മറ്റുചിലർ ദൂരേക്കു മാറ്റിയും - അക്ഷരാർഥത്തിലും ആലങ്കാരികമായും- കണ്ട ഹിജാബിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഞാൻ കൂടുതൽ സൂക്ഷ്മത പുലർത്തുന്നത്.   

അറബ് ഭാഷാനിഘണ്ടുവിൽ ‘മറ', 'തടസ്സം' തുടങ്ങി വിശാലാർഥങ്ങളുള്ള ഹിജാബ് എന്ന പദത്തിന് സമകാലീനോപയോഗം കേവലമായ ശിരോവസ്ത്രം എന്നർഥം മാത്രമാണ് നൽകിപ്പോരുന്നത്. സാങ്കേതികാർഥത്തിൽ, മുസ്ലിംസ്ത്രീകൾക്ക് ദൈവം നിർബന്ധമാക്കിയ ശിരോവസ്ത്രം എന്നർഥത്തിൽ ഹിജാബിനെ സംവാദാത്മകമായി വായിക്കുന്ന ഒരു വിഭാഗമുണ്ടവിടെ. അതേസമയം തന്നെ, ശിരോവസ്ത്രം എന്നതിനപ്പുറം ആ പദത്തെ കാണുന്നവരുമുണ്ട്. തല മറക്കാതെയും അടക്കം, വിനയം വസ്ത്രധാരണത്തിൽ കൊണ്ടുവരാമെന്നു വാദിക്കുന്ന മറ്റൊരു വിഭാഗവും സംവാദവേദിയിലുണ്ട്. ഇത്തരത്തിൽ, സംവാദസാധ്യതയേറിയ ഒരു പദമായതിനാൽ, ഞാനിവിടെ ഹിജാബ് എന്ന പദത്തിനെ ഇറ്റാലിക്സിലും ശിരോവസ്ത്രം, മൂടുപടം എന്ന രീതിയിലും മാറിമാറി ഉപയോഗിക്കുന്നു. ആയതിനാൽ, ഈയൊരു വസ്ത്രശകലം പലർക്കും പല അർഥമാണ് തുറന്നുവെക്കുന്നത്. അത്രമേൽ വിശാലാർഥമുള്ളൊരു പദത്തെ ഒരൊറ്റ ആശയത്തിലേക്ക് ചുരുക്കുന്നത് മുസ്ലിംസ്ത്രീകളെയാകെ ഏകതാനമായ ഒന്നായി മനസ്സിലാക്കലാണ്. അത്, ഹിജാബികളും അല്ലാത്തവരുമായ മുസ്ലിംസ്ത്രീകളുടെ ജീവിതാനുഭവത്തെ നിരാകരിക്കലും തിരസ്കരിക്കലുമാണ്.

ഹിജാബ് നിരോധനത്തിനെതിരെ വിദ്യാർഥി സമരം നടക്കുന്ന ഉഡുപ്പിയിലാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ ഏഴുകൊല്ലം കഴിച്ചുകൂട്ടിയത്. പിന്നീടുള്ള എന്റെ പതിനേഴുവർഷം ഞാൻ തീർത്തത്, കേരളത്തിലെതന്നെ മുസ്ലിംജനസംഖ്യയേറെയുള്ള കോഴിക്കോട് നഗരത്തിലും. ഹിജാബിന് വളരെ പ്രാധാന്യമുള്ള രണ്ടിടങ്ങൾ; ഞാൻ വളർന്നതോ അവിടെങ്ങളിലും. എന്റെ ഉമ്മ അത് ധരിച്ചിരുന്നു, വല്ലിമ്മയും. കസിൻസും അവരുടെ ബന്ധുക്കളും അതണിയാറുണ്ട്. എന്റെ പല ബന്ധുക്കളും നിഖാബും ധരിച്ചിരുന്നു (മുഖംമൂടുന്ന മൂടുപടം). ചുറ്റിലും തലമറച്ച സ്ത്രീകളെ കണ്ട് ശീലമായതിനാൽ തന്നെ, എല്ലാ മുസ്ലിംസ്ത്രീകളെയും ശിരോവസ്ത്രത്തോട് ചേർത്താണ് ഞാൻ മനസ്സിലാക്കിയിരുന്നത്. കുട്ടിയായിരുന്നപ്പോൾ, ഹിജാബ് ധരിക്കാത്ത ഒരു സ്ത്രീയെ കണ്ടപ്പോൾ എന്തുകൊണ്ട് നിങ്ങളത് ധരിക്കുന്നില്ല എന്നുവരെ ഞാൻ ചോദിച്ചിരുന്നു. എനിക്കിഷ്ടമില്ലാത്തതുകൊണ്ടാണെന്ന് അവരെന്നോട് മറുപടിയും പറഞ്ഞു. ഹിജാബിനെ ഇഷ്ടപ്പെടാതിരിക്കുകയെന്നത് എനിക്ക് തീർത്തും അപരിചിതവും പുതിയതുമായ ഒരു ചിന്തയായിരുന്നു.

എനിക്കറിയാവുന്ന മുസ്ലിം സ്ത്രീകളെല്ലാം തലമറക്കുന്നവരായിരുന്നു. മറ്റാരും പറയാതെ തന്നെ എന്റെ മുതിർന്ന സഹോദരിയും ഈ ശീലം ഏറ്റെടുത്തു. സിഖ് തലപ്പാവ് പോലെയോ, പൊട്ട് പോലെയോ ഉള്ള ആചാരപരവും സാംസ്കാരികവുമായ ശീലം മാത്രമായിരുന്നു ഇതെനിക്ക്. ചുറ്റുമുള്ളവർ ശീലിച്ചുപോന്ന കാര്യം പിന്തുടരുകയെന്ന, ഞാനടക്കമുള്ളവർ ചെയ്യേണ്ടിയിരുന്ന, വളരെ സ്വാഭാവികമായ കാര്യമായിരുന്നു അവളന്ന് ചെയ്തത്. പക്ഷെ, രസകരമായ കാര്യം, ഞാനത് പിന്തുടർന്നിരുന്നില്ലെന്നതാണ്.

അങ്ങനെ ഹിജാബിയല്ലാതെയാണ് ഞാൻ വളർന്നത്. എന്റെ മുതിർന്ന സഹോദരിമാരും എന്റെ കസിൻസും അവരുടേതായ കാരണങ്ങളാൽ ക്രമേണ ഹിജാബ് അണിയാതെയായി. അതോടെ കാര്യങ്ങൾ മാറിത്തുടങ്ങി. ഞങ്ങളുടെ വീട്ടകങ്ങളിൽ പക്ഷെ, അതത്ര വലിയ പ്രശ്നമായിരുന്നില്ല. സമൂഹനിഷ്കർഷകളിൽ നിന്നും വിലയിരുത്തലുകളിൽ നിന്നും ഞങ്ങളുടെ വീട്ടകം പണ്ടേ സുരക്ഷിതമായിരുന്നു. എന്റെ ഉമ്മ അത് ധരിക്കാൻ എന്നെ നിർബന്ധിച്ചതുമില്ല. അതേക്കുറിച്ച് നന്നായി വായിക്കുകയെന്നതായിരുന്നു ഉപ്പയുടെ ഒരേയൊരുത്തരം. എന്നാലോ, വീടിനുപുറത്ത് ഞങ്ങൾ തീർത്തും ചിന്താക്കുഴപ്പത്തിലായിരുന്നു. പിതൃ-മാതൃ സഹോദരീ സഹോദരന്മാർ, അവരുടെ മാതാപിതാക്കൾ, അയൽക്കാർ, സുഹൃത്തുക്കൾ, അപരിചിതർ അങ്ങനെ തുടങ്ങി എല്ലാവരും ആശ്ചര്യത്തോടെയും ഒരുതരത്തിൽ വെറുപ്പോടെയും ചോദിച്ചിരുന്ന ഒരേയൊരു ചോദ്യം, "നിന്റെ തട്ടമെവിടെ?”യെന്നതായിരുന്നു. വളരെ വ്യത്യസ്തമായ ഒരു സംസ്കാരത്തിലാണ് എന്നെ പഠിപ്പിച്ച് വളർത്തിയതെന്നായിരുന്നു, എന്നെ നോക്കി ആശ്ചര്യപ്പെടുന്ന തങ്ങളുടെ മാതാപിതാക്കളുടെ ചോദ്യത്തിന് സഹപാഠികൾ നൽകിയ ഉത്തരം. എന്റെ ഉമ്മയുടെ കുടുംബത്തിന്റെ നാടായ, അതുവരെ അവർ കേട്ടിട്ടില്ലാത്ത, ഉഡുപ്പിയിൽ ഞാൻ പിറന്നതുകൊണ്ടെത്രെ അങ്ങനെയൊരു സംസ്കാരം അവളെ സ്വാധീനിച്ചത്. സത്യത്തിൽ, ആ നാടിന് എന്റെ ശിരോവസ്ത്രവുമായോ വസ്ത്രധാരണാരീതിയുമായോ ഒരു ബന്ധവുമില്ലെന്നതാണ് യാഥാർഥ്യം. സ്കൂൾ കാലം കഴിഞ്ഞ് കോളേജ് കാലം വന്നപ്പോഴേക്കും ഞങ്ങളെ കുപ്രസിദ്ധരാക്കാൻ മാത്രം വലുതായിരുന്നു ഞങ്ങളുടെ വസ്ത്രധാരണാരീതി; ഒരർഥത്തിൽ എല്ലാവരെയും വിലയിരുത്താനും സ്വയം വലുതാവാനും സ്പേസൊരുക്കുന്ന വിധം സോഷ്യൽമീഡിയയുടെ ഒരു കാലം കൂടിയായിരുന്നവത്.

ഈ കുപ്രസിദ്ധി ഇല്ലാതാക്കാനും ഉപ്പാപ്പ-ഉമ്മാമ്മമാരെയും മറ്റു ബന്ധുക്കളെയും അസ്വസ്ഥരാക്കാതിരിക്കാനും കുടുംബക്കാർ നിർദ്ദേശിച്ച ഒരോയൊരു വഴി ഇത്തരത്തിലുള്ള വസ്ത്രധാരണരീതി ഒഴിവാക്കലായിരുന്നു. കുടുംബസന്ദർശനങ്ങളിൽ തട്ടമോ ഷാളോ ധരിക്കുക, വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ പൊട്ടിടാതിരിക്കുക, നിഖാബ് ധാരികളായ ബന്ധുക്കൾക്ക് വേണ്ടി ചിലപ്പോഴെങ്കിലും പർദ്ദ ധരിക്കുകയെന്നതെല്ലാം ഇതിൽ പെടും. പ്രയാസപ്പെട്ടുള്ള ഈ ഇരട്ടജീവിതവും ഒടുക്കം പരാജയത്തിലാണ് കലാശിച്ചത്. ഞങ്ങളല്ലാത്ത മറ്റെന്തോ ആവാൻ ഞങ്ങളെ നിർബന്ധിക്കാതിരുന്ന, ഞങ്ങളെ അത്രമേൽ മനസ്സിലാക്കിയിരുന്ന ഞങ്ങളുടെ വീട്ടിനുള്ളിലെ സാഹചര്യമായിരിക്കാം ഒരുപക്ഷെ അതിന്റെ കാരണം. പലപ്പോഴും ഇതിന്റെ എല്ലാ ബാധ്യതയും ഞങ്ങളുടെ മാതാപിതാക്കളുടെ മേലാണ് വന്ന് പതിച്ചത്. ഞങ്ങളെക്കുറിച്ചുള്ള ആശങ്കയും പേടിയും അവരുടെ അടുക്കലാണ് വന്നുചേരാറ്. ഞങ്ങളെന്തുകൊണ്ടിങ്ങനെയായി എന്നാരാഞ്ഞുകൊണ്ട് ഉപ്പാക്ക് വരുന്ന നിരന്തര ഫോൺ കോളുകൾ, അടക്കമില്ലാത്തവരും അനിസ്ലാമികരുമായ രണ്ടു പെൺകുട്ടികൾക്ക് ജന്മം നൽകിയ നിർഭാഗ്യവതിയായ ഉമ്മയോടുള്ള സഹതാപം തുടങ്ങിയവ അതിന്റെ വലിയ ഉദാഹരണങ്ങളാണ്. അങ്ങനെയൊരു ജീവിതം നയിക്കാൻ ഞങ്ങളെ അവർ പഠിപ്പിച്ചിരുന്നില്ലെന്നതാണ് അത്തരമൊരു ഇരട്ടജീവിതം നയിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെടാനുണ്ടായ കാരണവും. അങ്ങനെ, ഇസ്ലാമുമായി ബന്ധപ്പെട്ടതെന്തും വെറുപ്പോടെ കണ്ടിരുന്നവർ ഞങ്ങളെ ആഘോഷമാക്കാൻ തുടങ്ങി. അതേസമയം തന്നെ, സ്വർഗകവാടം തങ്ങളുടെ ഉള്ളംകൈകളിൽ കൊണ്ടുനടന്നിരുന്നവർ ഞങ്ങളെ കൂടുതൽ വെറുക്കാനും തുടങ്ങി. 

ശിരോവസ്ത്രത്തെ ദൈവകൽപനയായി കണ്ട് ജീവിതത്തിൽ ശീലമായി കൊണ്ടുനടക്കുന്ന മുസ്ലിംസ്ത്രീകൾ, അത് ഒഴിവാക്കുന്നത് പാപമായി കാണുന്നു. അതേസമയം, ചിലരെങ്കിലും, ഇസ്ലാമിനെ വിട്ടേച്ചുപോകാനുള്ള കാരണമായി കാണുന്നത് ഹിജാബിനെ അനിവാര്യമാക്കിയതിനാലാണത്രേ. സ്ത്രീ വിരുദ്ധരായ മുസ്ലിം പുരുഷ വിഭാഗത്തിന്റെ അധികാരപ്രയോഗമായി ഹിജാബിനെ അടയാളപ്പെടുത്തുന്ന ഇവർ, വർണസ്വാതന്ത്ര്യം ശരിയായ വിധത്തിൽ സമൂഹത്തിൽ കൊണ്ടാടപ്പെടുന്നുവെങ്കിൽ, ഹിജാബവർക്ക് സ്വാഗതാർഹമാവില്ലെന്നും വിശ്വസിക്കുന്നു. അഥവാ, ഇനി അങ്ങനെയൊരു തെരഞ്ഞെടുപ്പ് സാധ്യമാണെങ്കിൽ തന്നെ, അതവരുടെ മിഥ്യാധാരണയാമെന്നും അവർ വിശ്വസിക്കുന്നു. മുഖ്യധാരാ മതേതര ലിബറലിന് (ബ്രാഹ്മണിക്കൽ എന്നു വായിക്കാം) താൽപര്യം രണ്ടാമത്തെ കൂട്ടരോടാണ്. ഇത് തങ്ങളുടെ പണ്ടേയുള്ള മുസ്ലിംവിരോധത്തെ ഊട്ടിയുറപ്പിക്കാൻ സഹായകമാവുന്നു എന്നതാണ് ആദ്യത്തെ കാരണം. കൂടാതെ, പുരുഷാധിപത്യത്തിന്റെ പൂർണോത്തരവാദിത്തം  മുസ്ലിംപുരുഷന് ചാർത്തിക്കൊടുക്കാനുള്ള വലിയൊരവസരവുമാണവർക്ക് വന്നുചേർന്നിട്ടുള്ളത്. അതവർക്ക്, ഏറെ ആശ്വാസ്യവുമാണ്. എന്നാലോ, സ്വയം എക്സ്-മുസ്ലിം എന്നു പേരിട്ടുവിളിക്കുന്ന എല്ലാ മുസ്ലിംസ്ത്രീകളും ഈയൊരു മുസ്ലിംവിരുദ്ധ മതേതരർക്കൊപ്പമോ വലതുപക്ഷവിഭാഗത്തിനൊപ്പമോ ആണെന്നു വാദിക്കുന്നത് തീർത്തും തെറ്റാവും. കാരണം, ഇങ്ങനെയുള്ളവർ ഇസ്ലാം വിരോധികളായത് ഹിംസാത്മകവും പുരുഷകേന്ദ്രിതവുമായ സ്ഥാപനവത്കൃത മതാനുഷ്ഠാനത്തിന്റെ ഇരകളായതിനാലാണ്. സ്ത്രീവിരുദ്ധമായ പുരുഷവൈരാഗ്യത്തോടുള്ള തീരാത്ത വെറുപ്പായിരുന്നു അവർക്ക്. പുരുഷന്റെ കായികവും മാനസികവുമായ ആക്രമണപരതയിൽ നിന്നുള്ള വിടുതലുമായിരുന്നു അവർക്കീ മതനിരാസം.                       

മുസ്ലിംസ്ത്രീയുടെ അടിസ്ഥാനാനുഭവമായി മുഖ്യധാര പലപ്പോഴും ആഘോഷിക്കുന്നത് ഇത്തരം കഥകളാണ്. പ്രാകൃത സംസ്കാരത്തിൽ നിന്നു രക്ഷ നേടി പരിഷ്കൃത പടിഞ്ഞാറിനൊപ്പം ഇട കലർന്ന മുസ്ലിംസ്ത്രീകളാണ് ഇത്തരം കഥകളിൽ ഇടംപിടിക്കുന്നത്. അല്ലെങ്കിൽ, മുസ്ലിംസ്ത്രീയെ വരച്ചിടുന്നത് മതേതര ഇന്ത്യാബോധത്തെ നിർണയിക്കുന്നതും ബ്രാഹ്മണിക്കൽ ഹിന്ദു രാഷ്ട്രത്തെ പ്രീതിപ്പെടുത്തുന്നതുമായ ഏകതാന ദുർബലസംഘമായാണ്. എന്നാലോ, പല മുസ്ലിം പുരുഷന്മാരും തങ്ങളുടെ മതത്തെ രക്ഷിക്കാനും സ്വയമിങ്ങനെ ചിത്രീകരിക്കപ്പെടുന്നതിൽ നിന്ന് രക്ഷ നേടാനും ഇതിനെ തിരിച്ചും വാദിക്കുന്നു. തങ്ങളുടെ സമുദായത്തിൽ സ്ത്രീവിരുദ്ധവും ഹിംസാത്മകവുമായ പ്രവൃത്തികൾ ഉണ്ടെന്ന വാദത്തെ നിഷേധിക്കാൻ ന്യായീകരണങ്ങൾ ചമയ്ക്കുന്നു. അതിനായവർ പുരുഷാധിപത്യത്തെ തന്നെ മുതലാളിത്ത പാശ്ചാത്യഭാവനയാക്കി അടയാളപ്പെടുത്തുന്നു. അതുവഴി, പുരുഷാധിപത്യത്തിന്റെ ഉത്തരവാദിത്തം   പരസ്പരമാരോപിക്കുന്ന ഈ കളിയിൽ, മോണ എൽതഹാവിയെ ഉദ്ധരിച്ച് പറഞ്ഞാൽ, മുസ്ലിം സ്ത്രീ ചെകുത്താനും കടലിനുമിടയിലാണ്. ഈ രണ്ടു വിഭാഗവും കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് തങ്ങളിലേക്കാണ്. മറിച്ച്, മുസ്ലിംസ്ത്രീകളിലേക്കല്ല. അവരുടെ വർത്തമാനം ഞങ്ങളെ (മുസ്ലിം സ്ത്രീകൾ) പറ്റിയാണ്, അവരുടെ വാഗ്വാദങ്ങളും. എന്നാൽ, അവിടെ പോരടിക്കുന്നത് അവർ തമ്മിലാണ്. ഞങ്ങളതിന്റെ ഓരത്തുപോലുമെത്താറില്ല. മറക്കുന്നതും മറക്കാത്തതുമായ ഞങ്ങളുടെ ശരീരങ്ങൾ അനന്തമായ അവരുടെ സംവാദങ്ങൾക്കുള്ള യുദ്ധക്കളമാകുന്നു. ആത്യന്തികമായി, ഈ രണ്ടിടങ്ങളും പുരുഷാധിപത്യപരമാണ്. ആയതുകൊണ്ടുതന്നെ, അങ്ങനെയാണവ പ്രവർത്തിക്കുന്നതും. 

യഥാർഥത്തിൽ, ഈ ബഹളങ്ങൾക്കിടയിൽ നഷ്ടമായിപ്പോകുന്നത്, മുസ്ലിംസ്ത്രീകളെന്ന നിലയ്ക്ക് മൂടുപടത്തെ, അതിന്റെ ചരിത്രപരവും സാമൂഹ്യശാസ്ത്രപരവും ആത്മീയപരവുമായ സൌന്ദര്യത്തെ അന്വേഷിക്കാനുള്ള തുറന്ന സ്വാതന്ത്ര്യമാണ്. ശിരോവസ്ത്രം, പ്രാർഥന, വിശുദ്ധ ഖുർആൻ തുടങ്ങി മതത്തിന്റെ ഏത് ഘടകങ്ങളെയും കുട്ടിക്കാലത്ത് അനുഭവിച്ച അരോചകമായ മതകീയാനുഭവങ്ങൾ മൂലം ഭീതിയോടെ നോക്കിക്കാണുകയും ദൈവമെന്ന പദത്തോട് വരെ സൌഹൃദം വെക്കാൻ ഭയപ്പെട്ടിരുന്നവരുമായ ഒരുപാട് മുസ്ലിംസ്ത്രീകളെ എനിക്കറിയാം. ഇവിടെ, ദൈവത്തിന് അവൾ എന്ന സർവ്വനാമം ഉപയോഗിക്കാനുള്ള എന്റെ ശ്രമം പോലും ദുർബലമാണ്. ഉപദ്രവകാരിയും ഭീതിപ്പെടുത്തുന്നവനുമായ പുരുഷാധികാരശക്തിക്കെതിരെയുള്ള തീർത്തും ദുർബലമായ ഒരു ചെറിയ ശ്രമം. ദൈവം സ്ത്രീയാണെന്നോ (ദൈവത്തിന് ലിംഗമില്ല) അല്ലെങ്കില്‍ എല്ലാവരും ദൈവത്തെ അവള്‍ എന്ന് അഭിസംബോധന ചെയ്യണമെന്നോ എന്നൊന്നുമല്ല ഞാന്‍ വാദിക്കുന്നത്. മറിച്ച്, സ്ത്രീലിംഗത്തോട് ചേർത്ത് ഞാനവളെ വായിക്കുമ്പോൾ അവളെനിക്ക് കാരുണ്യവും സ്നേഹവുമായി പരിവർത്തനപ്പെടുന്നു. ഞാനിവിടെ പറയുന്നത് എന്റെ അനുഭൂതിയെപ്പറ്റി മാത്രമാണ്. എന്നിലുള്ള എന്റെയുള്ളിൽ സദാ നിലനിൽപുള്ളവളാണവൾ. അങ്ങനെയാണ് ഞാനവളെ അനുഭവിക്കേണ്ടതും.

ശിരോവസ്ത്രം ധരിക്കുന്നത് വലിയ കാര്യമായെടുക്കാതെയോ, അല്ലെങ്കിൽ വളരെ ആവേശത്തോടെ ധരിക്കുകയോ ചെയ്യുന്ന ഒരുപാട് പേരെ എനിക്കറിയാം. എന്നാൽ, അധികാരശബ്ദം അവരുടെ നേരെ കൈചൂണ്ടിക്കൊണ്ട് യുക്തി പ്രയോഗിക്കുമ്പോൾ, ആ നിമിഷം തന്നെ അവരിൽ പ്രതിഷേധം ഉടലെടുക്കുന്നു, അതുവഴി, അവർ തട്ടത്തെ വലിച്ചെറിയാൻ വരെ മുതിരുന്നു. അതേസമയം തന്നെ, ഹിജാബ് ധരിക്കാതെ വളർന്ന ചിലർ, പരസ്യമായി മുസ്ലിംസ്ത്രീകളുടെ ഹിജാബ് ഭരണകൂടങ്ങൾ വലിച്ചൂരിയതിന്റെ പ്രതിഷേധമെന്നോണം ഹിജാബ് അണിഞ്ഞ ഒരുപാട് പേരെയും എനിക്കറിയാം. രാഷ്ട്രീയപ്പോരാട്ടങ്ങളിലാണവർ ദൈവത്തെ കണ്ടെത്തുന്നത്. തങ്ങളുടെ സ്വത്വത്തെ കണ്ടെത്താനും അത് തിരിച്ചുപിടിക്കാനുള്ള സമരങ്ങളിലുമാണവർ. ഉപ്പമാർ പറഞ്ഞതുകാരണം അത് ധരിച്ച മറ്റുചിലരുണ്ടവിടെ. ഒടുക്കം, ഭർത്താവ് പറഞ്ഞതുകാരണം അവരതുപേക്ഷിക്കുന്നു. നിങ്ങൾക്കെന്താണ് വേണ്ടതെന്ന് ചോദ്യത്തിന്, "അവർക്കെന്താണോ വേണ്ടത്, അത്", എന്നുത്തരം നൽകുന്നു അവർ. അവിടെ ദൈവത്തിന് പുരുഷരൂപം കൈവരുന്നു. എന്നാൽ, സ്ത്രീരൂപം, കൂടുതലൊന്നും ആലോചിക്കാതെ തന്റെ തന്നെ നിലനിൽപിനുള്ള വഴി തേടുകയാണ്. എന്റെ സുഹൃദ് വലയങ്ങളിലും കൂട്ടുകാരിലും ഇരട്ടവേഷമണിയുന്ന ഒരുപാടുപേരുണ്ട്, വീടകത്ത് ഹിജാബണിയുമ്പോൾ, പുറമേക്ക് അവർ ഹിജാബണിയാതെയിരിക്കുന്നു. കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടുന്ന ബഹിഷ്കരണമാണ് ഇത്തരത്തിൽ ഇരട്ടവേഷമണിയുന്നതിലൂടെ നമ്മളനുഭവിക്കുന്ന വേദനയെങ്കിൽ, മറ്റുപലർക്കും, മാനസികവും ശാരീരികവുമായ പീഡനങ്ങൾ വരെ സഹിക്കേണ്ടിവരുന്നു. വിദ്യാഭ്യാസ നിഷേധവും നിർബന്ധിത കല്യാണവും വരെ ഇത് കാരണം അനുഭവിക്കേണ്ടിവരുന്നു. 

ഇത്തരത്തിൽ ഒരുപാട് വേദനകൾ മുസ്ലിംസ്ത്രീകളനുഭവിക്കുന്നുണ്ട്. പക്ഷെ, വിശ്വസിക്കുന്ന മുസ്ലിംസ്ത്രീക്ക് കൂടുതൽ ബുദ്ധിമുട്ടേണ്ടിവരുന്നുണ്ട്. വിശ്വാസിയായിരുന്ന്, തങ്ങളുടെ വിശ്വാസത്തെ കൂടുതൽ ഉൾക്കൊണ്ടിരിക്കുക എന്നതാണ്  കൂടുതൽ പ്രയാസം. വിശ്വാസികളായ സ്ത്രീകളെന്ന് ഞാൻ വീണ്ടും വീണ്ടും എടുത്തുപറയുന്നതിന്റെ കാരണം ഈ രണ്ടവസ്ഥയിലും കുടുങ്ങിക്കിടക്കുന്ന സ്ത്രീകളെ മാത്രമേ ഞാനീയെഴുത്തിൽ കൊണ്ടുവരുന്നുള്ളൂ എന്നതിനാലാണത്. മറ്റുവല്ല കാരണങ്ങൾ വഴി ഇസ്ലാമിനെ വിട്ടേച്ചുപോയവരെയോ, അല്ലെങ്കിൽ, സമുദായത്തിനകത്ത് തടസ്സമേതും നേരിടാത്ത മുസ്ലിംസ്ത്രീകളെയോ കുറിച്ച് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.           

                        

തങ്ങളുടേതായ രീതിയിൽ ദൈവത്തിൽ വിശ്വസിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം, മതത്തെയും അതിന്റെ ഘടകങ്ങളെയും യഥാർഥത്തിൽ ഉൾക്കൊള്ളാൻ, ഈ നാട്ടിലെ മുസ്ലിംസ്ത്രീകളുടെ ചരിത്രമന്വേഷിക്കാൻ, തങ്ങൾ അകപ്പെട്ടിരിക്കുന്ന സാമൂഹികവും ചരിത്രപരവുമായ സാഹചര്യത്തെ ബോധ്യപ്പെടാൻ, ചുറ്റുമുള്ളതിനെ ചോദ്യം ചെയ്യാൻ, സ്വന്തം ആത്മീയസ്വത്വങ്ങളുടെ ആഴമുറപ്പിക്കാൻ, ദൈവമുണ്ടോയെന്നും അവളുടെയടുത്ത് സൌഹൃദം വെക്കേണ്ടതുണ്ടോ എന്നുമറിയാൻ, ഇത് വായിക്കണോ, ചിന്തിക്കണോ, എഴുതണോ എന്നും ആരും പറയാതെ തന്നെ ഞാനെന്ത് വിശ്വസിക്കണമെന്നുമുള്ള പല മാനങ്ങളിലുള്ള വസ്തുതകളെയും ഘടകങ്ങളെയും ചോദ്യങ്ങളെയും അന്വേഷണങ്ങളെയുമെല്ലാം പരിപോഷിപ്പിക്കാൻ തുടങ്ങിയ ആഗ്രഹങ്ങളേയും ഊർജത്തെയും, ജീവിതം അവരിൽ നിന്ന് വറ്റിച്ചുകളയുകയാണ് എന്നതാണ് വസ്തുത.                               

ശിരോവസ്ത്രത്തിലൂടെ എന്നെ ആവിഷ്കരിക്കണമെന്ന് സ്വയം തോന്നിയ ദിവസങ്ങളുണ്ട്. അതെന്റെ ബന്ധുക്കളെയോ മാതാപിതാക്കളെയോ സമൂഹത്തിന്റെ കുത്തുവാക്കുകളിൽ നിന്നോ ചോദ്യശരങ്ങളിൽ നിന്നോ രക്ഷിക്കാനുള്ള ആഗ്രഹമെന്ന രീതിയിലൊന്നുമല്ല. മറിച്ച്, അതെന്റെ ജീവിതശൈലിയുടെ ഭാഗമാക്കാനുള്ള താൽപര്യം മൂലമായിരുന്നു. എങ്കിലും, വളരെ പ്രക്ഷുബ്ധമായ ഈ സാഹചര്യത്തിന്റെ അസ്വസ്ഥമായ ഭാരം പലപ്പോഴും അതിൽ നിന്നെന്നെ വിലക്കുന്നു. ശിരോവസ്ത്രം അവൾക്കെന്താവണമെന്ന് ഒരു മുസ്ലിം സ്ത്രീയോടും, പ്രത്യേകിച്ചും പുരുഷന്മാരാൽ, നിർദ്ദേശിക്കപ്പെടരുത്. കൂടാതെ, സ്വന്തം വിശ്വാസത്തിന്റെ ആഴവും അർഥവുമറിയാൻ, ഒരിക്കലുമൊരു മുസ്ലിം സ്ത്രീയ്ക്ക് പഠിച്ചെടുക്കലിന്റെയും മറന്നുകളയലിന്റെയും മാറ്റിപ്പഠിക്കലിന്റെയും ക്ഷീണം പിടിച്ച യത്നത്തിലൂടെ കടന്നുപോകേണ്ടി വരരുത്. തന്റെ ശബ്ദത്തിന് വില കൽപിക്കാത്ത ആരുടെയും മുമ്പിൽ തന്റെ അവകാശത്തെപ്പറ്റി പറയേണ്ട ഒരു സാഹചര്യം ഒരു മുസ്ലിം സ്ത്രീക്കും ഉണ്ടാകരുത്. തനിക്ക് അഭിപ്രായമില്ലെന്ന് വിശ്വസിക്കുന്ന ആരുടെയും മുമ്പിൽ തനിക്ക് അഭിപ്രായമുണ്ടെന്ന് പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതോ, തന്റെ കർതൃത്വത്തെ നിർണയിക്കേണ്ടതോ ആയ ബാധ്യത ഒരു മുസ്ലിം സ്ത്രീക്കും ഉണ്ടാകരുത്. ഒരു മുസ്ലിംസ്ത്രീക്കും ഒരുതരത്തിലുമുള്ള സ്ത്രീവിരുദ്ധത നേരിടേണ്ടി വരരുത്. അത് സ്വസമുദായത്തിൽ നിന്നോ അല്ലെങ്കിൽ തങ്ങളുടെ തന്നെ വസ്ത്രത്തെ ഊരിമാറ്റാൻ നിരന്തരം നിർബന്ധിക്കുന്ന സവർണ മതേതര ലിബറലുകളിൽ നിന്നോ, അതുമല്ലെങ്കിൽ, സാമ്രാജ്യത്വ പാശ്ചാത്യലോകത്തിന്റെ കുടിലതയിൽ നിന്നോ ഉണ്ടാവാനിടവരരുത്. അങ്ങനെയൊന്നിനെ പ്രതിരോധിക്കാൻ സഹികെട്ട് മറ്റൊന്നിനെ സഹിക്കേണ്ട ഗതി അവൾക്കുണ്ടാവരുത്. മതപരമായോ രാഷ്ട്രീയപരമായോ അല്ലാതെയോ, ഹിജാബിൽ വിശ്വസിക്കുകയും അതണിയാനുള്ള അവകാശത്തിനുവേണ്ടി പോരാടുകയും പൊരുതുകയും ചെയ്യുന്ന ഒരുപാട് മുസ്ലിം സ്ത്രീകളുണ്ട്. 

സുഹൃത്തും എഴുത്തുകാരിയുമായ ജാസ്മിൻ നൌർ ഹാഫിസിനെ കടമെടുക്കട്ടെ. ഹിജാബ് ധരിക്കുകയെന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം, മുൻവിധികളോടെ മുദ്രകുത്തി അടക്കിനിർത്താൻ ശ്രമിക്കുന്നവരുടെ അതേഭാഷയിൽ തന്നെ, എന്നെ സ്വയം കാണുന്നതിനോടുള്ള എന്റെ നിഷേധമാണ്. അതോടൊപ്പം മുസ്ലിം കൂട്ടായ്മകളിൽ ഹിജാബ് ധാരികളല്ലാത്ത മുസ്ലിം സ്ത്രീകൾ നേരിടുന്ന ഒറ്റപ്പെടുത്തപ്പെടൽ മറ്റൊരു ഭാഗത്തുണ്ട്. എന്നാൽ, സാമാന്യാർഥത്തിൽ ഒരു മുസ്ലിമായിരിക്കാനുള്ള നിരന്തരഭീതി മങ്ങാതെ യാഥാർഥ്യമായുണ്ടുതാനും. അവരിൽ ചിലർക്ക്, മതത്തിന്റെ സംരക്ഷകരായി സ്വയം ചമയുന്ന ആളുകളുടെ ഭാഷയിലൂടെയും യുക്തിയിലൂടെയും മതത്തെ അടയാളപ്പെടുത്തുന്നതിനോടും അതുവഴി തങ്ങൾ അരികിലേക്ക് ഒതുക്കപ്പെടുന്നതിന്റെയും നിഷേധമാണ് ഹിജാബിനോടുള്ള വിസ്സമ്മതം. രണ്ടും ശക്തമായ സ്വാതന്ത്ര്യങ്ങളാണ്. കൂടാതെ, എനിക്ക് ഹിജാബ് എന്നുള്ളത് അതുണ്ടാകുമ്പോഴും ഇല്ലാത്തപ്പോഴും, അതിന്റേതായ രീതിയിൽ പ്രാധാന്യമേറിയ പ്രതിരോധമാണ്.