SUBSCRIBE


കവർസ്റ്റോറി

or
Author


18th October | Issue 25

സൃഷ്ടിയിൽ നിന്ന് സ്രഷ്ടാവുണ്ടാകുമ്പോൾ!
- ഇനിയും നാം സംസ്കൃതം ചുമക്കണോ?


രവിശങ്കർ എസ്. നായർ

നമ്മുടെ പണ്ഡിതന്മാർ തെറ്റെന്നു മുദ്രകുത്തിയിരിക്കുന്ന പ്രയോഗങ്ങളൊന്നും ഒരർഥത്തിലും തെറ്റുകളായിരുന്നില്ല. മലയാളത്തിലെ ശരികളെത്തന്നെയാണ് ഇവർ ‘ശരിപ്പെടു’ത്താൻ ഉദ്യമിച്ചത്. നമ്മുടെ ഭാഷാധ്യാപകർ ഇന്നും ‘ശരിപ്പെടു’ത്താൻ ശ്രമിക്കുന്ന ചില ‘തെറ്റുകൾ’ നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. Creator എന്ന അർത്ഥത്തിൽ സൃഷ്ടാവ് എന്നെഴുതിയാൽ മലയാളം അധ്യാപകൻ ചെവിക്കുപിടിക്കും. ‘സൃഷ്ടി’, ‘സൃഷ്ടിക്കുന്നു’ എന്നിവ ശരി; എന്നാൽ ‘സൃഷ്ടാവ്’ തെറ്റ്. സ്രഷ്ടാവ് ആണത്രേ ശരി! എന്താണ് ഇതിന്റെ യുക്തി, അല്ലെങ്കിൽ ഇതിനു പിന്നിലെ വ്യാകരണനിയമം? സംസ്കൃതത്തിൽനിന്നു കടംകൊണ്ട മലയാളം വാക്ക് സംസ്കൃത വ്യാകരണ നിയമമനുസരിച്ചുതന്നെ പ്രയോഗിക്കണം എന്ന വിചിത്രമായ ഒരു യുക്തിയാണ് ഇവിടെ ഉപയോഗിക്കുന്നത്. എന്നും സംസ്കൃതത്തിനു മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന മലയാളം അധ്യാപകന്റെ മനോഭാവം മാത്രമാണ് ഇത്തരം നിയമങ്ങളെ ഇന്നും ജീവൻ കൊടുത്തുനിർത്തുന്നത്. മലയാളവ്യാകരണം അനുസരിച്ച് സ്രഷ്ടാവ് എന്ന പദത്തിന് സാധ്യതയില്ല. സൃഷ്ടിക്കുന്നവൻ ‘സൃഷ്ടാവ്' തന്നെയാണ്; സ്രഷ്ടാവല്ല. മലയാളഭാഷയിലെ പദരൂപനത്തിന്റെ നിയമങ്ങൾ സംസ്കൃതവ്യാകരണത്തിൽ അല്ല തിരയേണ്ടത്, മലയാളം സംസാരിക്കുന്നവരുടെ മനസ്സിലാണ്.

image_src


ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയൊന്നിൽ ആദ്യമായി പ്രസിദ്ധീകൃതമായ ഒരു പുസ്തകമാണ് ‘അപശബ്ദശോധിനി'. ഗ്രന്ഥകാരൻ കെ. എൻ. ഗോപാലപിള്ള.  മലയാളികൾ ഭാഷാപ്രയോഗത്തിൽ വരുത്തുന്ന ‘അക്ഷന്തവ്യമായ തെറ്റു’കൾ ചൂണ്ടിക്കാണിച്ച് തിരുത്തുക എന്നതായിരുന്നു ഗ്രന്ഥകർത്താവിന്റെ ലക്ഷ്യം. അദ്ദേഹം ചൂണ്ടിക്കാണിച്ച ചില ‘തെറ്റു'കൾ ഇവയാണ്:  ‘അനുഭാവം’ എന്ന വാക്ക് അനുകമ്പ എന്ന അർഥത്തിൽ പ്രയോഗിക്കാൻ പാടില്ല. ‘അനുഭാവി’ എന്ന രൂപം തെറ്റാണ് ‘അനുകൂലൻ’ ആണ് ശരി. ആഗ്രഹം എന്ന വാക്കിന്റെ അർഥം ദുശ്ശാഠ്യം, ദുരാഗ്രഹം എന്നൊക്കെയാണ്; അതിനാൽ ഇക്കാലത്ത് ആഗ്രഹം എന്ന വാക്കുകൊണ്ടു സൂചിപ്പിക്കുന്ന അർഥം ‘ഇച്ഛ’ എന്ന വാക്കിലൂടെവേണം പ്രകടിപ്പിക്കേണ്ടത്. ‘ദ്വയാർഥം’ തെറ്റാണ് ‘ദ്വ്യർഥ’മാണ് ശരി. ‘പ്രഖ്യാപിച്ചു' എന്നല്ല, ‘പ്രഖ്യാപനം ചെയ്തു' എന്നാണ് പറയേണ്ടത്. ‘പ്രാസംഗികൻ’ എന്നു പറഞ്ഞുകൂടാ. ‘പ്രസംഗകർത്താവ്’ എന്നുവേണം പറയാൻ. യാചിക്കുന്നവൾ യാചകി അല്ല, ‘യാചികാ’ ആണ്. ‘വർക്കലയിൽ’ എന്നു പറഞ്ഞുകൂടാ ‘വർക്കലെ’ എന്നു വേണം. സിംഹം പുല്ലിംഗപദമായതിനാൽ സിംഹപ്രസവം തെറ്റ്; സിംഹീപ്രസവം എന്നെഴുതണം!!! 

തൊണ്ണൂറോളം വർഷങ്ങൾക്കിപ്പുറത്തുനിന്ന് നോക്കുമ്പോൾ ഈ നിയമങ്ങൾ ആരിലും ചിരിയുണർത്തുന്നു. കാരണം, ഈ ഗ്രന്ഥകാരൻ തിരുത്താൻ ശ്രമിച്ച ഇതുപോലുള്ള തെറ്റുകൾ എല്ലാം ഇന്നു നമ്മുടെ ശരികൾ ആയി മാറിക്കഴിഞ്ഞു. ഇന്നത്തെ പണ്ഡിതന്മാർ ഈ നിയമങ്ങൾ ഉപദേശിച്ച് തെറ്റ് തിരുത്താൻ ശ്രമിക്കുന്നില്ല എന്നുമാത്രമല്ല സ്വന്തം എഴുത്തിലും സംസാരത്തിലും ഈ നിയമങ്ങൾ പാലിക്കുന്നുമില്ല. ഈ ഗ്രന്ഥകാരൻ മാത്രമല്ല, പിന്നീട് സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള (പ്രയോഗദീപിക എന്ന പുസ്തകം) പി. ദാമോദരൻ പിള്ള  (അപശബ്ദബോധിനി) എന്നീ പണ്ഡിതന്മാരും നമ്മുടെ ഭാഷയിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ യത്നിച്ചവരാണ്. പന്മന രാമചന്ദ്രൻ നായർ ഈ ചിന്താസരണിയിലുള്ള നിരവധി പുസ്തകങ്ങൾ വഴി നമ്മുടെ കാലത്ത് പ്രശസ്തനായ ഒരു വ്യക്തിയാണ്. ഒരു നൂറ്റാണ്ടിലേറെക്കാലം മലയാളം അധ്യാപകരും പണ്ഡിതന്മാരും പഠിപ്പിച്ചും എഴുതിയും ശരി ഉപദേശിച്ചിട്ടും മലയാളി തെറ്റ് എഴുതിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഈ തെറ്റുകൾ ക്രമേണ ശരികൾ ആയി മാറുന്നത്? 

 

 

ഉത്തരം ലളിതമാണ്. നമ്മുടെ പണ്ഡിതന്മാർ തെറ്റെന്നു മുദ്രകുത്തിയിരിക്കുന്ന പ്രയോഗങ്ങളൊന്നും ഒരർഥത്തിലും തെറ്റുകളായിരുന്നില്ല. മലയാളത്തിലെ ശരികളെത്തന്നെയാണ് ഇവർ ‘ശരിപ്പെടു’ത്താൻ ഉദ്യമിച്ചത്. നമ്മുടെ ഭാഷാധ്യാപകർ ഇന്നും ‘ശരിപ്പെടു’ത്താൻ ശ്രമിക്കുന്ന ചില ‘തെറ്റുകൾ’ നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. Creator എന്ന അർത്ഥത്തിൽ സൃഷ്ടാവ് എന്നെഴുതിയാൽ മലയാളം അധ്യാപകൻ ചെവിക്കുപിടിക്കും. ‘സൃഷ്ടി’, ‘സൃഷ്ടിക്കുന്നു’ എന്നിവ ശരി; എന്നാൽ ‘സൃഷ്ടാവ്’ തെറ്റ്. സ്രഷ്ടാവ് ആണത്രേ ശരി! എന്താണ് ഇതിന്റെ യുക്തി, അല്ലെങ്കിൽ ഇതിനു പിന്നിലെ വ്യാകരണനിയമം? സംസ്കൃതത്തിൽനിന്നു കടംകൊണ്ട മലയാളം വാക്ക് സംസ്കൃത വ്യാകരണ നിയമമനുസരിച്ചുതന്നെ പ്രയോഗിക്കണം എന്ന വിചിത്രമായ ഒരു യുക്തിയാണ് ഇവിടെ ഉപയോഗിക്കുന്നത്. എന്നും സംസ്കൃതത്തിനു മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന മലയാളം അധ്യാപകന്റെ മനോഭാവം മാത്രമാണ് ഇത്തരം നിയമങ്ങളെ ഇന്നും ജീവൻ കൊടുത്തുനിർത്തുന്നത്.  മലയാളവ്യാകരണം അനുസരിച്ച് സ്രഷ്ടാവ് എന്ന പദത്തിന് സാധ്യതയില്ല. സൃഷ്ടിക്കുന്നവൻ ‘സൃഷ്ടാവ്' തന്നെയാണ്; സ്രഷ്ടാവല്ല. മലയാളഭാഷയിലെ പദരൂപനത്തിന്റെ നിയമങ്ങൾ സംസ്കൃതവ്യാകരണത്തിൽ അല്ല തിരയേണ്ടത്, മലയാളം സംസാരിക്കുന്നവരുടെ മനസ്സിലാണ്. മറ്റൊരു നിയമം നോക്കൂ. പ്രവർത്തിക്കുക എന്നതിന്റെ നാമരൂപം പ്രവൃത്തി എന്നാണത്രേ, പ്രവർത്തി എന്നല്ല. സുന്ദരമായ തെറ്റല്ലേ ഈ നിയമം? പ്രവർത്തി എന്ന് എഴുതുകയും പറയുകയും ചെയ്യുന്ന സാധാരണക്കാരൻ വാസ്തവത്തിൽ പണ്ഡിതന്മാരുടെ മണ്ടത്തരം തിരുത്തുകയാണ് ചെയ്യുന്നത്. ഒരു വാക്കിന്റെ തന്നെ നാമവും ക്രിയയും ആണ് ഇവ എന്ന് നാം അംഗീകരിച്ചാൽ പ്രവൃത്തി എന്ന പദം മലയാളത്തിൽ സാധ്യമല്ല. പ്രവർത്തി തന്നെയാണ് ശരി. അനുഗ്രഹം ലഭിച്ചവൻ അനുഗ്രഹീതൻ ആകാനേ കഴിയൂ അനുഗൃഹീതൻ ആകാൻ കഴിയുകയില്ല. ക്രമീകരണം എന്നെഴുതുന്നത് തെറ്റാണ്, ക്രമവത്കരണം എന്നതാണ് ശരി എന്ന നിയമവും ഇത്തരത്തിലുള്ളതാണ്. ഈ നിയമം ഇന്നും ആവർത്തിക്കപ്പെടുന്നു ഉണ്ടെങ്കിലും ആരും പാലിക്കാറില്ല. ഹാളിൽ കസേരകൾ രണ്ടുനിരയായി ക്രമവത്കരിച്ചു എന്നുപറയാൻ ഏതെങ്കിലും മലയാളിക്ക് കഴിയുമോ?

 

 

മലയാളത്തിന്റെ മാത്രം ഗതികേട് ആണിത്. മറ്റൊരു ഭാഷയിലും കടംകൊണ്ട പദങ്ങൾ പ്രഭവഭാഷയുടെ നിയമമനുസരിച്ചുതന്നെ പ്രയോഗിക്കണമെന്ന പിടിവാശി ഇല്ല.  ഇംഗ്ലീഷിലെ ലത്തീൻ പദങ്ങൾ ലത്തീൻഭാഷാ വ്യാകരണനിയമങ്ങൾ അനുസരിച്ച് പ്രയോഗിക്കണമെന്ന് നിർബന്ധിച്ചാൽ ഉണ്ടാകുന്ന അവസ്ഥ ഒന്നു സങ്കല്പിച്ചുനോക്കൂ. മലയാള വ്യാകരണനിയമങ്ങൾ തെറ്റിച്ചുകൊണ്ട് വേണോ സംസ്കൃതത്തോടുള്ള ഭക്തി പ്രകടിപ്പിക്കേണ്ടത് എന്നാണ് നാം ആലോചിക്കേണ്ടത്. ആത്മവിശ്വാസത്തോടെ മലയാളം എഴുതാനും പറയാനും വിദ്യാർഥികൾക്ക് കഴിയാത്തവിധം അനാവശ്യമായ ഇത്തരം നിയമങ്ങളുടെ വേലിക്കെട്ടുകൾ നിർമ്മിച്ചുവച്ചിരിക്കുകയാണ് നാം. നാലാം ക്ലാസ് മുതൽ അമരകോശം, ശ്രീരാമോദന്തം ശ്രീകൃഷ്ണചരിതം മണിപ്രവാളം, തുടങ്ങിയവ എല്ലാ വിദ്യാർഥികളെയും നിർബന്ധമായും പഠിപ്പിച്ചാൽ മലയാളം രക്ഷപ്പെടുകയുള്ളൂ എന്നാണ് ശബ്ദശോധിനിയുടെ കർത്താവ് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ മറ്റു ചില അഭിപ്രായങ്ങൾ ഇവയാണ്: അറുവഷള്, കട്ടായം, തറവാടി, തന്റേടി, ഇത്തിരി, ഒത്തിരി, ഇമ്മിണി തുടങ്ങിയ ‘ഗ്രാമ്യ’പദങ്ങൾ സാഹിത്യഭാഷയിൽ നിന്ന് ഒഴിവാക്കണം. തുപ്പൽ, ചർദ്ദി, നാറ്റം തുടങ്ങിയ ‘ദുഷ്പ്രീതി’കരമായ പദങ്ങൾക്കു പകരം വിൺഗംഗ, ആകാശഗംഗ എന്നൊക്കെ പ്രയോഗിക്കണം! രണ്ടു ദിവസമായി എനിക്ക് ‘വിൺഗംഗ’യുടെ അസുഖം എന്ന് ഡോക്ടറോട് പറയുന്ന അവസ്ഥ സങ്കല്പിച്ചു നോക്കൂ. ഇത്തരം നിയമങ്ങളുടെ പ്രയോഗം, പലപ്പോഴും ഭാഷയെ അപഹാസ്യമാക്കുമ്പോഴും അവ പലരും മുറുകെപ്പിടിക്കുന്നതു കാണാം.‘ഗാന്ധിജി വട്ടമേശസമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു’ എന്ന വാക്യത്തിന്റെ അർഥം, ഗാന്ധിജിക്ക് വട്ടമേശസമ്മേളനത്തിന് പോകാൻ പറ്റാത്തതുകൊണ്ട് അദ്ദേഹം ഇന്ത്യയെ അയച്ചു എന്നാണ് എന്ന് എഴുതിയത് സാക്ഷാൽ കുട്ടികൃഷ്ണ മാരാരാണ്. പൊതുവെ മികച്ച യുക്തിബോധമുള്ളയാളും, സംസ്കൃതത്തിൽ അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്നിട്ടും തീരെ സംസ്കൃതജഡിലമല്ലാത്ത, സാധാരണ മലയാളം എഴുതിയിരുന്നയാളാണ് മാരാര്. എന്നിട്ടും ഈ മലയാളവാക്യം അദ്ദേഹത്തിന് ദഹിക്കുന്നില്ല. ഗാന്ധിജി ഇന്ത്യയുടെ പ്രതിനിധിയായിചെന്നു എന്ന അർഥം കിട്ടണമെങ്കിൽ 'ഗാന്ധിജി ഇന്ത്യക്ക് പ്രതിനിധീഭവിച്ചു’ എന്നു പറയണമത്രേ.!!! ഇന്ന് ഇങ്ങനെയൊക്കെ സംസാരിക്കുകയും എഴുതുകയും ചെയ്താൽ നിങ്ങളെ മലയാളികൾ കൂവിയിരുത്തും. 

ഭാഷാശുദ്ധിവാദത്തിന്റെ പല വക്താക്കളും സമീപകാലത്ത് ആവർത്തിക്കുന്ന മറ്റൊരു നിയമം എല്ലാ വായനാദിനത്തോടനുബന്ധിച്ചും സമൂഹമാധ്യമങ്ങളിൽ കിടന്നുകറങ്ങാറുണ്ട്. വായനാദിനം, വായനാവാരം എന്നൊക്കെയാണ് ഇപ്പോൾ കൂടുതൽ പേരും എഴുതാറുള്ളത്. ഇത് തെറ്റാണെന്നും, വായനവാരം, വായനദിനം എന്നിങ്ങനെയാണ് എഴുതേണ്ടതെന്നും ഭാഷാപണ്ഡിതർ അഭിപ്രായപ്പെടുന്നു‌. ‘വായന' ദ്രാവിഡപദമായതിനാൽ  ദീർഘം പാടില്ല എന്നതാണ് ഇതിനു നൽകുന്ന വിശദീകരണം. ഭാഷാശാസ്ത്ര ദൃഷ്ടിയിൽ ഈ വിശദീകരണം സാധുവല്ല എന്നാണ് എന്റെ അഭിപ്രായം. വായനാവാരം , വായനാദിനം എന്നൊക്കെ ദീർഘത്തോടെ എഴുതുന്നത് ഉച്ചാരണം അങ്ങനെ ആയതു കൊണ്ടാണ്. എന്തുകൊണ്ട് അവിടെ സ്വരം ദീർഘിക്കുന്നു? ഈ ഉദാഹരണം നോക്കു . ഒരു ഹോട്ടലിന്റെ പേരു് Periya Hotel എന്നാണ്. സാധാരണ മലയാളികൾ ഇത് എങ്ങനെ ഉച്ചരിക്കും? പെരിയ ഹോട്ടൽ എന്നല്ല, പെരിയാ ഹോട്ടൽ എന്നു തന്നയേ ഉച്ചരിക്കുകയുള്ളൂ. ‘പെരിയ’ എന്നത് വിശേഷണമല്ല എന്ന സൂചനയാണ് സ്വരം ദീർഘിക്കുന്നതിലൂടെ ഇവിടെ ലഭിക്കുന്നത്. പേരുകളുടെ കാര്യത്തിലും ഈ രീതിയിലുള്ള സ്വരദീർഘത്തിന് പ്രസക്തിയുണ്ട്. ഒരു സംസ്കൃതപദം ഉദാഹരണമായി കാണിക്കാം. പറയ സമുദായാംഗങ്ങൾ പണ്ട് വ്യാപകമായി ഉപയോഗിച്ചിരുന്ന രഹസ്യഭാഷയെക്കുറിച്ച് പഠിക്കുന്ന ഒരു യുവതിയെക്കുറിച്ച് സമീപകാലത്ത് വായിച്ച ലേഖനത്തിൽ അവരുടെ പേര് 'സ്വാമിനി ശിവാനന്ദൻ' എന്നെഴുതിയിരുന്നു. അവർ സന്യാസിനിയാണെന്നും അവരുടെ പേര് ശിവാനന്ദൻ എന്നാണെന്നും ഞാൻ ധരിച്ചു. എന്തു കൊണ്ടാണ് ഒരു പെൺകുട്ടിക്ക് ശിവാനന്ദൻ എന്ന പേര് നൽകിയിരിക്കുന്നത് എന്നും ഞാൻ ആലോചിക്കുകയായിരുന്നു. പലർക്കും ഈ ആശയക്കുഴപ്പം ഉണ്ടാകുന്നതുകൊണ്ടായിരിക്കണം, ലേഖനത്തിന്റെ മറ്റൊരു ഭാഗത്ത് ഈ യുവതി സന്യാസിനിയല്ല എന്ന് എടുത്തെഴുതിയിരുന്നു. എന്നു വെച്ചാൽ സ്വാമിനി എന്നത് അവരുടെ പേരും ശിവാനന്ദൻ അച്ഛന്റ പേരും ആണ്. അതായത് ഈ പേര് എഴുതേണ്ടതും ഉച്ചരിക്കേണ്ടതും സ്വാമിനീ ശിവാനന്ദൻ എന്നാണ്. ‘ശശീ തരൂരിന് വോട്ടു ചെയ്തു’, ‘ശശി തരൂരിന് വോട്ടു ചെയ്തു’ എന്നീ വാക്യങ്ങൾ തമ്മിലുള്ള അർഥവ്യത്യാസം നോക്കൂ. വീണ ജോർജ്, വീണാ ജോർജ് എന്നിവയുടെ വ്യത്യാസവും ഇതുപോലെയാണ്. ഇവിടെയൊക്കെ ആദ്യപദത്തിലെ അന്ത്യസ്വരം ദീർഘിക്കുന്നത് മലയാളത്തിന്റെ രീതിയാണ്. അവിടെ ദീർഘം കുടിയേ തീരൂ. പേര് എഴുതുമ്പോൾ ദീർഘം ഇല്ലെങ്കിലും ഉച്ചാരണത്തിൽ ദീർഘം വരും. ’വായന ദിനമാണ്’ എന്ന് പറയുന്നത് ‘ഇരുമ്പ് ലോഹമാണ്’ എന്നു പറയുന്നതുപോലെ നിർവചന രീതിയിലുള്ള അർഥമാണ് സൂചിപ്പിക്കുന്നത്. വായനാ എന്ന് ദീർഘിക്കുമ്പോൾ മാത്രമേ വായനയെ സംബന്ധിക്കുന്ന എന്ന അർഥം സിദ്ധിക്കുന്നുള്ളൂ. ഇതുകൊണ്ടാണ് ഉച്ചാരണത്തിലും, അവിടെ നിന്ന് എഴുത്തിലും ദീർഘം കടന്നു വരുന്നത്. ഇത് തെറ്റല്ല; എന്നു മാത്രമല്ല ഇതാണ് ശരി. ഒരു വാക്ക് സംസ്കൃതമാണോ ദ്രാവിഡമാണോ എന്നൊക്കെ അന്വേഷിച്ചിട്ടുവേണം ആ വാക്ക് ഉപയോഗിക്കാൻ എന്ന യുക്തിശൂന്യമായ ഒരു നിലപാട് ഇവിടെയെല്ലാം കാണാം. ‘മാതൃകാ ദമ്പതികൾ’ എന്ന് എഴുതിയാൽ മാതാവിനെ സംബന്ധിക്കുന്ന ദമ്പതികൾ എന്നാണ് അർഥമെന്നും, മറ്റുള്ളവർക്ക് മാതൃകയായ ദമ്പതികൾ എന്ന അർഥം സൂചിതമാകണമെങ്കിൽ ‘മാതൃകദമ്പതികൾ’ എന്നാണ് എഴുതേണ്ടതെന്നും ‘വായനാദിന’ ചർച്ചകളിൽ പങ്കെടുത്തുകൊണ്ട് ഒരാൾ ഫേസ്ബുക്കിൽ എഴുതിയിരുന്നു. ഇവിടെയൊക്കെ മലയാളത്തിന്റെ നിയമം ലംഘിച്ചുകൊണ്ട് സംസ്കൃതത്തിന്റെ നിയമം നിലനിർത്തണം എന്ന വാശി പ്രകടമാണ്. 

 

 

ഇത്തരം സന്ദർഭങ്ങളിൽ ഓർക്കേണ്ട തത്വം, ഭാഷയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ തടയാനാവില്ല എന്നതാണ്. ശരിതെറ്റുകളെക്കുറിച്ചുള്ള വിധിയെഴുത്തുകൾ അക്കാദമിക് എക്സർസൈസുകൾ മാത്രമാണ്. ഉപയോഗത്തിലൂടെ സാധാരണ ജനങ്ങൾ നിർമിക്കുന്നതാണ് ജൈവികമായ ഭാഷ. മറ്റൊരു ഭാഷയിൽ നിന്ന് ഒരു പദം കടംകൊള്ളുമ്പോൾ, അത് ഏതു ഭാഷയിലായാലും, ആ പദത്തെ കടംകൊള്ളുന്ന ഭാഷയുടെ ശബ്ദ-വ്യാകരണ നിയമങ്ങൾക്ക് അനുസൃതമായി മെരുക്കിയെടുക്കുക എന്നതാണ് സംഭവിക്കുന്നത്. വാക്കിന്റെ വക്കും മൂലയും ചെത്തിമിനുക്കുക, അല്ലെങ്കിൽ അടിച്ചുപരത്തുക, അല്ലെങ്കിൽ വലിച്ചുനീട്ടുക, ചിലപ്പോൾ ഉടച്ചുവാർക്കുക ഇതൊക്കെയാണ് കടംകൊള്ളലിൽ സംഭവിക്കുന്നത്. ഈ മാറ്റം സംഭവിച്ചില്ലെങ്കിൽ കടംകൊണ്ട വാക്കുകൾ ആ ഭാഷയുമായി ഇണങ്ങിച്ചേരാതെ മുഴച്ചുനിൽക്കും. Volume, coffee എന്നീ ഇംഗ്ലീഷ് പദങ്ങൾ നമ്മൾ കടംഎടുത്തപ്പോൾ വാല്യം, കാപ്പി എന്നിങ്ങനെ അവയെ മലയാളീകരിക്കുകയാണ് ചെയ്തത്. ഇവയോട് വിഭക്തിപ്രത്യയങ്ങൾ ചേർത്ത് മലയാളത്തിലെ മറ്റു നാമപദങ്ങൾ പോലെ ഉപയോഗിക്കാം. Volume, coffee എന്നിവയെ അങ്ങനെതന്നെ നിലനിർത്തിയാൽ അവയെ മലയാളപദങ്ങൾ ആയി ഉപയോഗിക്കാൻ കഴിയുകയില്ല. സംസ്കൃതവാക്കുകളെ ഇങ്ങനെ മലയാളത്തോട് ഇണക്കിയെടുത്ത് മലയാളീകരിക്കുന്നതിനെ മലയാളം അധ്യാപകരും പണ്ഡിതന്മാരും എന്നും എതിർത്തിരുന്നു.  എന്നിട്ടും പല സംസ്കൃത വാക്കുകളും മലയാളീകരിക്കപ്പെട്ടു. (ഇംഗ്ലീഷിൽ നിന്ന് കടംകൊള്ളുന്ന വാക്കുകളെ മലയാളീകരിക്കുന്നതിന് ആർക്കും ഒരു പ്രശ്നവും തോന്നുന്നില്ല എന്നത് രസാവഹമാണ്.) സോഷ്യലിസ്റ്റ് അനുഭാവി, പ്രസംഗത്തിലെ ദ്വയാർഥപ്രയോഗം എന്നൊക്കെ പത്രങ്ങളിൽ എഴുതുമ്പോൾ ആരും ഓർക്കാറില്ല ശബ്ദശോധിനിയുടെ കർത്താവിനെപ്പോലെയുള്ളവർ ഒരുകാലത്ത് തെറ്റായി വിധിച്ച പ്രയോഗങ്ങൾ ആണിവ. സംസ്കൃതത്തിൽ പാലിക്കേണ്ട നിയമങ്ങൾ അനാവശ്യമായി മലയാളത്തിലേക്കു വലിച്ചിടാൻ അധ്യാപകരും ശാസ്ത്രിമാരും മുൻഷിമാരും അപശബ്ധശോധിനികാരനെ പോലെയുള്ളവരും കിണഞ്ഞു ശ്രമിച്ചെങ്കിലും അവർ തെറ്റെന്നു വിധിച്ചവയെല്ലാം നിത്യോപയോഗത്തിലായിക്കഴിഞ്ഞു. ഇതിൽ നിന്ന് പക്ഷേ നാം പാഠം പഠിച്ചില്ല. ഇപ്പോഴും ഇതുപോലുള്ള നിയമങ്ങൾ നാം ചുമക്കുകയാണ്. ഇത്തരം നിയമങ്ങൾ അപശബ്ദശോധനിയിൽ നിന്ന് പി.ദാമോദരൻ പിള്ളയുടെ അപശബ്ദബോധിനിയിലേക്കും പിന്നീട് പന്മന രാമചന്ദ്രൻ നായരുടെ തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം എന്നിങ്ങനെയുള്ള തെറ്റുതിരുത്തൽ യജ്ഞങ്ങളിലേക്കും വികസിച്ചു.  മലയാളം കടംകൊണ്ട പദങ്ങൾ മലയാളത്തിലെ പദങ്ങളായി മാറിക്കഴിഞ്ഞു എന്നും മലയാളത്തിന്റെ നിയമങ്ങളനുസരിച്ച് അവ പ്രവർത്തിക്കും എന്നുമുള്ളത് ഇന്നും നമുക്ക് അംഗീകരിക്കാൻ വയ്യ. വികെഎൻ എന്ന ജീനിയസ് പറയുകയുണ്ടായി “പാണിനി ഒപ്പിച്ച സൂത്രം നാം ഭക്ത്യാദരപൂർവ്വം പിന്തുടരുന്നു. മാനസികമായ അടിമത്തം. സൂത്രം മറികടന്നാൽ ഭാഷ ഉണ്ടാവില്ലേ? വ്യാകരണം തെറ്റിച്ചാൽ ആണ് ഭാഷായോഷ ചന്തക്കാരി ആവുക.”  വ്യാകരണം തെറ്റിക്കുക എന്ന് വികെഎൻ പറഞ്ഞതിന്റെ പിന്നിലെ ആശയം ഇനിയും ഉൾക്കൊള്ളാൻ മലയാളിക്ക് കഴിഞ്ഞിട്ടില്ല.   

 

 

ഇത് ശരിതെറ്റുകളിലേക്കു ചുരുക്കാവുന്ന ഒരു പ്രശ്നമല്ല. മലയാളിയുടെ മനസ്സിൽ വേരുറച്ച ഒരു സാമൂഹികഭാഷാശാസ്ത്ര മനോഭാവമാണിത്. സംസ്കൃതീകരിച്ച മലയാളത്തെയാണ് ‘യഥാർഥ’ മലയാളമായി നാം ഇന്നും കാണുന്നത്. 'ഇവിടെ ചവർ ഇടുന്നത് കുറ്റകരമാണ്’ എന്നല്ല മലയാളി എഴുതിവയ്ക്കുന്നത്- ‘ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണ്’ എന്നാണ്. ‘എന്നിൽ നിക്ഷിപ്തമായ കർത്തവ്യത്തിലേക്ക് ഞാൻ പ്രവേശിക്കട്ടെ’ എന്നത് നമ്മുടെ പ്രസംഗവേദികളിൽ ദിവസേന മുഴങ്ങുന്ന ഒരു വാക്യമാണ്. ഈ സംസ്കൃതാഭിനിവേശം മലയാളത്തിന്റെ പദസമ്പത്ത് വർധിപ്പിച്ചു എന്ന് പലരും വാദിക്കാറുണ്ട്. കടംകൊണ്ട പദങ്ങളെ മലയാളീകരിക്കാനുള്ള വൈമുഖ്യം കാരണം ഈ പദസമ്പത്ത് മലയാളത്തിന് ഒരു ഭാരമായിത്തീർന്നു എന്നതാണ് വാസ്തവം. അതുകൊണ്ടാണ് മലയാളത്തിലെ അക്കാദമിക ഭാഷയും സാധാരണ ഭാഷയും തമ്മിൽ വലിയ അന്തരമുള്ളത്. പരിപ്രേക്ഷ്യവും, സംശോധനവും, നൈപുണിയുമൊന്നും ഇന്നും സാധാരണഭാഷയുടെ ഭാഗമായിത്തീർന്നിട്ടില്ല. തമിഴിൽ അതല്ല അവസ്ഥ. കടംകൊണ്ട വാക്കുകളെ തമിഴിലേക്ക് ഇഴുക്കിച്ചേർക്കാൻ അവർ സന്നദ്ധരായതുകൊണ്ടുതന്നെ സാധാരണ തമിഴിനോട് അത്ര അകൽച്ചയില്ലാത്ത ഒരു അക്കാദമികഭാഷ രൂപീകരിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

സംസ്കൃത വാക്കുകളെ ദ്രാവിഡവാക്കുകളോട് കൂട്ടിച്ചേർക്കുന്നതിൽ മലയാളികൾ പൊതുവെ വിമുഖരാണ്. കെട്ടിടോദ്ഘാടനം എന്നു പറയാൻ മലയാളികൾക്ക് മടിയാണ്. ‘മന്ദിരോദ്ഘാടനം’ ആണ് മലയാളിക്കു സ്വീകാര്യം. ഈ മനോഭാവം മലയാളത്തിന്റെ പദരൂപനശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കടംകൊള്ളുന്ന പദങ്ങളോട് മലയാളപ്രത്യയങ്ങൾ ചേർക്കാൻ മടിക്കുന്നതുകൊണ്ടാണ് ശാസ്ത്രസാങ്കേതിക രംഗത്ത് ആയിരക്കണക്കിനു പദങ്ങൾ സംസ്കൃതത്തിൽ നിന്ന് സ്വീകരിച്ചുകഴിഞ്ഞിട്ടും ഇന്നും നമുക്ക് പദദാരിദ്ര്യമനുഭവപ്പെടുന്നത്. ഇവിടെയുള്ള രണ്ടാമത്തെ പ്രശ്നം പച്ചമലയാളം വാക്കുകളെ നാം ശാസ്ത്രസാങ്കേതിക മേഖലകളിൽ നിന്ന് അകറ്റിനിർത്തുന്നു എന്നതാണ്. അർഥസുതാര്യത ഉള്ളതാണെങ്കിൽപോലും സംസ്കൃതാടിസ്ഥാനമില്ലാത്ത പദങ്ങളെ സ്വീകരിക്കാൻ മലയാളി മടിക്കുന്നു. ശാസ്ത്രസാങ്കേതിക പദാവലി മേഖലയിൽ നമ്മുടെ നയം സംസ്കൃതത്തിൽ നിന്ന് കടംകൊള്ളുക എന്നതുമാത്രമാണ്. മലയാളത്തിൽ ഊന്നിനിന്നുകൊണ്ടുള്ള പദരൂപനം കൂടുതൽ ശക്തമായിരുന്നേനെ എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ചില ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ആധുനിക ശാസ്ത്രവിജ്ഞാനം വിനിമയം ചെയ്യാൻ മലയാളത്തിനുള്ള കഴിവിനെക്കുറിച്ച് യാതൊരു സംശയവും തോന്നാത്ത ഒരാളായിരുന്നു ടി.കെ ജോസഫ്. തിരുവിതാംകൂർ സർവകലാശാല 1941 ൽ പ്രസിദ്ധീകരിച്ച വൈദ്യുതീവിലാസം എന്ന പുസ്തകത്തിലൂടെ ടി.കെ ജോസഫ് മുന്നോട്ടുവെച്ച  സാങ്കേതിക പദനിർമിതിമാതൃക സർവകലാശാലയോ, മറ്റു സ്ഥാപനങ്ങളോ, പിൽക്കാല ശാസ്ത്രസാഹിത്യകാരോ പിൻതുടർന്നില്ല. പദങ്ങൾ വിവർത്തനം ചെയ്യുന്നതിനു പകരം ആശയം മലയാളത്തിൽ പുനഃസൃഷ്ടിക്കുക, സംസ്കൃതത്തിന് അമിത പ്രാധാന്യം നൽകാതെ ലളിതമായ മലയാളത്തിൽ പദസൃഷ്ടി നടത്തുക, നാട്ടുമൊഴികളിലെ പദങ്ങൾ ഉപയോഗിക്കുക, സംസ്കൃത ഇംഗ്ലീഷ് പദങ്ങളോട് മലയാള പദങ്ങൾ ചേർക്കുന്നതിൽ കാണിക്കുന്ന സ്വാതന്ത്ര്യം എന്നിവയെല്ലാമാണ് ജോസഫിന്റെ പദാവലിനിർമാണത്തിന്റെ സവിശേഷതകൾ.  പക്ഷേ എകദേശം ഇതേ കാലയളവിൽ സർവകലാശാല പ്രസിദ്ധീകരിച്ച ഗ്ലോസറികളിലൊന്നും ഈ നയമല്ല കാണുന്നത്. വൈദ്യുതീവിലാസം എന്ന പുസ്തകത്തിൽ ജോസഫ് അവതരിപ്പിച്ച ചില പദസൃഷ്ടികൾ ഇവിടെ ചേർക്കുന്നു.

ഇംഗ്ലീഷ് പദങ്ങളുടെ വിവർത്തനങ്ങളല്ല എന്നതാണ് ഇവയുടെ പ്രത്യേകത. നിർദിഷ്ട ആശയം മലയാളത്തിൽ ഏറ്റവും നന്നായി എങ്ങനെ ആവിഷ്കരിക്കാം എന്നു ചിന്തിച്ചാൽ, വിവർത്തനത്തിലൂടെ ലഭിക്കുന്നതിനെക്കാൾ മെച്ചപ്പെട്ട സാങ്കേതികപദങ്ങൾ സൃഷ്ടിക്കാൻ കഴിയും.  പദാവലിനിർമിതിയെ വിവർത്തനമായി ചുരുക്കാതെ കൂടുതൽ സൃഷ്ടിപരമായ സമീപനം സ്വീകരിക്കേണ്ടതുണ്ട് എന്നു സാരം. ശാസ്ത്രസാങ്കേതിക പദനിർമിതിയിൽ മലയാളം പിൻതുടരേണ്ട ചിട്ടവട്ടങ്ങൾ എന്താണ് എന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

(1) പദാവലിനിർമിതിയിലെ സംസ്കൃത മാതൃക ഉപേക്ഷിക്കേണ്ടതാണ്. (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്- എസ്-സി. ആർ.ടി മാതൃക)

(2) സംസ്കൃതം/ ഇംഗ്ളീഷ് വാക്കുകൾ ഉപേക്ഷിക്കേണ്ട കാര്യമില്ല. മറ്റുഭാഷകളിൽ നിന്ന് മലയാളത്തിലേക്കു കടന്നുവന്ന്, മലയാളികൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ മലയാളം തന്നെയാണ്. അവ യഥേഷ്ടം ഉപയോഗിക്കാം. പക്ഷേ, പുതിയ സംസ്കൃത വാക്കുകൾ പദാവലിനിർമിതിക്കായി കഴിയുന്നതും ഇറക്കുമതി ചെയ്യരുത്.

(3) സാങ്കേതിക പദം സംസ്കൃതമാണോ ദ്രാവിഡമാണോ എന്നതിനെക്കാൾ സുതാര്യതയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. അർഥബോധം നൽകുന്ന പദങ്ങൾ കൂടുതൽ നിർമിക്കേണ്ടതുണ്ട്.

(4) മലയാളത്തിലേക്കു കടന്നുവന്ന സംസ്കൃതവാക്കുകൾക്ക് മലയാളത്തിലുണ്ടായ അർഥവ്യത്യാസങ്ങൾ, ഉച്ചാരണം എന്നിവ നിലനിർത്തണം. സംസ്കൃത വ്യാകരണ നിയമങ്ങൾ അനുസരിച്ച് അവ പ്രയോഗിക്കണം എന്ന ബുദ്ധിശൂന്യമായ കടുംപിടുത്തം അവസാനിപ്പിക്കണം.

 

 

(5) സംസ്കൃത പദങ്ങളോടുള്ള ഭ്രമം മാറ്റിവെച്ചാൽ മാത്രമേ സംസ്കൃതജന്യമായ പദങ്ങളെ പച്ചമലയാളം (ദ്രാവിഡ) പദങ്ങളോട് ചേർക്കാനുള്ള മാനസികമായ വിമുഖതയും ഇല്ലാതാവുകയുള്ളൂ. സംസ്കൃത-ദ്രാവിഡ സംയുക്തങ്ങൾ കൂടുതൽ കൂടുതൽ ഉപയോഗിച്ചുതുടങ്ങുക എന്നതാണ് മനോഭാവ മാറ്റത്തിനായി ചെയ്യേണ്ടത്.

(6) വിവർത്തനമല്ല, ആശയാധിഷ്ഠിതമായ നവസൃഷ്ടിയായിരിക്കണം പദാവലിനിർമാണത്തിന്റെ മുഖ്യരീതി. ശാസ്ത്രസാങ്കേതിക ഭാഷയായി മലയാളം വികസിക്കണമെങ്കിൽ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്കു കടന്നുവന്ന വാക്കുകൾ സംസ്കൃതനിയമങ്ങളനുസരിച്ച് പ്രയോഗിക്കണമെന്ന, സംസ്കൃതത്തോട് വിധേയത്വം പുലർത്തുന്ന നിലപാടും, ശാസ്ത്രസാങ്കേതിക ആശയങ്ങൾ വിനിമയം ചെയ്യാൻ സാധാരണ ഭാഷ അനുയോജ്യമല്ലെന്നുള്ള മനോഭാവവും മാറിയേതീരൂ. പക്ഷേ മലയാളിയുടെ മനസ്സ് ഇതിനായി പാകപ്പെട്ടു എന്ന് എനിക്ക് തീരെ ഉറപ്പില്ല.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 7

  • അബ്ദുൽ സലാം സഖാഫി

    19/Feb/2024 [09:00-pm]

    വളരെ നല്ല ലേഖനം. ശരിയായ മലയാളം പഠിക്കാൻ സംസ്കൃതവും പഠിച്ചേ തീരൂ എന്നത് ഒരു നല്ല രീതിയല്ല. ഒരു ഭാഷ പഠിക്കാൻ മറ്റൊരു ഭാഷാനിയമം പഠിക്കേണ്ടി വരുന്നത് മലയാളത്തിനു മാത്രമുള്ള തലവിധിയാണ്. ഈ തമാശ തുറന്നുകാട്ടിയ ലേഖകൻ അഭിനന്ദനമർഹിക്കുന്നു.

  • Vasudevan TT

    04/Nov/2023 [08:26-am]

    മലയാളിക്ക് ധൈര്യം പകരുന്ന നിരീക്ഷണങ്ങൾ. കൂടുതൽ പ്രതീക്ഷിക്കുന്നു.