SUBSCRIBE


കവർസ്റ്റോറി

or
Author


23rd October | Issue 285

യുദ്ധം ബാക്കിവെയ്ക്കുന്ന ജീവിതങ്ങൾ


സാന്ദ്രലക്ഷ്മി ആർ

ഈ കുട്ടികളടക്കമുള്ള മനുഷ്യരുടെ ദുരിതം, അന്താരാഷ്ട്ര നിയമങ്ങളെ പോലും അവഗണിച്ചുകൊണ്ട് ഒരു ജനതയുടെ ജീവിതത്തെയും മരണത്തെയും നിയന്ത്രിക്കാൻ കഴിയുന്ന പരമാധികാര ശക്തിയുടെ (Sovereign Power) പ്രയോഗമാണ്. ദീർഘകാലമായുള്ള അവശ്യവസ്തുക്കളുടെയും മാനുഷിക സഹായങ്ങളുടെയും നിഷേധം യുദ്ധതന്ത്രങ്ങളെന്ന് പരസ്യമായി പറയുന്ന നെതന്യാഹുവും ഈ പരമാധികാര പ്രയോഗമാണ് നടത്തുന്നത്.

image_src


ഏതു നിമിഷവും വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടേക്കാമെന്ന ബോധ്യത്തോടെയെങ്കിലും ഇനിയൊരു പലായനത്തിന് ഇടവരില്ലെന്ന വിശ്വാസത്തോടെ ഗാസയിലെ മനുഷ്യർ  സ്വന്തം മണ്ണിലേക്ക് മടങ്ങി വരുന്നു, ഉറ്റവരൊപ്പമില്ലാതെ, തകർന്ന അവശിഷ്ടങ്ങളിലേക്ക്, നിലം പൊത്താറായ വീടുകളിലേക്ക്. ഇക്കാലമത്രയും ജീവിച്ച ജീവിതം പോലെ തന്നെ കഠിനമായ കാലമാണ് ഇനിയും അവരുടെ മുന്നിലുള്ളത്. 

യുദ്ധങ്ങൾ എക്കാലത്തും ഏറ്റവും കൂടുതൽ  ബാധിക്കുന്നതും വേദനിപ്പിക്കുന്നതും കുട്ടികളെയാണ്. ഒരുപക്ഷേ, ജീവിച്ചു തീർക്കാൻ ഒരു ജീവിതം ബാക്കി തന്നിട്ട് യുദ്ധകാലം കടന്നുപോകുമ്പോൾ അതിനെ എങ്ങനെ അഭിമുഖീകരിക്കണമെന്നറിയാതെ ചുറ്റും നടക്കുന്നതിനെ, നഷ്ടപ്പെട്ടതിനെ തിരിച്ചറിയാനാകാതെ നിൽക്കേണ്ടിവരുന്നത് അവരാണ്. പലസ്തീൻ ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകിയത് കണ്ണുകൾ മൂടിക്കെട്ടി, കാലുകൾ ബന്ധിച്ച്, കഠിനമായ പീഡനങ്ങളുടെയും പൊള്ളലുകളുടെയും അടയാളങ്ങളോടെയാണ്. ഭരണകൂട ഭീകരതയുടെ ശേഷിപ്പാണ് ഇസ്രായേലി മോർച്ചറിയിലെ ഫ്രീസറുകളിൽ വളരെനാൾ സൂക്ഷിച്ച ആ ശരീരങ്ങൾ. ജീവനോടെ അവശേഷിച്ച  തടവുകാർ വിശപ്പും രോഗങ്ങളും മർദ്ദനവും കൊണ്ടവശരായാണ് ജയിൽ വിടുന്നത്. എല്ലാ തരത്തിലുള്ള വേദനകളുമേറ്റ്  ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട മനുഷ്യർ, ഇതിനൊക്കെ മൂകസാക്ഷികളായ കുഞ്ഞുങ്ങൾ. ഒരു തലമുറയെ തന്നെ മരണത്തിലേക്കും നിത്യദുരിതത്തിലേക്കും തള്ളിവിടുന്ന ഭരണകൂടത്തിന്റെയും അധികാര വർഗ്ഗത്തിന്റെയും രാഷ്ട്രീയതാൽപര്യങ്ങളുടെ ഇരകൾ. കൊല്ലപ്പെട്ടാൽ തിരിച്ചറിയാനായി അമ്മമാർ കാലിൽ പേരെഴുതിവിട്ട ആയിരക്കണക്കിന് കുട്ടികളുടെ നിലവിളികൾ എങ്ങനെ കേട്ടില്ലെന്ന് നടിക്കാനാകും.. ചിതറിക്കിടക്കുന്ന മനുഷ്യാവശിഷ്ടങ്ങൾക്കും പൊളിഞ്ഞ കെട്ടിടങ്ങൾക്കുമിടയിൽ വെടിയൊച്ചകൾ കേട്ടുറങ്ങുന്ന കുട്ടികൾക്ക്, അകാലത്തിൽ മുറിക്കപ്പെട്ട ചിറകുകളുമായി നിഷേധിക്കപ്പെട്ട ആകാശത്തിലേക്ക് നോക്കി നിൽക്കുന്ന കുഞ്ഞുങ്ങൾക്ക്, ശാരീരികമായും മാനസികമായും എപ്പോഴാണ് ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനാവുക?!  

അൺചൈൽഡിംഗ് : ബാല്യത്തിന്റെ കല്ലറകൾ  

ബാല്യകാലം, വിനോദങ്ങളുടെയും സുരക്ഷിതത്വത്തിന്റെയും വിദ്യാഭ്യാസം ആർജിക്കുന്നതിന്റെയും കാലഘട്ടമാണ്. എന്നാൽ, ഒന്നും നേടാതെ അവസാനിക്കുന്ന യുദ്ധങ്ങള്‍ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിച്ചാണ് കടന്നുപോകുന്നത്. നാസികള്‍ മാതാപിതാക്കളെ കഴുത്തുമുറിച്ച് കൊല്ലുന്നതും അവരെ ജീവനോടെ തീയിലേക്കു വലിച്ചെറിയപ്പെട്ടതും കാണേണ്ടിവന്ന കുട്ടികളുടെ അനുഭവങ്ങൾ സ്വെറ്റ്ലാന അലക്സിവിച്ചിന്റെ 'Last Witnesses: An Oral History of the Children of World War II' എന്ന പുസ്തകത്തിൽ പങ്കുവെക്കുന്നുണ്ട്.  യുദ്ധത്തിലൂടെ ഒരു സമൂഹം തന്റെ കുട്ടികളിൽ നിന്ന് അവരുടെ ബാല്യം (childhood)  കവർന്നെടുക്കുകയാണ്. 

പലസ്തീനിയൻ പണ്ഡിതയായ നദേര ഷൽഹൂബ്-കെവോർക്കിയൻ (Nadera Shalhoub-Kevorkian) മുന്നോട്ടുവെച്ച 'അൺചൈൽഡിംഗ്' (Unchilding) എന്ന സൈദ്ധാന്തിക ആശയം, കുട്ടികളുടെ ശാരീരികവളർച്ചാഘട്ടങ്ങളെയും മാനസികാവസ്ഥകളെയും ബോധപൂർവം അവഗണിക്കുന്ന, ഒരു കുട്ടിയെ ‘കുട്ടി’യെന്ന നിലയിൽ സമൂഹവും ഭരണവ്യവസ്ഥയും അംഗീകരിക്കാതിരിക്കുന്ന അവസ്ഥയാണ്. അവരുടെ മനസ്സും ശരീരവും നിയന്ത്രണങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കുകയും കുട്ടികളെന്ന കരുണയോ അവകാശങ്ങളോ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. 

പലസ്തീനികൾക്കെതിരായ ഇസ്രായേലി വംശഹത്യ ആരംഭിച്ച് എട്ട് മാസങ്ങൾ പിന്നിടുമ്പോൾ, ഇസ്രായേലി സേന ഗാസയിൽ ഏകദേശം 47,600 പലസ്തീനികളെ കൊലപ്പെടുത്തി, അതിൽ 15,820-ൽ അധികവും കുട്ടികളാണ്. വംശഹത്യയിൽ ഏകദേശം 17,000 കുട്ടികൾക്ക്,ഒരു രക്ഷിതാവിനെയെങ്കിലും നഷ്ടപ്പെട്ടു, ഏകദേശം 500 പേർക്ക് മാതാപിതാക്കൾ ഇരുവരെയും നഷ്ടമായി. ‘Unchilding’ എന്നത് മനുഷ്യാവകാശങ്ങൾക്കും ബാലാവകാശങ്ങൾക്കും വിരുദ്ധമായ ഒരു അവസ്ഥയാണ്.  

വെടിയൊച്ചകളും ആംബുലൻസ് സൈറണുകളും മുഴങ്ങാത്ത, ഉറ്റവരുടെ മരണത്തിന്റെ ഗന്ധമില്ലാത്ത, മുറിവുകൾ വേദനിപ്പിക്കാത്ത ഒരു കാലം യുദ്ധമുഖത്തിലെ എല്ലാ  കുഞ്ഞുങ്ങളുമർഹിക്കുന്നുണ്ട്. 

നെക്രോപൊളിറ്റിക്സ് : ജീവനും മരണത്തിനുമിടയിലെ രാഷ്ട്രീയം 

ചില സമൂഹങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാനും അവരെ മരണത്തിലേക്ക് തള്ളി വിടാനുമുള്ള അധികാരത്തെ (Power to Dictate Death) ഭരണകൂടം ഉപയോഗിക്കുന്നതിനെ കാമറൂണിയൻ ചരിത്രകാരനും രാഷ്ട്രീയ സൈദ്ധാന്തികനുമായ Achille Mbembe  'നെക്രോപൊളിറ്റിക്സ്' (Necropolitics) എന്ന് അടയാളപ്പെടുത്തുന്നു.  

ഗാസയിലെ കുട്ടികളുടെ അവസ്ഥ, ജീവിക്കാനും വിദ്യാഭ്യാസം നേടാനും ആരോഗ്യത്തോടെയിരിക്കാനുമുള്ള ഒരു കുട്ടിയുടെ അടിസ്ഥാനപരമായ അവകാശങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും പരസ്യമായ ലംഘനമാണ്. പോഷകാഹാരക്കുറവും കൊടിയ പട്ടിണിയും മൂലം നൂറ് കണക്കിന് കുട്ടികൾ മരിച്ചിട്ടുണ്ട്, ആയിരക്കണക്കിന് കുട്ടികൾ ഗുരുതര രോഗങ്ങൾക്ക് കീഴടങ്ങിയിട്ടുമുണ്ട്. ആരോഗ്യപരിപാലന സംവിധാനങ്ങളുടെ തകർച്ചയും അവശ്യമരുന്നുകളുടെയും ആന്റിബയോട്ടിക്കുകളുടെയും നിഷേധമുണ്ടായില്ലാരുന്നുവെങ്കിൽ ഈ മരണങ്ങൾ ഒഴിവാക്കാനാകുമായിരുന്നു. UNICEF ന്റെ കണക്കുകൾ അനുസരിച്ച് 70% കുട്ടികൾക്ക് ഭക്ഷണവും സുരക്ഷിതമായ കുടിവെള്ളവും പോലും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം ഈ കൊലപാതകങ്ങൾക്ക് കൂട്ടുനിന്നു എന്ന് പറയാതെ വയ്യ. 

​സംഘർഷ മേഖലകളിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ, 1949-ലെ നാലാം ജനീവ കൺവെൻഷൻ (Fourth Geneva Convention) ഒരു അടിസ്ഥാന രേഖയാണ്. കൺവെൻഷൻ പ്രകാരം, കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലെ (Occupied Territories) പൗരന്മാർക്ക് പ്രത്യേക പരിരക്ഷ നൽകാൻ അധീശശക്തികൾക്ക് (Occupying Power) നിയമപരമായ ബാധ്യതയുണ്ട്. അതിലെ ആർട്ടിക്കിൾ 50 അനുസരിച്ച്, യുദ്ധം ബാധിച്ച പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രത്യേക സംരക്ഷണം, പരിചരണം, വിദ്യാഭ്യാസം, മതപരമായ പരിശീലനം എന്നിവ ഉറപ്പുവരുത്താൻ അവർ ബാധ്യസ്ഥരാണ്. യുദ്ധത്തിന്റെ സാഹചര്യത്തിൽ, ജനങ്ങൾക്കുള്ള വൈദ്യസഹായം ഒരു കാരണവശാലും നിഷേധിക്കാനാകുന്നതല്ല.  

ആർട്ടിക്കിൾ 55 ൽ, കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാനും, പൊതുജനാരോഗ്യ നിലവാരം ഉറപ്പുവരുത്താനും ആക്രമണം നടത്തുന്ന രാജ്യത്തിന് ഉത്തരവാദിത്തമുണ്ടെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ഗാസയിൽ സംഭവിക്കുന്നത് ഇവയുടെയൊക്കെ ഗുരുതരമായ ലംഘനമാണ്. 

സുരക്ഷിതമല്ലാത്ത ഭക്ഷണവും വെള്ളവും അഭയാർത്ഥി ക്യാമ്പുകളിലെ ആൾക്കൂട്ട ജീവിതങ്ങളും കാരണം അവിടെ ഏറ്റവും കൂടുതൽ പടരുന്നത് ചിക്കൻപോക്സ്, മെനിഞ്ചൈറ്റിസ്,  ഹെപ്പാറ്റിറ്റിസ് എ തുടങ്ങിയവയും ശ്വാസകോശസംബന്ധമായ രോഗങ്ങളുമൊക്കെയാണ്. പ്രതിരോധ സംവിധാനങ്ങളുടെയും ചികിത്സയുടെയും അഭാവവും ഈ സാഹചര്യത്തിന്റെ തീവ്രത വർധിപ്പിക്കുന്നതിന് കാരണമാകുന്നു.  ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അക്കാലയളവിലെ പ്രതിരോധ കുത്തിവയ്‌പ്പുകൾ  അതിന്റെ ജീവിതകാലത്തിലുടനീളം പ്രധാനപ്പെട്ടവയാണ്. ആ പ്രതിരോധ കുത്തിവെപ്പുകൾക്കുള്ളതും ജീവൻ രക്ഷയ്ക്കുള്ളതുമായ മരുന്നുകൾ തടഞ്ഞുകൊണ്ടും ആശുപത്രികൾ തകർത്തുകൊണ്ടും രോഗം പടർത്താനുള്ള സാഹചര്യങ്ങൾ ഇസ്രായേൽ ഭരണകൂടം ആസൂത്രിതമായി സൃഷ്ടിച്ചു. 

തകർന്ന ശാരീരിക- മാനസികാരോഗ്യത്താലും മാതാവിനു ശരിയായ രീതിയിൽ തുടർപരിചരണം ലഭിക്കായ്ക (പ്രത്യേകിച്ചും ഗർഭകാലത്തിന്റെ ആദ്യമാസങ്ങളിൽ) യാലും 2025ന്റെ ആദ്യ പകുതിയിൽ തന്നെ, 2600 ഭ്രൂണ- നവജാത മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. 70 ഓളം ശിശുക്കൾ അംഗവൈകല്യത്തോടെയും 1600 ഓളം ശിശുക്കൾ തൂക്കക്കുറവോടെയും ജനിച്ചവരാണ്. അതുകൊണ്ടുതന്നെ, ആരോഗ്യപരിരക്ഷയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതും കുഞ്ഞുങ്ങളെ രോഗങ്ങൾക്കും പട്ടിണിക്കും വിട്ടുകൊടുക്കുന്നതും മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ്, അതിനു സാഹചര്യമൊരുക്കുന്നവർ അന്താരാഷ്‌ട്ര നിയമപ്രകാരം ക്രിമിനൽ കുറ്റകൃത്യം ചെയ്തവരും. 

​ഗാസയിലെ കുട്ടികൾ നേരിടുന്ന ഈ പ്രശ്നങ്ങൾ യുദ്ധത്തിന്റെ  പാർശ്വഫലങ്ങൾ മാത്രമല്ല, മറിച്ച് നെക്രോപൊളിറ്റിക്സിന്റെ  രാഷ്ട്രീയപരമായ ഉപകരണങ്ങളാണ്. ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ബോധപൂർവം നിഷേധിക്കുന്നതിലൂടെ, ഒരു വലിയ ജനവിഭാഗത്തിന്റെ ആരോഗ്യവും നിലനിൽപ്പും അപകടത്തിലാക്കുകയാണ് ഭരണകൂട ശക്തികൾ.  അവർ നേരിട്ടുള്ള കൊലപാതകത്തിലൂടെയല്ലാതെ, ദുരിതങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ട് 'സാവധാന മരണ' (Slow death) ത്തിലൂടെ കുട്ടികളുടെ ജീവിതം തകർക്കുകയും, 'മരണത്തിന് വിധിക്കപ്പെട്ടവർ' (Doomed to Die) എന്ന പദവി കുഞ്ഞുങ്ങൾക്ക് ചാർത്തിക്കൊടുക്കുകയും ചെയ്യുന്നു. 

ഇസ്രായേൽ കൂടി ഒപ്പുവെച്ച 1989-ലെ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കൺവെൻഷനി (Convention on the Rights of the Child - CRC) ലെ ആർട്ടിക്കിൾ 6 പ്രകാരം എല്ലാ കുട്ടികൾക്കും ജീവിക്കാനുള്ള അടിസ്ഥാന അവകാശമുണ്ടെന്നും കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉറപ്പുവരുത്തുന്നതിന് രാഷ്ട്രങ്ങൾ പരമാവധി ശ്രമിക്കണമെന്നും വ്യക്തമാക്കുന്നു. സിവിലിയൻ ജനതയ്ക്കെതിരെയുള്ള  കൂട്ടക്കൊല, നിരോധനം, കുടിയേറ്റം, ഭക്ഷണ- ജല ഉപരോധം തുടങ്ങിയവ യുദ്ധക്കുറ്റകൃത്യങ്ങളാണ്. ഇവിടെ അന്താരാഷ്ട്ര യുദ്ധനിയമങ്ങൾ പോലും ഇസ്രായേലിന് ബാധകമല്ല എന്ന് വ്യക്തം. 

യുദ്ധം കുഞ്ഞുങ്ങളോട് ചെയ്യുന്നത്  

2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതുമുതൽ, പ്രാഥമിക വിദ്യാലയങ്ങളിലും  യൂണിവേഴ്സിറ്റികളിലുമുള്ള പലസ്തീൻ വിദ്യാർത്ഥികളുടെ ഒരു തലമുറയ്ക്ക് അവിടെ വിദ്യാഭ്യാസസൗകര്യങ്ങൾ ലഭ്യമല്ലാതെയായി.  

2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം (ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും അവശിഷ്ട പലസ്തീൻ ഭൂമി കൂടി കയ്യടക്കാനുള്ള തുടർച്ചയായ ഇസ്രായേലിന്റെ കടന്നാക്രമണങ്ങളിൽ സഹികെട്ട ഹമാസ് മിലിട്ടന്റുകളുടെ പ്രത്യാക്രമണത്തിൽ 1139 ഇസ്രായേലികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 250 പേരെ ഹമാസ് സേന ബന്ദികളാക്കുകയും ചെയ്തു. എന്നാൽ രണ്ടുവർഷക്കാലത്തിനിടയിൽ ഗാസയുടെ  ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് അവിടത്തെ മരണസംഖ്യ ഏകദേശം 82000-ലേറെയാണ്. പകരം വയ്ക്കാനാകാത്ത വംശഹത്യയാണ് അവിടെ നടക്കുന്നത്. ഈ രണ്ട് കൂട്ടരുടെ ആക്രമണങ്ങൾ ഒരുതരത്തിലും സമീകരിക്കാനാകുന്നതല്ല)  

ഇസ്രായേൽ പ്രതികാര നടപടികൾ ആരംഭിച്ചപ്പോൾ മുതൽ, ലക്ഷക്കണക്കിനാളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്തതിനെത്തുടർന്ന് സ്കൂളുകളിൽ ക്ലാസ് നിർത്തിവയ്ക്കുകയും അവ  മനുഷ്യർ തിങ്ങിനിറഞ്ഞ അഭയകേന്ദ്രങ്ങളായി മാറുകയും ചെയ്തു. ഇത് മൂലം യുദ്ധവും പട്ടിണിയും പലായനവുമായി മല്ലിടുന്ന കുട്ടികൾക്ക് അവരുടെ പ്രധാന സാമൂഹിക ഇടമായ വിദ്യാലയങ്ങൾ ഇല്ലാതാവുകയും എഴുത്തും വായനയും പോലുള്ള അടിസ്ഥാന കഴിവുകൾ നഷ്ടപ്പെടുന്നതിലേക്ക് അത് നയിക്കുകയും ചെയ്തു. മുതിർന്ന വിദ്യാർത്ഥികളുടെ അഡ്വാൻസ്ഡ് വിഷയങ്ങളിലെ പഠനം, ബിരുദ പരീക്ഷകൾ എന്നിവയെല്ലാം തടസ്സപ്പെട്ടു.  

ഓരോ ജീവനും വിലപ്പെട്ടതാണെങ്കിൽതന്നെയും, UNICEF പോലുള്ള അന്താരാഷ്ട്ര ഏജൻസികൾ കുട്ടികൾക്ക് പ്രത്യേകമായി മുൻഗണന നൽകുന്നത് അവരുടെ അതിജീവനശേഷിക്കുറവും, പ്രത്യേക സംരക്ഷണത്തിന്റെ ആവശ്യകതയും പരിഗണിച്ചാണ്. കൂടുതൽ ദുർബലരായ, അവശ്യവസ്തുക്കൾ കണ്ടെത്താനോ, സ്വന്തമായി സുരക്ഷിതത്വം ഉറപ്പാക്കാനോ കഴിയാത്ത ഈ കുഞ്ഞുങ്ങളെയാണ് യുദ്ധത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങൾ വളരെക്കാലം ബാധിക്കുന്നത്. വംശഹത്യയുടെ വൈകാരിക മുറിവുകൾ ഭാവിയിലേക്കും വഹിക്കാൻ സാധ്യതയുള്ള തലമുറയാണ് ഈ കുഞ്ഞുങ്ങളുടേത്. യുദ്ധം അവരുടെ വിദ്യാഭ്യാസം,ശാരീരിക-മാനസികാരോഗ്യം, സ്വപ്നങ്ങൾ ഒക്കെയും തച്ചുടച്ചുകൊണ്ടിരിക്കുന്നു. വെടിനിർത്തൽ ചർച്ചകൾ നടന്നാൽ പോലും, ഗാസയിലെ കാര്യങ്ങൾ എപ്പോൾ പുനർനിർമ്മിക്കാൻ കഴിയുമെന്നത് വ്യക്തമല്ല. ഇതോടൊപ്പം കുട്ടികൾ അഭിമുഖീകരിക്കുന്ന ഡിപ്രഷൻ, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോഡർ(PTSD) തുടങ്ങിയവയുടെ സങ്കീർണ്ണതകൾ വേറെ. PTSD, ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകൾ ഇവിടെയാണ്. ചികിത്സ ലഭിക്കാത്ത ബാല്യകാല ട്രോമകൾ ഭാവിയിൽ അക്രമം, ലഹരി ഉപയോഗം, വിഷാദരോഗം, ആത്മഹത്യാപ്രവണത തുടങ്ങിയവയിലേക്ക് നയിച്ചേക്കാം. ഇവ ഒരു ജനതയുടെ സാംസ്‌കാരിക-വൈകാരിക അടിത്തറയുടെ തകർച്ചയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. 

ഇസ്രയേൽ നേതൃത്വം നൽകുന്ന ഈ യുദ്ധവും അനാഥത്വവും അനാരോഗ്യവും വിദ്യാഭ്യാസനിഷേധവും തകർത്ത കുട്ടികളുടെ മാനസികാരോഗ്യം പൂർവസ്ഥിതി പ്രാപിക്കാൻ കാലമെത്ര വേണ്ടിവരും! 

ഈ കുട്ടികളടക്കമുള്ള മനുഷ്യരുടെ ദുരിതം, അന്താരാഷ്ട്ര നിയമങ്ങളെ പോലും അവഗണിച്ചുകൊണ്ട് ഒരു ജനതയുടെ ജീവിതത്തെയും മരണത്തെയും നിയന്ത്രിക്കാൻ കഴിയുന്ന പരമാധികാര ശക്തിയുടെ (Sovereign Power) പ്രയോഗമാണ്. ദീർഘകാലമായുള്ള അവശ്യവസ്തുക്കളുടെയും മാനുഷിക സഹായങ്ങളുടെയും നിഷേധം യുദ്ധതന്ത്രങ്ങളെന്ന് പരസ്യമായി പറയുന്ന നെതന്യാഹുവും ഈ പരമാധികാര പ്രയോഗമാണ് നടത്തുന്നത്. ആയുധം,ഫണ്ടിംഗ്, രാഷ്ട്രീയ സംരക്ഷണമടക്കം അമേരിക്കയുടെ പിന്തുണയിലാണ് ഇസ്രായേൽ ഗാസയിൽ എല്ലാ അതിക്രമങ്ങളും നടത്തുന്നത്. എക്കാലത്തും പലസ്തീനൊപ്പം നിന്ന ചരിത്രമുള്ള ഇന്ത്യയിൽ, ഇന്ന് ഭരിക്കുന്ന തീവ്ര ഹിന്ദുത്വകക്ഷിയായ ബി.ജെ.പി, പലസ്തീനിലെ വംശഹത്യയെ അപലപിച്ചിട്ടില്ല എന്ന്  മാത്രമല്ല ഇസ്രായേലുമായുള്ള സൗഹൃദം ശക്തമാക്കുകയും ചെയ്യുന്നു. 

പലസ്തീനെ ഘട്ടം ഘട്ടമായി വംശീയ ഉന്മൂലനം ചെയ്ത് ഒരു ഭൂപ്രദേശം സമ്പൂർണ്ണ അധിനിവേശത്തിലാക്കുമ്പോഴും പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുമ്പോഴും ഐക്യരാഷ്ട്രസഭ മുതൽ ലോക ജനതയുടെ സുരക്ഷക്ക് കാവൽ നിൽക്കേണ്ടവരെല്ലാം മൗനം ഭുജിക്കുകയായിരുന്നു. 

​ഗാസയിലെ മനുഷ്യരുടെ സംരക്ഷണമുറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടേണ്ടത് കേവലം മാനുഷികപരമായ ഒരു കടമ എന്നതിലുപരി, അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെയും (Right to Life) മാനിക്കുന്ന ഒരു രാഷ്ട്രീയ ഉത്തരവാദിത്തമാണ്. 

ഒന്നാംഘട്ട ഗാസ സമാധാനപദ്ധതി അംഗീകരിച്ച്  ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്നും, ഇസ്രായേലി സേന ഗാസയിലുടനീളം പലസ്തീനികളെ കൊല്ലുന്നത് തുടരുകയും ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും പ്രവേശനം തടയുകയും ചെയ്തിരിക്കുകയാണ്. 

വെടിനിർത്തൽ പ്രഖ്യാപനത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ പൂർണ്ണമായി നിർത്തിവയ്ക്കാനും, തടവുകാരെ മോചിപ്പിക്കാനും, പ്രതിദിനം 600 സഹായട്രക്കുകൾ പ്രവേശിപ്പിക്കാനും വ്യക്തമായി ആവശ്യപ്പെടുന്നു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഇസ്രായേൽ സേനയെ ഘട്ടംഘട്ടമായി പിൻവലിക്കണമെന്നും അതിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ ഇസ്രായേൽ സായുധ ഓപ്പറേഷനുകൾ തുടരുകയും, സഹായ ട്രക്കുകളുടെ എണ്ണം 300 ആയി കുറയ്ക്കുകയും, സൈന്യത്തെ ഗാസയിൽ തന്നെ നിലനിർത്തുകയുമാണ് ചെയ്യുന്നത്. ഒക്ടോബർ 16 വരെ, വെടിനിർത്തലിനു ശേഷം കുറഞ്ഞത് 23 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഗാസ അധിനിവേശത്തിലും ഉപരോധത്തിലും തന്നെയാണ്, അവരുടെ ജീവിതത്തിനോ അവകാശങ്ങൾക്കോ പുനർനിർമ്മാണങ്ങൾക്കോ  യാതൊരു ഉറപ്പുമില്ല. 'സമാധാനം പുലർന്നു' എന്ന് പറയുന്ന നിമിഷങ്ങളിൽ പോലും പലസ്തീനികൾ കുടിയൊഴിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് തുടരുന്നു. ഇപ്രകാരം ഉത്തരവാദിത്തപരമല്ലാത്ത ഒരു വെടിനിർത്തലിന് വംശഹത്യ അവസാനിപ്പിക്കാൻ കഴിയില്ല. അന്താരാഷ്ട്ര തലത്തിൽ നിരന്തരമായ സമ്മർദ്ദത്തിനു മാത്രമേ പലസ്തിന്റെ വിമോചനത്തിലേക്കുള്ള പാത തുറക്കാൻ കഴിയുകയുള്ളു. 

ഗാസയിലെ ഒരെഴുത്തുകാരി ഹിന്ദ് ജൗദ ഇങ്ങനെ കുറിക്കുന്നു - 

"ലോകം ഞങ്ങൾക്ക് തന്ന സമ്മാനമാണ് സങ്കടം, 
ഒരിക്കലും വയസ്സാകാത്ത അതിന്റെ 
അനശ്വരരായ കുഞ്ഞുങ്ങളാണ് ഞങ്ങൾ" 

മനുഷ്യത്വത്തിൽ വിശ്വസിക്കുന്നവർക്ക് ഇവരോടൊപ്പമല്ലാതെ എങ്ങനെയാണ്നിലയുറപ്പിക്കാനാകുക... 

 

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 1

  • രഹ്ന

    25/Oct/2025 [02:21-am]

    സാന്ദ്ര നന്നായി എഴുതിയിട്ടുണ്ട്❤️