'ഒരു രാഷ്ട്രീയക്കാരൻ മനുഷ്യരെ രണ്ടായി വിഭജിക്കും ‐ ഉപകരണങ്ങളായും...
ചെറിയ തോതിലാണെങ്കിലും ആഘോഷമായിരുന്നു മുല്ലനേഴിയ്‌ക്കു ജീവിതം. വീട്ടിലെ ചെറിയ ചെറിയ ചടങ്ങുകള്‍ പോലും ആഘോഷിച്ചു. എല്ലാത്തിനും വിപുലമായ ക്ഷണമുണ്ടായിരുന്നു. എല്ലാവരും മുല്ലനേഴിയ്‌ക്ക് വേണ്ടപ്പെട്ടവരായിരുന്നു. ലോറിപ്പണിക്കാരെയും ലോഹിതദാസിനെയും ഒരുപോലെ സ്വീകരിയ്‌ക്കാന്‍ മുല്ലനേഴിയ്‌ക്കു കഴിഞ്ഞിരുന്നു. മുല്ലനേഴിയുടെ വ്യക്തിത്വത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഈ സമദര്‍ശിത്വമായിരുന്നു. വലിയ ഒരു മനസ്സിനു മാത്രം സാദ്ധ്യമായ ഒന്നാണ് അത്.
രാവിലെ എട്ടര മണിയ്‌ക്കാണ് ജോലിസമയം തുടങ്ങുന്നതെങ്കിലും ഞാന്‍ ഏഴരയ്‌ക്കു തന്നെ എത്തുമായിരുന്നു ജോലിസ്ഥലത്ത്. അതിന് ആറ് നാല്‍പതിന് വീട്ടില്‍നിന്നിറങ്ങും. ആറേമുക്കാലിന് വീടിന്റെ അടുത്തുകൂടി പോവുന്ന ഒരു ബസ്സാണ് ഉന്നം. ഓഫീസ് മുറിയിലെത്തിയാല്‍ ഉടനെ റേഡിയോ ഓണ്‍ ആക്കും. ദില്ലി വാര്‍ത്തകള്‍ കഴിഞ്ഞ് ഏഴ്-മുപ്പത്തഞ്ചിന് സിനിമാപ്പാട്ടുകള്‍ തുടങ്ങുന്ന മുഹൂര്‍ത്തമാവും അത്. അന്ന് ആദ്യത്തെ പാട്ടു വരുന്നു: "അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലില്‍ അമ്മയെക്കണ്ടോ കാട്ടുപൂവേ!'' 'കാട്ടിലെ പാട്ടി'ലെ പാട്ടാണ്; ഇഷ്ടപ്പെട്ട പാട്ടാണ്. രാഘവന്‍ മാഷടെ സംഗീതം. മുല്ലനേഴി എഴുതിയതാണല്ലോ എന്ന് ആലോചിയ്‌ക്കുമ്പോള്‍ അതാ മൊബൈല്‍ ശബ്‌ദിയ്‌ക്കുന്നു. സ്‌ക്രീനിൽ കാണിയ്‌ക്കുന്നു: 'മുല്ലനേഴി കോളിങ്ങ്!'
"ഞാനിപ്പൊ മാഷെ ഓര്‍ത്തേള്ളൂ; ദാ കേട്ടോളൂ,"ഞാന്‍ മൊബൈല്‍ റേഡിയോവിന്റെ സ്‌പീക്കറിനോട് അടുപ്പിച്ചു വെച്ചു.
"ഞാനങ്ങനെയാണ്'' മാഷ് തൊണ്ട ശരിയാക്കി. "ആരൊക്കെ എന്നേപ്പറ്റി ചിന്തിച്ചാലും ഞാന്‍ അപ്പൊ അവരുടെ അടുത്തെത്തും; ചിലപ്പോള്‍ ശാരീരമായും അല്ലെങ്കില്‍ ശരീരമായും!'' മാഷോടൊപ്പം ഞാനും ചിരിയില്‍ പങ്കു ചേര്‍ന്നു.
വര: ജാനു മഞ്ചേരി
അപ്പോള്‍ ഒരു സംഭവം കൂടി ഓര്‍മ്മിച്ചു. 'അഷ്ടമൂര്‍ത്തിക്കഥക'ളുടെ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ എന്റെ മുമ്പിലുള്ള കസേരയില്‍ ഇരിപ്പാണ് മുല്ലനേഴി. അതിനിടെ ഷര്‍ട്ടിന്റെ കീശയില്‍നിന്ന് ബീഡിയും തീപ്പെട്ടിയുമെടുത്ത് മുല്ലനേഴി ബീഡി കത്തിച്ചു. ഞാനന്ന് ചിലപ്പോഴൊക്കെ ബീഡിയോ സിഗററ്റോ വലിയ്‌ക്കാറുള്ള കാലമാണ്. വലിയുള്ള വല്ലവരേയും കണ്ടാല്‍ ഒരു പ്രലോഭനമുണ്ട്. മുല്ലനേഴിയുയര്‍ത്തുന്ന ബീഡിപ്പുക കണ്ടപ്പോള്‍ എനിയ്‌ക്കും ഒന്നു വലിച്ചാല്‍ക്കൊള്ളാമെന്നു തോന്നി. ചോദിയ്‌ക്കാന്‍ ഒരു മടി. പെട്ടെന്ന് മുല്ലനേഴി എന്റെ നേരെ തിരിഞ്ഞ് ഒരു ചോദ്യം: "തനിയ്‌ക്ക് ബീഡി വേണോ?'' അത്ഭുതപ്പെട്ട എന്നോട് മുല്ലനേഴി പറഞ്ഞു. "എനിയ്‌ക്ക് മനസ്സു വായിയ്‌ക്കാനറിയാം.''
"മറ്റുള്ളവരുടെ മനസ്സു വായിയ്‌ക്കാന്‍ അറിയാവുന്നതുകൊണ്ടാണല്ലോ മാഷ് കവിയായത്!'' ബീഡി കൊളുത്തിത്തരുമ്പോള്‍ മാഷോട് ഞാന്‍ പറഞ്ഞു.
അയല്‍ക്കാരന്‍
കവി മുല്ലനേഴി തൃശ്ശൂര്‍ ജില്ലയിലെ അവിണിശ്ശേരിക്കാരനാണ്. അവിണിശ്ശേരിയും ആറാട്ടുപുഴയും ഒരേ പഞ്ചായത്തില്‍ പെട്ടിരുന്ന കാലം. വല്ലച്ചിറ പഞ്ചായത്ത് നടത്താറുള്ള ഓണാഘോഷത്തില്‍ ഞങ്ങള്‍ രണ്ടുപേരും ഒരേ സാഹിത്യമത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ക്ലബ്ബുകള്‍ തമ്മിലാണ് മത്സരം. ഓരോ ഇനത്തിനും പ്രത്യേകം പ്രത്യേകം പോയന്റാണ്. മത്സരത്തീയതി കുറിയ്‌ക്കുന്നതിനു മുമ്പു തന്നെ ക്ലബ്ബുകള്‍ കലാകാരന്മാരെ തങ്ങളുടെ കൂട്ടത്തിലേയ്‌ക്ക് ബുക് ചെയ്യും. അങ്ങനെയാണ് മുല്ലനേഴിയും ഞാനും വ്യത്യസ്‌ത ക്ലബ്ബുകള്‍ക്കു വേണ്ടി എഴുത്തുമത്സരത്തില്‍ പങ്കെടുത്തത്.
ചെറുപ്പകാലത്ത്
കഥ, കവിത, ഏകാങ്കം, ഉപന്യാസം എന്നിവയായിരുന്നു വിഷയങ്ങള്‍. ഞങ്ങള്‍ രണ്ടു പേരും നാല് ഇനങ്ങളും എഴുതി. രാവിലെ ഉപന്യാസം, കവിത. ഉച്ച തിരിഞ്ഞ് കഥ, ഏകാങ്കം. ഉച്ചയൂണിന് ഒരു നാടന്‍ ഹോട്ടലില്‍ ഇരിയ്‌ക്കുമ്പോഴാണ് ഞാന്‍ മുല്ലനേഴിയെ ശരിയ്‌ക്കു കാണുന്നത്. ആദ്യമായി കാണുന്നതും അന്നു തന്നെ.
കൊല്ലം 1971 ആണ്. മുല്ലനേഴിയ്‌ക്ക് അന്ന് 23-ഉം എനിയ്‌ക്ക് 19-ഉം വയസ്സ്. എന്തു സുന്ദരനായിരുന്നു മുല്ലനേഴി! തലമുടി ഭംഗിയായി ചീകിവെച്ചിരിയ്‌ക്കുന്നു. വൃത്തിയായി ഷേയ്‌വ് ചെയ്‌തിട്ടുണ്ട്. കൃത്യമായി മുറിച്ചുനിര്‍ത്തിയ കരമീശ. ആര്‍ക്കും ഇഷ്ടം തോന്നുന്ന ചിരിയാണ്. ഞാന്‍ ആ മുഖത്തേയ്‌ക്ക് നോക്കിയിരുന്നുപോയി.
എത്രയോ കാലമായി പരിചയമുള്ളതു പോലെയായിരുന്നു മുല്ലനേഴിയുടെ പെരുമാറ്റം. "ഇത്ര അടുത്താണെങ്കിലും നമ്മള്‍ ഇപ്പോഴാണ് കാണുന്നതല്ലേ!'' മുല്ലനേഴി ചിരിച്ചു. എന്റെ വീട്ടില്‍നിന്ന് കഷ്ടിച്ച് ആറു കിലോമീറ്റര്‍ അകലെയാണ് മുല്ലനേഴിയുടെ വീട്.
ക്ലബ്ബുകാരാണ് ഞങ്ങളെ ഹോട്ടലിലേയ്‌ക്കു കൂട്ടിക്കൊണ്ടു പോയത്. ഊണിനു കാത്തിരിയ്‌ക്കുമ്പോള്‍ ഒരു ക്ലബ്ബിന്റെ പ്രവര്‍ത്തകന്‍ ആരെയോ അന്വേഷിച്ച് കടയില്‍ വന്നു. "അവന്‍ ഇവിടെയില്ലല്ലോ, ഇന്നലെ പറഞ്ഞു നടക്കുന്നുണ്ടായിരുന്നൂലോ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന്'' മുല്ലനേഴിയുടെ ക്ലബ്ബുകാരന്‍ പറഞ്ഞു. "അതു മാത്രം പറയരുത് സുഹൃത്തേ'' പ്രതി ആരാണെന്നു പോലും അറിയാതെ മുല്ലനേഴി പറഞ്ഞു. "വിലപ്പെട്ട നമ്മുടെ ജീവന്‍ നമ്മളായി കളയാന്‍ നമുക്ക് ഒരവകാശവുമില്ല.'' സമൂഹത്തില്‍ സ്ഥാനം നഷ്ടപ്പെട്ട ആള്‍ പിന്നെ എന്തുചെയ്യണം എന്ന മറുചോദ്യമൊന്നും മുല്ലനേഴിയുടെ അഭിപ്രായം മാറ്റിയില്ല.
കവിതയ്‌ക്കും ഏകാങ്കത്തിനും മുല്ലനേഴിയ്‌ക്കും കഥയ്‌ക്കും ഉപന്യാസത്തിനും എനിയ്‌ക്കുമാണ് ഒന്നാം സ്ഥാനം കിട്ടിയത്. ഏകാങ്കത്തിന് എനിയ്‌ക്ക് രണ്ടാം സ്ഥാനവും കിട്ടി. ഏതായാലും അന്നു കണ്ട മുല്ലനേഴിയെ പിന്നീടു കണ്ടത് വളരെ കാലം കഴിഞ്ഞാണ്. അപ്പോഴേയ്‌ക്കും മുല്ലനേഴി കവിയായും ഗാനരചയിതാവായും പ്രശസ്‌തനായിക്കഴിഞ്ഞിരുന്നു.
അസീസിന്റെ 'ചാവേര്‍പ്പട'യില്‍ മുല്ലനേഴിയുടെ അഭിനയത്തേക്കുറിച്ച് കൂട്ടുകാരന്‍ വാസുദേവന്‍ പറഞ്ഞും വേറെ ചിലര്‍ പറഞ്ഞ് 'അടുക്കളയില്‍നിന്ന് അരങ്ങത്തേയ്‌ക്ക്' എന്ന നാടകത്തേക്കുറിച്ചും അറിഞ്ഞു. വിവിധ് ഭാരതിയിലെ 'ദക്ഷിണ്‍ ഭാരതീയ് ഫിലിം ഗീതോം കാ കാര്യക്രമ'ത്തില്‍ 'മുല്ലനാസി'യുടെ (അങ്ങനെയാണ് വിവിധ് ഭാരതിക്കാരി ഉച്ചരിയ്‌ക്കാറ്) "കറുകറുത്തൊരു പെണ്ണും'' അപ്പോഴേയ്‌ക്കും ബോംബെയിലുമെത്തിയിരുന്നു. കെ.ആര്‍. മോഹനന്റെ 'അശ്വത്ഥാമാ'വിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന നിലയിലുള്ള കയ്യടക്കത്തേക്കുറിച്ചും പറഞ്ഞുകേട്ടിരുന്നു. 'ഗ്രാമീണഗാനങ്ങ'ളുടെ കാസ്സെറ്റ് ബോംബെയിലും ഹിറ്റായിരുന്നു. എന്നുമെന്ന പോലെ അതിലെ പാട്ടുകള്‍ വെയ്‌ക്കും. "കെയക്കെ മാനത്തെ മലമേലെ കേക്കുന്നൊരു തമരടി, കറുത്ത കാലം വെളുപ്പിയ്‌ക്കും കതിരോന്റെ ചിറകടി'' എന്ന പാട്ടു കേള്‍ക്കുമ്പോള്‍ എന്റെ ബന്ധുവായ എം. പരമേശ്വരന്‍ പറയും: "തുടങ്ങീലോ കേക്കെ മാഷടെ ചിറകടി!'' (കെ.കെ. മാഷ് എന്റെ അച്ഛനാണ്.)
ഉർവശിയോടൊപ്പം. സിനിമ: കഴകം
ബോംബെയില്‍നിന്ന് തിരിച്ചെത്തിയത് 'ക്രിസ്‌തുവിന്റെ ആറാം തിരുമുറിവ്' പ്രക്ഷോഭം നടക്കുന്ന കാലത്താണ്. പ്രക്ഷോഭത്തിന്റെ മുന്‍പന്തിയില്‍ത്തന്നെയുണ്ടായിരുന്നു മുല്ലനേഴി. പ്രസംഗങ്ങളും കവിതാലാപനവുമായി തൃശ്ശൂരില്‍ സജീവമായിരുന്നു അദ്ദേഹം. 'തലപുരാണം', 'നാറാണത്തുപ്രാന്തന്‍', 'എന്നും ഒന്നാംക്ലാസ്സില്‍ പഠിയ്‌ക്കുന്ന കുട്ടി', 'വ്യഭിചാരികള്‍' തുടങ്ങിയ കവിതകള്‍ മുല്ലനേഴിയുടെ ശബ്‌ദത്തിലൂടെ അലയടിയ്‌ക്കുന്ന കാലവുമായിരുന്നു അത്. സിനിമയില്‍ പാട്ടെഴുത്തിനു പുറമേ ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തനത്തിലും വ്യാപൃതനായിരുന്നു മുല്ലനേഴി. തൃശ്ശൂര്‍ മോഡല്‍ സ്‌കൂളിലെ അദ്ധ്യാപക ജോലിയ്‌ക്കിടയിലായിരുന്നു ഈ തിരക്കിട്ട പ്രവര്‍ത്തനങ്ങളത്രയും.
എന്നാലും ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയിലൊക്കെയും ഒരു റിബല്‍ മുല്ലനേഴിയിലുണ്ടായിരുന്നു. പരിഷത്തില്‍ പ്രവര്‍ത്തിയ്‌ക്കുമ്പോള്‍ പരിഷത്തിനേയും കമ്മ്യൂണിസ്റ്റ് അനുഭാവിയായിരിയ്‌ക്കുമ്പോള്‍ പാര്‍ട്ടിയേയും വിമര്‍ശിക്കും. ഒരു പ്രസ്ഥാനത്തിനും പൂര്‍ണ്ണമായി അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. തിരിച്ചും. സ്വന്തമായ നിലപാടുകളിലും ആദര്‍ശങ്ങളിലും വെള്ളം ചേര്‍ക്കാന്‍ മുല്ലനേഴി ഒരുക്കമായിരുന്നില്ല. അതുകൊണ്ടു തന്നെ എല്ലാ പ്രസ്ഥാനങ്ങളും ശങ്കയോടെയാണ് മുല്ലനേഴിയെ സമീപിച്ചത്. അതുകൊണ്ട് എന്തെല്ലാം നഷ്ടമുണ്ടാവും എന്ന കണക്കുകൂട്ടല്‍ മറ്റു പലരേയും പോലെ മുല്ലനേഴിയ്‌ക്കു വശമുണ്ടായിരുന്നില്ല. സിനിമയില്‍ പാട്ടെഴുതുന്നതില്‍നിന്നു പോലും മുല്ലനേഴി സ്വയം പിന്‍വാങ്ങിയത് ആ ലോകത്തുണ്ടായിരുന്ന പൊരുത്തക്കേടുകളോട് ഒത്തുപോവാന്‍ പറ്റാത്തതുകൊണ്ടായിരിയ്‌ക്കണം. മദ്യപാനവും ഈ ലോകക്രമത്തോടുള്ള കലഹമായിട്ടാവണം തുടങ്ങിയത്. പിന്നീട് അത് മുല്ലനേഴിയെ എങ്ങോട്ടൊക്കെയോ നയിച്ചുകൊണ്ടുപോയി എന്നത് സത്യം.
കുടുംബാംഗങ്ങൾക്കൊപ്പം
മദ്യപിയ്‌ക്കാത്ത ദിവസങ്ങളിലാണ് മുല്ലനേഴി മുല്ലനേഴിയാവുന്നത്. പ്രസംഗമെന്നത് ഒരു തരം സല്ലാപം പോലെയായിരുന്നു. സദസ്സിലുള്ള എല്ലാവരേയും പേരെടുത്തു പറഞ്ഞ് ഒപ്പം കൊണ്ടുപോവും. അതില്‍ ഒരൗപചാരികതയുമില്ല. ഒരിക്കല്‍ സദസ്സില്‍നിന്ന് ചെറിയ ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോള്‍ പ്രസംഗം നിര്‍ത്തി. കുട്ടിയുടെ അമ്മയെ ചൂണ്ടി ഉറക്കെ പറയുകയാണ് മൈക്കില്‍ക്കൂടി: "ആ കുട്ടിയ്‌ക്ക് മൊല കൊടുക്കൂ!'' കയ്യും കാലും വിറച്ച് പ്രസംഗവേദിയില്‍ നില്‍ക്കുന്ന എന്നോട് ഒരിക്കല്‍: "അഷ്ടമൂര്‍ത്തീ, ഒന്ന് ഇന്‍ഫോര്‍മ്മലാവൂ. ഇങ്ങനെ കടിച്ചപിടിച്ചു നില്‍ക്കാണ്ട്!''
നല്ല പ്രാസംഗികനെന്നതിനു പുറമേ നല്ല നടനുമായിരുന്നു മുല്ലനേഴി. നാടകങ്ങള്‍ക്കു പുറമേ കുറച്ചു സിനിമകളിലും അഭിനയിച്ചു. പക്ഷേ ഒന്നും അദ്ദേഹത്തിലെ നടനെ വേണ്ടപോലെ ഉപയോഗപ്പെടുത്തിയില്ല. 'അഷ്ടമൂര്‍ത്തിക്കഥകള്‍' എന്ന അലസിപ്പോയ ഒരു സീരിയല്‍ സംരംഭത്തില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായി. 'യയാതി' എന്ന കഥയുടെ ആവിഷ്‌ക്കാരം. അതില്‍ നായകനായിരുന്നു മുല്ലനേഴി. ജോലിയില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥന്റെ സംഭ്രമങ്ങള്‍ മുല്ലനേഴി ശരിയ്‌ക്കും ഉള്‍ക്കൊണ്ടു. അദ്ദേഹത്തിന്റെ അഭിനയസാദ്ധ്യതകള്‍ മുഴുവന്‍ പുറത്തു വന്ന അസാമാന്യമായ പ്രകടനമായിരുന്നു അതിലുണ്ടായത്. നിര്‍ഭാഗ്യവശാല്‍ അത് പുറത്തുവന്നതു തന്നെയില്ല.
മുല്ലനേഴിയും പത്നിയും
ചെറിയ തോതിലാണെങ്കിലും ആഘോഷമായിരുന്നു മുല്ലനേഴിയ്‌ക്കു ജീവിതം. വീട്ടിലെ ചെറിയ ചെറിയ ചടങ്ങുകള്‍ പോലും ആഘോഷിച്ചു. എല്ലാത്തിനും വിപുലമായ ക്ഷണമുണ്ടായിരുന്നു. എല്ലാവരും മുല്ലനേഴിയ്‌ക്ക് വേണ്ടപ്പെട്ടവരായിരുന്നു. ലോറിപ്പണിക്കാരെയും ലോഹിതദാസിനെയും ഒരുപോലെ സ്വീകരിയ്‌ക്കാന്‍ മുല്ലനേഴിയ്‌ക്കു കഴിഞ്ഞിരുന്നു. മുല്ലനേഴിയുടെ വ്യക്തിത്വത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഈ സമദര്‍ശിത്വമായിരുന്നു. വലിയ ഒരു മനസ്സിനു മാത്രം സാദ്ധ്യമായ ഒന്നാണ് അത്.
അശോകന്‍ ചരുവിലിന്റെ 'തൊമ്മന്‍കരിയിലേയ്‌ക്ക് ഒരു ബോട്ടുയാത്ര' എന്ന കഥയില്‍ മുല്ലനേഴി കടന്നുവരുന്നുണ്ട്. ചുമട്ടു തൊഴിലാളിയായ ദാമോദരനാണ് കഥ പറയുന്നത്:
"എ. അയ്യപ്പന്‍ മാഷ് വന്നാല്‍ ഞങ്ങള്‍ക്കൊരു പണിയായി. അഴിഞ്ഞുപോവുന്ന മുണ്ട് ഇടയ്‌ക്കിടയ്‌ക്ക് ഉടുപ്പിച്ചുകൊടുക്കണം. അദ്ദേഹം യേശുവിന്റെ മാതിരി കൈ ഉയര്‍ത്തി നിന്നു തരും. മുല്ലന്‍ മാഷ് ഒരു പച്ച മനുഷ്യനാണ്. തീരെ ഭാവല്യ. കുടിച്ചാല്‍ മാത്രം വൈല്‍ഡാവും. തൃശ്ശൂര്‍ റൗണ്ടില് വെച്ച് കണ്ടാല്‍ ഞാന്‍ മടിച്ചു മടിച്ച് തലേം ചൊറിഞ്ഞ് അടുത്തുചെല്ലും.
"ഓര്‍മ്മെണ്ടോ മാഷെ?''
"എന്തിനാ ദാമോദരാ, നിന്നെ ഞാന്‍ മറക്കണത്?''
പുസ്തക പ്രകാശന ചടങ്ങിൽ മാടമ്പ്, രാവുണ്ണി, അശോകൻ ചരുവിൽ എന്നിവരോടൊപ്പം
ജീവിതം ആഘോഷമാക്കിയ അദ്ദേഹം അത് ലഹരിപാനീയങ്ങള്‍ വഴിയും ആസ്വദിയ്‌ക്കാന്‍ ശ്രമിച്ചു. പക്ഷേ അത് ഒരിയ്‌ക്കലും ആസ്വദിയ്‌ക്കലായിരുന്നില്ല. മദ്യം മുല്ലനേഴിയെ മറ്റൊരാളാക്കി. മദ്യപിച്ചു വരുന്ന മുല്ലനേഴിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ എല്ലാവരും പഠിച്ചു. മുല്ലനേഴിയുടെ ജീവിതത്തിലെ മൂന്നിലൊന്നെങ്കിലും ഇങ്ങനെ ദുര്‍വ്യയം ചെയ്യപ്പെട്ടു പോയിട്ടുണ്ടാവും.
അനുബന്ധം - 1
2011 ഒക്ടോബര്‍ 22 പുലരുന്നതേയുള്ളു. അറിഞ്ഞുവോ എന്ന് കൂട്ടുകാരന്‍ ടി.എന്‍. കൃഷ്‌ണദാസ് മദിരാശിയില്‍നിന്ന് വിളിച്ചു ചോദിച്ചപ്പോള്‍ അറിഞ്ഞിരുന്നില്ല. ആറു കിലോമീറ്റര്‍ അടുത്തുനിന്നുള്ള ഒരു മരണവൃത്താന്തം വന്നത് അറുന്നൂറ് നാഴിക അകലെനിന്ന്.
പിന്നേയും വിളികള്‍ വന്നു. എ. അയ്യപ്പന്‍ അനുസ്‌മരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകുന്നേരം കൂടി സാഹിത്യ അക്കാദമിയില്‍ വന്നതാണ്. അവിടെനിന്നു പോവുംവരെ പ്രത്യേകിച്ച് ഒരസുഖവുമുണ്ടായിരുന്നില്ല. പിന്നെ എന്താണാവോ ഇങ്ങനെ പെട്ടെന്ന്? ആര്‍ക്കും വിശ്വസിയ്‌ക്കാനാവുന്നില്ല. എല്ലാവരും അത് സ്വയം പറഞ്ഞ് ഉറപ്പിയ്‌ക്കാനാണ് വിളിയ്‌ക്കുന്നതെന്നു തോന്നി.
അല്‍പം അലങ്കോലപ്പെട്ടു കിടന്ന ദിവസങ്ങള്‍ കഴിഞ്ഞ് എല്ലാം വേണ്ടപോലെ രൂപപ്പെട്ടു വരികയായിരുന്നു. മദ്യപാനം തീരെ നിര്‍ത്തി. ശാന്തനും സ്‌നേഹമയനുമായ മുല്ലനേഴി മറ്റൊരു ജന്മം പോലെ. ഉദ്യോഗത്തില്‍ നിന്നു നേരത്തെ വിരമിച്ചു. ജീവിതത്തിന് ചിട്ടയും വെടിപ്പും വന്നു. ആയിടയ്‌ക്ക് പുതുക്കിപ്പണിഞ്ഞ സുന്ദരമായ വീടിന്റെ മുകള്‍നിലയിലെ മുറിയിലിരുന്ന് മുല്ലനേഴി പറഞ്ഞു. "കുറേ എഴുതണം, വായിയ്‌ക്കണം. ഇപ്പോള്‍ സൗകര്യവും സന്ദര്‍ഭവും ഒക്കെ ഒത്തുവന്നിരിയ്‌ക്കുന്നു.'' പിന്നെ ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു: "പക്ഷേ ചിലപ്പോള്‍ ഒന്നും നടന്നുവെന്നു വരില്ല. ജീവിതത്തിന്റെ വഴി ആര്‍ക്കറിയാം!''
അതെ. അറുപത്തിമൂന്നാം വയസ്സില്‍ ആ ജീവിതം ഒടുങ്ങി എന്നറിയുമ്പോള്‍ ആ ചോദ്യം കാതില്‍ മുഴങ്ങുകയാണ്.
അനുബന്ധം - 2
അതു കഴിഞ്ഞ് പിന്നെ ആഴ്‌ചകളോ മാസങ്ങളോ കഴിഞ്ഞിരിയ്‌ക്കണം. മണിയടിച്ച മൊബൈല്‍ ഫോണ്‍ ഒപ്പം എഴുതിക്കാണിയ്‌ക്കുന്നു: "മുല്ലനേഴി കോളിങ്ങ്!''
ഒന്നു നടുങ്ങിപ്പോയി. വിറച്ചുകൊണ്ടാണ് എടുത്തത്. മുല്ലനേഴിയുടെ മകന്‍ പ്രദീപനായിരുന്നു. ഞെട്ടല്‍ മറച്ചുവെച്ച് ചിരിയ്‌ക്കാന്‍ ശ്രമിച്ചു.
തെറ്റി വന്ന വിളിയല്ല. മുല്ലനേഴി തന്നെയാണല്ലോ. കവിയായ മുല്ലനേഴിയുടെ മകന്‍, ചലച്ചിത്രസംവിധായകന്‍. മുല്ലനേഴി മാഷടെ കലാപാരമ്പര്യം തുടര്‍ന്നുകൊണ്ടു പോവുന്ന മകന്‍.
പ്രദീപനും കൃപയും മകളോടൊത്ത്
ഇപ്പോഴാവട്ടെ കൂട്ടിന് നടിയും നര്‍ത്തകിയും അവതാരകയുമായ കൃപയുമുണ്ട്. കൃപയാവട്ടെ പ്രശസ്‌തനടി രമാദേവിയുടെ മകള്‍.
കലാസപര്യ തുടരട്ടെ. ഇനിയും മുല്ലനേഴി വിളിച്ചുകൊണ്ടിരിയ്‌ക്കട്ടെ.
അനുബന്ധം - 3
അവിണിശ്ശേരിയും ആറാട്ടുപുഴയും തമ്മിലുള്ള അഥവാ നാങ്കുളം ശാസ്‌താവും ആറാട്ടുപുഴ ശാസ്‌താവും തമ്മിലുള്ള ഒരു ബന്ധത്തേക്കുറിച്ചുകൂടി പറയാനുണ്ട്. 2003-ല്‍ ആറാട്ടുപുഴ നവീകരണകലശത്തോടൊപ്പം പ്രസിദ്ധീകരിച്ച സ്‌മരണികയില്‍ മുല്ലനേഴി എഴുതിയ 'പൂരസ്‌മൃതികള്‍' എന്ന ലേഖനത്തില്‍നിന്ന് ഒരു ഭാഗം ഇവിടെ ഉദ്ധരിയ്‌ക്കട്ടെ: അക്കാലത്തെ കഷ്ടപ്പാടുകളും ദാരിദ്ര്യവും ഈ ലേഖനത്തില്‍ ഇതള്‍വിരിയുന്നുണ്ട്.
"1964-ലെ ആറാട്ടുപുഴ പൂരം എനിയ്‌ക്കൊരിയ്‌ക്കലും മറക്കാനാവില്ല. ഞാനന്ന് പത്തില്‍ പഠിയ്‌ക്കുന്നു. പൂരവും പരീക്ഷയും ഒരുമിച്ചാണ്. പത്താംക്ലാസ്സിലെ പരീക്ഷാഫീസ് 12 രൂപ അടയ്‌ക്കാനൊരു വഴിയുമില്ല. വൈലോപ്പിള്ളി മാഷോട് പറഞ്ഞാല്‍ മതി. പക്ഷേ തൊട്ടുമുമ്പ് അച്ഛന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ആവശ്യപ്പെടാതെത്തന്നെ പലവട്ടം സാമ്പത്തികമായും മറ്റും സഹായിച്ചിട്ടുള്ള മാഷെ വീണ്ടും ബുദ്ധിമുട്ടിയ്‌ക്കാന്‍ തോന്നിയില്ല.
നാങ്കുളം ശാസ്‌താവിന്റെ ഒമ്പതു ദിവസത്തെ എഴുന്നെള്ളിപ്പ് അച്ഛന്റെ ജാമ്യത്തിന്മേല്‍ ഞാനേറ്റു. പ്രതിഫലത്തുക പതിനഞ്ചു രൂപ മുന്‍കൂറായി വാങ്ങി ഫീസടച്ചു.
ആറാട്ടുപുഴ പൂരത്തിന്റെ പിറ്റേന്നാണ് അവസാനത്തെ പരീക്ഷ, കണക്ക്. നോട്ടു ബുക്കുകളും ഇന്‍സ്‌ട്രുമെന്റ് ബോക്‌സും മറ്റും രാമവാരിയരുടെ സഞ്ചിയില്‍ (രാമവാരിയര്‍ നാങ്കുളം കഴകക്കാരനും എന്റെ അഭ്യുദയകാംക്ഷിയുമാണ്) നിക്ഷേപിച്ചു. നാങ്കുളം ശാസ്‌താവിനെ ഇറക്കിയെഴുന്നെള്ളിച്ച് മറ്റുള്ളവരെല്ലാം മതില്‍ക്കുപുറത്തേയ്‌ക്കു പോയപ്പോള്‍ ഞാന്‍ പുസ്‌തകക്കെട്ടുമെടുത്ത് തിടപ്പിള്ളിയിലേയ്‌ക്കു നീങ്ങി. പഠിപ്പിലുള്ള എന്റെ താല്‍പര്യം കണ്ട് അന്ന് ആറാട്ടുപുഴ മേല്‍ശാന്തിയായിരുന്ന മാണി (എമ്പ്രാന്തിരി) തിടപ്പിള്ളിയിലെ കല്‍വിളക്കില്‍ നിറയെ എണ്ണയൊഴിച്ച് തിരിനീട്ടി. "തിരുമേനിക്കുട്ടി പഠിച്ചോളോ. ശാസ്‌താവനുഗ്രഹിയ്‌ക്കും. പാസ്സാവാണ്ടിരിയ്‌ക്കില്യ.''
ആശുപത്രിക്കിടയ്‌ക്കയില്‍ വെച്ച് അച്ഛനും ഇടക്കുന്നിയിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് വൈലോപ്പിള്ളി മാഷും അനുഗ്രഹിച്ചിരുന്നു. ഇപ്പോളിതാ ആറാട്ടുപുഴ ശാസ്‌താവിന്റെ പ്രതിപുരുഷനും. മതി. ഞാന്‍ ശ്രദ്ധാപൂര്‍വ്വം പുസ്‌തകത്താളുകളില്‍ കൂട്ടലും കിഴിയ്‌ക്കലും ഹരിയ്‌ക്കലുമൊക്കെ നടത്തി.
പരീക്ഷ കഴിഞ്ഞു പോരുമ്പോള്‍ വൈലോപ്പിള്ളി മാഷ് ഓട്ടോഗ്രാഫില്‍ എഴുതിയതിങ്ങനെ.
"അച്ഛന്നു ശീലായ്‌മയൊഴിഞ്ഞൊരില്ലം
റിഹേഴ്‌സലാ വാര്‍ഷികനാടകത്തില്‍
നീലാണ്ടനെന്നാലൊരു തോലി പറ്റാ
നിരാശ്രയര്‍ക്കീശ്വരനുണ്ടു കുഞ്ഞേ!''
സ്‌നേഹിയ്‌ക്കുന്നവരുടേയും ഓമനിയ്‌ക്കുന്നവരുടേയുമൊക്കെ പ്രാര്‍ത്ഥന പോലെ വളരെ ഉയര്‍ന്ന മാര്‍ക്കോടെയല്ലെങ്കിലും ഞാന്‍ പത്താംക്ലാസ്സ് പാസ്സായി. ഈശ്വരാനുഗ്രഹം!''
1948 മേയ് 16ന് തൃശ്ശൂര്‍ ജില്ലയിലെ അവിണിശ്ശേരയില്‍ ജനിച്ചു. അച്ഛന്‍: മുല്ലനേഴി നാരായണന്‍ നമ്പൂതിരി. അമ്മ: നങ്ങേലി അന്തര്‍ജ്ജനം.
രാമവര്‍മ്മപുരം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. കേരളസംഗീതനാടക അക്കാദമിയിലെ ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുപതോളം ചലച്ചിത്രഗാനങ്ങളും പല ആല്‍ബങ്ങളിലായി നിരവധി ഗാനങ്ങളും രചിച്ചിട്ടുണ്ട്. സമതലം എന്ന നാടകത്തിന് 1995ലും കവിത എന്ന കാവ്യസമാഹാരത്തിന് 2010ലും കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചു.
കൃതികള്‍: ആനവാല്‍മോതിരം, നാറാണത്ത് പ്രാന്തന്‍, രാപ്പാട്ട്, അക്ഷരദീപം, കവിത (കവിതാസമാഹാരങ്ങള്‍), മോഹപ്പക്ഷി, സമതലം (നാടകങ്ങള്‍). ഉപ്പ്, പിറവി, സ്വാഹം, കഴകം, നീലത്താമര, സൂഫി പറഞ്ഞ കഥ, കഥ തുടരുന്നു, ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്, സ്‌നേഹവീട്, മൗനം എന്നീ ചിത്രങ്ങളിലും ഞാവല്‍പ്പഴങ്ങള്‍, അടുക്കളയില്‍നിന്ന് അരങ്ങത്തേയ്‌ക്ക് എന്നീ നാടകങ്ങളിലും അഭിനയിച്ചു.
ഭാര്യ: സാവിത്രി. മക്കള്‍: ദിലീപന്‍, പ്രകാശന്‍, പ്രദീപന്‍.
അഷ്ടമൂർത്തിയുടെ സുഖവായനാശൈലിയിൽ മുല്ലനേഴിയുടെ സുന്ദരചിത്രം ! പരിചയമേറെയുള്ള നാടൻ ഇടവഴിയിലൂടെ അടുത്ത സുഹൃത്തുമായി സംസാരിച്ചു നടക്കുന്ന അനുഭവമാണ് ഓരോ തവണ അഷ്ടമൂർത്തിയെ വായിക്കുമ്പോഴും ഉണ്ടാവുന്നത് ...ആർക്കും !
കടലറിവ് ഉള്ളവനേ വെള്ളത്തിന്റെ (നീരൊഴുക്ക്) ഗതി തിരിച്ചറിയാനാവൂ. അതിന് നല്ല കടൽ പരിചയം വേണം. അതനുസരിച്ച് മീൻ വരുന്നയിടത്ത് (GPS ഇല്ലാത്ത കാലം) വലയിട്ടാലേ മീൻ കിട്ടൂ. വല...
The slum is the measure of civilization - Jacob Riis
"എണ്ണപ്പാടം ചെറിയൊരു രാജ്യമാവുന്നു. ഇവിടെ എണ്ണയില്ല, പാടവുമില്ല. ഉള്ളത് നൂറോളം ചെറ്റപ്പുരകളാണ്. പേരിന് മൂന്ന് ഓടിട്ട വീടുകളും ഉണ്ട്....
ബ്യൂട്ടി പാർലറിൽനിന്ന് പുറത്തേക്ക് വന്നപ്പോൾ താൻ മറ്റൊരാളായതുപോലെ പഞ്ചമിക്ക് തോന്നി. പീക്കോക്ക് ഡിസൈനിൽ ത്രെഡ് വർക്കുള്ള ഖാദി സിൽക്ക് കുർത്തയും ബോട്ടവും. അതിന്...
പലർക്കും പല മണങ്ങളോടാണ് ഇഷ്ടം. എനിക്ക് കുട്ടിക്കാലം മുതലേ പുതിയ പുസ്തകങ്ങളുടെ മണം ഇഷ്ടമായിരുന്നു. സ്ക്കൂളിലേക്കുള്ള പാഠപുസ്തകങ്ങൾ കിട്ടിയാൽ മണത്തു ആസ്വദിക്കും. അച്ഛൻ സോവിയറ്റ്...
Language is power, life and the instrument of culture, the instrument of domination and liberation. - Angela Carter
"മെറ്റ്കാഫ് ഹൗസിലെ വലിയ ഹാളിൽ തരുൺബോസ് ഐ.സി.എസ്. ആവേശഭരിതനായി ഐ.എ.എസ്. പ്രൊബേഷനർമാരോടു സംസാരിക്കുകയായിരുന്നു: "ഒരു...
In the country, there are unseen eyes and ears everywhere. They may not be many in number, but they are highly perceptive. That’s what happens when you live in a quiet environment. You notice everything. - Donna Goddard
" ആർപ്പും വിളിയും കേൾക്കായി. ഇതെന്ത് എന്ന് അത്ഭുതപ്പെട്ടു. മനയ്ക്കൽ...
" ഇനി കുന്നുകളും മലകളും നദികളും ജലവുമില്ല. വരണ്ട; കറുത്തുറഞ്ഞ ഒരു സമതലം മാത്രം. ഏതുനേരവും കത്തിയുയരുന്ന കരിമ്പുകയിലേക്ക് ചില ദേശാടനപ്പറവകൾ മാത്രം വഴിതെറ്റിയെത്തിപ്പെടാറുണ്ട്,...
കുറ്റാക്കൂരിരുട്ടാണ്.
ക്ഷീണിപ്പിച്ച പകലിന്റെ ആയാസങ്ങളെല്ലാം ഇറക്കി വച്ച് ആളുകൾ ഉറക്കത്തിലാണ്. ആകാശത്ത് ഒന്നോ രണ്ടോ നക്ഷത്രങ്ങൾ മാത്രം ഇടക്കിടെ കണ്ണ് മിഴിച്ച് തങ്ങളുടെ...
My work comes ( from ) how I perceive the world around me. I write from a point of empathy, free from judgement, to greater understanding of my finite existence and to help others navigate through theirs. My stories are testimonials of my emotional experiences and discoveries intertwined with ever-present mysteries." - Ernest Langston
" ശ്രീധരൻ, റോഡരുകിലെ ആ...
എന്റെ നിയമോപദേശകയായ അഡ്വ. സെറീനാ തോമസ് എന്നെ വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ, പട്ടണത്തിലേക്കു ചെല്ലാൻ ഞാൻ നിർബന്ധിതനായി. വേനൽ പൊഴിക്കുന്ന ചുടുകാറ്റിൽ, ചുവപ്പണിഞ്ഞ വാകകൾക്കും, പിങ്ക്...
"ദേശാ .."
എട്വോഴീന്നാണ്. മുത്തുവാണ്.
"ഏമിര്യോ "
(എന്തെടാ.)
'അഞ്ഞൂറ് ഉർപ്യ വേണം. അത്യാവശ്യമാണ്. അട്ത്ത ആഴ്ച്ച തന്നെ തരാം. രണ്ടായിരത്തഞ്ഞൂറ് ഉർപ്യ ബാങ്കില് അടക്കണം.മറ്റന്നാളാ...
" പ്രിയപ്പെട്ട മിഖായേൽ, നിയമപ്രകാരം നോക്കുകയാണെങ്കിൽ നീയെന്റെ കൊച്ചുമകനാവില്ല . എങ്കിലും, എന്റെ സ്വത്തിന്റെ ഒരുഭാഗം നിനക്കുകൂടി അവകാശപ്പെട്ടതാണെന്ന് ഞാൻ വിചാരിക്കുന്നു. മൂന്ന്...
എനിക്കന്ന് പത്തോ പതിനൊന്നോ വയസ്സ് കാണും. ഇന്നും നല്ല ഓർമ്മയുണ്ട് അന്നൊരു വലിയ പെരുന്നാൾ ദിവസമായിരുന്നു. പെരുന്നാൾ നമസ്ക്കാരം കഴിഞ്ഞതിന് ശേഷം പുരകളിൽ നിന്ന് കിട്ടിയതും...
ഒന്ന് മയങ്ങിയോ..
സ്വീകാര്യതയില്ലെന്നറിയുന്ന അതിഥി ഗൃഹാന്തർഭാഗത്തേക്ക് ശങ്കിച്ചു ശങ്കിച്ച് പ്രവേശിക്കുന്നതു പോലെ പുകയുന്ന മണ്ണിന്റെ മണം പയ്യെപ്പയ്യെ മൂക്കിനുള്ളിലേക്ക്...
Your soul is a dark forest. But the trees are of a particular species, they are genealogical trees. - Marcel Proust
വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ! നല്ല മരതകക്കല്ലിനോടൊത്തൊരു കല്യാണരൂപൻ കുമാരൻ...
അന്ന് വല്ലാത്തൊരു ദിവസമായിരുന്നു' നേരം വെളുപ്പിന് മീൻപിടിക്കാൻ പോയവർക്ക് ഓടംനിറയെ മത്തി കിട്ടിയിട്ടും ഓരോ മത്സ്യത്തൊഴിലാളിക്കും കൂലിയായി അമ്പത് രൂപ പോലും തികയാത്ത...
നന്നായി എഴുതി മാഷേ. ഇഷ്ടം.