ഇക്കഴിഞ്ഞ അർദ്ധവാർഷിക പരീക്ഷയിൽ പത്താം ക്ലാസിലെ ഇംഗ്ലീഷിന്റെയും പ്ലസ്...
സാമൂഹ്യമോ വ്യക്തിപരമോ ആയ വിവേചനങ്ങൾ ചിലർക്കെങ്കിലും മറക്കാനാവാത്തതായിരിക്കുമെന്നും അങ്ങനെയൊരു മനോഭാവം സ്റ്റേറ്റിന്റെ അവഗണനയിൽ നിന്നുണ്ടാകുന്നതാണെന്നും സിനിമ ഓർമ്മിപ്പിക്കുന്നു. അതാവട്ടെ എല്ലാ വധശിക്ഷകളും പ്രതികാര മനോഭാവത്തെ ഊട്ടിയുറപ്പിക്കുന്നതിൽക്കവിഞ്ഞ മറ്റൊന്നും സമൂഹത്തിന് നല്കുന്നില്ലെന്നും ഓരോ കൊലയ്ക്കും പകരം വധശിക്ഷ വിധിച്ചുകൊണ്ട് ആവർത്തിച്ചുകൊണ്ടേയിരിക്കുമെന്നും പറയുന്നു. മാത്രമല്ല, കൂടുതൽക്കൂടുതൽ പ്രാകൃതമായ മനുഷ്യസ്വഭാവം പുറത്തേക്കുവരുമെന്നും വീണ്ടും മറക്കാനാണ് നമ്മൾ ശീലിക്കുകയെന്നും ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നമ്മളെപ്പോഴും ആത്മഹത്യയോ കൊലപാതകമോ എന്നു തിരിച്ചറിയാൻ പ്രയാസപ്പെടുന്ന “മരിച്ച നിലയിൽ കാണപ്പെട്ടു” എന്ന നിസ്സംഗതയെ വാർത്തയായി വായിച്ചുകൊണ്ടിരിക്കും. -ക്രിസ്റ്റഫ് കീസ്‌ലോവ്സ്കിയുടെ 1988-ൽ പുറത്തിറങ്ങിയ A Short Film About Killing എന്ന സിനിമയുടെ വായന
നമ്മളെത്രവേഗമാണ് പലതും മറന്നുപോകുന്നത്. പ്രതികാരദാഹത്തോടെ കൊല്ലണമെന്നാർത്തുവിളിച്ചതും ഓരോ നിമിഷവും മരണം സംഭവിക്കുമെന്നു കരുതിയതും അതു വൈകുന്തോറും അനുഭവിച്ചതുമായ നിരാശയെക്കുറിച്ച്… ദയാഹർജികളും പുനപ്പരിശോധനാ ഹർജികളും തിരുത്തൽ ഹർജികളുമായി മരണഭയത്തോടെ കഴിഞ്ഞ ആ നാലുപേരെയും നമ്മളിപ്പോൾ മറന്നിരിക്കുന്നു. 2020 മാർച്ച് 20-ന് രാവിലെ 5.30-ന് രാജ്യത്തിന്റെ നെഞ്ചിലെ ഉണങ്ങാത്ത മുറിവായ നിർഭയകേസിലെ പ്രതികളെ തൂക്കിലേറ്റിയെന്ന് പത്രങ്ങളെഴുതി. മുകേഷ് കുമാർ സിംഗ്, പവൻ ഗുപ്ത, വിനയ് സിംഗ്, അക്ഷയ് കുമാർ എന്നിവർ. ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നിങ്ങനെ പലപ്പോഴായി ശിക്ഷ നീട്ടിവയ്ക്കപ്പെട്ടപ്പോൾ ഉരുവം കൊണ്ട രോഷവും പല തവണയായി വധശിക്ഷ നീട്ടിക്കൊണ്ടുപോകാൻ അവസാനനിമിഷം വരെ വാദിച്ച വക്കീലിനെ പുലഭ്യം പറഞ്ഞതും അസംഘടിതരായ നമ്മൾ സൗകര്യപൂർവ്വം മറന്നിരിക്കുന്നു.
നമ്മളെല്ലാം മറക്കുന്നു. ആ മറവി നിർഭയയുടെ പേരിലുള്ള നിയമനിർമ്മാണത്തെവരെ വെല്ലുവിളിക്കുന്നു. വിവിധ സ്ഥലപ്പേരുകളിൽ അറിയപ്പെടുന്ന സംഭവങ്ങളായും കൊല ചെയ്യപ്പെടുകയോ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയോ ചെയ്തവരായും വെറും ജിഷയോ സൗമ്യയോ ആതിരയോ ഒക്കെയായും അതിക്രമങ്ങൾ മാറുന്നു. അവരോരോരുത്തരും ഇതേ മറവിയിൽനിന്നും പുതിയ സംഭവങ്ങളിലൂടെ മാത്രം നിയമവാഴ്ചയെ തിരഞ്ഞു ചെല്ലേണ്ടിവരുന്നു. ആർത്തിയും ധൂർത്തും ലൈംഗികാതിക്രമവും ജാതീയതയുമൊക്കെ പുതിയ രീതികളിൽ, പുതിയ ഭാവങ്ങളിൽ വെല്ലുവിളി തുടരുന്നു.
വധശിക്ഷയിലെ പ്രശ്നങ്ങളെക്കുറിച്ച് നടന്നിരുന്ന ചർച്ചകൾ ‘വൈറലുകൾ’ക്ക് പ്രാമുഖ്യമുള്ള പുതിയ പരിതസ്ഥിതിയിൽ രൂപം മാറിയിരിക്കുന്നു. വധശിക്ഷയെ അനുകൂലിക്കുകയോ മിണ്ടാതിരിക്കുകയോ ചെയ്യുമ്പോൾ പ്രത്യയശാസ്ത്രപരമായി അതുണ്ടാക്കുന്ന ഉലച്ചിൽ മറന്നു കളയണമെന്നും പുതിയ ലോകത്ത് മനുഷ്യാവകാശത്തിന്റെയും മാനുഷികതയുടെയും വിധിയെഴുത്ത് ശ്രമകരമായിരിക്കും എന്നും കരുതിയിരിക്കാം. നിയോലിബറൽ നയങ്ങൾ ആധികാരിക മേഖലകളിലെല്ലാം സ്ഥാപിക്കുന്ന കുത്തക എതിർസ്വരങ്ങളെ ഇല്ലാതാക്കുന്നതിനാലും മാധ്യമ ചർച്ചകളിൽ നൈമിഷിക വികാരപ്രകടനങ്ങൾക്കാണ് സ്ഥാനമെന്ന തിരിച്ചറിവും കൊണ്ടാവണം; പലരും നിശ്ശബ്ദരായി. വധശിക്ഷയെക്കുറിച്ച് ചർച്ചയുണ്ടാകുമ്പോൾ ഇരവാദത്തിൽ ഊന്നിനിന്നു. മരിച്ചവരുടെ വേദനാജനകമായ അവസാനത്തെക്കുറിച്ചും അവരുടെ നിസ്സഹായതയെക്കുറിച്ചും അവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളിലും ഒക്കെ അതുടക്കിനിന്നു. എൻ ജി ഓകളും മാധ്യമങ്ങളുമൊക്കെ ഓളത്തിനനുസരിച്ച് തുഴഞ്ഞുകൊണ്ടിരുന്നു.
ഗ്രീസിലെ ഡ്രാക്കോണിയൻ നിയമത്തിലെ പല്ലിനു പല്ല്, കണ്ണിനു കണ്ണ് രീതിയിൽ നടത്തിയിരുന്ന ശിക്ഷാരീതികളിൽത്തുടങ്ങുന്ന വധശിക്ഷ പല കാലങ്ങളിൽ പല തരത്തിൽ സമൂഹം തുടർന്നു പോന്നിട്ടുണ്ട്. വധിക്കപ്പെട്ടവർ വധശിക്ഷയിലൂടെ നല്കുന്നുവെന്ന് അവകാശപ്പെടുന്ന സന്ദേശം ഇരയെപ്പോലെ തന്നെ അവരും കൊല്ലപ്പെട്ടുവെന്നു മാത്രമാണ്. വധശിക്ഷ, അതിലുപരി സമൂഹത്തിൽ ഒരു ചലനവും ഉണ്ടാക്കുന്നില്ല. പല രീതിയിലും കൊലപാതകങ്ങൾ ആവർത്തിക്കുന്നത് കൊലപാതകങ്ങൾ ഒരിക്കലും സന്ദേശം ആവാത്തതുകൊണ്ടാണ്. അതുകൊണ്ടാണ് ക്രിസ്റ്റഫ് കീസ്‌ലോവ്സ്കിയുടെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എ ഷോർട്ട് ഫിലിം എബൗട്ട് കില്ലിംഗ് വീണ്ടും വീണ്ടും കാണേണ്ടിവരുന്നത്. ഏറ്റവും നല്ല സിനിമയ്ക്കുള്ള യൂറോപ്യൻ ഫിലിം അവാർഡ്, കാൻ ജൂറി പുരസ്കാരം തുടങ്ങി നിരവധി നേട്ടങ്ങൾ കൈവരിച്ച ഈ സിനിമ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് പോളണ്ടിലെ വധശിക്ഷയെ വിമർശനാത്മകമായി സമീപിക്കുന്നു. രാഷ്ട്രീയകാരണങ്ങളാൽ അത്രയൊന്നും സ്വീകരിക്കപ്പെട്ടില്ലെങ്കിലും മരണത്തിനുമുമ്പേ ഇരയനുഭവിക്കേണ്ടിവരുന്ന ഭയപ്പാടും ഭീതിയും അതേ നാണയത്തിൽ കുറ്റവാളിയിലൂടെ ആവർത്തിക്കുന്നതുകൊണ്ട് പൊതുസമൂഹത്തിൽ ഒരു ഫലവുമുണ്ടാകുന്നില്ല എന്ന് ക്രിസ്റ്റഫ് കീസ്‌ലോവ്സ്കിയുടെ ചിത്രം വിലയിരുത്തുന്നുണ്ട്.
സിനിമയുടെ ആദ്യഷോട്ട് അഴുക്കുചാലിനടുത്തെ കല്ലിലോ മറ്റോ ചത്തുകിടക്കുന്ന പാറ്റകളിലാണ്. പശ്ചാത്തലത്തിൽ കുട്ടികൾ കളിക്കുന്ന ശബ്ദം കേൾക്കാനാവും. ക്യാമറ അഴുക്കുചാലിൽ പൊങ്ങിയ ചത്ത എലിയുടെ പൂർണ്ണദൃശ്യത്തിൽനിന്ന് തിരിഞ്ഞ് ഒരു പൂച്ചയെ തൂക്കിക്കൊന്നിരിക്കുന്ന പാതിയിലേറെ ഇരുട്ടുള്ള ദൃശ്യത്തിലെത്തുന്നു. കുറച്ചുകുട്ടികൾ ദൂരേക്ക് ഓടിപ്പോകുന്നതും ശ്രദ്ധിക്കാനാവും. ആ ഇരുണ്ടഭാഗത്ത് ആരും സ്പർശിക്കാത്ത കഥ മാറിനിൽക്കുന്നുവെന്ന് വായിക്കുമ്പോഴേ ലീനിയറായ ഒരു നരേറ്റീവിലേക്ക് കാഴ്ച എത്തുകയുള്ളൂ. എലിയും പൂച്ചയുമായുള്ള കളിയിൽ മറഞ്ഞിരിക്കുന്ന വലിയ പൂച്ചകളിലേക്ക് കഥാസാരം വരഞ്ഞിടുന്നതാണിനി.
വാഴ്സയിലെ വലിയൊരു ഫ്ലാറ്റ് സമുച്ചയത്തിനടുത്തുകൂടി ബക്കറ്റുകളുമായി നടന്നുവരുന്ന ആൾക്കുനേരെ (വാൽഡിമർ) ആരോ പഴഞ്ചൻതുണിയെറിയുന്നു. അയാൾ ആ തുണിക്കഷണവുമായി പോകുന്നിടത്തുനിന്ന് ക്യാമറ തിരിയുന്നത് സിനിമയുടെ പോസ്റ്റർ നോക്കിനിൽക്കുന്ന ഒരുവനിലേക്കാണ് (യാസെക്). വാൽഡിമർ പഴന്തുണി തന്റെ നേരെ വന്നതിനെക്കുറിച്ചു സംസാരിക്കുന്ന സന്ദർഭത്തിൽ ഒരു ബേക്കറിക്കാരനോട് അവിടെയുള്ള പൂച്ചയെ നോക്കി ഇവറ്റകളെ ഇഷ്ടമല്ല എന്നു സൂചിപ്പിക്കുന്നു. മേൽക്കാണിച്ച സീക്വൻസുകളിലെ ഇമേജുകളുടെ ഈ വിതരണം പുറംകാഴ്ചകൾ എന്നതിലുപരി ആന്തരികവും സർഗ്ഗാത്മകവുമായ എസ്റ്റാബ്ലിഷ്മെന്റ് നടത്തി കഥയുടെ സാക്ഷ്യങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുകയാണ്.
വിവിധ സന്ദർഭങ്ങളെ ക്രമാനുഗതമായി അവതരിപ്പിക്കാനായുന്ന ഈ ആഖ്യാനം തുടങ്ങുന്നത് ബക്കറ്റുമായി കാറു കഴുകാൻ വരുന്ന വാൽഡിമർ എന്ന ഡ്രൈവറിൽത്തന്നെ. ഈ രംഗത്തെ അതിവിദഗ്ദ്ധമായി മറ്റ് ഇമേജുകളിലേക്കും സംഭവങ്ങളിലേക്കും ചേർക്കുകയാണ് കീസ്‌ലോവ്സ്കി ചെയ്യുന്നത്. ഡ്രൈവർ നിൽക്കുന്നിടത്തെത്തുന്ന വിവിധ തരക്കാരായ ആളുകൾ. അതിലൊരുവൻ (യാസെക്) വളരെ അസ്വസ്ഥനാണ്. ഗ്രാമത്തിൽനിന്നും ഈയിടെയാണവൻ അലഞ്ഞുതിരിഞ്ഞ് വാഴ്സയിലെത്തിയത്. ഇവിടെ ക്യാമറയിൽത്തെളിയുന്ന നഗരവും ആകാശവും ഭൂമിയും ഒക്കെ പാതിയിലധികം പൂർണ്ണമായും ഇരുണ്ടാണ് കാഴ്ചയിലെത്തുന്നത്. ക്യാമറയ്ക്കുതന്നെ വ്യക്തമല്ലാത്തതുപോലെ. ആ അസ്വസ്ഥത കഥാപാത്രത്തിന്റെ ഭാവങ്ങളിൽനിന്നും വിഷ്വൽ ഇംപാക്ടായി പ്രേക്ഷകരിലേക്കു പടരും.
കഥയിൽ മറ്റൊരിടത്താവട്ടെ, ബാർ പരീക്ഷ പൂർത്തിയാക്കിയിറങ്ങുന്ന പിയോട്ട് എന്ന വക്കീലിനെ കാണിക്കുന്നു. സൗമ്യനായ അയാൾ നിയമങ്ങൾക്കപ്പുറത്തുള്ള മാനുഷികപ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നത്. ഒരുവേള അയാൾ ഈ ജോലിക്ക് പറ്റാത്തവനാണ് എന്നു തന്നെ വിലയിരുത്തപ്പെടുന്നു. മൊത്തം സംവിധാനവും അയാളുടെ രീതികൾക്കൊപ്പമല്ലെന്നുള്ളതിന് നിരവധി തെളിവുകൾ കടന്നുവരുന്നുണ്ട്. എന്തുകൊണ്ട് ഇങ്ങനെയൊരു വക്കീൽ കാലത്തിന് അനിവാര്യമല്ലാതാകുന്നു? ബ്യൂറോക്രസി നിയമം നടപ്പിലാക്കുന്നതിനൊപ്പം കാഴ്ചക്കാരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും ഇടപെടുന്നവരെ അതിനാവശ്യമില്ലെന്നും സിനിമ പറയുന്നു. ക്രിമിനൽ സ്വഭാവം എങ്ങനെ മറ്റുള്ളവരെ ബാധിക്കുന്നു എന്നതാണ് ഈ വ്യവസ്ഥിതിയിൽ പ്രധാനമായി കാണേണ്ടത് എന്ന് അഭിമുഖത്തിൽ തന്റെ വാദം പിയോട്ട് പറയുന്നുണ്ട്. ആളുകളിൽ ഭയമുണ്ടാക്കുകയാണ് വധശിക്ഷ ലക്ഷ്യംവയ്ക്കുന്നതെന്നും അത് വിലപ്പോകില്ലെന്നും അയാൾ ആവർത്തിക്കുന്നു. ക്രൂരമായ ശിക്ഷയെ ന്യായീകരിക്കാനാണ് നിയമങ്ങൾ ശ്രമിക്കുന്നത് എന്നു പറയുമ്പോൾ അതിന്റെ മറുവാദമായി നിയമത്തെ നിലനിർത്തുന്നവരുടെ മുഖത്ത് തെളിയുന്ന ചിരിയിൽ നമ്മുടെ മനോഭാവമുണ്ട്.
യാസെക് ബാഗിനുള്ളിൽ ഒരു കയർ സൂക്ഷിച്ചിട്ടുണ്ട്. അത് അവിടെത്തന്നെയുണ്ടോ എന്നതിനേക്കാൾ അതിന്റെ ബലം പരിശോധിക്കുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. ഒരു സമയത്ത് ഏറെനേരം തിരഞ്ഞ് പെട്ടെന്നു കണ്ടെത്തിയതുപോലെ അവൻ ഒരു സ്റ്റുഡിയോയിൽ കയറി ഒരു പെൺകുട്ടിയുടെ ഏതാണ്ട് മങ്ങിത്തുടങ്ങിയതും മടക്കുവീണതുമായ ഫോട്ടോ കുറച്ചു വലുതാക്കാനായി ഏൽപ്പിക്കുന്നുണ്ട്.
ബാഗിൽ സൂക്ഷിച്ച കയറുമായി ബേക്കറിയിൽനിന്ന് ഭക്ഷണം കഴിക്കുന്ന യാസെകിന്റെ പെരുമാറ്റം കാഴ്ചക്കാരെ അസ്വസ്ഥരാക്കുന്നുണ്ട്. എന്താണ് അവന്റെ ഉദ്ദേശമെന്ന് ഊഹിക്കാൻ പോലുമാവുന്നില്ല. അവിടെനിന്നും തിരഞ്ഞുവാങ്ങുന്ന ഭക്ഷണം, അതുകഴിക്കുമ്പോഴുള്ള പെരുമാറ്റരീതി, പുറത്തുവന്നുനിൽക്കുന്ന പോലീസ് വാനിലേക്കുള്ള നോട്ടം, അതേ ബേക്കറിയിൽത്തന്നെ എത്തുന്ന വക്കീൽ, അയാളുടെ സംഭാഷണം എന്നിവ നിരവധി മാനങ്ങളുള്ള ഒരു പശ്ചാത്തലത്തെ പങ്കുവയ്ക്കുന്നു. ബേക്കറിയുടെ സ്ഫടികക്കണ്ണാടിയിൽ കൗതുകത്തോടെ തട്ടുന്ന പെൺകുട്ടികളെക്കാണുമ്പോൾ ബാഗിലെ കയറിൽ തിരുപ്പിടിച്ചിരുന്ന കൈകൾ മാറ്റി അവൻ ഭക്ഷണം സ്പൂണിലെടുക്കുന്നു. കണ്ണാടിയിലേക്ക് അതെറിയുമ്പോൾ പെൺകുട്ടികൾ ചിരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. അപ്പോൾ മാത്രമാണ് അവൻ ചിരിക്കുന്നത്. വളരെ ശാന്തവും സ്വസ്ഥവുമായ ഒരു സംഗീതം ഇതിന് അകമ്പടിയുമാകുന്നു. അവന്റെ ഓർമ്മകളിലേക്ക് കടന്നുവരുന്ന എന്തെല്ലാമോ സംഗതികൾ മുഖഭാവങ്ങളിൽനിന്ന് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന തരത്തിലേക്ക് വികസിക്കും. അവനെ ഓർമ്മകളിലേക്കു തിരിച്ചുവിടുന്ന സംഭവങ്ങൾ അതിലുണ്ടെന്നുമാത്രമേ പ്രേക്ഷകന് ഇവിടെ ഊഹിച്ചെടുക്കാനാവൂ. അങ്ങനെ ഊഹം മാത്രം നല്കുന്നിടത്താണ് സംവിധായകൻ വിജയിക്കുന്നത്.
തികച്ചും നിസ്സംഗനായി പെരുമാറുന്ന ടാക്സിക്കാരനെ പല സീക്വൻസുകളിലായി സിനിമ കാണിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ സ്വഭാവത്തിലെ സാമൂഹ്യവിരുദ്ധമായ അംശങ്ങൾ ബോധ്യപ്പെടുത്തുന്ന കാര്യങ്ങൾ. നടക്കാൻ പ്രയാസപ്പെടുന്നയാളെയും കൊണ്ട് ഒരുവൻ ദൂരെ നിന്ന് തന്റെ ടാക്സിയെ ലക്ഷ്യമാക്കി വരുന്നത് നിസ്സംഗതയോടെ നോക്കിയിരിക്കുന്നുണ്ടയാൾ. അവർ ടാക്സിക്കടുത്തെത്തുമ്പോൾ വിചിത്രമായ രീതിയിൽ അത് സ്റ്റാർട്ടു ചെയ്ത് അയാൾ ഓടിച്ചുപോകുന്നു. ഇതൊരു ഉദാഹരണം മാത്രം.
പട്ടണത്തിന്റെ പൊതുസ്വഭാവത്തിലേക്ക്, കയറുമായി നടക്കുന്ന അവന്റെ അസ്വാഭാവികമായ പെരുമാറ്റങ്ങളിലേക്ക് പ്രേക്ഷകനെ പതുക്കെ കീസ്‌ലോവ്സ്കി ഇണക്കിയെടുക്കുന്നുണ്ട്. തിരശ്ശീലയുടെ ചട്ടക്കൂടിന് സ്വതേയുള്ള പരിമിതിയെ മറികടക്കുന്നതിന് ഇരുണ്ടുനിൽക്കുന്ന പാതിവശം സഹായിക്കുന്നുണ്ട്. ആ ഇരുട്ടും തീയേറ്ററിൽ ചുറ്റുപാടും ഉണ്ടാകാനിടയുള്ള ഇരുട്ടും തമ്മിൽ ലയിച്ചുചേരുമെന്നുറപ്പ്. ആ ഇരുട്ടിലാണ് ‘കാണി’കളുള്ളത്. മേൽപ്പാലത്തിനു മുകളിൽ പതുങ്ങിക്കിടന്ന് താഴെക്കൂടി പോകുന്ന വാഹനത്തെ നോക്കുന്ന യാസെകിന്റെ കൈയിൽ കരുതിയ കല്ലുകളിലേക്കാണ് പ്രേക്ഷകരുടെ ആകാംക്ഷ വളരുന്നത്. മനസ്സിന്റെ ചഞ്ചലത്വം വ്യക്തിപരമായ പ്രശ്നമെന്നു മാത്രമല്ല, സമൂഹത്തെക്കൂടി അപകടപ്പെടുത്തുന്ന അസ്വസ്ഥതയായിത്തീരുമെന്ന് വീഴാനായുന്ന കല്ലുകൾ ബോധ്യപ്പെടുത്തുന്നുണ്ട്. കല്ല് വീണതിനുശേഷം പൊട്ടിത്തകരുന്ന ചില്ലിന്റെയും വാഹനത്തിന്റെ ബ്രേക്കുരയുന്നതിന്റെയും ശബ്ദം മാത്രം. സംതൃപ്തിയോടെ അവൻ നടന്നുനീങ്ങുന്നു. വളരെ സൂക്ഷ്മമായ ആംഗിളുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. മുകളിൽനിന്ന് താഴേക്കുള്ള ദൃശ്യങ്ങൾ മാത്രമായി അത് അവസാനിക്കുന്നു. നാമൊരിക്കലും താഴെ നിന്ന് മുകളിലേക്കുള്ള കാഴ്ചയിലെത്തില്ല. മുകൾത്തട്ടിലെവിടെയോ നടക്കുന്ന തീരുമാനങ്ങളുടെ ഇരകളായിത്തീരുന്നവരാണ് കാഴ്ചക്കാർ. താഴെ നിന്നുള്ള ശബ്ദം മുകളിലെ ദൃശ്യത്തെ സ്വാധീനിക്കുമെന്ന വ്യാകരണം നിരവധി സിനിമകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. കാഴ്ചയ്ക്കപ്പുറമുള്ള ഒരു ബോധത്തിലേക്ക് സിനിമ വികസിക്കുന്നുവെന്ന് തോന്നിക്കുന്ന ഇടപെടലാണിത്. എന്നാൽ സ്ഥാപനവൽക്കരിക്കപ്പെട്ട വിശ്വാസങ്ങൾ നിലനിൽക്കുന്ന ലോകം വിനിമയമാധ്യമങ്ങൾ പങ്കുവയ്ക്കുന്ന നേർക്കാഴ്ചയ്ക്കപ്പുറമുള്ളതൊന്നും സ്വീകരിക്കാറില്ലെന്ന വൈരുദ്ധ്യമാണ് സിനിമ ബാക്കി വയ്ക്കുന്നത്.
കാഴ്ചയും കേൾവിയും അവിഭാജ്യഘടകങ്ങളായി ഇലക്ട്രോണിക് യാന്ത്രികതയിലേക്കുള്ള ദിശാമാറ്റത്തിൽ കടന്നുവരുന്നു. പുറംദൃശ്യങ്ങൾക്കാണവിടെ പ്രാധാന്യം. സ്പർശം, ഗന്ധം, സ്വാദ് എന്നിവയ്ക്ക് കാര്യമായ പങ്കില്ല. അവ പങ്കു പറ്റുന്നത് കാഴ്ചയുടെയോ കേൾവിയുടെയോ വിവരണങ്ങൾക്ക് അനുയോജ്യമായ മാനസികതലത്തെ വളർത്തിയെടുത്തുകൊണ്ടാണ്. ഇത്തരത്തിലുള്ള ഒരു ചലനരീതിയാണ് സിനിമ അതറിയാതെ തന്നെ പലപ്പോഴും പിന്തുടരുകയും ചെയ്യുന്നത്. ആ സ്വാഭാവികതയെ പിടിച്ചുനിർത്താനും അതിൽനിന്നുമാറി സ്വതന്ത്രമായ കല്പനകളിലേക്ക് കടന്നുവരാനും മാധ്യമത്തിന്റെ സാധ്യതകളെ അറിയുന്ന മികച്ച സംവിധായകർക്കുമാത്രമേ കഴിയൂ. അതുകൊണ്ടാണ് കാലങ്ങൾക്കപ്പുറത്തേക്ക് ഈ സിനിമ വളർന്നു നില്ക്കുന്നത്. അതാതു കാലത്തേക്കുള്ള പുതുമ മാത്രമായി ചരിത്രസിനിമകൾപോലും നിറം മങ്ങിപ്പോകുന്നത് കച്ചവടസിനിമയുടെ പൊതുസ്വഭാവത്തിൽ അടങ്ങി നിൽക്കുന്നതുകൊണ്ടാണ്. മാമാങ്കത്തിന്റെ രണ്ടു വേർഷനുകളും തെളിയിക്കുന്നത് അതാണെന്ന് എടുത്തുപറയേണ്ടതില്ല. എഴുത്തുകാരനേക്കാൾ, സംവിധായകനേക്കാൾ ഉയരത്തിൽ വ്യാവസായിക ഉല്പന്നവും ഉപഭോഗവും എന്ന നിലയിലുള്ള സിനിമയുടെ പ്രസക്തിയെയാണ് ഇവിടെ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ സർഗ്ഗാത്മകമോ സൗന്ദര്യശാസ്ത്രപരമോ ആയ കാഴ്ചകളില്ലാത്തതിനാൽ നായകബിംബത്തെ ആസ്പദമാക്കുന്ന ചരിത്രസിനിമയെന്ന പേരു മാത്രമേ ‘തിളങ്ങി’നിൽക്കുകയുള്ളൂ.
പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടാണ് യാസെക് തുടക്കം മുതലേ വിവിധ രംഗങ്ങളിലായി നാം കാണുന്ന അതേ കാറിൽക്കയറുന്നതും ദൂരയാത്ര ആവശ്യപ്പെടുന്നതും. അവന്റെ റൂട്ടിൽ അവനൊപ്പം വരാൻ തയ്യാറായവരെ മുടക്കിയ കാര്യം പറയുമ്പോൾ കാർ ഡ്രൈവറായ വാൽഡിമർ അതു രസിച്ചിരിക്കണം. അയാളുടെ മനോഭാവം നേരത്തേ മുതൽ നമ്മൾ കാണുന്നതുമാണ്. വഴിയിലൊരിടത്ത് നീണ്ടുപരന്ന ഇരുമ്പുദണ്ഡുമായി വഴി മുടക്കി നിൽക്കുന്ന ഒരുവൻ - അവരുടെ നോട്ടങ്ങൾ തമ്മിലുടക്കുന്നുണ്ട്. അവന്റെ തന്നെ മാനസികസംഘർഷമായി പ്രത്യക്ഷപ്പെടുന്ന ആ നോട്ടത്തിൽനിന്നും യാസെക് തെന്നിമാറുന്നുമുണ്ട്. തികച്ചും വിജനമായ ഇടത്തേക്ക് കാറിനെ നിയന്ത്രിക്കുന്ന അവൻ വളരെ അവിദഗ്ദ്ധമായി ഡ്രൈവറെ കൊല്ലുകയാണ്. കയറുപയോഗിച്ച് കഴുത്തു ഞെരിക്കുന്നതിനുപകരം വായിലൂടെയാണത് മുറുക്കുന്നത്. നിസ്സഹായതയോടെയും അപേക്ഷയോടെയും വാൽഡിമർ ഞരങ്ങുകയും ഒടുവിൽ കീഴ്പ്പെടുകയുമാണ്. അവിടെനിന്നും അയാളെ വലിച്ചെടുത്ത് ഏറെ സമയമെടുത്താണ് ആ കൊലപാതകം യാസെക് നിർവഹിക്കുന്നത്. കൊല്ലാനുള്ള ഉപാധിയായി കയറിനെ കാണുന്നതിനുപോലും അവൻ ഭയപ്പെട്ടിരുന്നുവെന്ന് വ്യക്തം. വളരെനേരത്തെ ശ്രമത്തിനുശേഷമാണ് ഡ്രൈവർ അതിക്രൂരമായ മരണത്തിനു കീഴ്പ്പെടുന്നത്.
ഈ കാഴ്ചയിൽനിന്ന് കുറച്ചു കാലങ്ങൾക്കപ്പുറത്തേക്കാണ് സിനിമ പോകുന്നത്. കേസും വിചാരണയും കഴിഞ്ഞ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലയാളിയെയാണ് പിന്നീട് കാണാനാവുക. അവനെ രക്ഷിച്ചെടുക്കാൻ നാം നേരത്തേ കണ്ട വക്കീലിനാവുന്നില്ല. അത് സാധിക്കില്ലെന്ന മുൻവിധിയിലേക്ക് കാഴ്ചക്കാർക്ക് നിഷ്പ്രയാസം എത്താനാവും. അയാളുടെ വാദങ്ങൾ ബ്യൂറോക്രസിക്ക് അരോചകമാകുന്നതിനാൽ പൊതുബോധത്തിൽ പുച്ഛം കലരുകയും അയാളുടെ സാമർത്ഥ്യമില്ലായ്മയിലേക്ക് അതെത്തുകയും ചെയ്യും. അത്തരം വൈകാരികക്ഷോഭനിർമ്മിതിയിൽ പൗരൻ ബലാബലങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കും. നിയമാവലികളുടെ അടിസ്ഥാനത്തിൽ കൊലപാതകിക്ക് അർഹിക്കുന്ന ശിക്ഷ കിട്ടുമല്ലോ എന്ന ആശ്വാസത്തിലേക്ക് ആളുകളെത്തണം. എങ്കിലും ഒന്നു ചീഞ്ഞ് മറ്റൊന്നിനു വളമാകുന്ന ആ അവസ്ഥയിൽനിന്ന് ആശ്വാസത്തെ പ്രശ്നവൽക്കരിക്കുന്ന ഒരുൾവലിവ് തീർച്ചയായും ഉണ്ടായിരിക്കുമെന്ന തിരിച്ചറിവ് സംവിധായകനുണ്ട്. ഒരു ശൈലിയെയും പിന്തുടരാതെ അങ്ങനെയൊന്ന് പ്രതീക്ഷിക്കാൻ പ്രേരിപ്പിക്കുന്നിടത്താണ് സിനിമ ജീവൻ വയ്ക്കുന്നത്. കാണികൾ ഇരിപ്പിടങ്ങളിൽ അസ്വസ്ഥരായിത്തീരുമെന്ന ഉറച്ച വിശ്വാസം തന്നെയാണ് കീസ്‌ലോവ്സ്കിയെക്കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത്.
വക്കീലിനെ കാണണമെന്ന കൊലപാതകിയുടെ ആവശ്യം അംഗീകരിക്കപ്പെടുന്നതിനാൽ ജയിൽമുറിയിൽ നടക്കുന്ന കൂടിക്കാഴ്ചയും അതിന്റെ ഫലമായി യാസെക് വെളിപ്പെടുത്തുന്ന കൊലയുടെ കാരണവുമാണ് കഥയിലെ ട്വിസ്റ്റ്. വക്കീലിനോടുള്ള താല്പര്യത്തിന്റെ കാരണം യാസെക് എന്ന പേരുചൊല്ലി വിളിച്ചത് അയാൾ മാത്രമായതുകൊണ്ടാണെന്ന് അവൻ ചൂണ്ടിക്കാണിക്കുമ്പോൾ നിസ്സാരമെന്നു തോന്നിക്കുന്ന സംഘർഷങ്ങളെ അവസാനിപ്പിക്കാൻ മനുഷ്യൻ മനസ്സുവച്ചാലാവും എന്ന് അതിലളിതമായി പറയുകയാണ് സംവിധായകൻ. വൈകാരികമാനങ്ങളുള്ള നിരവധി വിഷയങ്ങൾ വെളിപ്പെടുന്നു. അതോടെ അവിടവിടങ്ങളിലായി നേരത്തേ തൊട്ടുകാണിച്ച പെൺകുട്ടികളെല്ലാം കഥയിലെ പ്രധാന ഘടകമായിത്തീരുന്നു. അവൻ നടത്തിയ കൊലയാവട്ടെ, അവന്റെ അവസ്ഥകളുടെ മാത്രം നിർമ്മിതിയും. ഇവിടെ കാവ്യനീതിയെന്നോണം ഒരു മലക്കം മറിച്ചിൽ പ്രേക്ഷകരിലുണ്ടാവുന്നു. എത്രയെളുപ്പത്തിലാണ് യാസെക് നടത്തിയ കൊലപാതകത്തെ നാം മറന്നുപോകുന്നതും സ്റ്റേറ്റിന്റെ വിധിനിർണ്ണയത്തെ വിമർശിക്കാനായുന്നതും! നിയമത്തെ ഒരുസമയം രക്ഷയായും മറ്റൊരിക്കൽ ശിക്ഷയായും സ്വീകരിക്കുന്ന, സഹാനുഭൂതിയോടെ അവസ്ഥാവ്യതിയാനങ്ങളെ നോക്കിക്കാണുകയും നിരന്തര സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുന്ന ചഞ്ചലമായ വ്യക്തിബോധത്തിലേക്ക് അതുമാറുന്നുണ്ട്. യാസെകിന്റെ മാനസികസംഘർഷത്തിലേക്ക്, അവന്റെ വേദനകളിലേക്ക് അതു സമീകരിക്കപ്പെടുന്നുണ്ട്! ഈ വൈരുദ്ധ്യമാണ് പൊതുസമൂഹത്തെ നിലനിർത്തുന്നതെന്നുപോലും അത്ഭുതത്തോടെയും സൂക്ഷ്മതയോടെയും സിനിമയിൽനിന്ന് വായിച്ചെടുക്കാനാവും. സമൂഹത്തിൽ ഇന്നും പരിഹരിക്കപ്പെടാതെ നിൽക്കുന്ന വസ്തുതകളിലേക്കെത്താതെ തെളിവുകളെ അടിസ്ഥാനമാക്കി സ്റ്റേറ്റ് നടപ്പാക്കുന്ന ഓരോ കൊലയും വ്യക്തിയെ അപരവൽക്കരിക്കുന്നുവെന്നതിന് ഇതിലേറെ വ്യാഖ്യാനം ആവശ്യമില്ല.
കൊലപാതകം ചിത്രീകരിച്ചതുപോലെത്തന്നെ വിശദമായി സ്റ്റേറ്റിന്റെ കൊലയും ചിത്രീകരിക്കുന്നിടത്താണ് സിനിമ അതിന്റെ പേരുകൊണ്ട് അന്വർത്ഥമാകുന്നത്. നമ്മളെത്രവേഗം പലതും മറക്കുന്നുവെന്നും പലർക്കും പലതും മറക്കാനാവാത്തതു കൊണ്ടാണ് സ്വജീവിതത്തെത്തന്നെ മാറ്റി മറിക്കുന്ന പ്രവൃത്തികളിലേക്ക് അവർ സ്വയം കടന്നുപോകുന്നതെന്നും സിനിമ പറഞ്ഞുവയ്ക്കുകയാണ്. കൃത്യമായ ആസൂത്രണത്തോടെയും നിയമമെന്ന അധികാരത്തോടെയും ശിക്ഷ വിധിക്കാൻ സാധ്യമാകുന്നിടത്ത് വ്യക്തിയുടെ വിധികൾക്ക് പ്രസക്തിയില്ലാതായിപ്പോകുന്നത് എന്തുകൊണ്ടാണ്? നിങ്ങൾ സ്വയം വിധിക്കേണ്ടതില്ല, ലിഖിത നിയമങ്ങളുടെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾ അതു തീരുമാനിക്കുമെന്ന് സമ്മതിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? – ഇത്തരം ചോദ്യങ്ങൾ സിനിമ ചോദിച്ചുകൊണ്ടേയിരിക്കുന്നു.
എഴുതിവച്ച നിയമങ്ങളുടെ തടവിൽ കൊല ചെയ്യപ്പെടുന്നവനുള്ള അസ്വസ്ഥതകളെയും മാനസികാവസ്ഥയെയും പൊതുസമൂഹം ഗൗനിക്കാറില്ലെങ്കിലും സിനിമ ഘട്ടം ഘട്ടമായി അതു നോക്കിക്കാണുന്നു. നിരവധി ഉദ്യോഗസ്ഥർ ചേർന്ന് ബലം പ്രയോഗിച്ചുകൊണ്ടാണ് അവനെ ഒരു ലാബ്രിന്തെന്നു തോന്നിക്കുന്ന ഇരുമ്പഴികളിട്ടു ബലപ്പെടുത്തിയ ഇടങ്ങളിലൂടെ കൊലക്കളത്തിലേക്ക് കൊണ്ടുപോകുന്നത്. അവിദഗ്ദ്ധമായും തികഞ്ഞ ഭയത്തോടെയും അവൻ കയറുപയോഗിച്ചു നടത്തിയ കൊല, കയറുപയോഗിച്ചുതന്നെ വിദഗ്ദ്ധമായി സ്റ്റേറ്റിന് നടത്താനാകുമെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നു. അതിനു തൊട്ടുമുന്നേ അവനാവശ്യപ്പെട്ട ഫിൽറ്ററില്ലാത്ത സിഗരറ്റ് മാത്രം ഒരല്പം ദയയോടെ കൊടുത്തുകൊണ്ട് കൊലയ്ക്ക് കൂട്ടായി നിൽക്കുന്നത് നിയമം മാത്രമാണെന്ന് സിനിമ ഓർമ്മിപ്പിക്കുന്നു. നിസ്സഹായരായിത്തീരുന്ന മനുഷ്യരാണത് നിർവഹിക്കുന്നതെന്നും കൂട്ടിച്ചേർക്കുന്നു. ഒഴിവാക്കാനാവാതെ പോകുന്ന വധശിക്ഷയോടൊപ്പം നിശ്ചലദൃശ്യം പോലെ അമ്മയും അച്ഛനും സഹോദരങ്ങളും ഫോട്ടോയിലെ പെൺകുട്ടിയുമൊക്കെ നിശ്ശബ്ദമായിപ്പോയ ഒരു കാലത്തിലേക്ക് ചുവടുവയ്ക്കുന്നു. തിരയിൽ പ്രത്യക്ഷത്തിലില്ലെങ്കിലും ഇങ്ങനെയൊരു രംഗം ഓരോരുത്തരും ഇതിനകം കണ്ടു കഴിഞ്ഞിരിക്കണം! തൂക്കുമരത്തിനു താഴെ സജ്ജീകരിക്കുന്ന പാത്രം പേടിയുടെ രൂപകമായി അവസാനനിമിഷങ്ങളെ മുന്നോട്ടുവയ്ക്കുന്നു. എത്രയും പെട്ടെന്ന് തീർത്തു മാറേണ്ട ഒരു പ്രവൃത്തിയെന്നതുപോലെ ആ കൃത്യം പൂർത്തീകരിക്കപ്പെടുന്നു. അത്രമാത്രം ചടുലത നിസ്സഹായരായ ആ മനുഷ്യരിലുണ്ട്. താഴെ സജ്ജീകരിക്കപ്പെട്ട പാത്രത്തിൽ വീഴുന്ന തുള്ളികളായി യാസെകിന്റെ ഭൗതികശരീരം അവസാനിക്കുന്നു. ശേഷം അതൊരു പൊട്ടുവെളിച്ചത്തിൽ, ഇരുമ്പഴികൾക്കു പുറത്തുള്ള ലോകത്ത് വക്കീലിന്റെ കാഴ്ചയിൽ അവസാനിക്കുകയും ചെയ്യുന്നു.
നിയമനിർമ്മാണങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്ന സ്റ്റേറ്റ് ഒരിക്കലും പരിഗണിക്കാത്ത വിഷയങ്ങളേറെയുണ്ട്. പലപ്പോഴും പൊതുനിലപാടുകൾക്കുമേൽ പ്രാന്തവൽക്കരിക്കുന്ന വ്യക്തി, കുടുംബം, സമൂഹം എന്നിവയാണത്. അവയെ ചൂഴ്ന്നു നിൽക്കുന്ന ചുറ്റുപാടുകൾ പരിഗണിച്ചാൽ വധശിക്ഷ അപ്രസക്തമായിത്തീരുമെന്നുറപ്പ്. എല്ലാവരും തനിക്കെതിരായിത്തീരുന്നു എന്ന മാനസികാവസ്ഥ വ്യക്തിയിലുണ്ടാകുന്നത് വർഗ്ഗ-വർണ്ണബോധങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവേചനം ആഴത്തിൽ വേരൂന്നി നില്ക്കുന്നതുകൊണ്ടാണ്. അതു പരിഹരിക്കാൻ നിയമങ്ങൾ അപര്യാപ്തമാണെന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. പ്രതിനായകത്വത്തെ നിർത്തിക്കൊണ്ട് നിയമങ്ങൾ പലതിനെയും പൊലിപ്പിച്ചു കാണിക്കുന്നു. എന്നിട്ട് വധശിക്ഷ അനിവാര്യമാണെന്ന് പറയുന്നു. ഇത് താല്ക്കാലികമായി മനസ്സിനെ ബോധ്യപ്പെടുത്തുന്നതിനും ജനതയെ നിശ്ശബ്ദരാക്കുന്നതിനും വേണ്ടിയാണ്. സിനിമ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് മുന്നോട്ടുവയ്ക്കുന്നുണ്ട്. ജനാധിപത്യപ്രക്രിയയിൽ പൗരനെ ഭയപ്പെടുത്തി നിർത്തുന്നതിനുള്ള നീതിരഹിതമായ ഉപാധി മാത്രമാണിതെന്നും അതിനപ്പുറം അതുകൊണ്ട് ഫലമില്ലെന്നും ക്രൂരതയെ മറ്റൊരു രീതിയിൽ ന്യായീകരിക്കുകയാണിത് ചെയ്യുന്നതെന്നും വ്യക്തം.
സിനിമ ഇമേജുകളിലൂടെയാണ് മാനസികതലത്തിൽ സംവദിക്കുന്നത്.
ഫുൾ ഷോട്ടും മീഡിയം ഷോട്ടും ക്ലോസ്-അപും ഉപയോഗിച്ച് സർഗ്ഗാത്മകമായി ക്യാമറയെ സമീപിച്ചുകൊണ്ടാണ് കീസ്‌ലോവ്സ്കിയുടെ സിനിമ ആന്തരികക്കാഴ്ചയെ സാധ്യമാക്കുന്നത്. സാമൂഹ്യമായ അസ്തിത്വം തേടുന്ന പ്രമേയമാണിത്. അങ്ങനെയുള്ളവയ്ക്കാണ് പ്രശ്നങ്ങളുടെ ആഴത്തിലുള്ള വിധിയെഴുത്തിൽ എത്താനാവുക. അല്ലാത്തവ ഉപരിപ്ലവമായി കഥയെ പരാമർശിച്ചുപോകും. വധത്തെ അംഗീകരിക്കുന്ന സ്റ്റേറ്റിൽ ഡ്രാക്കോണിയൻ കാഴ്ചപ്പാടുകൾ മായാതെയും മറയാതെയും നിലനിൽക്കുന്നുണ്ടാകുമെന്ന് ഒരു ഞെട്ടലോടെ പ്രേക്ഷകനറിയും. പലരും കണ്ടില്ലെന്നു നടിക്കുന്ന സാമൂഹ്യമോ വ്യക്തിപരമോ ആയ വിവേചനങ്ങൾ ചിലർക്കെങ്കിലും മറക്കാനാവാത്തതായിരിക്കുമെന്നും അങ്ങനെയൊരു മനോഭാവം സ്റ്റേറ്റിന്റെ അവഗണനയിൽ നിന്നുണ്ടാകുന്നതാണെന്നും സിനിമ ഓർമ്മിപ്പിക്കുന്നു. അതാവട്ടെ എല്ലാ വധശിക്ഷകളും പ്രതികാര മനോഭാവത്തെ ഊട്ടിയുറപ്പിക്കുന്നതിൽക്കവിഞ്ഞ മറ്റൊന്നും സമൂഹത്തിന് നല്കുന്നില്ലെന്നും ഓരോ കൊലയ്ക്കും പകരം വധശിക്ഷ വിധിച്ചുകൊണ്ട് ആവർത്തിച്ചുകൊണ്ടേയിരിക്കുമെന്നും പറയുന്നു. മാത്രമല്ല, കൂടുതൽക്കൂടുതൽ പ്രാകൃതമായ മനുഷ്യസ്വഭാവം പുറത്തേക്കുവരുമെന്നും വീണ്ടും മറക്കാനാണ് നമ്മൾ ശീലിക്കുകയെന്നും ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നമ്മളെപ്പോഴും ആത്മഹത്യയോ കൊലപാതകമോ എന്നു തിരിച്ചറിയാൻ പ്രയാസപ്പെടുന്ന “മരിച്ച നിലയിൽ കാണപ്പെട്ടു” എന്ന നിസ്സംഗതയെ വാർത്തയായി വായിച്ചുകൊണ്ടിരിക്കും.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാഹിത്യരചനകളെ പരിശോധിച്ചാൽ സവിശേഷ ശ്രദ്ധ പതിയുന്നത് നോവൽ പ്രമേയങ്ങളിൽ ഉണ്ടായ മാറ്റങ്ങളിലാണ്. പ്രാദേശികത നോവലിന്റെ...
പുഴയില്‍ നിന്ന് വീശുന്ന കാറ്റിനൊപ്പം ഉമ്മയും മകനും സംസാരം തുടങ്ങി. ഉമ്മ തലമുടികളില്‍ തലോടി ചോദിച്ചു.
' മോനെന്തിനാ എന്നെയിട്ടിട്ടു പോയത്'
'ഉമ്മാ ഞാന്‍ പോയിട്ടില്ലല്ലോ?...
അർദ്ധരാത്രിയിൽ മാർട്ടിൻ ആന്റണി നൂഞ്ഞിയാറിലെത്തി. രയരപ്പൻനായരുടെ മനയിലേക്ക് അയാൾ നടന്നു. പലവട്ടം അയാൾ ആ മനയിലെത്തിയിട്ടുണ്ട്. നൂഞ്ഞിയാറിലെ പട്ടേലർ ദേരു നായരുടെ കാലത്തായിരുന്നു...
A different language is a different vision of life - Federico Fellini
" തിരിച്ചെത്തുമെന്നുറപ്പില്ലാത്ത പുറപ്പാടായിരുന്നു അത്. മടങ്ങിവരവിനെപ്പറ്റി ഞങ്ങളാരും തമ്മിൽ...
കുറച്ചു വർഷങ്ങൾക്കു മുമ്പ് ശക്തൻ നമ്പൂതിരിയുടെ കാലിക്കാരൻ തോണിച്ചൻ ബല്ലക്കാട്ടിൽ നിന്നും ഒരു കാർ കണ്ടെത്തിയപ്പോൾ അത് കാണുവാൻ ആദ്യം ഓടിയെത്തിയ നാട്ടുകാരിൽ അമ്പൂഞ്ഞി എന്ന...
എഴുത്തുകാരന്റെ ഭാവനാഭൂപടം സാങ്കല്പിക തന്മാത്രകളാൽ നിർമ്മിക്കപ്പെട്ടതാണ്. എങ്കിലും അതിലൊരു ഭൂതകാലം ഉണ്ട്. ആ ഭൂതകാലത്തിൽ നിന്നാണ് എഴുത്തുകാരൻ തന്റെ സാങ്കല്പിക യാഥാർത്ഥ്യത്തെ...
മുറുക്കാന്‍ നിറഞ്ഞ വായുമായി എരുമകളും പശുക്കളുമായി വാപ്പ നേര്യമംഗലത്തെ വഴികളിലും പറമ്പുകളിലും അങ്ങനെ നടന്നു. ഷര്‍ട്ടിടാതെ കൈലിയുടുത്തുനടന്ന് കാണുന്നവരോടൊക്കെ തമാശകള്‍ പറഞ്ഞു....
'നിങ്ങൾക്ക് ഈ കളി ജയിക്കുവാൻ സാധിക്കുകയില്ല. '
'എനിക്കതറിയാം. '
ഗണേശൻ കണ്ണുകൾ ഉയർത്തി കവാസ്ജിയുടെ നേരെ നോക്കി. ബോർഡിൽ നിന്ന് കണ്ണെടുത്തില്ലെങ്കിലും, ഗണേശന്റെ നോട്ടം അറിഞ്ഞുകൊണ്ട്...
മലയാള നോവൽ ചരിത്ര വായനയിൽ ഒ ചന്തുമേനോന്റെ "ഇന്ദുലേഖ" പ്രഖ്യാപിക്കുന്നത് ആ കാലത്തെ സാമൂഹ്യ ജീവിതത്തെയാണ്. പോത്തേരി കുഞ്ഞമ്പുവിന്റെ സ്വരസ്വതീവിജയം എന്ന നോവലിലും ഇത് കാണാം. രണ്ടിലും...
ആംബുലന്‍സിന് പുറത്തെ കാഴ്ചകള്‍ എനിക്ക് ആസ്വദിക്കാനാവുന്നില്ല. വാപ്പ ബോധമറ്റ് കിടക്കുകയാണ്. കൂടെ മാമമരുടെ മക്കളും കൂട്ടുകാരുമൂണ്ട്. അവര്‍ പലതും പറയുന്നുണ്ട്. എനിക്കൊന്നും...
Hunger is hunger; but the hunger that is satisfied by cooked meat eaten with a knife and fork differs from hunger that devours raw meat with the help of hands, nails and teeth. - Karl Marx
" ഇരുട്ടിലേക്കു നോക്കിക്കൊണ്ട് ശിവൻ ചുമരു ചാരി നിന്നു.
രങ്കൻ എന്ന കള്ളപ്പേരുള്ള...
ശശികല കമ്പൗണ്ടറെക്കുറിച്ചുള്ള അന്വേഷണത്തിനിടയ്ക്ക് ഉമേശ ബല്ലാൾ ഒരു കാര്യമുറപ്പിച്ചു.
ശശികല കമ്പൗണ്ടർ ജീവിച്ചിരിപ്പുണ്ട്.
കാളിദാസൻ ഡോക്ടറുടെ കൂടെയോ മാർട്ടിൻ ആൻറണിയുടെ...
‘വ്യൂഫൈൻന്ററിലൂടെ നോക്കുമ്പോൾ മധ്യഭാഗത്തായി ഇളം മഞ്ഞ നിറം കാണാം ഒരു കുഞ്ഞു മഞ്ഞ കോടമഞ്ഞു പോലെ, അതാണ് ഫോക്കസിങ്ങ് പോയിന്റ്.' - അനിയേട്ടൻ വിശദീകരണം തുടർന്നു. 'മഞ്ഞ പോയിന്റൊഴിച്ചാൽ...
റബ്ബര്‍ മരങ്ങളില്‍ ചേര്‍ത്തു കെട്ടിയ ചിരട്ടകളില്‍ വീണുകിടന്ന സൂര്യനെ ഒഴുക്കി കളഞ്ഞ് റബ്ബറുകള്‍ക്കിടയിലൂടെ കത്തിയും പിടിച്ച് വാപ്പയും സംഘവും നടക്കുമ്പോള്‍, പകലും കൂടെ...
മോന്തിയായി. നിലാവുണ്ടായിട്ടും ചൂട്ടുകറ്റ കത്തിച്ച് ഹമീദ് ചെരുവൻ പറമ്പിലെത്തി. കരിയുണ്ണിക്ക് സൂക്കേടാണെന്നറിഞ്ഞിട്ടുള്ള വരവായിരുന്നു അത്. കരിയുണ്ണി ചോര തുപ്പുന്നത് അറിഞ്ഞപ്പോൾ...
Everything you can imagine is real.- Pablo Picasso
" ആമുഖം
തീയൂരിലേക്ക് ഞാൻ ആദ്യമായി പോയത് 1997 ഒക്റ്റോബർ 3 -ാം തീയതിയാണ്. കാണാതാകുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും ഗ്രാമമെന്ന...
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.