SUBSCRIBE


ജനറൽ

or
Author


6th May | Issue 53

കേട്ട് കേട്ട് ഉറങ്ങിയ പാട്ടുകൾ


വിനോദ്‌കുമാർ തള്ളശ്ശേരി

മറ്റ് പല സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ കേരളത്തിൽ പിറക്കാൻ പോകുന്ന കുഞ്ഞ് പെൺകുട്ടിയാണെങ്കിൽ അതിനെ നശിപ്പിച്ചുകളയാൻ ശ്രമിക്കുകയോ അതിന്റെ പേരിൽ കുടുംബകലഹവും വിവാഹ മോചനവും ഉണ്ടാവാനോ ഉള്ള സാദ്ധ്യത വളരെ കുറവാണ്‌. എന്നിട്ടും എന്തുകൊണ്ടാണ്‌ താരാട്ടുകൾ ആൺകുട്ടികളെ മാത്രം മുന്നിൽ കണ്ട് എഴുതപ്പെടുന്നത്?


ഓരോ അമ്മയും പാട്ടുകാരിയാവുന്ന അവസരമാണ്‌ താരാട്ട് പാട്ടുകളുടേത്. സ്വന്തം കുഞ്ഞിന്റെ മുമ്പിൽ പാട്ട് പാടാത്ത ഒരമ്മയുമുണ്ടാവില്ല. അതുപോലെ ഏതൊരാളുടെയും ആദ്യത്തെ പാട്ട് അമ്മ പാടിയ താരാട്ടായിരിക്കും. പാട്ടിന്‌ ശ്രുതിയും താളവുമുണ്ടോ എന്ന് പോലുമറിയാതെ അവർ പാടി, കുഞ്ഞിനെ ഉറക്കാൻ മാത്രം. പാട്ട് മൂളുന്ന ഏതൊരാളും ഉള്ളിലറിയുന്ന ആനന്ദം പോലും അമ്മ അറിഞ്ഞിരിക്കാനിടയില്ല. കുഞ്ഞിനെ ഉറക്കുക എന്നതിലപ്പുറവും ഇപ്പുറവും ഒരാനന്ദവും അമ്മ താരാട്ട് പാടുമ്പോൾ അനുഭവിച്ചിരിക്കില്ല.  

താരാട്ട് എന്ന് കേൾക്കുമ്പോൾ ആദ്യം ഏതൊരു മലയാളിയുടേയും ഉള്ളിലെത്തുന്നത് ഇരയിമ്മൻ തമ്പിയുടെ വരികൾ തന്നെ. 

ഓമനത്തിങ്കൾ കിടാവോ നല്ല 

കോമള താമര പൂവോ

പൂവിൽ നിറഞ്ഞ മധുവോ

പരിപൂർണേന്ദു തന്റെ നിലവോ 

എത്രയോ തലമുറകളായി ഈ താരാട്ട് നമ്മൾ പല ശബ്ദത്തിൽ കേൾക്കുന്നു. കുറിഞ്ചി രാഗത്തിലും നീലാംബരിയിലും ഈ താരാട്ട് ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും നമ്മൾ കേൾക്കുന്നത് കുറിഞ്ചി രാഗത്തിലുള്ളതാണ്‌. സ്വയം ഒരു കവിയും സംഗീതജ്ഞനുമായിരുന്ന ഇരവി വർമൻ തമ്പി എന്ന ഇരയിമ്മൻ തമ്പി കുട്ടിയായിരുന്ന സ്വാതി തിരുനാൾ മഹാരാജവിനെ ഉറക്കാൻ വേണ്ടിയാണ്‌ ഈ താരാട്ട് രചിച്ചതെന്നാണ്‌ ചരിത്രം. ഈ താരാട്ട് ‘സ്വാതിതിരുനാൾ’ എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുമുണ്ട്.

ഏറെ കാലം കുട്ടികളുണ്ടാവാതെ കാത്തിരുന്ന ശേഷമാണ്‌ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയ്ക്ക് സ്വാതി തിരുനാൾ രാമവർമ ജനിക്കുന്നത്. രാജ്യഭാരം കൈയാളാൻ ആൺകുഞ്ഞ് ജനിക്കാതെ വന്നാൽ രാജ്യത്തിന്റെ സ്വത്തുക്കൾ ബ്രിട്ടീഷുകാർക്ക് അധീനപ്പെടും എന്നുള്ള അവസ്ഥയുമുണ്ടായിരുന്നു. അതുകാരണം രാമവർമ ജനിച്ചപ്പോൾ അത് വലിയ ആഘോഷത്തിന്‌ ഹേതുവായി. സൗന്ദര്യവും സൽഗുണവുമുള്ള എല്ലാ പക്ഷി-മൃഗ-സസ്യജാലങ്ങളേയും കുഞ്ഞിനോട് ഉപമിച്ചുകൊണ്ടാണ്‌ കവിതയുടെ വരികൾ. ഒടുവിൽ പാരിലിങ്ങനെ വേഷം ധരിച്ചെത്തിയ ഉണ്ണിക്കണ്ണൻ തന്നെയാണ്‌ ഈ കുഞ്ഞ് എന്നും പറയുന്നുണ്ട്.  

സിനിമാ പാട്ടിലെത്തുമ്പോൾ ‘സീത’ എന്ന ചിത്രത്തിൽ അഭയദേവ് എഴുതി ദക്ഷിണാമൂർത്തി ഈണമിട്ട് പി. സുശീല പാടിയ താരാട്ട് തന്നെയാണ്‌ ആദ്യം ഓർമയിലെത്തുന്നത്. 

"പാട്ടു പാടി ഉറക്കാം ഞാൻ

താമരപ്പൂമ്പൈതലേ

കേട്ടു കേട്ടു നീയുറങ്ങെൻ 

കരളിന്റെ കാതലേ..."

ഒരു താരാട്ട് പാട്ടാണെങ്കിലും അതിൽ രാമനാൽ പരിത്യജിക്കപ്പെട്ട സീതയുടെ വേദനകൾ ഉണ്ട്. രാജാവിന്റെ പത്നിയായിട്ടും വാസം പുൽമാടത്തിലാണെന്ന് പറയുന്നുണ്ട്. പുൽമാടമാണെങ്കിലും കുഞ്ഞിന്റെ വരവോടെ അത് പൂമേടയായി മാറിയെന്ന് കാൽപനികമായി സീത പറയുന്നു. 

"..രാജാവായ് തീരും നീ 

ഒരുകാലമോമനേ

മറക്കാതെ അന്ന് തൻ 

താതൻ ശ്രീരാമനേ .."

സിനിമയിലെ സീത കുമാരനാശാന്റെ സീത അല്ല തന്നെ. ഇവിടെ തന്റെ പിതാവിനെ മറക്കരുതേ എന്ന് പറയുന്നതിലൂടെ തന്റെ തീരാവ്യഥയിലും ഭർത്താവിനോടുള്ള അടങ്ങാത്ത സ്നേഹം തന്നെയാണ്‌ അഭയദേവ് പകർത്തിയിരിക്കുന്നത്. മലയാളത്തിൽ തന്റെ നീണ്ടകാലത്തെ ജൈത്രയാത്രയ്ക്ക് പി. സുശീല തുടക്കം കുറിച്ചത് ഈ പാട്ടിലൂടെയാണെന്നതും ശ്രദ്ധേയമാണ്‌.

‘സ്നേഹസീമ’ എന്ന ചിത്രത്തിലാണ്‌ നമ്മൾ ഇന്നും മൂളി നടക്കുന്ന മറ്റൊരു താരാട്ട് പാട്ടുള്ളത്. വീണ്ടും അഭയദേവ്, ദക്ഷിണാമൂർത്തി ടീം തന്നെ. 

"കണ്ണും പൂട്ടി ഉറങ്ങുക നീയെൻ

കണ്ണേ പുന്നാര പൊന്നുമകളേ

അമ്മേമച്ചനും ചാരത്തിരിപ്പൂ

ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ.."

എ. എം. രാജ, പി. ലീല എന്നിവർ പാടിയ മനോഹരമായ യുഗ്മ ഗാനം. ഇത്തരം പാട്ടുകളിൽ എ. എം. രാജയുടെ നേർത്ത ഇത്തിരി സ്ത്രൈണതയുടെ സ്പർശമുള്ള ശബ്ദം തരുന്ന സുഖം എടുത്തുപറയാതെ വയ്യതന്നെ. 

താരാട്ട് പാട്ട് അമ്മയുടേതാണെന്ന് ഊന്നിപ്പറയുന്നുണ്ട് വരികളിൽ അഭയദേവ്. അച്ഛന് പറഞ്ഞിട്ടുള്ളത് താളം പിടിക്കൽ മാത്രം. 

"താരണി തൂമുഖം സൂക്ഷിച്ചു നോക്കിയെൻ

തങ്കക്കുടത്തിനെ കണ്ണു വെയ്ക്കാതെ

താമര കൺകളിൽ നിദ്ര വന്നല്ലോ

താമസിയ്ക്കാതെയുറങ്ങുകെൻ തങ്കം.."

അഭയദേവ് ഈ രണ്ട് പാട്ടുകളിലും വളരെ ലളിതമായ പദാവലികളാണ്‌ ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണാൻ പറ്റും. അത് പോലെ ഈണവും ലളിതസുന്ദരം. ഇത് യാദൃശ്ചികമായിരിക്കാൻ വഴിയില്ല. തീരെ ചെറിയ കുഞ്ഞിനുവേണ്ടി പാടുന്ന താരാട്ട് പാട്ടുകളിൽ ലാളിത്യം തന്നെ മുന്നിൽ നിൽക്കണമെന്നുള്ള കൃത്യമായ ആലോചനയുടെ ഫലം.

‘തുലാഭാരം’ എന്ന ചിത്രത്തിൽ വയലാർ ദേവരാജൻ ടീമിന്റെ മനോഹരമായ ഒരു താരാട്ടുണ്ട്. പാടിയത് യേശുദാസും പി. സുശീലയും. 

"ഓമനത്തിങ്കളിലോണം പിറക്കുമ്പോൾ

താമരക്കുമ്പിളിൽ പനിനീര്‌

ഓണം പിറന്നാലുമുണ്ണി പിറന്നാലും

ഓരോ കുമ്പിൾ കണ്ണീര്‌ മണ്ണിന്‌

ഓരോ കുമ്പിൾ കണ്ണീര്..."‌

ഫാക്ടറി തൊഴിലാളിയായ നായകൻ ഒരു കാലത്ത് ധനികയായിരുന്ന എന്നാൽ പിന്നീട് അനാഥയായിപ്പോയ പെൺകുട്ടിയ്ക്ക് അഭയം കൊടുത്ത് അവളെ വിവാഹം കഴിക്കുന്നു. അവർക്കുണ്ടാകുന്ന കുഞ്ഞിനെ ഉറക്കാൻ പാടുന്നതാണീ പാട്ട്. പാട്ടിന്റെ വരികളിൽ നായിക പാടുമ്പോൾ വളരെ പ്രസന്നമായ, പ്രസാദാത്മകമായ ബിംബങ്ങൾ വരുമ്പോൾ നായകന്റേതിൽ അതിന്‌ വിരുദ്ധമായ കാര്യങ്ങളാണ്‌ വരുന്നത്. പാട്ടിന്റെ പല്ലവിയിൽ തന്നെ ഇത് കാണാനാവും. വൃശ്ചികമാസവും വെള്ളോട്ട് പാത്രവും പാൽക്കഞ്ഞിയും നായികയുടെ വരികളിൽ വരുമ്പോൾ കണ്ണീരിന്റെ ഉപ്പും കാണാത്ത വറ്റും കർക്കടകമാസവും കരിക്കാടിയും നായകന്റെ വരികളിൽ. അടുത്ത ചരണം ഇങ്ങനെ. 

"വൈശാഖപൗർണമി തീർത്തുകൊടുത്തത്

വെള്ളാരം കല്ലിന്റെ കൊട്ടാരം

കൊട്ടാരക്കെട്ടിൽ വെലിയിടാൻ വന്നത്

കർക്കടകത്തിലമാവാസി.."

ആദ്യത്തെ രണ്ട് വരികൾ നായികയും അവസാന വരികൾ നായകനും പാടുന്നു. പാട്ടിലുടനീളം ഈ വൈരുദ്ധ്യം വയലാർ നിലനിർത്തുന്നുണ്ട്. ഇതിലൂടെ ആ രണ്ട് കഥാപാത്രങ്ങളുടെ, സമൃദ്ധിയിൽ വളർന്ന നായികയുടേയും ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നായകന്റേയും അവസ്ഥാന്തരങ്ങളെ മനോഹരമായി വരച്ചിടുന്നു.

വയലാർ ദേവരാജൻ ടീമിന്റെ തന്നെ ഒരു താരാട്ടാണ്‌ ‘പുനർജന്മം’ എന്ന സിനിമയിൽ പി. ലീല പാടിയ ‘ഉണ്ണിക്കൈ വളര്‌ വളര്‌’ എന്ന് തുടങ്ങുന്ന പാട്ട്. തളയും വളയുമിട്ട് മുറ്റത്ത് തുമ്പി തുള്ളാൻ വളര്‌ എന്നാണ്‌ വയലാർ എഴുതുന്നത്. 

"ആയില്യം കാവിങ്കൽ

ഉരുളി കമഴ്ത്തിയിട്ടാദ്യം

പൂത്തൊരു സ്വപ്നമല്ലേ

കല്യാണനാളിലെ കവിതയ്ക്ക് കിട്ടിയ

സമ്മാനമല്ലേ.."

 ‘ഈഡിപ്പസ് കോംപ്ളക്സ്’ എന്ന മനസികാപഗ്രഥന സിദ്ധാന്തത്തിലൂടെ ആൺകുട്ടിയ്ക്ക് അമ്മയോടും പെൺകുട്ടിക്ക് അച്ഛനോടും ( ഇതിനെ    ഇലക്ട്ര കോംപ്ലക്സ് എന്നാണ് വിശേഷിപ്പിക്കാറ്‌) തോന്നുന്ന ലൈംഗികമായ ആകർഷണത്തെയാണ് വിഖ്യാത മനഃശാസ്ത്രകാരൻ സിഗ്മണ്ട് ഫ്രോയ്ഡ് വിശദമാക്കുന്നത്‌. ഈ വിഷയം ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി അവതരിപ്പിച്ച സിനിമയായിരുന്നു, കെ. എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1972-ൽ പുറത്തുവന്ന ഈ ചിത്രം.

"അച്ഛന്റെ  രൂപത്തിൽ ഗുരുവായൂരപ്പൻ

വന്നാദ്യം തീർത്തൊരു ശിൽപമല്ലേ

സ്വർഗത്തിൽ നിന്നമ്മ കൈനീട്ടി വാങ്ങിയ

നക്ഷത്രമുത്തല്ലേ.."

അമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള തീക്ഷ്ണമായ സ്നേഹം മനോഹരമായി ഈ പാട്ടിൽ വയലാർ വരച്ചിട്ടിരിക്കുന്നു. കുഞ്ഞ് വെറും കുഞ്ഞല്ല ഗുരുവായൂരപ്പന്റെ നേരിട്ടുള്ള സൃഷ്ടിയാണെന്നും സ്വർഗത്തിൽ നിന്ന് കൈനീട്ട് വാങ്ങിയ മുത്താണെന്നുമാണ്‌ പറയുന്നത്. ഒരു പക്ഷേ സിനിമയിൽ കുഞ്ഞിന്‌ തന്റെ അമ്മയോടുള്ള അസാധാരണമായ ആകർഷണത്തിനുള്ള ഒരു ആമുഖമായി ഈ വരികളെ കാണാം എന്ന് തോന്നുന്നു.

1975-ൽ പുറത്തുവന്ന ‘രാഗം’ എന്ന സിനിമ  ‘അനുരാഗ്’ എന്ന ഹിന്ദി സിനിമയുടെ  റീമേക് ആയിരുന്നു. ഇതിലാണ്‌ വയലാർ എഴുതിയ മനോഹരമായ ഒരു താരാട്ട് പാട്ടുള്ളത്. സലിൽ ചൗധരി സംഗീതം ചെയ്ത് പി. സുശീല പാടിയിരിക്കുന്നു. 

"ഓമന തിങ്കൾ പക്ഷീ

നീലത്താമര കുളത്തിലെ തിങ്കൾ പക്ഷീ

പെറ്റൊരു പാതിരാമുത്തിന്‌ പേരെന്ത്.."

ഉത്തരം നക്ഷത്രമെന്നാണ്‌. പാട്ടിന്റെ ചരണങ്ങളിലും ഇതു പോലുള്ള കടംകഥ ചോദ്യങ്ങളാണ്‌. കുട്ടി ഉത്തരം പറയുന്നു. രണ്ട് ചോദ്യം കഴിയുമ്പോഴേയ്ക്ക് കുട്ടി ഉറങ്ങുന്നു. 

തെന്നൽ ഉറങ്ങുമ്പോൾ തൂവെള്ള പുടവ ചുറ്റി ഉപവസിക്കുന്നതാരോ എന്നാണൊരു ചോദ്യം. ‘നിലാവ്’ എന്ന ഉത്തരം കുഞ്ഞിന്‌ പറഞ്ഞു കൊടുക്കുന്നത് മുത്തച്ഛൻ. 

"താലോലം മണിപ്പൈതൽ

നാൾ തോറും വളരാൻ

ആയിരം പൗർണമികൾ ആയുസ്സിൽ വിടരാൻ

തളികയിൽ കളഭവുമായ് തപസ്സിരിക്കുവതാരോ.."

‘അമ്മ’ എന്ന ഉത്തരം കുഞ്ഞ് പറയുന്നത് പാതി ഉറക്കത്തിലാണ്‌. കുഞ്ഞ് ഉറങ്ങിക്കഴിഞ്ഞാൽ താരാട്ടിന്റെ ആവശ്യമില്ലല്ലോ. പാട്ട് അവിടെ അവസാനിക്കുകയാണ്‌. 

സലിൽ ചൗധരി ഈണമിട്ട വളരെ ജനപ്രിയമായൊരു താരാട്ടാണ്‌ ‘വിഷുക്കണി; എന്ന ചിത്രത്തിലേത്. ശ്രീകുമാരനതമ്പി എഴുതി എസ്. ജാനകി മനോഹരമായി പാടിയ പാട്ട്.

"മലർ കൊടി പോലെ വർണത്തുടി പോലെ

മയങ്ങൂ നീയെൻ മടിമേലെ

അമ്പിളീ നിന്നെ പുൽകി 

അംബരം പൂകീ ഞാൻ  മേഘമായ്

നിറസന്ധ്യയായ് ഞാനാരോമലേ

വിടർന്നെന്നിൽ നീയൊരു പൊൻ താരമായ്

ഉറങ്ങൂ കനവ് കണ്ടുണരാനായ് ഉഷസ്സണയുമ്പോൾ.."

ഉഷസ്സണയുമ്പോൾ കനവ് കണ്ടുണരാൻ നീ ഇപ്പോൾ ഉറങ്ങൂ എന്നാണ്‌ അമ്മ പാടുന്നത്. ചരണം ഇങ്ങനെ.

"എന്റെ മടിയെന്നും നിന്റെ പൂമഞ്ചം

എൻ മനമെന്നും നിൻ പൂങ്കാവനം

ഈ ജന്മത്തിലും വരും ജന്മത്തിലും

ഇനി എൻ ജീവൻ താരാട്ടായ് ഒഴുകേണമേ.."

എന്റെ ജീവൻ തന്നെ നിന്റെ താരാട്ടായ് ഒഴുകട്ടേ എന്നാണ്‌ അമ്മ ആഗ്രഹിക്കുന്നത്. അതും ഈ ജന്മത്തിൽ മാത്രമല്ല, വരും ജന്മത്തിലും. 

യൂസഫലി കേച്ചേരി എഴുതി എം. എസ്. ബാബുരാജ് ഈണമിട്ട ഒരു പാട്ടുണ്ട് ’കാർത്തിക‘ എന്ന സിനിമയിൽ. മനോഹരമായി പാടിയിരിക്കുന്നത് എസ്. ജാനകി. 

"കഴിഞ്ഞ കഥയിലെ കഥാനായകൻ 

കനിഞ്ഞുനൽകിയ നിധിയല്ലേ

കഴിയാത്ത കഥയിലെ കണ്ണീർ കഥയിലെ

കഥാനായകൻ നീയല്ലേ.."

തന്നെ സംബന്ധിച്ചേടത്തോളം കഴിഞ്ഞുപോയ കഥയാണ്‌ പ്രണയം. അതിലെ നായകൻ നല്കിയ നിധിയാണ്‌ നീ എന്ന് അമ്മ. എന്നാൽ ഇനിയും തുടങ്ങാനിരിക്കുന്ന കണ്ണീർകഥയിലെ നായകൻ തന്നെ നീ ആയിരിക്കും എന്നും അമ്മ. അഛനില്ലാതെ വളരാൻ പോകുന്ന കുഞ്ഞിന്റെ കഥ ഒരിക്കലും സന്തോഷകരമായിരിക്കില്ല എന്ന സൂചന കൂടി ഈ നാല്‌ വരികളിലൂടെ കവി സുന്ദരമായി അവതരിപ്പിക്കുന്നു. 

"..കരളിൽ പടരും മുൾച്ചെടിയിങ്കൽ 

കാലം വിടർത്തിയ മലരല്ലേ 

ജീവിതമാകും ഇരുളിൻ നടുവിൽ

ദൈവം നീട്ടിയ തിരിയല്ലേ.."

നഷ്ടപ്പെട്ടുപോയ പ്രണയം, പ്രത്യേകിച്ച് ഒരു കുഞ്ഞിനെ തന്നിട്ടുപ്രോയ പ്രണയം ‘കരളിൽ പടരും മുൾച്ചെടി’ തന്നെയാണ്‌ ഒരു പെണ്ണിന്റെ കാര്യത്തിൽ. എങ്കിലും ഇരുട്ട് നിറഞ്ഞ ജീവിതത്തിൽ ദൈവം നീട്ടിയ തിരിയാണ്‌ നീ എന്നും അമ്മ. അമ്മയുടെ ഉള്ളിലെ വേദനകൾ അറിയാതെ നീ കരയാതുറങ്ങൂ എന്നാണ്‌ അമ്മ താരാട്ടുന്നത്. 

യൂസഫലി ബാബുരാജ് ടീം തന്നെ ചെയ്ത ‘ഉദ്യോഗസ്ഥ’ എന്ന സിനിമയിൽ ഒരു താരാട്ടുണ്ട്. പാടിയത് എസ്. ജാനകി. ‘തങ്കം വേഗമുറങ്ങിയാലായിരം’ എന്ന് തുടങ്ങുന്ന പാട്ടിൽ അമ്മ കുഞ്ഞിനോട് പറയുന്നത് നീ വേഗമുറങ്ങിയാൽ ആയിരം തങ്കക്കിനാവുകൾ കാണാം എന്നാണ്‌. 

എന്തൊക്കെയാണാ കിനാവുകൾ എന്ന് തുടർന്ന് പറയുന്നു. പണ്ടൊരു രാജ്യത്തെ രാജകുമാരന്റെ പവിഴസിംഹാസനവും മുത്തശ്ശിക്കഥയിലെ മുത്തിനു പോയ സുൽത്താനേയും കാണാം എന്നാണ്‌ ആദ്യചരണത്തിൽ. അടുത്ത ചരണം ഇങ്ങനെ.

"അമ്പിളിമാമന്റെ മടിയിലിരിക്കുന്ന 

മാൻപേട കുഞ്ഞിനെ കാണാം

കാളിന്ദി തീരത്ത് ഗോക്കളെ മേയ്ക്കുന്ന

കാർമുകിൽ വർണനെ കാണാം.."

ഇങ്ങനെയാണ്‌ പാട്ടവസാനിക്കുന്നത്.

ബിച്ചുതിരുമല ‘അവളുടെ രാവുകൾ’ എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയ താരാട്ടിലും ഇതുപോലെയുള്ള കാര്യമാണ്‌ പറയുന്നത്. എ. ടി. ഉമ്മർ ഈണമിട്ട് എസ്. ജാനകി പാടിയ ‘ഉണ്ണി ആരാരിരോ തങ്കമാരാരിരോ“ എന്ന് തുടങ്ങുന്ന പാട്ട്. ’കൊച്ചു പൊന്നും കിനാവിന്റെ പൂമഞ്ചലിൽ ഏഴ് ലോകങ്ങളും കണ്ട് വാ‘ എന്ന് പാടിയാണ്‌ അമ്മ കുട്ടിയെ ഉറക്കുന്നത്. 

"സ്വർണമാൻ കൈകളും വർണമേഘങ്ങളും

നിന്റെ പേരോടുമാ സ്വപ്നലോകങ്ങളും

കണ്ട് പുന്നാരമോൻ നാളെയാളാകണം

നാടിനാരാധ്യനായ് നീ വളർന്നീടണം.."

ഇതിനുസമാനമായ വരികളാണ്‌ ’വാൽസല്യം‘ എന്ന സിനിമയ്ക്ക് വേണ്ടി കൈതപ്രം എഴുതി എസ്.പി. വെങ്കടേഷ് ഈണമിട്ട പാട്ടിലുമുള്ളത്. യേശുദാസും ചിത്രയും വേറെ വേറെ പാടിയിരിക്കുന്നു.

"താമരക്കണ്ണനുറങ്ങേണം

കണ്ണും പൂട്ടിയുറങ്ങേണം

അഛനെ പോലെ വളരേണം

അമ്മയ്ക്ക് തണലായ് മാറേണം

അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ

കൈയിലെടുക്കേണം.."

കുഞ്ഞ് വലുതാവുമ്പോൾ ആരാകണം എങ്ങനെയാകണം എന്ന അമ്മയുടെ ആഗ്രഹമാണ്‌ ചരണങ്ങളിൽ.  

കെ. ജെ. ജോയ് ഈണമിട്ട ഒരു താരാട്ട് വളരെ ജനപ്രിയമായിരുന്നു. 1977-ൽ പുറത്തുവന്ന ‘ആരാധന’ എന്ന ചിത്രത്തിനുവേണ്ടി ബിച്ചു തിരുമല എഴുതി യേശുദാസും എസ്. ജാനകിയും ചേർന്ന് പാടിയ പാട്ട്.

"ആരാരോ ആരിരാരോ

അഛന്റെ മോളാരാരോ

അമ്മയ്ക്ക് നീ തേനല്ലേ

ആയിരവല്ലി പൂവല്ലേ.."

ബിച്ചുതിരുമലയുടെ പദപ്രയോഗങ്ങളുടെ ലാളിത്യവും സൗന്ദര്യവും ശരിക്കും പ്രകടമാവുന്ന വരികളാണ്‌ ചരണത്തിൽ.

"മഞ്ഞിറങ്ങും മാമലയിൽ 

മയിലുറങ്ങീ മാനുറങ്ങീ

കന്നിവയൽ പൂവുറങ്ങീ 

കണ്മണിയേനീയുറങ്ങൂ

അന്തി ചെമ്മാനത്ത് തീയാട്ടം

തിങ്കൾ കുഞ്ഞിന്റെ തേരോട്ടം.."

‘നമ്പർ 1 സ്നേഹതീരം  ബാംഗ്ലൂർ നോർത്’ എന്ന സിനിമയിൽ ഗിരീഷ് പുത്തഞ്ചേരി എഴുതി ജറി അമൽ ദേവ് ഈണമിട്ട ‘മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം’ എന്ന താരാട്ട്. ലാളിത്യമുള്ള വരികളും ഈണവും. പാട്ടിന്റെ കേൾവി സുഖം തന്നെ, ഉറങ്ങാൻ പ്രാപ്തമാക്കുന്നു. ഇത് മാത്രമാണ്‌ താരാട്ടിന്റെ ഉദ്ദേശവും. 

ഇതുപോലുള്ള ഒരു പാട്ടാണ്‌ ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിനുവേണ്ടി കൈതപ്രം രചിച്ച് ഔസേപ്പച്ചൻ ഈണമിട്ട് ചിത്രയും വേണുഗോപാലും വേറെ വേറെ പാടിയ ഈ ഗാനം.

"ഏതോ വാർമുകിലിൻ കിനാവിലെ

മുത്തായ് നീ വന്നു

ഓമലേ 

ജീവനിൽ അമൃതേകാനായ് വീണ്ടും.."

ഇത് സിനിമയിൽ കുഞ്ഞിനെ ഉറക്കുമ്പോഴുള്ള പാട്ടല്ല. കുഞ്ഞിനെ ഊട്ടുമ്പോൾ, കളിപ്പിക്കുമ്പോൾ ഒക്കെ ആയാണ്‌ പാട്ട്. പക്ഷേ കൃത്യമായി ഒരു താരാട്ടിന്റെ മൂഡ് തരുന്ന പാട്ട്. 

എസ്. പി. വെങ്കടേഷ് ഈണമിട്ട വേറൊരു താരാട്ട് കൂടിയുണ്ട്. സിനിമ ‘ഭാവാർഥം’ വരികളെഴുതിയത് ഗിരീഷ് പുത്തഞ്ചേരി. ‘മിന്നാരം കുരുന്നേ മുത്തേ’ എന്ന് തുടങ്ങുന്ന പാട്ട് ചിത്ര പാടിയിരിക്കുന്നു. രാത്രി കണ്ണ്‌ ചിമ്മാതെ സ്വയം ഒരു ഓടക്കുഴലായി ഞാൻ പാടാം എന്നാണ്‌ അമ്മ പാടുന്നത്. പാട്ടിന്റെ ഒരു ചരണം ഇങ്ങനെയാണ്‌.

"മൗനം തുളുമ്പും സ്വരവീചിയോടെ 

മണിവീണയിടറുന്നു നെഞ്ചിൽ

കരളോട് ചേർക്കും കണിമഞ്ഞുകൂട്ടിൽ

കിളിയായ് പാടുന്നു മോഹം

ഒരുമണി കണ്ണുനീര്‌ മാത്രം

ഇനക്കിനി കാത്തുവെയ്ക്കാനെന്നും.."

പാട്ടിന്റെ അടുത്ത ചരണത്തിലും വിതുമ്പുന്ന ഉള്ളവും ഗദ്ഗദവും നൊമ്പരത്തിൻ പൂക്കളും ഒക്കെ ഉണ്ട്. പക്ഷേ പാട്ടിന്റെ ഈണത്തിൽ വിഷാദമില്ല തന്നെ. പാട്ടിന്റെ മൊത്തം ഭാവം വളരെ പ്രസാദാത്മകമായി തോന്നി ‘മംഗളം നേരുന്നു’ എന്ന ചിത്രത്തിൽ എം. ഡി. രാജേന്ദ്രൻ രചിച്ച് ഇളയരാജ ഈണമിട്ട മനോഹരമായ ഒരു താരാട്ടുണ്ട്. പാടിയത് കൃഷ്ണചന്ദ്രൻ. 

"അല്ലിയിളം പൂവോ

ഇല്ലിമുളം തേനോ

തെങ്ങിളനീരോ തേന്മൊഴിയോ

മണ്ണിൽ വിരിഞ്ഞ നിലാവൊ.."

ഒരു കുഞ്ഞിനെ വർണ്ണിക്കാൻ ഇതിലും മനോഹരമായ കല്പനയെന്ത്. മണ്ണിൽ വിരിഞ്ഞ നിലാവോ എന്ന് പറയുമ്പോൾ ഇതിനപ്പുറം എന്ത് എന്ന ചോദ്യമാണുള്ളിൽ. തല്ലലം മൂളുന്ന പുല്ലാനിക്കാറ്റിനോട് നീ കുഞ്ഞിനെ ഉറക്കാൻ വാ എന്നാണ്‌ കവി പറയുന്നത്. എങ്ങനെ വരണം എന്നും കവി പറയുന്നു. ‘ചെല്ലം ചെല്ലം താ തെയ്യം തെയ്യം തുള്ളി തുള്ളി വാ വാ’ എന്ന്. എത്ര മനോഹരം. 

അടുത്ത ചരണത്തിൽ പറയുന്നത് കന്നി വയൽ കിളിയോടാണ്‌. പറയുന്നത് കണ്മ്ണിയെ ഉണർത്താതെ പോ എന്നാണ്‌. 

"കൈവിരലുണ്ണും നേരം

കണ്ണുകൾ ചിമ്മും നേരം

കന്നിവയൽ കിളിയേ നീ

കണ്മണിയെ ഉണർത്താതെ

നീ താലീ പീലീ കാട്ടിനുള്ളിൽ

കൂടും തേടി പോ പോ.."

എം. ഡി രാജേന്ദ്രൻ നല്ല പാട്ടുകളെഴുതിയിട്ടും നമ്മൾ വേണ്ടത്ര അംഗീകാരം കോടുക്കാത്ത ആളാണെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പല പാട്ടുകളും ഓ. എൻ. വിയുടേതെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. അവരുടെ ശൈലിയുടെ സാമ്യത കാരണം. ഒരു പക്ഷേ അതായിരിക്കുമോ അദ്ദേഹത്തെ അംഗീകരിക്കാൻ നമ്മൾ മടിക്കാൻ കാരണം?

ഈ പാട്ടിന്റെ ഒരു പ്രത്യേകത ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളുടെ ലാളിത്യമാണ്‌. സാധാരണക്കാരുടെ കാഴ്ചയിൽ വരുന്ന കാര്യങ്ങളെ തീർത്തും ആലങ്കാരികമല്ലാതെ എന്നാൽ കാല്പനികസൗന്ദര്യം നിറച്ചുമാണ്‌ ഉപയോഗിച്ചിരിക്കുന്നത് എന്നാണ്‌. ഇളയരാജയുടെ ഈണം മനസ്സിന്‌ സാന്ത്വനമേകാൻ പര്യാപ്തമാണ്‌.

ഓ. എൻ. വി എഴുതി മോഹൻ സിതാര ഈണമിട്ട മനോഹരമായ ഒരു താരാട്ടുണ്ട് ‘ഒന്ന് മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിൽ.

"രാരീ രാരിരം രാരൊ

പാടീ രാക്കിളി പാടീ

പൂമിഴികൾ പൂട്ടി മെല്ലെ

നീയുറങ്ങി ചായുറങ്ങി

സ്വപ്നങ്ങൾ പൂവിടും പോലെ

നീളേ

വിണ്ണിൽ വെൺതാരങ്ങൾ

മണ്ണിൽ മന്ദാരങ്ങൾ

പൂത്തൂ വെൺതാരങ്ങൾ

പൂത്തൂ മന്ദാരങ്ങൾ.."

ലളിതസുന്ദരമായ വരികൾ, മയങ്ങാൻ പ്രേരിപ്പിക്കുന്ന ഈണം, ജി. വേണുഗോപാലിന്റെ സാന്ത്വനമേകുന്ന ശബ്ദം. ഒരു മികച്ച താരാട്ട്.

ചരണത്തിൽ കുഞ്ഞിനെ ‘കന്നി പൂമാനം പോറ്റും തിങ്കളായും’ ‘പൊന്നോമൽ തിങ്കൾ പോറ്റും മാനമായും’ വാഴ്ത്തുന്നു. അടുത്ത ചരണത്തിൽ സൂചന ഉള്ളത് കുഞ്ഞിന്റേയും അമ്മയുടേയും ഏകാന്തതയെ കുറിച്ചാണ്‌. അഛനില്ലാത്ത കുഞ്ഞ്, ഭർത്താവ് മരിച്ച അമ്മ. ഇവരുടെ ഏകാന്തതയിലേക്ക് ഒരു ഫോൺ വിളിയിലൂടെ ഒരപരിചിതൻ കടന്നു വരികയാണ്‌. കുഞ്ഞിനോടാണ്‌ സംസാരിക്കുന്നതെങ്കിലും ഒരു കൂട്ടിന്റെ പ്രതീക്ഷ, ആനന്ദം ഒക്കെ അമ്മയും അനുഭവിച്ചു തുടങ്ങുന്നു. 

"ഈ മുളങ്കൂട്ടിൽ മിന്നാമിന്നി

പൂത്തിരി കൊളുത്തുമീ രാവിൽ

സ്നേഹത്തിൻ ദാഹവുമായ് നമ്മൾ

ശാരോണിൻ തീരത്തിന്നും നില്പൂ.."

ഈ വരികളിൽ ഓ. എൻ. വി വളരെ കാല്പനികമായി അമ്മയുടേയും കുഞ്ഞിന്റേയും അവസ്ഥ വരച്ചിടുന്നു. വെളിച്ചമില്ലാത്ത ഈ കൂട്ടിൽ മിന്നാമിന്നിയുടെ വെളിച്ചം പോലും പൂത്തിരി കത്തിക്കുന്നു എന്നാണ്‌ കവി എഴുതുന്നത്. 

ഇതേ ടീമിന്റെ ഒരു പാട്ടുണ്ട് ‘പൊന്നുച്ചാമി’ എന്ന ചിത്രത്തിൽ. പാടിയിരിക്കുന്നത് ചിത്ര. 

"കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ

കൂട്ടിന്‌ മിന്നാമിന്നി വാ

മഞ്ഞ് വീഴും കാട്ടിനുള്ളിൽ

ഇത്തിരി ചൂട്ടും കൊണ്ടേ വാ

കുന്നിറങ്ങി കൂടെ വരും കുളിർ വെണ്ണിലാവേ

കുഞ്ഞുമണി ചെപ്പിൽ നീ കളഭം തായോ.."

സുന്ദരമായ വരികളാണ്‌ പാട്ടിന്റെ പല്ലവിയിൽ. പക്ഷേ ചരണത്തിൽ ആ മികവ് കാണാനില്ല. ‘അന്വേഷണം’ എന്ന സിനിമയിൽ ശ്രീകുമാരൻ തമ്പി രചിച്ച് എം. കെ. അർജുനൻ ഈണമിട്ട് യേശുദാസ് പാടിയ ഒരു താരാട്ടുണ്ട്.

"പഞ്ചമി ചന്ദ്രിക പൂപ്പന്തൽ കെട്ടി

പാലൂറും മേഘങ്ങൾ തോരണം കെട്ടി

ആലോലം പാട്ടിന്റെ താളവുമായി

ആടിവാ കറ്റേ ആതിര കാറ്റേ

താലോലം താലോലം"

ചന്ദ്രികയുടെ പന്തലും മേഘങ്ങൾ കെട്ടുന്ന തോരണവും ഒരു കുഞ്ഞിന്‌ ഉറങ്ങാൻ കൊടുക്കാൻ കഴിഞ്ഞാൽ. എന്ത് മനോഹരമായ കല്പന. പാട്ടിന്റെ ചരണവും ഇതുപോലെ സുന്ദരമാണ്‌.  

"കുഞ്ഞുറങ്ങുമ്പോൾ കൂടെയിരിക്കാൻ 

കുറുമൊഴിമുല്ല തൻ മണമുണ്ടല്ലോ

കുഞ്ഞിക്കിനാവിന്റെ മാനത്ത് പൊങ്ങാൻ

പൊന്നോണ തുമ്പി തൻ ചിറകുണ്ടല്ലോ

താലോലം താലോലം .."  

ബിച്ചു തിരുമല എഴുതി ജയവിജയ ഈണമിട്ട ഒരു താരാട്ടുണ്ട് ‘നിറകുടം’ എന്ന സിനിമയിൽ. പാടിയിരിക്കുന്നത് യേശുദാസ് തന്നെ. 

"ജീവിതമെന്ന തൂക്കുപാലം 

ജീവികൾ നാമെല്ലാം സഞ്ചാരികൾ

അക്കരെക്കെത്താൻ ഞാൻ ബുദ്ധിമുട്ടുമ്പോൾ

ഇക്കരെ നീയും വന്നതെന്തിനാരോമൽ കുഞ്ഞേ.."

പാട്ട് പാടുന്ന കഥാപാത്രം ഇത്തിരി മുടന്തുള്ളവനാണ്‌. അയാൾക്ക് തോന്നുന്നത് ജീവിതം ഒരു തൂക്കുപാലമാണെന്നാണ്‌. തൂക്കുപാലം എന്നത് തൂക്കിനിർത്തിയിട്ടുള്ള പാലം എന്നതിലുപരി കാല്‌ തൂക്കിവെയ്ക്കേണ്ട പാലം എന്ന രീതിയിലാണ്‌ കവി ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. കാലിന്‌ സ്വാധീനം കുറഞ്ഞയാളുടെ മുന്നിലുള്ള തൂക്കുപാലം. 

ചരണത്തിൽ പറയുന്നത് വഴിയറിയാതെ വലയുകയായിരുന്നു താൻ എന്നാണ്‌. പാഥേയവും കുടിവെള്ളവുമില്ലാത്ത പദയാത്രയായിരുന്നു എന്നും. കടലും കരയും ഏതെന്നറിയാതെ അലയുകയായിരുന്നു, താൻ എന്ന് രണ്ടാമത്തെ ചരണത്തിൽ. നങ്കൂരവും പങ്കായവുമില്ലാത്ത നാവികനായിരുന്നു എന്നും. ഇത്തരം നിസ്സഹായാവസ്ഥയിലാണ്‌ ഒരു കുഞ്ഞു കൂടി കൂടെയുണ്ടായാലോ?  

"കണ്ണേ ഉറങ്ങുറങ്ങ് പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്

കണ്ണനെ കണ്ട് കണ്ട് ചിരിച്ചുകൊണ്ടോമന മുത്തുറങ്ങ്

താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ്

സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ് ആരിരിരാരാരോ.."

‘താലോലം’ എന്ന സിനിമയ്ക്ക് വേണ്ടി കൈതപ്രം എഴുതി, ഈണമിട്ട് യേശുദാസ് പാടിയ പാട്ടാണിത്. മിക്കവാറും താരാട്ടുകളിൽ വരുന്ന ബിംബങ്ങളും പ്രയോഗങ്ങളും തന്നെ.

കൈതപ്രം തന്നെ എഴുതി സംഗീതം കൊടുത്ത് ചിത്ര പാടിയ ഒരു പാട്ട് ‘ശാന്തം’ എന്ന സിനിമയിലുണ്ട്. 

"ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ

കാത്തുകാത്തുണ്ടായോരുണ്ണി

അമ്പോറ്റി കണ്ണന്റെ മുന്നിൽ അമ്മ

കുമ്പിട്ടു കിട്ടിയ പുണ്യം

ചോടൊന്നുവെയ്ക്കുമ്പോൾ അമ്മയ്ക്ക് നെഞ്ചിൽ

കുളിരാം കുരുന്നാകും ഉണ്ണി.."

ആദ്യചരണത്തിൽ തേനും വയമ്പും തേക്കുന്നതും കൈ വളരുന്നതും കാൽ വളരുന്നതും മറ്റും തന്നെ. അടുത്ത ചരണം ഇങ്ങനെ.

"വീടോളം നീ തെളിഞ്ഞുണരുണ്ണി

നാടോളം നീ വളര്‌

മണ്ണോളം നീ ക്ഷമിക്കാൻ പഠിക്കുണ്ണി

അമ്മയോളം നീ സഹിക്ക്

സ്നേഹംകൊണ്ടൊരു തോണിയുണ്ടാക്ക്

കാലത്തിനറ്റത്ത് പോകാൻ.."

തികച്ചും സാമ്പ്രദായികമായ ബോധം, വിശേഷിച്ചും അമ്മ ഏറെ സഹിക്കേണ്ടവളാണ്‌ എന്ന ബോധം തന്നെയാണ്‌ ഇതിൽ. എന്നാൽ സ്നേഹം കൊണ്ടുള്ള തോണിയുണ്ടാക്കിയാൽ കാലത്തിനറ്റത്ത് വരെ പോകാം എന്നുള്ള സന്ദേശം കൂടി വരികളിൽ.

താരതമ്യേന പുതിയ കാലത്ത് നല്ല ജനപ്രിയമായി മാറിയ ഒരു താരാട്ടാണ്‌ ‘സാന്ത്വനം’ എന്ന സിനിമയ്ക്കുവേണ്ടി കൈതപ്രം എഴുതി മോഹൻ സിത്താര ഈണമിട്ട ‘ഉണ്ണീ വാവാവോ’ എന്ന പാട്ട്. പുതിയ കാലത്തിന്‌ യോജിച്ച രീതിയിൽ കുറച്ചു കൂടി ചടുലമാണ്‌ പാട്ട്. പാട്ടിന്റെ വരികളിലും ഈണത്തിലുള്ള ഉറക്കുപാട്ടിന്റെ മന്ത്രണം ഇല്ലാത്തതുകൊണ്ടാവാം വരികളിൽ തന്നെ ഉറങ്ങൂ എന്ന് പലതവണ പറയുന്നുണ്ട്. ഓമനത്തിങ്കൾ കിടാവോ എന്ന താരാട്ടിൽ ഒരിടത്തുപോലും ഉറക്കം എന്ന വാക്ക് വന്നിട്ടില്ല എന്ന് കൂടി ഓർക്കുന്നത് രസകരമാണ്‌.

2005-ൽ പുറത്തുവന്ന ‘ചാന്തുപൊട്ട്’ എന്ന സിനിമയിലെ താരാട്ട് പാട്ടിനെ പരാമർശിക്കാതെ തരമില്ല. വയലാർ ശരത്ചന്ദ്ര വർമ എഴുതി വിദ്യാസാഗർ ഈണമിട്ട് എസ്. ജാനകി പാടിയ പാട്ട്. പാട്ടിന്‌ പി. ജയചന്ദ്രൻ പാടിയ ഒരു വേർഷൻ കൂടിയുണ്ട്.

"ആഴക്കടലിന്റെ അങ്ങേക്കരയിലായ്

നേരം വെളുക്കുന്ന മേട്ടിൽ

അമ്പിളിമാമനെ പോലെന്റ് മാറിലായ്

ഒട്ടിക്കിടക്കുന്ന മുത്തേ.."

എസ്. ജാനകി ഈ പാട്ട് പാടിയിരിക്കുന്നത് സിനിമയിലെ കുഞ്ഞിന്റെ വളരെ പ്രായം ചെന്ന മുത്തശ്ശി പാടുന്ന രീതിയിലാണ്‌. ശബ്ദത്തിൽ പ്രായത്തിന്റെ വിറയൽ വ്യക്തമായി കേൾക്കാം.

"അമ്പാടി തന്നിലെ ഉണ്ണിയെ പോലെ നീ

കൊമ്പനാണെങ്കിലും കണ്ണേ

അമ്മൂമ്മ പൂതിയാലീ കുഞ്ഞുകാതിലായ്

രാധയെന്നാദ്യമായ് ചൊല്ലീ

ഇല്ലില്ല മുത്തിയെ കണ്ടുമയങ്ങുമീ

നല്ല കിനാവുള്ള കണ്ണിൽ

ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാൻ

ഒത്തിരി മോഹിച്ചുപോയീ.."

പെൺകുഞ്ഞിനെ ആഗ്രഹിച്ച മുത്തശ്ശിയ്ക്ക് കിട്ടിയത് ആൺകുഞ്ഞ്. കുഞ്ഞിനെ രാധയെന്ന് പേര്‌ വിളിച്ചതും പെൺകുഞ്ഞിനെ പോലെ ചാന്തും കണ്മഷിയും തേച്ചുകൊടുത്തതും മുത്തശ്ശി. ഒടുവിൽ കുഞ്ഞ് പെൺവേഷം കെട്ടി നടക്കുന്ന ആണായി വളർന്നതാണ്‌ സിനിമ പറഞ്ഞ കഥ. ഈ താരാട്ടിൽ ആ കഥ പറയാതെ പറഞ്ഞുവെച്ചിരിക്കുന്നു കവി. 

കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ പുറത്തുവന്ന താരാട്ടാണ്‌ ‘കളിമണ്ണ്‌’ എന്ന ചിത്രത്തിനുവേണ്ടി ഓ. എൻ. വി എം. ജയചന്ദ്രൻ ടീം ഒരുക്കിയ ‘ലാലീ ലാലീ ലെലോ’ എന്ന് തുടങ്ങുന്ന താരാട്ട്. പാടിയിരിക്കുന്നത് മൃദുലാ വാര്യരും സുദീപ് കുമാറും ചേർന്ന്. കവിയുടെ വിരൽസ്പർശം കൃത്യമായി പതിഞ്ഞ പാട്ടാണിത്. ‘മലരൊളിയേ മന്ദാരമലരേ മഞ്ചാടിമണിയേ ചാഞ്ചാടുമഴകേ’ എന്നൊക്കെയാണ്‌ കുഞ്ഞിനെ അമ്മ വിളിക്കുന്നത്.

"ഒരു കുഞ്ഞുറുമ്പ് മഴ നനയവേ

വെൺ പിറാവ് കുട നീർത്തിയോ

ചിറക് മുറ്റാ പൈങ്കിളി

ചെറുകിളി കൂടാണ്‌ ഞാൻ.."

ലളിതമെന്ന് പറയാനാകില്ലെങ്കിലും പിറക്കാൻ പോകുന്ന കുഞ്ഞിനെ അഭിസംബോധന ചെയ്യുന്ന താരാട്ട് മനോഹരം. ഈണവും മൃദുലാ വാര്യരുടെ ശബ്ദവും പാട്ടിന്‌ സാന്ത്വനസ്പർശം തരുന്നുണ്ട്. 

ഒരേസമയം കുഞ്ഞിന്‌ വേണ്ടിയും അമ്മയ്ക്ക് വേണ്ടിയും അഛൻ പാടുന്ന ഒരു പാട്ട് ഈയടുത്ത കാലത്ത് വന്നു. ഒരു പക്ഷേ ഈയടുത്ത കാലത്ത് ഇത്രയും ജനപ്രിയമായൊരു താരാട്ട് വേറെയില്ല. ‘ജോസഫ്’ എന്ന സിനിമയ്ക്ക് വേണ്ടി അജീഷ് ദാസൻ എഴുതി രഞ്ചിൻ രാജ് ഈണമിട്ട് നിരഞ്ജ്   സുരേഷ് പാടിയ സുന്ദരമായ പാട്ട്. 

"പൂമുത്തോളേ നീയെരിഞ്ഞ

വഴിയിൽ ഞാൻ മഴയായി പെയ്തെടീ

ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ

മാറത്തുറക്കാനിന്നോളം 

തണലെല്ലാം വെയിലായി കൊണ്ടെടീ

മാനത്തോളം വളരേണം 

മഴവില്ലായ് എന്മണീ.."

നല്ല ലയമുള്ള പാട്ട്. ഇത് കൃത്യമായ ഒരു താരാട്ടാണെന്ന് പറയനാവില്ല. പക്ഷേ താരാട്ടിന്റെ മൂഡിലുള്ള പാട്ട്. ഒരേസമയം കുട്ടിയ്ക്ക് വേണ്ടിയും അമ്മയ്ക്ക് വേണ്ടിയുമാവണം പാട്ടെന്ന് രംഗം വിവരിക്കുമ്പോൾ ആവശ്യപ്പെട്ടിരുന്നെന്ന് അജീഷ് ദാസൻ പറയുന്നു. മികച്ച വരികളാണ്‌ കവിയായ അജീഷ് ദാസന്റേത്.

"..സ്നേഹക്കളിയോടമേറി

നിൻ തീരത്തെന്നും കാവലായ്

മോഹക്കൊതി വാക്ക് തൂകി

നിൻ ചാരത്തെന്നും ഓമലായ്

എന്നെന്നും കണ്ണേ നിൻ കൂട്ടായ്.."

ഇങ്ങനെയൊക്കെ പോകുന്നു ചരണം. പാട്ട് അമ്മയ്ക്കും പിറക്കാൻ പോകുന്ന കുഞ്ഞിനു കൂടിയാകുമ്പോൾ വെറും താരാട്ട് പാട്ടിലെ ബിംബങ്ങൾ മതിയാകാതെ വരും.

ഇതുവരെ പറഞ്ഞതെല്ലാം കുഞ്ഞുങ്ങളെ ഉറക്കാൻ പാടിയ പാട്ടുകളെ കുറിച്ചാണ്‌. മലയാള സിനിമയിൽ മുതിർന്നവരെ, കാമുകിയേയും കാമുകനേയും ഉറക്കാൻ പാടിയ താരാട്ടുകളുമുണ്ട്.

‘വിലയ്ക്ക് വങ്ങിയ വീണ’ എന്ന സിനിമയിൽ പി. ഭാസ്കരൻ എഴുതി ദക്ഷിണാമൂർത്തി ഈണമിട്ട് എസ്. ജാനകി പാടിയ സുന്ദരമായ ഒരു താരാട്ടുണ്ട്. 

"ഇനിയുറങ്ങൂ ഇനിയുറങ്ങൂ

മനതാരിൽ മലരിടും സ്വപ്നങ്ങളേ 

മാനവവ്യാമോഹ പുഷ്പങ്ങളേ .."

ഈ പാട്ട് പാടുന്നത് കുഞ്ഞിനെയല്ല മറിച്ച് തന്റെ കാമുകനെ ഉറക്കാനാണ്‌.

"ഓടിയോടി തളർന്നു കിടക്കുന്നു

ഒരു ഗാന സാമ്രാജ്യ രാജകുമാരൻ

ആശകൾ തന്നുടെ ചുമടും പേറി

അലഞ്ഞുവന്നൊരു രാജകുമാരൻ.."

വലിയ വിജയങ്ങൾ സ്വപ്നം കാണുന്ന ഗാനസാമ്രാജ്യത്തിലെ രാജകുമാരനാണ്‌ നായകൻ. അലഞ്ഞ് തളർന്ന് വന്നിരിക്കുന്ന ഗായകനെ കാമുകി പാടി ഉറക്കുന്നതാണ്‌ രംഗം. സിനിമയിൽ ഗായകൻ വലിയ ഉയരങ്ങളിലെത്തിയശേഷം അഗാധമായ പതനം നേരിടുന്നുണ്ട്. അതിലേയ്ക്ക് സൂചന നൽകുന്നതാണ്‌ അടുത്ത ചരണത്തിലെ വരികൾ. 

"ഇനി മയങ്ങൂ ഇനി മയങ്ങൂ

ഇരുൾ മുല്ലക്കാട്ടിലെ താരകളേ

കാലത്തിൻ താളൊന്ന് മറിഞ്ഞിടുമ്പോൾ

കാലത്തെ  നിങ്ങൾ വാടിയാലോ.."

ആശയാകുന്ന ശലഭങ്ങളോട്  ഹൃദയത്തിൻ മണിവീണാനാദങ്ങൾ മറന്ന് ഉറങ്ങൂ എന്ന് പറഞ്ഞ് കൊണ്ടാണ്‌ പാട്ട് അവസാനിക്കുന്നത്. 

ഇതുപോലെ മുതിർന്ന ഒരാളെ ഉറക്കാൻ പാടുന്ന ഒരു പാട്ടുണ്ട് ‘കിലുക്കം’ എന്ന സിനിമയിൽ. ബിച്ചു തിരുമല എഴുതി എസ്. പി. വെങ്കടേഷ് ഈണമിട്ട ഗാനം. എം. ജി. ശ്രീകുമാർ പാടിയിരിക്കുന്നു.

"കിലുകിൽ പമ്പരം തിരിയും മാനസം

അറിയാതമ്പിളീ മയങ്ങൂ വാവാവോ

ചാഞ്ചക്കം ചാഞ്ചക്കം

പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ

കുളിരിൽ മെല്ലെ നീ തഴുകൂ വാവാവോ

ചാഞ്ചക്കം ചാഞ്ചക്കം.."

1991-ൽ പുറത്തുവന്ന പട്ടാണെങ്കിലും ഈണം ശരിക്കും പഴയകാല താരാട്ടുപാട്ടിനെ ഓർമ്മിപ്പിക്കുന്നുണ്ട്. താൻ ഏതോ വലിയ രാജകുമാരിയെന്ന് കരുതി കൊണ്ട് നടന്ന പെൺകുട്ടി ഇത്തിരി മാനസിക വിഭ്രാന്തി ഉള്ളവളാണെന്ന് തിരിച്ചറിയുന്ന ഘട്ടത്തിലാണ്‌ ഈ പാട്ട്.

"മേടമഞ്ഞിൽ മൂടുമീ കുന്നും പൊയ്കയും

പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ

താളം പോയ നിന്നിൽ മേയും നോവുമായ്

താനേ വീണുറങ്ങൂ തെന്നൽ കന്യകേ

താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ

ചാഞ്ചക്കം ചാഞ്ചക്കം .."

അവളുടെ മനസ്സ് സമനിലയിലല്ല എന്നുള്ളതിന്റെ സൂചന വരികളിലുണ്ട്. ‘താളം പോയ’ എന്ന പ്രയോഗവും അടുത്ത ചരണത്തിലെ ‘ഓർമ തൻ ചായം മാഞ്ഞതോ’ എന്നതും സൂചിപ്പിക്കുന്നത് അതാണ്‌.എങ്കിലും പനിനീർ ചന്ദ്രികയോട് ഈ പൂങ്കവിൾ തഴുകി ഉറക്കൂ എന്നാണ്‌ പാടുന്നത്.

‘രാജീവനയനേ നീയുറങ്ങൂ’ എന്ന് തുടങ്ങുന്ന ഗാനം ചന്ദ്രകാന്തം എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച് എം. എസ്. വിശ്വനാതൻ ഈണമിട്ട് ജയചന്ദ്രൻ പാടിയതാണ്‌. ഈ പാട്ടും കാമുകൻ തന്റെ കാമുകിയെ ഉറക്കാൻ പാടുന്നതാണ്‌. ആയിരം ചുംബനസ്മൃതി സുമങ്ങൾ അധരത്തിൽ ചാർത്തി നീയുറങ്ങൂ എന്നാണ്‌ കാമുകൻ പാടുന്നത്.

എന്റെ പ്രേമഭാവമാണ്‌ നിന്റെ കൺപീലിയെന്നും എന്റെ കവിതയുടെ അലങ്കാരമാണ്‌ നിന്റെ നാവിൽ കിളിക്കൊഞ്ചലാവുന്നതും എന്നാണ്‌ ആദ്യചരണത്തിൽ പറയുന്നത്. അടുത്ത ചരണം ഇങ്ങനെ.

"ഉറങ്ങുന്ന ഭൂമിയെ നോക്കീ

ഉറങ്ങാത്ത നീലാംബരം പോൽ

അഴകേ നിൻ കുളിർമാല ചൂടീ

അരികത്തുറങ്ങാതിരിക്കാം.."

ഇങ്ങനെ ഒരു കാമുകൻ അരികത്തുണ്ടെങ്കിൽ ഏത് കാമുകിയ്കാണ്‌ സുഖദമായ ഉറക്കം കിട്ടാത്തത്? ഈ ഭാവനയുടെ കുളിർ മാല ചൂടി ഉറങ്ങാതെ ലയിച്ചിരിക്കാൻ തോന്നുന്ന അനുഭവമാണ്‌ പാട്ട് തരുന്നത്. 

എഴുത്ത് സിനിമകളിൽ വന്ന താരാട്ട് പാട്ടുകളെ കുറിച്ചാണെങ്കിലും ഒരു ലളിത ഗാനം പരാമർശിക്കേണ്ടതാണെന്ന് തോന്നുന്നു. ഒരു പക്ഷേ സിനിമേതര ഗാനങ്ങളിൽ ഏറ്റവും ജനപ്രിയമായ താരാട്ട്. 

"ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ

എന്നോമലുറക്കമായ് ഉണർത്തരുതേ

എന്നോമൽ ഉറക്കമായ് ഉണർത്തരുതേ

ഒന്നിനി തിരിതാഴ്തൂ ശാരദനിലാവേ

ഈ കണ്ണിലെ കിനാവുകൾ കെടുത്തരുതേ

കണ്ണിലെ കിനാവുകൾ കെടുത്തരുതേ.."

ഈ പാട്ടിന്റെ പറ്റി രചയിതാവായ ഓ. എൻ. വി എഴുതിയ ഒരനുഭവമുണ്ട്. ഒരു സുഹൃത്തിന്റെ മരണവീട്ടിൽ വീട്ടിൽ ചെന്നപ്പോൾ രാമായണപാരായണത്തിനു പകരം ഈ പാട്ട് പശ്ചാത്തലത്തിൽ നിന്ന് കേട്ടത് ഈ പാട്ടായിരുന്നു, എന്നാണ്‌ അദ്ദേഹം എഴുതിയത്. മരിച്ച ഗൃഹനാഥന്‌ ഏറെ ഇഷ്ടപ്പെട്ട പാട്ട് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ കേൾപ്പിക്കുകയായിരുന്നത്രേ. ഒരു പാട്ടുണ്ടാക്കിയ സ്വാധീനം എത്രമാത്രമായിരുന്നു, എന്ന് മനസ്സിലാക്കാൻ ഇതിലും വലിയ ഒരനുഭവം ഉണ്ടാവാനില്ല. 

ഈ പാട്ടും ഉറക്കുപാട്ടാവുന്നത് ഒരു കുട്ടിയ്ക്കല്ല. തന്റെ പ്രാണപ്രേയസിയെ  ഉറക്കാനാണ്‌ പാട്ട് പാടുന്നത് എന്ന് ചരണത്തിലെ വരികൾ വ്യക്തമാക്കുന്നുണ്ട്. 

"ഉച്ചത്തിൽ മിടിയ്ക്കൊല്ലേ നീയെന്റെ ഹൃദന്തമേ

സ്വഛശാന്തമെന്നോമൽ മയങ്ങിടുമ്പോൾ

എത്രയോ ദൂരമെന്നോടൊപ്പം നടന്ന

പദപത്മങ്ങൾ തരളമായ് ഇളവേൽക്കുമ്പോൾ

താരാട്ടിനനുയാത്ര നിദ്ര തൻ പടിവരെ

താമരമലർമിഴി അടയും വരെ.."

ഓമന മയങ്ങുമ്പോൾ സ്വന്തം ഹൃദയത്തിനോട് മിടിപ്പ് ഉച്ചത്തിലാവരുതേ എന്ന് പറയുന്നത്ര ശ്രദ്ധാലുവാണ്‌ കവി. താരാട്ടിനെ പറ്റി വളരെ കൃത്യമായ ഒരു നിരീക്ഷണം കൂടി വരികളിലുണ്ട്. ‘താരാട്ടിന്നനുയാത്ര നിദ്ര തൻ പടിവരെ, താമരമലർ മിഴി അടയും വരെ’ എന്ന്. വരികളിലെ ആശയത്തിന്‌ ‘കണ്ണും പൂട്ടിയുറങ്ങുക നീയെൻ’ എന്ന പാട്ടിലെ വരികളോട് നേരിയ സാദൃശ്യമുണ്ട്. മന്ത്രമധുരമാണ്‌ പാട്ടിന്റെ ഈണവും ജയചന്ദ്രന്റെ ആലാപനവും. ഒരു പക്ഷേ ജയചന്ദ്രൻ പാടിയ ലളിത ഗാനങ്ങളിൽ ഏറ്റവും ജനപ്രിയമായതീ പാട്ട് തന്നെ.

മലയാളസിനിമയിലെ താരാട്ടുകളെ കുറിച്ചെഴുതുമ്പോൾ അതിന്റെ ഒരു പരിമിതി കൂടി പരാമർശിക്കേണ്ടിയിരിക്കുന്നു. മുകളിൽ പരാമർശിച്ച പാട്ടുകളെടുത്താൽ മനസ്സിലാവുന്ന കാര്യമാണത്. ഇതിന്റെ സൂചന എനിക്ക് തന്നത് ഗായകനും സിനിമാ പാട്ടിൽ ഗവേഷണം നടത്തിയിട്ടുള്ള ആളുമായ അനിൽ മങ്കട ആണ്‌. മുകളിൽ പറഞ്ഞ താരാട്ടുകളിൽ ഒട്ടു മിക്കതും ആണിനെ ഉറക്കാൻ വേണ്ടിയുള്ളതാണെന്ന് കാണാം. ചുരുക്കം ചില പാട്ടുകൾ മാത്രമേ പേൺകുഞ്ഞുങ്ങളെ സംബോധന ചെയ്തു വരുന്നുള്ളൂ. മറ്റ് പല സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ കേരളത്തിൽ പിറക്കാൻ പോകുന്ന കുഞ്ഞ് പെൺകുട്ടിയാണെങ്കിൽ അതിനെ നശിപ്പിച്ചുകളയാൻ ശ്രമിക്കുകയോ അതിന്റെ പേരിൽ കുടുംബകലഹവും വിവാഹ മോചനവും ഉണ്ടാവാനോ ഉള്ള സാദ്ധ്യത വളരെ കുറവാണ്‌. എന്നിട്ടും എന്തുകൊണ്ടാണ്‌ താരാട്ടുകൾ ആൺകുട്ടികളെ മാത്രം മുന്നിൽ കണ്ട് എഴുതപ്പെടുന്നത്? 

ഇക്കാലത്ത് അമ്മമാർ താരാട്ട് പാടാറുണ്ടോ? ഉണ്ടായിരിക്കും. അവരുടെ തലമുറ പാടി കേട്ട താരാട്ടുകൾ തീർച്ചയായും പാടുന്നുണ്ടായിരിക്കും. അല്ലെങ്കിൽ ഇപ്പോൾ ഒരോരുത്തരുടേയും വിരൽ തുമ്പിൽ ആവശ്യമുള്ള പാട്ടുകൾ ഉണ്ടായിരിക്കുമ്പോൾ പാടി ഉറക്കേണ്ട ആവശ്യമുണ്ടായിരിക്കില്ല. എന്നാൽ സ്വന്തം ശബ്ദത്തിൽ കുഞ്ഞിനെ പാടി ഉറക്കുമ്പോൾ അമ്മ അനുഭവിക്കുന്ന നിർവൃതിയ്ക്ക് പകരം വെയ്ക്കാൻ മറ്റൊന്നില്ല തന്നെ. 

ഇനിയും ധാരാളം താരാട്ട് പാട്ടുകൾ മലയാള സിനിമയിൽ വന്നിട്ടുണ്ട്. എല്ലാം പരാമർശിക്കണമെങ്കിൽ ലേഖനം ഇനിയും നീളും. ശ്രദ്ധയിൽ വന്നിട്ടും പരാമർശിക്കാൻ കഴിയാതിരുന്ന ആ പാട്ടുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. 

1. മുത്തേ വാവാവോ മുത്തുക്കുടമേ വാവാവോ - പഴശ്ശിരാജ -വയലാർ -ആർ.കെ. ശേഖർ -പി. സുശീല

2. എങ്ങനെ ഞാൻ ഉറക്കേണ്ടൂ  - ദേശാടനം- രചന-സംഗീതം കൈതപ്രം- യേശുദാസ്

3. താലൊലം പൂമ്പൈതലേ  - നാടോടി - ഓ. എൻ. വി  - എസ്.പി. വെങ്കടേഷ് - മാർക്കോസ്

4. അഛന്റെ പൊന്നുമോളേ- ഹൃദയത്തിൽ സൂക്ഷിക്കാൻ -കൈതപ്രം -മോഹൻ സിതാര -യേശുദാസ്

5. അഛന്റെ പൊന്നല്ലേ - ഹൃദ്യം  - എം. ടി. ജയചന്ദ്രൻ നായർ - രാജീവ് രമേഷ് - ചിത്ര

6. ആലോലം പൂവേ നീ – പെരുമഴക്കാലം- റഫീക് അഹമ്മദ്- എം. ജയചന്ദ്രൻ -ചിത്ര

7. കൊഞ്ചി കൊഞ്ചി കിളിയേ പറന്നുവാ –കളിപ്പാട്ടം- കൊന്നിയൂർ ഭാസി -രവീന്ദ്രൻ- എം. ജി. ശ്രീകുമാർ

8. കരയാതെ കണ്ണുറങ്ങ് - സാഗരം സാക്ഷി -കൈതപ്രം -ശരത് -ചിത്ര

9. താഴമ്പൂ തൊട്ടിലിൽ താമരതുമ്പിയെ -മിഴികൾ സാക്ഷി- ഓ. എൻ. വി - എസ്. ജാനകി

10. കണ്ണിൻ വാതിൽ ചാരാതെ -മുല്ല  -വയലാർ ശരത് ചന്ദ്ര വർമ -വിദ്യാസാഗർ - ഗായത്രി

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 8

  • അനുഷ അഭിലാഷ്

    21/Sep/2024 [09:40-am]

    അതിമനോഹരമായ താരട്ടുപാട്ടുകളാണ് മലയാളത്തിൽ എന്റെ മകളെ ഉറക്കാൻ ഞാൻ മിക്ക ഗാനങ്ങളും പാടും. അവൾക്ക് കൂടുതൽ ഇഷ്ട്ടം ' ചാഞ്ചാടി ആടി ഉറങ്ങു നീ.'..... എന്ന പാട്ടാണ്. ഈ പാട്ടുകൂടി ഉൾപെടുത്താമായിരുന്നു

  • Sumesh S

    15/Jul/2024 [09:42-pm]

    മനോഹരമായ ഗാനങ്ങൾ❤️ "ഗമനം" സിനിമയിലെ പാട്ടുകൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു. കണ്ണനാരാരോ ഉണ്ണി കണ്മണിയാരാരോ.... കണ്ണുനീർജന്മം താങ്ങും കൈകളിലാരാരോ.... ഒരു തോളിൽ നീയെന്ന പുണ്യം.... താനേ തലചായ്ക്കും സൗഭാഗ്യം തേടുന്നെൻ മൗനം... എല്ലാം വിടചൊല്ലി അകലുന്നൊരേകാകീഗമനം,.....



മാനവികതയുടെ പ്രതിസന്ധികൾ


സത്യൻ മാടാക്കര

അധിനിവേശ ബലമുള്ള ദൃശ്യചാരുതയുടെ പ്രലോഭനത്തിൽ ക്ലാവ് പിടിച്ച ആലസ്യത്തെ തൊട്ടുണർത്തേണ്ട വഴിത്തിരിവിലാണ് നമ്മൾ. അധികാരം - പണം ഒട്ടിച്ചേർന്നിടത്ത് പായ വിരിക്കുന്നവർക്കിടയിൽ അതിജീവനം...

+


ആത്മകഥ


ഇ.പി. രാജഗോപാലൻ

All autobiography is storytelling; all writing is autobiography. - J.M. Coetzee

" നീയിതു പണ്ടേ രേഖപ്പെടുത്തേണ്ടിയിരുന്നു. കാലം ചെല്ലുമ്പോൾ ഓർമ്മ  പിശകും. എന്തായാലും കേട്ടിടത്തോളം നിനക്കു വേണ്ടി ഞാൻ...

+


രാസസൂര്യന്റെ മലഞ്ചെരുവ്


വിനു

തടാകഭൂമിയ്ക്കപ്പുറം മലനിരകളും, മലഞ്ചെരുവുകളുമായിരുന്നു. അവയ്ക്കു മീതേ വെള്ളി പോലെ വെയിൽ വീണുകിടക്കുന്നു. സൂര്യൻ ഒരു വെളുത്ത പൊട്ടായി ചക്രവാളത്തിൽ അസ്തമയം  കാത്തുനിൽക്കുമ്പോൾ,...

+


പഞ്ചമി


ശ്രീലത

പഞ്ചമി അക്ഷമയോടെ ബസ്റ്റോപ്പിൽ നിന്നു. 

അഞ്ചുമിനിട്ട് കൂടിയേ ഉള്ളൂ രാഗിമോൾ വരാൻ. അതിനും മുൻപ് ജെയ്സൺ ബൈക്കും കൊണ്ട് വരാമെന്നാണ് ഇന്നലെ പറഞ്ഞത്. 

ഇന്ന് വരുമ്പോൾ ഒരു പ്ളസൻറ്...

+


ചീക്കത്തോടും കരിഎഞ്ചിനുകളും


ശ്രീലത

രാത്രി അത്താഴം മുറ്റത്ത് കുറച്ചുനേരം ഉലാത്തുമ്പോഴാണ് അളഗിരിക്ക് ആ ഫോ ൺ വന്നത്. കുട്ടികൾ പഠിക്കാൻ പുറത്തുപോയി വിശാലവും താനും ഒറ്റക്കായതിൽ പിന്നീടാണ് ആ പതിവ് തുടങ്ങിയത്. അത്താഴം...

+


ജലം: ജനാധിപത്യവും പ്രതിരോധവും


സത്യൻ മാടാക്കര

ഈ മണ്ണ് ആരുടേതാണ്?

നദിയും കടലും ആരുടേതാണ്?

വയലും പുഴയും ആരുടേതാണ്?

മേധാ പട്ക്കർ പറഞ്ഞതു പോലെ " സ്വാതന്ത്ര്യം കിട്ടും മുമ്പ് ഇവിടുത്തെ ദരിദ്രനാരായണന്മാരുടെ കാൽച്ചുവട്ടിൽ...

+


വ്യക്തിശില്പം


ഇ.പി. രാജഗോപാലൻ

For me, architecture is the means, not the end. It's a means of making different life forms possible. - Bjarke Ingels

"വളരും. വളർന്നു വലിയ ആളാവൂം. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന്  ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പിടിച്ചു...

+


ഒരു തകർന്ന ചാപ്പലിന്റെ പ്രേതം


വിനു

പിന്നെ മെർവിന്റെ പൂമ്പാറ്റകളെപ്പോലെ,"വെനീഷ്യ"യെന്ന പ്രദേശത്തെ ഒരു സെമിനാരിയും, അതിനോടു ചേർന്ന പഴഞ്ചൻ ചാപ്പലും, വിളഞ്ഞ സെറ്റേറിയാ പുല്ലുകൾ കാറ്റായി വീശുന്ന സെമിത്തേരിയും, കുശിനിയും,...

+


ആനിയിലുള്ള ആരംഭം


ഇ.പി. രാജഗോപാലൻ

The wild elephant is the most important animal of the district. Without his assistance, when domesticated, it would be difficult indeed to work the forests. Wherever you go in the forests you find numberless pitfalls excavated for his capture...  - William Logan

 

" ലോഗൻ വീണ്ടും മലബാറിന്റെ കളക്ടറാവുമെന്ന് ആനി...

+


പടച്ചോള്‍


അക്ബര്‍

കൊഴിഞ്ഞുവീണ മുല്ലകളിലേക്ക് നോക്കുമ്പോള്‍ സുഗന്ധം സങ്കടത്തിന്റെ ചന്ദനത്തിരികളുടെ മണമോര്‍പ്പിക്കുന്നു. മുറ്റത്തെ ചെടികളെല്ലാം ഉലഞ്ഞ്, അതേയെന്ന് തലയാട്ടി. റോഡിലൂടെ വാഹനങ്ങള്‍...

+


ഗന്ധകത്തടാകം


വിനു

താഴ്‌വരസൂക്ഷിപ്പുകാരൻ പറഞ്ഞത് സത്യമായിരുന്നു. താഴ്‌വരയ്ക്കപ്പുറം ഇളം മഞ്ഞനിറമാർന്ന ഒരു തടാകമാണ്. അതിന് ചുറ്റും പഴകി ജീർണ്ണിച്ച കുറേ കെട്ടിടങ്ങൾ. ആവർത്തിക്കപ്പെടുന്ന ചില...

+


സീമന്തസിന്ദൂരം


ശ്രീലത

നനഞ്ഞ മുടി ഒന്നാകെ മാടിയെടുത്ത് തുരുമ്പ് കയറിയ ക്ളിപ്പ് കൊണ്ട് അക്കമ്മ കഴുത്തിന് പിന്നിൽ ബന്ധിച്ചു. നല്ല ക്ളിപ്പ് വാങ്ങണം എന്നാഗ്രഹമില്ലാതെയല്ല. നല്ലതിന് നൂറും...

+


സെന്റ്. തെരേസാസിലെ എലികൾ


വിനു

കടലിന്നടുത്തുള്ള ഏതോ ഒരു വഴിയിലൂടെയാണ് മുത്തച്ഛനെന്നെ കൊണ്ടുപോയത്. കാറ്റിൽ കടലിന്റെ ഇരമ്പലും, ഉപ്പിന്റെ ചുവയുമുണ്ടായിരുന്നു. നിരത്തിന്റെ ഓരത്ത് വൈദ്യുതിത്തൂണുകൾ...

+


അത്ഭുതപാനീയങ്ങൾ


ശ്രീലത

ഇന്നലെ പണിത് വച്ച കലങ്ങളുടെ 1*അടുക് മൂശുകയായിരുന്നു ദേശൻ. തിരിയുന്ന ചക്രത്തിൽ കുഴമണ്ണ് വച്ച് ഇഷ്ടമുള്ള ആകൃതിയിൽ പണിതെടുക്കുന്ന പാത്രങ്ങൾക്ക് അടിഭാഗം ഉണ്ടാവില്ല. ആ പാത്രം...

+


മരത്തിന്റെ നിലപാട്


ഇ.പി. രാജഗോപാലൻ

The sensitive artist knows that a bitter wind is blowing. - Herbert Read

" ഭൂവിശാലതയിൽ ഒറ്റയ്ക്കൊരു മരം. ചുഴലിയായി വരുന്ന കാറ്റിനെ അത് നേരിടുകയാണ്. പെട്ടെന്ന് കനത്ത മർദ്ദത്തിൽ അതേവരെ തിരശ്ചീനമായിരുന്ന...

+


മുല്ലപ്പൂക്കളുടെ ഓര്‍മ്മ


അക്ബര്‍

ഉമ്മയുടെ വിളികള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഞാനത് അവഗണിച്ചു. കൊച്ച് എവിടെപ്പോയെന്ന ആധിയോടെ ഉമ്മ റോട്ടിലേക്ക് കണ്ണുപായിച്ചു നോക്കിയിരുന്നു ഞാന്‍ അങ്ങകലെ ഏതോ പുസ്തക പ്രകാശനം...

+