SUBSCRIBE


അഭിമുഖം

or
Author


21st October | Issue 77

ഹസനെളേപ്പമാരുടെ കഥാകാരൻ


സ്വാതി കൃഷ്ണ/ ജോജു ഗോവിന്ദ്

കോവിഡിന്റെ ഭീതിയില്‍ രാജ്യം അടച്ചിട്ടപ്പോള്‍ മനുഷ്യര്‍ തുരുത്തുകളായി മാറി. ഈ മഹാവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മലയാളികള്‍ ആദ്യം സ്വീകരിച്ച വാക്‌സിനേഷന്‍ വായനയുടേയും പുസ്തകങ്ങളുടേതുമായിരുന്നു എന്നു അത്ഭുതത്തോടെ കാണാം. ഇത് കേരളത്തിലെ പ്രസാധന രംഗത്തിനും വായനാ ജീവിതത്തിനും- വൈകിയാണെങ്കിലും- വലിയൊരു എനര്‍ജി നല്‍കിയിട്ടുണ്ട്. ഈ കഴിഞ്ഞ മാസങ്ങളില്‍ കാണുന്ന പുസ്തക ട്രെന്‍ഡുകള്‍ ശുഭ സൂചനയാണ്.

image_src


2021 വി.എച്ച്. നിഷാദിന്റെ എഴുത്തുജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികമാണ്. ആദ്യ കഥാസമാഹാരമായ 'വാന്‍ഗോഗിന്റെ ചെവി' മുതല്‍ ഒടുവിൽ ഇറങ്ങിയ 'ഭൂമിയുടെ അലമാര' വരെ എത്തി നില്ക്കുന്ന കൃതികള്‍ ഈ എഴുത്തുകാരന്റെ സര്‍ഗസപര്യയുടെ കൊടിയടയാളങ്ങളാണ്.

എഴുത്തിനെക്കുറിച്ച്, എഴുത്തുവഴികളെക്കുറിച്ച്, സാമൂഹിക-സര്‍ഗാത്മക കാഴ്ചപ്പാടുകളെക്കുറിച്ച് മനസ്സു തുറക്കുകയാണ് കഥാകാരന്‍. വി.എച്ച്. നിഷാദുമായുള്ള ദീര്‍ഘ സംഭാഷണത്തിന്റെ അവസാന ഭാഗം

* ഈയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥയാണല്ലോ 'വാക്കിങ് ഡിക്ഷണറി'. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ കഥയില്‍ പ്രകൃതിയില്‍ നിന്ന് വാക്കുകളെ അല്ലെങ്കില്‍ ഒരു ഭാഷയെ തന്നെ വിമോചിപ്പിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ ഭാഷാ ശാസ്ത്രവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള തുടര്‍സാധ്യതകള്‍ ചിന്തിച്ചിട്ടുണ്ടോ?

മനുഷ്യനും പ്രകൃതിയുമായുള്ള ആത്മബന്ധം എവിടെയോ മുറിഞ്ഞു പോയതായി തോന്നിയിട്ടുണ്ട്. ആദി കാലത്ത് നാം പ്രകൃതിയോടും ഇവിടത്തെ ചരാചരങ്ങളോടും വൃക്ഷലതാദികളോടുമെല്ലാം ആശയവിനിമയം നടത്തിയിട്ടുണ്ടല്ലോ. കമ്മ്യുണിക്കേഷന്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ എന്ന നിലയില്‍ വിവിധതരത്തിലുള്ള, വിവിധ ജീവജാലങ്ങള്‍ തമ്മിലുള്ള ആശയവിനിമയങ്ങള്‍ ഒരു ചിന്താവിഷയമാണെനിക്ക്, ചില നേരങ്ങളില്‍ കൊതിപ്പിക്കുന്ന ഭാവനയും. മരങ്ങള്‍ സംസാരിക്കുന്നത്,  പക്ഷികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്... ഇതൊക്കെ ആലോചിച്ചു നോക്കിയിട്ടുണ്ട്.

കമ്മ്യുണിക്കേഷനിലെ ഒരു പ്രധാന കാര്യം ആശയവിനിമയത്തിന് തുടക്കമിടുന്ന ദാതാവ് (sender) അത് സ്വീകരിക്കുന്ന സ്വീകര്‍ത്താവിന് (receiver) ചില സന്ദേശങ്ങള്‍ അയയ്ക്കുക എന്നുള്ളതാണ്. ആ വിനിമയങ്ങള്‍ സ്വീകരിക്കുന്ന ആള്‍ ഡീകോഡ് ചെയ്തത് മനസ്സിലാക്കുന്നിടത്താണ് ആശയവിനിമയം പൂര്‍ണമാകുന്നതും വിജയിക്കുന്നതും. വളരെ എളുപ്പമുള്ള ഒന്ന് എന്നു തോന്നാമെങ്കിലും എന്‍കോഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങളെ ഡീകോഡ് ചെയ്യാനുള്ള ജ്ഞാനമോ പ്രാപ്തിയോ ഇല്ലെങ്കില്‍ ആ വിനിമയം ലക്ഷ്യപ്രാപ്തി നേടാതെ പോവുമെന്നുള്ളതാണ്  യാഥാര്‍ത്ഥ്യം.

ഒരുപക്ഷേ പ്രകൃതി എന്‍കോഡ് ചെയ്യുന്ന സന്ദേശങ്ങളെ പിടിച്ചെടുക്കാന്‍ ആകാത്തത് കൊണ്ടാകാം മനുഷ്യര്‍ക്ക് പ്രകൃതിയെ ഇന്ന് മനസ്സിലാകാത്തത്. ഈ ആശയം അബോധമനസ്സില്‍ കിടന്നു കലമ്പല്‍ കൂടി പുറത്തു വന്നത് 'വാക്കിങ് ഡിഷണറി'യുടെ രൂപത്തിലാണെന്നു മാത്രം. പ്രകൃതിയുടെ ഭാഷാ നിഘണ്ടു എന്നു പറയുന്നത്, നിങ്ങള്‍ സൂചിപ്പിച്ച പോലെ ഭാഷാശാസ്ത്ര പഠനത്തില്‍ ഒരുപാട് സാധ്യതകളെ തുറന്നിടുന്നുണ്ട്.

* മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥയാണ് 'മലാലാ- ടാക്കീസ്'. അത് ഈയിടെ പുസ്തകമായി ഡി.സി. ബുക്‌സ് പുറത്തിറക്കുകയും ചെയ്തു. മലാലാ-ടാക്കീസ് വായിച്ച് അതിലെ കേന്ദ്രകഥാപാത്രമായ നൊസ്സുള്ള ഹസ്സനെളേപ്പയെ അനുകരിക്കുന്ന ഒരു യഥാര്‍ഥ ഹസ്സനെളേപ്പ ഉണ്ടായെന്ന് കേട്ടല്ലോ?

2019 ഫെബ്രുവരിയിലാണ് 'മലാല ടാക്കീസ്' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവരുന്നത്. പ്രാതിനിധ്യ സ്വഭാവമുള്ളതു കൊണ്ടാകാം കഥയ്ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുകയുണ്ടായി. പുരോഗമനം അവകാശപ്പെടുന്ന കേരളീയ സമൂഹത്തിലെ ചില ഇരുണ്ട മൂലകളിലേക്ക് വെളിച്ചം വീശാനുള്ള എളിയ ശ്രമമായിരുന്നു. കഥ അച്ചടിച്ചു വന്ന്  മാസങ്ങള്‍ കഴിഞ്ഞു കാണും. ഒരു ദിവസം പാതിരാത്രി എനിക്കൊരു വാട്‌സ് വാട്‌സ്ആപ്പ് സന്ദേശം ലഭിക്കുകയുണ്ടായി. ആ മെസേജ് ഇങ്ങനെയായിരുന്നു:

'ഇത് ഞാനാണ് ഹസന്‍ എളേപ്പ. മലാലാ-ടാക്കീസ് വായിച്ചു. പക്ഷേ ഇത് എഴുതിയ ആള്‍ എന്റെ നാടായ തളിപ്പറമ്പില്‍ തന്നെയാണ് ഉള്ളത് എന്നത് ഇപ്പോഴാണ് അറിയുന്നത്. താമസിയാതെ നേരില്‍ കാണാം. അപ്പോള്‍ നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്.'

പിറ്റേന്നു തന്നെ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് സംസാരിച്ചു. പട്ടാളത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത മോഹനന്‍ എന്ന വ്യക്തിയായിരുന്നു അത്. അന്ന് തുടങ്ങിയ ബന്ധമായിരുന്നു. ഒരിക്കല്‍ അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയിട്ടും പുറത്തുനിര്‍ത്തി സംസാരിക്കാനായിരുന്നു മോഹനേട്ടന് താല്‍പര്യം. അകത്തേക്ക് കേറാന്‍ ആയില്ല എന്ന മട്ട്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുറച്ച് നാട്ടുകാരും സുഹൃത്തുക്കളും അവിടെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അദ്ദേഹം വീടിന്റെ വാതില്‍ തുറന്നു കര്‍ട്ടന്‍ മാറ്റിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു നിന്നു പോയി. കഥയിലെ ആ മലാലാ ടാക്കീസിതാ അദ്ദേഹത്തിന്റെ സ്വീകരണ മുറിയില്‍ തയ്യാറായിരിക്കുന്നു! കാണികള്‍ക്കായി ഇരിപ്പിടങ്ങളും ഉണ്ടായിരുന്നു. 

അങ്ങനെ 2019 ഒക്ടോബറില്‍ മലാലാ ടാക്കീസ് മോഹനേട്ടന്‍ എന്ന ഹസന്‍ എളേപ്പയുടെ വീട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ ദിവസം തന്നെ രണ്ടു സിനിമകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് മലാലാ ടാക്കീസിന് തുടക്കമാകുന്നത്. പിന്നീട് കോവിഡിന് മുമ്പും ഇപ്പോഴും ഈ ടാക്കീസ് സിനിമകള്‍ കാണിച്ചുകൊണ്ട് തളിപ്പറമ്പിലെ സിനിമാ പ്രേമികള്‍ക്ക് ദൃശ്യ സാധ്യതകള്‍ നല്‍കുന്നു.

മലാലാ-ടാക്കീസ് ഒരുങ്ങി ഏറെനാള്‍ കഴിയുന്നതിനുമുമ്പ് വീണ്ടും മോഹനേട്ടന്‍ എന്ന ഹസന്‍ എളേപ്പയുടെ സന്ദേശമെത്തി: 'ഇനി ഞാന്‍ കഥയില്‍ പറയുന്ന കമലാസുരയ്യ ഗ്രന്ഥാലയം ഉണ്ടാക്കുകയാണ്.' ആദ്യം ഒരു തമാശയാണെന്നേ കരുതിയുള്ളൂ. എന്നാല്‍ കമലാ-സുരയ്യ ഗ്രന്ഥാലയത്തിന്റെ പേരില്‍ വാങ്ങിയ പുസ്തകങ്ങളുടെ ലിസ്റ്റ് അയച്ചപ്പോഴാണ് വളരെ സീരിയസ് ആയിട്ടാണ് അദ്ദേഹം ഇതിനെയൊക്കെ സമീപിക്കുന്നതെന്ന് മനസ്സിലായത്.

ഇങ്ങനെ വിവിധ കാലഘട്ടങ്ങളില്‍ മലാലാ ടാക്കീസിലും കമലാസുരയ്യ ഗ്രന്ഥാലയത്തിലും മറ്റും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം എന്നെ അപ്‌ഡേറ്റ് ചെയ്യുമായിരുന്നു.

ഈയിടെ മലാലാ-ടാക്കീസ് എന്ന കഥാസമാഹാരം ഡി.സി. ബുക്‌സ് പുറത്തിറക്കിയപ്പോഴാണ് അവിടെ പുസ്തകത്തിന്റെ ഒരു പ്രകാശനം ചെയ്യാം എന്ന ആശയം ഉണ്ടാകുന്നത്. കഥയിലെ കഥാപാത്രമായി മാറിയ, കഥാ പരിസരങ്ങള്‍ വീട്ടിലൊരുക്കി കഥയ്ക്ക് ഇന്‍സ്റ്റലേഷന്‍ രൂപംനല്‍കിയ മോഹനേട്ടന്റെ വീട്ടില്‍ വെച്ചു തന്നെ അങ്ങനെ ആ പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നടന്നു. എത്രയോ വേദികളില്‍ ഹസനെളേപ്പയുടെ 'പിരാന്ത്' എത്തിച്ച യുവ നാടകകൃത്തും സംവിധായകനുമായ ജിനോ ജോസഫ്  ആയിരുന്നു 'ഹസന്‍ എളേപ്പ'ക്ക് പുസ്തകം നല്‍കി ഈ പ്രകാശനം നടത്തിയത്.

ഒരു കഥ വായിക്കുക, കഥയിലെ കഥാപാത്രമായി സ്വയം പരിണമിക്കുക, അതില്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ പുനരാവിഷ്‌കരിക്കുക... ഇതെല്ലാം ഒരു എഴുത്തുകാരന് കിട്ടാവുന്ന വലിയ ബഹുമതിയായി തോന്നുന്നു.

ഓര്‍ഹന്‍ പാമുകിന്റെ  'മ്യൂസിയം ഓഫ് ഇന്നസെന്‍സ്' എന്ന രചനയിലെ മ്യുസിയം പിന്നീട് നിര്‍മ്മിച്ചത് പോലെ ഈ കൊച്ചു ഭാഷയിലെ ഒരു ചെറിയ എഴുത്തുകാരനു വേണ്ടി ഒരു വായനക്കാരന്‍ ജീവിച്ചിരിക്കുന്നു, ഇങ്ങനെ ചെയ്യുന്നു, അതു തുടരുന്നു... എന്നുള്ളതു തന്നെ തുടര്‍ന്നെഴുത്തിനുള്ള വലിയൊരു ഊര്‍ജ്ജമാണ്..

* മുസ്ലിം സമുദായത്തിലെ ഉച്ചനീചത്വങ്ങളെ തന്റെ കൃതികളിലൂടെ അനാവരണം ചെയ്തവരില്‍ ശ്രദ്ധേയരാണ് ബഷീറും എം.പി. മുഹമ്മദുമെല്ലാം. അത്തരത്തില്‍ താങ്കള്‍ എഴുതിയ 'മാലാല ടാക്കീസ്'എന്ന കഥ ഒരു സമുദായിക പ്രശ്‌നത്തെ മാത്രമാണോ പ്രതിനിധികരിക്കുന്നത്?

വി.ടി. ഭട്ടതിരിപ്പാട് 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എഴുതിയിട്ട് ഒമ്പതു പതിറ്റാണ്ടുകളും ഇ.കെ. അയമു 'ഇജ്ജ്, നല്ലൊരു മനുസനാകാന്‍ നോക്ക്..' എഴുതിയിട്ട് അരനൂറ്റാണ്ടും കഴിഞ്ഞു. എന്നിട്ടും നമ്മളൊന്നും നല്ല മനുഷ്യരായിട്ടില്ല. മാത്രവുമല്ല അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കല്ല, ഫേസ്ബുക്കിലേക്കാണ് നമ്മുടെ സ്ത്രീകള്‍ക്ക് പോകാന്‍ പറ്റിയത്. അതും പലപ്പോഴും മുഖംമൂടി അണിഞ്ഞു കൊണ്ട്. ഭര്‍ത്താവിനെ പേടിച്ച് അഭിപ്രായം പറയാന്‍ പറ്റാതിരിക്കുക. എഫ്.ബിയില്‍ പാത്തുക്കുട്ടി, മറിയക്കുട്ടി, ജാനകിക്കുട്ടി... പോലുള്ള പേരുകള്‍ സ്വീകരിച്ചു കൊണ്ട് അതിഗംഭീര രാഷ്ട്രീയം പറയുക... ഇതെല്ലാം സമകാലീക കേരളീയ കാഴ്ചകളാണ്. പുരോഗതിയെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും പറയുമ്പോഴും കേരളീയ സമൂഹം പിന്നോട്ട് നടക്കുന്ന കാലുകളെ തന്നെയാണിത് ഫോക്കസ് ചെയ്ത് കാണിക്കുന്നത്. ജീവിതത്തിലും, പെരുമാറ്റത്തിലും, ഭാഷയിലും, വേഷത്തിലും, ഭക്ഷണത്തിലുമൊക്കെ പോസ്റ്റ്-പോസ്റ്റ് മോഡേണ്‍ ജീവികളാണ് മലയാളികള്‍. പക്ഷേ, ചിന്തയില്‍ റിവേഴ്‌സ് ഗിയറിലാണ് ഓട്ടം.

'മലാലാ-ടാക്കീസി'ല്‍ കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ഷാഡോ ആയി കിടക്കുന്ന ഒരു ജീവിതപരിസരം അവതരിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, ആ അവസ്ഥ ഒറ്റ സമുദായവുമായി കൂട്ടി കെട്ടുന്നതില്‍ ഒരു അനീതിയും ഉണ്ട്. കഥയില്‍ പ്രാതിനിധ്യ സ്വഭാവത്തോടെ അങ്ങനെ ചെയ്തു എന്നേ ഉള്ളൂ. പുറമേ പുരോഗമനവാദികള്‍ എന്ന് നടിക്കുന്ന പല മതങ്ങളും സമുദായങ്ങളും അകമേ അറുപഴഞ്ചന്മാരാണെന്ന് നിലപാടുകളിലൂടെ, സ്ത്രീ ജനങ്ങളോടും സഹജീവികളോടുമുള്ള പെരുമാറ്റങ്ങളിലൂടെ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഗീര്‍വാണം അടിച്ച് സാംസ്‌കാരിക നായകര്‍ ആകുന്നതില്‍ മിടുക്കരാണ് മലയാളി സമൂഹം.

എന്നാല്‍ സ്വന്തം വീട്ടില്‍ ഈ പറഞ്ഞതിന് വിരുദ്ധമായിട്ടുള്ള  എല്ലാത്തരം താന്തോന്നിത്തരങ്ങളും തുടരുകയും ചെയ്യും. ഫാസിസത്തിനെതിരെ, ഏകാധിപത്യത്തിനെതിരെ, മെയില്‍ ഷോവനിസത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന പല പുരുഷകേസരികളും വീട്ടില്‍ ഭാര്യയോട്, സഹോദരിമാരോട് അമ്മമാരോട് ഇതിന് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുകയും തങ്ങളുടെ തന്നെ ആശയങ്ങളെ റദ്ദ് ചെയ്യുകയും ചെയ്യുന്ന മട്ടില്‍ 'കൊടും ഫാസിസ്റ്റായി' അഴിഞ്ഞാടുകയും ചെയ്യുന്നത് നേരില്‍ കണ്ടിട്ടുണ്ട്. അതൊക്കെ മലാലാ-ടാക്കീസുകളായി പുനര്‍ജനിച്ചേ മതിയാകൂ.

ഈ കഥ പ്രസിദ്ധീകരിച്ചു വന്ന കാലത്ത് 'ഇതെന്തോന്ന് കഥയാണ് ഹേ.. ഇതൊക്കെ എവിടെ നടക്കുന്നത്?' എന്നു പറഞ്ഞ് വളഞ്ഞിട്ടു പിടിച്ച നിരൂപകരുണ്ടായിരുന്നു. സ്വന്തം തട്ടിന്‍പുറത്ത് എലി ശല്യമില്ലാത്തതു കൊണ്ട് കേരളത്തിലെ ഒരു വീട്ടിലും തട്ടിന്‍പുറത്ത് എലി ശല്യമുണ്ടാകില്ല എന്നു വിശ്വസിക്കുന്നവരാണിവര്‍. സത്യത്തില്‍ 'മലാലാ ടാക്കീസി'നകത്ത് അവരുമുണ്ടെന്ന കാര്യം അക്കൂട്ടരും തിരിച്ചറിഞ്ഞിട്ടില്ല.

*  'കള്ളന്മാര്‍' എന്ന താങ്കളുടെ കഥ അനിമേഷന്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടല്ലോ. സാഹിത്യത്തില്‍ പുതിയൊരു പരീക്ഷണമായിരുന്നു അത്. കഥപറച്ചില്‍ രീതിയെ മള്‍ട്ടിമീഡിയയുമായി സന്നിവേശിപ്പിക്കുമ്പോള്‍ പുതിയ സാധ്യതകള്‍ തുറന്നു വരുന്നുണ്ട്. ആ ഉദ്യമത്തെക്കുറിച്ച്?

വിവരസാങ്കേതികവിദ്യയുടെയും പുതിയ സോഫ്റ്റ് വെയറുകളുടെയും കണ്ടുപിടുത്തം ഭാഷയെയും ഭാവനയേയും പുതിയ മട്ടില്‍ വിമോചിപ്പിച്ചി ട്ടുണ്ട്. തല്‍ഫലമായി സര്‍ഗാത്മകതയ്ക്കും പുതിയ ഇടം കിട്ടി. പണ്ട് എഴുതിയതോ അച്ചടിച്ചതോ വായിക്കുക എന്നതായിരുന്നു രീതിയെങ്കില്‍ ഇന്നത് എഴുതിയത് കേള്‍ക്കുകയോ കാണുകയോ എന്ന രീതിയിലായി. കിന്‍ഡില്‍ പോലുള്ള ഇ-വായനയുമുണ്ടല്ലോ.

ജനറേഷന്‍ നെക്സ്റ്റ് എന്ന് പറയാവുന്ന ഒരു തലമുറയിലേക്ക് വായന എന്ന സോഫ്റ്റ് വെയര്‍ ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു. ലീനിയര്‍ വായനയില്‍ നിന്ന് നോണ്‍ലീനിയര്‍ വായനയിലേക്ക് പോലും ശീലങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.

കാഴ്ചയ്ക്ക് അമിതപ്രാധാന്യം വരുന്ന ഒരു കാലഘട്ടത്തില്‍ ആനിമേഷന്‍ കഥകള്‍ക്കും ഫിക്ഷനുകള്‍ക്കും ഒരുപാട് സാധ്യതകളും കാഴ്ചക്കാരും ഉണ്ട്. ഷോര്‍ട് സ്റ്റോറി എന്നത് മള്‍ട്ടിമീഡിയ ഷോര്‍ട് സ്റ്റോറി ആയി മാറി. ഒരു കഥയ്ക്ക് ഉള്ളില്‍ തന്നെ ഹൈപ്പര്‍ ലിങ്കുകളിലൂടെ സഞ്ചരിച്ചു കുഴിച്ചെടുക്കാവുന്ന നിരവധി ഉപകഥകള്‍ അല്ലെങ്കില്‍ കഥയ്ക്കുള്ളില്‍ തന്നെ ഓഡിയോയും വീഡിയോയും പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള പരീക്ഷണങ്ങള്‍ ഒക്കെയും ഇന്നു സംഭവിക്കുന്നുണ്ട്.'ഡാര്‍ക്ക് ഫാന്റസി' എന്ന ഒരു കഥയില്‍ വീഡിയോയും ഓഡിയോയും സാധ്യതകളായി ഉപയോഗിച്ചു നോക്കിയിരുന്നു. പേന കൊണ്ടുള്ള എഴുത്ത് കമ്പ്യൂട്ടര്‍ എഴുത്തിലേക്ക് മാറിയിട്ട് കാലങ്ങളായി. കെ.എല്‍. മോഹനവര്‍മ്മയേയും സി. രാധാകൃഷ്‌നേയും പോലുള്ള എഴുത്തുകാരാണ് മലയാളത്തില്‍ കമ്പ്യൂട്ടര്‍- എഴുത്തിന്റെ മുന്‍ഗാമികള്‍. ഇന്ന് മലയാളത്തിലെ മിക്ക എഴുത്തുകാരും സ്മാര്‍ട്ട് ഫോണിനെ എഴുത്തുമേശയും എഴുത്താണിയുമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു.

ഒരു കണ്‍വേര്‍ജന്റ് മീഡിയയായി മൊബൈല്‍ ഫോണ്‍ അവതരിച്ചതോടെ ഇന്ന് ശബ്ദം കൊണ്ടുപോലും എഴുതാനാകുമെന്നായി. എന്തിന് ഈ ഇന്റര്‍വ്യൂവിന് ഞാന്‍ മറുപടി പറയുന്നത് പോലും ശബ്ദം കൊണ്ടാണ്. അത് തത്സമയം അച്ചടിക്കാന്‍ പാകത്തിനുള്ള ടെക്സ്റ്റുകളായി മാറുന്നു എന്നുള്ളതാണ് പുതിയകാല അത്ഭുതങ്ങളില്‍ ഒന്ന്. ഒരു എഴുത്തുകാരന്റെ മാനസിക വേഗത്തിനനുസരിച്ച് എഴുതാനാകുന്നു /അത് നടപ്പിലാകുന്നു എന്നുള്ളത് സര്‍ഗാത്മക രചനയിലെ ഒരു കുതിച്ചുചാട്ടമായി തന്നെ കാണേണ്ടിയിരിക്കുന്നു.

ആര്‍. രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന സമീപകാലത്ത് ശ്രദ്ധേയമായ നോവല്‍ പൂര്‍ണമായും മൊബൈല്‍ ഫോണില്‍ എഴുതുകയും എഫ്.ബിയിലൂടെ മാത്രം പുറത്തുവരുകയും ചെയ്തിരുന്ന രചനയാണ്. എന്നിട്ടും  പാരമ്പരാഗതരീതിയില്‍ പുറത്തു വരുന്ന ഒരു മികച്ച രചനക്ക് കിട്ടാവുന്നത്ര ശ്രദ്ധ തന്നെ അതിന് കിട്ടി എന്നതും, സൈബറെഴുത്ത് ആ രചനയുടെ ജൈവികതയെ ഒരു രീതിയിലും ബാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഈ വിധത്തില്‍ പുത്തന്‍ സാങ്കേതികവിദ്യയെ സര്‍ഗാത്മകതയുടെ പുതിയ എഴുത്തു കൈ ആക്കി മാറ്റുന്നതില്‍ നമ്മുടെ എഴുത്തുകാര്‍ വിജയിക്കുന്നു എന്നത് വലിയ കാര്യമാണ്. അതേ സമയം പേന കൊണ്ട് രചന നടത്തിയാല്‍ മാത്രമേ എഴുതാന്‍ പറ്റുകയുള്ളൂ എന്നുപറയുന്ന കൂട്ടുകാരും എനിക്കുണ്ട്. കഥകള്‍ എഴുതിയതിനു ശേഷം മാത്രമേ  എനിക്കും അവ ലാപ്‌ടോപിലേക്കോ മൊബൈല്‍ ഫോണിലേക്കോ മാറ്റാന്‍ പറ്റാറുള്ളൂ. രണ്ടു രീതികളും നല്ലതാണ്. ഒരുപക്ഷേ പേനകൊണ്ട് എഴുതുന്നതിന്റെ ഒഴുക്ക് മൊബൈല്‍ ഫോണില്‍ എഴുതുമ്പോള്‍ കിട്ടണമെന്നില്ല. നേരെ തിരിച്ചും ആകാം.

അമലിനെ പോലുള്ള എഴുത്തുകാര്‍ അപ്പപ്പോള്‍ കിട്ടുന്ന ആശയങ്ങള്‍ ട്രെയിന്‍-ബസ് ടിക്കറ്റുകള്‍ക്കു പിന്നിലൊക്കെ കുറിച്ചു വെക്കുന്നത് കണ്ടിട്ടുണ്ട്. അത്തരം സ്വഭാവങ്ങള്‍ എനിക്കുമുണ്ടായിരുന്നു. കൊച്ചുകൊച്ചു കടലാസു തുണ്ടുകളിലും നോട്ട് പാഡുകളിലും എഴുതി വെക്കുന്നതു പോലുള്ള ശീലങ്ങള്‍.


നിഷാദിന്റെയും അമലിന്റെയും പേരിലിറങ്ങിയ ട്രോൾ

സ്മാര്‍ട്ട് ഫോണ്‍ കയ്യിലായതോടുകൂടി അവിടേയും കുറിപ്പുകള്‍ വെക്കുന്നത് ശീലമായി. മൊബൈല്‍ ഫോണില്‍ മാത്രം രചിക്കപ്പെട്ട നോവലുകള്‍ ഒരുകാലത്ത് അത്ഭുതമായിരുന്നെങ്കില്‍ ഇന്നത് പല എഴുത്തുകാര്‍ക്കും വളരെ സാധാരണമായ ശീലം മാത്രമാണ്. 'കള്ളന്മാര്‍' എന്റെ അതേ പേരിലുള്ള ഒരു കുറുങ്കഥയുടെ അനിമേറ്റഡ് വേര്‍ഷന്‍ ആണ്. സുഹൃത്തും കേരളത്തിലെ അനിമേറ്റര്‍മാരില്‍ ശ്രദ്ധേയനുമായ വി. ബാലു ആണത് തയ്യാറാക്കിയത്. പല എഴുത്തുകാരുടേയും രചനകള്‍ക്ക് ഇത്തരത്തില്‍ അദ്ദേഹം അനിമേഷന്‍ വാഖ്യാനങ്ങള്‍ നല്‍കിയിട്ടുണ്ട്.

നമ്മുടെ രചനകള്‍ക്ക് ഈ രീതിയില്‍ പുതിയ അവതരണങ്ങള്‍ / പറച്ചില്‍ രീതികള്‍ ഉണ്ടാകുന്നു എന്നുള്ളത് സന്തോഷമുള്ള കാര്യമാണ്. ടോം ആന്‍ഡ് ജെറിയും കണ്ട് ഡിങ്കനും മായാവിയുമൊക്കെ വായിച്ച് വളര്‍ന്ന എന്റെ തലമുറയില്‍പെടുന്ന എഴുത്തുകാരന് വര്‍ഷങ്ങള്‍ കഴിഞ്ഞ് സ്വന്തം രചന അനിമേറ്റഡ് ഫോമില്‍ കാണുമ്പോള്‍ അത് നല്‍കുന്ന ഹര്‍ഷോന്മാദം ചെറുതല്ല. അതിന് വായനക്കാരെ പോലെ കൂടുതല്‍ കാഴ്ചക്കാര്‍ ഉണ്ടാകുന്നതും പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ തന്നെയാണ് സൂചിപ്പിക്കുന്നത്. സാധ്യമായ കഥകളൊക്കെ അനിമേറ്റഡ് രൂപങ്ങള്‍ ഉണ്ടാകണമെന്ന് തന്നെയാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

 

* 'ആകാശത്തിന്റെ തമാശകള്‍' താങ്കളുടെ മൈക്രോ കഥകളുടെ പുസ്തകമാണ്. മലയാളത്തിലെ ആദ്യ മൈക്രോ കഥാ പുസ്തകപരമ്പരയിലൊന്ന് എന്ന പ്രത്യേകതയും ഇതിനുണ്ട്. മലയാളത്തില്‍ ഫ്‌ളാഷ് ഫിക്ഷന്റെ വളര്‍ച്ച വളരെ മന്ദതയിലാണ്. അപ്പോഴും ഇത്തരമൊരു പുസ്തകം ചെയ്യാനുള്ള പ്രേരണ എന്താണ്?

ഏത് സാഹിത്യരൂപത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. നീണ്ട കഥ, ചെറുകഥ, കുറുങ്കഥ... എന്നിങ്ങനെ ഏതു പേരിട്ടു വിളിച്ചാലും ഇവയെല്ലാം പ്രത്യേകതകളോടെ നിലനില്‍ക്കുന്ന സര്‍ഗാത്മക രചനകളാണ്. കഥയുടെ ജീന്‍ ഓരോന്നിലും ഉണ്ടായിരിക്കുമല്ലോ. കുറുങ്കഥ എഴുത്ത് ഇഷ്ടമാണ്. മൈക്രോ ഫിക്ഷന് ഇടക്കാലത്ത് മങ്ങല്‍ തട്ടിയിരുന്നെങ്കിലും സമകാലിക സാഹിത്യത്തില്‍ പ്രാധാന്യം കൂടി വരുന്നുണ്ട്.

വിമാനത്തിന്റെ എന്‍ജിനും നാനോ കാറിന്റെ രൂപവുമുള്ള സാഹിത്യരൂപമാണ് കുറുങ്കഥ എന്ന പേരില്‍ അറിയപ്പെടുന്ന മൈക്രോ കഥ. സാഹിത്യ രചനകളിലെ ബോണ്‍സായ്. മിനിക്കഥ എന്നു പേര്‍ വിളിച്ച് തീരെ ചെറുതാക്കാനിഷ്ടമില്ലാത്തതിനാല്‍ പലരും ഇതിനെ കൊച്ചു കഥ, കുറുങ്കഥ, ഫ്‌ളാഷ് ഫിക്ഷന്‍ എന്നിങ്ങനെ പല പേരില്‍ വിളിക്കുന്നു.

പി.കെ. പാറക്കടവാണ് ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ മൈക്രോ കഥകളെഴുതിയിട്ടുള്ള എഴുത്തുകാരന്‍. അദ്ദേഹം ഈ ജനുസ്സില്‍ പെട്ട കഥകളെ മിന്നല്‍ കഥകള്‍ എന്നു വിളിക്കാനിഷ്ടപ്പെടുന്നു. പി. സുരേന്ദ്രനും മികച്ച കുറുങ്കഥകളെഴുതി. വി.കെ.എൻ., ടി.വി. കൊച്ചുബാവ, അക്ബര്‍ കക്കട്ടില്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, ഗ്രേസി... തുടങ്ങിയ മുതിര്‍ന്ന എഴുത്തുകാര്‍ തങ്ങളുടെ മൈക്രോ രചനകളുടെ പുസ്തകങ്ങളുമായി വായനക്കാരെ തേടി വന്നിട്ടുണ്ട്. എം.ടിയേയും എന്‍.എസ്. മാധവനേയും പോലുള്ള ലബ്ധ പ്രതിഷ്ഠരും ഈ സാഹിത്യരൂപത്തെ അവഗണിച്ചിട്ടില്ല.

മഞ്ഞു തുള്ളിയില്‍ കാടകം എന്നോ, തുള്ളി മഴയിലെ ആകാശം എന്നോ, ഒരു തുള്ളി സമുദ്രം എന്നോ... ഇത്തരം കഥകളുടെ പൊതു സ്വഭാവത്തെ വിശേഷിപ്പിക്കാം. വലിയൊരു ലോകത്തെയോ ആശയ പ്രപഞ്ചത്തേയോ അടക്കി മടക്കി വെക്കുന്നവയാവാം ഇത്തരം രചനകളില്‍ ഏറിയ കൂറും. പൊട്ടാസു പോലെ തോന്നിച്ച് ബോംബു സ്‌ഫോടനം നടത്തുന്നവയും ആകാം. കടങ്കഥ പോലെ വിങ്ങി നില്‍ക്കുന്നവയും ഇതിലുണ്ടാകാം.

പേപ്പര്‍ പബ്ലിക്ക എന്ന പ്രസാധകര്‍ ഈയിടെ മൈക്രോ കഥകളുടെ പന്ത്രണ്ടു പുസ്തകങ്ങളുടെ ഒരു പരമ്പര തന്നെ ഇറക്കുകയുണ്ടായി. ബി. മുരളിയേയും മധുപാലിനേയും പോലുള്ള സീനിയര്‍ എഴുത്തുകാരുടെ രചനകളുടെ കൂടെയാണ് 'ആകാശത്തിന്റെ തമാശകളും' വരുന്നത്. ഒരുകാലത്ത് വലിയ പ്രാധാന്യം കിട്ടാതിരുന്ന ഈ സാഹിത്യരൂപത്തിന് ഫേസ്ബുക്ക്, വാട്‌സ് അപ് പോലുള്ള നവമാധ്യമ ഇടപെടലുകളോടെ  നവോന്മേഷം ലഭിച്ചു തുടങ്ങിയത് നല്ല കാര്യമാണ്. മാറിയ ട്രെന്‍ഡുകള്‍ക്കനുസരിച്ച് ഇടം വലം മാറാതെ കുറുങ്കഥകള്‍ നിരന്തരം എഴുതിയ, ഇപ്പോഴും അതു തുടരുന്ന പി.കെ. പാറക്കടവ് എന്ന എഴുത്തുകാരനെ ആദരവോടെ നാം ഇവിടെ ഓര്‍ത്തേ മതിയാവൂ.

 

* താങ്കളുടെ പുസ്തകങ്ങള്‍ക്ക് കൂടുതല്‍ ജനപ്രിയത കിട്ടിത്തുടങ്ങിയത് കാല്‍നൂറ്റാണ്ടിനോട് അടുക്കുമ്പോള്‍ ആണെന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ പ്രസാധനരംഗത്തെ വെല്ലുവിളികള്‍ അതിന് കാരണമായിട്ടുണ്ടോ?

നവമാധ്യമങ്ങളുടെ വരവും പ്രചാരവും മലയാളം എഴുത്തുകാര്‍ക്ക് വലിയൊരു സ്‌പെയ്‌സ് ഇന്ന് കൊടുക്കുന്നുണ്ട്. എന്റെ തലമുറയില്‍ പെട്ടവര്‍ എഴുതിത്തുടങ്ങുന്ന കാലത്ത് ഇത്തരം സാധ്യതകളൊന്നും ഉണ്ടായിരുന്നില്ലല്ലോ. കഥകള്‍ ബാല പംക്തികളിലോ സമാന്തര മാഗസിനുകളിലോ അച്ചടിച്ചു വരും.

കേരളത്തിലെ വിവിധ ജില്ലകളിലായി പടര്‍ന്നുകിടക്കുന്ന എഴുത്തുകാരും അല്ലാത്തതുമായ കൂട്ടുകാര്‍ക്ക് മഞ്ഞ കാര്‍ഡുകളില്‍ കത്തെഴുത്ത് സജീവമായിരുന്ന ഒരു കാലം കൂടിയായിരുന്നു. 'ഒരു കഥ / കവിത ഈ പ്രസിദ്ധീകരണത്തില്‍ വന്നിട്ടുണ്ട്, കണ്ടിരുന്നോ?' എന്നോ 'വായിക്കണേ / വായിച്ചു' എന്നോ എല്ലാം പരസ്പരം എഴുതും. മിക്കവാറും ഒപ്പം അവയുടെ ഹ്രസ്വ നിരൂപണവുമുണ്ടാകും. ഇതാണ്  ഒരു പുതിയ എഴുത്തുകാരന് അക്കാലത്ത് കിട്ടാവുന്ന മാക്‌സിമം എക്‌സ്‌പോഷര്‍.

പി.ജി പഠിക്കുന്ന കാലത്ത് മാതൃഭൂമി വിഷുപതിപ്പ് കഥാ സമ്മാനം കിട്ടിയതോടെ ബാലപംക്തിയില്‍ നിന്ന് പ്രമോഷനായി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വാര്‍ഷിക പതിപ്പുകളിലും പ്രത്യേക പതിപ്പുകളിലും കഥകള്‍ വരാന്‍ തുടങ്ങി. അക്കാലത്ത് മാധ്യമം, ദീപിക തുടങ്ങിയ പത്രങ്ങളുടെ വാര്‍ഷിക പതിപ്പുകള്‍ക്കു വേണ്ടിയും കഥകള്‍ എഴുതിയിരുന്നു. ഒരു പുതിയ എഴുത്തുകാരനു കിട്ടാവുന്ന പരമാവധി വിസിബിലിറ്റി അക്കാലത്ത് ലഭിച്ചിരുന്നു.

2003 മുതല്‍ പത്രപ്രവര്‍ത്തകനായി ദല്‍ഹിയില്‍ എത്തിയതോടെ പ്രഥമ പരിഗണന ജേണലിസത്തിനായി. 2011-വരെയുള്ള കാലത്ത് ഇന്ത്യാ ടുഡേ, ന്യൂസ് ടുഡേ, കവേര്‍ട് മാഗസിന്‍, ടൈംസ് ഓഫ് ഇന്ത്യ, ഡൂള്‍ ന്യൂസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. സ്‌പെഷ്യല്‍ സ്റ്റോറികളിലും ഫീച്ചറുകളിലുമായിരുന്നു ഇക്കാലയളവില്‍ കൂടുതല്‍ താല്‍പര്യം. ഒരുപക്ഷേ കൂടുതല്‍ സജീവമായി ചെറുകഥകള്‍ ഈ കാലഘട്ടത്തില്‍ എഴുതാതിരുന്നതിന് കാരണം കഥകളെക്കാള്‍ മികച്ച ജീവിതകഥകള്‍ മാധ്യമങ്ങള്‍ക്കു വേണ്ടി എഴുതിയിരുന്നതുകൊണ്ടാവാം. ഇക്കാലയളവിലെല്ലാം ഒരു രഹസ്യം പോലെ എഴുത്ത് കൂടെ കൊണ്ടു നടന്നിരുന്നു.

2007- ഓടുകൂടി സര്‍ഗാത്മക എഴുത്തില്‍ വീണ്ടും സജീവമായി. അപ്പോഴേക്കും സാഹിത്യരംഗം തന്നെ പാടെ മാറി. നവമാധ്യമങ്ങളുടെ പുതിയൊരു ലോകം. പഴയ തറവാട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആകെ വിഭ്രമം പിടിക്കുന്ന അവസ്ഥ. എന്റെ ജനറേഷനില്‍പെട്ട പല എഴുത്തുകാരെയും ഏതാണ്ട് ഒരു വനവാസ കാലത്തോളം അവരുടെ പേജുകളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്ന ഒരു പ്രസിദ്ധീകരണവുമുണ്ടായിരുന്നു. അങ്ങനെ ഇടം കിട്ടാഞ്ഞപ്പോള്‍ കിട്ടുന്ന ഇടത്തില്‍ മാത്രമായി എഴുത്ത്. അത് ഒരു പക്ഷേ വിസിബിലിറ്റിയേ ബാധിച്ചിരിക്കാം. അത് എന്റെ മാത്രം പ്രശ്‌നമാണെന്നു കരുതുന്നില്ല. എന്റെ തലമുറയില്‍ പെട്ട പല മികച്ച എഴുത്തുകാരും ഇതിന്റെ ബലിയാടുകളാണ്.

 

* സാമൂഹ്യമാധ്യമങ്ങള്‍ വഴി എന്തും സാധ്യമാകുന്ന ഈ കാലത്ത് ഓണ്‍ലൈനിന്റെ സാധ്യത നിലനില്ക്കുമ്പോള്‍ തന്നെ അച്ചടിക്കുന്ന ഒരു പുസ്തകത്തിന്റെ ഒരുപാട് പതിപ്പുകള്‍ ഇറങ്ങുന്നത് നാം കാണുന്നു. മലയാളികളുടെ പരമ്പരാഗത വായനാശീലം മാറാത്തതാണോ അതോ വ്യത്യസ്തമായ ആഖ്യാനവും ആശയവും ഉള്ള കൃതികള്‍ പ്രസിദ്ധീകരിക്കുന്നതാണോ ഇതിന് കാരണം?

രണ്ടായിരത്തിനുശേഷം കേരളത്തിലെ പ്രസാധന രംഗത്തുണ്ടായ വന്‍ കുതിച്ചുചാട്ടം മലയാളത്തില്‍ നിരവധി പുസ്തകങ്ങള്‍ പിറന്നു വീഴുന്നതിന് കാരണമായി. മലയാളി വായനക്കാരുടെ ബയിംഗ് കപാസിറ്റിയും ഇക്കാലത്ത് കൂടിയിരുന്നു എന്ന് കാണാം. ഒരുകാലത്ത് പുസ്തകം കടംവാങ്ങിയും വായനശാലകളില്‍ നിന്ന് എടുത്തും വായിച്ചിരുന്ന മലയാളി വായനക്കാര്‍ വീട്ടകങ്ങളില്‍ സ്വകാര്യ ഹോം ലൈബ്രറികള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. വീടുകളില്‍ കൊച്ചു പുസ്തകമൂലകള്‍ ഒരുങ്ങുകയും ചിലര്‍ ഇതിനെ ഒരു ഫര്‍ണിച്ചര്‍ വസ്തുവായി കാണാന്‍ തുടങ്ങുകയും ചെയ്തു. ഇതൊക്കെ കേരളത്തിലെ പുസ്തക വില്‍പനയെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.

പണ്ട് പുസ്തകം കടം വാങ്ങി തിരിച്ചു കൊടുക്കുമ്പോള്‍/ലൈബ്രറിയിലേക്ക് മടക്കി നല്‍കുമ്പോള്‍ സുഹൃത്തുമായി ആ രചനയെക്കുറിച്ച് ഒരു സംഭാഷണ സാധ്യത ബാക്കി വെച്ചിരുന്നു. ഇന്നു സുഹൃത്തിന്റെ കയ്യിലുള്ള പുസ്തകം നോക്കി വെച്ച് അതേ പുസ്തകം വാങ്ങി ഷെല്‍ഫില്‍ പൂട്ടി വെക്കുന്ന, അതു 'സ്വന്തമാക്കി അഭിമാനിക്കുന്ന' 'വായന'ക്കാരാണുള്ളത്. ചുരുക്കത്തില്‍ വായന നടക്കുന്നുമില്ല.

ഏതാണ്ട് ഇതേ മട്ടില്‍ തന്നെയായിരുന്നു കാര്യങ്ങള്‍ പോയിരുന്നത്. എന്തെങ്കിലും മാറ്റം വരുന്നത് കൊറോണക്ക് ശേഷമാണ്. കോവിഡിന്റെ ഭീതിയില്‍ രാജ്യം അടച്ചിട്ടപ്പോള്‍ മനുഷ്യര്‍ തുരുത്തുകളായി മാറി. ഈ മഹാവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മലയാളികള്‍ ആദ്യം സ്വീകരിച്ച വാക്‌സിനേഷന്‍ വായനയുടേയും പുസ്തകങ്ങളുടേതുമായിരുന്നു എന്നു അത്ഭുതത്തോടെ കാണാം. ഇത് കേരളത്തിലെ പ്രസാധന രംഗത്തിനും വായനാ ജീവിതത്തിനും- വൈകിയാണെങ്കിലും- വലിയൊരു എനര്‍ജി നല്‍കിയിട്ടുണ്ട്. ഈ കഴിഞ്ഞ മാസങ്ങളില്‍ കാണുന്ന പുസ്തക ട്രെന്‍ഡുകള്‍ ശുഭ സൂചനയാണ്.  രണ്ടാം ലോക്ഡൗണ്‍ കാലത്ത് രൂപപ്പെട്ട നിരവധി നവമാധ്യമ ഇടങ്ങളും ചര്‍ച്ചാ- കൂട്ടായ്മകളും മികച്ച വായനക്കാരുടെ ഒരു പുതിയ നിരയെ മലയാളത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്.

അച്ചടിച്ച പത്രത്തിന്റെ താളുകള്‍ വിടര്‍ത്തി വായിച്ചു കൊണ്ട് ഒരു ദിവസം തുടങ്ങുക, പുസ്തകത്തിന്റെ പേജുകള്‍ തൊട്ടു തൊട്ടു  വായിക്കുക.. എന്നതെല്ലാം മലയാളികളുടെ കാല്‍പനിക നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ്. കിന്‍ഡില്‍ എന്ന ഇ-റീഡറിന് കേരളത്തില്‍ വലിയൊരു പ്രചാരം ലഭിച്ചതായി തോന്നുന്നില്ല. അതേസമയം ഓഡിയോ കഥകളുടെയും നോവലുകളുടെയും ശ്രോതാക്കളുടെ ഒരു പുതിയ കൂട്ടം രൂപപ്പെട്ടു വരുന്നുമുണ്ട്.

ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ സാധ്യതകള്‍ ഉള്ളപ്പോള്‍ തന്നെ പുസ്തകങ്ങള്‍ വാങ്ങി വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ പുതിയ തലമുറയിലും പഴയ തലമുറയിലുമുണ്ട്. വായനയെ ഒരു ജൈവിക അനുഭവമാക്കി മാറ്റാന്‍ ഇഷ്ടപ്പെടുന്നവരാകാം ഇവര്‍. ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുന്ന പ്രശസ്തമായ പല കൃതികളും അവയുടെ അച്ചടിരൂപത്തില്‍ കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തിക്കാനാണ് ഓണ്‍ലൈന്‍ എഴുത്തുകാര്‍ പോലും ഇന്ന് ശ്രദ്ധിക്കുന്നത് എന്നും കാണാനാകും.

* മലയാളത്തില്‍ റാഡിക്കല്‍ ജേണലിസത്തിനു തുടക്കമിട്ട് ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്രീ പ്രസ് മാഗസിന്‍, ഡൂള്‍ ന്യൂസ്, ഇന്ത്യന്‍ ഇങ്ക് തുടങ്ങി നിരവധി മാഗസിനുകളുടെ ലിറ്റററി എഡിറ്ററായിരുന്നു വി.എച്ച്. നിഷാദ്. ഇപ്പോള്‍ കഥകള്‍ക്കു മാത്രമായുള്ള 'കഥയുടെ പേജ്' എന്ന  മാഗസിന്റെ എഡിറ്ററാണ്. സാഹിത്യത്തിന്റെ പത്രാധിപരെക്കുറിച്ച് താങ്കള്‍ക്കുള്ള കാഴ്ചപ്പാട് എത്തരത്തിലുള്ളതാണ്?

എഴുതിത്തുടങ്ങിയ കാലത്ത് തന്നെ 'കല' എന്ന പേരില്‍ ഒരു കൈയെഴുത്ത് മാസിക നടത്തിയിരുന്നു. അത് വായിച്ച സ്‌കൂളിലെ അധ്യാപകര്‍' ഭാവിയില്‍ നല്ലൊരു എഡിറ്റര്‍ ആകട്ടെ...' എന്നാണ് ആശംസിച്ചത്. 'എഴുത്തുകാരന്‍ ആകട്ടെ എന്നല്ല..' 'കല' എന്ന കൈയെഴുത്തു മാസികയ്ക്കു വേണ്ടിയിട്ടാണ് പല കാര്യങ്ങളും എഴുതിത്തുടങ്ങിയത് എന്ന് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. എഡിറ്റിംഗ് പണി അന്നേ പരിശീലിച്ചതാണ്. പലരുടേയും രചനകള്‍ കയ്യെഴുത്തു മാസികയ്ക്കായി കിട്ടുമായിരുന്നു. പത്രപ്രവര്‍ത്തനം പഠിച്ചതിനുശേഷം വിവിധ മാധ്യമങ്ങളില്‍ എഡിറ്ററുടെയും റിപ്പോര്‍ട്ടറുടേയും പണികള്‍ ചെയ്തു. പ്രശസ്ത വിവര്‍ത്തകയും എഴുത്തുകാരിയുമായ ഇ.വി. ഫാത്തിമയോടും മനോജ് കുമാര്‍ കൊയ്യത്തിനോടുമൊപ്പം 'ഇന്ത്യന്‍ ഇങ്ക്' എന്ന ഇംഗ്ലീഷ് ലിറ്റില്‍ മാഗസിന്‍ നടത്തിയിരുന്നു.

സിനിമകള്‍ക്കും സിനിമ വായനക്കും വേണ്ടിയുള്ള 'Filmography' എന്ന മാഗസിന്റെ പിന്നണിക്കാരില്‍ ഒരാളായി ഇപ്പോഴുണ്ട്. എന്നാല്‍ 'കഥയുടെ പേജ്' ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. സത്യം പറഞ്ഞാല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായുള്ള സ്വപ്നങ്ങളുടെ ഒരു തുടര്‍ച്ചയാണ് 'കഥയുടെ പേജ്'. കഥകള്‍ക്ക് വേണ്ടി മാത്രമായി ഒരു പ്രസിദ്ധീകരണം.

ഡല്‍ഹിയിലെ 'ഫ്രീ പ്രസ്' പത്രപ്രവര്‍ത്തന കാലത്ത് ലിറ്റററി എഡിറ്ററുടെ ചുമതല എനിക്കായിരുന്നു. പിന്നീട് 'ഇന്ത്യാ ടുഡേ' (മലയാളം)യില്‍ ലിറ്റററി പേജുകളുടെ ചുമതലയും വഹിക്കാനായി. ഇതൊക്കെ സാഹിത്യത്തോടുള്ള സ്‌നേഹം കൊണ്ടാണ് ചെയ്തിരുന്നത്. ഡൂള്‍ ന്യൂസ് ഡോട് കോമില്‍ ലിറ്ററേച്ചറിന് നല്ല പ്രാധാന്യം കൊടുക്കാന്‍ ഒരു കാലത്ത് കഴിഞ്ഞിരുന്നു.

എന്നാല്‍ 'കഥയുടെ പേജ്' പ്രിന്റ് മീഡിയയെ ലക്ഷ്യമാക്കിയുള്ള ഒരു പ്രസിദ്ധീകരണമാണ്. പ്രിന്റില്‍ വലിയ വിശ്വാസമുള്ള ഒരാളാണ് ഞാന്‍. ഈ സ്വപ്നം പല കാരണങ്ങള്‍ കൊണ്ട് നടക്കാതെ ഇരിക്കുമ്പോഴാണ് ചില യുവ സുഹൃത്തുക്കള്‍ എന്റെ സ്വപ്‌നത്തിന്റെ കൂടെ നില്‍ക്കാം എന്ന് പറയുന്നത്. അങ്ങനെയാണ് കൂട്ടായ്മയില്‍ കഥകള്‍ക്ക് വേണ്ടി മാത്രമായുള്ള, കഥയുടെ വിശേഷങ്ങള്‍ പറയുന്ന ഒരു മാഗസിനെ കുറിച്ച് വീണ്ടും സജീവമായി ചിന്തിക്കുന്നതും അതിന്റെ അന്തിമ പ്രവര്‍ത്തനങ്ങളിലേക്ക് ഇപ്പോള്‍ എത്തി നില്‍ക്കുന്നതും. ഒരു എഡിറ്ററുടെ (ഹോണററി) ജോലിയാണ് എനിക്കിവിടെ ചെയ്യാനുള്ളത്.

ന്യൂസ് എഡിറ്ററുടെ / ഫീച്ചര്‍ എഡിറ്ററുടെയും ചുമതലയില്‍ നിന്ന് വ്യത്യസ്തമാണ് ഒരു ലിറ്റററി എഡിറ്ററുടെ ജോലി. രചനകളെ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുന്നതോടൊപ്പം, ഭാഷയിലെ മികച്ച എഴുത്തുകാരെ കണ്ടെത്തി അവരെ എഴുതിപ്പിക്കുകയെന്നുള്ള ശ്രമകരമായ പണി കൂടിയാണിത്. എഴുത്തുകാര്‍ തരുന്നത് അതുപോലെ വാങ്ങി അച്ചടിക്കുന്നതാണ് ലിറ്റററി ജേണലിസം എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഏതു പ്രശസ്ത എഴുത്തുകാരനാണെങ്കിലും അതില്‍ വേണ്ടാത്ത ഭാഗം ഉണ്ടെങ്കില്‍ മാറ്റി വെക്കാനോ/ എഡിറ്റു ചെയ്യാനോ ഉള്ള ഒരു ധൈര്യവും ആത്മബന്ധവും ഇതിന് ആവശ്യമാണ്. ആ സ്വാതന്ത്ര്യം എടുത്തുകൊണ്ട് കഥയുടെ ഒരു മാഗസില്‍ ആരംഭിച്ചാല്‍ നന്നാകുമല്ലോ എന്ന് ആലോചിച്ചിരുന്നു. ഇന്ന് 'കഥയുടെ പേജ്' തുടങ്ങുന്നതും ആ  വിശ്വാസത്തില്‍ തന്നെയാണ്.

ഒരു എഡിറ്ററുടെ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ ചില രചനകള്‍ക്ക് കൂടുതല്‍ തിളക്കം ഉണ്ടാകും എന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഇംഗ്ലീഷില്‍ ഇതു നടക്കുന്നുണ്ട്. മലയാളത്തിന് ഈ ശീലം കുറവാണ്. അത്തരം ഇടപെടലുകളിലൂടെ കഥാസാഹിത്യത്തിന് എന്തെങ്കിലും മാറ്റം ഉണ്ടാക്കാനാവുമോ എന്ന അന്വേഷണം കൂടിയാണ് സത്യത്തില്‍ 'കഥയുടെ പേജ്.'

ഒരു രചന അയച്ചാല്‍ അതിന്റെ ഭാവി എന്താണെന്നറിയാതെ മാസങ്ങളോളം അനന്തമായി കാത്തിരിക്കേണ്ടുന്ന ഒരു ദുരവസ്ഥ ഇന്ന് മലയാളത്തിലെ ചില പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. 'കഥയുടെ പേജ്' അങ്ങനെയുള്ള ഒരു ഇടമാകരുത് എന്നുമാഗ്രഹമുണ്ട്.

* ഇരുപത്തിയഞ്ചു വര്‍ഷമായി എഴുതുന്നു. ഇപ്പോഴും താങ്കളെ പലരും വിശേഷിപ്പിക്കുന്നത് യുവ എഴുത്തുകാരന്‍ എന്ന നിലയ്ക്കാണ്. മലയാള സാഹിത്യത്തില്‍ ഒരു എഴുത്തുകാരന്‍ മുതിര്‍ച്ച കൈവരിക്കുന്നത് എപ്പോഴാണ്?

എനിക്ക് ചോദ്യം ഇഷ്ടപ്പെട്ടു. കാരണം എഴുതി തുടങ്ങിയ കാലത്ത്,  മുഖ്യധാരയില്‍ കഥകള്‍ പ്രത്യക്ഷപ്പെട്ടിരുന്ന കാലത്ത് യുവ എഴുത്തുകാരെക്കുറിച്ചുള്ള നിരവധി ലേഖനങ്ങള്‍ അച്ചടിച്ചുവരുന്നത് കണ്ടിട്ടുണ്ട്. അവയില്‍ പരാമര്‍ശിച്ചവരൊക്കെയും അക്കാലത്തു തന്നെ 45-50 വയസ്സുള്ളവരായിരുന്നു എന്ന് കണ്ട് അല്‍ഭുതപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു പത്രാധിപര്‍ക്ക് 'സാര്‍, നമ്മള്‍ എപ്പോഴാണ് യുവ എഴുത്തുകാര്‍ ആവുക?' എന്ന് ചോദിച്ച് ഒരു കത്തും എഴുതിയിട്ടുണ്ട്. ആ കത്തൊക്കെ എവിടെ പോയാവോ? ഇപ്പോഴും യുവ എഴുത്തുകാരുടെ കൂട്ടത്തില്‍ പെടുത്തുന്നത് എന്റെ കഥയിലെ യുവത്വം കണ്ടിട്ടാവും എന്നു തന്നെ വിശ്വസിച്ചേക്കാം! സക്കറിയയും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും വി. എസ്. അനില്‍കുമാറും സന്തോഷ് ഏച്ചിക്കാനവുമൊക്കെയാണ് എങ്കില്‍ ഈ വിളിപ്പേരിന് എന്നേക്കാള്‍ കൂടുതല്‍ യോഗ്യര്‍!

 

* 'വാന്‍ഗോഗിന്റെ ചെവി' മുതല്‍ സമീപത്തായി ഇറങ്ങിയ 'ഭൂമിയുടെ അലമാര' വരെയുള്ള അനവധി പുസ്തകങ്ങള്‍ മലയാളത്തിലെ പല പ്രസാധകരില്‍ നിന്നും വെളിച്ചം കണ്ടിട്ടുള്ളതാണ്. ഈ കാലയളവില്‍ പരിചയിച്ചിട്ടുള്ള പ്രസാധകരെ ഏതുവിധത്തിലാണ് ഓര്‍ത്തെടുക്കുന്നത് ?

2002-ല്‍ പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് ആദ്യ കഥാസമാഹാരമായ 'വാന്‍ഗോഗിനെ ചെവി' പുറത്തുവരുന്നത്. ഈ പുസ്തകം വരുന്നതിന് പിന്നില്‍ രണ്ടുപേരോടാണ് മുഖ്യമായും  കടപ്പാടുള്ളത്. ഒന്ന് പ്രിയസുഹൃത്തും കഥാകൃത്തുമായ വി. ദിലീപ്. എഴുത്തിന്റെ തുടക്ക കാലത്തേ ഉള്ള കൂട്ടുകാരനാണ്. ഞങ്ങള്‍ ശരിക്കും പരിചയത്തില്‍ ആകുമ്പോഴേക്കും ദിലീപിന്റെ കഥകള്‍ മുതിര്‍ന്നവരുടെ പേജുകളില്‍ തന്നെ അച്ചടിച്ച് തുടങ്ങിയിരുന്നു.

എം.ജി. യൂണിവേഴ്‌സിറ്റിയുടെ ജേണലിസം വിഭാഗത്തില്‍ ദിലീപ് എന്റെ  സീനിയര്‍ ആയിരുന്നു. നേരിട്ട് കാണുന്നതിന് മുമ്പു തന്നെ 'വി. ദിലീപ്, മാന്നാനം പി.ഒ. കോട്ടയം' എന്ന വിലാസത്തില്‍ കത്തുകള്‍ അയക്കുമായിരുന്നു. മറുപടിയായി വയനാട്ടിലെ കോളേജിലേക്ക് 'വി. എച്ച്. നിഷാദ്, കഥ വിഭാഗം, മേരി മാതാ കോളേജ്, മാനന്തവാടി' എന്നൊക്കെ തമാശ മട്ടില്‍ മറുപടികളും അയക്കും.

പിജി പഠനം കഴിഞ്ഞപ്പോഴാണ് ദിലീപിന്റെ ആദ്യ കഥാസമാഹാരമായ ' ഗര്‍ഭപാത്രത്തില്‍ ഇരുന്നു സംസാരിക്കുന്നു' കോഴിക്കോട് പാപ്പിയോണ്‍ പബ്ലിക്കേഷന്‍സ് അവരുടെ ആദ്യ പുസ്തക പരമ്പരകളില്‍ ഒന്നായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുന്നത്. അതിനുവേണ്ടി കഥകളുടെ തെരഞ്ഞെടുപ്പിനായി മൊകേരിയിലെ ദിലീപിന്റെ വീട്ടില്‍ എത്തിയതായിരുന്നു. സെലക്ഷന്‍ പ്രൊസസ് അന്തിമഘട്ടത്തില്‍ ആയപ്പോള്‍ ദിലീപ് പറഞ്ഞു- 'നമ്മള്‍ ഒരേ കാലത്ത് ബാലപംക്തിയില്‍ എഴുതി തുടങ്ങിയവരാണ്... അതുകൊണ്ട് ഈ പുസ്തകത്തിന്റെ കൂടെ നിഷാദിന്റെ പുസ്തകവും ഇറങ്ങണമെന്നാണ് എന്റെ ആഗ്രഹം.. ' സത്യത്തില്‍ ഒരു പുസ്തകത്തെക്കുറിച്ചൊന്നും അക്കാലത്തു ഞാന്‍ ചിന്തിച്ചു തുടങ്ങിയിരുന്നില്ല. ദിലീപിന്റെ വാക്കുകള്‍ എനിക്ക് വലിയൊരു സ്വപ്നവും ആത്മവിശ്വാസവും നല്‍കുകയായിരുന്നു. അപ്പോള്‍തന്നെ പാപ്പിയോണിലെ നൗഷാദ്ക്കയെ വിളിച്ചു.

'ധൈര്യമായി മുന്നോട്ടു പോകൂ, കഥകളുമായി ഉടന്‍ വരൂ...' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീടുള്ള ദിവസങ്ങളില്‍ ദിലീപും ഞാനും ഒരുമിച്ചായി ആദ്യ പുസ്തകങ്ങളെക്കുറിച്ച് സ്വപ്നം കാണല്‍. അങ്ങനെ ഞങ്ങളുടെ  ആദ്യ കഥാസമാഹാരങ്ങള്‍ കോഴിക്കോട് വെച്ച് അന്നത്തെ യുവ എഴുത്തുകാരില്‍ പ്രമുഖനായിരുന്ന സുഭാഷ് ചന്ദ്രന്‍ പ്രകാശനം ചെയ്തു. സുഹൃത്തുക്കളായ ടി.ബി. ലാലും എം.പി. പവിത്രയുമായിരുന്നു ഏറ്റു വാങ്ങിയത്. എന്‍.പി. ഹാഫിസ് മുഹമ്മദ് സാറും ആര്‍. ലോപയുമൊക്കെ സജീവമായി കൂടെ നിന്നിരുന്നു. പാപ്പിയോണ്‍ പബ്ലിക്കേഷന്‍സ് എന്ന പ്രസിദ്ധീകരണം ഞാനും ദിലീപും അടക്കമുള്ള അന്നത്തെ യുവ എഴുത്തുകാര്‍ക്ക് കൊടുത്തിരുന്ന ആത്മവിശ്വാസം ചില്ലറയല്ല.

മുഖ്യധാര എഴുത്തില്‍ പിച്ചവെച്ച് തുടങ്ങിയ കാലത്തുതന്നെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനായി എന്നുള്ളത് ഇന്ന് ആലോചിക്കുമ്പോള്‍ ഞങ്ങള്‍ക്കു കിട്ടിയ മഹാഭാഗ്യം തന്നെയാണ്.

നൗഷാദ് പാപ്പിയോണ്‍ എന്ന നൗഷാദ്ക്ക പിന്നീട് ഒലിവിലേക്കും അവിടുന്ന് മാതൃഭൂമിയിലേക്കും പോയി. ഈ വര്‍ഷങ്ങളിലെല്ലാം അദ്ദേഹം എനിക്ക് തന്നിരുന്ന സ്‌നേഹ പരിഗണനകള്‍ നന്ദിയോടെ ഓര്‍ത്തേ മതിയാകൂ. ആദ്യനോവലായ 'പേരക്ക' അദ്ദേഹം ചോദിച്ചു വാങ്ങി പ്രസിദ്ധീകരിച്ചതാണ്. പിന്നീട് 'മിസിസ് ഷെര്‍ലക് ഹോംസ്' എന്ന കഥാസമാഹാരവും ഏറ്റവുമൊടുവില്‍ 'ഭൂമിയുടെ അലമാരയും' അദ്ദേഹം വളരെ താല്‍പര്യപൂര്‍വം സ്വീകരിച്ചു.

ഡിസി ബുക്‌സ്, മനോരമ, പൂര്‍ണ, സൈകതം, ചിന്ത, ഇൻസൈറ്റ് പബ്ലിക്ക, പേപ്പര്‍ പബ്ലിക... അടക്കമുള്ള മലയാളത്തിലെ ഒട്ടുമിക്ക പ്രസാധകരും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിക്കവരും നല്ല രീതിയില്‍ തന്നെയാണ് എന്നെ ചേര്‍ത്തു നിര്‍ത്തിയിട്ടുള്ളത്.

എന്നാല്‍ കൊടിയ അനീതി കാണിച്ചിട്ടുള്ള ചില പ്രസാധകരുമുണ്ട്  എന്ന് പറയാതെ വയ്യ. കാര്യം കഴിയുമ്പോള്‍ എഴുത്തുകാരെ ചണ്ടി പോലെ വലിച്ചെറിയാന്‍ എങ്ങനെയാണ് ഒരു പ്രസാധകന് കഴിയുന്നത് എന്ന് ചില നേരങ്ങളില്‍ നിര്‍മമതയോടെ ഓര്‍ക്കും.

 

* ലൈംഗിക വിദ്യാഭ്യാസം എന്നത് കേരളത്തിലെ സിലബസുകളില്‍ ഉള്‍പ്പെടുത്തുന്നതായി കാണുന്നില്ല. അതുകൊണ്ടു തന്നെ പുതിയ കാല എഴുത്തുകളില്‍ കടന്നുവരുന്ന ലൈംഗികതയെ വിദ്യാഭ്യാസ സമൂഹത്തിലേക്ക് നല്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെന്ന് ഒരു അധ്യാപകന്‍ എന്ന നിലയില്‍ തോന്നുന്നുണ്ടോ?

ആദ്യം തന്നെ പറയട്ടെ, പുതിയകാല ചെറുകഥകളില്‍ പ്രത്യക്ഷപ്പെടുന്ന ലൈംഗികതയോടോ ലൈംഗിക വര്‍ണനയോടോ 'മല- കാട്- വന്യത- കുമ്പസാരം' ഫോര്‍മുലകളോടോ താല്പര്യമില്ലാത്ത ഒരു പാവം വായനക്കാരനാണ് ഞാന്‍. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്ന ഉദ്ദേശത്തോടുകൂടി പടച്ചുവിടുന്ന ചില ചപല രചനകള്‍ കണ്ടിട്ട് സഹതാപമേ തോന്നിയിട്ടുള്ളൂ.

അപ്പോഴാണ് ബഷീറിന്റേയും എം.ടിയുടേയും മാധവിക്കുട്ടിയുടേയും എം. മുകുന്ദന്റേയും ഒ.വി. വിജയന്റേയും വി.കെ.എന്റേയും  സക്കറിയയുടേയും പുനത്തിലിന്റെയും പി പത്മരാജന്റെയും വി ആർ സുധീഷിന്റെയും സി വി ബാലകൃഷ്ണന്റെയും ഒക്കെ ഗംഭീര കഥകള്‍ മനസ്സില്‍ തിരയടിച്ചെത്തുക. ഈസ്തറ്റിക്‌സ് അപ്രത്യക്ഷമായാല്‍ ചെറുകഥയില്‍ ലൈംഗികതയ്ക്ക് ഒരു പ്രസക്തിയുമില്ല എന്ന് കരുതുന്ന എഴുത്തുകാരനാണ്. ലൈംഗികതയ്ക്കു വേണ്ടി ലൈംഗികത എഴുതുന്ന എഴുത്തുകാരുണ്ട്. അത് വായിക്കുന്ന ഒരു പുതുതലമുറ വായനക്കാരന് /വായനക്കാരിക്ക് എന്താണ് ഈ സാഹിത്യരചനകളോട് തോന്നുന്ന മനോഭാവം എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ദൃശ്യമാധ്യമങ്ങളുടെ കുതിച്ചു പൊങ്ങലോടു കൂടി ലൈംഗികത എന്നുള്ളത് ഓവര്‍ എക്‌സ്‌പോഷര്‍ കിട്ടുന്ന വിഭവങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു. ഇതിനെ ഓവര്‍ടേക്ക് ചെയ്യാനാവണം കഥകളില്‍ പലരും ഇത്തരത്തില്‍ ഗിമ്മിക്കു കാണിക്കാം എന്ന് കരുതുന്നത്. അതുകൊണ്ടുതന്നെ പുതിയകാല എഴുത്തുകളിലെ ലൈംഗികതയെ വലിയൊരു വിഷയമായി ക്ലാസ് റൂമുകളില്‍ അവതരിപ്പിക്കാന്‍ തോന്നാറില്ല. അപൂര്‍വം ചില രചനകളില്‍ മാത്രമാണ് ലൈംഗികതയെ ഭംഗിയോടെ, കാവ്യാത്മകമായി അവതരിപ്പിച്ചു കാണാറ്. ടി.വി. കൊച്ചുബാവയുടെ 'രണ്ടു പെണ്‍കുട്ടികളും', സുഭാഷ് ചന്ദ്രന്റെ 'തല്പം'- 'ബ്ലഡി മേരി'- 'വിഹിതം' തുടങ്ങിയ രചനകളും സന്തോഷ് ഏച്ചിക്കാനത്തിന്റെ 'തുരുമ്പും' ഉണ്ണി ആറിന്റെ 'ലീല'യുമെല്ലാം എല്ലാം വായിച്ച ഒരാള്‍ക്ക് ഇത്തരം ഗിമ്മിക്കുകളോട് സഹതാപമേ തോന്നുകയുള്ളൂ.

ക്ലാസ്മുറികളിലെ ലൈംഗികത മറ്റൊരു വിഷയമാണ്. നമ്മുടെ ക്ലാസ്മുറികള്‍ ഇത്തരം കാര്യങ്ങള്‍ ഓപണായി ചര്‍ച്ച ചെയ്യാന്‍ മാത്രം വളര്‍ന്നിട്ടില്ല എന്നതിനെ, നമ്മുടെ സമൂഹം ഇത്തരം വിഷയങ്ങള്‍ സംവദിക്കാന്‍ മാത്രം ഉയര്‍ന്നിട്ടില്ല എന്നതുമായി കൂട്ടി കെട്ടേണ്ടിയിരിക്കുന്നു. ഒരു ഉപസമൂഹമാണല്ലോ ക്യാമ്പസ്. സമൂഹത്തില്‍ നിന്ന് ഇതുവരെ ലഭിക്കാത്ത എന്താണെടോ നമുക്ക് ഈ ഉപസമൂഹത്തില്‍ നിന്ന്  പ്രതീക്ഷിക്കാനാവുക?


2001 ലെ മുട്ടത്തു വർക്കി കലാലയ കഥാ പുരസ്കാരം എൻ പി മുഹമ്മദിൽ  നിന്ന് സ്വീകരിക്കുന്നു

 

* രചനകളിലെ ആഖ്യാനശൈലി പോലെ തന്നെ വ്യത്യസ്തമാണല്ലോ അവയുടെ തലക്കെട്ടുകളും. ഒരു രചനയില്‍ അതിന്റെ തലക്കെട്ടിനുള്ള പ്രാധാന്യത്തെ എങ്ങനെ നോക്കി കാണുന്നു. കഥകള്‍ എഴുതി പ്രസിദ്ധീകരിച്ചതിനുശേഷം അതിന് മറ്റു പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ?

വാര്‍ത്തകള്‍ക്ക് തലക്കെട്ടിടുന്നതു പോലെ തന്നെയാണ് കഥകള്‍ക്ക് അവയുടെ തലക്കെട്ടുകള്‍. രണ്ടിന്റെയും ലക്ഷ്യം ഒന്നുതന്നെ- വായനക്കാരെ ആകര്‍ഷിക്കുക. ഇത്രയും തിരക്കുള്ള ഒരു ലോകത്ത്, വായനക്ക് ബദലായി നൂറോളം സാധ്യതയുള്ള ഒരു കാലത്ത് ഭാഷയിലെ ഒരു ചെറുകഥ വായിപ്പിക്കുക എന്നത് ഹെര്‍ക്കുലിയന്‍ ടാസ്‌ക് തന്നെയാണ്.

മീന്‍ വില്‍പനക്കാരനെ പോലെ 'കഥ വായിക്കാന്‍ ആളുണ്ടോ...' എന്ന് വിളിച്ചു ചോദിക്കേണ്ട അവസ്ഥയാണ് എഴുത്തുകാരന്. ഈ കൂക്കിന്റെ ഫങ്ഷനാണ് സത്യത്തില്‍ കഥയുടെ തലക്കെട്ട് ചെയ്യുന്നത്. എന്റെ മിക്ക കഥകളുടെയും തലക്കെട്ട് ആദ്യം തന്നെ വന്നതാണ്. തലക്കെട്ടുകളില്‍ നിന്ന് കഥ മുളപ്പിച്ചെടുക്കുന്ന ഒരു എഴുത്തുകാരനാണ് ഞാന്‍. 'വാന്‍ഗോഗിന്റെ ചെവി എന്ന തലക്കെട്ട് കിട്ടിയത് 'വാന്‍ഗോഗിന്റെ തീന്‍മേശ' എന്ന നാടകത്തിന്റെ നോട്ടീസില്‍ നിന്നാണ്.

'ജീവിതം, ദേ..ഇതുവഴി' എന്ന തലവാചകം വി. ദിലീപ് എഴുതി ഉപേക്ഷിച്ച ഒരു കഥയില്‍നിന്ന് ചോദിച്ചു വാങ്ങിയതാണ്. 'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പോസ്റ്റ് ചെയ്ത ഒരു ചപ്പാത്തി കഥ' എന്ന ടൈറ്റിലില്‍ എത്താന്‍ ഒരുപാട് നേരം എടുത്തിരുന്നു. കഥ എഴുതിയിട്ടും ടൈറ്റില്‍ പിടിതരാതെ വഴുതിപ്പോയ ഏക കഥയും അതുതന്നെ. 'രണ്ടു കള്ളക്കടത്തുകാര്‍', 'അദൃശ്യ മനുഷ്യന്‍', 'ഒരു ചപ്പാത്തി കഥ', 'ജയിലിലെ ചപ്പാത്തി കഥ' എന്നൊക്കെ ആലോചിച്ച് ആലോചിച്ച് ഒടുവിലത് 'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പോസ്റ്റ് ചെയ്ത ഒരു ചപ്പാത്തി കഥ'യില്‍ എത്തുകയായിരുന്നു.

അച്ചടിച്ച രചനകള്‍ക്ക് ഇന്നേവരെ പിന്നീട് മറ്റൊരു ടൈറ്റില്‍ വേണമെന്ന് തോന്നിയിട്ടില്ല. 'ജീവിതോത്സവം' എന്ന് ഒരു കഥയ്ക്ക് തലക്കെട്ട് കൊടുത്തിരുന്നു. 'വാന്‍ഗോഗിന്റെ ചെവി'യുടെ പ്രകാശന സമയത്ത് സുഭാഷ് ചന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ 'റിപ്പബ്ലിക്' എന്ന കഥയ്ക്ക് ആദ്യം കൊടുത്തിരുന്ന ടൈറ്റില്‍ 'ജീവിതോത്സവം' എന്നായിരുന്നു എന്നാണ്. അന്നതു കേട്ടപ്പോള്‍ വിസ്മയം തോന്നി.

കഥകള്‍ക്ക് തലക്കെട്ട് ഇടുന്നത് ഏറെ ആസ്വദിച്ചു ചെയ്യുന്ന ആളാണ്. കഥയുടെ പ്രധാന ഞരമ്പാണ് തലക്കെട്ട്. തലക്കെട്ടിലൂടെ, കഥയുടെ ആദ്യ വാചകങ്ങളിലൂടെ വായനക്കാരുടെ ഹൃദയത്തിലേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആ കഥ ഒന്നിനും കൊള്ളില്ല എന്ന തോന്നലാണ്.

 

* മലയാള ചെറുകഥ മാത്രമല്ല. ഇന്ത്യന്‍ ജീവിതകഥയും പാടേ മാറിയിരിക്കുന്നു. ഫാസിസവും കൊറോണയും വിലക്കയറ്റവും എല്ലാമടങ്ങുന്ന ഒരു ഭീതിയുടെ നിഴലിലാണ് രാജ്യം കടന്നു പോകുന്നത്. ഇവിടെ എഴുത്തുകാരന് പ്രത്യേകമായി എന്തെങ്കിലും ദൗത്യമുണ്ടോ?

ഫാസിസത്തിന്റേയും അടിയന്തരാവസ്ഥയുടെയും ഒരു പുതിയ ഭാവമാറ്റത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അച്ചടക്കം ശീലിപ്പിക്കുക എന്നുള്ളതാണ് ഫാസിസത്തിന്റെ പ്രഥമലക്ഷണങ്ങളില്‍ ഒന്ന്. ആദ്യം നോട്ടു നിരോധനത്തിലൂടെയും പിന്നീട് ലോക്ഡൗണിലൂടെയും നാമത് ഭംഗിയായി ശീലിച്ചു കഴിഞ്ഞു. എങ്ങനെ ഭംഗിയായി കുനിയാം എന്നും ഇരിക്കാം എന്നും കിടക്കാം എന്നും  നിശബ്ദനാവാം എന്നും നാം പരിശീലിച്ചു കൊണ്ടേയിരിക്കുന്നു.

മഹാവ്യാധിയുടെ, സാമ്പത്തികാവസ്ഥയുടെ, തുടര്‍ നിയമാവലികളുടെ പേരില്‍ ഇങ്ങനെ പുതുമുഖങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന ഹിഡന്‍ എമര്‍ജന്‍സിക്ക് 'ഹിഡന്‍ ട്രാജഡി' എന്നൊരു വിളിപ്പേര്‍ കൂടി ചേര്‍ക്കേണ്ടിവരും. ചരിത്രം പരിശോധിച്ചാല്‍, ഇത്തരം അവസ്ഥകളില്‍ പ്രതിരോധശബ്ദങ്ങള്‍  തീര്‍ത്തിട്ടുള്ള എഴുത്തുകാര്‍ കടുകു -ന്യൂനപക്ഷമേയുള്ളൂ എന്നു കാണാം. നിശബ്ദതയുടെ സംസ്‌കാരം (culture of silence) ഇന്ന് ഒരു ജനതയുടെ പൊതുസ്വഭാവമായി മാറിയിരിക്കുന്നു. ഈ നിശബ്ദത എഴുത്തുകാരും ഒരു മുഖാവരണം പോലെ അണിഞ്ഞു കഴിഞ്ഞു. മുഖം നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് ശബ്ദം കൂടി നഷ്ടപ്പെടുന്ന ഒരു കാലത്തിലേക്കാണ് നാം അതിവേഗം നടക്കുന്നത്. ഇവിടെ എഴുത്തുകാരന്- ഏത് കാലത്തെയും പോലെ- എഴുതി കൊണ്ടിരിക്കുക എന്ന ചരിത്രനിയോഗം മാത്രമേയുള്ളൂ. എഴുത്ത് തന്നെയാണ് സത്യത്തില്‍ എഴുത്തുകാരുടെ ശബ്ദവും രാഷ്ട്രീയവും. ആ ശബ്ദത്തിലാണ് വായനാസമൂഹത്തിന്റെ പ്രതീക്ഷയും.

 

* ഭാവിയിലെ എഴുത്തു പദ്ധതികള്‍ എന്തൊക്കെയാണ്? പുതിയ സര്‍ഗാത്മ പ്രോജക്റ്റുകളെക്കുറിച്ച് കൂടി സംസാരിച്ചുകൊണ്ട് നമുക്കീ സംഭാഷണം തല്‍ക്കാലം അവസാനിപ്പിക്കാമെന്നു തോന്നുന്നു?'

ഒരു ഫുള്‍ ടൈം റൈറ്റര്‍ ആവുക എന്നുള്ളതാണ് എന്റെ എന്നത്തെയും (നടക്കാത്ത) ഗംഭീര സ്വപ്നം! അതുകൊണ്ടുതന്നെ ഊണിലും ഉറക്കത്തിലും നടപ്പിലുമെല്ലാം എഴുത്തിനെക്കുറിച്ചാണ് ചിന്ത. രണ്ടു മൂന്നു നോവലുകള്‍ വര്‍ഷങ്ങളായി ആലോചിക്കുന്നു. അതിലൊന്ന് 'മരങ്ങളുടെ ലൈബ്രറി' എന്ന പേരില്‍ എഴുതി തുടങ്ങിയിട്ടുണ്ട്. ദല്‍ഹി ജീവിതവും ഫ്രീ പ്രസ് കാലവും പ്രമേയമാക്കി എഴുതാനുദ്ദേശിക്കുന്ന 'റംസാന്‍' എന്നൊരു നോവലിന്റെ വിഭവ ശേഖരണവും സമാന്തരമായി നടക്കുന്നു. 'മൂന്ന്' എന്ന നോവലിന്റെ രണ്ടാംഭാഗം എത്രയോ കാലമായി എഴുതാന്‍ കരുതി വെച്ചതാണ്. 'പ്രേമം പി.ഒ.' എന്നാണ് വര്‍ക്കിംഗ് ടൈറ്റില്‍. ബാലസാഹിത്യമാണ് എഴുതാന്‍ കൊതിയുള്ള മറ്റൊരു രചനാ വിഭാഗം. ടുട്ടു ജേണലിസ്റ്റ് പരമ്പരയില്‍ രണ്ടാം പുസ്തകം തയ്യാറായിക്കൊണ്ടിരിക്കുന്നു

'മാസ്‌കുകളുടെ നൃത്തം', 'എസ്.എം.എസ്. ബിരിയാണി' തുടങ്ങിയ പുസ്തകങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. ചില അക്കാദമിക് ഗ്രന്ഥങ്ങളും.'അനിഷ്ടങ്ങളുടെ പുസ്തക'മാണ് പുറത്തു വരാന്‍ കൊതിയോടെ കാത്തിരിക്കുന്ന മറ്റൊരു വര്‍ക്ക്. നടന്‍ ഫഹദ് ഫാസിലിനെ കുറിച്ചും ഒരു പുസ്തകം എഡിറ്റ് ചെയ്യുന്നു. സമകാലിക ഇന്ത്യന്‍ ജേണലിസത്തെ കുറിച്ച് വിനോദ് കെ. ജോസുമായി നടത്തുന്ന ദീര്‍ഘസംഭാഷണങ്ങളുടെ പുസ്തകമാണ് മറ്റൊന്ന്.

'സരള ബാര്‍ബര്‍', 'ഓട്ടോറിക്ഷ' തുടങ്ങിയ നോവലെറ്റുകളും പാതിവഴിയിലാണ്. ഇവയെല്ലാം താമസിയാതെ, ഓരോന്നായി എഴുതി തീര്‍ക്കണം എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 1

  • വി.ദിലീപ്

    17/Oct/2021 [02:47-pm]

    ഞാനക്കാലമൊക്കെ ഒന്നോർത്തു പോയി ,ഇപ്പോൾ. അത്രയും ആവേശത്തോടെ നിഷാദും ഞാനുമൊക്കെ കഥയെ പ്രണയിച്ചത്.. പിന്നെ കഥയെ കുറിച്ച് ചിലതും... നന്ദി..