SUBSCRIBE


അഭിമുഖം

or
Author


13th September | Issue 20

കാരക്കോലും മെരുങ്ങുന്ന വാക്കും കവിതയില്‍ 'ഒരാള്‍പ്പൊക്കം'


പ്രസാദ് കാക്കശ്ശേരി / രജിതന്‍ കണ്ടാണശ്ശേരി

ആനച്ചോറുണ്ണുമ്പോഴും മനസ്സ് നിറയെ കവിതകളുമായി ജീവിച്ച്‌, ചങ്ങലക്കിലുക്കത്തിനും ഉള്‍ഭയങ്ങള്‍ക്കുമൊപ്പം കാരക്കോലും കവിതയും കൈവിടാതെ കൊണ്ടുനടന്ന അനുഭവങ്ങളെ കുറിച്ച് കവി ഗുരുവായൂർ കൃഷ്ണൻ കുട്ടി സംസാരിക്കുന്നു. ഗുരുവായൂർ കൃഷ്ണൻ കുട്ടിയുമായുമുള്ള അഭിമുഖം രണ്ടു ലക്കങ്ങളിലായി വായിക്കാം.

image_src


"കാണികളാഹ്ലാദത്തിന്‍ പൂവിളി ഉയര്‍ത്തുമ്പോ-

ളാനക്കാരനുനെഞ്ചില്‍ ഭീതി തന്നിലത്താളം

ഉത്സവ ലഹരിയില്‍ മുഴുകും കാഴ്ചക്കാരി-

ലെത്ര പേരറിവോരീപ്പാപ്പാന്റെ മനോദുഃഖം"

('ആനക്കാരന്‍' - ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടി)

ആനച്ചോറുണ്ണുമ്പോഴും കവിതയായിരുന്നു മനസ്സുനിറയെ. ചങ്ങലക്കിലുക്കത്തിനും ഉള്‍ഭയങ്ങള്‍ക്കുമൊപ്പം കാരക്കോലുമേന്തി ദത്തശ്രദ്ധനായി പാപ്പാന്‍. 'സഹ്യനേക്കാള്‍ തലപ്പൊക്ക'മുള്ള മതിവരാത്ത വിസ്മയത്തിനൊപ്പം ഉത്സവങ്ങള്‍ക്കും കൊടിയേറ്റങ്ങള്‍ക്കും നിതാന്തസാക്ഷിയായി. കൊട്ടും കുരവയും ആര്‍പ്പും മേളിച്ച പുരുഷാരത്തിന്റെ നിറവില്‍, ഗജവിസ്തൃതിയുടെ നാലുകാല്‍ നിഴലില്‍ ഏകാകിയായി വിചാരങ്ങള്‍ക്ക് ലാവണ്യസാരം പകര്‍ന്നു കവി ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടി. ആനയുടെ ഇടത്തോരത്തുനിന്ന് അരുമക്കുഞ്ഞെന്ന പോലെ താലോലിച്ച്, ക്ഷണനേരത്തില്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന ഉള്‍ഭയത്തെ കല്ലെറിഞ്ഞോടിച്ച് വാക്കില്‍ അഭയവും സ്വാസ്ഥ്യവും തേടി കവി.

ഗുരുവായൂര്‍ ദേവസ്വത്തില്‍ മുപ്പതോളം വര്‍ഷം ആനപ്പാപ്പാനായി ജോലി ചെയ്ത, വാക്കിനെ മെരുക്കി ബദല്‍ സര്‍ഗ്ഗജീവിതം സാധ്യമാക്കിയതിന്റെ നേര്‍സാക്ഷ്യമാണ്- 'പുനര്‍ജനി', 'കല്ലുകളില്‍ കാണുന്നത്', 'വൈകി വന്ന ഒരാള്‍' എന്നീ മൂന്ന് കവിത സമാഹാരങ്ങള്‍. ഗജശ്രേഷ്ഠന്മാരെപ്പറ്റി കാവ്യഭാഷയുടെ സ്പര്‍ശമുള്ള ഗദ്യത്തില്‍ കുറിച്ചിട്ട 'ആലവട്ടം' എന്ന സവിശേഷ പുസ്തകം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മനോഹരന്‍ വി. പേരകത്തിന്‍റെ 'ചാത്തച്ചന്‍' എന്ന നോവലില്‍ കവിയും ആനക്കാരനുമായി, മാറുന്ന കാലത്തിന്റെ നേര്‍സാക്ഷിയായി ഒരു കഥാപാത്രം. ജീവിതത്തെ സര്‍ഗ്ഗാത്മകമായി രേഖപ്പെടുത്തിയതിന്റെ നീക്കിയിരിപ്പുകള്‍. കവിതക്ക് ആര്‍.കെ.എസ്സ് വല്ലപ്പാട് എൻഡോവ്മെന്റ്, യുവ കലാ സാഹിതി പുരസ്കാരം, 2007ലെ അറ്റ്ലസ് കൈരളി പുരസ്ക്കാരം എന്നിവ തേടി വന്ന അംഗീകാരങ്ങള്‍.

 

 

അനുഭവ സ്പര്‍ശമുള്ള ബോധ്യങ്ങള്‍ വാക്കുകളില്‍ പകര്‍ന്ന് കവിത പോലെ ജീവിക്കുന്ന ഒരാള്‍. എഴുതപ്പെട്ട ഒരുവാക്കും പാഴാവുകയില്ലെന്ന പൊരുളില്‍ ധ്വനി സാന്ദ്രമായി തലയെടുപ്പോടെ നില്‍ക്കുന്ന കവിതകള്‍. ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടിയുടെ കവിതകളെ കുറിച്ച് ഡോ.എം. ലീലാവതി ഇങ്ങനെ പറഞ്ഞു: "ജീവിത വീക്ഷണത്തിന്റെ ആര്‍ദ്രതയും ഭാവബന്ധത്തിന്റെ ആഴവും ശബ്ദഘടനയുടെ അലയൊലി ചന്തവും തികഞ്ഞ വറ്റാത്ത പുഴ"യാണ് കൃഷ്ണന്‍കുട്ടിയുടെ കവിത. 

"വിശപ്പും ദാഹവും കെടുത്തുന്ന പുഴ

വിരിപ്പും പുഞ്ചയും നനയ്ക്കുന്ന പുഴ

മരിക്കുവോര്‍ക്കിടം കൊടുക്കുന്ന പുഴ

നിനച്ചു കണ്ണുനീരൊഴുക്കുന്ന പുഴ" കവിതയിലെ വരികള്‍ ഉദ്ധരിച്ച് ലീലാവതി ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു, ഇത് കൃഷ്ണന്‍കുട്ടിയുടെ കവിതക്ക് കൂടിയുള്ള വിശേഷണമാണ്. 

ജീവനില്ലാത്ത വാക്കുകള്‍കൊണ്ട്, ദുര്‍ഗ്രഹസങ്കീര്‍ണ്ണ ഘടനാ വിശേഷം കൊണ്ട് കെട്ടിയൊരുക്കുന്ന കവിതയുടെ സമകാലിക ജഢത്വത്തില്‍ നിന്ന് വിടുതല്‍ നേടിയ കവിതകളാണ് അദ്ദേഹത്തിന്റെത്. ഔപചാരിക വിദ്യാഭ്യാസത്തിലൂടെയല്ലാതെ ആര്‍ജിച്ച സഹൃദയത്വവും ഭാഷാ ശേഷിയും സര്‍ഗ്ഗബോധ്യവും കൊണ്ട് വൈകാരികമായും അര്‍ത്ഥസാന്ദ്രമായും ഭാവുകനെ അഭിസംബോധന ചെയ്യുന്ന കവിതകള്‍. "കപട ഗൗരവവും, ബൗദ്ധിക പരിവേഷവുമില്ലാതെ വാച്യതലത്തില്‍ തന്നെ വിലയം പ്രാപിക്കുന്ന മൗനാര്‍ത്ഥങ്ങളാണ് ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടിയുടെ കവിതകള്‍ എന്ന് ഡി. വിനയചന്ദ്രനും അഭിപ്രായപ്പെട്ടിട്ടുണ്ട് (അവതാരിക - കല്ലുകളില്‍ കാണുന്നത്).

ഉള്ള് നീറ്റിയ വേദനകളും ഉദാത്തമാനവിക സങ്കല്‍പ്പനങ്ങളും അനുകമ്പാഭരിതമായ സ്പര്‍ശനങ്ങളും ജീവിത പ്രതീക്ഷകളും ശുഭകാലത്തെ കുറിച്ചുള്ള ആകാംക്ഷയും നിറഞ്ഞ ഭാവതലത്തെ ഹൃദയപൂര്‍വ്വം ചേര്‍ത്തുവെക്കുന്ന വാക്കുകളുടെ 'പുനര്‍ജനി' കൂടിയാണ് ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടിയുടെ കവിതകള്‍. സത്യ-ധര്‍മ്മങ്ങള്‍ ഹിരണ്യപാത്രങ്ങളാല്‍ മൂടിക്കിടക്കുന്നതും നീതി തുലാസിന്റെ തട്ടില്‍ ഗാന്ധിത്തല ചിരിക്കുന്നതും ത്യാഗത്തെ കുത്തി കുടല്‍ ചോര്‍ക്കുന്നതും, നാറാണത്ത് നേരുപോലെ കണ്ട് ഇന്നിന്റെ രോഷങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു കവി. പുരാണസാരവും നാട്ടോര്‍മ്മയും പാരിസ്ഥിതികാവബോധവും നിസ്വജീവിതാഭിമുഖ്യവും കവിതകള്‍ക്ക് വിഷയമാകുന്നുണ്ട്.

"നിറവില്‍ നിന്നുയിര്‍ക്കൊള്ളുന്ന ചെങ്കതിര്‍

ചിതറിയെത്തുന്ന പുത്തനുഷസ്സിന്‍റെ

പടവിലേക്കിനി നമ്മള്‍തന്‍ യാത്രകള്‍

വരിക സ്നേഹിതാ നിന്നെ ക്ഷണിപ്പൂ ഞാന്‍"

(പീഡിതന്റെ യാത്രകള്‍)

അര്‍ത്ഥം പൂക്കുന്ന വാക്കിന്റെ ചില്ലകളില്‍, പാടും കിളിയൊച്ച കേള്‍ക്കാന്‍ സര്‍ഗ്ഗഭാവങ്ങളുടെ നന്മമരച്ചുവടുകളിലേക്ക് ക്ഷണിക്കുകയാണ് ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടിയുടെ കവിതകള്‍. 

 

 

മുന്നിലിരിക്കുന്ന 68കാരനായ ഈ മനുഷ്യന്‍ പ്രാഥമിക വിദ്യാഭ്യാസം പോലും നഷ്ടപ്പെട്ടവനാണ്. ബാല്യത്തിന്റെ സൗന്ദര്യഗന്ധങ്ങളൊന്നും ഏശാത്തവനും, കുരുന്നിലെ കുടുംബവും, സമൂഹവും കാട്ടിത്തന്ന തീയുലകളില്‍ കരുവാളിച്ച് പോയവനുമാണ്. അങ്ങനെയൊരാള്‍ സസന്തോഷം ജീവിക്കുന്നു എന്നത് തന്നെ വലിയ കാര്യമാകുന്നു. അയാള്‍ കടന്നുവരാത്ത വഴികളില്ല. മുന്നില്‍ തുറന്ന വെളിച്ചം വീണ് കിടന്ന വഴികളിലൂടെയെല്ലാം അയാള്‍ നടന്നു. എങ്ങനെയും ജീവിക്കണം, അയാള്‍ കൂലി പണിക്കാരനായി, അരിവെപ്പുകാരനായി. ഹോട്ടല്‍ പണി, വീട്ടുകാര്യസ്ഥന്‍, ആനപ്പണി എല്ലാം വഴങ്ങി. ആന പാപ്പാന്റെ ജോലിയില്‍ നിന്നും വിരമിച്ച്, മനസ്സില്‍ കവിതക്ക് മാത്രം ഇടംകൊടുത്ത് പിന്നിട്ട നാള്‍ വഴികളെ ഓര്‍ത്തെടുത്ത് നാളെയിലേക്ക് ജാഗരൂകനാകുന്ന കവി ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടിയുമായി ഒരു പകല്‍ നേരം സംസാരിച്ചതിന്റെ സാക്ഷ്യം. കൊലച്ചോറിനും കവിതയുടെ അലച്ചിലിനുമിടയില്‍ ഉള്ളുതുറന്ന വാക്കുകള്‍.

കവിവഴി

*ഒരു മനുഷ്യായുസ്സില്‍ രണ്ട് ജീവിതവൃത്തികള്‍ - ആനയ്ക്കും കവിതയ്ക്കുമൊപ്പം. ആനയ്ക്കുമുന്‍പേ കവിതയുടെ കൂട്ടുണ്ടായിരുന്നുവെന്ന് കരുതുന്നു. കവിതയോടൊത്തുള്ള സഞ്ചാരങ്ങള്‍?

പതിനാറ് പതിനേഴ് വയസ്സില്‍ എഴുതുമായിരുന്നു. കവിതയെന്ന് വിളിക്കാനാവില്ല. ചില വരികള്‍. അന്ന് എന്റെ നാടായ കര്‍ക്കിടാംകുന്നില്‍ നല്ലൂര്‍പിള്ളി മനയ്ക്കല്‍ ഒരു സുഹൃത്സംഘം ഇടയ്ക്ക് ചേരും. സമപ്രായക്കാരായ കുറച്ച് പേര്‍. കഥ, കവിത, അക്ഷരശ്ലോകം, ഇത്യാദി അവതരിപ്പിക്കും. ഞാനതില്‍ പങ്കുകൊണ്ടിരുന്നു. എന്തെങ്കിലും വരികള്‍ കുറിക്കുമെന്ന് പുറത്തു പറയാന്‍ ലജ്ജയുണ്ടായിരുന്നു. ഒരിക്കല്‍ എന്റെ സുഹൃത്തായ അന്ന് മലയാളം വിദ്വാന്‍ കോഴ്സിന് പഠിച്ചിരുന്ന എന്‍.പി. മാധവനോട് ചില വരികള്‍ കുറിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നോക്കട്ടെ എന്ന് മാധവന്‍. കയ്യിലില്ല എന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ പോയി എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു. മാധവന്‍ അത് വായിച്ച് നോക്കി. അലനല്ലൂര്‍ കലാസമിതി ആൻഡ് റീഡിംഗ് റൂം സംഘടിപ്പിക്കുന്ന മത്സരത്തിനയക്കാന്‍ പറഞ്ഞു. ഒരു പെണ്‍കുട്ടിയും ഞാനും തമ്മിലുള്ള ഇഷ്ടം വിവാഹത്തിലെത്താതെ പിരിഞ്ഞതിന്റെ വിഷയമായിരുന്നു കവിതയില്‍. കവിതയ്ക്ക് ആദ്യം ഇട്ടപ്പേര് 'ഓര്‍ക്കുക വല്ലപ്പോഴും' എന്നായിരുന്നു. പിന്നീട് പി.ഭാസ്ക്കരന്‍ മാഷിന്റെ അതേ പേരിലുള്ള കവിതാസമാഹാരം കണ്ടപ്പോൾ "അകലുന്നവര്‍" എന്നാക്കി മാറ്റുകയായിരുന്നു. ആ കവിതയ്ക്ക് മത്സരത്തില്‍ രണ്ടാം സ്ഥാനം കിട്ടി. ഒന്നാം സ്ഥാനം വി.പി.രാമചന്ദ്രനായിരുന്നു. കഥയ്ക്ക് ഒന്നാം സ്ഥാനം കിട്ടിയത് മേലാറ്റൂര്‍ രാധാകൃഷ്ണന്റെ ഭാര്യ രോഹിണി രാധാകൃഷ്ണനായിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ അലങ്കാരങ്ങളില്ലാത്ത എനിക്ക് കവിതക്ക് കിട്ടിയ സമ്മാനം വലിയ പ്രോത്സാഹനമായിരുന്നു. കുമാരനാശാന്റെ "ലീല", ഒളപ്പമണ്ണയുടെ 'നങ്ങേമക്കുട്ടി', അക്കിത്തത്തിന്റെ 'ഉപനയനം', എന്നീ പുസ്തകങ്ങളായിരുന്നു സമ്മാനം കിട്ടിയത്. അവരുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത കവിതയായിരുന്നു ആദ്യമായി അച്ചടിച്ച് വന്നത്. ചെറുപ്പത്തില്‍ മുത്തശ്ശി മുടങ്ങാതെ രാമായണം വായിക്കുന്നത് കേട്ടാണ് ഞാന്‍ വളര്‍ന്നത്. വൈലോപ്പിള്ളിയുടെ 'കയ്പ്പവല്ലരി', 'മാമ്പഴം', ജി.ശങ്കരക്കുറിപ്പിന്റെ 'വിശ്വദര്‍ശനം' തുടങ്ങി ഒട്ടേറെ കവിതകള്‍ വായിച്ചതിന്റെ പ്രേരണയിലാണ് ചില വരികള്‍ കുത്തിക്കുറിക്കാന്‍ തുടങ്ങിയത്. 'അകലുന്നവര്‍' എന്ന കവിതയിലെ വരികള്‍ ഏതുറക്കത്തിലും എനിക്ക് ചൊല്ലാം. അത്രമേല്‍ ഹൃദ്യസ്ഥം -

"ചെമ്പരത്തിപ്പൂമ്പട്ട് പടിഞ്ഞറഴിക്കുമ്പോള്‍

അമ്പിളി വിഹായസ്സിന്‍ മടിയില്‍ ചരിക്കുമ്പോള്‍

അമ്പലത്തിരുമുറ്റത്താല്‍മരച്ചോട്ടില്‍

ദീപമണയാന്‍ തുടങ്ങുമ്പോള്‍

കാണുവാനാശിച്ചു ഞാന്‍

എത്തിയില്ലാരോമലിന്‍ സ്പര്‍ശനമേറ്റില്ലെന്റെ

നിശ്വാസാല്‍ അരയാലിന്‍ പത്രങ്ങള്‍ പൊഴിഞ്ഞുവോ?"

 

 

അച്ഛനും അനിയന്‍ ഗോവിന്ദന്‍കുട്ടിയും ഗുരുവായൂര്‍ ദേവസ്വത്തില്‍ പാപ്പാന്മാരായി ജോലി ചെയ്യുമ്പോള്‍ അവരെ കാണാന്‍ ഇടക്കിടക്ക് ഗുരുവായൂരില്‍ വരും. ഒരിക്കല്‍ ഗുരുവായൂരില്‍ വെച്ച് പുതൂരിനെ കണ്ടു. ഒരു കവിത വായിക്കാന്‍ കൊടുത്തു. വായിച്ച് ഒരു തിരുത്തല്‍ നിര്‍ദ്ദേശിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു. 'ദാഹം, മോഹം' എന്നായിരുന്നു കവിതയുടെ പേര്. പുതുര്‍ 'ദാഹം' മാത്രം മതിയെന്ന് പറഞ്ഞു. ആ കവിത മേലാറ്റൂര്‍ ദേശീയ ഗ്രന്ഥാലയം നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായി. നാട്ടിലെ പണ്ഡിതനും അക്ഷരശ്ലോക വിദഗ്ദനുമായിരുന്ന വാമനന്‍ നമ്പൂതിരി സ്രഗ്ദ്ധര വൃത്തത്തില്‍ കവിത എഴുതി മത്സരത്തിന് അയച്ചിരുന്നു. ഒന്നാം സ്ഥാനം കിട്ടിയത് എനിക്ക്. ഇവന്‍ എന്ത് അത്ഭുതമാ കവിതയില്‍ ചെയ്തതെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. ഗുരുവായൂരില്‍ വന്നപ്പോള്‍ ഞാന്‍ അടുത്തറിഞ്ഞ ആദ്യത്തെ പ്രഗത്ഭ സാഹിത്യകാരന്‍ പുതൂര്‍ ഉണ്ണികൃഷ്ണനായിരുന്നു. ആരെടാ എന്ന് ചോദിച്ചാല്‍ ഞാനെടാ എന്ന് പറയുന്ന പ്രകൃതം. 'നാഴികമണി', 'ബലിക്കല്ല്' എന്നീ കൃതികള്‍ ശ്രദ്ധേയമായി തോന്നിയിട്ടുണ്ട്. ദേവസ്വത്തിന്റെ ദുരധികാരത്തോട് നിര്‍ഭയം പൊരുതിയ മനുഷ്യന്‍. എഴുത്തുകാരന് നട്ടെല്ല് വേണമെന്ന് വാക്കിലും പ്രവൃത്തിയിലും ബോധ്യപ്പെടുത്തിയ പുതൂര്‍.

*ഗുരുവായൂരില്‍ ദേവസ്വം പാപ്പാനായി വന്നപ്പോള്‍ എഴുത്തു ജീവിതത്തിന് ഒരു തുറവി ഉണ്ടായിരിക്കുമെന്ന് കരുതുന്നു. എഴുത്തുകള്‍, എഴുത്തുകാരുമായുള്ള അടുപ്പങ്ങള്‍...

ഗുരുവായൂരില്‍ ആനപ്പാപ്പാനായി വരുമ്പോള്‍ രചനകള്‍, കവിതകള്‍, പെന്‍സില്‍ കൊണ്ടെഴുതിയ നാടകം, അഞ്ചാറ് കഥകള്‍ എല്ലാം ഒരു അട്ടപ്പെട്ടിയിലിട്ട് കൊണ്ടുവന്നു. പാപ്പാനായി ജോലി തുടങ്ങിയപ്പോള്‍ ഇനി എഴുത്തൊന്നും നടക്കില്ല എന്ന് കരുതി അട്ടപ്പെട്ടി വെട്ടിപ്പൊളിച്ച് രചനകള്‍ കത്തിച്ചു. പക്ഷേ ആറ് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും എഴുതിത്തുടങ്ങി. ഗുരുവായൂരില്‍ വെച്ച് പുതൂര്‍, കോവിലന്‍, എം.എന്‍.വിജയന്‍, സുരാസു, ഡി.വിനയചന്ദ്രന്‍, എം.ലീലാവതി എന്നീ എഴുത്തുകാരെ പരിചയപ്പെട്ടു. എഴുത്തുകാരില്‍ ഞാന്‍ കണ്ട ഏറ്റവും സാത്വികനും ധീരനുമായ മനുഷ്യന്‍ എം.എന്‍.വിജയന്‍ മാഷാണ്. കൃഷ്ണൻകുട്ടീ എന്ന് വളരെ വാത്സല്യത്തോടെ വിജയന്‍മാഷ് വിളിക്കുമായിരുന്നു. ക്ഷിപ്രകോപിയായി ചിലര്‍ കരുതുന്ന കോവിലന്‍ എന്നെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. അരിയന്നൂര്‍ ഹരികന്യകാക്ഷേത്രത്തില്‍ ഉത്സവത്തിന് ആനയെ കൊണ്ടുപോയി തളച്ച് കോവിലനെ കാണാന്‍ കണ്ടാണശ്ശേരിയിലെ വീട്ടില്‍ ചെന്നു. ഞാനന്ന് മദ്യപിക്കുന്ന കാലം. നാല് കാലില്‍ എത്തിയ എന്നെ കോവിലന്‍ ഇറക്കി വിട്ടില്ലെന്ന് മാത്രമല്ല, കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രത്യേകം പരിഗണിച്ചു. ഇപ്പോഴും ഓര്‍മ്മയിലുണ്ട് - ഒരിക്കല്‍ വിജയന്‍ വള്ളിക്കാവുമൊത്ത് അദ്ദേഹത്തിന്‍റെ 'ആറാംവരവ്' എന്ന പുസ്തകം കോവിലന് കൊടുക്കാന്‍ ചെന്നു. സഞ്ചിയില്‍ നിന്ന് പുസ്തകമെടുത്ത് വിജയന്‍ വള്ളിക്കാവ് കോവിലന് നീട്ടി - ഇതാ ചില പട്ടാളക്കവിതകള്‍ എന്ന് പറഞ്ഞു. പട്ടാളക്കവിതയോ, പട്ടാളക്കാരന്‍ എഴുതിയാല്‍ പട്ടാളക്കവിതയും വിറകുവെട്ടി എഴുതിയാല്‍ വിറകുവെട്ടി കവിതയും ആകുമോ? പിന്നെ എന്നെ ചൂണ്ടിപ്പറഞ്ഞു, ഇദ്ദേഹം ആനക്കാരനാണ്, ഇദ്ദേഹത്തിന്റെതെല്ലാം ആനക്കവിതയാകുമോ? - കോവിലന്‍ പൊട്ടിത്തെറിച്ചു. ഞങ്ങള്‍ സ്തബ്ധരായി. എല്ലാം കഴിഞ്ഞ് കോവിലന്‍ തണുക്കുകയും ചെയ്തു. മരണം വരെയും കറുത്തൊരു വാക്ക് എന്നോട് പറഞ്ഞിട്ടില്ല, ആ വലിയ മനുഷ്യന്‍.

'ആത്മഹത്യ ചെയ്യാന്‍ എനിക്ക് പേടിയാ' എന്ന് അവസാനമായിപ്പറഞ്ഞ സുരാസു വീട്ടിലെ ഒരംഗം പോലെയായിരുന്നു. ദിവസങ്ങളോളം വീട്ടില്‍ താമസിക്കുമായിരുന്നു. ആ മനുഷ്യന്‍ സ്വയം ഇല്ലാതാക്കിയത് ഓര്‍ക്കാനേ വയ്യ. 'വിശ്വരൂപം' എന്ന ഒറ്റ നാടകം മതി അദ്ദേഹം ഓര്‍മ്മിക്കപ്പെടാന്‍.

ഗുരുവായൂരിലെ സാംസ്കാരിക പരിപാടികളില്‍ സംബന്ധിക്കാന്‍ വരുമ്പോള്‍ ഡി.വിനയചന്ദ്രന്‍ എന്നെ വിളിക്കും. പാഞ്ചജന്യത്തില്‍ നിന്നായിരിക്കും വിളി വരുന്നത്. ഞാനുടനെ അവിടെയെത്തും. പാഞ്ചജന്യം ഗസ്റ്റ്ഹൗസില്‍ രാവ് തീരുവോളം കവിതയെപ്പറ്റി സംസാരിച്ചും കവിത ചൊല്ലിയും ഞങ്ങളിരിക്കും. വലിപ്പചെറുപ്പങ്ങളില്ലാതെ ഇടപെട്ട ഒരാള്‍. കവിത ഒന്ന് മാത്രമായിരുന്ന അടുപ്പം. 'വീട്ടിലേക്കുള്ള വഴി' എന്ന ഒറ്റക്കവിതമതി അദ്ദേഹത്തെ എന്നും ഓര്‍ക്കാന്‍. എന്റെ 'കല്ലുകളില്‍ കാണുന്നത്' എന്ന പുസ്തകത്തിന് അവതാരിക എഴുതിയതും ഡി.വിനയചന്ദ്രനാണ്. അന്നേരം എന്റെ 'മഴ' എന്ന കവിത മുഴുവന്‍ ചൊല്ലുകയും, എന്റെയോ സുഗതകുമാരിയുടേയോ മഴയല്ല ഇത് എന്ന് പറയുകയും ചെയ്തു. 

 

 

ഗുരുവായൂരില്‍ റഹ്മാന്‍ തിരുനെല്ലൂര്‍, മനോഹരന്‍ വി. പേരകം, ദിനേശ് രാജ, ഇ.ജിനന്‍, ഫാസില്‍, ശ്രീഹരി ചൊവ്വല്ലൂര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് താവളം സാഹിത്യവേദി രൂപീകരിച്ചു. പ്രതിമാസ പരിപാടിയായി രചനാവതരണവും മൂന്ന് ദിവസം നീണ്ടുനിന്ന കഥാശില്‍പ്പശാലയും സംഘടിപ്പിക്കാന്‍ സാധിച്ചു. കവിയും നിരൂപകനുമായ രാധാകൃഷ്ണന്‍ കാക്കശ്ശേരി മാഷ് രചനകളെ വിശകലനം ചെയ്യുമായിരുന്നു. താവളം സാഹിത്യവേദിയുടെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. ഗുരുവായൂര്‍ ദേവസ്വം 'ഭക്തപ്രിയ' മാസികയില്‍ കവിതകളും ആനകളെക്കുറിച്ച് ലേഖനങ്ങളും എഴുതിയിരുന്നു.

കവിത കൂടാതെ നാടകവും എഴുതിയിട്ടുണ്ട് - അവസ്ഥാന്തരം, ഇരുപത്തിയേഴ് സ്റ്റേജില്‍ അവതരിക്കപ്പെട്ടു. ഈ പ്രൊഫഷണല്‍ നാടകത്തിന്റെ സംവിധാനവും നിര്‍വ്വഹിച്ചു. 

'വൈകി വന്ന ഒരാള്‍' എന്ന കവിതാസമാഹാരത്തിന് അവതാരിക എഴുതി അനുഗ്രഹിച്ചു ഡോ.എം.ലീലാവതി. എന്റെ നാട്ടുകാരനാ എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തും ലീലാവതി ടീച്ചര്‍. 'മലയാള കവിതാസാഹിത്യചരിത്ര'മെന്ന പുസ്തകത്തില്‍ എന്റെ കവിതകളെ കുറിച്ച് പരാമര്‍ശിച്ച ടീച്ചറോട് വലിയ ആദരവുണ്ട്.

*ആനയോടൊത്തുള്ള സാഹസിക ജീവിതത്തിനിടയില്‍ കവിതയെഴുതാനും ചിന്തിക്കാനും ഇടം കണ്ടെത്തിയതില്‍ അത്ഭുതമുണ്ട്. മനസ്സില്‍ നിന്ന് കടലാസ്സിലേക്ക് രൂപപ്പെട്ട കവിതയുടെ വഴികള്‍ ഓര്‍ത്തെടുക്കാമോ?

ആനപ്പാപ്പാനായി ജീവിതം തുടങ്ങിയിട്ട് വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് 'ആനക്കാരന്‍' എന്ന കവിത എഴുതിയത്. ഏകദ്ദേശം ഇരുന്നൂറോളം വേദികളില്‍ ആ കവിത ചൊല്ലിയിട്ടുണ്ട്. ഞാന്‍ കോതച്ചിറയില്‍ താമസിക്കുന്ന കാലം. ഒറ്റപ്പിലാവില്‍ നിന്ന് തിപ്പിലശ്ശേരിവഴി കോതച്ചിറയിലേക്ക് പോകുന്നവഴിയില്‍ പെരിങ്ങാട് സ്കൂളില്‍ പൂമുള്ളി ഗണേശന്‍ എന്ന ആനയുടെ പ്രതിമ കണ്ടു. നിത്യമെന്നോണം ഗുരുവായൂര്‍ കേശവന്‍റെ പ്രതിമ കണ്ടിട്ടും തോന്നാത്ത ചില വിചാരങ്ങള്‍ അന്നേരം മനസ്സിലുണ്ടായി. അവ വരികളായി ഉരുവം കൊണ്ടപ്പോള്‍ ഉടന്‍ തന്നെ ഉള്ളം കയ്യില്‍ ആദ്യത്തെ നാല് വരി കുറിച്ചിട്ടു.

"വടിയും നിലത്തൂന്നി, ആനതന്‍ ഇടതോര-

ത്തരുമക്കുഞ്ഞെന്ന പോലാനയെ താലോലിച്ചും

ക്ഷണനേരത്തില്‍ കടന്നാക്രമിച്ചേക്കാമെന്ന

വ്യഥയാലകം നൊന്തും വിഷണ്ണഭാവത്തോടും"

വീട്ടില്‍ വന്ന് പട്ടി കടിച്ച് നാശമാക്കിയ മരമേശയും തുരുമ്പ് കസേരയും വലിച്ചിട്ട് എഴുതാന്‍ തുടങ്ങി. മക്കളോട് അച്ഛന്‍ ഒരു കവിതയെഴുതാനിരിക്ക്യാണ് ശല്യം ചെയ്യരുത് എന്ന് പറഞ്ഞു. അങ്ങനെ രണ്ടര മണിക്കൂര്‍ കൊണ്ട് ഒറ്റയിരിപ്പില്‍ പൂര്‍ത്തീകരിച്ചതാണ്. 'ആനക്കാരന്‍' എന്ന കവിത പന്ത്രണ്ടു മണിക്ക് ആരംഭിച്ച് 'ആനക്കാരനെ മറന്നേക്കാം' എന്ന അവസാന വരി എഴുതുമ്പോള്‍ കൃത്യം രണ്ടര മണി.

കീഴാള ജീവിതത്തിന്റെ പ്രതിരോധ വീര്യങ്ങളെക്കുറിച്ചുള്ള ആലോചനയില്‍ നിന്നാണ് 'പുലിക്കരണം' എന്ന കവിതയുടെ പിറവി. ഗുരുവായൂരില്‍ നിന്നും കോട്ടയിലേക്ക് വരുമ്പോള്‍ താമരയൂര്‍ പാടത്ത് വെച്ചാണ് കവിത നാമ്പെടുത്തത്. അപ്പോള്‍ തന്നെ സൈക്കിളില്‍ ഒറ്റക്കാല്‍ കുത്തി കീശയില്‍ നിന്ന് സിഗരറ്റ് കൂടെടുത്ത് പൊളിച്ച് വെളുത്ത പ്രതലത്തില്‍ വരികള്‍ കുറിച്ചു. 

"പുലിയിറങ്ങുന്നു പുലയന്‍കുന്നിന്റെ

ചരുവിലിപ്പോഴും പുലി കറങ്ങുന്നു.

സ്മൃതിച്ചെരാതിലെ തിരി തെളിച്ചു ഞാന്‍

പഴമൊഴിക്കഥ പരതി നോക്കുന്നു."

 

 

1995ല്‍ ഞാന്‍ പൂര്‍ണ്ണമായും മദ്യപാനം നിര്‍ത്തി. ഏകദേശം ഒമ്പതു മാസം കവിതയൊന്നും തോന്നിയില്ല. മദ്യപാനം നിര്‍ത്തിയതിന്റെ ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. 'ഞാനറിയുന്നു' എന്ന ശീര്‍ഷകത്തില്‍ ഒരു കവിതയെഴുതി, നെയ് വിളക്കോട് കൂടി ഗുരുവായൂരപ്പന് സമര്‍പ്പിച്ചപ്പോള്‍ എന്തോ ഒരു ആശ്വാസം മനസ്സില്‍ തോന്നി. 'ഞാനറിയുന്നു' പോലുള്ള കുറെ ഭക്തിപ്രധാന കവിതകള്‍ അക്കാലത്ത് ജനിച്ചു. അത് പുസ്തകമാക്കിയിട്ടില്ല. തുടര്‍ന്നെഴുതിയ 'സാക്ഷികള്‍' എന്ന കവിതയ്ക്ക് ആര്‍.കെ.എസ് വലപ്പാട് എന്‍ഡോവ്മെന്റ് ലഭിച്ചു. 'സാക്ഷികള്‍' അടക്കം നിരവധി കവിതകള്‍ ആകാശവാണിയിലും പൊതുവേദികളിലും 91 മുതല്‍ 2016 വരെ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ കവിതയുടെ വരവിലും കൃത്യമായി തിട്ടപ്പെടുത്താനാവാത്ത ഒട്ടേറെ കാരണങ്ങളുണ്ടെന്ന് തോന്നിയിട്ടുണ്ട്.

അടുത്ത ലക്കത്തിൽ - ആനയോടൊപ്പം ഒരു കവിയുടെ ജീവിതം