SUBSCRIBE


അഭിമുഖം

or
Author


14th September | Issue 20

കൊലച്ചോറുണ്ട നാളുകൾ : ആനയോടൊപ്പം ഒരു കവിജീവിതം


പ്രസാദ് കാക്കശ്ശേരി / രജിതന്‍ കണ്ടാണശ്ശേരി

ആനകളെക്കുറിച്ച് അങ്ങനെ കുറേ പഠിച്ചു. മുഴുവന്‍ മനസ്സിലാക്കാനായില്ല, 'മുനികള്‍ക്കും തിരിഞ്ഞിടാ, മാതംഗശാസ്ത്രം പറയുന്നു. അതെഴുതിയവര്‍ക്ക്' പോലും ആനകളുടെ അവസ്ഥകളോ സ്വഭാവ സവിശേഷതകളോ പൂര്‍ണ്ണമായി മനസ്സിലാക്കാനായിട്ടില്ല. എനിക്ക് മനസ്സിലായ കാര്യം, ആന എത്ര ഇണങ്ങി എന്ന് പാപ്പാന് തോന്നിയാലും യഥാര്‍ത്ഥത്തില്‍ മനുഷ്യനുമായി പൂര്‍ണ്ണ സഹകരണത്തിലല്ല. സ്വാഭാവികമായ ചില നീക്കുപോക്കുകളുടെ ഭാഗമായി മനുഷ്യന്‍ പറയുന്നത് അനുസരിക്കുന്നു എന്ന് മാത്രം. അതൊരു കാട്ടുമൃഗമാണ്. അതിനെ ചതിയില്‍ കുടുക്കി പിടിച്ചെടുത്ത് മെരുക്കി നമ്മുടേതാക്കി മാറ്റിയിരിക്കുകയാണ്. കാട്ടില്‍ തിരിച്ചു വിട്ടാല്‍ സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്തത്ര ദയനീയമാണതിന്‍റെ അവസ്ഥ. നാട്ടില്‍ ഭക്ഷണത്തിനും വെള്ളത്തിനുമായി മനുഷ്യനെ ആശ്രയിക്കേണ്ടിവരുന്നു. അപ്പോള്‍ അവനോട് ചേര്‍ന്ന് നില്‍ക്കണം എന്ന് ആനക്കറിയാം...

image_src


കഴിഞ്ഞ ലക്കത്തിന്റെ തുടർച്ച..

 

*'ആലവട്ടം' എന്ന കൈരളി ബുക്സ് കണ്ണൂര്‍ (മാര്‍ച്ച് 2012) പ്രസിദ്ധപ്പെടുത്തിയ ആനക്കാര്യങ്ങളുടെ പുസ്തകത്തിലേക്ക് വരുമ്പോള്‍ ആനകളെ പ്രണയിക്കുകയും ആ ജിവിയുടെ അവസ്ഥകളെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു വ്യക്തിയായി രചയിതാവ് രൂപപ്പെടുന്നു. ആനകളെക്കുറിച്ച് ഒരു ശരാശരി മലയാളി അറിഞ്ഞിരിക്കേണ്ട സകലതും ഇവിടെ വിശദീകരിക്കുന്നു. ആനപ്രേമം ആനപ്പാപ്പന്‍ എന്ന ഔദ്യോഗിക പദവിക്കുശേഷം രൂപപ്പെട്ടതാണോ?

അല്ല. ആനപ്പണിക്ക് 1979 ഫെബ്രുവരി നാലാം തിയ്യതി ഇറങ്ങുമ്പോള്‍ ഞാന്‍ തീരുമാനിച്ചു. ഇനി ഇതില്‍ മുഴുകണം എന്ന്. യഥാര്‍ത്ഥ ആനക്കാരനാവണം. എനിക്കാണെങ്കില്‍ അതില്‍ പാരമ്പര്യവും ഉണ്ട്. എന്റെ അനുജന്‍ ഗോവിന്ദന്‍കുട്ടി, അച്ഛന്‍ കൊണ്ടുവന്ന് വളപ്പില്‍ കെട്ടിയിട്ട ആനയുടെ തുമ്പിക്കൈയ്യില്‍ തലവെച്ച് കിടന്നു. അന്നവന് രണ്ടുവയസ്സൊക്കെയേ ഉള്ളൂ. ആന ഒരു മനുഷ്യക്കുട്ടി എന്നല്ല, ഈച്ച വന്നിരുന്ന ഭാവം പോലും കാണിച്ചില്ല. പക്ഷേ ആന ഏതുനിമിഷവും പ്രകോപിതനാകാം എന്നും ആനയുടെ സ്ഥായിയായ ഭാവം 'കാടത്തം' ആണെന്നും എനിക്കറിയാം. അത് ആനപ്പണിയിലൂടെ പഠിച്ചെടുത്തതാണ്, പുസ്തകങ്ങളില്‍ നിന്നല്ല. അനുഭവം നല്‍കിയ അറിവ് എന്നൊക്കെപ്പറയില്ലേ. പിന്നെ ഞങ്ങള്‍ക്ക് ആനക്കോട്ടയില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ ക്ലാസ്സുകള്‍ ഉണ്ടാകും. ദേവസ്വം നടത്തുന്നതാണ്, അത് വലിയ ഗുണം ഉണ്ടാക്കിയിട്ടുണ്ട്.

ആ 'ഇന്‍സര്‍വ്വീസ്' ക്ലാസ്സുകളുടെ സര്‍ട്ടിഫിക്കറ്റുകളൊക്കെ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. ആനകളെക്കുറിച്ച് അങ്ങനെ കുറേ പഠിച്ചു. മുഴുവന്‍ മനസ്സിലാക്കാനായില്ല, 'മുനികള്‍ക്കും തിരിഞ്ഞിടാ, മാതംഗശാസ്ത്രം പറയുന്നു. അതെഴുതിയവര്‍ക്ക്' പോലും ആനകളുടെ അവസ്ഥകളോ സ്വഭാവ സവിശേഷതകളോ പൂര്‍ണ്ണമായി മനസ്സിലാക്കാനായിട്ടില്ല. എനിക്ക് മനസ്സിലായ കാര്യം, ആന എത്ര ഇണങ്ങി എന്ന് പാപ്പാന് തോന്നിയാലും യഥാര്‍ത്ഥത്തില്‍ മനുഷ്യനുമായി പൂര്‍ണ്ണ സഹകരണത്തിലല്ല. സ്വാഭാവികമായ ചില നീക്കുപോക്കുകളുടെ ഭാഗമായി മനുഷ്യന്‍ പറയുന്നത് അനുസരിക്കുന്നു എന്ന് മാത്രം. അതൊരു കാട്ടുമൃഗമാണ്. അതിനെ ചതിയില്‍ കുടുക്കി പിടിച്ചെടുത്ത് മെരുക്കി നമ്മുടേതാക്കി മാറ്റിയിരിക്കുകയാണ്. കാട്ടില്‍ തിരിച്ചു വിട്ടാല്‍ സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്തത്ര ദയനീയമാണതിന്‍റെ അവസ്ഥ. നാട്ടില്‍ ഭക്ഷണത്തിനും വെള്ളത്തിനുമായി മനുഷ്യനെ ആശ്രയിക്കേണ്ടിവരുന്നു. അപ്പോള്‍ അവനോട് ചേര്‍ന്ന് നില്‍ക്കണം എന്ന് ആനക്കറിയാം. 

'കാടാണ് സര്‍വ്വസ്വവുമെന്നോര്‍മ്മയില്‍

ഖിന്നന്‍ നിസ്വന്‍ മൂകമായ് കേഴുന്നു ഞാന്‍

കാനനമെനിക്കന്യം.'

'മോചനം' എന്ന കവിതയില്‍ ഞാനിതെഴുതിയിട്ടുണ്ട്. ആനയുടെ അന്തര്‍ഗതമാണ് ആ കവിത.

*സഹ്യപുത്രന്റെ സകലബലഹീനതകളും 'ആലവട്ട'ത്തിന്റെ മുഖവുരയില്‍ പറഞ്ഞുവെക്കുന്നുണ്ട്. ഉദാഹരണത്തിന് ആനയുടേത് ഒരഞ്ചു വയസ്സുകാരന്റെ ബുദ്ധിയാണെന്നും ചെവികളാട്ടി, തലയുയര്‍ത്തി എഴുന്നള്ളിപ്പുകളില്‍ പങ്കെടുക്കുന്ന ആന യഥാര്‍ത്ഥത്തില്‍ അതിന് ചുറ്റുംനടക്കുന്ന ഇരുകാലികളുടെ ആഘോഷങ്ങള്‍ ആസ്വദിക്കുന്നില്ല, പങ്കെടുക്കുക മാത്രമാണ് ചെയ്യുന്നത് എന്നും പറയുന്നു. ഇവിടെ ഒരാനപ്രേമി എന്നതിനേക്കാള്‍ വനത്തിലെ സ്വാതന്ത്ര്യത്തില്‍ മദിച്ചു നടക്കുന്ന ആനയെ അടുത്തറിയുന്ന ഒരു ജന്തു ശാസ്ത്ര വിദഗ്ദ്ധനായി രചയിതാവ് മാറുന്നു...?

ആലവട്ടത്തിന്‍റെ മുഖവുര എഴുതിക്കഴിഞ്ഞ് ഞാന്‍ എന്‍റെ അടുത്ത സുഹൃത്തും നോവലിസ്റ്റുമായ റഹ്മാന്‍ പി. തിരുനെല്ലൂരിനെ വിളിച്ചു. മുഖവുരയുടെ കാര്യം പറഞ്ഞു. ഇത് ഏകദേശം എട്ടുപേജോളം വരും. റഹ്മാന്‍ അന്ധാളിച്ചു കാണണം. പക്ഷേ വായിക്കാന്‍ കൊടുത്ത് തിരിച്ചു തരുമ്പോള്‍ റഹ്മാന്‍ പറഞ്ഞു, ഇപ്പോഴാണ് ഈ പുസ്തകം പൂര്‍ണ്ണമായത്. ആ അറിവുകള്‍, ഞാന്‍ നേരത്തെ പറഞ്ഞല്ലോ ആനയുടെ കൂടെ നടന്നും, കിടന്നും കലഹിച്ചും അനുസരിപ്പിച്ചും കിട്ടിയ അറിവുകളാണ്.

 

 

*ഇങ്ങനെ വളരെ ശാസ്ത്രീയമായി ആനകളെ വരച്ചു കാണിക്കാന്‍ ശ്രമിക്കുന്ന രചയിതാവ് തന്നെ പല പ്രശസ്തരായ ആനകളുടെ വിവരണങ്ങളില്‍ അമിതാവേശത്തിലേക്ക് പ്രവേശിക്കുന്നു. "എഴുന്നെള്ളിച്ചാല്‍ ഒറ്റ നിലവേയുള്ളൂ രാമചന്ദ്രന്. അത്യാകര്‍ഷകമായ ആ നില്‍പ്പിന് ഒരു രാജകീയ പ്രൗഢി തന്നെയുണ്ട്. മിക്ക ആനകളും നിര്‍ബന്ധപൂര്‍വ്വം നിലവ് നിര്‍ത്തിയാല്‍ ഏതാനും സമയത്തിന് ശേഷം തലതാഴ്ത്തുന്ന പ്രകൃതക്കാരാണ്. എന്നാല്‍ രാമചന്ദ്രന് യാതൊരു നിര്‍ബന്ധവും വേണ്ട. അവനറിയാം എങ്ങനെ നില്‍ക്കണമെന്ന്. എത്രനേരം വേണം തന്റെ മസ്തകം മറ്റേതിനേക്കാളും പൊക്കത്തിലെന്ന്. ആരാധകരുടെ സന്തോഷത്തിന് ഹാനി സംഭവിച്ച് കൂടെന്നും അതിന് താന്‍ നിമിത്തമാകരുതെന്നുമുള്ള ഉത്തമബോധ്യം രാമചന്ദ്രനുണ്ട്" (ആലവട്ടം, കൈരളി ബുക്സ്, കണ്ണൂര്‍, പേജ് 20) അഞ്ചുവയസ്സുകാരന്റെ ബുദ്ധിമാത്രമുള്ള ഈ മൃഗത്തിന് ഇങ്ങനെ ചിന്തിക്കാനാകുമോ?

അത്... അത് ഞാന്‍ പറയാം. ഒരുദാഹരണം ദേവസ്വത്തിന്റെ 'ഭക്തപ്രിയ'യില്‍ ഞാന്‍ ആനകളെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്ന കാലത്ത്, എഴുത്തിന് പരിമിതികള്‍ ഉണ്ട് എന്ന കാര്യത്തിലേക്കാണ് വരുന്നത്. ആ സമയം ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രശസ്തനായ ഒരാനയെക്കുറിച്ച് എന്താണെഴുതാത്തത് എന്ന് മാസികയുടെ ചാര്‍ജ്ജ് ഉള്ള വ്യക്തി എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു എഴുതാം. എഴുതാന്‍ പ്രയാസമില്ല. എഴുതുമ്പോള്‍ ആനയുടെ നല്ല വശവും ചീത്ത ഉണ്ടെങ്കില്‍ അതും ഞാനെഴുതും. അങ്ങനെ എഴുതാതിരിക്കാന്‍ എനിക്കാവില്ല. അതുകൊണ്ട് എഴുതാതിരിക്കുന്നതാണ്. അതുപറ്റില്ല എഴുതിയേ പറ്റൂ എന്നദ്ദേഹം. അവസാനം തൊട്ടും തൊടാതെയും എഴുതേണ്ടിവന്നു എനിക്ക്. അപ്പോള്‍ പറഞ്ഞുവന്നത് അതാണ്. ആനകളെക്കുറിച്ച് നല്ലതുമാത്രമേ പറയാവൂ എന്നാണ് മനുഷ്യന്റെ ആഗ്രഹം. ഇതൊരു അലിഖിത നിയമം തന്നെ. കുറച്ചെങ്കിലും നമ്മളതിനോട് അടുത്തുനില്‍ക്കണമല്ലോ. എനിക്ക് പറയാനുള്ളത് ഞാന്‍ എവിടെയെങ്കിലുമൊക്കെ പറഞ്ഞിരിക്കും, 'ആലവട്ട'ത്തിന്റെ മുഖവുര പോലെ.

*ആനകള്‍ക്ക് നാല്‍ക്കവലകളില്‍ സ്മാരകങ്ങള്‍ വരുന്നകാലം വിദൂരമല്ല. കഴിഞ്ഞ തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നമ്മള്‍ കേട്ട വാര്‍ത്തകളില്‍ ഒരു ആന എത്രമാത്രം കേന്ദ്രബിന്ദുവായി മാറ്റപ്പെട്ടു എന്ന് നമ്മള്‍ കണ്ടതാണ്. 'ഐതിഹ്യമാല' അടക്കമുള്ള രചനകളില്‍ ഗജാരാധന ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും മലയാളിയുടെ അന്ധമായ വിശ്വാസത്തില്‍ ആനകളും സ്ഥാനം പിടിക്കുകയാണോ? ഗുരുവായൂര്‍ കേശവന്‍ അടക്കമുള്ള ആനകളും ഓര്‍ക്കപ്പെടേണ്ടതാണ്.

തീര്‍ച്ചയായും, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ ഇനി എഴുന്നള്ളിക്കരുത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആ ആനയ്ക്ക് കിട്ടാവുന്നതിലുമധികം പ്രശസ്തി കിട്ടിക്കഴിഞ്ഞിട്ടുണ്ട്. വേണ്ടത്ര സമ്പാദ്യവും ഉണ്ടാക്കിയിട്ടുണ്ട്. കയറാന്‍ ഇനി സിംഹാസനങ്ങള്‍ ഒന്നുമില്ല. 'ആലവട്ട'ത്തില്‍ ഞാന്‍ എഴുതിയ  പോലെ ലക്ഷണമൊത്ത ആന തന്നെ. ഗജകേസരിപ്പട്ടം ലഭിച്ച ആനയാണ്. ബാക്കിയുള്ള കാലം സ്വസ്ഥമായി ജീവിക്കട്ടെ. അതിനുള്ള സാഹചര്യം ഒരുക്കലാണ് തെച്ചിക്കോട്ടുകാവ് ദേവസ്വം ഇനി ചെയ്യേണ്ടത്. ഇത്രയും പ്രായമായില്ലേ... വാര്‍ദ്ധക്യത്തില്‍ നടക്കാനും വണ്ടിയില്‍ കയറാനുമുള്ള മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍ ആനകള്‍ക്കുണ്ടാവില്ലേ. അതെങ്കിലും പരിഗണിക്കേണ്ടതല്ലേ. ഈ അഭിപ്രായം ജനങ്ങളില്‍ ഏശില്ല, ഒരുപക്ഷേ എന്നെ കേള്‍ക്കുന്ന നിങ്ങള്‍ക്കും സ്വീകാര്യമാവില്ല. ആനയെ വിഗ്രഹമാക്കി മാറ്റുന്നതില്‍ എന്നെപ്പോലുള്ള ആനപ്പണിക്കാരനും സന്തോഷമാണ്. ആനയുടെ പ്രശസ്തി കൂടുന്നത് പാപ്പാനും ഗുണകരമാണ്. 

കേശവന്റെ കാര്യം വ്യത്യസ്തമാണ്. ജീവിച്ചു മരിച്ച മറ്റ് ആനകളുമായി നോക്കുമ്പോള്‍ കേശവന്‍ ഒറ്റപ്പെട്ട ഉദാഹരണമാണ്. കേശവന്റെ സമനില തെറ്റാതെയുള്ള പെരുമാറ്റം ഏവരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ മദപ്പാടില്‍ വിശ്രമിക്കുന്ന കാലത്ത് വേണു നെടുങ്ങാടി എന്ന മാനസിക നില തെറ്റിയ വ്യക്തി ആനപ്പുറത്ത് കയറി നൃത്തം വെക്കാന്‍ തുടങ്ങി. മദപ്പാടില്‍ അപൂര്‍വ്വമായേ ആന കിടക്കൂ. അത്രയ്ക്ക് ക്ഷീണം വരുമ്പോള്‍ മാത്രം. എന്നിട്ടു കൂടി കേശവന്‍ പ്രതികരിച്ചേ ഇല്ലത്രേ. അതുപോലെ പല സംഭവങ്ങളും കേട്ടിട്ടുണ്ട്. മാന്ദാമംഗലം കൂപ്പിലേക്ക് കേശവനെ പണിക്ക് കൊണ്ടുപോയത് സകലര്‍ക്കും അറിയാവുന്നതാണ്. കൂപ്പിലെ പണി ആനക്കിഷ്ടമായില്ല. ആനക്കാരനോട് തെറ്റി ഇടഞ്ഞ് ആന തിരികെപ്പോന്നു. വരുന്ന വഴി തൃശ്ശൂര്‍ വടക്കുംനാഥനെ വലംവെച്ചു. പുഴയ്ക്കല്‍ എത്തിയപ്പോള്‍ ഇറങ്ങിക്കുളിച്ചു. കയറി വരുമ്പോള്‍ ദേവസ്വത്തിന്റെ അംബാസിഡര്‍ കാര്‍ വഴിയില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. വാല്‍ത്തുമ്പുപോലും വണ്ടിയില്‍ തട്ടാതെ ഒതുങ്ങി കയറിപ്പോന്നു എന്നാണ് പറയുന്നത്. പിന്നെ നേരെ ഗുരുവായൂര്‍ കിഴക്കെ നടയിലെത്തി. എവിടേക്ക് പോയാലും തിരികെ കിഴക്കേനടയിലൂടെ ക്ഷേത്രത്തില്‍ എത്തും കേശവന്‍. അതിനുശേഷമേ കെട്ടുന്നിടത്തേക്ക് പോകൂ. കിഴക്കേ നടയില്‍ വഴിക്ക് ഇന്ന് കാണുന്നത്ര വീതിയില്ല അന്ന്. ചുറ്റും ചെറിയ കടകളൊക്കെയാണ്. നടയ്ക്ക് തൊട്ടുമുന്‍പായി ഒരനാഥപ്പശു ചെറിയ കിടാവുമായി കിടപ്പുണ്ട്. ആരോ നടയിരുത്തിയ പശുവാണ്. രാധ എന്ന് വിളിപ്പേര്. കാലിന് സ്വാധീനക്കുറവും ഉണ്ട്. ഇടഞ്ഞ് വേഗത്തില്‍ വരികയായിരുന്നെങ്കിലും പശുവിനെ കണ്ടപ്പോള്‍ കേശവന്‍ വഴിമാറി തെക്കേ നടയിലൂടെയത്രേ ക്ഷേത്രത്തിലേക്ക് വന്നത്. ആനയെ പാട്ടത്തിന് എടുത്തവര്‍ പിഴപ്പണം അടച്ചു എന്നാണ് അറിവ്. 

അന്ന് അമ്പല നടയിലെ ഒരു വിളക്കോ മറ്റോ നശിപ്പിച്ചതായും പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലെ മറ്റൊരിക്കല്‍ വഴക്കുണ്ടാക്കി ഓടുമ്പോള്‍ വഴിയിലിരുന്ന ഒരു കുട്ടിയെ തുമ്പികൊണ്ട് മാറ്റിവെച്ച് ഓടി എന്നും പറയപ്പെടുന്നു. ഒട്ടും വികൃതി കാട്ടിയിട്ടില്ല കേശവന്‍ എന്നും പറയാന്‍ പറ്റില്ല. മുന്‍കാലിലൂടെ ആരെയും കയറ്റാന്‍ സമ്മതിച്ചിട്ടില്ലത്രേ. കുടച്ചില്‍ സ്ഥിരമായി ഉണ്ടായിരുന്നു. കേശവന്റെ കഴുത്തില്‍ ഒരു മുള്ളു ബെല്‍ട്ട് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉപയോഗിച്ചിരുന്നു. അത് ഈ സ്വഭാവത്തിന്റെ പരിണിതഫലമാണെന്ന് മനസ്സിലാക്കാം. എന്നാല്‍ ആരെയും അപായപ്പെടുത്തിയിട്ടുമില്ല.

 

ഗുരുവായൂർ കേശവൻ

 

*പതിറ്റാണ്ടുകള്‍ നീണ്ട ആനക്കാരന്റെ ജീവിതത്തില്‍ ശാരീരികമായോ മാനസികമായോ പകര്‍ന്ന് കിട്ടിയ വേദനകള്‍?

ഉണ്ട് നിരവധി. കൂടെയുള്ളവരുടെ മരണം തന്നെ ഏറ്റവും വലിയ വേദന. ഗുരുവായൂര്‍ കേശവന്റെ ചട്ടക്കാരനായിരുന്ന വേലായുധന്‍ നായരുടെ മരണം. അതും കേശവനുശേഷം ദേവസ്വത്തിലെ ഏറ്റവും തെളിഞ്ഞവന്‍ എന്ന് പേരുള്ള ആനയുടെ ചവിട്ടേറ്റ്. കേശവന്റെ വിയോഗത്തിനുശേഷം വേലായുധന്‍ നായര്‍ പുതിയ ആനയുടെ ചാര്‍ജ്ജ് ഏറ്റെടുക്കുകയായിരുന്നു. ചാലിശ്ശേരിക്കടുത്ത് 'പുതുഞ്ചിരിക്കാവി'ലെ ഉത്സവത്തിനിടയിലായിരുന്നു സംഭവം. രാത്രിപ്പൂരത്തിനായിരുന്നു. എനിക്കന്ന് വേണുഗോപാലന്റെ കൂട്ടാണ്. 'കണക്കന്‍കോളനി'യില്‍ നിന്നും ഞങ്ങള്‍ എഴുന്നള്ളിച്ച് പുതുഞ്ചിരിക്കാവിലേക്ക് വരികയായിരുന്നു. അന്ന് ഞാന്‍ മൂന്നാമനാണ്. കാവിലേക്കുള്ള വഴി താണ്ടുമ്പോഴാണ് ഏതോ ആന കൊഴപ്പംണ്ടാക്കീന്ന് കേള്‍ക്കുന്നത്. ദേവസ്വത്തിന്റെ ആനയാണെന്ന വാര്‍ത്തയും കിട്ടി. അന്നവിടെ ഒന്‍പതാളുകളെ വകവരുത്തിയിട്ടുള്ള എ.കെ.പി.മാധവന്‍കുട്ടി എന്ന ആനയുമുണ്ട്. ദേവസ്വത്തിന്റെ രാമന്‍കുട്ടിയും ഉണ്ട്. ഈ രാമന്‍കുട്ടിയാവും കുഴപ്പക്കാരന്‍ എന്നെനിക്ക് തോന്നി. പഴയ ഗോപാലകൃഷ്ണനെയായിരുന്നു ആദ്യം ഉത്സവത്തിന് കൊണ്ടുവന്നിരുന്നത്. അവന്‍ അവിടെ എത്തിയതും വയറിളക്കം വന്ന് കിടപ്പിലായി. പകരം പെട്ടെന്ന് കൊണ്ടുവന്നതാണ് രാമന്‍കുട്ടിയെ. നീരില്‍ നിന്ന് അഴിച്ചിട്ടേയുള്ളൂ. ഒന്നു തുടയ്ക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല. മിക്കവാറും അവന്‍ തന്നെയായിരിക്കും. വേണുഗോപാലന്‍ എന്ന ആനയെ ഇടയൊക്കെപൂട്ടി ഒരു തെങ്ങിന്‍തോപ്പില്‍ തളച്ച് ഞാന്‍ ഓടി. ചെന്നുനോക്കുമ്പോ കൊലയാളി രാമന്‍കുട്ടിയോ മാധവന്‍കുട്ടിയോ അല്ല. ആള്‍ക്കൂട്ടത്തിനിടയില്‍ വേലായുധന്‍ നായരിങ്ങനെ കിടക്ക്വാണ്. എന്നേക്കാളും എത്രയോ സീനിയര്‍. ഗുരുനാഥന്‍ എന്നും പറയാം. കേശവനെക്കുറിച്ചുള്ള വിവരങ്ങളൊക്കെ ഞാനറിയുന്നത് വേലായുധന്‍ നായരില്‍ നിന്നാണ്. അദ്ദേഹം മരിച്ചുകഴിഞ്ഞു എന്ന് വ്യക്തമായി. ആന അനങ്ങാതെ നില്‍ക്കുന്നുണ്ട്. മൃതശരീരം വലിച്ച് അപ്പുറത്തേക്ക് ഇട്ടിരിക്കുകയാണ്. മോളീന്ന് ചങ്ങല തള്ളിയിട്ട് എളംതല അടുത്തുള്ള ആലിന്റെ വേടിന്‍മേല്‍ കൊളുത്തിയിരിക്കയാണ്. ചങ്ങല വലിക്കുന്ന സ്വഭാവം ഈ ആനക്കില്ലാത്തതിനാല്‍ ചങ്ങല പൊട്ടിച്ച് പോകില്ല. രാത്രിപ്പൂരമല്ലേ കുത്തിനിര്‍ത്തിയ പന്തം വീണു. പന്തത്തിന്റെ കൂടെ പാപ്പാനും അടിതെറ്റി. പന്തം വീഴുന്നതുകണ്ട് കാല്‍ പിറകിലോട്ട് വെച്ച ആന കാല്‍ തിരിച്ചുവെക്കുമ്പോള്‍ ഒന്നു കയറ്റിവെച്ച് ഊന്നി. കാല്‍ വെച്ചത് വീണ വേലായുധന്‍ നായരുടെ തലയിലേക്കായിരുന്നു. ഇങ്ങനെയൊക്കെ വിശ്വസിക്കുന്നവരാണ് അധികം പേരും. ഏറെക്കഴിയും മുന്‍പ് വേലായുധന്‍ നായരുടെ വയറൊക്കെ വീര്‍ത്ത് വരാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ അരയിലൊരു രണ്ടു വിരല്‍ വീതിയുള്ള ബെല്‍ട്ടുണ്ട്. മുന്‍ഭാഗത്ത് ബെല്‍ട്ടിനോട് ചേര്‍ന്ന് പഴ്സും ഇടത്തുഭാഗത്ത് കത്തിയുമുണ്ട്. കത്തിയും ബെല്‍ട്ടും ഊരി ഞാന്‍ കോതച്ചിറ രാമന്‍നായരെ ഏല്‍പ്പിച്ചു. ആന ആര്‍ക്കും അടിമയല്ല എന്ന് തോന്നിപ്പിച്ച, ഒരുപാട് സംഭവങ്ങളില്‍ ഒന്നിതാണ്. ബോഡി കുന്നംകുളത്തെ സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. കൊലയാളി ആനയെ പറ്റുമെങ്കില്‍ കോട്ടയില്‍ എത്തിക്കൂ, ദേവസ്വത്തില്‍ നിന്നും അറിയിപ്പുവന്നു. പിന്നില്‍ വേണു ആനയെ നടത്താന്‍ വയ്യ. ചിലപ്പോള്‍ അവന്‍ ചാടി കുത്തും. മുന്നില്‍ വേണുവിനെയും ഏറ്റവും പിറകില്‍ രാമന്‍കുട്ടിയെയും മധ്യത്തില്‍ കൊലയാളിയുമായും നടന്നു. എഴുന്നള്ളിപ്പിന് നടത്തികൊണ്ടുവരുമ്പോള്‍ പ്രധാന ചട്ടക്കാര്‍ മൂന്ന്, മടക്കത്തില്‍ രണ്ടുപേര്‍... നേരം പുലര്‍ന്നായിരുന്നു ചാലിശ്ശേരി നിന്ന് കുന്നംകുളത്തേക്ക് പോന്നത്.

ആനകള്‍ പൊതുവേ അങ്ങിനെയാണ്. സ്വഭാവ വ്യതിയാനം സംഭവിക്കുന്നത് എപ്പോഴാണ് എന്തിനാണ് എന്ന് മനസ്സിലാവില്ല. പാപ്പാനെ കൊല്ലുന്നത് ദേഷ്യം തീര്‍ക്കാന്‍ തന്നെയാണ്. ആനയുടെ ശത്രു എപ്പോഴും പാപ്പാനാണ്. ഉടമ ആനയ്ക്ക് പ്രിയപ്പെട്ടവനും. കാരണം ഉടമയ്ക്ക് തീറ്റകൊടുക്കുന്ന പണി മാത്രമേയുള്ളൂ.

*പെട്ടെന്ന് ഓര്‍മ്മയില്‍ തെളിയുന്ന കുറച്ചാനകള്‍, കൊലയാളി സ്വഭാവമുള്ളവ?

പാലിയം ചന്ദ്രമതി എന്ന പിടിയാന പതിമൂന്ന് പേരെ കൊന്നിട്ടുണ്ട്. കൊല്ലുന്ന രീതിയിലും വ്യത്യാസമുണ്ട്. തുമ്പിക്ക് പിടിച്ച് തലക്കടിച്ചാണ് കൊല്ലുക. കൊലയാളികളെ മാത്രമല്ല ഓര്‍മ്മയില്‍ വരുന്നത്. ഒട്ടും ആളെ ദ്രോഹിക്കാത്ത പാവത്താന്‍മാരുമുണ്ട്. ദേവസ്വത്തിലെ ഗൗരി അത്തരമൊരു ആനയായിരുന്നു. ഒരു മനുഷ്യനെപ്പോലും ഈര്‍ഷ്യയോടെ തിരിഞ്ഞു നോക്കീട്ടില്ല. ആന തെറ്റിക്കഴിഞ്ഞാല്‍ മരമാണ് ആദ്യം നോക്കുന്നത്. മരം കിട്ടിയാല്‍ അത് പിഴുതെറിഞ്ഞേ വീടുകളിലേക്കോ വാഹനങ്ങളിലേക്കോ ശ്രദ്ധതിരിയൂ. ആ നേരം അവന്‍റെ മനസ്സില് കാടാണ്, അവന്‍ കാട്ടുമൃഗമാണ് മറ്റെല്ലാം മറക്കുന്നു. എത്രകാലം നാട്ടില്‍ കഴിഞ്ഞാലും തെറ്റിയാല്‍ കാടാണ് മനസ്സില്‍.

*ഡോക്ടര്‍ 'രാഘവന്‍ വെട്ടത്തി'ന്റെ 'പുല്‍പ്പള്ളി കൊമ്പന്‍' എന്ന കഥയില്‍ അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുല്‍പ്പള്ളി വനത്തില്‍ അദ്ദേഹം കണ്ട ചട്ടം പഠിപ്പിക്കല്‍ വിശദീകരിക്കുന്നുണ്ട്. അതിക്രൂരമായ പീഡനങ്ങളാണ് 'ട്രെയിനിങ്ങ് ക്യാമ്പു'കളില്‍ ആനകള്‍ക്ക് ലഭിക്കുന്നത് എന്ന് ഈ കഥാകൃത്ത് സ്വാനുഭവത്തില്‍ നിന്നും എഴുതിയ ഈ കഥയില്‍ വ്യക്തമാക്കുന്നു. ചട്ടത്തിന്റെ ഓരോ വാക്കും ഈ ജീവിയെ പഠിപ്പിച്ചെടുക്കുന്നതിന് മര്‍ദ്ദനങ്ങള്‍ ആവശ്യമായി വരുന്നു. നഖങ്ങളുടെ കടയ്ക്കല്‍ ചൂരല്‍ കൊണ്ടുള്ള താഡനം ഈ ജീവിയെ മരണവെപ്രാളത്തിന് തുല്യമായ അവസ്ഥയിലേക്കെത്തിക്കുന്നു. ഈ ക്രൂരതകള്‍ ആവശ്യമാണോ?

മുപ്പത്തിയേഴോളം വായ്ത്താരികള്‍ ഉണ്ട് ആനകള്‍ക്ക്. ഒരു ദിവസത്തെ സകല കാര്യങ്ങളും ചെയ്യുന്നതിന് ഇത്രമതിയാവും. സിറ്റാനേ, ഇടത്തിയാനേ, വലത്തിയാനേ, പീരാനേ, അടക്കിക്കാനേ, താങ്ങാനേ തുടങ്ങി 37 വായ്ത്താരികള്‍. ആനയ്ക്ക് 'കുട്ടിച്ചട്ടം' അടിക്കേണ്ടത് വളരെ നിര്‍ബന്ധമാണ്. ഒരുവട്ടം, രണ്ടുവട്ടം, പത്തുവട്ടം പറഞ്ഞാലൊന്നും ആന പഠിയ്ക്കുകയില്ല. എത്ര ചട്ടം പഠിച്ചുവന്ന ആനയാണെങ്കിലും നാട്ടില്‍ അവനെ നിയന്ത്രിക്കണമെങ്കില്‍ മുകളിലിരിക്കുന്ന 'കാലും കോലു'മറിയുന്ന ആള്‍ വേണം. അതായത് പതിനെട്ടരക്കാല് ആണ് ആനയ്ക്ക്. ഇത്രയും കാലുകള്‍ കൊണ്ട് പലതും ചെയ്യിക്കാന്‍ മുകളിലുള്ള പാപ്പാന് കഴിയും. വായ്ത്താരിക്ക് പുറമേയുള്ള ചലന നിര്‍ദ്ദേശങ്ങളാണ് കാലുകള്‍. പതിനെട്ടരക്കാലുകളില്‍ അരക്കാല് കൊല്ലാനുള്ള കാല്‍ എന്നാണ് വെറും പറച്ചില്‍'. മുകളിലിരിക്കുന്ന ആളുടെ കാലുകളുടെ ചലനങ്ങള്‍ അനുസരിച്ചാണ് ആനയുടെ ചലനങ്ങള്‍. അത് പതിനെട്ടരകാലിലൂടെ നടപ്പാക്കുന്നു. മുകളില്‍ ഒരാള്‍ കാലിന് നിയന്ത്രിക്കുമ്പോള്‍ താഴെയുള്ള ആള്‍ക്ക് വായ്ത്താരിക്ക് അവകാശമില്ല. കാലും കോലുമറിയുന്ന ആള്‍ പഠിപ്പിച്ചാല്‍ കൃത്യമായി ആന അനുസരിക്കുന്നു. പീഡനം ഒഴിവാക്കി പഠനം ബുദ്ധിമുട്ടാണ്. ബുദ്ധിയുള്ള മനുഷ്യനെ പഠിപ്പിക്കാന്‍ എളുപ്പമാണ്. ഓര്‍മ്മയില്‍ കൃത്യമായി നിലനില്‍ക്കും. അങ്ങനെയൊരു ശേഷി ആനക്കില്ലാത്തതുകൊണ്ട് സന്തോഷിപ്പിച്ച് പഠിപ്പിക്കുക അപ്രായോഗികമാണ്. 

ബുദ്ധിയുള്ള മനുഷ്യനെപ്പോലും പഠിപ്പിക്കാന്‍ മിഠായിയുടെ കൂടെ ചൂരലും പ്രയോഗിക്കുന്നു. അപ്പോള്‍ പിന്നെ ആ വന്യജീവിയുടെ നിയന്ത്രണങ്ങള്‍ക്കായി മര്‍ദ്ദനം ആവശ്യമാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം. നാട്ടുക്കാര്‍ക്കിത് പറഞ്ഞാല്‍ മനസ്സിലാവണമെന്നില്ല. ആനക്കാരന് പെട്ടെന്ന് മനസ്സിലാവും. കാരണം അവനറിയാം ഈ വന്യജീവിയെ നടത്താനും കിടത്താനും നിര്‍ത്താനും മറ്റും ഉള്ള ബുദ്ധിമുട്ട്. ആന ആരെയും പുറത്തുകയറ്റാന്‍ ആദ്യം തയ്യാറാവില്ല. മണല്‍ച്ചാക്കുകള്‍ കയറ്റിവെച്ചാണ് തുടങ്ങുക. ചട്ടം കൃത്യമായി പഠിച്ചുകഴിഞ്ഞാല്‍ ആനപ്പാപ്പാന്റെ ഓരോ പ്രവൃത്തികളും എന്തിനാണെന്ന് ആനയ്ക്ക് മനസ്സിലാകണം. വായ്ത്താരിയോടൊപ്പം ആംഗ്യങ്ങളും വേണം. ഒരു തോട്ടി ചാരിവെച്ചാലോ എടുത്താലോ ഒക്കെ ആന തിരിച്ചറിയണം. തോട്ടിയുടെ പ്രയോഗത്തിന് 'ഒടക്കല്‍' എന്നാണ് പറയുക. കുറുഞ്ചെവി, പൊറംചെവി, ചങ്കൂറ്റി, കണ്‍പോള, പിള്ളക്കൈ എന്നിവിടങ്ങളിലെല്ലാം ഒടക്കാറുണ്ട്. ഇതെല്ലാം നിയന്ത്രണ മാര്‍ഗ്ഗങ്ങളാണ്. അനുസരണക്കേട് കാണിക്കുന്നവനെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ എത്ര തെളിഞ്ഞ ആനയായാലും ഇടയ്ക്കിടെ ഇത്തരം പ്രയോഗങ്ങള്‍ വേണ്ടിവരും.

 

 

കണ്‍പോളയത്തിന് ഒടക്കാന്‍ പ്രാപ്തിയുള്ള പാപ്പാന്‍മാര്‍ അപൂര്‍വ്വമാണ്. തോട്ടിയുടെ പൈപ്പ് പിടിച്ച് കണക്കാക്കി നെന്മണിക്ക് ഒടക്കണം. അല്‍പ്പം പിഴച്ചാല്‍... കണ്‍പോളയത്തിന് ഒടക്കി പൊക്കി നിര്‍ത്തണം. ആന നിന്നനില്‍പ്പില്‍ നിന്നനങ്ങില്ല. അത്രയ്ക്കാണ് അതിന്റെ വേദന. അറ്റകൈ പ്രയോഗമാണ് ഇത്. ആളെ തട്ടിയിട്ടു കുത്താനൊരുങ്ങുന്ന വേളയില്‍ അറിവുള്ള പാപ്പാന്‍ മുകളിലിരിപ്പുണ്ടെങ്കില്‍ ഇങ്ങനെ ചെയ്തിരിക്കും.

ആനപ്പണിയില്‍ തെളിയണമെങ്കില്‍ പഠനം അവസാനിപ്പിക്കരുത്. ഒരായുസ്സ് മുഴുവന്‍ പഠിച്ചാലും തീരില്ല. എന്താന്ന് വെച്ചാല്‍ ആന ഈ നിമിഷം ചെയ്തതല്ല അടുത്ത നിമിഷം ചെയ്യുക. ഇന്ന് ചെയ്തതല്ല നാളെ ചെയ്യുക. ഒരാനയുടെ പെരുമാറ്റങ്ങള്‍ക്ക് ദിനംപ്രതി മാറ്റങ്ങളുണ്ടാവാം. ഫലത്തില്‍ ആന ഗുരുനാഥനും പാപ്പാന്‍ ശിഷ്യനുമാകുന്നു. ആനയെ തൊട്ടുതലയില്‍ വെച്ചേ ആനയെ അറിയുന്നവന്‍ പ്രവൃത്തി തുടങ്ങൂ. ആന ഗുരുവാണ് അതിലൊരു ഗണപതി സങ്കല്‍പ്പം കൂടിയുണ്ടല്ലോ. ഗുരുത്വം നിര്‍ബന്ധമാണ്. ആനപ്പണിക്ക് ഭക്തി, യുക്തി, ശക്തി എന്നിവയും പറഞ്ഞിട്ടുണ്ട്. 'നാഗാദ്ധ്യക്ഷസ്തു ധീമാന്‍', 'നരപതി'സദൃശോ...' എന്നാണ് മാതാംഗലീലയില്‍ ആനക്കാരന്റെ ഗുണവിശേഷം തുടങ്ങുന്നത്.

*ആനയുടെ ശാരീരിക സവിശേഷതകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട് 'ആലവട്ട'ത്തില്‍ ഈ പ്രത്യേകതകളില്‍ പലതുമാണ് ആനയെ താരമാക്കുന്നതും.

തന്നെ, അഞ്ച് അത്ഭുതങ്ങളാണ് ആനയ്ക്ക്. ഭംഗിയുള്ള കൊമ്പുകള്‍ വായില്‍ മറ്റൊരു ജീവിക്കുമില്ല. വിയര്‍പ്പ് പുറത്തേക്കില്ല, ഉള്ളിലേക്കാണ്. ശരീരം തണുപ്പിക്കാന്‍ വിയര്‍പ്പ് തുമ്പിയിലൂടെ ആന വലിച്ചെടുക്കുന്നു. വിരലില്ലാത്ത നഖം. 18 നഖം, 19, 20. ഗുരുവായൂര്‍ കേശവന് 20 നഖങ്ങള്‍ ഉണ്ടായിരുന്നെന്നു പറയുന്നു. ഞാന്‍ കണ്ടുമുട്ടിയ ഒരാനക്കേ ഇരുപത് നഖങ്ങള്‍ കണ്ടിട്ടുള്ളൂ. തിരുവമ്പാടി ഗോവിന്ദന്‍ക്കുട്ടിക്ക്. എല്ലാ അവയവങ്ങള്‍ക്കും പൂര്‍ണ്ണത ഉണ്ടായിരുന്നു വാലിനൊഴികെ. വാല്, മുറിയന്‍ വാലായിരുന്നു. നാലാമതായി കരണത്ത് വൃഷണം, എല്ലാ സസ്തനികള്‍ക്കും വൃഷണസഞ്ചി പുറത്താണ്. ഇനി പുറത്തില്ലാത്ത ചിലര്‍ക്കൊക്കെ ഇത് അവയുടെ പ്രജനനകാലത്ത് പുറത്തേക്കിറങ്ങി വരും, അണ്ണാനൊക്കെ അങ്ങനെയാണ്. പക്ഷേ ആനയ്ക്ക് അത് പുറത്ത് പ്രത്യക്ഷപ്പെടുന്നേയില്ല. അഞ്ചാമത്തെ പ്രത്യേകത തുമ്പി തന്നെ. മേല്‍ച്ചുണ്ടും നാസികയും ക്രമാതീതമായി വളര്‍ന്നുണ്ടായതാണ് തുമ്പിക്കൈ.

ആനയ്ക്ക് അഞ്ച് വിശേഷങ്ങള്‍ ഉള്ളതുപോലെ ആനക്കാരനെയും കുറിച്ച് പറയാറുണ്ട്. അഞ്ച് 'ക'കള്‍ ആണ് പാപ്പാന് ആവശ്യം. കാരക്കോല്‍, കമ്പിറാന്തല്‍, കച്ചമുണ്ട്, കല്ല്, കൈക്കോണകം. കള്ള്, കഞ്ചാവ് എന്ന പ്രയോഗവുമുണ്ട്. കച്ചമുണ്ട് തോര്‍ത്ത് പോലെ ഒന്ന്. പണ്ടത്തെ കാലത്ത് ആനക്കാര്‍ക്ക് കൈക്കോണകവും തോര്‍ത്തുമുണ്ടുമേ ഉള്ളൂ. വലിയ മുണ്ടുകളും പാന്‍റും ഒന്നും ആനപ്പണിക്ക് പറ്റിയതല്ല. ഈ കൂട്ടത്തില്‍ കല്ല് എന്നും ചിലര്‍ ചേര്‍ക്കാറുണ്ട്. ആനയെ ഉരച്ച് കഴുകാന്‍ ആഴ്ചയിലൊരിക്കലൊക്കെ കല്ല് ഉപയോഗിക്കാറുണ്ട്. അപ്പോളവരുടെ തൊലിയിലെ ഞരമ്പുകളൊക്കെ ഒന്ന് ഉഷാറാകും. രക്തയോട്ടം ക്രമാനുഗതമാകും.

 

ബാബു കുഴിമറ്റം, ഉണ്ണികൃഷ്ണന്‍ പുതൂര്‍, മനോഹരന്‍ വി പേരകം എന്നിവരോടൊത്ത്

 

*ആനക്കാരന്റെ ജീവിതം അടിമുടി അപകടങ്ങള്‍ നിറഞ്ഞതാണ്. സാധാരണക്കാര്‍ക്ക് ഉണ്ടാകാവുന്ന എല്ലാ അപകടസാധ്യതകളും നിലനില്‍ക്കെത്തന്നെ ആന എന്ന അപടകടവുമായാണ് പുലരികളും, പകലുകളും രാത്രികളും പ്രത്യേകിച്ച് ഉത്സവ സീസണുകളില്‍ കടന്നുപോകുന്നത്. ആനച്ചോറ് കൊലച്ചോറ് തന്നെയാണ് എന്ന് തോന്നിയിട്ടില്ലേ?

അങ്ങിനെയാണ് പറയാറ്, പറയുന്നതും. അത്തരം അനുഭവങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുണ്ടെങ്കിലും ആന രക്ഷകനുമായിട്ടുണ്ട്. ആനയുടെ ഇടപെടലില്‍ ജീവന്‍ രക്ഷപ്പെട്ട സംഭവങ്ങളാണ് ഞാനാദ്യം ഓര്‍ക്കാറ്. ദേവസ്വത്തിലെ ലക്ഷ്മിക്കുട്ടി എന്ന ആന എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. പി.സുന്ദരന്‍ നായരാണ് അന്ന് ചട്ടക്കാരന്‍. ഞങ്ങള്‍ മണത്തല നേര്‍ച്ച കഴിഞ്ഞ് തിരിച്ചുവരികയാണ്. മൂന്നാമനായി രാമന്‍ നായരുമുണ്ട്. ചാവക്കാട്ടേക്ക് കടക്കാന്‍ അന്ന് ഇന്നത്തെ കോണ്‍ക്രീറ്റ് പാലമില്ല... മരപ്പാലം ഉണ്ട്. അതിലാനയെ കയറ്റാന്‍ വയ്യ. കനാല്‍ കടക്കാന്‍ നേരം ആരൊക്കെയോ നാട്ടുകാര്‍ ആനയെ പിറകില്‍ നിന്ന് സ്പര്‍ശിച്ചു. അതിഷ്ടാവാത്ത ലക്ഷ്മിക്കുട്ടി വാലുകൊണ്ട് ഒന്നുവീശി. അഞ്ചാറുപേര്‍ മറിഞ്ഞുവീണു എന്നെനിക്ക് മനസ്സിലായി. തിരിഞ്ഞുനോക്കിയാല്‍ പരാതിവരും. പെട്ടെന്നൊന്നും പോരാന്‍ പറ്റില്ല. അന്ന് നന്നായി മദ്യപിക്കുന്ന സ്വഭാവമുണ്ട്. രാത്രിയുമാണ്. ആനയുമായി കനോലി കനാല്‍ കടന്നു. സുന്ദരേട്ടന്‍ മരപ്പാലത്തിലൂടെയും കടന്നു. ചാവക്കാട് ടൗണ്‍ എത്തിയപ്പോള്‍ നേര്‍ച്ചക്ക് ആനയെ ഏല്‍പ്പിച്ച കമ്മിറ്റിക്കാരന്‍ കാത്തുനില്‍പ്പാണ്, അരക്കുപ്പി മദ്യവുമായി. ആനക്കാര്‍ക്ക് ഇതൊരു പതിവാണ്. ആനക്കാരനെ സല്‍ക്കരിക്കുന്നതും ജനങ്ങള്‍ക്കിഷ്ടം. മഹാരാജാ ബില്‍ഡിംഗിന്റെ അടുത്തുള്ള പറമ്പിലാണ് ആനയെ കെട്ടുന്നത്, ഇന്ന് ദേവസ്വം ഓഫീസ് നില്‍ക്കുന്നിടം. ചാവക്കാട് നിന്നും പോന്ന് മഹാരാജ വളവ് കഴിഞ്ഞപ്പോള്‍ പൂര്‍ണ്ണ മദ്യലഹരിയിലായിരുന്ന ഞാന്‍ ആനയുടെ മുകളില്‍ നിന്ന് താഴേക്ക് വീണു. നിലത്തെത്തിയില്ല അതിനുമുമ്പെ ലക്ഷ്മികുട്ടി നടപൊക്കിത്താങ്ങി. അവിടന്നും വീഴാതിരിക്കാന്‍ തുമ്പികൊണ്ട് തടഞ്ഞു. ആന മദ്യപിച്ചിട്ടില്ലല്ലോ. മുകളില്‍ നിന്ന് ഭാരം ഊര്‍ന്നുപോരുന്നതവള്‍ കൃത്യമായി അറിഞ്ഞു. വീണ് ചാകേണ്ട എന്നവള്‍ കരുതിക്കാണണം. പാപ്പാന്‍മാരോട് വിരോധം മാത്രമല്ല ആനകള്‍ക്കുള്ളത് എന്ന് ലക്ഷ്മിക്കുട്ടി കാട്ടിത്തന്നു. 85-ാം വയസ്സിലാണവള്‍ ചെരിഞ്ഞത്. ഇവള്‍ മൂലം ഒരിക്കല്‍ എനിക്ക് സസ്പെന്‍ഷനും കിട്ടിയിട്ടുണ്ട്.

ഇതുപോലെ വേറെയും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2005ല്‍ നന്ദിനി എന്ന ആനയെ എഴുന്നള്ളിപ്പിനായി വടകരയ്ക്ക് കൊണ്ടുപോവുകയാണ്. റോഡിന്റെ ഇടതുഭാഗത്തുകൂടി നടന്നുപോവുകയായിരുന്ന എന്നെയും ആനയേയും ഒക്കെകൂടി ഒരു മീന്‍വണ്ടി വന്നിടിച്ചു. പുലര്‍ച്ചെ നാലുമണിയായിരുന്നു സമയം. അന്ന് റിഫ്ളക്ടറുകള്‍ ഒന്നും നടപ്പിലായിത്തുടങ്ങിയിട്ടില്ല. രാത്രിയില്‍ യാത്രപോകുമ്പോള്‍ ആനപ്പുറത്തിരുന്ന് ടോര്‍ച്ച് അടിക്കലാണ് മാര്‍ഗ്ഗം. താഴെ വലത് വശത്ത് നടക്കുന്ന പട്ടക്കാരനും ടോര്‍ച്ച് മിന്നിക്കും. അന്ന് മുകളിൽ ഹരിപ്പാട് ബാബുവാണ്. ഒരു പത്രക്കാരന്‍ ചെക്കന്‍ പിറകില്‍ സൈക്കിളില്‍ വരുന്നത് ഓര്‍മ്മയുണ്ട്. അപ്പോഴേക്കും സംഭവം നടന്നു. എന്നെ ഇടിച്ച് 'തവിടുപൊടി'യാക്കി വണ്ടി കടന്നുപോയി. ഞാനപ്പുറത്തെ പൊന്തയിലേക്ക് തുണിക്കെട്ട് പോലെ വീണുകിടന്നു എന്നാണ് പറഞ്ഞുകേട്ടത്. എല്ലാവരും സംഭ്രാന്തരായ നേരത്ത് ആന, വെളിച്ചം കണ്ട വലതുഭാഗത്തെ വീട്ടിലേക്ക് റോഡ് മുറിച്ച് കടന്ന് എത്തി. അവിടെ നിന്ന് എന്തോ ശബ്ദമുണ്ടാക്കി. ഭാഗ്യത്തിനാവീട്ടില്‍ വണ്ടികള്‍ ഉണ്ടായിരുന്നു. കാര്യം മനസ്സിലാക്കി വീട്ടുകാരന്‍ (തുന്നാരി പ്രദീപ്) ജീപ്പ് ഇറക്കി. ആനയ്ക്കും പരിക്ക് ഉണ്ടായിരുന്നു. 18 മിനിട്ടുകൊണ്ട് എന്നെയും കൊണ്ട് വണ്ടി വടകര നിന്ന് കോഴിക്കോട് എത്തി. ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ എത്തുമ്പോള്‍ പള്‍സ് 29 വരെയായി കുറഞ്ഞിരുന്നത്രേ. ഞാന്‍ മരിച്ചതായുള്ള വാര്‍ത്തയാണ് ഗുരുവായൂരില്‍ എത്തിയത്. ഗുരുവായൂരപ്പന്‍ രക്ഷിച്ചു, പുനര്‍ജന്മം കിട്ടി എന്നേ പറയാന്‍ പറ്റൂ. നന്ദിനി എന്ന ആന അതിന് നിമിത്തവുമായി.

അപകടങ്ങള്‍ എന്നും കൂടെത്തന്നെ ഉണ്ടായിരുന്നു, പലരൂപത്തില്‍. 1985 ജനുവരി 18ന് ഞാന്‍ തെങ്ങില്‍നിന്ന് വീഴുകയും അതേ വര്‍ഷം ഡിസംബര്‍ 12ന് ആനയുടെ അക്രമണത്തിന് വിധേയനാവുകയും ചെയ്തു. ഒരേ വര്‍ഷം തന്നെ രണ്ട് അപകടങ്ങള്‍. കൃഷ്ണന്‍ എന്ന ആനക്കുവേണ്ടി പട്ടവെട്ടാനായിരുന്നു തെങ്ങില്‍ കയറിയത്. മദ്യപാനശീലമുള്ള കാലം തന്നെ. രാവിലെ കഴിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ല. അഞ്ചരയായപ്പോള്‍ ആനയെ തൊടച്ച് വൃത്തിയാക്കി കോല്വിലക്കില്‍ നിര്‍ത്തി. വൈകീട്ട് വെളക്കിന് പോണം. പട്ടവന്നിട്ടില്ല. കൂടെ സി.വി.കുമാരനാണ്. 'വെളക്കിനു പോമ്പോ കൊമ്പത്ത്വെക്കാന്‍ ഒന്നൂല്ലലോ...', കുമാരന്‍ പറഞ്ഞു. കുമാരന്റെ കയ്യില്‍ അറ്റം കൂര്‍ത്ത ഒരു കഠാരയുണ്ട്, പിടിയൊക്കെ ഒരു പ്രത്യേക രീതിയിലായിട്ട്. അത് വാങ്ങി ആനക്കോട്ടയിലെ ഒരു തെങ്ങില്‍ കയറി, മൂന്ന് പട്ടവെട്ടി. പത്തു പന്ത്രണ്ടാള്‍ ഉയരമുള്ള തെങ്ങാണ്. അന്ന് ആനക്കോട്ടയില്‍ പടിപ്പുരേടെ അടുത്ത് ബാച്ചിലര്‍ ക്വാര്‍ട്ടേഴ്സിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു. അവിടത്തെ തെങ്ങിലാണ് അടുത്തതായി കയറിയത്. അതില്‍ നിന്നും നാല്പട്ട വെട്ടി ഒരടിയ്ക്ക് ഇറങ്ങിയതേ ഉള്ളൂ. കൈത്തളപ്പറ്റുപോയി. പണി നടക്കുന്നിടത്ത് കമ്പികളൊക്കെ കുത്തനെ നില്‍ക്കുന്നുണ്ട്. തറയോട് ചേര്‍ന്ന് ഒരു കല്ല് പൊന്തി കിടന്നിരുന്നു. അതില്‍ വന്ന് തലയടിച്ചു. 9 തുന്നലുകള്‍. കൈകളും കാലുകളും തണ്ടലും ഒടിഞ്ഞു. പിന്നെ ആസ്പത്രിയിലും വീട്ടിലുമായി നാലഞ്ചുമാസം.

 

പുകഴ്‌പെറ്റ ആനകളുടെ കഠിന ജീവിതവുമായി ബന്ധപ്പെട്ട ലേഖനത്തോടൊപ്പം ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ഒരു ചിത്രം 

 

തെങ്ങില്‍നിന്നു വീണതിന്റെ പരിക്കുകളൊരു വിധം മാറി ജോലിയില്‍ കയറി. കുറച്ചുമാസങ്ങള്‍ പിടിയാനക്ക് നിന്നു. പിന്നെ ഗോപിനാഥന്റെ മോളില്ക്ക് മാറ്റി. മേഴത്തൂര് ഒരയ്യപ്പന്‍ വിളക്കുണ്ടായിരുന്നു. അത് കഴിഞ്ഞ് പൊന്നാനി ചെറുവായിക്കര അയ്യപ്പന്‍ വിളക്കിന് എഴുന്നള്ളിക്കാന്‍ പോവുകയായിരുന്നു. വട്ടംകുളം വെച്ചായിരുന്നു സംഭവം. വൈകീട്ട് ഏഴുമണിയായിക്കാണണം. ഞാനന്ന് മാലയിട്ടിട്ടുണ്ട്, ശബരിമലയ്ക്ക്. മദ്യം പാടെ ഒഴിവാക്കിയിട്ടുണ്ട്. ആനേടെ എല്ലാക്കാര്യങ്ങളും ഞാന്‍ തനിച്ച് ചെയ്തു തുടങ്ങിയിരുന്നു. തലേദിവസം രണ്ടു രണ്ടര കിലോമീറ്റര്‍ ആനയെ എഴുന്നള്ളിപ്പിച്ചതും ഞാന്‍ ഒറ്റക്കായിരുന്നു. അന്ന് രാവിലെ തൃത്താലപ്പുഴയിലിറക്കി 8 മുതല്‍ 12 വരെ നീരാട്ടായിരുന്നു. നന്നായി തുടച്ചുവൃത്തിയാക്കി. നായിരുപ്പിരുത്തി തുടയ്ക്കുന്ന നേരത്ത് കന്നൊക്കെയങ്ങനെ തുടിച്ച് നില്‍പ്പാണ്. ആനയ്ക്ക് 'മൊട'യായിരുന്നു. അതിനും മുന്‍പത്തെ അവസ്ഥയെ 'ബാലമൊട' എന്ന് പറയും. മൊട കഴിഞ്ഞാല്‍ നീര്. മൂന്ന് ഘട്ടങ്ങളിലും ആനയെ സൂക്ഷിക്കണം. അതുവരെ മദപ്പാടില്‍ കെട്ടിയിട്ടില്ലാത്ത ആനയായിരുന്നതുകൊണ്ട് ഞങ്ങള്‍ക്കത്രയങ്ങട് മനസ്സിലായതുമില്ല. കൂടെ ഞാന്‍ ശങ്കരേട്ടന്‍ എന്ന് വിളിക്കുന്ന മണ്ണാരത്ത് ശങ്കരനാരായണന്‍ ആയിരുന്നു. അദ്ദേഹമായിരുന്നു ചട്ടക്കാരന്‍. കുളി കഴിഞ്ഞ് ആനയെ കേറ്റി മണല്‍ക്കരയില്‍ എടകൂട്ടി നിര്‍ത്തി. ശങ്കരേട്ടന്‍ ആ സമയം പുറത്തിരിക്കാന്‍ പോയി. ഞാനൊറ്റക്കാണ് ആനയുടെ കൂടെ. പട്ടയിട്ടുകൊടുത്ത് അടുത്തുതന്നെ നിന്നു. ആനക്കെന്നെ വേണമെങ്കില്‍ അപ്പോള്‍ത്തന്നെ പൂഴിയിലേക്ക് കൊമ്പുകൊണ്ട് പൂഴ്ത്താമായിരുന്നു. നട്ടുച്ചയാണ്. ദാഹം തീര്‍ക്കാന്‍ മാര്‍ഗ്ഗമില്ല. വ്രതത്തിലല്ലേ കടകളില്‍ നിന്നൊന്നും വാങ്ങിക്കുടിക്കാന്‍ തോന്നിയില്ല. പുഴങ്ങ്നെ തെളിഞ്ഞ് കിടക്ക്വല്ലേ. കുറച്ച് വെള്ളം കോരിക്കുടിച്ചു. വൈകീട്ടായപ്പോ വിശപ്പ് അതിക്രമിച്ചു. എടപ്പാളിനടുത്ത് ശങ്കരേട്ടന്റെ.... ഏട്ടന്‍റെ വീടുണ്ട്. അവിടെപ്പോയാല്‍ കുളിച്ച് വിശപ്പിനൊരു ശമനം വരുത്താം, അടുത്തുള്ള ക്ഷേത്രത്തില്‍ കുളിച്ചു തൊഴാം. വട്ടംകുളത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഒരു പത്തുപന്ത്രണ്ടടിയേ നടന്നിട്ടുള്ളൂ. വലത്തുഭാഗത്ത് ഒരു മദ്രസ്സയുണ്ട്. അവിടന്ന് പെട്ടെന്ന് ക്ലാസ് കഴിഞ്ഞ് കുട്ടികളൊക്കെ ഒച്ചയും ബഹളവുമായി ഇറങ്ങിവന്നു ഇതാണ് ഒരു കാരണമായിപ്പറയാവുന്നത്. നാല് പട്ടമുറിച്ച് കെട്ടി കൊമ്പത്ത്ണ്ട് ഗോപിനാഥന്റെ. ഈ പട്ടയോടുകൂടി എന്നെ ആന അടിച്ചുവീഴ്ത്തി. മുകളില്‍ ശങ്കരേട്ടനായിരുന്നു. തെങ്ങില്‍ നിന്നു വീണതിന്റെ പരിക്ക് കാലില്‍ ബാക്കിയുണ്ടായിരുന്നു. കാല് പേരട്ടെ എന്ന് വെച്ച് ഞാന്‍ താഴെ നടന്നതായിരുന്നു. അടിച്ച് നിലത്തിട്ട് തുടര്‍ച്ചയായി കുത്തി. പത്തിരുപത്തിമൂന്ന് കുത്ത് കുത്തീട്ട്ണ്ടാവും എന്നാണ് ശങ്കരേട്ടന്‍ പറഞ്ഞത്. പട്ടക്കെട്ട് നിലത്തിട്ടിട്ടായിരുന്നു ആക്രമണം. എന്റെ വസ്ത്രങ്ങളൊക്കെ കീറിപ്പോയി. കത്തി തെറിച്ചുപോയി. മാല മാത്രം പൊട്ടിയില്ല. അത് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് എന്റെ അമ്മയാണ്  ഊരി മാറ്റിയത്. ശരീരം നിറയെ ഓട്ടകളായിരുന്നു. പക്ഷേ ഒരു ആന്തരികാവയവത്തിനും കേട് പറ്റിയില്ല. കമിഴ്ന്ന് കിടക്കുമ്പോ പുറത്ത് കപ്പലക്കൂട്ടില്‍ ചുള്ളിക്കൊമ്പ് കൊണ്ട് കുത്തിയത് കക്ഷത്തിനിടയിലൂടെ പുറത്തെത്തിയിരുന്നു. 

ജീവിതത്തില്‍ അനുഭവിക്കാന്‍ ഒന്നും ബാക്കിയില്ല എന്നാണെന്റെ അഭിപ്രായം. ആനപ്പാപ്പാന്റെ ജീവിതം ഏല്‍പ്പിച്ച ആഘാതം പോലെ ശ്വാസകോശം, ഹൃദയം ഒക്കെ തകരാറിലാണ്. ശ്വാസം മുട്ടലുണ്ട്. നെഞ്ചിലെ അടി ഇടയ്ക്കിടക്ക് ക്രമാതീതമാകുന്നു. വല്ലാത്ത അസ്വസ്ഥത തോന്നും അപ്പോള്‍. അറുപത്തിയെട്ടിലാണ് ജീവിതത്തിന്റെ സൂചി. കിട്ടിയതൊക്കെ ബോണസ്സ് എന്നേ കരുതുന്നുള്ളൂ. നമിക്കുന്നു ഞാനാ പരമാനന്ദമൂര്‍ത്തിയെ, എന്റെ പൊന്നുഗുരുവായൂരപ്പനെ !