SUBSCRIBE


അഭിമുഖം

or
Author


30th April | Issue 52

കവിതയിലെ നീലമൂങ്ങ


ഡോണ മയൂര

ഓരോ മനുഷ്യരും ഒട്ടനവധികവിതകളാണ്. അതിൽ ഓരോന്നും സങ്കീർണമായ കവിതകളുമാണ്. സങ്കീർണം എന്ന് പറയുമ്പോൾ മനസിലാവായ്മയല്ല. മനസിലാക്കാൻ പ്രാപ്തമായവർ മനസിലാക്കിയാൽ മതി എന്ന നിലപാടുള്ള കവിതകൾ

image_src


മലയാള കവിതാ ലോകത്ത് വ്യത്യസ്തമായ ചിന്താധാരകളിലൂടെ സജീവമാണ് ഡോണമയൂര എന്ന കവി. വിഷയ സ്വീകരണത്തിലെ വ്യത്യസ്തതയും സാഹിത്യ ജീവിതത്തിൽ സ്വീകരിക്കുന്ന പുതുമകളും കൊണ്ടാണ് ഡോണ ശ്രദ്ധേയയായി തീരുന്നത്. ലോക സാഹിത്യത്തിലെ പുത്തൻ രീതികളെ പരിചയപ്പെടുത്തുന്നതോടൊപ്പം കവിതകളിൽ അനായാസമായി അത് ചേർത്ത് വയ്ക്കുന്നതിലും ഈ കവി വിജയം കണ്ടിട്ടുണ്ട്. മാറിയ കാലത്തിന്റെ മാറിയ കവിയാണ് ഡോണ. കവിതയുടെ രാഷ്ട്രീയം അതിലെ വാക്കുകൾ കൊണ്ട് തീർക്കണമെന്ന് കവി തന്നെ പറയുന്നുമുണ്ട്. കവിതയിലെ വിശാലമായ ഇടങ്ങൾ കവിയുടെ ചിന്തയിലെ ഉയർന്ന തലങ്ങൾ തന്നെ.

കവിതയുടെ ലക്ഷ്യം തന്നെ മാറുന്ന കാലത്തോടുള്ള പൊരുതലും ചെറുത്തുനിൽപ്പുമാണ്. ഈ വർഷത്തെ  WTPLive കവിതാസാഹിത്യ പുരസ്ക്കാരം ഡോണ മയൂരയുടെ നീലമൂങ്ങ എന്ന കൃതിക്കാണ്. ഡോണയുടെ ചിന്തകളിലേക്കും വിശേഷങ്ങളിലേക്കും സഞ്ചരിക്കാം..

*മലയാള കവിതയിലെ പുത്തൻ രീതികളെ എങ്ങനെ കാണുന്നു?

പ്രമേയം കൊണ്ടും ഭാവുകത്വം കൊണ്ടും മാത്രമല്ല ഭാഷകൊണ്ടും മലയാളകവിത ഏറെ മുന്നിലാണ്. ഇന്ന്  ഗോത്രഭാഷയും പ്രാദേശികഭാഷയും മലയാളകവിതയിൽ പ്രകടമായി ഇടപെടുന്നു. ഒരു വ്യക്തിയുടെ, സമൂഹത്തിന്റെ ജീവന/അതീവനരാഷ്ട്രീയം ആവിഷ്‌ക്കരിക്കുന്നത്  അച്ചടിമലയാളത്തിലോ അല്ലെങ്കിൽ അക്കാദമിക്ക് മലയാളത്തിലോ ആവണമെന്ന് വാശിപിടിക്കുന്ന ചില ഇടങ്ങൾ ഇപ്പോഴും നിലവിലുണ്ട്.  ഭാഷാഫാസിസമെന്ന വാലാണ് അത്തരക്കാർ ഉയർത്തി കാട്ടുന്നത്. തനത് മാതൃഭാഷയെ നിരാകരിക്കുന്നത് ഒരുതരത്തിലുള്ള അധിനിവേശമാണ്. അങ്ങനെയുള്ള ഇടങ്ങൾക്കെതിരെ കൂടിയാണ് ഇന്നത്തെ കവിത നിലനിൽക്കുന്നത് എന്നതിനൊപ്പം, ഇങ്ങനെയുള്ള കാരണങ്ങൾ കൂടി നിലനിൽക്കുന്ന ഇടങ്ങളിലാണ് കവികൾ പുതിയ ആവിഷ്കാരങ്ങളുമായി കടന്നു വരുന്നതും. ഇന്ന് മറ്റേതു ഭാഷയിലെയും കവിതയ്‌ക്കൊപ്പം കവികൾക്കൊപ്പം നിൽക്കുന്ന കവിതകൾ മലയാളകവിതയിലുണ്ട്.

*കവിതയെ നിർവചനങ്ങൾക്കുള്ളിൽ ഒതുക്കി അസ്വസ്ഥതപ്പെടുന്നവരോട് എന്താണ് പറയാനുള്ളത്?

അവരവരുടെ അറിവില്ലായ്മയിൽ നിന്നാണ് ഇത്തരം അസ്വസ്ഥതകൾ ഉടലെടുക്കുന്നത്. അത് മറ്റുള്ളവരുടെ വിവരക്കേടായി സ്ഥാപിക്കാൻ ഇത്തരക്കാർ ശ്രമിക്കുകയും ചെയ്യും. അസ്വസ്ഥതപ്പെടുന്നവർക്ക് മുന്നിൽ സ്വയം കെട്ടിയിടാൻ തയ്യാറല്ലാത്ത, കവിതയെഴുത്ത്    നിർത്തി പോകാൻ തയ്യാറല്ലാത്ത കവികൾ, പ്രത്യേകിച്ച് സ്ത്രീകവികൾ നമുക്ക് ഉണ്ട് എന്നതാണ് അതിനുള്ള കൃത്യമായ മറുപടി. മറ്റ് ഭാഷകളിലേക്ക് നോക്കുമ്പോൾ  ഡ്രോൺ ഉപയോഗിച്ച് സിങ്ക്രനൈസ് ചെയ്ത് എയറിലും, ക്യൂ ആർ കോഡിലുമെല്ലാം കവിതകൾ വരുന്നു. അതു കൂടാതെ സെനോ ടെക്സ്റ്റ് ലോകത്തിലെ തന്നെ ആദ്യത്തെ 'ലിവിങ്ങ് പൊയം' കവിതയെഴുതുന്ന ബാക്ടീരിയ പോലുള്ള കവിതകൾ ഭാഷയുമായി ഇടപെടുന്നു. കവിത ആരുടെയും നിർവചനങ്ങൾക്കുള്ളിൽ ഒതുക്കി നിർത്താവുന്ന കാലമല്ലയിത്.

*താങ്കളുടെ കാഴ്ചപ്പാടിൽ കവിത എന്താണ്?

ഓരോ മനുഷ്യരും ഒട്ടനവധികവിതകളാണ്. അതിൽ  ഓരോന്നും സങ്കീർണമായ കവിതകളുമാണ്. സങ്കീർണം എന്ന് പറയുമ്പോൾ മനസിലാവായ്മയല്ല. മനസിലാക്കാൻ പ്രാപ്തമായവർ മനസിലാക്കിയാൽ മതി എന്ന നിലപാടുള്ള കവിതകൾ. ഓരോ കവിക്കും എഴുതാനുള്ള കവിതകൾ മറ്റൊരാൾക്ക് എഴുതാൻ കഴിയാത്തവയാണ്. വിഷയവും അനുഭവവും ഒന്നായാൽ പോലും. എന്റെ കവിതകൾ വിവിധരീതികളിൽ ഞാൻ ആവിഷ്ക്കരിക്കുന്നു. അതിൽ വാക്കും വരകളുമുണ്ട്. വരയ്ക്കാൻ ടെക്നൊളജിയേയും കൂട്ടുപിടിക്കുന്നു. ഏതൊക്കെ സാധ്യതകളിൽ കൂടി കവിതയെഴുതാൻ കഴിയുമെന്ന നിരന്തരമായ അന്വേഷണം നടത്തുന്നു.

അതേസമയം തന്നെ ഈ ചോദ്യത്തിന് ഉത്തരമായി മലയാളത്തിലും  മറ്റു ഭാഷകളിലും എഴുതുന്ന കവികളുടെ പേരുകൾ  നിരത്താവുന്നതാണ്. അവരിൽ ചിലരുടെ ഉദ്ധരണികൾ ഉൾക്കൊള്ളിക്കാവുന്നതുമാണ്. പക്ഷെ കവിത എഴുതുന്ന ആളിന് എന്താണ് കവിതയെന്നു കൃത്യമായ ബോധമുണ്ടാവണം.            അല്ലാത്ത പക്ഷമാണ് മറ്റ് ഭാഷയിലെ കവിതകളുടെ നിഴലും പൊടിപടലവും മലയാളത്തിലാദ്യം എന്നൊക്കെയുള്ള പ്രയോഗത്തോടെ കാണാനിടയാവുന്നത്.

വ്യക്തിപരമായി ഭാഷകൾ തമ്മിലുള്ള അതിരുകൾ എങ്ങനെ ഭേദിക്കാമെന്ന ആലോചനയുള്ള, അതിന്റെ തുടർച്ചയായി          ടെക്സ്റ്റ് കവിതകളിൽ നിന്നും വിഷ്വൽ കവിതകളിലേക്ക് ആവിഷ്ക്കാരങ്ങളെ വിപുലപ്പെടുത്താനുള്ള ശ്രമങ്ങളിൽ വിജയിച്ചിട്ടുള്ള, അതിന്റെ തുടർച്ചകളിൽ റിസർച്ച് ചെയ്തിട്ടുള്ള, ചെയ്യുന്ന, ആളുമാണ് ഞാൻ. ബൗണ്ടറി ഡിഫൈൻ ചെയ്തു ചെറിയ ചെറിയ തുരുത്തുകൾ ഉണ്ടാക്കി ഇരിക്കുന്ന ഇടമല്ല എനിക്ക് കവിത. ബൗണ്ടറി ഡിഫൈയിങ്ങായ ആവിഷ്‌ക്കാരങ്ങളും കവിതയെ മുന്നോട്ടുകൊണ്ട് പോകാനുള്ള ശ്രമങ്ങളും കൂടിയാണ് എനിക്ക് കവിത.

*നീല മുങ്ങയ്ക്ക് ലഭിച്ച അവാർഡിനെ എങ്ങനെ                 കാണുന്നു?

WTPLive -ഉം വായനക്കാരും കൂടി നൽകിയ ഒരു അവാർഡ് ആയതുകൊണ്ട് ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നു.                  എഴുതുന്ന കവിതകളെല്ലാം സമാഹാരമാക്കാൻ ശ്രമിക്കുന്ന ഒരാളല്ല ഞാൻ. ആദ്യകവിത 1998ലാണ് അച്ചടിച്ച് വരുന്നത്. 2010 വരെയുള്ള കവിതകൾ സമാഹരിച്ചിട്ടില്ല. 2007 മുതലുള്ള ചിലകവിതകൾ ബ്ലോഗിൽ ഉണ്ട്. ആദ്യത്തെ സമാഹാരം 2012ലാണ്, ഐസ് ക്യൂബുകൾ. ഇൻസൈറ്റ് പബ്ലിക്കയാണ് ഈ സമാഹാരം പ്രസിദ്ധീകരിച്ചത്.അതിനു ശേഷം എഴുതിയ കവിതകളിൽ  ചിലതാണ് നീല മൂങ്ങയിൽ ഉള്ളത്.  2016 വരെ എഴുതിയ ചില കവിതകൾ മാത്രമേ നീലമൂങ്ങയിലും ഉൾപ്പെടുത്തിയുള്ളു. കവിതാസമാഹാരത്തിന് നിറയെ വായനക്കാരുണ്ടായി എന്നതിലും ആഹ്ലാദമുണ്ട്.2019 ൽ ആദ്യപതിപ്പായി ഇറങ്ങിയ സമാഹാരത്തിന് 2020ൽ രണ്ടാം പതിപ്പും ഉണ്ടായി.

*താങ്കളുടെ കഴിവ് വേണ്ടവിധത്തിൽ കേരളത്തിൽ  അംഗീകരിക്കപ്പെട്ടിട്ടുണ്ടോ?

 മലയാള കവിത എത്ര സ്ത്രീകളെയാണ് അംഗീകരിച്ചിട്ടുള്ളത്?  സിമിതയുടെ പഠനം തന്നെ കാണിക്കുന്നത് 2005 വരെ മലയാളം വാരികകളിൽ അച്ചടിച്ച് വന്ന സ്ത്രീകവിതകളുടെ എണ്ണം വളരെ കുറവാണ് എന്നതാണ്. അതിനു ശേഷമാണ് കുറച്ച് മാറ്റങ്ങൾ വന്നത്. അതിനു പ്രധാന കാരണം ബ്ലോഗ്, ഫെയ്സ്ബുക്ക് എന്നീ നവമാധ്യമങ്ങളാണ്. ഈ മാധ്യമങ്ങളിൽ സ്ത്രീകൾ നിരന്തരം  കവിതകൾ എഴുതിയതിനാലാണ്.

എന്റെ പരിചയത്തിലോ ബന്ധത്തിലോ ആരും കവിത എഴുതുന്ന,  സാഹിത്യവുമായി ബന്ധമുള്ള ആളുകൾ ഇല്ല. എഴുതുന്നത് തന്നെ മുളയിലേ നുള്ളിയോ തല്ലിയോ കെടുത്താനുള്ള ശ്രമങ്ങളാണ് ഉണ്ടായിട്ടുള്ളത്, അതുകൊണ്ട് പ്രോത്സാഹനത്തിന്റെ കാര്യം പറയണ്ടല്ലോ. കോളേജിലായതിനു  ശേഷമാണ് അപൂർവ്വമായി കവിതകൾ അച്ചടിക്ക് പരിഗണിക്കപ്പെട്ടേക്കുമെന്ന് കരുതി  അയക്കാൻ തുടങ്ങിയത്. അങ്ങനെയാണ് കവിത അച്ചടിച്ച് വന്നതും. പക്ഷെ അതിന്റെ കോപ്പി വീട്ടിൽ കിട്ടിയതോടെ ആ പരിപാടി നിർത്തേണ്ടിവന്നു. 

പിന്നെ രണ്ടായിരത്തിന്റെ തുടക്കത്തിലാണ് എഴുതുന്നത്.        മലയാളം ഫോറങ്ങളിൽ, പിന്നെ ബ്ലോഗിലും. ആയിടയ്ക്ക് ഭാഷാപോഷിണിക്ക് അയച്ചു കൊടുത്ത കവിത      കെ.സി.നാരായണൻ സാർ പബ്ലിഷ് ചെയ്യാൻ തീരുമാനിച്ചത് ഒരു വഴിത്തിരിവായി. ഭാഷാപോഷിണിൽ കവിത വന്നതിനു ശേഷം മറ്റ് ഇടങ്ങളിൽ കവിതകൾ അയച്ചപ്പോൾ പബ്ലിഷ് ചെയ്തു വരുകയുമുണ്ടായി. 2016 വരെയുള്ള കവിതയെഴുത്ത് ജീവിതത്തിൽ, മലയാളത്തിലെ രണ്ട്  വാരികകളിൽ ഒഴികെ ബാക്കിയെല്ലായിടത്തും കവിതകൾ ആവർത്തിച്ച് പബ്ലിഷ് ചെയ്തു വരികയുമുണ്ടായി. അതിനുശേഷം ദൃശ്യകവിതകളിൽ കൂടുതൽ ശ്രദ്ധിച്ചു.

അതുവരെ മലയാളത്തിൽ ചെയ്ത ദൃശ്യകവിതകളിൽ നിന്നും  പുതിയതായി എന്ത് ചെയ്യാൻ കഴിയും എന്ന അന്വേഷണമായിരുന്നു. നാല് വർഷം കൊണ്ട് 22 ഇന്റർനാഷണൽ എക്സിബിറ്റിന്റെ ഭാഗമായി എന്റെ ദൃശ്യകവിതകൾ. ഇറ്റലിയിൽ സ്ഥിരപ്രദർശനത്തിനുള്ള വേദിയും നിലവിലുണ്ട്. യോക്കോ ഓനോയുൾപ്പെടെയുള്ള ആളുകളുടെ കൂടെ  കവിതകൾ എക്സിബിറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചു. ഇതൊന്നും കേരളത്തിലെയോ ഇന്ത്യയിലെയോ അക്കാദമികൾ തന്ന അവസരമല്ല. 

ഞാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ എന്റെ കവിതകൾ  ആവിഷ്‌ക്കരിക്കാനുള്ള ഇടങ്ങളായി കണ്ട് നിരന്തരം സൃഷ്ടികൾ             പല പേരുകളിൽ പോസ്റ്റ് ചെയ്തതിൽ നിന്നുണ്ടായ നേട്ടമാണ്. കാരണംഎന്റെ  ഇന്റർനെറ്റ് മാത്രമാണ്. എനിക്ക് 24 മണിക്കൂറും ഉപാധികളില്ലാതെ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ നെറ്റുണ്ട്. വിവിധ സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളിൽ യൂസർ ഐഡിയുണ്ട്. അവിടെ ആളുകൾക്ക് എന്നെ അറിയേണ്ട ആവശ്യമില്ല. എന്റെ കവിതകളുടെ ശക്തി എന്നെ 6 രാജ്യങ്ങളിലായി നടന്ന ഒട്ടനവധി എക്സിബിഷനുകളുടെ ഭാഗമാക്കി. മലയാളത്തിലെ സ്വീകാര്യതയിലും എത്രയോവലിയ നേട്ടങ്ങളാണ് ഇതൊക്കെയെന്ന് ഈ ഫീൽഡിൽ ഉള്ളവർക്ക് മനസിലാവും. 

ഏതെങ്കിലും ഒരു ഇടത്ത് സ്വീകാര്യത കിട്ടാൻ വേണ്ടി  കാത്തിരിക്കുകയോ കിട്ടാത്തതുകൊണ്ട് ആവിഷ്കാരസ്വാതന്ത്രം ഉപേക്ഷിക്കുകയോ ചെയ്യരുത്. ചിലപ്പോൾ മലയാളത്തിൽ        എഴുതിയത് ആംഗലേയത്തിൽ മൊഴിമാറ്റുമ്പോഴാണ് ഒത്തിരി പേരിലേക്ക് ആ കവിത എത്തിച്ചേരുന്നത്. അനുഭവത്തിൽ നിന്നും മനസ്സിലാക്കുന്നത് സ്വീകാര്യതയ്ക്ക് ഭാഷയോ പ്രദേശമോ അല്ല വിഷയം, ആളുകളുടെ കാഴ്ച്ചപ്പാടാണ് എന്നാണ്.

*സാഹിത്യത്തിലെ പുരുഷാധിപത്യത്തെയും രക്ഷാധികാരി          ചമയലിനെയും എങ്ങനെ നോക്കിക്കാണുന്നു?

എല്ലായിടത്തും ഇതുണ്ട്. മലയാളത്തിൽ ലേശം കൂടുതലുണ്ട്.          ഇത്തരം ഇടങ്ങൾ/ സമീപനങ്ങൾ റദ്ദ് ചെയ്യാൻ  ശ്രമിച്ച സ്ത്രീയെഴുത്തുകാരും ഒട്ടനവധിയുണ്ട്, മലയാളത്തിലും. അതല്ലെങ്കിൽ വിധേയത്വം സൃഷ്ടിച്ചെടുക്കൽ. ഇത്തരം റദ്ദു ചെയ്യലുകളുടെ  മാതൃകകളെ പൊളിച്ച് കളയുന്ന ഇടങ്ങളുമുണ്ട്. ചരിത്രപരമായി സ്ത്രീകൾ സാഹിത്യത്തിൽ മുന്നേറിയതും ഇത്തരം  ചുവടുവയ്പ്പുകളിൽ കൂടിയാണ്. സ്ത്രീകളുടെ നേതൃത്വത്തിൽ പ്രസിദ്ധീകരണങ്ങളും ആന്തോളജികളും ഉണ്ടാവുകയും, സ്ത്രീകളുടെ കൃതികൾക്ക് വായനകളും പഠനങ്ങളും ഉണ്ടാവുകയും അതുവഴി വാർപ്പ്  മാതൃകകൾക്കപ്പുറം വായനക്കാരിലേക്ക്  എത്തിക്കുകയും  ചെയ്തിട്ടുണ്ട് മലയാളത്തിൽ കേരളപ്പെൺകവികളുടെ പ്രൊയട്രിയ പ്ലാറ്റ് ഫോം ഇത്തരമൊരു  മാതൃകയാണ്.

*കവിതയോടൊപ്പം കവിതാ പഠനങ്ങൾ ഉണ്ടാകേണ്ടതല്ലേ?

കവിതകൾ വെറുതെ വായിച്ച് പോകുന്നതിലാണ് കൂടുതൽ ആളുകൾക്കും താല്പര്യമെന്നിടത്താണ് കവിതാപഠനങ്ങൾ കൂടുതൽ  ഉണ്ടാവേണ്ടതിന്റെ ആവശ്യം  നിലനിൽക്കുന്നത്. പലപ്പോഴും വായിക്കുന്നവർക്ക് കവിതയെന്തെന്ന് മനസിലാവണമെന്നില്ല. വായിക്കാനിരിക്കുമ്പോഴുള്ള മനോവ്യാപാരങ്ങൾ വരെ വായനയെ  റദ്ദു ചെയ്യും. പലപ്പോഴും കവിതകളിൽ ഉപരിപ്ലവമായ വായനയ്ക്കപ്പുറമുള്ള രാഷ്ട്രീയം  അടങ്ങിയിരിക്കും. അതെല്ലാം വ്യക്തമായും സ്പഷ്ടമായും തുറന്നു കാട്ടാനും പഠനങ്ങൾ ഉപകരിക്കും. സ്ത്രീകൾ എഴുതുന്ന കവിതകൾക്ക് പ്രത്യേകിച്ചും. പലപ്പോഴും വായിക്കുന്നവർ നിസ്സാരവൽക്കരിച്ച് കളയുന്ന കവിതകളിൽ    പോലും അതിന്റെ അടരുകളിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന രാഷ്ട്രീയമുണ്ടാവും.

 *കേരളീയ സമൂഹം സ്ത്രീ എഴുത്തിനെയും സ്ത്രീ                          കൂട്ടായ്മകളെയും അംഗീകരിക്കുന്നില്ല അല്ലെങ്കിൽ ഭയക്കുന്നു എന്ന് തോന്നിയിട്ടുണ്ടോ?

ഫെമിനിസം എന്ന വാക്കിന്റെ അർത്ഥം പോലും ഇപ്പോഴും  നേരെചൊവ്വേ അറിയാത്ത ആളുകളാണ് നമുക്കുള്ളത്.              എന്തിനാണ് സ്ത്രീകൾക്ക്  കൂട്ടായ്മ എന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കുന്നവരും ഉണ്ട്. ബുദ്ധിയുള്ള സ്ത്രീയാകിലും വിധേയത്വം ഉണ്ടായാൽ മതി എന്ന മട്ടിലാണ് അതിന്റെ നീട്ടിക്കൊണ്ടുപോകല്‍. മലയാളത്തിൽ അച്ചടിക്കുന്ന വാരികകളിൽ എഡിറ്റോറിയൽ ബോർഡിലെ അംഗങ്ങളെനോക്കൂ, അക്കാദമികളിൽ നോക്കൂ, സാഹിത്യവുമായി ബന്ധപ്പെട്ട മറ്റിടങ്ങൾ നോക്കൂ, അവിടെയൊക്കെ എത്ര സ്ത്രീകളുണ്ട്?

 *ഡോണ മയൂര എന്ന എഴുത്തുകാരിയുടെ ഹൃദയം ഏത്               കവിതയിലാണ് തെളിഞ്ഞ് നിൽക്കുന്നത്?

ഒറ്റ കവിതയിൽ തൂക്കാൻ കഴിയുന്ന ഒരു ഹൃദയമല്ല എന്റേത്.          ചില കവിതകളിൽ ഹൃദയത്തിന്റെ എക്സ്റെ, മറ്റ് ചിലതിൽ എം.ആർ.ഐ, ചിലത് ബൈപ്പാസ് സർജറികളോ    ട്രാൻസ്‌പ്ലാന്റുകളോ ആണ്. ചിലത് കോഡ് ബ്ലൂവിലേക്ക് പോയവ,    മറ്റു ചിലത് സി.പി.ആറിൽ. ചിലത് മിനിറ്റിൽ 60 ൽ താഴെപോയത്, മറ്റു ചിലത് 100നും മുകളിലേക്ക് കുതിച്ചത്. ഇങ്ങനെയൊക്കെയാണെങ്കിലും 'കേരളമെന്ന് പറയുമ്പോൾ കോവളമെന്ന് തിരിച്ച് പറയുന്നവൾക്ക്' , 'മഷിത്തുള്ളി' എന്നീ കവിതകൾ എഴുതിയതിൽ പ്രിയപ്പെട്ട കവിതകളായി ചേർത്ത് വയ്ക്കുന്നു.

*കവിത താങ്കളുടെ ജീവിതത്തെ പകർത്തുന്നുണ്ടോ ?

എപ്പോഴും. കവിതയെന്നത് അനുഭവം മാത്രമല്ല, സിമ്പതി, എമ്പതി എന്ന തലങ്ങളും അതിനുണ്ട്. അതിനൊരു തോട്ട് പ്രോസസ്സ് ഉണ്ട്, അത് ഐറ്റ്റേറ്റ്‌ ചെയ്തു കൊണ്ട് വരുന്ന വരികളുടെ അടരുകളിൽ മെറ്റഫറുകളായി ഉൾക്കൊള്ളിക്കാനാണ് എനിക്കിഷ്ടം. വിവിധ വീക്ഷണകോണുകളുള്ള കവിതകളിലും ദൃശ്യങ്ങളിലുമാണ് എനിക്ക് താല്പര്യം. അവിടെ ലോജിക്കും സയൻസും ജിയോമെട്രിയും എല്ലാം കടന്നു വരും. അത് നന്നായി മനസിലാക്കിയ ആളാണ് മേതിൽ. മേതിൽ എന്റെ കവിതയെ പറ്റി എഴുതിയ ചില  കത്തുകൾ നീല മൂങ്ങ യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

*ലോകം കവിതയെ പുത്തൻ രീതികളിലേക്ക്  പരിവർത്തനപ്പെടുത്തുമ്പോൾ കേരളീയർ അതിനെ പഴയതിലേക്ക് ചുരുക്കുന്നുണ്ടോ?

മലയാള കവിതയെ മൂന്ന് നാലുവർഷം കൂടുമ്പോൾ പുതിയ പേരിട്ട്  വിളിച്ച് നാലാളുടെ കൈയ്യടിക്ക് പാകപ്പെടുത്തി എഴുതുന്ന ഇടങ്ങളാണ് കൂടുതൽ ഉള്ളത്. എന്നാൽ അതിനെയെല്ലാം വെല്ലുന്ന രീതിയിൽ        ഉള്ള കവിതകളും മലയാളത്തിൽ എഴുതപ്പെടുന്നു. ചുരുക്കുന്ന ഇടത്തേക്ക് ചുരുങ്ങിപോകാത്തവരുള്ളത് കൊണ്ട് തുടർച്ചകൾ ഉണ്ടാകുന്നുമുണ്ട്.

*നീല മൂങ്ങയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

അതിലെ ഓരോ കവിതയും എഴുതാനുണ്ടായ കാരണങ്ങളും  അതെല്ലാം എഴുതാൻ തോന്നിയ നിമിഷങ്ങളും എഴുതാനിരുന്ന സമയവും വെറുതെ ഇപ്പോൾ മറിച്ച് നോക്കുന്നു.എഴുതിക്കഴിഞ്ഞ കവിതകളിൽ അഭിരമിക്കുന്ന ഒരാളല്ലെന്ന കാരണത്താൽ              അടച്ച് വയ്ക്കുന്നു. എന്നാൽ  നീല മൂങ്ങ വഴി കിട്ടിയ സൗഹൃദങ്ങൾ വളരെ വിലപ്പെട്ടതാണ്. കവിത കൊണ്ട് ആളുകളുടെ  മനസ്സ് തൊടുക എന്നത് ചെറിയ കാര്യമല്ല. നീല മൂങ്ങയ്ക്ക് കിട്ടിയ വായനകൾ അതിലുള്ള കവിതകൾ എഴുതപ്പെടേണ്ടത് തന്നെയായിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു. ഔപചാരികമായ പ്രകാശനമില്ലാതിരുന്ന സമാഹാരമാണ് നീല മൂങ്ങ. എന്റെ ഒരു സമാഹാരത്തിനും പ്രകാശനം സംഘടിപ്പിച്ചിട്ടില്ല. വായനക്കാർ കൈയ്യിലെടുക്കുമ്പോഴാണ് പ്രകാശനം. അതിൽ സന്തോഷമുണ്ട്.

*ദേശ വിത്യാസങ്ങൾ എഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു?

നമ്മുടെ നോട്ടവും പ്രെസ്‌പെക്റ്റിവുകളും മാറുന്നുണ്ട്. അത് എഴുത്തിനെ നന്നായി മാറ്റിമറിക്കും. വിവിധ രാജ്യങ്ങളിൽ ഉള്ള ആളുകളോട് അടുത്ത് ഇടപ്പെട്ട് ജീവിച്ചിട്ടുണ്ട്. പല ഭാഷകളിലെയും സാഹിത്യത്തെ പറ്റിയുണ്ടായിരുന്ന മുൻവിധികളൊക്കെ                    തകിടം മറിയും. പുതിയ എഴുത്തുകാരെ കണ്ടെത്തും, വായിക്കും. ആളുകളും അനുഭവങ്ങളും സ്ഥലങ്ങളും മാറുന്നതിനനുസരിച്ച് എഴുത്തിൽ ആ വ്യതിയാനങ്ങൾ അടയാളപ്പെടും.

ഡോണ മയൂര

ആദ്യ കവിത 1998ൽ  അച്ചടിച്ച് വന്നു. ഇതുവരെ മലയാളത്തിൽ            രണ്ട്‌ കവിതാസമാഹാരങ്ങൾ. ഐസ് ക്യൂബുകൾ (2012),നീല മൂങ്ങ, ഒന്നാം പതിപ്പും രണ്ടാം പതിപ്പും (2019) ഇൻസൈറ്റ് പബ്ലിക്കയാണ്  പ്രസാധകർ. ദൃശ്യകവിതാസമാഹാരങ്ങൾ മൂന്നെണ്ണം സ്വീഡനിൽ നിന്നും പബ്ലിഷ്‌ ചെയ്തു.ലിസണിങ്ങ് ടു റെഡ് (2018)എക്കോസ് (2019) ലാങ്ഗ്വജ് ലൈൻസ് ആന്റ് പോയട്രി (2020) ടിംഗ്ലസെ എഡിഷൻസ്, സ്വീഡൻ. കാനഡ, ഇറ്റലി, സ്പെയിൻ, പോർച്ച്യുഗൽ, പോളണ്ട്‌, യു.എസ്സ്‌.എ എന്നിവിടങ്ങളിലായി ദൃശ്യകവിതകൾ പ്രദര്‍ശനങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടു.

ഫ്രഞ്ച്, ജർമ്മൻ ഉൾപ്പെടെ എട്ടു ഭാഷകളിലേക്ക് കവിതകൾ പരിഭാഷപ്പെട്ടിട്ടുണ്ട്. പോണ്ടിച്ചേരി സർവ്വകലാശാലയുടെ മലയാളം സിലബസിൽ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ.തോമസ് ഐസക്ക് 2018ലെ കേരള ബജറ്റിൽ ഡോണയുടെ കവിതാ വരികൾ ഉദ്ധരിക്കുകയുണ്ടായി കൈരളി യു.എസ്.എ അവാർഡ് ( 2019), സൂര്യ ട്രസ്റ്റ് പവിത്രഭൂമി പുരസ്ക്കാരം ( 2012 ), തലശ്ശേരി രാഘവൻ സ്മാരക കവിതാ പുരസ്ക്കാരം (2011) എന്നീ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആയിരത്തിത്തൊള്ളായിരത്തി അറുപതുമുതൽ സമകാലികരായവർ വരെ ഉൾപ്പെട്ട, മുൻനിര കവികളുടെ ഇന്റർനാഷണൽ എക്സിബിറ്റ്,ഹങ്കേറിയൻ അക്കാദമി റോം, ഇറ്റലിയിൽ തന്നെ വീണ്ടും  മ്യൂസിയം ഓഫ് കൻറ്റെമ്പറെറി ആർട്ട് എന്നിവിടങ്ങളിൽ, യോകോ ഓനോ ഉൾപ്പെടെയുള്ളവരുടെ കൂടെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ ഹിസ്റ്റെറിയ ബുക്ക്സ് ജൂൺമാസംപ്രസിദ്ധീകരിക്കുന്ന ഇന്റർനാഷണൽ വിഷ്വൽ പൊയട്രി ആന്തോളജിയുടെ കോ-എഡിറ്റർ.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 2

  • കെ സി മുരളീധരൻ

    29/Apr/2021 [09:00-am]

    ഇന്നത്തെ മലയാള കവിത. അതിലെ പ്രത്യയ ശാസ്ത്രപരമായ സംഘർഷങ്ങൾ, പെൺ കവികൾ കവിതകളിലൂടെയും കവിതാപഠനങ്ങളിലൂടേയും നടത്തുന്ന ചെറുത്തു നില്പ് , നവമാദ്ധ്യമങ്ങൾ ഉപയേഗിച്ച് സ്ത്രീ കവികൾ നടത്തിയ മുന്നേറ്റങ്ങൾ, ദൃശ്യ കവിതകളിലേക്കുള്ള വളർച്ച എല്ലാം സ്പർശിച്ച് ആണ് ഡോണ സംസാരിക്കുന്നത്. ഈ വഴികളിലൂടെ പല തരത്തിലുള്ള അധിനിവേശങ്ങളെ , അധീശത്വങ്ങളെ എതിർത്ത് നടന്ന ഒരാൾ എന്ന അനുഭവത്തിലൂന്നി സംസാരിക്കുമ്പോൾ ഈ അഭിമുഖം ഇന്ന് സ്വീകാര്യതയുള്ള അധീശകവിതാ സങ്കല്പത്തേയും പഠന സമീപനങ്ങളേ യും എഴുത്തിന്റെ രാഷ്ട്രീയത്തെയും പുനർ നിർവ്വചിക്കേണ്ട ആവശ്യകതയിലാണ് ഊന്നുന്നത്. കവിതയുടെ ബലതന്ത്രങ്ങൾ എഴുത്തുകാരി അറിഞ്ഞിരിക്കണം എന്ന നിരീക്ഷണം പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. ഡോണക്ക് അഭിനന്ദനങ്ങൾ

  • AJITHA T J

    29/Apr/2021 [08:58-am]

    ഈ നീല മുങ്ങ എൻ്റെ പ്രചോദമാണ്, ആവേരമാണ് അത്ഭുതമാണ്