SUBSCRIBE


അഭിമുഖം

or
Author


26th May | Issue 5

കാരമടയിലെ  
സ്നേഹസംവാദം


നിക്സൺ ഗോപാൽ

കാരമട ഒരു തുറന്ന ഭവനമാണ്. എല്ലാവര്‍ക്കും വന്നു താമസിച്ചുപോകാവുന്ന ഒരിടം. മനുഷ്യത്വം പറയാന്‍ ഒരിടം. ഒരു ആശയത്തിനും പ്രത്യേകമായി പ്രാധാന്യം കൊടുക്കാത്ത ഇടം. ജീവിതം ആശയങ്ങള്‍ക്കുവേണ്ടി ആകരുത്, മറിച്ച് ആശയങ്ങള്‍ ജീവിതത്തിനുവേണ്ടിയാകണം എന്നു കരുതുന്ന ഇടം. അതിനാല്‍ ജീവിതമാണ് ഇവിടെ വിഷയം. ആശയമല്ല. പല തരത്തില്‍ വിഷമം അനുഭവിക്കുന്നവര്‍ ആശ്വാസത്തിനായാണ് ഇവിടെ കൂടുതലും വരാറ്. പിന്നെ എന്റെ പുസ്തകങ്ങള്‍ വായിച്ചവര്‍. പല തരത്തിലുള്ള അന്വേഷണങ്ങളില്‍ സഞ്ചരിക്കുന്നവര്‍. ഗുരുകുലം മുന്നോട്ടു വയ്ക്കുന്ന ജീവിതദര്‍ശനം എന്താണോ അതുതന്നെയാണ് എന്റെ സ്വഭാവത്തിനു ചേര്‍ന്ന ഭാഷയിലൂടെ പുറത്തുവരുന്നത്. മനുഷ്യരാകുക, മനുഷ്യത്വമുള്ളവരാകുക എന്നു പറയുന്ന എല്ലാ ദര്‍ശനധാരകളോടും ചേര്‍ത്തു വയ്ക്കാവുന്ന ഒരിടമാണ് കാരമടയും.

image_src

ഷൗക്കത്ത് കാരമട


നാരായണ ഗുരുകുലത്തിന്റെ മട്ടും മാതിരിയും  സാമ്പ്രദായിക ആശ്രമത്തിന്റേതു പോലെ ഒരിക്കലും ആയിരുന്നിട്ടില്ല. ഗുരു നിത്യചൈതന്യയതി യുടെ കാലത്തു ഒരു ലക്ഷണമൊത്ത ജനകീയ സർവ്വ കലാശാലയുടെ മുഖം ഗുരുകുലം പല രീതിയിൽ കാഴ്ച വച്ചിരുന്നു . അതിന്റെ പ്രാരംഭ സങ്കല്പമായിരുന്നത് ലോകത്താകമാനം സഞ്ചരിക്കുകയും പഠിക്കുകയും ചെയ്ത,  അത്യന്താധുനികനായിരുന്ന നടരാജ ഗുരുവിന്റെ താല്പര്യം തന്നെ. ഇവരുടെ പിന്മുറക്കാരിൽ ഒരാളാണ്  ഷൗക്കത്ത്. നടരാജഗുരു രൂപപ്പെടുത്തിയ 'നാരായണ ഗുരു കുല പ്രസ്ഥാന' ത്തിന്  ഇപ്പോൾ നിരവധി നടപ്പ വഴികൾ ഉണ്ട്. നടരാജ ഗുരുവിന്റെ ഏകലോക ദർശനവുമായി ബന്ധപ്പെട്ട്, ലോകത്തിലെ ഓരോ വീടുകളും വ്യക്തികളും അത്തരം സ്വാതന്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമായി വരും. ഷൗക്കത്തും ഗീതാ ഗായത്രിയും ചേർന്നു രൂപപ്പെടുത്തിയ , കോയമ്പത്തൂരിനടുത്തുള്ള കാരമടയിലെ 'ഗുരുകുല ഭവനം'  ഇന്ന് ഒരു നവലോക നിർമ്മിതിയിൽ  ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.

ഗുരു നിത്യയിൽ ആകർഷിക്കപ്പെട്ട് ഊട്ടി ഫേൺ ഹില്ലിൽ എത്തപ്പെട്ട ഷൗക്കത്ത് പിന്നീട്  ഗ്രന്ഥകാരനായി  മാറി.  യതിയുടെ ആത്മകഥ വിശേഷപ്പെട്ട രീതിയിൽ എഡിറ്റ്‌ ചെയ്തു . 'ഹിമാലയ'ത്തിന്റ യാത്ര വിവരണത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായിരുന്നു. കഴിഞ്ഞ വർഷം സമകാലിക മലയാളം വാരികയിലൂടെ ഒരു നോവലും പ്രസിദ്ധീകരിച്ചു: 'ഏക താരയുടെ ഉന്മാദം'കൂടാതെ നാരായണ ഗുരു, ലാവോത്സ്, കബീർ, രമണ മഹർഷി, മീര, റൂമി... തുടങ്ങിയ മഹാനുഭാവന്മാരെ പറ്റിയുള്ള നിരവധി  രചനകളും വ്യാഖ്യാനങ്ങളും.. ഗുരു നിത്യ തുടങ്ങി വച്ച 'സ്നേഹ സംവാദം ' പൊതു കൂട്ടായ്മ പരിപാടി ഷൗക്കത്ത് ഇപ്പോൾ കേരളത്തിൽ ഉടനീളം

തുടർന്നു പോരുന്നു.

ഈ  കൊറോണക്കാലത്ത്  ഷൗക്കത്ത്  കാരമട ഫേസ് ബുക്ക്‌ ലൈവിൽ വന്നു പറഞ്ഞ കാര്യങ്ങളെ തുടർന്നുള്ള ഒരു ഇന്റർവ്യൂ ആണിത്. ഗുരു നിത്യയെ പറ്റി, മുപ്പതു ദിവസത്തിലേറെ നീണ്ടു നിന്ന, (ഇപ്പോഴും അതിന്  അനുബന്ധമായി തുടരുന്ന) പ്രഭാഷണം ഗുരുകുലത്തിന്റെ ജനായത്ത സ്വഭാവത്തെയാണ് പല നിലയ്ക്കും കൂടുതൽ  അനാവരണം ചെയ്തത്.  ഒരുപാട് ആളുകളെ  പ്രഭാഷണം  ആകർഷിക്കുകയുണ്ടായി . മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന പുതു തലമുറയെ അത് ആവേശിക്കുകയും ആശ്വസിപ്പിക്കുന്നതായും കാണുന്നു. ഫാസിസ്റ്റ് മനോഗതി പൊതു സ്വഭാവത്തിന്റ  അടിയൊഴുക്കായി വളർന്നേറുന്ന ഇക്കാലത്ത് സ്നേഹ സംവാദത്തിന്റെ പാരസ്പര്യത്തെയും കണിശമായി  ഇവിടെ രേഖപ്പെടുത്തുന്നു. " 

                 

ഷൗക്കത്ത് കാരമട /  നിക്സൺ ഗോപാൽ 

ഈ ലോക് ഡൌൺ കാലത്ത് കേരളവും ലോകവും ഇഷ്ടപ്പെടുന്ന ഗുരു നിത്യയെ കുറിച്ച് താങ്കൾ തുടർച്ചയായിമുപ്പത് ദിവസത്തിലേറെ തുടർച്ചയായി ഒരു മണിക്കൂർ ലൈവിൽ വന്നു സംസാരിക്കുകയുണ്ടായി. ആളുകൾക്ക് അതു കേട്ടിട്ട് വല്ലാത്ത ആശ്വാസം തോന്നുന്നു. ഒരു സോഷ്യൽ കൗൺസിലിംഗിന് തുല്യം... താങ്കൾക്ക് പ്രത്യേകിച്ച് എന്തു തോന്നുന്നു? 

•തികച്ചും യാദൃച്ഛികമായി സംഭവിച്ചതാണത്. ലോക്ഡൗണിന് കുറച്ചു ദിവസം മുമ്പ് കാരമടയിലെത്തി. റൂമിയുടെ എഴുത്ത് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. അങ്ങനെ കഴിയുമ്പോഴാണ് ഒരു സുഹൃത്ത് വിളിച്ചത്. സംസാരത്തിനിടയില്‍ അദ്ദേഹം പറഞ്ഞു. ദിവസവും കുറച്ചുനേരം ഫേസ്ബുക്ക് ലൈവില്‍ വന്ന് എല്ലാവരോടും സംസാരിച്ചുകൂടെ. അത് പലര്‍ക്കും ഒരു ആശ്വാസമാകും. എല്ലാവരും വീടിനുള്ളില്‍ അകപ്പെട്ടിരിക്കുകയാണല്ലോ. പല തരത്തിലുള്ള വിഷമതകള്‍. ഭീതി. ആകാംക്ഷ. എല്ലാമുണ്ട്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഭാഷയിലുള്ള നിങ്ങളുടെ വര്‍ത്തമാനം അതിനിടയില്‍ വലിയ ഒരു അനുഗ്രഹമാകും.എനിക്ക് തീരെ പരിചയമില്ലാത്ത ഒരു പണിയാണ്. ഇതുവരെ ലൈവില്‍ സംസാരിച്ചിച്ചിട്ടില്ല. നേരിട്ട് മുഖാമുഖം സംസാരിക്കുന്ന ഒരനുഭവം അതു നല്കുമോ എന്നുമറിയില്ല. എങ്കിലും അദ്ദേഹം പറയുന്നതില്‍ കാര്യമുണ്ടെന്നു തോന്നി. മാത്രമല്ല; പുതിയ രീതികള്‍ പരീക്ഷിക്കുന്നത് എനിക്ക് ഇഷ്ടവുമാണ്. അങ്ങനെ ലൈവില്‍ വന്നു. എല്ലാവരോടും സ്നേഹം പറഞ്ഞു. ചിലര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു. ഓരാഴ്ച കഴിഞ്ഞതോടെ അതുമായി സമരസപ്പെട്ടു. ലോകത്തിന്റെ പല ഭാഗങ്ങളിലിരിക്കുന്ന മനുഷ്യരുമായി കാരമടയിലെ വിജനതയിലിരുന്ന് സംവദിക്കുന്നത് വലിയൊരു അനുഭവമായി. 

ആ വര്‍ത്തമാനം തുടരുന്നതിനിടയില്‍ സ്വാഭാവികമായും ഗുരു നിത്യയും അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനവുമൊക്കെ കടന്നുവന്നു. ഗുരുവിന്റെ ജീവിതം ഒന്നു ചുരുക്കിപ്പറയാമോ എന്ന് ആരോ ചോദിച്ചു. അടുത്ത രണ്ടോ മൂന്നോ ദിവസം അതു പറയാം. എന്നിട്ട് വീണ്ടും നമുക്ക് പതിവു സംവാദത്തിലേക്ക് തിരിച്ചു വരാം എന്നു പറഞ്ഞ് തുടങ്ങി. പിന്നെ അത് അവസാനിച്ചത് മുപ്പത്തിയൊന്നാം ദിവസമാണ്. ഗുരുവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളിലൂടെയും കടന്നുോകാനായെന്നാണ് കരുതുന്നത്. വിദേശയാത്രാനുഭവങ്ങള്‍ മാത്രം കാര്യമായി പറഞ്ഞില്ല. ബാക്കിയെല്ലാം ഒരുവിധം സ്പര്‍ശിച്ചുപോയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ അദ്ദേഹമെഴുതിയ പുസ്തകങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ്. ഒന്നു തൊട്ടു തലോടിയുള്ള യാത്ര. ചെറിയ പരിചയപ്പെടുത്തല്‍.എന്നെ സംബന്ധിച്ചിടത്തോളം നവ്യമായ ഒരു അനുഭവമായിരുന്നു ഈ ദിവസങ്ങള്‍. പ്രാര്‍ത്ഥനപോലെ, ധ്യാനംപോലെ.. ഗുരു നിത്യ കൂടുതല്‍ ആഴത്തിലും പരപ്പിലും എന്നില്‍ ഒന്നുകൂടി സജീവമായ അനുഭവം. അദ്ദേഹം മുന്നോട്ടുവെച്ച മനുഷ്യത്വമെന്ന ദര്‍ശനത്തെ കൂടുതല്‍ ജീവിതത്തിലേക്ക് സ്വാംശീകരിക്കാനുള്ള പ്രചോദനം. ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് അത് എന്നെപ്പോലെതന്നെ ആസ്വദിക്കുന്നെന്ന സമാധാനം. ഈ പ്രതിസന്ധിക്കാലത്ത് മൂല്യവത്തായ ഒരു ജീവിതം പറയാനായതിലുള്ള ചാരിതാര്‍ത്ഥ്യം.

ആ ലൈവ് പരിപാടിയിൽ നാരായണഗുരുകുലത്തിന്റെ ജനായത്ത സ്വഭാവമാണ് അനാവരണം ചെയ്യപ്പെട്ടത്. പേരിന് ഒരു അദ്ധ്യക്ഷൻ ഉണ്ടായിരിക്കെ തന്നെ വേറെ ഭരണ സ്വഭാവമൊന്നും ആളുകൾക്ക് ഫീൽ ചെയ്തിട്ടില്ല? 

•നടരാജഗുരുവിന്റെ അടുത്ത് ശിഷ്യനായി ജീവിതം ആരംഭിച്ചപ്പോള്‍ നമ്മള്‍ തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന് നിത്യ ചോദിക്കുന്നുണ്ട്. അതിന് നടരാജഗുരു പറഞ്ഞ മറുപടി നാരായണഗുരുകുലത്തിന്റെ പൊതുസ്വഭാവമായി അന്നും ഇന്നും തുടരുന്നുണ്ട്. ആ വാക്കുകള്‍ ഇങ്ങനെയാണ്: "വിദ്യയുടെ സന്ദര്‍ഭത്തില്‍ ഞാന്‍ ഗുരുവും നീ ശിഷ്യനുമായിരിക്കും. മറ്റു സാമൂഹികസന്ദര്‍ഭങ്ങളില്‍ ഞാന്‍ ഞാനും നിങ്ങള്‍ നിങ്ങളുമായിരിക്കും. പരസ്പര ബാധ്യതകളൊന്നുമില്ലാത്ത രണ്ടു സ്വതന്ത്രവ്യക്തികള്‍. ഞാന്‍ പഠിപ്പിക്കുമ്പോള്‍ നിങ്ങള്‍ അത് പൂര്‍ണ്ണ ശ്രദ്ധയോടെ കേള്‍ക്കണം. നിങ്ങള്‍ക്ക് മനസ്സിലാകാത്തതൊന്നും നിങ്ങള്‍ സ്വീകരിക്കരുത്. ഉടനെ മനസ്സിലാകുന്നില്ലെങ്കില്‍ അതു മനസ്സിലാകു ന്നതുവരെയും ക്ഷമയോടെ കാത്തിരിക്കാന്‍ കഴിയണം. അനുസരണയുടെ കാര്യമൊന്നും ഇവിടെയില്ല. എന്റെ മുദ്രാവാക്യംതന്നെ ഇതാണ്: ആജ്ഞാപിക്കുകയും അരുത്. അനുസരിക്കുകയും അരുത്. എന്നാല്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക." ഇതായിരുന്നു എന്നും ഗുരുകുലത്തിന്റെ ശൈലി.

അതുകൊണ്ടുതന്നെ വളരെ സ്വതന്ത്രമായ ഒരു അന്തരീക്ഷം അവിടെ ഉണ്ടായിരുന്നു. ഗുരുകുലം വിട്ടുപോന്നിട്ടും യാതൊരു സങ്കോചവുമില്ലാതെ വീണ്ടും അവിടെ ചെല്ലാനും പഴയതുപോലെതന്നെ ഇപ്പോഴത്തെ ഗുരുവായ സ്വാമി മുനി നാരായണ പ്രസാദിനോട് വര്‍ത്തമാനം പറഞ്ഞിരിക്കാനും കഴിയുന്നത് ആ സ്വതന്ത്രമായ കാഴ്ചപ്പാട് നിലനില്ക്കുന്നതുകൊണ്ടുതന്നെയാണ്. ഗുരുകുലത്തിലെ പത്തുപേരെ എടുത്താല്‍ പത്തു സ്വഭാവക്കാരും ആ സ്വഭാവത്തില്‍ ജീവിക്കുന്നവരുമാണ്. ഒരേ അച്ചിലിട്ടു വാര്‍ക്കുന്ന സമ്പ്രദായം ഗുരുകുലത്തിനില്ല എന്നതുതന്നെയാണ് ആ ഇടത്തിന്റെ ഗുണമായി അനുഭവിച്ചിട്ടുള്ളത്. ഗുരുകുലം സമ്പത്തിന് പ്രാധാന്യം കൊടുക്കാത്തതുകൊണ്ടും കാര്യമായ സമ്പത്തൊന്നും അവിടെ ഇല്ലാത്തതുകൊണ്ടും ഭരണപ്രശ്നങ്ങളൊന്നും കാര്യമായുണ്ടാകാറില്ല. ആശയപരമായ അഭിപ്രായവ്യത്യാസങ്ങളും അതിനെ പ്രതിയുള്ള ചെറിയ അലോസരങ്ങളുമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും മറ്റു ആധിപത്യസ്വഭാവങ്ങളൊന്നും അനുഭവിച്ചിട്ടില്ല. നല്ലൊരു മാതൃകാസ്ഥാപനമായാണ് ഗുരുകുലം എന്നും നിലനില്ക്കുന്നത്.

മറ്റു ഗുരുകുലങ്ങളിൽ നിന്ന് ഫേണ്‍ഹില്‍ ഗുരുകുലത്തിന് പ്രായോഗികമായ എന്തൊക്കൊയോ വ്യത്യാസങ്ങൾ ഉണ്ടെന്നു തോന്നുന്നു. എന്താണവ? 

•ഓരോ ഗുരുകുലത്തിന്റെയും ചുമതല വഹിക്കുന്നത് ആരാണോ അവരുടെ മൂല്യബോധവും ആവിഷ്ക്കാര രീതിയുമായിരിക്കും ആ ഗുരുകുലത്തിന്റെ സ്വഭാവം. അതാണ് നാരായണ ഗുരുകുലത്തിന്റെ സവിശേഷതയും. അതുകൊണ്ടുതന്നെ ഗുരു നിത്യ കൂടുതലും ചിലവഴിച്ചിരുന്ന ഫേണ്‍ഹില്‍ ഗുരുകുലം തത്വചിന്താലോകത്തിനുമപ്പുറം കലാസാഹിത്യ സംഗീതാദികളുടെയും ലോകമായിത്തീര്‍ന്നു. ജീവിതത്തെ സ്പര്‍ശിക്കുന്ന എല്ലാ മൂല്യങ്ങളുടെയും ഒരു സ്വരലയമായിരുന്നു നിത്യ. ആ നിത്യയുടെ വ്യക്തിത്വത്തിന്റെ വികാസപരിണാമങ്ങള്‍ തന്നെയായിരുന്നു ഫേണ്‍ഹില്‍ ഗുരുകുലം. നടരാജഗുരു ഉള്ളപ്പോള്‍ അത് മറ്റൊരു തരത്തിലായിരുന്നു. നിത്യയ്ക്ക് ശേഷം അത് മറ്റൊരു തരത്തിലാണ്. അപ്പോഴും ഏകലോകം, വിശ്വപൗരന്‍ എന്ന ദര്‍ശനത്തിന് ഒരു വിത്യാസവുമില്ല. അതാണ് ഗുരുകുലത്തിന്റെ അടിത്തറയായി രിക്കുന്ന ദര്‍ശനം. അത് അന്നും ഇന്നും ഒരുപോലെ നിലനില്ക്കുന്നു. 

വിയോജിച്ചു പോയവരിൽപോലും ഗുരുകുലത്തിന്റെ ലിബറൽ സ്വഭാവം കിട്ടിയിരിക്കുന്നത് കാണാം? 

•ലിബറല്‍ സ്വഭാവമുള്ളവരാണ് ഗുരുകുലത്തിലേക്ക് എത്തിച്ചേരാറ്. അതുകൊണ്ടുതന്നെ എവിടെയും തങ്ങിനില്ക്കുന്ന സ്വഭാവം അവരിലുണ്ടാ കില്ല. ആരും തങ്ങിനില്ക്കണമെന്ന് വാശിപിടിക്കുന്ന ഒരു പ്രസ്ഥാനവുമല്ല നാരായണ ഗുരുകുലം. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ ഇറങ്ങി പ്പോകാനും തിരിച്ചു വരാന്‍ തോന്നുമ്പോള്‍ കയറി വരാനുമുള്ള ഒരു സ്വാതന്ത്ര്യം അവിടെയുണ്ട്. 

"ലോകത്തെ മുഴുവൻ വീടുകളും ഗുരുകുലമാകണം" എന്നു നടരാജഗുരു പറഞ്ഞിട്ടുണ്ട്. വ്യക്തമാക്കാമോ? 

•ലോകം മുഴുവന്‍ ഗുരുകുലമുണ്ടാക്കണം എന്നതായിരുന്നില്ല നടരാജഗുരുവിന്റെ കാഴ്ചപ്പാട്. എല്ലാ വീടുകളും ഗുരുകുലമായി മാറണം എന്നതായി രുന്നു. അതുകൊണ്ടുതന്നെ പ്രസ്ഥാനത്തെ വളര്‍ത്തുക എന്നതിനേക്കാള്‍ തന്നിലേക്കു വന്നവരുടെ ഹൃദയത്തെ ഒരു ഗുരുകുലമാക്കി മാറ്റാനാണ് അദ്ദേഹം ശ്രമിച്ചത്. അത് സ്വഭവനങ്ങളിലേക്ക് പ്രസരിപ്പിക്കാനും അദ്ദേഹം ഉണര്‍ത്തിച്ചു. കാലത്തിലും ദേശത്തിലും പെട്ടുപോയ ബോധത്തെ അതിന്റെ ജാതീയും മതപരവും ദേശീയവുമായ സങ്കുചിതത്വത്തില്‍ നിന്ന് മോചിപ്പിച്ച് ഏകലോക മാനവികതയിലേക്കും വിശ്വപൗരന്മാരെന്ന ബോധത്തിലേക്കും ഉണര്‍ത്തിയെടുക്കുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. അതിനുതക്ക രീതിയില്‍ ഓരോരുത്ത രുടെയും ജീവിതം വ്യവസ്ഥയുള്ളതാകണമെങ്കില്‍ സ്വയം ഒരു ഗുരുകുലമായിത്തീരുകയാണ് വേണ്ടത്. ആ ആശയത്തെ ഹൃദയത്തിലേക്ക് സ്വാംശീകരിച്ച് അതില്‍ ജീവിക്കലാണ് ഗുരുകുലം. അല്ലാതെ സ്ഥലം വാങ്ങി കെട്ടിടങ്ങളുണ്ടാക്കി സ്ഥാപനങ്ങളുടെ എണ്ണം കൂട്ടുന്നതിലായിരുന്നില്ല അദ്ദേഹത്തിന്റെ താല്പര്യം. 

നടരാജ ഗുരുവും നിത്യയും പ്രത്യേകം വിദ്യാഭ്യാസ വീക്ഷണം ഉള്ളവരായിരുന്നു. അവരുടെ മുഖ്യ പ്രതിപാദനങ്ങൾ എന്തൊക്കെയാണ്? 

•രണ്ടുപേരുടെയും വിദ്യാഭ്യാസ ദര്‍ശനം ഒന്നുതന്നെയായിരുന്നു. നല്ല മനുഷ്യരാകാനും മനുഷ്യത്വമുള്ളവരാകാനും പ്രാപ്തമാകുന്നതാകണം വിദ്യാഭ്യാസം എന്നതായിരുന്നു അതിന്റെ അടിസ്ഥാനം. വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും സാമൂഹികജീവിതത്തെയും സ്വസ്ഥതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും സമത്വത്തിലേക്കും ഉണര്‍ത്താന്‍ സഹായിക്കുന്ന അന്തരീക്ഷമൊരുക്കലായിരിക്കണം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമെന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു.

ജോലി കണ്ടെത്താനുള്ള ഒരു ഉപാധി മാത്രമായി മാറിയ വിദ്യാഭ്യാസ സമ്പ്രദായത്തോട് അവര്‍ക്കെന്നും വിമര്‍ശനമുണ്ടായിരുന്നു. അറിവ് നേടാനുള്ള പ്രചോദനമായി മാറാത്തിടത്തോളം അത് നിരര്‍ത്ഥകമാണെന്നുതന്നെ അവര്‍ കരുതി.  അറിവിനെ കിഴക്കെന്നും പടിഞ്ഞാറെന്നും മുറിച്ചുമാറ്റാതെ ലോകത്തുണ്ടായിട്ടുള്ള എല്ലാ അറിവിന്റെ ധാരകളെയും ഒരേ മനസ്സോടെ ഹൃദയത്തിലേക്ക് സ്വാംശീകരിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. ഓരോരുത്തരുടെയും ബോധം ഒരു ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റിയായി മാറണമെന്ന് ഉദ്ബോധിപ്പിച്ചു. അതെ ഏകലോകം, വിശ്വപൗരത്വം ഇതുരണ്ടും യാഥാര്‍ത്ഥ്യമാക്കുന്ന തരത്തിലുള്ള എല്ലാ സംവേദനങ്ങളും വിദ്യാഭ്യാസമെന്ന് അവര്‍ കരുതി. അല്ലാത്തതെല്ലാം വിദ്യാഭാസമല്ലെ ന്നും.  

സ്ത്രീപുരുഷ വൈരുദ്ധ്യത്തെപറ്റി നടരാജഗുരു പുസ്തകം എഴുതി. അതിനു കാലിക പ്രസക്തിയുണ്ടോ? 

•സ്ത്രീപുരുഷബന്ധം അത്രമാത്രം കലുഷമായ ഒരിടമാണ് പ്രത്യേകിച്ച് കേരളം. അതുകൊണ്ടുതന്നെ അദ്ദേഹം പറയാന്‍ ശ്രമിച്ചത് ശ്രദ്ധയോടെ നാം മനസ്സിലാക്കുന്നത് നല്ലതായിരിക്കും. അത്രമാത്രം സാംസ്ക്കാരികമായ വളര്‍ച്ച ആവശ്യപ്പെടുന്ന ഒരിടമാണത്. വിദ്യാഭ്യാസമൊക്കെയുള്ള സമൂഹമാണെങ്കിലും അടിസ്ഥാനപരമായ ജൈവികസ്വഭാവങ്ങളിലെ ചില ന്യൂനതകളെ തൊട്ടറിയാനോ ചര്‍ച്ചചെയ്യാനോ നാം എന്തുകൊണ്ടോ തയ്യാറാകുന്നില്ല. കഴിഞ്ഞ കുറച്ചുനാളുകളായി നാം അതിനു തയ്യാറാകുന്നുണ്ടെന്നത് വലിയ കാര്യം തന്നെയാണ്.

നടരാജഗുരുവൊക്കെ അത് പണ്ടേ പറഞ്ഞുകൊണ്ടേയിരുന്നു. ലൈംഗീക വിഷയത്തില്‍ നാം അനുഭവിക്കുന്ന അജ്ഞതയും സമ്മര്‍ദ്ദവും എത്രമാത്രം രോഗാതുരമായ ഒരു ബോധാവസ്ഥയാണെന്ന് നടരാജഗുരു പറയുമായിരുന്നു. സന്ദര്‍ഭം വരുമ്പോഴെല്ലാം ആഴമേറിയ ചര്‍ച്ചയ്ക്ക് അതു വിഷയമാക്കുമായിരുന്നു. സ്ത്രീപുരുഷബന്ധത്തെ വെറും ലൈംഗീകതയുമായി മാത്രം ബന്ധപ്പെടുത്തി കാണുന്ന ബോധത്തെ അതില്‍നിന്നും മോചിപ്പിച്ച് രണ്ടു വ്യക്തികളായി കാണാനും പരസ്പരം ബഹുമാനിക്കാനും പാരസ്പര്യപ്പെടാനും ഒക്കെയുള്ള വഴികള്‍ ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയൊക്കെ നടരാജഗുരു പറഞ്ഞുവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അത് എന്നും പ്രസക്തമാണ്. 

ഒരു ഗുരുകുലത്തിൽ നിന്ന് ഒരു സാമ്പത്തിക ശാസ്ത്ര ഗ്രന്ഥം പ്രതീക്ഷിച്ചു കൂടാ. നടരാജഗുരു അവിടെയും കൈ വച്ചു. ചുരുക്കി പറയാമോ? 

•നാരായണഗുരുകുലത്തെ പാരമ്പര്യ ആശ്രമ സങ്കല്പവുമായി ചേര്‍ത്തുവെച്ച് കാണുന്നതുകൊണ്ടാണ്  ഈ സംശയം. ഗുരുകുലം ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. അറിവിനുള്ളിലുള്ളതെല്ലാം അവിടെ വിഷയമാണ്. ഒന്നും അപ്രധാനമല്ല. എല്ലാം ഒരുപോലെ പ്രധാനമാണ്. അടുക്കളയില്‍നിന്ന് തുടങ്ങി ഉപനിഷത്ത് വരെ അത് നീണ്ടുപോകുന്നു. നടരാജഗുരുവും നിത്യഗുരുവും പ്രസാദ് സ്വാമിയും എഴുതിയിട്ടുള്ള പുസ്തകങ്ങളുടെ പേരുകളിലൂടെ ഒന്നു കടന്നുപോയാല്‍ അതു മനസ്സിലാകും. നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകളും സിമോണ്‍ ഡി ബുവ്വ അവരുടെ കഥ പറയുന്നു എന്ന പുസ്തകവും എഴുതിയ നിത്യനും അതുപോലെ പലരുടെയും നെറ്റി ചുളിപ്പിച്ചിട്ടുണ്ട്. ഗുരുകുലത്തില്‍നിന്ന് ഇങ്ങനെയുള്ള പുസ്തകമോ എന്ന ചോദ്യം അങ്ങനെ പലരിലും നിറഞ്ഞിട്ടുണ്ട്. അത് ഗുരുകുലത്തെ ഒരു യൂണിവേഴ്സിറ്റിയായി മനസ്സിലാക്കാത്തതുകൊണ്ടാണ്.

ഗുരുകുലത്തിന്റെ വേറൊരു ഒരു ആധുനിക ആവിഷ്കാരമാണ് താങ്കളുടെ കാരമട എന്നു പറയാമോ? 

•ഗുരു നിത്യ പറയാന്‍ ശ്രമിച്ചതെന്തൊക്കെയോ അതുതന്നെയാണ് എന്റെ എഴുത്തിലും പറച്ചിലിലും ഉള്ളത്. കാരമട ഒരു തുറന്ന ഭവനമാണ്. എല്ലാവര്‍ക്കും വന്നു താമസിച്ചുപോകാവുന്ന ഒരിടം. മനുഷ്യത്വം പറയാന്‍ ഒരിടം. ഒരു ആശയത്തിനും പ്രത്യേകമായി പ്രാധാന്യം കൊടുക്കാത്ത ഇടം. ജീവിതം ആശയങ്ങള്‍ക്കുവേണ്ടി ആകരുത്, മറിച്ച് ആശയങ്ങള്‍ ജീവിതത്തിനുവേണ്ടിയാകണം എന്നു കരുതുന്ന ഇടം. അതിനാല്‍ ജീവിതമാണ് ഇവിടെ വിഷയം. ആശയമല്ല. പല തരത്തില്‍ വിഷമം അനുഭവിക്കുന്നവര്‍ ആശ്വാസത്തിനായാണ് ഇവിടെ കൂടുതലും വരാറ്. പിന്നെ എന്റെ പുസ്തകങ്ങള്‍ വായിച്ചവര്‍. പല തരത്തിലുള്ള അന്വേഷണങ്ങളില്‍ സഞ്ചരിക്കുന്നവര്‍. ഗുരുകുലം മുന്നോട്ടു വയ്ക്കുന്ന ജീവിതദര്‍ശനം എന്താണോ അതുതന്നെയാണ് എന്റെ സ്വഭാവത്തിനു ചേര്‍ന്ന ഭാഷയിലൂടെ പുറത്തുവരുന്നത്. മനുഷ്യരാകുക, മനുഷ്യത്വമുള്ളവരാകുക എന്നു പറയുന്ന എല്ലാ ദര്‍ശനധാരകളോടും ചേര്‍ത്തു വയ്ക്കാവുന്ന ഒരിടമാണ് കാരമടയും. അതുകൊണ്ട് അത് ഗുരുകുലത്തോടും ചേര്‍ന്നു നില്ക്കുന്നു.

സ്നേഹ സംവാദം പോലുള്ള കൂട്ടായ്മകൾ. കൂടുതൽ എന്തൊക്കെ ഇക്കാലത്തിനു വേണ്ടി  പ്രവർത്തിക്കാൻ പറ്റും?

•ഗുരു നിത്യ അവസാന കാലത്ത് ചെയ്ത ഒരു കാര്യമായിരുന്നു സ്നേഹസംവാദം. കേരളത്തില്‍ അങ്ങോളമിങ്ങോളം ചെറുകൂട്ടങ്ങളോട് സംവദിച്ചുള്ള യാത്ര. അത് പുതിയ കാലത്ത് മാതൃകയാക്കേണ്ടതാണെന്ന് തോന്നിയിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി നിരന്തരം കേരളത്തില്‍ യാത്ര ചെയ്യുകയും ആഞ്ചോ പത്തോ വരുന്ന കൂട്ടത്തിനൊപ്പമിരുന്ന് ജീവിതം പറയുകയും ചെയ്യുന്നത് ഞാന്‍ തുടരുന്നുണ്ട്. അത് ഗുരുവില്‍നിന്ന് ഉള്‍ക്കൊണ്ട ഒരു രീതിയാണ്. അനൗപചാരികമായ കൂട്ടായ്മകളുണ്ടാകേണ്ടത് അത്രമാത്രം അത്യാവശ്യമാണ്. സ്നേഹസംഗമം എന്നപേരില്‍ പലയിടങ്ങളിലും സുഹൃത്തുക്കള്‍ അങ്ങനെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അതിലെല്ലാം പങ്കെടുക്കാറുണ്ട്. പാട്ടും കവിതയും വര്‍ത്തമാനവും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കലുമെല്ലാമായി ഒരു പകല്‍ മുഴുവന്‍ ചിലവഴിക്കുക. പരസ്പരം പരിചയപ്പെടുക. യാതൊരു തരത്തിലുള്ള വിഭാഗീയതയുമില്ലാതെ എല്ലാവര്‍ക്കും ഒന്നിച്ചു കൂടാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക. അതിലൂടെ അകമേയുള്ള കാലുഷ്യങ്ങളെ യെല്ലാം കഴുകുക്കളയുക. ആശയങ്ങളേക്കാള്‍ സ്നേഹത്തിനും സൗഹൃദത്തിനും അതിനു കഴിയും എന്ന വിശ്വാസമാണ് ഇത്തരം കൂട്ടായ്മകളോട് താല്പര്യം തോന്നാനുള്ള കാരണം.

അതിന് നിമിത്തമായത് ഗുരുനിത്യയുടെ സ്നേഹസംവാദയാത്രകള്‍ തന്നെയായിരുന്നു.അടുത്ത വര്‍ഷം കേരളത്തിലെ ഗ്രാമങ്ങളിലൂടെ അങ്ങനെ ഒരു യാത്ര മനസ്സിലുണ്ട്. ഓരോ ഗ്രാമത്തിലും പോയി ഒരു ദിവസം താമസിക്കുക. അവിടെയുള്ള കവികള്‍, ചിത്രകാരന്മാര്‍, കൃഷിക്കാര്‍ തുടങ്ങി എല്ലാവര്‍ക്കുമൊപ്പം ഒരു പകല്‍ ചിലവഴിച്ച് പരസ്പരം ജീവിതം പറയുക. അടുത്ത ഗ്രാമത്തിലേക്ക് പോകുക. അങ്ങനെ ഒരു യാത്ര. അതിലൂടെ ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും സങ്കുചിതത്വങ്ങളെ അഴിച്ചു കളഞ്ഞ് നാം വിശ്വപൗരന്മാരാകേണ്ടതിനെ കുറിച്ചും ഏകലോകവാസികളാകേണ്ടതിനെ കുറിച്ചും സ്നേഹം പറയുക. ആ സൗഹൃദത്തെ മുറിയാതെ പല വഴികളില്‍ നിലനിറുത്തുക. അങ്ങനെയുള്ള പരിപാടികളില്‍ കുട്ടികളെയും യുവതീയുവാക്കളെയും കൂടുതല്‍ പങ്കാളികളാക്കുക.. അങ്ങനെ കുറെ സ്വപ്നങ്ങളുണ്ട്.. സ്വപ്നം തന്നെ വളരെയേറെ ധന്യത പകരുന്നു. യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസമുണ്ട്. പ്രത്യാശയോടെ ജീവിതത്തെ നോക്കിക്കാണുന്ന ഒരാളെന്ന നിലയില്‍ അതു സംഭവിക്കുകതന്നെ ചെയ്യുമെന്ന് കരുതുന്നു.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 1

  • Lakshmi Padmanabhan

    25/Sep/2023 [06:03-pm]

    Pl.come to the newly built Gandhi Asram in Ramasseri. Ramasseri ഇഡലി വാങ്ങിതരാം.