SUBSCRIBE


അഭിമുഖം

or
Author


25th June | Issue 8

'ആഹാ...' നിമിഷങ്ങളുടെ
കവിതകൾ


നിക്സൺ ഗോപാൽ

 സാമ്പ്രദായിക വിച്‌ഛേദം പുലർത്തുന്ന ഹൈക്കുകവിതകളുടെ പ്രയോക്താവാണ്, കവിയും സിനിമാ പ്രവർത്തകനുമായ ടി.ആർ. ജോർജ്‌. ‌ ജോർജിന്റെ കവിതകൾ, രാഷ്ട്രീയവും സാമൂഹികവും സമകാലികവുമായ രൂപകങ്ങൾ അന്വേഷിക്കുന്നു. അവയിൽ ബോധ്യത്തിന്റെതായ 'ആഹാ...' നിമിഷങ്ങൾ തേടുന്നു. ടി. ആർ.ജോർജ്ജിന്റെ ആദ്യകവിതാ സമാഹാരമാണ് 'ചതുർഭുജം'. രണ്ടാമത്തെ പുസ്തകം '201 ഹൈക്കുകൾ' പ്രസിദ്ധീകരണത്തിനൊരുങ്ങുകയാണ്. ടി.ആർ. ജോർജ്ജ് കൊച്ചിയിൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു. കലാലയ വിദ്യാർത്ഥികൾക്കു വേണ്ടി ചലച്ചിത്ര മേളകൾ കോർഡിനേറ്റ് ചെയ്യാറുണ്ട്. കൊച്ചി 'മെട്രോ' ഫിലിം സൊസൈറ്റിയുടെ  സെക്രട്ടറി കൂടിയാണ് ടി ആർ ജോർജ്. ഹൈക്കു കവിതകളെക്കുറിച്ചും സ്വന്തം കാവ്യജീവിതത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

image_src

ടി.ആർ. ജോർജ്


ടി.ആർ. ജോർജ് / നിക്സൺ ഗോപാൽ

 

'ഹൈക്കു ' എന്ന ജാപ്പനീസ് കാവ്യ ശാഖയിൽ താങ്കൾക്ക് താല്പര്യം വന്നത് എന്നു മുതലാണ്? 

•മലയാളത്തിൽ മുൻപേ തന്നെ കവി അയ്യപ്പപണിക്കരും മറ്റും ഹൈക്കു രീതി പരിചയപ്പെടുത്തിയിട്ടുണ്ട്. മേതിൽ രാധാകൃഷ്ണൻ ഹൈക്കു സംബന്ധമായ കുറിപ്പുകൾ എഴുതിക്കണ്ടതും പ്രചോദനമായിരുന്നു. അഷിത എഴുതിയതും വായിക്കുകയുണ്ടായി. പക്ഷേ, അവർ ഇതിലെ അക്ഷര ഘടന പാലിച്ചു കണ്ടിട്ടില്ല. പിന്നീട് ഇതിപ്പോൾ  മലയാളത്തിൽ സജീവമാകുന്നത്  2011 ൽ തുടങ്ങിയ "ഹൈക്കു പോയം" എന്ന ഓൺലൈൻ ഗ്രൂപ്പിലാണ്. അതിനു ശേഷം, പല ഹൈക്കു ഗ്രൂപ്പുകളിലും അച്ചടി മാധ്യമങ്ങളിലുമായി അനേകം മലയാളം ഹൈക്കു  രചനകൾ വന്നു കൊണ്ടിരിക്കുന്നു. 

"കുളിത്തൊട്ടിയിലെ വെള്ളം, എവിടെയൊഴിക്കും

ചീവീടു പാടുന്നെങ്ങും "-ജപ്പാനിലെ ഒയേഷിമ ഒനിത് സുറ(1660-1770)എന്ന ആദ്യ കാല ഹൈക്കു കവിയുടെ വരികളാണിത്.

'5 - 7 - 5 'എന്ന അക്ഷര ഘടനയിൽ ആദ്യ കാലത്തെ പോലെ തന്നെ  ഹൈക്കു കവിതകൾ ഇന്ന് മലയാളത്തിൽ ധാരാളം ഉണ്ടാകുന്നു.      

അഞ്ചോ ആറോ നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ നിന്നും പോയ ബോധിധർമ്മൻ എന്ന ബുദ്ധസന്യാസി ചൈനയിൽ പ്രചരിപ്പിച്ച സെൻ ബുദ്ധമതത്തിന്റെ സ്വാധീനം ഹൈക്കു കവിതകളിൽ കാണാം. ധ്യാനത്തിലൂടെ സ്വയം അറിയുന്നതാണ് സെൻ ബുദ്ധിസത്തിന്റെ കാതൽ. ജപ്പാനിലുടലെടുത്ത ഹൈക്കു കാവ്യസമ്പ്രദായത്തിന്റെ സത്ത, ഈ അവബോധത്തെയും സൂക്ഷ്മ ശ്രദ്ധയെയും സൂചിപ്പിക്കുന്നതാണ്. 

 

മറ്റു രാജ്യങ്ങളിലെ ഭാഷകളിൽ ഹൈക്കുകാവ്യ സമ്പ്രദായത്തിന്റെ സ്വാധീനം?         

•പതിനാറാം നൂറ്റാണ്ടിലെ ഹൈക്കു ആചാര്യ കവിയായ മത്സുവൊ ഭാഷോയുടെ കാലം മുതൽ തുടരുന്ന ഈ കാവ്യ രീതി, ഇന്റർനെറ്റിന്റെ വ്യാപനത്തോടെ എല്ലാ രാജ്യങ്ങളിലും നന്നായി വികസിച്ചിട്ടുണ്ട്. ഹൈക്കു ഫൌണ്ടേഷൻ അടക്കം അനേകം അന്താരാഷ്ട്ര സംഘടനകൾ ഈ കവിതാ രീതി പുഷ്ടിപ്പെടുത്താനായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഓരോ ഭാഷയിലും അതതു രീതിയിലുള്ള സംഘടനകൾ ഹൈക്കുവിന്റെ പേരിൽ നിലവിലുണ്ട്.

 

മലയാളത്തിൽ 'ഹൈക്കു'വിനു വേണ്ടിയുള്ള ശ്രമങ്ങൾ എന്തൊക്കെയാണ്?         

•2014ൽ Haiku poem ഗ്രൂപ്പ്, തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ആദ്യമായി നടത്തിയ മീറ്റ് എല്ലാ ഹൈക്കു കവികൾക്കും പരിചയപ്പെടാനും ഈ കാവ്യ രീതിയെപ്പറ്റി കൂടുതൽ അറിയുവാനും ഇടയാക്കി. ഇപ്പോൾ ഒരു പാട് പേർ ഈ രീതിയിൽ മലയാളത്തിൽ കവിത എഴുതി കൊണ്ടിരിക്കുന്നത് 'ഹൈക്കു പോയറ്ററി' എന്ന മറ്റൊരു പ്രധാനപ്പെട്ട ഗ്രൂപ്പടക്കം പരിശോധിച്ചാൽ കാണാവുന്നതാണ്. ചെറിയ ചെറിയ വാക്കുകൾ കൊണ്ട് നമ്മുടെ വലിയ പ്രപഞ്ചത്തെ ആവിഷ്ക്കരിക്കാൻ നടത്തുന്ന നല്ല ശ്രമങ്ങൾ അതിൽ കാണാവുന്നതാണ്.

 

അടിസ്ഥാന പരമായി 'ഹൈക്കു 'എന്താണ് ?      

•ഇത്തിരിവാക്കുകൾ കൊണ്ട് ഒത്തിരി ആലോചനകളും അനുഭൂതികളും  അനുവാചകനിൽ സൃഷ്ടിക്കുവാനാണ് 'ഹൈക്കു കവി' ശ്രമിക്കുന്നത്. അത് കവി സ്വയം അനുഭവിക്കുന്ന ധ്യാനാത്മക സവിശേഷതയിലാണ് ഉയിർ കൊള്ളുന്നത്. വർത്തമാനകാലത്തിൽ മാത്രം നടക്കുന്ന ഈ ക്രിയ ഭൂതകാലത്തേയും ഭാവികാലത്തേയും ഒഴിവാക്കി കൊണ്ട്, ഉപമ ഉൽപ്രേക്ഷ അലങ്കാരം തുടങ്ങിയ ആടയാഭരണങ്ങൾ ഉപേക്ഷിച്ച് നഗ്നമായി അല്ലെങ്കിൽ കവി കണ്ടപടി ജനിക്കുകയാണ്. അതും മൂന്നു വരിയിൽ. ഈ മൂന്നു വരിയിൽ അല്ലെങ്കിൽ പതിനേഴക്ഷരത്തിൽ ഹൈക്കുക്കവി തൃപ്തനാണ് എന്നതാണ്, കൂടുതൽ വാക്കുകളിലും വരികളിലും പലതരം ഘടനകളിലും എഴുതുന്ന കവിതയുടെ സാമാന്യ ജനുസ്സിലെ കവിയിൽ നിന്നും ഹൈക്കുക്കവി വ്യത്യസ്തനാകുന്നത്.

 

ഓൺലൈൻ ഹൈക്കു ഗ്രൂപ്പുകകൾക്ക് പ്രത്യേകിച്ചെന്തെങ്കിലും പ്രസക്തിയുണ്ടോ?         

•ഓൺലൈൻ ലോകം പെട്ടന്ന് മിന്നിമറിയുന്ന ലോകമാണ്, അതു കൊണ്ട് തന്നെ ഇച്ചിരി മാത്രമുള്ള ഹൈക്കു കവിതയ്ക്കു ഈ ലോകത്ത് വലിയൊരിടവുമുണ്ട്. പഴയ കാലത്ത് പഴഞ്ചൊല്ലുകൾ നേടിയ സ്ഥാനമാണ്, അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള ആവിഷ്ക്കാരമായി ഹൈക്കു കവിത വളരുകയാണ്. പാരമ്പര്യമായി അതിന്റെ സ്വരൂപം നിലനിൽക്കുമ്പോൾത്തന്നെ ഈ പ്രപഞ്ചത്തിലെ എന്തും ആവിഷ്ക്കരിക്കാൻ പറ്റിയ വിധത്തിൽ ഇന്ന് ഹൈക്കുക്കവിത മലയാളത്തിലും വളർന്നു വരുന്നുണ്ട്. അത് കേവലമായ സൗന്ദര്യ വാദങ്ങൾക്കപ്പുറം നാട്ടുവഴക്കങ്ങളിലും പ്രദേശിക വ്യത്യസ്തതകളിലും ഊന്നിക്കൊണ്ട് സമകാലിക പ്രശ്നങ്ങളെ വരെ ഉൾക്കൊള്ളുന്ന വിഷയ വൈപുല്യത്തിൽ മലയാളത്തിൽ രചനകൾ സംഭവിക്കുന്നുണ്ട്.

 

താങ്കളുടെ ചില ഹൈക്കു കവിതകൾ ഉദാഹരിക്കാമോ?

•മെട്രോ ട്രെയിനിൽ
കള്ളക്കുറുക്കനൊപ്പം
താമരക്കോഴി.

*

യുദ്ധകാഹളം
മേലെ റോക്കറ്റു കിളി
വളരുന്ന വാൽ

*

സ്ഥാനം നോക്കാതെ
പാലു കാച്ചിയ വീട്ടിൽ
ചത്ത ഫോണുകൾ

*

ദ്രാവിഡ മെയ്യിൽ
മുട്ടി നോക്കി വാങ്ങിയ
പൊട്ടിയ ചട്ടി

*

വാലാട്ടി വന്നു
നരകം കണ്ട ധർമ്മ
പുത്രന്റെ പട്ടി.

*

കുളം നിശ്ചലം
ഇല്ലിക്കാട്ടിലുപ്പൻ
നട്ടുച്ച .. ധ്യാനം

*

ചൂണ്ടക്കൊളുത്തിൽ
കഴുവേറ്റൽ ചടങ്ങ്.
പാവം മണ്ണിര .

*

പെട്ടന്നിരുണ്ടു
ഉച്ചത്തടവുചാടി
മിന്നാമിന്നികൾ

*

തല നീട്ടുന്നു
കീഴാനെല്ലിച്ചെടികൾ
പല്ലക്കിൽ വൈദ്യൻ

*

മാടത്തപ്പെണ്ണേ
പണ്ടു പാടത്തു വച്ചു
നാം കണ്ടതല്ലേ

*

കാറ്റു വീശുമ്പോൾ
വയലേല മൂളുന്നു
നീയെന്റെ ചങ്ക്

*

അണ്ണാറക്കണ്ണാ
നിന്റെ പാവാടക്കാരി
മാവിൻച്ചോട്ടിൽ.

*

പാറക്കെട്ടിലെ
വെള്ളക്കെട്ടിലാകാശം.
കൊക്കൊറ്റക്കാലിൽ

*

കൂകാതിരിക്കും
കുയിലിനെ കണ്ടൊന്നു
കൂകി നോക്കി, കൂ

*

കാലിക്കുടങ്ങൾ
ഘട മദ്ദളം കൊട്ടി
വെള്ളം നൂൽപാമ്പ്

*

പാമ്പു പുളയും
ഇടവഴി നീളുന്നു
വന്യ ഗഹ്വരം

*

സന്ധ്യയെ കാത്ത്
മാനത്തരിവാൾത്തല
കാമുകൻ കാലൻ

*

ആകാശക്കപ്പൽ
മൂളിയിരമ്പും കാഴ്ച്ച!
കിനാവ് സാക്ഷി

*

വെളുപ്പാൻ കാലം.
നിന്റെ മട്ടുപ്പാവിലും
ധ്രൂവ നക്ഷത്രം.

*

അവസാനത്തെ
കാറ്റാണ് വീശുന്നത്
പൂമണം തിങ്ങി.

 

ജോർജ്ജിന്റെ ഹൈക്കു ഉൾപ്പെടെ പലതിലും രാഷ്ട്രീയ-സാമൂഹ്യ-സമകാലിക മാനങ്ങൾ കൂടി പ്രത്യേകം ഉള്ളതായി കാണുന്നു. അതേ കുറിച്ച് പറയാമോ?      

•ആദ്യകാല ഹൈക്കു കവിതകളുടെ ആശയഗതികളെ അതേപടി പിന്തുടരാൻ ഇപ്പോഴും ശ്രമിക്കുന്നത് ആവർത്തന വിരസതയും വിഷയ ദാരിദ്ര്യവുമാണ്. സമകാലിക സംഭവങ്ങളോടും രാഷ്ട്രീയ പ്രശ്നങ്ങളോടും ഹൈക്കുവിന്റെ ഘടന മാറ്റാതെ തന്നെ എഴുതാവുന്നതാണ്. അങ്ങനെയുള്ള രചനകളുണ്ടാകുമ്പോളാണ് ഹൈക്കു സജീവമായ കാവ്യ പ്രസ്ഥാനമായി മാറുന്നത്. വെറും നിർദോഷമായ സൗന്ദര്യപൂജ കൊണ്ട് ആർക്ക് എന്താണു ഗുണം?

ഞാൻ എന്റെയുള്ളിലെ രാഷ്ട്രീയം കൊണ്ടാണ് ഹൈക്കു രചന നിർവഹിക്കുന്നതും മറ്റു വായനകളെ സമീപിക്കുന്നതും. ശ്വസിക്കുന്ന വായുവിലും രാഷ്ടീയമുള്ളതുകൊണ്ട് രാഷ്ട്രീയമില്ലന്നു പറയുന്ന കള്ള നാട്യങ്ങളോട് ഒരിഷ്ടവുമില്ല.

"പെട്രോൾ പാലാണ്
പ്രധാനമന്ത്രി തേനും
-കാറിന്റെ പീപ്പി" എന്ന് ഞാൻ എഴുതിയിട്ടുണ്ട്.

 

ഒരു ഹൈക്കു കവിതയിൽ എന്തെല്ലാം കാര്യങ്ങളാണ് ഒഴിവാക്കി നിർത്തുന്നത്?            

ഹൈക്കു 3 വരികളിൽ 5/7/5 എന്ന അക്ഷരക്രമത്തിൽ എഴുതുന്നു. അങ്ങനെയല്ലാതേയും എഴുതുന്നുണ്ട്. എങ്ങനെ എഴുതിയാലും വർത്തമാനകാലത്തിലാണ് ക്രിയസംഭവിക്കേണ്ടത്, എന്നാലെ കവി കാണുന്ന ആ 'ആഹാ...'  നിമിഷത്തിനു ജീവനുണ്ടാകു. ഹൈക്കുവിൽ ഉപമയുടെ 'പോലെ' പ്രയോഗമില്ല. പദങ്ങൾ തമ്മിൽ കൂട്ടിച്ചേർത്ത് പുതിയ അർത്ഥതലങ്ങൾ സൃഷ്ടിക്കുന്ന ഇടപാടുമില്ല.

ആദ്യ വരിയിലൊ രണ്ടാമത്തെ വരികഴിഞ്ഞോ സംഭവിക്കുന്ന ബിംബകൽപ്പനയിലൂടെയുള്ള വ്യതിയാനമാണ് ഹൈക്കു കവിയുടെ കഴിവിനെ നിർണ്ണയിക്കുന്ന ബലരേഖ. കാണുന്നതെന്തോ അല്ലെങ്കിൽ രസസ്പർശഗന്ധാദി അനുഭവങ്ങളെ പച്ചയായി അവതരിപ്പിക്കുന്നതു കൊണ്ട് ഹൈക്കുവിൽ വ്യാഖ്യാനങ്ങൾ ആവശ്യമില്ല. അലങ്കാരവും മൂർത്തീകരണവുമില്ലാതെ വായനക്കാരിലേക്ക് കവിത വളവു തിരിവില്ലാതെ നേരിട്ട് ചെല്ലും.ശേഷം അതിന്റെ ആലോചനയി, ഓർമ്മ അതു സ്വന്തമാക്കിയാൽ കവി വിജയിച്ചു എന്നായി.

 

വായനക്കാരുടെ സാമാന്യ പരിചയത്തിനു വേണ്ടി മലയാളത്തിൽ ഹൈക്കു എഴുതുന്ന സമകാലിക കവികളെ രേഖപ്പെടുത്തമോ? •മലയാളത്തിലെ ഏറ്റവും സജീവമായ ഓൺലൈൻ ഹൈക്കു ഗ്രൂപ്പുകളിലൊന്നാണ് 'ഹൈക്കു പോയറ്ററി' ഇതിൽ എഴുതി കൊണ്ടിരിക്കുന്ന ഏതാനും പേരുടെ രചനകളെ ഉദാഹരിക്കാം..

ജലതരംഗം

പാത്രം തുളുമ്പുന്നുണ്ട്
തുള്ളിസംഗീതം
       -(ഭഗവൽ സിങ്ങ്)

നീളുന്ന പാത
വിളക്കുമരത്തിലെ
വെട്ടം മങ്ങുന്നു
       -(രോഹിണി .ആർ )

നിലാവില്ലാതെ
ശിശിര പൗർണമിയിൽ
കപിലവസ്തു
       -(ഗോപാലകൃഷ്ണൻ മാവറ)

പരിഭവത്താൽ
ചിണുങ്ങും ഇണക്കിളി
പ്രണയസന്ധ്യ
    -( ശ്രീരേഖ എസ്)

ഇവിടെയിന്നും
എത്ര ചുവടനക്കം
തെക്കേപ്പറമ്പ്
    -(ജയൻ പി.രാമകൃഷ്ണൻ)

തെളിഞ്ഞ വെയിൽ
മണ്ണുണക്കും മുറ്റത്ത്
ശലഭനൃത്തം.
      - (താന്നിപ്പാടം ശശി)

മുന്നിലെത്താൻ,
പിന്നിലൂടെ ഒരാൾ
നിഴലനക്കം.
   -( ഹരികുമാർ അപ്പുക്കുട്ടൻ )

പഴയ വഴി
വെള്ളാരങ്കല്ലുകൾ
തേടും മനസ്സ്
      -(അമർ ബോധി)

പതിയെ തുറന്ന്
അകത്തു കയറുന്നു
കിങ്ങിണി പൂച്ച
      -( ഖാലീദ് മുഹസിൻ)

ഇടിയും കാറ്റും
വീട്ടിലെത്താൻ ഓടുന്നു
മഴ നനഞ്ഞ്
     -(വാഴൂർ അനിൽ )

പഴയതു മാറ്റി
പുതിയത് തൂക്കുന്നു-
മാറാതെ ആണി
      -(കവിത ബിജു)

ഉയരം കൂടി
ശീതളിമ കൂടുന്നു
മനം കുളിർത്തു.
     -(സി.എം.അബ്ദുൾ റഹ്മാൻ)

ഉയർന്നു പൊങ്ങി
നിശ്ചലം ഞാനോ നീയോ
വേലിയിൽ തുമ്പി
     -( രഘുനാഥ് അന്തിക്കാട്)

തിരി വെക്കുന്നു
ഏകാകിനിയവൾ
നനഞ്ഞ സന്ധ്യ
       -(നവാസ് ചുള്ളിയിൽ)

വീണ വൻമരം
വേര് വെളിപ്പെടുത്തും
പ്രാണ മർമ്മരം
   -(കെ.എൽ.പോൾ )

കളിക്കുമുമ്പേ
രസരാജവിലാസം
വിളക്കണഞ്ഞു
      -( ഉമേഷ് ഗോപിനാഥൻ നായർ)

പൊരിവെയിലിൽ
കൂടില്ലാതായ പക്ഷി
പ്രവാസി നാട്ടിൽ.
     -(അനിഷ് പറമ്പിൽ എൽഐസി)

ഒരോട്ടവഞ്ചി,
പാതിയൊടിഞ്ഞ പങ്കായം,
ജീവിതപ്പുഴ.
    -(ഹരിചന്ദ്ര)

പാലം കടക്കൽ
ഉറപ്പിനെക്കുറിച്ച്
ഉറപ്പില്ലാതെ
    -(അരുണാദേവി ഹരിദാസ് )

 

ഹൈക്കു എങ്ങനെ മനസ്സിൽ വരുന്നു, എപ്പോൾ?             

•പെട്ടന്നൊരു കാറ്റ് വരികയും ചപ്പുചവറുകൾ ചുഴി പോലെ കറങ്ങുന്നതും കണ്ടപ്പോളാണ് ഇങ്ങനെയൊരു ഹൈക്കു വന്നത് -

"വട്ടച്ചുഴിയിൽ
കാറ്റും കരിയിലയും
പിണഞ്ഞു കേറ്റം."ഹൈക്കുക്കവിക്ക് അനുഭവമാണ് ഗുരു. കാണുന്ന എന്തെങ്കിലും ഒരു ദൃശ്യത്തിൽ നിന്നായിരിക്കും കവിത ജനിക്കുന്നത് .അതെന്തുമാവാം. നയനരസം ചിത്തരഞ്ജനത്തിൽ സ്ഫുടം ചെയ്യപ്പെടും.

 

ഹൈക്കുവിൽ താങ്കളുടെ പരിചരണ രീതിയുടെ സമകാലീനത ഉദാഹരിക്കാമോ?

"മുടിഞ്ഞ മാൾ
നശിച്ച തറവാട്
-നഗര യക്ഷി"എന്ന് ഫേസ് ബുക്കിൽ എഴുതിയിട്ടപ്പോൾത്തന്നെ അഭിപ്രായം വന്നു, എറണാകുളം വൈറ്റിലയിലെ 'ഗോൾഡ് സൂക്ക് മാൾ

അല്ലേയെന്ന്. ഹൈക്കുവിനെ സ്ഥലരാശിയുമായി ബന്ധപ്പെടുത്തിയും എഴുതാം, ഞാനങ്ങനെ ശ്രമിക്കുന്നു, വെള്ളപ്പൊക്കം വന്നപ്പോൾ അതിനെക്കുറിച്ചും എഴുതി:

"മുറ്റത്ത് വീണ്ടും
മീൻപിടുത്ത ബോട്ടെത്തി
-സ്വപ്നം ഞെട്ടിച്ചു"

 

താങ്കളുടെ ആദ്യ സമാഹാരമായ 'ചതുർഭുജ'ത്തിനുശേഷം (പ്രണത ബുക്സ് ) രണ്ടാമത്തെ പുസ്തകമായി ഹൈക്കുകൾ സമാഹരിക്കുന്നതായി കേട്ടു?

•അതേ, ഇതുവരെ എഴുതിയതിൽ നിന്നും 201 കവിതകൾ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാനുള്ള പ്രവർത്തനം തുടങ്ങി. മഹാമാരിക്കാലം ധാരാളംസമയം തരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 1

  • Biny lal

    30/May/2021 [10:16-pm]

    ഹൈക്കു എങ്ങനെയാകണം എന്നറിയച്ചതിന് നന്ദി."ഒരു ഹൈക്കു ജനനം പതിനേഴുമാത്രയിൽ"