SUBSCRIBE


അഭിമുഖം

or
Author


14th October | Issue 76

'ഇതുവരെ വായിച്ചതല്ല, ഇനി വായിക്കാനിരിക്കുന്നതാണ് എന്റെ കഥകൾ'


സ്വാതി കൃഷ്ണ/ ജോജു ഗോവിന്ദ്

പുതിയ കാല എഴുത്തുകാരന്‍ എന്നു പറയുന്നത് പുതിയ കാലത്തിന്റെ ആവേഗങ്ങളെയും കാലാവസ്ഥകളെയും പിടിച്ചെടുത്ത് എഴുതുന്ന ഒരാളെന്ന നിലയില്‍ ആകാം. അങ്ങനെയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യാനാണിഷ്ടം. എന്നാല്‍, ഒരു എഴുത്തുകാരനെ അയാളുടെ ലിറ്റററി കോണ്ട്രിബ്യൂഷന്‍സ് മനസ്സിലാക്കാതെ അടുത്തകാലത്ത് എഴുതിത്തുടങ്ങിയ ഒരാള്‍ എന്ന നിലയിലാണ് ഈ സംബോധനയെങ്കില്‍ ഒന്നും പറയാനില്ല.

image_src


കഥകളില്‍ സ്‌നാനം ചെയ്‌തെടുത്ത എഴുത്തുജീവിതമാണ് വി.എച്ച്. നിഷാദിന്റേത്. പുതുകാലത്തിന്റെ ഭാവുകത്വം അടയാളപ്പെടുത്തുന്ന എഴുത്തു ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിൽ എത്തിനിൽക്കുകയാണ് ഈ കഥാകാരന്‍. വാന്‍ഗോഗിന്റെ ചെവി, മിസ്ഡ് കോള്‍, ഷോക്ക്, മരമാണ് മറുപടി, ആതിരാ-സൈക്കിള്‍, മിസ്സിസ് ഷെര്‍ലക് ഹോംസ്, മലാലാ ടാക്കീസ് എന്നീ ചെറുകഥാസമാഹാരങ്ങളും പേരയ്ക്ക, മൂന്ന്, ഏകാന്തതയെക്കുറിച്ച് ഒരു നോവല്‍ കൂടി എന്നീ നോവലുകളും ബാലസാഹിത്യ കൃതികളായ ടുട്ടു ജേണലിസ്റ്റും ഭൂമിയുടെ അലമാരയും ഒക്കെ നിഷാദ് ചാടിക്കടന്ന സര്‍ഗ്ഗസൃഷ്ടികളുടെ ഹര്‍ഡില്‍സ് ആണ്.  നിങ്ങള്‍ വായിച്ചതല്ല, ഇനി വായിക്കാനിരിക്കുന്നതാണ് തന്റെ കഥകളെന്ന് ഓര്‍മ്മിപ്പിക്കുന്നിടത്ത് വി.എച്ച്. നിഷാദുമായുള്ള ഈ സംഭാഷണം ആരംഭിക്കുന്നു.

*  എഴുത്തു ജീവിതത്തിന്റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഈ അവസരത്തില്‍ സാഹിത്യവുമായുള്ള താങ്കളുടെ കൊടുക്കല്‍ വാങ്ങലുകളെ എങ്ങനെകാണുന്നു ?

സാഹിത്യം വളരെ താമസിച്ചു വായിച്ചു തുടങ്ങിയ ഒരാളാണ് ഞാന്‍. ഞങ്ങളുടെയൊക്കെ സ്‌കൂള്‍ക്കാലത്ത് വിദ്യാലയങ്ങളിൽ ലൈബ്രറികള്‍ അത്ര സജീവമായിരുന്നില്ല. സ്‌കൂള്‍ അലമാരയിലെ പുസ്തകങ്ങള്‍ അതു കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ താത്പര്യമനുസരിച്ച് വല്ലപ്പോഴും കൊടുത്താലായി. അവിടെ കുട്ടികളുടെ താത്പര്യത്തിന് വലിയ പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ കയ്യില്‍ അകപ്പെട്ട ചില പുസതകങ്ങള്‍ വായിച്ചിരുന്നു. എമലി സോളയുടെ 'നാന'യൊക്കെ അങ്ങനെ വായിച്ചതാണ്.

വായിച്ചു തുടങ്ങിയ പ്രസിദ്ധീകരണം മലയാള മനോരമ ആഴ്ചപ്പതിപ്പ് ആയിരുന്നു. പിന്നെ വീട്ടില്‍ കൗമുദി ദിനപ്പത്രത്തിനോടൊപ്പം വന്നിരുന്ന കൗമുദി ആഴ്ചപ്പതിപ്പും വീക്കെന്റ് സപ്ലിമെന്റുകളും അക്കാലത്ത് സാഹിത്യത്തിന് നല്ല പ്രാധാന്യം കൊടുത്തിരുന്നു. അങ്ങനെ നോക്കുമ്പോള്‍ എന്റെ ആദ്യകാല സാഹിത്യവായനക്ക് വളമിട്ടു തന്നത് ഇതെല്ലാമാണ്.

ഈയൊരു വായനാഘട്ടത്തില്‍ 'ബഷീറിന്റെ മാന്ത്രികപ്പൂച്ച' എന്ന പുസ്തകം വീട്ടിലെത്തിയതും ഓര്‍മ്മയുണ്ട്. സ്‌കൂള്‍ പാഠഭാഗങ്ങളുടെ ഭാഗമായി എം.ടി.യേയും വൈലോപ്പിള്ളിയേയുമൊക്കെ വായിച്ചിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ടി. പത്മനാഭന്‍ എന്ന ഒരു എഴുത്തുകാരന്‍ ഉണ്ടെന്ന് മനസ്സിലായി. എം.ടി.യേയും ബഷീറിനെയും ടി. പത്മനാഭനെയും അനുകരിച്ചു കഥകളും വൈലോപ്പിള്ളിയെ അനുകരിച്ച് കവിതയും എഴുതിനോക്കി. സാഹിത്യം, വ്യത്യാസമുള്ള ഒന്നാണ് എന്ന് തോന്നിയിരുന്നു. ബാല്യകാലത്തിലെ അന്തര്‍മുഖത്വവും എഴുത്തിലേക്കുള്ള കാരണമായി. 'കല എന്ന പേരില്‍ ഒരു കൈയെഴുത്തു മാസിക നടത്തിയിരുന്നു. എട്ടാം ക്ലാസ് മുതല്‍ തന്നെ കൈയെഴുത്തു മാസികയ്ക്കു കണ്ടന്റ് ഉണ്ടാക്കാന്‍ വേണ്ടിയിട്ടാണ് വിവിധ സാഹിത്യരൂപങ്ങള്‍ കൂടുതല്‍ എഴുതി തുടങ്ങിയത്.

പിന്നീട് ബാലപംക്തികളില്‍ എഴുതി സജീവമായി. അവിടെനിന്നും മുഖ്യധാരാ എഴുത്തിലേക്ക് വരികയായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ കൂടെ നിഴലകമ്പടി പോലെ വിവിധ സാഹിത്യരൂപങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാഹിത്യം ഒരു അപരലോകത്തെ തന്നു. ജീവിതത്തില്‍ എവിടെയും കിട്ടാത്ത സ്വാതന്ത്ര്യവും. ആദ്യമായി ഇഷ്ടം വെളിപ്പെടുത്തിയത് സാഹിത്യമാണോ അതോ ഞാനാണോ എന്ന് ഇപ്പോഴും അറിയില്ല! തിരിച്ചു സാഹിത്യത്തിന് കൊടുക്കുന്ന നന്ദി വാക്കുകളാണ് എന്റെ എഴുത്ത്. ചിലപ്പോള്‍ അതൊരു ആശ്വാസമാണ്. ചിലപ്പോള്‍ അതൊരു കരുതലാണ്. മറ്റു ചിലപ്പോള്‍ അത് ഒരു നെടുവീര്‍പ്പോ മറുകൂക്കോ ആവാം.  

 

* രണ്ടര ദശാബ്ദമായി വി എച്ച് നിഷാദ് എന്ന എഴുത്തുകാരൻ മലയാളത്തിലുണ്ട്. എന്നിട്ടും പുതുകാല എഴുത്തുകാരനായാണ് അഭിസംബോധന ചെയ്യപ്പെടുന്നത്?

ഇതിനെ രണ്ടുവിധത്തില്‍ കാണാം എന്നു തോന്നുന്നു. പുതിയ കാല എഴുത്തുകാരന്‍ എന്നു പറയുന്നത് പുതിയ കാലത്തിന്റെ ആവേഗങ്ങളെയും കാലാവസ്ഥകളെയും പിടിച്ചെടുത്ത് എഴുതുന്ന ഒരാളെന്ന നിലയില്‍ ആകാം. അങ്ങനെയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യാനാണിഷ്ടം. എന്നാല്‍, ഒരു എഴുത്തുകാരനെ അയാളുടെ ലിറ്റററി കോണ്ട്രിബ്യൂഷന്‍സ് മനസ്സിലാക്കാതെ അടുത്തകാലത്ത് എഴുതിത്തുടങ്ങിയ ഒരാള്‍ എന്ന നിലയിലാണ് ഈ സംബോധനയെങ്കില്‍ ഒന്നും പറയാനില്ല.

 

* മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ബാലപംക്തി'യാണല്ലോ എഴുത്തിന്റെ ആദ്യ തട്ടകം. ആ 'ബാലപംക്തി'ക്കാലം ഓര്‍ത്തെടുക്കാമോ?

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലാണ് ആദ്യകഥ 'ആശങ്കകള്‍' അച്ചടിക്കുന്നത്. 1996 മാര്‍ച്ച് മൂന്നിനിറങ്ങിയ ലക്കത്തിലായിരുന്നു അത്. 'മാതൃഭൂമി ആഴ്ചപ്പതിപ്പ്' എന്നൊരു പ്രസിദ്ധീകരണം ഉണ്ട് എന്ന് മനസ്സിലാക്കിയത് സ്‌കൂളിലെ രാധ ടീച്ചറുടെ വീട്ടില്‍ പോയപ്പോഴാണ്. ടീച്ചറുടെ മകനായ ജയരാജേട്ടന്‍ ഇന്ത്യാടുഡേയും അതില്‍ വരുന്ന കഥകളും പരിചയപ്പെടുത്തി. അക്കാലത്ത് 5 രൂപ പേഴ്‌സിന്റെ രഹസ്യയറയില്‍ സൂക്ഷിച്ചുവച്ച് എല്ലാ ആഴ്ചയും ആഴ്ചപ്പതിപ്പ് വാങ്ങുക എന്നുള്ളത് ഒരു ആനന്ദമാണ്.

കിട്ടിയതെല്ലാം കമ്പോട് കമ്പ് വായിക്കുമായിരുന്നു. അങ്ങനെയാണ് ബാലപംക്തി എന്നൊരു ഇടം ഉണ്ടെന്നും എഴുതി തുടങ്ങുന്നവര്‍ക്ക് അവിടെ ശ്രമിക്കാം എന്നുമൊക്കെ മനസ്സിലായത്.

സ്‌കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുത്ത് എഴുത്തില്‍ കുറച്ചൊക്കെ വിശ്വാസം വന്നുതുടങ്ങിയിരുന്നു. അങ്ങനെ മാതൃഭൂമിയില്‍ 'ആശങ്കകള്‍' അച്ചടിച്ചുവന്നപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. ലോകം എന്നെ വലിയൊരു നുണയില്‍പ്പെടുത്തി എന്നു കരുതി!

ആദ്യകഥ വന്നതോടുകൂടി ഇനി ഇത്തരം ഒരു അത്ഭുതം എന്നില്‍നിന്ന് ഉണ്ടാകുമോ എന്ന ഭയം എന്നെ ചൂഴ്ന്നു തുടങ്ങി. ഏകദേശം ഒരു വര്‍ഷത്തോളം ഒന്നും എഴുതാനായില്ല. 'ലാഹോര്‍' എന്ന കഥയുമായിട്ടാണ് പിന്നീട് പ്രത്യക്ഷപ്പെടുന്നത്. മാതൃഭൂമിയുടെ ബാലപംക്തി പോലെ തന്നെ ചന്ദ്രിക ആഴ്ചപ്പതിപ്പിന് 'പുതുനാമ്പുകളും' ദേശാഭിമാനി വാരികയ്ക്ക് 'കുട്ടികളുടെ ലോകവും' ഉണ്ടായിരുന്നു. അതിലെല്ലാം നിരന്തരം എഴുതി. ഓരോ ചൊവ്വാഴ്ചയും മാതൃഭൂമി ആഴ്ചപ്പതിപ്പ് വരാനായി കാത്തിരിക്കുമായിരുന്നു. ആഴ്ചപ്പതിപ്പിലെ താളുകള്‍ പിറകില്‍നിന്ന് ആകാംക്ഷയോടെ മറിച്ചു നോക്കി, അതില്‍ പേരും കഥയും ഉണ്ടെന്ന് കാണുമ്പോള്‍ ഹൃദയം രണ്ടുവട്ടം പിടയും. അക്കാലത്ത് സജീവമായി എഴുതിയിരുന്ന പലരും ഒരു തറവാട്ടിലെ പല മുറികളില്‍ താമസിക്കുന്ന സഹോദരങ്ങള്‍ ആയിരുന്നു. വി. ദിലീപ്, പ്രശാന്ത് ടി. വള്ളിക്കുന്ന്, അസീം താന്നിമൂട്, ഷീജാ വക്കം, ഷീബ വക്കം, മോഹനകൃഷ്ണന്‍ കാലടി, ശ്രീജിത്ത് വട്ടോളി, രാധാകൃഷ്ണന്‍ വട്ടോളി, ചേര്‍ക്കാട്ട് സന്ദീപനി, ജിജീഷ് കൂട്ടാലിട, ബെന്‍സിര്‍ബാവ, ആര്‍. തുഷാര, എം.ജി. നയനതാര, അബ്ദുള്‍ സലാം, പ്രമോദ് പി. സെബാന്‍, ടി.സി. രാജേഷ്, ലിനീഷ് കക്കട്ട്, സ്റ്റീഫന്‍ ഡേവിഡ്, ഹരി ടി.വി.കെ ശ്രീനാഥ് തുടങ്ങിയ നിരവധി പേര്‍ സജീവമായി അതിലെഴുതിയിരുന്നു.

അവരെ പലരെയും കത്തുകളിലൂടെയും അല്ലാതെയും പരിചയപ്പെടാനും ജീവിതത്തിലെ പല ഘട്ടങ്ങളില്‍ സൗഹൃദ വലയത്തില്‍ ചേര്‍ത്തു പിടിക്കാനുമായി.

മറ്റൊരു സന്തോഷം, (ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതം പോലെ തോന്നിയേക്കാം.) എന്റെ കഥ വന്നിരുന്ന പതിപ്പുകളില്‍ തന്നെ ഇവരുടെ രചനകളും അച്ചടിച്ചു വരുമായിരുന്നു എന്നതാണ്. ഇന്ന് ഇവരില്‍ പലരും മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരാണ്.

 

* മാതൃഭൂമി വിഷുപ്പതിപ്പ് കഥാസമ്മാനം, മുട്ടത്തുവര്‍ക്കി കലാലയ കഥാ അവാര്‍ഡ്, എം.പി. നാരായണപിള്ള ചെറുകഥാപുരസ്‌കാരം, അങ്കണം- ഇ.പി. സുഷമ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ താങ്കളുടെ രചനകളെ തേടി എത്തുകയുണ്ടായി. പുരസ്‌കാരങ്ങള്‍ ലഭിച്ച കഥകള്‍ പിന്നീട് പുസ്തകങ്ങള്‍ ആയപ്പോള്‍ അവയ്‌ക്കൊന്നും അവാര്‍ഡുകള്‍ ലഭിച്ചതായി കണ്ടിട്ടില്ല?

പൊതുവേ കഥകളെഴുതി കഴിഞ്ഞാല്‍ അത് പിന്നീട് പുരസ്‌കാരത്തിന് അയയ്ക്കുന്നതില്‍ കുഴിമടിയനായ ഒരാളാണ് ഞാന്‍. പഠനകാലത്ത് അയച്ച അപ്രകാശിത രചനകള്‍ക്കാണ് പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുള്ളത്. പിന്നീട് പുസ്തകം ആയതിനുശേഷം, അവാര്‍ഡ് പട്ടിക നോക്കി അയയ്ക്കാനോ അതിന്റെ പിന്നാലെ പോകാനോ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ പരാജയമാകാം അത്. എന്നാല്‍ പുതിയ കാലം ഇതെല്ലാം ആവശ്യപ്പെടുന്നുണ്ടെന്നു തോന്നുന്നു.

അതേസമയം ചില അംഗീകാരങ്ങള്‍- അത് പ്രത്യക്ഷത്തില്‍ ഇല്ലെങ്കില്‍ കൂടി- നമ്മെ സന്തോഷിപ്പിക്കുന്നതാണ്. 'ഷോക്ക്' എന്ന കഥാസമാഹാരവും 'മൂന്ന്' എന്ന നോവലും കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരത്തിനായി ഫൈനലിസ്റ്റുകളുടെ പട്ടികയില്‍ പെട്ടിരുന്നു എന്നുള്ളത് സന്തോഷവര്‍ത്തമാനമാണ്. 'മൂന്ന്' രണ്ടു വട്ടം അന്തിമ പട്ടികയില്‍ പരിഗണപ്പെട്ടിരുന്നു. അവാര്‍ഡ് ലഭിക്കാത്തതുകൊണ്ട് മറ്റുള്ളവര്‍ ഇത് അറിയുന്നില്ല.

മലയാളത്തിലുള്ള ഒരു ദുരവസ്ഥ കൂടിയാണിതെന്ന് പറയേണ്ടിയിരിക്കുന്നു. ഇംഗ്ലീഷില്‍ ആണെങ്കില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട കൃതികള്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന മിടുക്ക് പ്രസാധകര്‍ക്കുണ്ട്. മലയാളത്തില്‍ അംഗീകാരങ്ങള്‍ നേടുമ്പോള്‍ മാത്രമേ എഴുത്തുകാര്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടാറുള്ളു, കഷ്ടമാണത്!  പ്രത്യക്ഷത്തില്‍ പുരസ്‌കാരത്തിന്റെ രൂപത്തിലല്ലെങ്കിലും ഈ രീതിയിലുള്ള ചില അംഗീകാരങ്ങള്‍ എന്റെ കൃതികളെ പിന്നീട് തേടി വന്നിട്ടുണ്ട് എന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു.

പലപ്പോഴും സുഹൃത്തുക്കളോ പ്രിയപ്പെട്ട ചില വായനക്കാരോ സ്‌നേഹം തോന്നി പുസ്തകങ്ങള്‍ അയച്ചു കൊടുത്ത് കിട്ടിയിട്ടുള്ള അംഗീകാരങ്ങളാണ് ഇവയില്‍ പലതും.

* രണ്ടു തവണ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനായി ഷോര്‍ട് ലിസ്റ്റില്‍ പെട്ട നോവലാണ് 'മൂന്നെ'ന്ന് താങ്കള്‍ പറഞ്ഞല്ലോ. 2013--ല്‍ ആ നോവല്‍ പുറത്തിറങ്ങുമ്പോള്‍ ഉള്ള രാഷ്ട്രീയ കാലാവസ്ഥയല്ല ഇന്ന്. എന്നാല്‍, 'മൂന്ന്' എന്ന  നോവലിന് ഇന്ത്യയില്‍ ഇപ്പോള്‍ ശക്തിപ്രാപിച്ച ഫാസിസ്റ്റ് സര്‍ക്കാറിന്റെ വരവിനെ പ്രവചിക്കാന്‍ തക്ക പ്രാപ്തി ഉണ്ടായിരുന്നു. സത്യത്തില്‍ ഈ നോവലെഴുത്തിന് താങ്കളിലെ എഴുത്തുകാരന്റെ ഭാവനയെക്കാള്‍ താങ്കളിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനുള്ള പങ്കെന്താണ് ?

'മൂന്നി'ന്റെ പ്രകാശനകര്‍മ്മം കണ്ണൂരില്‍ വച്ച് നടന്നപ്പോള്‍, മലയാളത്തിലെ പ്രമുഖ സാഹിത്യനിരൂപകനായ പി.കെ. രാജശേഖരന്‍ മാഷ് പറഞ്ഞതോര്‍ക്കുന്നു. ഈ നോവലില്‍ ഉള്ളത് നിഷാദിന്റെ വെറും ഭാവന മാത്രമാണെന്നും ഇന്ത്യ പോലൊരു രാജ്യത്ത് ഒരിക്കലും ഒരു ഫാസിസ്റ്റ് ഭരണകൂടം വരികയില്ലെന്നുമുള്ള ഒരു വാദം അദ്ദേഹം ഉന്നയിച്ചു. എന്നാല്‍, അതേ സമയത്ത് മറ്റു പല വിദേശരാജ്യങ്ങളിലും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു അതിനെ ആസ്പദമാക്കി നോവലുകള്‍ രചിക്കപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം അന്ന് സൂചിപ്പിച്ചു.

ഈ ചടങ്ങു കഴിഞ്ഞ് മാസങ്ങള്‍ കഴിയുന്നതിനു മുമ്പ് ഇന്ത്യയിലെ ഭരണകൂടം മാറി. ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പ്രവചിക്കാന്‍ പോലും പറ്റുന്നതിന് അതിനപ്പുറത്തേക്ക് ഇവിടുത്തെ രാഷ്ട്രീയ കാലാവസ്ഥയും ഇളകി മറിഞ്ഞിരുന്നു. ഞാനിന്നുമോര്‍ക്കുന്നു. ഇലക്ഷന്‍ റിസള്‍ട്ട് വന്ന അന്ന് രാത്രിയില്‍ 'മൂന്നി'ന്റെ പ്രകാശന സമയത്ത് രാജശേഖരന്‍ മാഷിന്റെ പ്രഭാഷണം കേട്ടു നിന്നിരുന്ന എന്റെ സുഹൃത്ത് വി.കെ. ജോബിഷ് ഫോണില്‍ വിളിച്ചു പറഞ്ഞു- 'നിഷാദ് രാജശേഖരന്‍ മാഷേ വിളിച്ചു ചോദിക്കണം, മാഷേ.. ഇപ്പോള്‍ എങ്ങനെയുണ്ടെന്ന്?'

സത്യത്തില്‍ മാഷോട് ഇപ്പോഴും ഞാനിക്കാര്യം ചോദിച്ചിട്ടില്ല. 2003 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ ഒരു പത്രപ്രവര്‍ത്തകനായിരുന്നു ഞാന്‍. ഇക്കാലയളവിലാണ് ഇന്ന് കാരവന്‍ മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനുമായ വിനോദ് കെ. ജോസിന്റെ നേതൃത്വത്തില്‍ 'ഫ്രീ പ്രസ്' എന്ന പേരില്‍ ഒരു മാസിക ഡല്‍ഹിയില്‍ നിന്നും മലയാളത്തില്‍ പുറത്തിറങ്ങുന്നത്. വി.എം. ഷൈജിത്ത്, വരുണ്‍ രമേഷ് (അന്ന് എ.കെ. വരുണ്‍), ബിനു കടിയിങ്കല്‍, ബിനോയ് ദേവസ്യ, ഷെമിന്‍ ജോയ് (അന്ന് മോമി), സതീഷ് പാപ്പിയോണ്‍ (സതീഷ് നായര്‍), ജോബിന്‍ ജോയ് (ബിന്‍ജോ വാന്‍ഗോ), ദിലിപ് പൂളക്കോട്ട്... തുടങ്ങി ഇന്ന് വിവിധ മാധ്യമമേഖലകളില്‍ തിളങ്ങുന്ന പലരും അതിന്റെ പിന്നണിയില്‍ ഉണ്ടായിരുന്നു. മിറാന്‍ഡ കെന്നഡിയേയും ബഷാറത് പീറിനേയും പോലുള്ള ഇന്റര്‍നാഷണല്‍ ജേണലിസ്റ്റുകളും അപ്പോള്‍ ഹിന്ദു പത്രത്തിന്റെ ഫോറിന്‍ അഫയേഴ്‌സ് എഡിറ്ററായ സ്റ്റാന്‍ലി ജോണിയെ പോലുള്ളവരും കോണ്‍ട്രിബ്യൂട്ടിംഗ് റൈറ്റേഴസ് ആയിരുന്നു. അരുന്ധതി റോയി ഫ്രീ പ്രസിനായി 'പറയൂ, ചരിത്രം തുടങ്ങുന്നതെപ്പോഴാണ്' എന്ന പേരില്‍ ഒരു കോളം എഴുതിയിരുന്നു. ലിറ്റററി എഡിറ്ററുടെയും ഡല്‍ഹി റിപ്പോര്‍ട്ടറുടേയും റോളുകള്‍ ഞാനും ചെയ്തു. മലയാളത്തില്‍ റാഡിക്കല്‍ ജേണലിസത്തിന് ആരംഭമിട്ടത് ഈ മാഗസിനായിരുന്നു. കേരളവും ഇന്ത്യയും ഞെട്ടിക്കുന്ന നിരവധി ഇന്‍വസ്റ്റിഗേറ്റിവ് സ്റ്റോറികള്‍ പുറത്തു കൊണ്ടുവരാന്‍ ഫ്രീ പ്രസിനു സാധിച്ചു.

ഞങ്ങള്‍ കൊടുത്തിരുന്ന റിപ്പോര്‍ട്ടുകളുടെ ആഴവും പ്രഹരശേഷിയും കൊണ്ടാകാം കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ മാഗസിന് അകാലചരമടയേണ്ടിവന്നു.

ഡല്‍ഹിയിലെ രണ്ടു വര്‍ഷത്തെ ജീവിത കാലത്തിനുള്ളില്‍ ഇന്ത്യ എന്ന രാജ്യത്തെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചും പോലീസ് എന്ന സിസ്റ്റത്തെക്കുറിച്ചും രാഷ്ട്രീയത്തിന്റെ അന്തര്‍ധാരകളെക്കുറിച്ചും ഇസ്ലാമോഫോബിയ എന്ന ആശയത്തെ കുറിച്ചും വളരെ വ്യക്തമായ ചില ധാരണകള്‍ എനിക്ക് നേരിട്ട് അനുഭവിച്ചറിയാന്‍ പറ്റി. ആസന്നമാകുന്ന ഒരു ഭീതിയുടെ മണം അന്നേ അടിച്ചു തുടങ്ങിയിരുന്നു. അത് എന്താണെന്ന് പ്രവചിക്കാനാണ് എന്റെ അബോധമനസ്സ് 'മൂന്ന്' എന്ന നോവലില്‍ ശ്രമിച്ചത്. ഒടുവില്‍ അതില്‍ പലതും യാഥാര്‍ഥ്യമാവുകയും ചെയ്തു.


ഫ്രീ പ്രസ് കാലം: വി എച്ച് നിഷാദ്, വിനോദ് കെ ജോസ്, ദിലീപ് പൂളക്കോട്ട്, വി എം ഷൈജിത്ത്

* കാലഘട്ടം ആവശ്യപ്പെടുന്ന വായന 'മൂന്നി'ന് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍?

'മൂന്ന്' പുറത്തിറങ്ങിയ കാലത്ത് നല്ല ചില വായനകള്‍ അതിനു ലഭിച്ചിരുന്നു. എങ്കിലും ചോദ്യത്തില്‍ സൂചിപ്പിച്ചതുപോലെ ആ രചനക്ക് അര്‍ഹിക്കുന്ന രീതിയില്‍ വായനകള്‍ ഉണ്ടായോ എന്നുള്ള സംശയം എനിക്കുമുണ്ട്. മൂന്ന് എന്ന കരിനിയമത്തിനു മുന്നില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയുടെ ദുരിത കഥപറയുന്ന നോവലാണ് 'മൂന്ന്'. പ്രേമം എന്ന സാങ്കല്‍പിക രാജ്യത്ത് മൂന്ന് പ്രഖ്യാപിക്കുമ്പോള്‍ ആ  നിയമാവലികളില്‍ ജീവിക്കാന്‍ ഒരു ജനത ബാധ്യസ്ഥരാവുകയാണ്. ഇക്കാലത്ത് പ്രേമിക്കുന്ന സമീറയുടേയും ബാരിഷിന്റേയും മോഹങ്ങള്‍ക്ക് മീതെയാണ് ഒരേ സമയത്ത് മൂന്നില്‍ കൂടുതല്‍ വാക്കുകള്‍ ഉച്ചരിക്കരുത് എന്ന പുതിയ നിയമം വന്നു വീഴുന്നത്. പ്രണയിക്കാനായി ഭരണകൂടത്തെ പറ്റിച്ചുകൊണ്ട് മൂന്നിന്റെ ഒരു നിഘണ്ടു ഇവര്‍ സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ മൂന്നിന്റെ ഭരണകൂടത്തോട് സമരം ചെയ്യുന്ന നിരവധി മനുഷ്യരുടെ ജീവിതകഥയാണ് ഈ രചന.

'മൂന്നി'നെ സമകാലിക ജീവിതാവസ്ഥയുമായി കൂട്ടി വായിക്കുന്ന ചില കുറിപ്പുകള്‍ പലഘട്ടങ്ങളിലായി എനിക്ക് ലഭിച്ചിട്ടുണ്ട്. 'മൂന്ന്' എന്ന നോവല്‍ ഇപ്പോഴും വായിക്കപ്പെടുന്നുണ്ട്. എങ്കിലും 'മൂന്നി'ന് യഥാര്‍ത്ഥ വായനക്കാര്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണ് തോന്നിയിട്ടുള്ളത്. സുഹൃത്തായ ഫിറോസ്ഖാന്‍ 'മൂന്നി'നെ അധികരിച്ച് ഒരു വലിയ പ്രൊജക്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ആ സര്‍പ്രൈസും താമസിയാതെ പുറത്തുവിടാനാകുമെന്നു കരുതുന്നു.

* താങ്കളുടെ ഡല്‍ഹിജീവിതം എഴുത്തിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്? 'ദല്‍ഹി 2013' എന്ന കഥ അത്തരത്തില്‍ രൂപം കൊണ്ട ഒന്നാണോ??

ഡല്‍ഹിയാണ് എന്നെ മറ്റൊരു മനുഷ്യനാക്കി പുതുക്കിപ്പണിതത്. ഇന്ത്യയെ, കേരളത്തെ, മനുഷ്യരെ പുതിയ രീതിയില്‍ നോക്കാനും അറിയാനും ഡല്‍ഹി ജീവിതവും ഫ്രീ പ്രസ് കാലവും ഒരുപാട് സഹായിച്ചു.

ഡല്‍ഹിയില്‍ ഒരുപാടിടങ്ങളില്‍ കറങ്ങി നടന്നിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ലൈബ്രറിയും ബ്രിട്ടീഷ് ലൈബ്രറിയും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയും ജെ.എന്‍.യുവുമെല്ലാം ഒരുപാട് സുഹൃത്തുക്കളെ തന്നു. പത്രപ്രവര്‍ത്തകനായ എനിക്ക് ജെ.എന്‍.യു., അവിടത്തെ രാഷ്ട്രീയം എന്നിവ ഒരു ബീറ്റ് തന്നെയായിരുന്നു.

മംഗ്ലാപുരിയിലും ജെ.എന്‍.യുവിന് അടുത്തുള്ള മുനീര്‍ക്കയിലും മാറിമാറി താമസിച്ചിരുന്നതുകൊണ്ട് ഒരുപാട് അപരജീവിതങ്ങളെയും കണ്ടറിയാന്‍ കഴിഞ്ഞു. ജെ.എന്‍.യുവിന് തൊട്ടടുത്തായിരുന്നു ഞാന്‍ താമസിച്ചിരുന്ന മുനിര്‍ക്ക മാര്‍ക്കറ്റ്. അതിനാല്‍ ജെ.എന്‍.യു. ലൈബ്രറി അവിടത്തെ ഒരു വിദ്യാര്‍ത്ഥിയെ പോലെ സ്ഥിരമായി ഉപയോഗിക്കാന്‍ പറ്റി. ലോക നിലവാരമുള്ള പല പ്രസിദ്ധീകണങ്ങളും പുസ്തകങ്ങളും ഇവിടെ നിന്നാണ് പരിചയപ്പെട്ടത്. ഭാരം, നൃത്തക്കാരിയുടെ മകള്‍, ഉറുമ്പുകളുടെ വീട്.... തുടങ്ങിയ കഥകള്‍ ജെ.എന്‍.യു. ലൈബ്രറിയുടെ ശാന്തതയില്‍ ഇരുന്നെഴുതിയവയാണ്.


ഫ്രീപ്രസ് പ്രകാശനം: ഇഫ്തിക്കർ ഗിലാനി, എം മുകുന്ദൻ,അരുന്ധതി റോയി, തരുൺ തേജ്പാൽ

ഇതിനടുത്തുള്ള മുനിര്‍ക്ക മാര്‍ക്കറ്റ് എന്‍ക്ലേവിനും ഡി.ഡി.എ. ഫ്‌ളാറ്റ്‌സ് സ്റ്റോപ്പിനും സമീപത്തുവെച്ചാണ് ഡല്‍ഹി പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ആ വാര്‍ത്ത അറിയുമ്പോള്‍ ഞാന്‍ ഡല്‍ഹി വിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. എന്നിട്ടും, ഒരു കാലത്ത് അരിയും സാമാനങ്ങളുമായി മുനിര്‍ക്കയിലെ ഗലികളിലേക്ക് ഞാന്‍ നടന്നുപോയിരുന്ന ഈ റോഡില്‍ വെച്ചാണല്ലോ ആ പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെട്ടത് എന്ന ഓര്‍മ്മ എന്നെ വിറപ്പിച്ചു. പിന്നെയും മാസങ്ങള്‍ കഴിഞ്ഞിട്ടാണ് ഡല്‍ഹി പെണ്‍കുട്ടിയെ പറ്റി ഒരു കഥ 'ദല്‍ഹി:2013' എന്ന പേരില്‍ എഴുതാന്‍ കഴിഞ്ഞത്. 'മലാലാ-ടാക്കീസ്' എന്ന പുസ്‌കത്തിലുള്ള 'മുനിര്‍ക്കയിലെ ഒറ്റമുറി വീടുകള്‍' ദല്‍ഹിയിലെ ഗലി ജീവിതമാണ്. ഇങ്ങനെ ഡല്‍ഹി തന്ന പല കഥകളും ഇനിയും എഴുതാന്‍ ഇരിക്കുന്നതേയുള്ളൂ. ഡല്‍ഹിയിലെ ജീവിതം ആസ്പദമാക്കി വലിയൊരു നോവലും പദ്ധതിയിലുണ്ട്.

ജെ.എന്‍.യുവിലെ സുഹൃത്തുക്കളും ജാമിയ മിലിയയും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയും ദരിയാ ഗഞ്ചും കോണാട്ട് പ്ലേസും പി.ടി.ഐയും യു.എന്‍.ഐയും ഗുഡ്ഗാവുമെല്ലാം ഡല്‍ഹി ഓര്‍മ്മകളില്‍ ഭദ്രമായി ഇരിക്കുന്നുണ്ട്. ഒരുപക്ഷേ നാളത്തെ എന്റെ എഴുത്തുസംഭരണികള്‍ ഇവയൊക്കെ ആവാം.

എഴുത്തുകാരില്‍ എം. മുകുന്ദന്‍ സാറുമായി മാത്രമായിരുന്നു ഇക്കാലത്ത് ബന്ധം. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തോട് ഇടപെടുമ്പോഴും എഴുത്തുകാരനെന്ന എന്റെ ഐഡന്റിറ്റി ഹൈഡ് ചെയ്യാനാണ് ശ്രമിച്ചത്. ഏറെ ആദരിക്കുന്ന ഒരു വലിയ എഴുത്തുകാരന്റെ മുന്നില്‍ ചെന്നു നിന്ന് ഭാഷയില്‍ എഴുതുന്ന ഒരാളാണ് എന്ന് പറയാനുള്ള ആത്മധൈര്യം അന്നെനിക്കില്ലായിരുന്നു. പിന്നീട് ഡല്‍ഹി വിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് എം. മുകുന്ദന്‍ സാറു പോലും ഞാന്‍ ഒരു കഥയെഴുത്തുകാരനും കൂടിയായിരുന്നു എന്ന് തിരിച്ചറിഞ്ഞത്.

* ചെറുകഥ, നോവല്‍, ബാലസാഹിത്യം- സാഹിത്യത്തിന്റെ ഈ മൂന്നു ശാഖകളിലും വി.എച്ച്. നിഷാദ് തന്റെ സര്‍ഗ സൃഷ്ടികള്‍ പടര്‍ത്തി കഴിഞ്ഞു. രചനാവേളയില്‍ താങ്കളുടെ എഴുത്തുകാരനെ ഏറ്റവും നന്നായി വലയ്ക്കുന്നത് ഇവയില്‍ ഏതാണ്?

ഏതു തരത്തിലുള്ള സര്‍ഗ്ഗാത്മക രചനയും എളുപ്പപ്പണി അല്ല. ഓരോ മാധ്യമത്തിനും അതിന്റേതായ പിണക്കങ്ങളും ഇണക്കങ്ങളും കാണും. ചെറുകഥ എഴുതുമ്പോള്‍ ചെറുതായിരിക്കാനും ആ ചെറിയ ലോകത്തില്‍ വലിയ ലോകത്തിന്റെ അടരുകള്‍ ഉള്‍ക്കൊള്ളിക്കാനും ശ്രദ്ധിക്കേണ്ടി വരും. നോവല്‍രചനയില്‍ ധാരാളം സ്വാതന്ത്ര്യം ഉണ്ടെങ്കിലും, ആ സ്വാതന്ത്ര്യം ചിലപ്പോള്‍ നമ്മുടെ ദൗര്‍ബല്യങ്ങളെ വെളിപ്പെടുത്തുന്ന ഒന്നായി മാറുകയും ചെയ്യാം. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചു വേണം നോവല്‍ രചന എന്നതാണനുഭവം.

ബാലസാഹിത്യവും കേള്‍ക്കും പോലെ ലളിത-സാഹിത്യമല്ല. കുട്ടികള്‍ക്ക് വേണ്ടി, അവരുടെ മനസ്സ് അറിഞ്ഞു കൊണ്ട്, അവരുടെ ഭാഷയില്‍, അവരോട് സംസാരിക്കുന്ന ശ്രമകരമായ ഒരു ദൗത്യമാണത്. മറ്റു രചനാമാധ്യമങ്ങളെ അപേക്ഷിച്ച് ബാലസാഹിത്യത്തിന് കുറേക്കൂടി ശ്രദ്ധയും പരിചരണവും ആവശ്യമുണ്ടെന്നു തോന്നിയിട്ടുണ്ട്. 'ഭൂമിയുടെ അലമാര' എന്ന പുതിയ നോവല്‍ ബാലസാഹിത്യമാകുമ്പോഴും മുതിര്‍ന്നവര്‍ക്കെഴുതുന്ന നോവലിനേക്കാള്‍ ശ്രദ്ധിച്ചും ആസ്വദിച്ചുമാണ് എഴുതിയത്.

ഇവയെല്ലാം പലതരം വായനക്കാരെയാണ് ലക്ഷ്യമിടുന്നത്. ഓരോ സാഹിത്യരചനയും പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഏതു വായനക്കാര്‍ക്കു വേണ്ടിയാണ് അതെന്ന് ഊട്ടിയുറപ്പിച്ച്, ആ രീതിയില്‍ മിനുക്കി എടുത്താലേ സംതൃപ്തി ആവുകയുള്ളൂ.

* 'ആതിരാ-സൈക്കിള്‍' എന്ന കഥാസമാഹാരം വി.എച്ച്. നിഷാദിന്റെ ഫെമിനിസ്റ്റ് കാഴ്ചപ്പാടിനെ വെളിപ്പെടുത്തുന്നുണ്ട്. പെണ്‍പക്ഷത്തു നിന്നു കഥകള്‍ എഴുതുന്ന ഒരാളെന്ന നിലയില്‍ സമകാലിക കേരളത്തിലെ സ്ത്രീ അവസ്ഥകളെ എങ്ങനെ കാണുന്നു?

കേരളത്തിലെന്നല്ല ലോകത്തിന്റെ ഏതു കോണില്‍ പോയി നോക്കിയാലും സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമാണ്. ലിംഗസമത്വത്തെക്കുറിച്ച് ഊറ്റം കൊള്ളുമ്പോഴും അവരുടെ റോളുകള്‍ കുറയുകയോ വെച്ചു മാറ്റപ്പെടുകയോ ചെയ്യുന്നില്ല എന്നതു തന്നെയാണ് അതിന് പ്രധാന കാരണം. പാട്രിയാക്കല്‍ ചിന്താഗതി പുലര്‍ത്തുന്ന (ബോധപൂര്‍വ്വമല്ലെങ്കിലും ചില നേരങ്ങളിൽ ഞാനും) ആണുങ്ങളും പെണ്ണുങ്ങളും ആണ് ഇതിന് പ്രധാന കാരണം.

കേരളത്തിലാകട്ടെ, ചുംബന സമരം, ആര്‍പ്പോ ആര്‍ത്തവം, രാത്രി സമരങ്ങള്‍... പോലുള്ള പല മുന്നേറ്റങ്ങൾ ഈ അവസ്ഥയെ മാറ്റിമറിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വലിയ രീതിയില്‍ നമ്മുടെ പാരമ്പര്യ ചിന്താഗതികള്‍ക്ക് ഇളക്കം തട്ടി എന്ന് കരുതാനാകില്ല. എങ്കിലും സോഷ്യല്‍മീഡിയയുടെ വരവോടുകൂടി, പണ്ട് നാല്‍ക്കവലയില്‍ മുണ്ടും മടക്കിക്കുത്തി ഇരുന്നു വര്‍ത്തമാനം പറഞ്ഞിരുന്ന വാല്യക്കാരെക്കാള്‍ ധൈര്യത്തോടെ ഫേസ്ബുക്ക് കവലകളില്‍ വര്‍ത്തമാനം പറയാനും കമന്റ് അടിക്കാനും തെറി വിളിക്കാനും ധൈര്യമുള്ള പെണ്ണുങ്ങള്‍ ഉണ്ടായി വരുന്നുണ്ട് എന്നു കാണാനാകും. 'വാടാ' എന്ന് പറയുമ്പോള്‍ 'പോടാ' എന്ന് പറയാന്‍ പെണ്‍കൂട്ടം ആര്‍ജിച്ചെടുത്ത ധൈര്യം ഈ നവമാധ്യമങ്ങള്‍ കൂടി ചേര്‍ന്ന് നല്‍കിയതാണ്.

'ആതിര സൈക്കിളി'ല്‍ കേരളത്തിലെ എനിക്കറിയാവുന്ന പെണ്‍ജീവിതങ്ങളുടെ മനസ്സുകളെ/അപരമനസ്സുകളെ അടയാളപ്പെടുത്താനാണ് ശ്രമിച്ചത്. പുസ്തകം ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരുടെ അവസ്ഥയ്ക്ക് മാറ്റം ഇല്ലാത്തതുകൊണ്ടാണ് 'മലാലാ ടാക്കീസ്' ഉണ്ടാകുന്നത്.

കേരളത്തില്‍ ഇനി പെണ്‍ അവസ്ഥകള്‍ക്ക് മാറ്റം ഉണ്ടാവണമെങ്കില്‍ പെണ്ണുങ്ങള്‍ തന്നെ തുനിഞ്ഞിറങ്ങണം എന്നാണ് തോന്നിയിട്ടുള്ളത്. അതിന് അവര്‍ തയ്യാറാകാത്ത പക്ഷം 'അവള്‍' ഒരു തുടര്‍ക്കഥയായി ഇങ്ങനെ തുടരും. 'ഇന്നത്തെ ചായ നിങ്ങള്‍ ഉണ്ടാക്കണ'മെന്ന് ഭര്‍ത്താവിനോട് ഭാര്യപറയുന്ന ഒരു ദിവസമേ ഞാന്‍ കഥകളില്‍ വിമര്‍ശിച്ച ലോകക്രമത്തിന് എന്തെങ്കിലും ചില ഇളക്കങ്ങള്‍ ഉണ്ടാവുകയുള്ളൂ.

* താങ്കളുടെ നോവലുകള്‍- ഏകാന്തതയെക്കുറിച്ച് ഒരു നോവല്‍ കൂടി, മൂന്ന്- ഇവയില്‍ ധാരാളം പരീക്ഷണ സ്വഭാവങ്ങള്‍ കണ്ടെടുക്കാന്‍ കഴിയുന്നുണ്ട്. ഇത് ശൈലിയാണോ അതോ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുക്കുന്നതാണോ? വായനക്കാര്‍ ഈ ആഖ്യാനരീതിയെ എങ്ങനെയാണ് സമീപിക്കുന്നത്?

എഴുത്തുകാരന്‍ എന്ന നിലയില്‍, നിരന്തരം പുതുക്കി പണിയണം, പരീക്ഷണങ്ങള്‍ക്ക് വിധേയനാകണം എന്ന പക്ഷക്കാരനാണ് ഞാന്‍. പുതിയ കാഴ്ചയും അനുഭവവും കൊടുക്കുമ്പോഴേ വായനക്കാര്‍ക്കും അത് ഹൃദ്യമാവുകയുള്ളൂ. ഭാഷയിലും ക്രാഫ്റ്റിലും നരേഷനിനും പുതുക്കങ്ങളും പരീക്ഷണങ്ങളും കൊണ്ടുവരാനുള്ള ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. 'മൂന്ന്' എന്ന നോവലില്‍ മുഖ്യകഥാപാത്രങ്ങളിലൊരാളുമായുള്ള സാങ്കല്‍പിക അഭിമുഖം നോവലിന്റെ അനുബന്ധമായി ചേര്‍ത്തിരുന്നു. അത് വായനക്കാര്‍ നന്നായി സ്വീകരിച്ചു എന്ന ആത്മവിശ്വാസത്തിലാണ് 'ഏകാന്തതയെക്കുറിച്ച് ഒരു നോവല്‍ കൂടി' എന്ന നോവല്‍, അടിമുടി പരീക്ഷണത്തിന് വിധേയമാക്കിയത്. ഭാവനയുടെ അന്ത്യത്തോടടുക്കുന്ന മട്ടില്‍ പരീക്ഷണങ്ങള്‍ക്ക് ഞാൻ ഈ നോവലില്‍ മുതിര്‍ന്നിട്ടുണ്ട്. എന്റെ വരകളും ഫോണ്ടുകളും വാക്കുകളും ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളും നോവലിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ചു.

സിനിമയുടെ ഇടയ്ക്ക് ഇടവേള കൊടുക്കുന്നതു പോലെ നോവല്‍ വായനയുടെ ഇടയിലും വായനക്കാര്‍ക്ക് ചായകുടിക്കാനും മൂത്രമൊഴിക്കാനായി ഒരു ഇടവേള കൊടുക്കാന്‍ 'ഏകാന്തതയെക്കുറിച്ച് ഒരു നോവല്‍ കൂടി..' എന്ന രചനയില്‍ ശ്രമിച്ചു. അത് വിവിധ പ്രായക്കാരായ, പല   കാറ്റഗറിയില്‍പ്പെട്ട വായനക്കാര്‍ അത് സ്വീകരിച്ചു എന്ന് പുസ്തകത്തിന്റെ നല്ല വില്‍പനയിൽ നിന്നും ഫേസ്ബുക്കില്‍  അക്കാലത്ത് വന്ന ചില കുറിപ്പുകളിൽ നിന്നും ബോധ്യമായി. ഇത്തരം ശുഭ സൂചനകള്‍ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാനുള്ള കൂടുതല്‍ കൂടുതല്‍ ധൈര്യം എനിക്ക് നല്‍കുന്നു. ചെറുകഥകളിലും പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ബയോഡാറ്റയുടെ ഫോര്‍മാറ്റിലും ഇ-മെയിലിന്റെ ഫോര്‍മാറ്റിലും ഒക്കെ കഥകള്‍ എഴുതി.

ഇവയില്‍ ഭൂരിപക്ഷവും ഭാവനാസ്വാതന്ത്ര്യത്തെ പട്ടം പോലെ കെട്ടഴിച്ചുവിടുമ്പോള്‍ സ്വാഭാവികമായി തന്നെ സംഭവിക്കുന്നതാണ്. അതേ സമയം പാരമ്പര്യവായനക്കാര്‍ക്ക് ഇഷ്ടമുള്ള എഴുത്തുരീതിയില്‍ നിന്ന് പാടെ ചാടിക്കടക്കുകയല്ല എന്റെ  ഉദ്ദേശം. എഴുത്തുകാരന്‍ എല്ലാത്തരം എഴുത്തുരീതികളും ശ്രമിക്കണമെന്നും നിരന്തരം മാറ്റി മാറ്റി അവ ഉപയോഗിക്കണമെന്നും കരുതുന്നു. അത് തുടരുന്നു...

(തുടരും)