SUBSCRIBE


അഭിമുഖം

or
Author


20th August | Issue 277

ആശാൻ കാലത്തെ വെല്ലുന്ന കവി


കെ ഗോപിനാഥ്‌

ആശാന് നായികമാരേ ഉളളൂ, നായകൻമാർ പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്നു എന്ന നിരീക്ഷണം വ്യാപകമാണ്. കഥാപാത്രങ്ങൾ അഥവാ വ്യക്തികൾ എന്നതിനേക്കാൾ, തന്റെ ആത്മസംഘർഷത്തിന്റെ പ്രതിരൂപങ്ങളാണ് ആശാന്റെ നായികാനായകന്മാർ. കഥയുടെ ആഖ്യാനത്തോടൊപ്പം ആശയലോകത്തിന്റെ ഉന്മീലനമാണ് കവിക്ക് പ്രധാനം.

image_src


കുമാരനാശാന്റെ ജീവിതവും കൃതികളും മലയാള സാഹിത്യത്തിലെ മാറ്റങ്ങൾ ഉളവാക്കിയതിന്റെ പ്രാധാന്യം പുതിയ തലമുറയിലേക്കു കൂടി എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ദുബായ് കൾച്ചറൽ ആർട്ട് ആൻഡ് ലിറ്റററി ഫോറം സംഘടിപ്പിക്കുന്ന 'കാഫ് കാവ്യചൈതന്യം.' കുമാരനാശാന്റെ ചരമശതാബ്ദി ആചരണത്തിന്റെ ഭാഗമായ ഈ പരിപാടിയുമായി ബന്ധപ്പെട്ടു ദുബായിലെത്തിയ, ഈവർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറുമായി കവി കെ. ഗോപിനാഥൻ നടത്തിയ അഭിമുഖം.  

മലയാള സർവകലാശാല മുൻ വൈസ്ചാൻസലർ കൂടിയായ കെ. ജയകുമാർ കവിതാസമാഹാരങ്ങൾ, വിവർത്തനങ്ങൾ, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർദ്ധവൃത്തങ്ങൾ, രാത്രിയുടെ സാദ്ധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീൽ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകളും നിർവഹിച്ചു. അദ്ദേഹത്തിന്റെ പിങ്‍ഗളകേശിനി എന്ന കവിതാസമാഹാരത്തിനായിരുന്നു ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.

* മണ്മറഞ്ഞു നൂറുവർഷങ്ങൾ കഴിഞ്ഞിട്ടും നിരന്തരം നിരവധി കാവ്യസ്വാദകർ മഹാകവി കുമാരനാശാന്റെ കാവ്യങ്ങൾ വായനക്കും പുനർവായനക്കും വിധേയമാക്കുമ്പോൾ അതിനു കാരണം തന്റെ രചനകളിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിട്ടുള്ള ദർശനങ്ങളാണോ അതോ ഇന്നും നിലനിൽക്കുന്ന സാമൂഹികാവസ്ഥകളാണോ - താങ്കളുടെ കാഴ്ച്ചപ്പാട് എന്താണ്?.

കുമാരനാശാനോളം ആത്മസംഘർഷം അനുഭവിക്കുകയും ആ സംഘർഷം തന്റെ കാവ്യസ്വത്വത്തിന്റെ ഹൃദയമാക്കുകയും ചെയ്ത മറ്റൊരു കവി മലയാളത്തിലില്ല. അങ്ങനെയാണ് ആശാൻ നിയോ ക്ലാസിക്കൽ പാരമ്പര്യത്തിൽ നിന്ന് മലയാളകവിതയെ കാൽപ്പനികതയുടെ പ്രകാശത്തിലേയ്ക്ക് ഉണർത്തിയത്. വള്ളത്തോളും ഉള്ളൂരും കവിതയ്ക്ക് ആശാനോളം കല്പനാസമൃദ്ധിയും ആത്മസംഘർഷത്തിന്റെ ഊഷ്മാവും പകർന്നു നൽകിയിട്ടുണ്ട് എന്ന് പറയാൻ കഴിയില്ല. സാമൂഹിക അസമത്വങ്ങളെക്കുറിച്ചുള്ള നിലപാടുകൾ പോലും വ്യക്തികളുടെ ജീവിത സംഘർഷങ്ങളുടെ സന്ദർഭത്തിൽ വിന്യസിപ്പിച്ചു മാത്രമാണ് ആശാൻ അവതരിപ്പിച്ചിട്ടുള്ളത്. സാവിത്രിയുടെയും മാതംഗിയുടെയും ഹൃദയ സംഘർഷങ്ങൾ, അവയ്ക്കു കാരണമായ ജാതിമത ഭേദചിന്തകൾ പോലെ തന്നെ പ്രധാനപ്പെട്ടതാണല്ലോ. മറ്റൊന്ന് ശ്രീനാരായണഗുരുവിന്റെ സാമീപ്യവും ശിക്ഷണവും വഴിയും, ബംഗാൾ ജീവിതത്തിലുണ്ടായ അറിവുകൾ വഴിയും ഭാരതീയ തത്ത്വചിന്തയിലും പുരോഗമനാശയങ്ങളിലും ആശാൻ സ്വായത്തമാക്കിയ ജീവിതാവബോധവും ദാർശനിക ബോധ്യവും ആശാൻ കവിതകൾക്ക് സാർവ്വകാലികത പ്രദാനം ചെയ്യുന്നുണ്ട്. അതാണ്‌ ആശാൻ കവിതയുടെ നിത്യപ്രസക്തിക്കു നിദാനം.

* ഒരു ക്ഷെ മലയാളം അറിഞ്ഞ ഏറ്റവും വലിയ കവി ശ്രീനാരായണ ഗുരുവായിരിക്കും. അദ്ദേഹത്തിന്റെ ശിഷ്യൻ, അനുയായി എന്ന നിലയിൽ ഗുരുവിന്റെ ദർശനങ്ങൾ പിന്തുടരുവാൻ ആശാന്റെ കാവ്യലോകത്തിന് കഴിഞ്ഞിട്ടുണ്ടോ?

പ്രത്യേകിച്ച് ഗാന്ധിജിയും ഗുരുവും നേരിട്ടു സംഭാഷണം നടന്ന സ്വാതന്ത്ര്യസമരകാലത്ത് മഹാകവി അതിലൊന്നും ഇടപെട്ടതായി അറിവില്ല. ദേശീയ പ്രസ്ഥാനത്തിലോ ഗാന്ധിയൻ ആദർശങ്ങളിലോ ആശാൻ ആകൃഷ്ടനായിരുന്നില്ല എന്ന ചിന്താഗതി പ്രബലമാണ്. കവിതകളിൽ ഗാന്ധി കടന്നുവരുന്നില്ല. എന്നാൽ ലേഖനങ്ങളിലും എഡിറ്ററിയലുകളിലും ആശാന്റെ നിലപാടുകൾ കൂടുതൽ വ്യക്തമാകുന്നുണ്ട്. ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികളിലും ഒരു തിയ്യ കൂട്ടിയുടെ വിചാരം പോലുളള കവിതകളിലും മാത്രമേ ജാതി ഭേദത്തെയും വിവേചനത്തെയും ആശാൻ പരാമർശിക്കുന്നുള്ളു. തന്റെ കവിതകളെയും കാവ്യങ്ങളെയും കുറിച്ച് തികച്ചും നൂതനമായ കാഴ്ചപ്പാട് ആശാൻ പുലർത്തിയിരുന്നു. അവയ്ക്ക് ആത്മീയതയുടെയും സാർവ്വകാലികതയുടെയും സംഘർഷത്തിന്റെയും ഊഷ്മാവ് ആശാന് നിർബന്ധമായിരുന്നു. 

* മനുഷ്യ സഹബോധത്തെക്കുറിച്ച് ഇത്രമാത്രം എഴുതിയിട്ടുള്ള മഹാകവിക്കു അന്നത്തെ കേരളീയർ വേണ്ടത്ര ആദരവും കവിതകൾക്കു പിന്തുണയും നല്കിയിട്ടില്ലെന്നു പറഞ്ഞു കെട്ടിട്ടിട്ടുണ്ട്. അന്നത്തെ പ്രമുഖ നിരൂപകർ പോലും കവിയുടെ രചനകളിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ടത്രെ. കവിത്രയത്തിലെ മറ്റു രണ്ടുപേർക്കും കിട്ടിയ പരിഗണന ആശാന് ലഭിക്കാതെ പോയത് എന്തു കൊണ്ടാവും?

സമകാലികർ ആശാന് വേണ്ടത്ര പരിഗണനയും അംഗീകാരവും നൽകിയോ ഇല്ലയോ എന്നത് തുലോം അപ്രസക്തമാണിപ്പോൾ. ഒന്ന് അന്നത്തെ മലയാള കവിതാ രംഗത്തിന് ആശാൻ കവിത അപ്രാപ്യമായതിൽ അതിശയിക്കാനില്ല. മാറ്റങ്ങൾ കൊണ്ടുവരുന്ന കവികളെ മാറാൻ വിസമ്മതിക്കുന്ന കവികൾക്ക് മനസ്സിലാവുകയില്ല. അവർ എതിർക്കുന്നത് പുതിയ കവിയെയല്ല, ആ കവി ആവിഷ്ക്കരിച്ച പുതുമയെയാണ്. അത് സ്വാഭാവികം. ഉള്ളൂരും എ.ആർ. രാജരാജവർമ്മയും ആശാൻ കവിതയുടെ മികവും മഹത്വവും അംഗീകരിക്കുന്നുണ്ട്. ആത്മധൈര്യവും ദീർഘവീക്ഷണവും ഇല്ലാത്തവരുടെ അംഗീകാരത്തിനും വിമർശനത്തിനും വില കല്പിക്കേണ്ടതുമില്ല.

* അങ്ങയുടെ അഭിപ്രായത്തിൽ കുമാരനാശാന്റെ കാവ്യപാരമ്പര്യം അഥവാ കാവ്യ സമ്പ്രദായം പിന്തുടരുന്ന കവികൾ മലയാളത്തിലുണ്ടോ.. പ്രത്യേകിച്ച് ദർശനങ്ങൾ, സമാന വിഷയപരിസരങ്ങൾ തുടർന്നു പോരുന്നവർ.. മനോഹരമായ ദൃശ്യവിവരണത്തോടെ /വാങ്മായ ചിത്രത്തോടെ തുടങ്ങുന്ന കാവ്യരചനാ രീതി അവലംബിക്കുന്നവർ..?

ആശാനു സമശീർഷനായ മറ്റൊരു കവിയില്ല. എന്നാൽ മലയാള കവിതയിൽ ആശാൻ പാരമ്പര്യം എന്നത് സജീവമാണ്. ആത്മസംഘർഷം ആഴവും ദാർശനികമായ കാഴ്ചപ്പാടും ജീവിതവിശ്വാസവും എപ്പോഴെല്ലാം കവിതയെ സമ്പന്നമാക്കുന്നുവോ, അവിടെയെല്ലാം ആശാൻ കവിതയുടെ വേരോട്ടം കാണാം. വൈലോപ്പിള്ളിയിലും, ശങ്കരക്കുറുപ്പിലും, ഇടശ്ശേരിയിലും, അക്കിത്തത്തിലും, ഒ. എൻ. വിയിലും, സുഗതകുമാരിയിലും വിഷ്ണു നാരായണൻ നമ്പൂതിരിയിലും ഒക്കെ കുമാരനാശാൻ കൊടുത്ത വെളിച്ചമുണ്ട്. അതിഭാവുകത്വവും അതിവാചാലതയും ജീവിത നിരാസവും ആ സ്വാധീനത്തെ ദുർബലമാക്കും.

പിന്നെ ആശാനെപ്പോലെ കവിത എഴുതാൻ ആശാന് മാത്രമേ കഴിയൂ. ഓരോ കവിയുടെയും മനസ്സും വികാര ഭൂമിശാസ്ത്രവും സംഘർഷങ്ങളും പശ്ചാത്തലവും ചരിത്ര സന്ദർഭവും വ്യത്യസ്തമാണല്ലോ.

* കുമാരനാശാന്റെ മികച്ച ദാർശനിക രചനയാണ് വീണപൂവ്.”ഹാ” എന്ന പ്രായോഗത്തിൽ തുടങ്ങുകയും “കഷ്ടം” ചിന്തയിൽ അവസാനിക്കുകയും ചെയ്യുന്ന ഈ കൃതി മനുഷ്യ ജീവിതമല്ലാതെ മറ്റെന്താണ് പ്രതിപാദിക്കുന്നത്!. ഈ വിശകലനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

വീണപൂവ് എന്ന പ്രായേണ ലഘുകൃതി കുമാരനാശാൻ എന്ന കവിയുടെ ആത്മവിളംബരമാണ്. വീണപൂവ് : വിത്തും വൃക്ഷവും എന്ന ഒരു പുസ്തകം ഞാൻ എഴുതിയിട്ടുണ്ട്. വീണപൂവിൽ ആശാൻ പിൽക്കാലത്ത് എഴുതിയ എല്ലാ കാവ്യങ്ങളുടെയും വിത്ത് ഉണ്ടെന്നും ആ കാവ്യവൃക്ഷങ്ങളിൽ വീണപൂവ് കാണാം എന്നുമാണ് ആ പുസ്തകത്തിന്റെ കേന്ദ്രപ്രമേയം. ആശാന്റെ നായികമാർ എല്ലാവരും അധികതുംഗ പദങ്ങളിൽ നിന്ന് വീണ പൂക്കളാണല്ലോ. ആ പുഷ്പത്തിൽ ജനിമൃതിയുടെ താളവും ജീവിതത്തിന്റെ അനിവാര്യമായ നശ്വരതയും ക്ഷണികതയും ദർശിക്കാൻ സർഗ്ഗ പ്രഹർഷത്തിന്റെ ഒരുജ്ജ്വല മുഹൂർത്തത്തിൽ സാധിച്ചപ്പോഴാണ് കുമാരനാശാൻ എന്ന മഹാകവി പിറക്കുന്നത്. അതുവരെ പഠിച്ച വേദാന്തവും ആർജിച്ച ജീവിതാനുഭങ്ങളും, അനുഭവിച്ചു വന്ന സംഘർഷങ്ങളും, ഒരു വൈകാരിക-ദാർശനിക യാഥാർത്ഥ്യമായി കവി അനുഭവിച്ചപ്പോൾ വീണപൂവ് എന്ന കൃതി പിറന്നു. എന്നുമാത്രമല്ല, ആശാൻ അന്വേഷിച്ചിരുന്ന കാവ്യപഥം ആ നിമിഷത്തിൽ മുന്നിൽ സ്വയം തെളിയുകയും ചെയ്തു. അത് മലയാള കവിതയുടെയും രാജപഥമായി എന്നത് മലയാളത്തിന്റെ കൈവല്യം.

* മഹാകവിയുടെ രചനകളുടെ ഒരു സവിശേഷത, സ്ത്രീകഥാപാത്ര മുൻഗണനയോടെയും കാവ്യ നാമങ്ങളോടെയും ഉള്ളവയിൽ, ഉള്ളിലേക്ക് വായിച്ചു ചെല്ലും തോറും അവയിലെ പുരുഷകഥാപാത്രങ്ങൾ വിമർശനവിധേയരായി പ്രാമുഖ്യം നേടുന്ന അനുഭവം വായനക്കാരനുണ്ടാവുന്നു. ഇതേകുറിച്ചു കരുതുന്നതെന്താണ് ?

ആശാന് നായികമാരേ ഉളളൂ, നായകൻമാർ പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്നു എന്ന നിരീക്ഷണം വ്യാപകമാണ്. കഥാപാത്രങ്ങൾ അഥവാ വ്യക്തികൾ എന്നതിനേക്കാൾ, തന്റെ ആത്മസംഘർഷത്തിന്റെ പ്രതിരൂപങ്ങളാണ് ആശാന്റെ നായികാനായകന്മാർ. കഥയുടെ ആഖ്യാനത്തോടൊപ്പം ആശയലോകത്തിന്റെ ഉന്മീലനമാണ് കവിക്ക് പ്രധാനം. അതിന് വേണ്ടിയാണ് കഥാപാത്രങ്ങൾ. നളിനിയെ അന്വേഷിച്ച് അലയുന്ന ദിവാകരനെ അവതരിപ്പിക്കാൻ ആശാന് എങ്ങനെ കഴിയും? ദിവാകരന് സന്ദേഹങ്ങളോ സംഘർഷങ്ങളോ ഇല്ലല്ലോ. 'ചിത്തമാം വലിയ വൈരി കീഴമർന്നത്തൽ തീർന്ന' യമി എന്ത് അന്വേഷിക്കാൻ? അന്വേഷിയായ ആശാന്റെ സ്വത്വം നളിനിയിലാണല്ലോ. ആ അന്വേഷണ തീക്ഷ്ണത  അറിയുന്നതോടെ നായകന്മാർക്കും ഉണ്ടാകുന്നുണ്ട് പുതിയ സംഘർഷങ്ങളും പരിതാപവും. പക്ഷേ നായികമാരുടെ അന്വേഷണത്തിന്റെയോ അനുഭവത്തിന്റെയോ തീവ്രത നായകന്മാരുടെ ഇളക്കത്തിന് ഒരിക്കലും അവകാശപ്പെടാൻ സാധിക്കുകയില്ല. അത് വേണമെന്ന് നിർബന്ധിക്കാൻ നമ്മളാരാണ്?

* കാലത്തെ അതിജീവിക്കുന്ന കവി എന്നർത്ഥത്തിൽ മഹാകവി വലിയൊരു കാവ്യസ്തംഭമായി നമ്മൾക്ക് മുന്നിൽ നിൽക്കുന്നു. ബിരുദ പഠനകാലം മുതൽ ആശാൻ കവിതകളെ മൂല്യബോധത്തോടെ വിലയിരുത്തി എഴുതിയിരുന്ന ഒരാൾ എന്ന നിലയിൽ അങ്ങയുടെ കാവ്യജീവിതത്തിൽ മഹാകവി എവിടെ നിൽക്കുന്നു.?

മഹാകവി കുമാരനാശാനാണ് എന്റെ ഏറ്റവും വലിയ മലയാള കവി. കാലം കഴിയുംതോറും ആ കവിതയുടെ ആന്തരികോർജ്ജത്തിന്റെ പ്രസരണ ശേഷി വർദ്ധിക്കുകയാണ്. കാരണം അത്രയേറെ ആത്മസത്തയുടെ വെളിച്ചവും സംഘർഷത്തിന്റെ ഊഷ്‌മാവും അതിൽ കവി നിക്ഷേപിച്ചിട്ടുണ്ട്. അസാധാരണമായ വൈകാരിക സത്യസന്ധത, ആത്മീയമായ ഉള്ളുറപ്പ്, വാങ്മയങ്ങളിലും പദാവലിയിലുമുള്ള സൂക്ഷ്മ-ജാഗ്രത, ഔചിത്യദീക്ഷ തുടങ്ങി ഒരു കവിതാ വിദ്യാർത്ഥിയുടെ എക്കാലത്തെയും പാഠപുസ്തകമാണ് കുമാരനാശാൻ. ചെറുപ്പത്തിലേ ഈ കവിയുമായി അനുയാത്ര നടത്താൻ സാധിച്ചത് എന്റെ മഹാഭാഗ്യം. ഉള്ളുറപ്പുളള കവിതകളേ എഴുതാവൂ എന്നാണ് ഈ കവി ഗുരുവിൽ നിന്ന് ഞാൻ പഠിച്ച വലിയ പാഠം.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 3

  • Anilkumar CP

    01/Jan/2025 [10:24-pm]

    ആശാൻ കവിതയിലൂടെ, ഇന്നും നിലനിൽക്കുന്ന, വർത്തമാനകാല സാമൂഹികാവസ്ഥയിലേക്കൊക്കെ ജയകുമാർ സാർ സഞ്ചരിക്കുന്നത് നേരിട്ടനുഭവിക്കാൻ കാഫ് ദുബൈ സംഘടിപ്പിക്കുന്ന 'കാവ്യചൈതന്യം' പരിപാടിയിൽ പങ്കെടുക്കൂ.

  • Anilkumar CP

    01/Jan/2025 [10:18-pm]

    ആശാൻ കവിതകളുടെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്ന ഗംഭീര അഭിമുഖം. "ഉള്ളുറപ്പുളള കവിതകളേ എഴുതാവൂ എന്നാണ് ഈ കവി ഗുരുവിൽ നിന്ന് ഞാൻ പഠിച്ച വലിയ പാഠം" എന്ന ജയകുമാർ സാറിന്റെ അഭിപ്രായത്തിന് വലിയൊരു കയ്യടി.