2024 ഫെബ്രുവരി 13-ന് പഞ്ചാബിൽ നിന്നുള്ള കർഷക സംഘങ്ങൾ ദില്ലി ചലോ മാർച്ചോടെ...
എന്റെ ഒരു വര്‍ക്കിങ് സ്‌റ്റൈല്‍ ഒരു പരീക്ഷണശാലയില്‍ പണിയെടുക്കുന്നപോലെയാണ്. വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് അങ്ങനെ ഒരു അനുഭൂതി ഒന്നും ലഭിക്കാറില്ല. അത് കണ്ടിട്ട് ഒരാള്‍ കണക്ടഡ് ആയി എന്ന് പറയുമ്പോഴാണ് സന്തോഷം. ഒരു വ്യത്യസ്തമായ ചിത്രീകരണത്തിന് വേണ്ടി കൂട്ടിയും കുറച്ചുമൊക്കെ വളരെ കൃത്രിമമായി വരച്ചുനോക്കുന്നു ഒരു പരീക്ഷണശാലയിലെന്നപോലെ തന്നെ. അതില്‍ ചിലത് നന്നാകുന്നു ചിലത് അത്ര നന്നാകുന്നില്ല. എന്തായാലും പ്രണയം ചിത്രീകരിക്കാനായി പ്രത്യേക ചേരുവകള്‍ ഒന്നും ചേര്‍ക്കാറില്ല. ചുരുക്കം പറഞ്ഞാല്‍ ഞാനെന്റെ സന്തോഷത്തിനു വേണ്ടിയല്ല വരയ്ക്കുന്നത്. മറ്റുള്ളവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ നിര്‍മിക്കുക എന്നതിലാണ് പ്രാധാന്യം കൊടുക്കുന്നത്. അതില്‍ എനിക്ക് ചില നിബന്ധനകള്‍ ഉണ്ടെന്നു മാത്രം.
ചിത്രകല പഠിക്കാത്ത, ചിത്രകാരനാകാന്‍ ആഗ്രഹിക്കാത്തൊരാളാണ് ജി. ഗോപീകൃഷ്ണനെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണുന്ന ഒരാളും പറയില്ല. അത്രമേല്‍ ആഴത്തില്‍ പ്രേക്ഷകന്റെ മനസ്സില്‍ കൊത്തിവെക്കുന്ന ശില്പങ്ങളാണ് ഗോപീകൃഷ്ണന്റെ ഓരോ ചിത്രവും. സൂക്ഷ്മ നിരീക്ഷണവും വായനയും ചിത്രത്തിന് പകരുന്ന അഴക് ഒന്ന് വേറെതന്നെയാണ്. മലയാളത്തിലെ സമകാലിക ഇല്ലസ്ട്രേറ്റർമാരിൽ ഏറെ ശ്രദ്ധേയനായ ജി.ഗോപീകൃഷ്ണനുമായി നിധിൻ വി.എൻ. സംസാരിക്കുന്നു.
* വര്‍ണ്ണങ്ങളുടെ ലോകം സ്വയം ഭ്രമിപ്പിക്കുന്നതിനോടൊപ്പം കാഴ്ചക്കാരെയും അത് ഭ്രമിപ്പിക്കും. ഭ്രമിക്കുന്ന കാഴ്ചകള്‍ സൃഷ്ടിക്കുക എന്നത് ഏറെ പ്രയാസകരമാണ്. എന്നാല്‍ ജി ഗോപീകൃഷ്ണന്റെ ചിത്രങ്ങള്‍ക്ക് നിഷ്പ്രയാസം അതിന് സാധിച്ചിട്ടുമുണ്ട്. നിറങ്ങളുടെ ലോകത്തിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു ?
ഒരു ചിത്രകാരനാകാന്‍ ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ചിത്രകല പ്രൊഫഷണലായി പഠിക്കാനും കഴിഞ്ഞില്ല. ചിത്രകല ഒരു ആവേശമായൊന്നും തോന്നിയിട്ടുമില്ല മുന്‍പ്. അതിന്റെ ചരിത്രത്തെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഈ അടുത്തകാലത്ത് മാത്രമാണ് ചിത്രങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
ചെറുപ്പത്തില്‍ ചെറുതായി വരച്ചിരുന്നു. അതുകണ്ട് ചേട്ടന്‍ ഹൈസ്‌കൂള്‍ ക്ലാസില്‍ വെച്ച് ഒരു ഡ്രോയിങ് ട്യൂഷനു വിട്ടു. ഒരു രണ്ട് വര്‍ഷമൊക്കെ ഞായറാഴ്ചകളില്‍ പോയി കാണണം. അതാണ് ചിത്രകലയിലുള്ള പരിചയം. സ്‌കൂളില്‍ നിന്ന് മത്സരങ്ങള്‍ക്ക് പങ്കെടുക്കാറുണ്ടായിരുന്നു. സമ്മാനമൊന്നും കിട്ടിയിരുന്നില്ല. മത്സരിക്കുന്നവരില്‍ മിക്കവരും ഗംഭീര വരക്കാര്‍. അതുകണ്ടു അതിശയിക്കും.
ഡിഗ്രി കെമിസ്ട്രി ആയിരുന്നു. അതുകഴിഞ്ഞു ഒരു ഫുഡ് പ്രോസസ്സിങ് കമ്പനിയില്‍ ക്വാളിറ്റി ഓഫീസര്‍ ആയി കുറേക്കാലം. പിന്നീട് അവിടുന്ന് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് രാജിവെക്കേണ്ടി വന്നു. ആ സമയം എനിക്ക് പിടിച്ചു നില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പെങ്കിലും വേണമായിരുന്നു. വലിയ മാനസികസംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന സമയം. ഉറക്കമില്ല, ആഹാരമില്ല. എനിക്ക് തന്നെ തോന്നിത്തുടങ്ങി പിടിവിട്ട് പോകുന്ന പോലെ. വെള്ളത്തില്‍ കൈകാലിട്ടടിക്കുന്ന പോലെയുള്ള ദിവസങ്ങള്‍.
ആ സമയത്ത് ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ക്രീയേറ്റിവ് ആയി എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചു. ഞാന്‍ പതുക്കെ സ്കെച്ച് ചെയ്യാന്‍ തുടങ്ങി. ഒഴുക്കിനു കുറുകെ നീന്തുന്നപോലെ ഒരു ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി. അതൊക്കെ സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെ എനിക്ക് തന്നെ നിശ്ചയമില്ലാതെ, അറിയാതെ വരകളുടെ ലോകത്തേക്ക് വന്നു. ഒരു ആത്മവിശ്വാസവും ഇല്ലായിരുന്നു ഇതില്‍ എന്തെങ്കിലും ചെയ്യാമെന്ന്. കുറച്ച് സുഹൃത്തുക്കളുടെ ഭയങ്കര സപ്പോര്‍ട്ട് തന്നെയാണ് പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത്. കവി വിഷ്ണുപ്രസാദ് മാഷോക്കെയാണ് അതിനു കാരണം.
* വരകളില്‍ ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന കാലഘട്ടമാണിത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളെ എങ്ങനെ കാണുന്നു? പലതരം മീഡിയങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള രചനകള്‍ ഗോപീകൃഷ്ണന്റേതായി കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തമായ രചനാ രീതി ബോധപൂര്‍വ്വമാണോ?
ഇനിയുള്ള കാലം ഡിജിറ്റല്‍ ഇല്ലസ്‌ട്രേഷനുകളുടെ ആണെന്ന് തോന്നുന്നു. ആര്‍ട്ടിസ്റ്റ് എന്ന ജോലിയൊക്കെ പൂര്‍ണമായും ഡിജിറ്റലിലേക്ക് മാറിയിരിക്കുന്നു. വ്യക്തിപരമായി ഞാന്‍ ശ്രമിക്കുന്നത് ഒരേ ശൈലി നിലനിര്‍ത്താനല്ല. വരകളില്‍ മാക്സിമം വ്യത്യസ്തത കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഒരേ അച്ചില്‍ വാര്‍ത്തപോലെയുള്ള ചിത്രങ്ങള്‍ കാഴ്ചക്കാരെ വേഗം മടുപ്പിക്കുമെന്നു തോന്നുന്നു. അതിപ്പോ ഡിജിറ്റല്‍ ആയാലും. വ്യത്യസ്തത നിര്‍മിക്കാന്‍ വേണ്ടി മനഃപൂര്‍വം മീഡിയങ്ങള്‍ മാറി ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ പേപ്പറില്‍ വര്‍ക്ക് ചെയ്യാന്‍ വ്യക്തിപരമായി ഇഷ്ടവുമാണ്. ഒരു ഡിജിറ്റല്‍ ഇല്ലസ്‌ട്രേറ്റര്‍ എന്നുള്ള രീതിയില്‍ മാത്രം അല്ല എനിക്ക് വര്‍ക്ക് ചെയ്യാന്‍ കഴിയുക. ബേസിക്കലി നമ്മള്‍ നിര്‍മിക്കുന്ന ആര്‍ട്ടിന് ആണല്ലോ പ്രാധാന്യം. അത് ഡിജിറ്റല്‍ ആണെങ്കിലും പേപ്പറില്‍ ആണെങ്കിലും ഇത് രണ്ടും തമ്മിലുള്ള മിക്‌സ് ആണെങ്കിലും പ്രശ്‌നമുണ്ടെന്നു തോന്നുന്നില്ല.
* ഫോട്ടോഗ്രഫിയെപോലെ ചിത്രങ്ങള്‍ ഒരുക്കുന്ന രീതിയുണ്ട്, ചിത്രവും ഫോട്ടോഗ്രാഫും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം. അത്തരം പ്രവണതകളെ എങ്ങനെ കാണുന്നു?
ഫോട്ടോറിയലിസ്റ്റിക് ചിത്രങ്ങള്‍ ഒരുതരത്തിലുള്ള കലാരചന തന്നെയാണ്. അത്യധികം ക്ഷമയും പ്രയത്‌നവും വേണ്ടത്. പക്ഷെ അതിന്റെ റിസള്‍ട്ടിനെക്കുറിച്ച് എനിക്ക് സംശയമുണ്ട്. ഒരു ഫോട്ടോഗ്രാഫര്‍ സെക്കന്റുകള്‍ കൊണ്ടെടുക്കുന്ന ചിത്രങ്ങള്‍ മണിക്കൂറുകള്‍ കൊണ്ട് പുനഃസൃഷ്ടിച്ചു കഴിഞ്ഞാല്‍ എന്താ നമുക്ക് പറയാനാവുക? അയാള്‍ ഒരു നല്ല ക്ഷമയുള്ള പണിക്കാരന്‍ ആണെന്നല്ലാതെ. ആ ചിത്രം അവിടെനിന്നു മാഞ്ഞു പോയി കലാകാരന്റെ അധ്വാനം മുഴച്ചു നില്‍ക്കുകയും ചെയ്യും. ഏതെങ്കിലും തരത്തില്‍ ഫോട്ടോഗ്രാഫിയെ വെല്ലുവിളിക്കാന്‍ കഴിയാത്ത റിയലിസ്റ്റിക് ചിത്രങ്ങള്‍ക്കൊക്കെയും ഉള്ളൊരു പ്രശ്‌നമാണിത്. നോക്കൂ, നമ്മുടെ വിഷ്വൽ മീഡിയം കുതിരയെപ്പോലെ ഓടിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ ഇതുവരെ കാണാത്ത കാഴ്ചകള്‍, ചലിക്കുന്നതും അല്ലാത്തതുമായ ചിത്രങ്ങളായി ഓരോ സെക്കന്റിലും മുന്നിലെത്തിക്കൊണ്ടിരിക്കുന്നു. അതൊരു വെല്ലുവിളി തന്നെയാണ് ചിത്രകാരന്മാര്‍ക്ക്. അവിടെ അതിനെ അനുകരിക്കാന്‍ നോക്കിയിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല. ഇതുവരെ ആരും സൃഷ്ടിക്കാത്ത കോമ്പോസിഷന്‍സ് തേടിപ്പോകേണ്ടതുണ്ട്.
* വരകളില്‍ സൂക്ഷ്മത ആവശ്യപ്പെടേണ്ട കാലമാണ്. കലാപരമായ സൃഷ്ടിയായിരിക്കേ തന്നെ ബാഹ്യസമ്മര്‍ദ്ദങ്ങളാല്‍ സ്വതന്ത്രമായ രചനാരീതി എഡിറ്റ് ചെയ്യപ്പെടേണ്ട അവസ്ഥയുണ്ടാകാറുണ്ട്. ഇതേ പറ്റി?
അതെ, വരകള്‍ മനുഷ്യത്വവിരുദ്ധമാകാതിരിക്കാനുള്ള ജാഗ്രത ചിത്രകാരന്‍ കാണിക്കേണ്ടതുണ്ട്. നമ്മുടെ സമൂഹം വളരെ ഇടുങ്ങിയ ചിന്താഗതിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് എന്ന് തോന്നാറുണ്ട്. ഒരു കലയെ കല എന്നുള്ള നിലയ്ക്ക് പരിഗണിക്കാതെ ഭയങ്കര ഇമോഷണലായി, സെൻസിറ്റീവ് ആയി സമീപിക്കാറുണ്ട് സമൂഹങ്ങള്‍. ആളുകളുടെ വികാരങ്ങള്‍ പെട്ടന്ന് വൃണപ്പെടുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു. ഇത്തരം ചിന്താഗതികളോടും പ്രവണതകളോടും ഒരിക്കലും യോജിക്കാന്‍ കഴിയില്ല.
* ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ചിത്രകലയുടെ സാധ്യതകളെ എങ്ങനെ കാണുന്നുന്നു? ചിത്രകലയുടെ സങ്കേതങ്ങളിലോ അത് പഠിപ്പിക്കുന്ന രീതികളിലോ മാറ്റം വരുത്തണം എന്നുതോന്നിയിട്ടുണ്ടോ?
ആനിമേഷന്‍ ഒക്കെ ചിത്രകലയുടെ നെക്സ്റ്റ് സ്റ്റേജ് ആണല്ലോ. ഇന്നുവരെ ഒരു മനുഷ്യനും കണ്ടിട്ടില്ലാത്തതോ ചിന്തിച്ചിട്ടില്ലാത്തതോ ആയ ദൃശ്യങ്ങളെ, ആശയങ്ങളെ സൃഷ്ടിക്കാന്‍ ചിത്രകലയിലൂടെ കഴിയുന്നതാണ് അതിന്റെ സൗന്ദര്യവും പ്രാധാന്യവും. ചിത്രങ്ങളും, ചിത്രങ്ങളുടെ /രൂപങ്ങളുടെ ചലനവും ഒഴുക്കുമായി മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഷയിലൊന്നാണല്ലോ ദൃശ്യഭാഷ. എഴുത്ത് എപ്പോഴും ദൃശ്യഭാഷയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണെന്നു തോന്നിയിട്ടുണ്ട്.
എഴുത്തുകാരന്‍ ഒരു ദൃശ്യത്തെ കുറെ കോഡുകളിലാക്കി വെക്കുകയും ആ കോഡുകള്‍ ചുരുളഴിച്ചു വായനക്കാരന്‍ ദൃശ്യത്തെ കണ്ടെത്തുകയും ചെയ്യുന്ന പ്രക്രിയയാണ് എഴുത്ത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിത്രകല പഠിക്കാത്തതുകൊണ്ടുതന്നെ അതിന്റെ സങ്കേതങ്ങളെകുറിച്ചോ പഠിപ്പിക്കുന്ന രീതികളെകുറിച്ചോ അറിയില്ല.
* നിരവധി ആര്‍ട്ടിസ്റ്റുകള്‍ ചുറ്റിലുമുണ്ട്. പുതിയ ആഖ്യാന രീതികളുമായി സ്വന്തമായൊരു ഇടമൊരുക്കാന്‍ പരിശ്രമിക്കുന്ന നിരവധിപേര്‍. ചിത്രകല പഠിച്ചും അല്ലാതെയും കടന്നുവരുന്ന പുതുമുഖങ്ങളെ, അവരുടെ രചനാവൈഭവത്തെ എങ്ങനെ കാണുന്നു?
ഗംഭീരമായി വരയ്ക്കുന്ന ഒരുപാട്‌പേര്‍ ചുറ്റിലുമുണ്ട്. ഗംഭീരമായി വരയ്ക്കുക എന്നാല്‍ അതിഗംഭീരമായി ചിന്തിക്കുക എന്നുകൂടി ഉണ്ട്. ഞാനും ഒരു പുതുമുഖമാണ്. വിലയിരുത്താനുള്ള അറിവുകളൊന്നും സമ്പാദിച്ചിട്ടുമില്ല.
* ഗോപീകൃഷ്ണന്റെ ചിത്രങ്ങളിലെ പ്രണയമുഹൂര്‍ത്തങ്ങള്‍ വാക്കുകള്‍ക്കും വരകള്‍ക്കും അപ്പുറം വൈകാരികമാകാറുണ്ട്. അവയുടെ സൗന്ദര്യം എടുത്തുപറയേണ്ടതാണ്. ഇത് എങ്ങനെ സാധിക്കുന്നു?
എല്ലാ ആശയങ്ങളിലും വര്‍ക്ക് ചെയ്യാനിരിക്കുന്നത് ഏതാണ്ട് ഒരേപോലെയാണ്. എന്റെ ഒരു വര്‍ക്കിങ് സ്‌റ്റൈല്‍ ഒരു പരീക്ഷണശാലയില്‍ പണിയെടുക്കുന്നപോലെയാണ്. വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് അങ്ങനെ ഒരു അനുഭൂതി ഒന്നും ലഭിക്കാറില്ല. അത് കണ്ടിട്ട് ഒരാള്‍ കണക്ടഡ് ആയി എന്ന് പറയുമ്പോഴാണ് സന്തോഷം. ഒരു വ്യത്യസ്തമായ ചിത്രീകരണത്തിന് വേണ്ടി കൂട്ടിയും കുറച്ചുമൊക്കെ വളരെ കൃത്രിമമായി വരച്ചുനോക്കുന്നു ഒരു പരീക്ഷണശാലയിലെന്നപോലെ തന്നെ. അതില്‍ ചിലത് നന്നാകുന്നു ചിലത് അത്ര നന്നാകുന്നില്ല. എന്തായാലും പ്രണയം ചിത്രീകരിക്കാനായി പ്രത്യേക ചേരുവകള്‍ ഒന്നും ചേര്‍ക്കാറില്ല. ചുരുക്കം പറഞ്ഞാല്‍ ഞാനെന്റെ സന്തോഷത്തിനു വേണ്ടിയല്ല വരയ്ക്കുന്നത്. മറ്റുള്ളവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ നിര്‍മിക്കുക എന്നതിലാണ് പ്രാധാന്യം കൊടുക്കുന്നത്. അതില്‍ എനിക്ക് ചില നിബന്ധനകള്‍ ഉണ്ടെന്നു മാത്രം.
* എഴുത്തുകാരന്റെ സൃഷ്ടിക്കപ്പുറം ഗോപീകൃഷ്ണന്‍ പ്രണയഭാവങ്ങളെ വരയില്‍ യാഥാര്‍ഥ്യമാക്കുന്നത് എങ്ങനെയാണ്?
ഒരു ഇല്ലസ്‌ട്രേഷനെ ഞാൻ കാണുന്നത്, അത് സാഹിത്യത്തിന് വേണ്ടിയുള്ളത് ആണെങ്കില്‍ പോലും, വളരെ ഇന്‍ഡിപെന്‍ഡന്റ് ആയൊരു ആര്‍ട് വര്‍ക്കായാണ്. വായനക്കാരന് തിരഞ്ഞെടുക്കാവുന്ന മറ്റൊരു വഴിപോലെ, മറ്റൊരു വായന പോലെ. എന്നാല്‍ ഇവയുടെ രണ്ടിന്റെയും വേരുകള്‍ ഒരേ ഭൂമിയില്‍ നിന്ന് വെള്ളവും വളവും സ്വീകരിക്കണമെന്നും, ഒരേ വികാരങ്ങളെ പങ്കുവെക്കണമെന്നും തോന്നുന്നു. എഴുത്തുകാര്‍ എഴുതി വെക്കുന്നത് ഏതാണ്ട് അതേപോലെ തന്നെ വരച്ചു വായനക്കാരന്റെ ഭാവനയെ വെല്ലുവിളിക്കേണ്ടതുണ്ടോ എന്ന സംശയത്തില്‍ നിന്നാണ് മുകളിൽപ്പറഞ്ഞ രീതിയിലേക്ക് മാറേണ്ടി വന്നത്.
* വരക്കാന്‍ വേണ്ടി വായിക്കേണ്ടി വരുന്നത് ബാധ്യതയായി തോന്നിയിട്ടുണ്ടോ? വരക്കാന്‍ വേണ്ടിയല്ലാതെ വായനയില്‍ രൂപങ്ങള്‍ മനസ്സില്‍ തെളിയാറുണ്ടോ?
വായന ഒരു ബാധ്യതയായി തോന്നിയിട്ടില്ല. എനിക്ക് ഇന്ററസ്റ്റിംഗ് ആയി തോന്നുന്ന ഒരു നോവലോ കഥയോ വായിച്ചതിനു ശേഷം അതിന് വരയ്ക്കാനായി ഇരിക്കുമ്പോള്‍ ഒരുപാട് സാധ്യതകള്‍ മുന്നില്‍ തെളിയുന്നതായി തോന്നിയിട്ടുണ്ട്. വരയ്ക്കാന്‍ വേണ്ടിയല്ലാതെ വായിക്കുമ്പോള്‍ ഞാന്‍ വരയെക്കുറിച്ചു ചിന്തിക്കാറില്ല. പരമാവധി വായനയില്‍ മുഴുകാനാണ് ശ്രമിക്കാറുള്ളത്ത് കാരണം എന്നെ സംബന്ധിച്ചിടത്തോളം വര വളരെ കൃത്രിമമായി ഞാന്‍ തന്നെ നിരന്തരം തലപുകച്ചു ആലോചിക്കേണ്ട പ്രോസസ്സ് ആണ്.
നല്ല അഭിമുഖം... വിശദമായ കാഴ്ചപ്പാടുകൾ... അഭിനന്ദനങ്ങൾ !
നിങ്ങളുടെ വരകളിലേക്ക് അതിലെ വർണ്ണങ്ങളിലേക്ക് കണ്ണുമിഴിച്ചിരിക്കുന്ന ആരാധിക. U r superb