ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളുമായി യോജിച്ചു പോകുന്നതല്ല...
എത്രയൊക്കെ ഫെമിനിസ്റ്റാണ് താനെന്ന് പറഞ്ഞാലും ആണിന്റെയുള്ളില്‍ ആണുണ്ടാവും എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഫെമിനിസ്റ്റാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന് മാത്രമേ പറയാന്‍ കഴിയൂ. അല്ലാതെ ഞാന്‍ ഫെമിനിസ്റ്റാണെന്ന് ഒരു പുരുഷനുറപ്പിച്ച് പറയാന്‍ കഴിയില്ല
വനപ്പച്ചയും വന്യഭാവനകളുമിടതൂർന്ന് നിൽക്കുന്ന നാട്ടിൻ പുറത്തിന്റെ ഒറ്റയടിപ്പാതകളിൽ വെറും കാലിലാരംഭിച്ച് കലുഷ നാഗരികതയുടെ മാത്സര്യ ധൃതികളിലേക്ക് , ഓടിക്കയറേണ്ടി വന്ന മനുഷ്യരുടെ ഇടർച്ചകളും പതർച്ചകളുമാണ് ഷാജികുമാറിന്റെ രചനാലോകം.
ഈ കഥകളിൽ ജീവിതത്തിന്റെ ക്രൂര യാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ പകച്ചു നിൽക്കുന്ന നിസ്സഹായരുണ്ട്, കാല്പനികരഹിതമായ കാപട്യങ്ങളും സ്വാർത്ഥതയും വഞ്ചനയുമുണ്ട്. ഒരു നാട്ടു ചോലയുടെ തണുപ്പും ആർദ്രതയുമുള്ള പ്രണയങ്ങളുണ്ട്. നിരാശഭരിതവും ദുരിത പൂർണ്ണവുമായ ജീവിതത്തിനു മേൽ ഇടയ്ക്കുദിച്ചു മറയുന്ന നർമ്മത്തിന്റെയും കരുണയുടെയും നിലാവുണ്ട്.
ജനം, വെള്ളരിപ്പാടം, കിടപ്പറസമരം, ഉള്ളാൾ , ജി.എൽ.പി സ്കൂൾ കീക്കാങ്കോട്ട് , സ്ഥലം എന്നീ കഥാ സമാഹാരങ്ങളും ആത്മകഥാപരമായ അനുഭവങ്ങളും ഓർമ്മകളും കോർത്തിണക്കിയ കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ് , ഇതാ ഇന്നു മുതൽ ഇതാ ഇന്നലെ വരെ , കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല എന്നീ കൃതികളും ഷാജി കുമാറിന്റേതായിട്ടുണ്ട്.
കന്യകാ ടാക്കീസ് , ടേക്ക് ഓഫ് എന്നീ സിനിമകൾക്ക് തിരക്കഥയും പുത്തൻ പണം എന്ന സിനിമയ്ക്ക് സംഭാഷണങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരവും കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റും തിരക്കഥയ്ക്കുള്ള ന്യൂയോർക്ക് ഫെസ്റ്റിവൽ അവാർഡും വയലാർ രാമവർമ്മ അവാർഡുമടക്കം നിരവധി പുരസ്കാരങ്ങൾ ഇതിനോടകം ഷാജികുമാറിന് ലഭിച്ചിട്ടുണ്ട്.
ഷാജികുമാറിന്റെ 'സ്ഥലം' എന്ന ഏറ്റവും പുതിയ സമാഹരം ഈ വർഷത്തെ WTP ലൈവ് സാഹിത്യ പുരസ്കാരത്തിന് അർഹമായി. WTP ലൈവിനു വേണ്ടി ഷാജികുമാറുമായി നടത്തിയ അഭിമുഖ ഭാഷണം.
*ആദ്യ ചോദ്യം ദേശത്തെക്കുറിച്ചാവാം. ഒരു ഇരുണ്ട ഹാസ്യമെന്നോണം കാസര്‍കോട്ടുകാര്‍ പറയാറുണ്ട്. ജാഥകള്‍ തുടങ്ങുമ്പോള്‍ മാത്രം നേതാക്കള്‍ ഓര്‍ക്കുന്ന ഒരു നാടെന്ന്.' കാസര്‍കോടന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍ അത് വ്യക്തമാവും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത. അതേ സമയം തെയ്യക്കാവുകള്‍, ആണ്ട് നേര്‍ച്ചകളുള്ള മഖാമുകള്‍, ഏഴു ഭാഷകള്‍, വൈവിദ്ധ്യ പൂര്‍ണ്ണമായ സാംസ്‌കാരിക ജീവിതം ഐതിഹ്യങ്ങള്‍, വിശ്വാസ വൈവിധ്യങ്ങള്‍, നാടക സംഘങ്ങള്‍, വായനാശാലകള്‍ തുടങ്ങിയവയിലൂടെ അത് ആനുകാലികമാകാന്‍ ശ്രമിക്കുന്നുമുണ്ട്. അതേ സമയം വളരെ സെന്‍സിറ്റീവായ മതബോധത്തിന്റെ സംഘര്‍ഷോന്മുഖ മനോഭാവവും ഒരു ന്യൂനപക്ഷമെങ്കിലും പേറുന്നുമുണ്ട് ( ഭൂരിപക്ഷം മനുഷ്യരും അതിനപ്പുറമുളള സഹജീവനത്തിലും സ്‌നേഹത്തിലും വിശ്വസിക്കുമ്പോഴും ) ഷാജികുമാര്‍ എന്ന എഴുത്തുകാരന്റെ പിറവിയില്‍ ഈ ദേശം വഹിച്ച പങ്കെന്താണ് ?
മറ്റ് ജില്ലകള്‍ക്ക് മാറിവരുന്ന ഭരണകൂടങ്ങള്‍ നല്‍കിവരുന്ന പരിഗണനകള്‍ കാസര്‍ഗോഡിന് കിട്ടാറില്ലെന്നത് ആര് നിഷേധിച്ചാലും കാസര്‍ഗോടുകാര്‍ തള്ളിക്കളയില്ല. ഷിജു പറഞ്ഞത് പോലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ജാഥ തുടങ്ങാനുള്ളൊരിടം മാത്രമായും ഉദ്യോഗസ്ഥരെ ശിക്ഷാനടപടികള്‍ക്ക് വിധേയമായി ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സ്ഥലം മാത്രമായും കാസര്‍ഗോഡ് കാലങ്ങളായി ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു. അന്യജില്ലക്കാര്‍ക്ക് പിഎസ് സി എഴുതി, എളുപ്പത്തില്‍ ജോലി കിട്ടാനുള്ള ഇടം. കിട്ടിയാല്‍ ഹൊ, എന്തൊരു വികസനമില്ലാത്ത സ്ഥലമെന്ന് കുറ്റം പറഞ്ഞ് ലോങ് ലീവെടുക്കും. അല്ലെങ്കില്‍ അധികാരികളില്‍ സ്വാധീനം ഉപയോഗിച്ച് സ്വദേശത്തേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിപ്പോകും.
കാസര്‍ഗോഡുകാരുടെ പ്രശ്‌നങ്ങള്‍ കാസര്‍ഗോഡുകാരില്‍ മാത്രം പരിമിതമാവുന്നു. കഴിഞ്ഞ വര്‍ഷം കൊവിഡിന്റെ ആദ്യതരംഗത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി, മണ്ണിട്ട് മൂടിയപ്പോള്‍ ആശുപത്രിയിലെത്താനാവാതെ കാസര്‍ഗോഡ് മരണപ്പെട്ടത് പതിനാറിലേറെ രോഗികള്‍. ഒരു നല്ല ആശുപത്രി പോലും കാസര്‍ഗോഡില്ലെന്ന് അന്നാണ് കേരളത്തിന് മനസ്സിലായത്. അങ്ങനെ മരണങ്ങള്‍ വേറേതെങ്കിലും ജില്ലയിലാണ് സംഭവിച്ചതെങ്കിലോ... എന്‍ഡോസള്‍ഫാന്‍ ദുരന്തം, എത്ര വര്‍ഷമായി. ഇപ്പോഴും രോഗികള്‍ക്ക് മതിയായ നഷ്ടപരിഹാരമോ ചികില്‍സാസൗകര്യമോ ലഭ്യമായിട്ടില്ല. എന്‍ഡോസള്‍ഫാന്റെ വേട്ടയാടല്‍ വേറേതെങ്കിലും ജില്ലയിലാണ് സംഭവിച്ചതെങ്കിലോ.. കേരളം കത്തും, സംശയമുണ്ടോ...! ഇതൊക്കെ കാസര്‍ഗോഡായത് കൊണ്ട് ആര്‍ക്കും വലിയ പ്രശ്‌നമായി തോന്നുന്നില്ല. അതിങ്ങനെ തുടരുന്നു...
ആരുടെ മുകളിലും അധികാരം പ്രയോഗിക്കാനറിയാത്ത, നിഷ്‌കളങ്കത ഏറിയ മനുഷ്യരാണ് കാസര്‍ഗോഡുകാര്‍ എന്നാണ് സ്വന്തം അനുഭവത്തില്‍ നിന്ന് തോന്നിയത്. കൗശലവും സ്വാര്‍ത്ഥതയും നന്നേ കുറഞ്ഞ മനുഷ്യര്‍. എളുപ്പം പറ്റിക്കപ്പെടാവുന്നവര്‍. അങ്ങനെയുള്ളവര്‍ക്ക് സ്വന്തം കാര്യം നേടിയെടുക്കാനുള്ള തന്റേടവും സാമര്‍ത്ഥ്യവും കുറവായിരിക്കുമല്ലോ. അതുകൊണ്ട് കൂടിയാണ് കാസര്‍ഗോഡ് ഇങ്ങനെ ചുരുങ്ങിപ്പോയത്. കാസര്‍ഗോഡിന് അത്രമതി, അവര്‍ക്ക് പരിഭവങ്ങളോ പരാതിയോ ഉണ്ടാവില്ല എന്ന് ഭരണകൂടം വിധിയെഴുതുന്നു.
ദേശത്തിന്റെ വൈചിത്ര്യങ്ങളും ഏറെയുണ്ട്. സപ്തഭാഷകളുടെ സംഗമഭൂമിയാണ്. വിചിത്രമായ ആചാരങ്ങളുള്ള നാടാണ്. കബഡിയും ഫുട്‌ബോളും ആത്മാവില്‍ പേറുന്നവരാണ്. തെയ്യം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നവരാണ്. ഏകാന്തത കൂടിപ്പാര്‍ക്കുന്ന ഇടമാണ്. മതം ഉപയോഗിച്ച് തമ്മില്‍ തല്ലിക്കാന്‍ കളിക്കുന്ന ചെന്നായ്ക്കള്‍ താമസിക്കുന്ന ഇടം കൂടിയാണ്. ഇങ്ങനെ പലതരം കലര്‍പ്പുകള്‍...
ഇതൊക്കെ എഴുത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. ആദ്യകഥാസമാഹാരമായ ജനത്തില്‍ തുടങ്ങി, അടുത്ത് പുറത്തിറങ്ങിയ സ്ഥലം എന്ന കഥാസമാഹാരത്തില്‍ വരെ അതിന്റെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിയും. ജോലിയുടെ ഭാഗമായി, പല നഗരങ്ങളിലും ജീവിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി ഞാനൊരു കാസര്‍ഗോട്ടുകാരനാണ്. സര്‍ഗ്ഗാത്മകമായ തനിമയുടെയും പ്രദേശികതയുടെയും ഊര്‍ജ്ജം കാസര്‍ഗോഡ് എനിക്ക് തന്നിട്ടുണ്ട്. ഒരുപക്ഷേ വേറൊരു ദേശത്തിലാണ് ജനിച്ചതെങ്കില്‍ എഴുത്തിലേക്ക് വരുമോയെന്നുള്ള കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.
*മലയാള സാഹിത്യം വേണ്ടും വിധം ഈ ദേശപാരമ്പര്യങ്ങള്‍ അതിന്റെ മൂലധനമാക്കിയിട്ടുണ്ടോ ?
മറ്റ് ദേശങ്ങള്‍ സാഹിത്യത്തില്‍ ആവിഷ്‌കരിക്കപ്പെട്ടത് പോലൊരു സമൃദ്ധത കാസര്‍ഗോഡിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടെന്ന് വായനക്കാരനെന്ന നിലയില്‍ എനിക്ക് തോന്നിയിട്ടില്ല. വളരെ വൈകിയാണ് തുളുനാടിന്റെ ജീവിതം എഴുത്തിലേക്ക് അല്‍പ്പമെങ്കിലും ആഖ്യാനിക്കപ്പെട്ടിട്ടുള്ളത്. മിക്കതും കാലാതിവര്‍ത്തിയായി നില്‍ക്കുകയുമുണ്ടായില്ല.
ബാലകൃഷ്ണന്‍ മാങ്ങാട്, എം.എ.റഹ്‌മാന്‍, പി.വി.കെ പനയാല്‍, അംബികാസുതന്‍ മാങ്ങാട്, ഇ.പി. രാജഗോപാലന്‍, എന്‍.ശശിധരന്‍, സന്തോഷ് ഏച്ചിക്കാനം, സുറാബ്, സുബൈദ തുടങ്ങിയവര്‍ ഏറെ സര്‍ഗ്ഗാത്മകമായി കാസര്‍ഗോഡന്‍ ജീവിതം എഴുതിവെച്ചവരാണ്. അതിന്റെയൊരു തുടര്‍ച്ചയാണ് ഞാനടങ്ങുന്ന പുതുതലമുറയിലെ വടക്കേമലബാറിലെ എഴുത്തുകാരുടെ രചനകളില്‍ കടന്നുവരുന്നത്. ഇപ്പോഴത് കുറച്ചുകൂടി സജീവമാണ്. സാഹിത്യത്തില്‍ മാത്രമല്ല, നാടകങ്ങളിലും സിനിമകളിലും വടക്കേമലബാറിന്റെ ജീവിതം കടന്നുവരുന്നുണ്ട്. കഴിഞ്ഞ ചലച്ചിത്രോല്‍സവത്തില്‍ ഏറെ ശ്രദ്ധ നേടിയ തിങ്കളാഴ്ച നിശ്ചയമെന്ന സിനിമയുണ്ടായത് കാസര്‍ഗോഡ് നിന്നാണ്. സെന ഹെഗ്‌ഡെയെന്ന കാഞ്ഞങ്ങാടുകാരന്‍ സംവിധാനം ചെയ്ത സിനിമ. കാസര്‍ഗോഡന്‍ ജീവിതവും ഭാഷയും വളരെ മനോഹരമായി ആവിഷ്‌കരിച്ച സിനിമയാണത്. ഇനിയും അത്തരത്തിലുള്ള മികവാര്‍ന്ന ശ്രമങ്ങള്‍ ഇവിടെ നിന്നുണ്ടാവുക തന്നെ ചെയ്യും. കുഴിച്ചുനോക്കിയാല്‍ തിളക്കമൊട്ടും കുറയാത്ത ജീവിതങ്ങള്‍ ഏറെ കണ്ടെത്താനുണ്ടിവിടെ.
കാട് , ഗ്രാമം , ചെറുപട്ടണങ്ങള്‍ , നഗരം ഇവയ്ക്കിടയില്‍ ഇതര സംസ്ഥാനങ്ങളിലേതു പോലെ കൃത്യമായി അതിരുകള്‍ വരയ്ക്കാന്‍ കഴിയാത്തതാണ് കേരളത്തിന്റെ ജനജീവിത ചിത്രം. കാസര്‍കോടിനാകട്ടെ ഒരു വന്നഗര സ്വാധീനവുമില്ല. ഓഫീസില്‍ നിന്നു കിട്ടിയ പാമ്പിന്‍ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവരുന്ന കഥാനായകനുണ്ട് കാലാവസ്ഥ എന്ന കഥയില്‍. പരിസ്ഥിതിയുടെ രാഷ്ട്രീയത്തിലേക്കും ആഗോളീകരണം സൃഷ്ടിക്കുന്ന അന്യവല്‍ക്കരണത്തിന്റെ സമ്പദ് രാഷ്ട്രീയത്തിലേക്കുമുള്ള ഇത്തരം നോട്ടങ്ങള്‍ ധാരാളമുണ്ട് കഥകളില്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത് ?
പാരിസ്ഥിതികജാഗ്രതയില്ലാതെയൊരു മുന്നോട്ട് പോക്ക് സാദ്ധ്യമല്ലെന്നുള്ള അനുഭവം ലോകത്താകെയുണ്ടിപ്പോള്‍. ഗ്ലോബല്‍ വാമിങ്ങിന്റെ പ്രശ്‌നങ്ങള്‍ വളരെ ആഴത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇടതടവില്ലാതെ ഉണ്ടായികൊണ്ടിരിക്കുന്ന വെള്ളപ്പൊക്കവും കൊടുങ്കാറ്റും പ്രളയവും മഞ്ഞുരുകലും അഗ്നിപര്‍വ്വതസ്‌ഫോടനവും വിരല്‍ചൂണ്ടുന്നത് അതിലേക്കാണ്. ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പല നഗരങ്ങളും വെള്ളത്തിനടിയിലാകുമെന്ന് ഭൗമവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നമ്മളത് അത്ര കണ്ട് ഗൗരവതരമായെടുത്തിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് പോകട്ടെ, അതിലെ പ്രശ്‌നങ്ങളൊന്ന് മനസ്സിലാക്കാന്‍ പോലും നമ്മള്‍ തയ്യാറാവുന്നില്ല. വയനാട്ടുകുലവന്‍ തെയ്യം പറയുന്നുണ്ട്- അരിഞ്ഞുകുടിക്കല്ലെ, കറന്നുകുടിക്കെ..അത് തന്നെയാണ് ഉത്തരം.
കുട്ടിക്കാലത്ത് കണ്ട കുറേ പക്ഷികളും ചെടികളും മൃഗങ്ങളും ഇപ്പോള്‍ കാണുന്നില്ല. ചൂട് വര്‍ഷം കഴിയുന്തോറും കൂടിക്കൊണ്ടിരിക്കുന്നുണ്ട്. കണിക്കൊന്ന നേരത്തേ പൂത്താല്‍ ചൂട് കൂടുമെന്നാണ് പറയപ്പെടുന്നത്. ജനുവരി തുടങ്ങുമ്പോള്‍ തന്നെ കൊന്ന പൂക്കാന്‍ തുടങ്ങി. മഴ മദ്യപിച്ച് വെളിവ് നഷ്ടപ്പെട്ട മനുഷ്യനെ പോലെയാണിപ്പോള്‍. പെയ്ത് തുടങ്ങിയാല്‍ പെയ്യലോട് പെയ്യല്‍. കാലവസ്ഥയുടെ അവസ്ഥ വല്ലാത്ത അവസ്ഥയായി. കാലാവസ്ഥ തുടങ്ങിയ കഥകള്‍ എഴുതുന്നത് അത്തരം ആശങ്കകളില്‍ നിന്നാണ്.
*ലൈബീരിയയിലെ സെക്‌സ് സ്‌ട്രൈക്ക് വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കഥയായിരുന്നല്ലോ കിടപ്പറ സമരം. കരുത്ത് , ശത്രു നിഗ്രഹം തുടങ്ങിയ പാട്രിയാര്‍ക്കിക്കല്‍ മൂല്യങ്ങള്‍ കൊണ്ട് ആഘോഷിക്കപ്പെടുന്ന നമ്മുടെ പരമ്പരാഗത വിമോചന, വിപ്ലവ മാര്‍ഗ്ഗങ്ങളെ സ്‌നേഹം, ലൈംഗികത, ശരീരം തുടങ്ങിയവയെ ടൂളാക്കി പരിവര്‍ത്തിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നാണോ ആ കഥയിലെ ശോഭയുടെ അനുഭവം പറയാന്‍ ശ്രമിക്കുന്നത് ?
എത്രയൊക്കെ ഫെമിനിസ്റ്റാണ് താനെന്ന് പറഞ്ഞാലും ആണിന്റെയുള്ളില്‍ ആണുണ്ടാവും എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഫെമിനിസ്റ്റാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന് മാത്രമേ പറയാന്‍ കഴിയൂ. അല്ലാതെ ഞാന്‍ ഫെമിനിസ്റ്റാണെന്ന് ഒരു പുരുഷനുറപ്പിച്ച് പറയാന്‍ കഴിയില്ല. കാലങ്ങളായി പുരുഷാധിപത്യസമൂഹത്തിന്റെ സ്വഭാവങ്ങളാണ് ലോകം പിന്തുടരുന്നത്. അതില്‍ നിന്ന് വേറിട്ട് വഴി തീര്‍ക്കല്‍ കാലങ്ങളെടുത്ത് മാത്രമേ പൂര്‍ത്തികരിക്കാനാവുകയുള്ളൂ.
കിടപ്പറസമരം എന്ന കഥ സംഭവിക്കുന്നത് ആണ്‍കോയ്മയെക്കുറിച്ചുള്ള എന്റെ പരിമിതമായ ബോധ്യങ്ങളില്‍ നിന്നാണ്. ലൈബീരയിലെ സെക്‌സ് സ്‌ട്രൈക്കില്‍ നിന്നാണ് ആ കഥയിലേക്ക് ഞാനെത്തുന്നത്. ഭര്‍ത്താവിന്റെ അനിയന്ത്രിതമായ മദ്യപാനം നിര്‍ത്താനുള്ള ശോഭയുടെ ശ്രമമാണ് കിടപ്പറസമരം. നാട്ടില്‍ നടന്നൊരു സംഭവമാണ് കഥയുടെ പശ്ചാത്തലം. പാട്രിയാര്‍ക്കിക്കല്‍ പരിസരത്തെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ അവരുടെ അനുഭവത്തില്‍ നിന്നും നീരിക്ഷണത്തില്‍ നിന്നും അവരുടേതായിട്ടുള്ള പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാം സഹിച്ച് വിധേയരായി നില്‍ക്കുന്ന സ്ത്രീകളുമുണ്ട്. പക്ഷേ എതിരിടലിന്റെ വഴിയിലേക്കെത്തുകയാണെങ്കില്‍ അവള്‍ക്ക് സാദ്ധ്യമായ വഴികളിലൂടെ അവള്‍ സധൈര്യം കടന്നുപോകും. അതിന് ശരീരമാണ് മാര്‍ഗമെങ്കില്‍ അതുപയോഗിക്കും.
*അതിശക്തമായ പ്രതിരോധ സമരങ്ങളുടെ പാരമ്പര്യമുണ്ട് നമ്മുടെ നാടിന്. സവര്‍ണ്ണതയോട് ഏറ്റുമുട്ടിയവരാണ് നമ്മുടെ തെയ്യങ്ങളായത്. അതൊക്കെ പശ്ചാത്തലമാവുമ്പോഴും പോര്‍ വീര്യത്തേക്കാള്‍ പരാജയബോധവും ഏകാന്ത വിഷാദവും പേറുന്ന കഥാപാത്രങ്ങള്‍ ധാരാളമുണ്ട് ഷാജികുമാറിന്റെ കഥാലോകത്ത്. എന്തുകൊണ്ടാവാം?
അങ്ങനെ പറയാന്‍ കഴിയുമോ..? അധീശത്വത്തിനെതിരായ ചെറുത്തുനില്‍പ്പുകളുടെ ചരിത്രമുണ്ടെന്ന് വെച്ച് അത് നമ്മുടെ ജീവിതത്തെയും കരുത്തുറ്റതാക്കണമെന്നും അതെഴുത്തില്‍ കടന്നുവരണമെന്നും യാതൊരു ഉറപ്പും നിര്‍ബന്ധവുമില്ല. നമ്മുടെ ചെറുത്തുനില്‍പ്പുകളുടെ നിസ്സാഹയത വെളിപ്പെടുന്ന സന്ദര്‍ഭങ്ങളുമുണ്ട്. സവര്‍ണ്ണതയ്‌ക്കെതിരായ കീഴാളരുടെ പ്രതിരോധമാണ് തെയ്യമെന്ന് പൊതുവെ പറയും. തെയ്യം കെട്ടുമ്പോള്‍ കെട്ടിയാടുന്നയാള്‍ ദൈവമാണ്. അതുകഴിഞ്ഞാലോ, ദൈവമായി ആടിയതിന്റെ പരിഗണന അയാള്‍ക്ക് കിട്ടുന്നുണ്ടോ. കീഴ്ജാതിക്കാരനായിട്ടല്ലേ കാണുന്നത്. രണ്ടാഴ്ച മുമ്പ് കുഞ്ഞിമംഗലത്ത് സംഭവിച്ചതെന്താ.. എത്രയോ ഭഗവതിമാരെയും ദൈവങ്ങളെയും കെട്ടിയാടിയ തെയ്യക്കാരനാണ് സജീവന്‍ പെരുവണ്ണാന്‍. കുഞ്ഞിമംഗലത്തെ അമ്പലക്കമ്മിറ്റി നാട്ടിലെ പ്രശ്‌സ്തരെ അനുമോദിക്കുന്ന ചടങ്ങില്‍ വെച്ച് സജീവന് പൊന്നാടയും ഉപഹാരവും നല്‍കാന്‍ തന്ത്രി വിസമ്മതിച്ചു. എന്താ കാരണം... കീഴ്ജാതിയാണത്രെ...! അയാള്‍ സജീവന് പൊന്നാടയും ഉപഹാരവും എറിഞ്ഞുകൊടുക്കുകയാണുണ്ടായത്.. പുരോഗമനത്തിന്റെ സര്‍വ്വാധികാരികളാണ് എന്ന് സ്വയം അഹങ്കരിക്കുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. അതെല്ലാം ഇവിടെ ഇങ്ങനെ ചേറില്‍ പൊതിഞ്ഞ് കിടപ്പുണ്ട്. അതിന് കൊടി പിടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും മുന്നില്‍ തന്നെയുണ്ട്. അവര്‍ക്ക് വോട്ടാണല്ലോ പ്രധാനം. ആചാരസംരക്ഷണം ജീവവായുവാകുന്നത് അങ്ങനെയാണ്.
എല്ലാം വഴികളിലും അത്തരമൊരു വൈരുദ്ധ്യം കാണാം. ജന്മിത്വത്തിനെതിരെ പോരാടിയ തലമുറ തന്നെ കീഴ്‌പ്പെട്ട് പോകുന്ന സന്ദര്‍ഭങ്ങള്‍ ഏറെയുണ്ടാവും. മനുഷ്യര്‍ എത്ര നിസ്സഹായരാണ് എന്നത് ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അനുഭവപ്പെട്ടത് കൊണ്ടാവാം എന്റെ എഴുത്തിലെ കഥാപാത്രങ്ങള്‍ ദുരന്തത്തിന്റെ നടുക്കടലില്‍ പെട്ടുപോവുന്നവരാകുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ എഴുതപ്പെടാത്ത ചരിത്രത്തെ വീണ്ടെടുക്കുകയാണ് എഴുത്തുകാര്‍ ചെയ്യുന്നത്. വിജയിച്ചവര്‍ക്ക് വേണ്ടി നിര്‍മിക്കപ്പെടുന്നതാണല്ലോ നമ്മുടെ ചരിത്രം. വിജയഗാഥകളുടെ ഘോഷണങ്ങള്‍. തോറ്റുപോയവന്റെ, മാറ്റിനിര്‍ത്തപ്പെട്ടവന്റെ, അവഗണിക്കപ്പെട്ടവന്റെ, അപമാനിക്കപ്പെട്ടവന്റെ, മുറിവേറ്റവന്റെ ചരിത്രകാരനാണ് എഴുത്തുകാരന്‍. പ്രാന്തവല്‍ക്കരണത്തിന്റെ എഴുത്താണ് സാഹിത്യവും. അതുകൊണ്ടാവാം ആഖ്യാനത്തില്‍ അവരുടെ ചരിത്രം സംഭവിക്കുന്നത്.
*പതിനെട്ട് പ്ലസ് എന്ന കഥ കന്യക ടാക്കീസ് ആയപ്പോള്‍ തിരക്കഥയും താങ്കള്‍ തന്നെയാണ് തയ്യാറാക്കിയത്. എങ്ങനെയാണ് ആ കഥ സംഭവിക്കുന്നത്. കഥയില്‍ നിന്ന് തിരക്കഥയിലേക്കുള്ള ആ പ്രോസസ് ഒന്ന് ഓര്‍ക്കാമോ?
ജിയാവന്നോ ബെക്കാച്ചിയുടെ ഡെകാമറണ്‍ കഥകള്‍ വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് കന്യക ടാക്കീസ് ഓര്‍മയില്‍ വന്നത്. മുതിര്‍ന്നവര്‍ക്ക് മാത്രമായുള്ള സിനിമകള്‍ കളിച്ചിരുന്ന കാസര്‍ഗോട്ടെ തീയേറ്റര്‍ ആയിരുന്നു കന്യക ടാക്കീസ്. (ഇപ്പോള്‍ തീയേറ്ററിന്റെ രൂപവും ഭാവവും മാറി, വട്ടത്തില്‍ എ-യുള്ള സിനിമകളെ ഉപേക്ഷിച്ച്, പുതിയ സിനിമകള്‍ കളിക്കുന്ന എ ക്ലാസ് തീയേറ്റര്‍ ആയി.) എ പടം കളിക്കുന്ന നീലേശ്വരത്തെ ശേഖര്‍ ടാക്കീസ് സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് പൊളിച്ച സമയമായിരുന്നു. ആ നേരത്ത് എന്തോ കന്യക ടാക്കീസും ശേഖര്‍ ടാക്കീസും മനസ്സിലിങ്ങനെ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനൊപ്പം ഒരു ക്രിസ്ത്യന്‍ പള്ളിയും വന്നു. ടാക്കീസും പള്ളിയും രൂപപരമായി ഒരേ പോലെയാണല്ലോയെന്ന തോന്നല്‍ വരുന്നത് അപ്പോഴാണ്. രൂപസാമ്യം മാത്രമല്ല, മുതിര്‍ന്നവര്‍ക്ക് വേണ്ടി സിനിമ കളിക്കുന്ന ടാക്കീസും ക്രിസ്ത്യന്‍പള്ളിയും, നമ്മുടെ പാപവും കുറ്റബോധവും ഇറക്കിവെയ്ക്കാനുള്ള ഒരു ഇടമായിട്ടാണല്ലോ നില്‍ക്കുന്നതെന്ന വിചാരവും കൂടെവന്നു. അപ്പോള്‍ എഴുതിയ കഥയാണ് 18+. മുതിര്‍ന്നവര്‍ക്ക് വേണ്ടി സിനിമകള്‍ കളിച്ചിരുന്ന കുയ്യാലിയിലെ യാക്കോബിന്റെ കന്യക ടാക്കീസ് അടച്ചുപൂട്ടുകയും അതൊരു ക്രിസ്ത്യന്‍ പള്ളിയായി മാറുകയും അവിടേക്ക് വരുന്ന മൈക്കിളച്ചന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമായിരുന്നു കഥയുടെ പ്രമേയം. കുമ്പസാരം കേള്‍ക്കുമ്പോള്‍, പ്രാര്‍ത്ഥിക്കുമ്പോള്‍, കുര്‍ബാന കൊള്ളുമ്പോഴൊക്കെ മൈക്കിളിച്ചന്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സിനിമകളിലെ സംഭാഷണങ്ങളും രതിയൊച്ചകളും കരച്ചിലുകളും കേള്‍ക്കുന്നു. അത് മൈക്കിളച്ചനെ വല്ലാത്തൊരവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു. മാധ്യമം ആഴ്ചപ്പതിപ്പിലാണ് 18+ പ്രസിദ്ധപ്പെടുത്തിയത്. കഥ പ്രസിദ്ധീകരിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വയനാട്ടില്‍ നിന്ന് ഒരാള്‍ വിളിച്ചു. കഥയില്‍ എഴുതിയത് പോലെ എന്റെ നാട്ടിലും തീയേറ്റര്‍ ക്രിസ്ത്യന്‍ പള്ളിയായിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു. പള്ളിയെ നാട്ടുകാര്‍ വിളിക്കുന്നത് ഷക്കീലപ്പള്ളി എന്നാണെന്ന് അയാള്‍ പറഞ്ഞുചിരിച്ചു.
18+ ആണ് കന്യക ടാക്കീസ് എന്ന സിനിമയാവുന്നത്. കഥ വായിച്ച് സിനിമയുടെ സഹതിരക്കഥാകൃത്തും സംവിധായകനായ കെ.ആര്‍.മനോജിന്റെ ഭാര്യയുമായ രഞ്ജിനി കൃഷ്ണനാണ് കന്യക ടാക്കീസിനെ സിനിമയിലേക്കെടുത്തോട്ടെയെന്ന് ചോദിച്ച് ആദ്യം വിളിക്കുന്നത്. അങ്ങനെയങ്ങനെയാണ് കന്യക ടാക്കീസ് സംഭവിക്കുന്നത്. ഗോവന്‍ ചലച്ചിത്രോല്‍സവത്തില്‍ കന്യക ടാക്കീസ് ഇന്ത്യന്‍ പനോരമയില്‍ ഉല്‍ഘാടനചിത്രമാവുന്നു. വിദേശത്തും സ്വദേശത്തുമുള്ള നിരവിധിചലച്ചിത്രോല്‍സവങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുന്നു. പുരസ്‌കാരങ്ങള്‍ ലഭിക്കുന്നു. കന്യക ടാക്കീസ് ഭ്രമാത്മകമായിട്ടുള്ള ഒരു തലത്തില്‍ പാപബോധത്തെയും ക്രിസ്ത്യാനിറ്റിയെയും നോക്കിക്കാണാന്‍ ശ്രമിച്ച സിനിമയാണ്. മലയാളസിനിമയുടെ ചരിത്രവഴികളില്‍ കന്യക ടാക്കീസിന് അതിന്റേതായ ഇടമുണ്ടാവുമെന്നാണ് എന്റെ വിശ്വാസം.
*കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ് എന്നീ നിലകളില്‍ സ്വയം എങ്ങനെ വിലയിരുത്തുന്നു ?
എഴുതിയ കന്യക ടാക്കീസ്, ടേക്ക് ഓഫ് എന്നീ സിനിമകളും സംഭാഷണം നിര്‍വഹിച്ച പുത്തന്‍പണം എന്ന സിനിമയും എഴുതിക്കൊണ്ടിരിക്കുന്ന നടന്നേക്കാവുന്ന സിനിമകളും വെച്ച് നോക്കിക്കാണുമ്പോള്‍ സിനിമയ്ക്കുള്ള സംവാദസാദ്ധ്യത കഥയ്ക്കും നോവലിനും കവിതയ്ക്കും മുകളിലാണെന്നാണ് മനസ്സിലാക്കിയതും അനുഭവപ്പെടുത്തിയതും. ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഇറങ്ങുന്ന ദിവസം വാങ്ങുന്നതിനായി, തീയേറ്ററില്‍ ഫസ്റ്റ്‌ഷോയ്ക്ക് നന്നേ പുലര്‍ച്ചെ ടിക്കറ്റ് കിട്ടാന്‍ നില്‍ക്കുന്നത് പോലെ വായനക്കാരുടെ നീണ്ടക്യൂ ഉണ്ടാവാറുണ്ടെന്ന് എവിടെയോ വായിച്ചറിഞ്ഞപ്പോള്‍ കേരളത്തിലും ഇത് സംഭവിച്ചിരുന്നെങ്കില്‍ എന്ന് അതിതായി ആഗ്രഹിച്ചിട്ടുണ്ട്. കഥയെഴുതിയും നോവലെഴുതിയും കവിതയെഴുതിയും ജീവിക്കാന്‍ കഴിയുന്ന ഒരു സര്‍ഗ്ഗാത്മകകേരളീയകാലം സംഭവിക്കപ്പെട്ടിരുന്നെങ്കില്‍! അതൊരിക്കലും സാദ്ധ്യമാവുക നന്നേ വിഷമകരമാണെന്ന് ആനുകാലികങ്ങളില്‍ സര്‍ഗ്ഗാത്മകരചനയ്ക്ക് കിട്ടുന്ന പ്രതിഫലവും പുസ്തകങ്ങളുടെ റോയല്‍റ്റിയും കൂടുതല്‍ കൂടുതല്‍ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.
പക്ഷേ കഥയെഴുതുമ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യം സിനിമയില്‍ നിന്ന് ലഭിക്കും എന്ന് പറയാന്‍ കഴിയില്ല. കഥയെഴുതുമ്പോള്‍ നമ്മള്‍ നമ്മളോട് മാത്രമാണല്ലോ ഉത്തരം പറയേണ്ടത്. നമുക്ക് നമ്മുടെ കഥയെയും കഥാപാത്രങ്ങളെയും ഇഷ്ടമുള്ള വഴിക്ക് തോന്നിയത് പോലെ കൊണ്ടുപോകാം. സിനിമയില്‍ അതത്ര കണ്ട് സാദ്ധ്യമല്ല. സംവിധായകന്റെയും നിര്‍മാതാവിന്റെയും ഒക്കെ ഇടപെടലുകള്‍ തിരക്കഥയില്‍ സംഭവിക്കും. പരിപൂര്‍ണ്ണസ്വാതന്ത്ര്യം സിനിമയെഴുത്തില്‍ സംഭവിക്കുന്നില്ല.
എഴുത്തിനെ സ്വയംവിമര്‍ശനാത്മകമായി വിലയിരുത്തുമ്പോള്‍ എന്റേതായ ഇടത്തില്‍ ഒതുങ്ങിനിന്നുകൊണ്ട് എന്റേതായിട്ടുള്ള രീതികളിലൂടെ എഴുതുന്നു. അങ്ങനയേ കാണാറുള്ളൂ. ആത്യന്തികമായി വിലയിരുത്തേണ്ടത് വായനക്കാരും കാഴ്ചക്കാരുമാണല്ലോ.
*സ്ഥലം എന്ന കൃതിയെക്കുറിച്ചാണ്. വിശാലമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയം എല്ലാ കഥകളിലും അടിയൊഴുക്കെങ്കിലും സ്ഥലം എന്ന കൃതി സമാഹരിച്ച കഥകളേറെയും പ്രത്യക്ഷ രാഷട്രീയം പറയുന്നവയാണ്. പ്രത്യേകിച്ച് സ്ഥലം, അസാധു , കാണുന്നവരും കണ്ടെത്തുന്നവരും , കിളി പോയി തുടങ്ങിയ കഥകള്‍. പാകിസ്താനിലേക്ക് പോകേണ്ടിവരുന്ന സാധാരണക്കാരന്റെ നിവൃത്തികേടാണ് സ്ഥലം ആവിഷ്‌കരിക്കുന്നതെങ്കില്‍ പ്രത്യക്ഷമായി പണമിറക്കി കുതിരക്കച്ചവടം കളത്തിലിറങ്ങിയ റിസോര്‍ട്ട് രാഷ്ട്രീയമാണ് അസാധുവിന്റെ വിഷയം. സ്ഥാപിത താല്പര്യങ്ങള്‍ നയിക്കുന്ന കേരളമാണ് കാണുന്നവരും കണ്ടെത്തുന്നവരും. എന്നാല്‍ യഥാക്രമം ആദ്യ കഥയില്‍ ഭരണകൂടത്തിന്റെ ചൂഷണവും രണ്ടാമത്തേതില്‍ ആദിവാസി പ്രശ്‌നവും മൂന്നാമത്തേതില്‍ ജെന്‍ഡര്‍ പ്രശ്‌നവും കടന്നു വരുന്നു. തല്ലും കൊല്ലും കളവുമുളള ആണധികാര ഹുങ്കിന്റെ പാര്‍ട്ടി വഴികള്‍ ഉപേക്ഷിച്ച് കൂവാഗത്ത് പോയി തിരുനങ്കെയാകുന്നു സദാശിവന്‍. ഭരണകൂടം, മുന്നണി മാറ്റം തുടങ്ങിയ പാര്‍ട്ടി രാഷ്ട്രീയവും ആദിവാസി, ഭൂമി, ജന്‍ഡര്‍ തുടങ്ങിയ നവ സാമൂഹ്യ രാഷ്ട്രീയവും തമ്മിലുള്ള പാരസ്പര്യം എങ്ങനെയാണ് ?
എനിക്കെന്റേതായ രാഷ്ട്രീയമുണ്ട്. അത് കക്ഷിരാഷ്ട്രീയത്തില്‍ ഒതുങ്ങിപ്പോകുന്ന ഒന്നല്ല. മാനവികതയിലൂന്നി നിന്ന് കൊണ്ട് ലോകത്തെയും കാലത്തെയും കാണാന്‍ ശ്രമിക്കുന്ന രാഷ്ട്രീയമാണ്. സാധാരണക്കാരന് മുകളില്‍ അധികാരം മര്‍ദ്ദനോപാധികളായി മാറിയ പുതുകാലത്ത് എഴുതുന്ന ഒരാളെന്ന നിലയില്‍ എഴുത്തിലേക്ക് അതിന്റെ രാഷ്ട്രീയം കടന്നുവരിക തന്നെ ചെയ്യും. അത് കാലാതിവര്‍ത്തിയായി നിലനില്‍ക്കുമോയെന്നൊന്നും എന്നെ ആകുലപ്പെടുത്തുന്നില്ല. നില്‍ക്കുന്നുണ്ടെങ്കില്‍ നില്‍ക്കട്ടെ. അല്ലെങ്കില്‍ നില്‍ക്കണ്ട.
പവര്‍ പൊളിറ്റിക്‌സ് ജനാധിപത്യത്തിന്റെ എല്ലാ തലങ്ങളിലും കടന്നുകയറിയിരിക്കുന്നു. മുന്‍പൊക്കെ ഒരു രാഷ്ട്രീയനേതാവിനെ ചേട്ടായെന്നൊക്കെ വിളിക്കാന്‍ സാധാരണക്കാരന് ഭയമൊന്നുമില്ലായിരുന്നു. ഇന്നങ്ങനെയൊക്കെ വിളിക്കാന്‍ കഴിഞ്ഞാലും തിരിച്ചുള്ള മറുപടികള്‍ കേള്‍ക്കുമ്പോള്‍ സാറേയെന്ന് വിളിച്ചേക്കാം എന്ന് തോന്നിപ്പോകുന്ന അവസ്ഥ. ചിരിച്ചും കൈകൂപ്പിയും നില്‍ക്കുമെങ്കിലും ഉള്ളിന്റെയുള്ളില്‍ പരപുച്ഛവും അഹങ്കാരവും കൊണ്ടുനടക്കുന്ന നേതാക്കളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നു. അതിന്റെ ഭവിഷ്യത്ത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സാധാരണക്കാര്‍ തന്നെയാണ്. നാട്ടില്‍ നിന്ന് പവര്‍കട്ട് പോയെന്നത് ശരിതന്നെ. രാഷ്ട്രീയത്തിലെ പവര്‍ ഇപ്പോഴും കട്ട് ചെയ്യപ്പെടുന്നില്ല. പവര്‍ എത്രമാത്രം ആഴത്തില്‍ കട്ട് ചെയ്യപ്പെടുന്നുവോ അത്രയും സുഗമമായി സാമൂഹികജീവിതം മുന്നോട്ട് പോകും.
സ്ഥലമെന്ന കഥയുണ്ടാവുന്നത് പെരിയയില്‍ സ്ഥലം നഷ്ടപ്പെട്ടവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ നിന്നാണ്. കേന്ദ്രസര്‍ക്കാര്‍ യൂണിവേഴ്‌സിറ്റിയുണ്ടാക്കുന്നതിനായി, അവിടുത്തെ ദളിതരായ ആളുകളില്‍ നിന്ന് സ്ഥലം വാങ്ങുന്നു. നഷ്ടപരിഹാരവും പകരം സ്ഥലവും വീടും നിര്‍മിച്ച് നല്‍കാമെന്നായിരുന്നു സര്‍ക്കാറിന്റെ വാഗ്ദാനം. ഒന്നും നടപ്പിലാക്കപ്പെട്ടില്ല. മറുവഴിയുമില്ലാതെ അവര്‍ കേന്ദ്രസര്‍വ്വകലാശാലയുടെ കെട്ടിടത്തിന് മുകളിലേക്ക് ആത്മഹത്യ ചെയ്യാന്‍ കയറി. അനുനയിപ്പിച്ച് താഴേക്കിറക്കിയെങ്കിലും അവര്‍ക്ക് ഇപ്പോഴും അര്‍ഹമായ നഷ്ടപരിഹാരം കിട്ടിയിട്ടുണ്ടാവില്ലെന്ന് ഉറപ്പാണ്. ആ സമയത്ത് തന്നെയാണ് ഭരണകൂടത്തിനെതിരെ സത്യം പറയുന്നവരോട് ഹൈന്ദവരാഷ്ട്രീയം പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിക്കുന്നത്. തീയേറ്ററില്‍ ദേശീയഗാനം ആലപിക്കപ്പെടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവര്‍ കൈയ്യേറ്റം ചെയ്യപ്പെടുന്നു. വര്‍ഗ്ഗീയഫാസിസത്തിനെതിരെ സംസാരിക്കുന്നവരെ ആക്രമിക്കുന്നു, കൊല്ലുന്നു. അപ്പോഴാണ് സ്ഥലം നഷ്ടപ്പെട്ട് ജീവിതം താറുമാറായൊരു ചെറുപ്പക്കാരനെ തേടി പാകിസ്താനില്‍ നിന്ന് ഒരു കത്ത് വരുന്നത്. നാട്ടില്‍ നില്‍ക്കാനവസ്ഥ കാണാതെ അയാള്‍ കത്തില്‍ പറഞ്ഞ സ്ഥലം തേടി പാകിസ്താനിലേക്ക് പോകുന്നതാണ് സ്ഥലം. അതിരുകള്‍ മനുഷ്യനുണ്ടാക്കുന്നതാണെന്നും അതിരുകള്‍ മായ്ച്ചുകളയപ്പെടേണ്ടതാണെന്നും ഓര്‍മിപ്പിക്കാനുള്ള ശ്രമമായിട്ടാണ് സ്ഥലമെഴുതപ്പെടുന്നത്.
അസാധു കര്‍ണ്ണാടകയില്‍ സംഭവിച്ച റിസോര്‍ട്ട് പൊളിറ്റിക്‌സിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട കഥയാണ്. പണമുണ്ടെങ്കില്‍ ജനാധിപത്യം വാങ്ങിവെയ്ക്കാമെന്ന് ലജ്ജയേതുമില്ലാതെ അധികാരിവര്‍ഗ്ഗം ചെയ്യുന്നത് മാധ്യമങ്ങളിലൂടെ അറിയുമ്പോള്‍ ചെറിയ ആവശ്യത്തിന് പോലും പണമില്ലാതെ വലയുന്ന ഞാനടക്കമുള്ള സാധാരണ മനുഷ്യരാണ് മനസ്സില്‍ വന്നത്. ജനാധിപത്യത്തില്‍ ആധിപത്യം ഉറപ്പാക്കിക്കൊണ്ടേയിരിക്കുന്ന സാമൂഹ്യരഹിതരാഷ്ട്രീയവും കുത്തകകളും ജനങ്ങളെ നോക്കി, പല്ലിളിച്ചുകാട്ടുന്ന നടുക്കത്തില്‍ നിന്ന് എഴുതിയതാണ് അസാധു.
തീര്‍ച്ചയായും കാണുന്നവരും കണ്ടെത്തുന്നവര്‍ എന്ന കഥ ആണ്‍കോയ്മയുടെ രാഷ്ട്രീയം സംസാരിക്കാനുള്ള ശ്രമമാണ്. എല്ലാക്കാലത്തും സമൂഹത്തിലെന്ന പോലെ രാഷ്ട്രീയവും ആണുങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയാണല്ലോ. കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍.ഗൗരി നമ്മെ ഭരിക്കുമെന്ന് മുദ്രാവാക്യം വിളിച്ച്, കേരളത്തില്‍ ആദ്യത്തെ വനിതാമുഖ്യമന്ത്രിയുടെ വരവ് എല്ലാവരും പ്രതീക്ഷിച്ച നേരത്ത് ഗൗരിയമ്മ ഒഴിവാക്കപ്പെട്ടത് നമുക്കെല്ലാവര്‍ക്കുമറിയാം. ഇന്നും ഒരു സ്ത്രീ കേരളത്തില്‍ മുഖ്യമന്ത്രിയായിട്ടില്ല. അതല്ല കഥയുടെ പ്രമേയം. രാഷ്ട്രീയത്തിന്റെ അധികാരാര്‍ത്തിയില്‍ ദേശം വിട്ടുപോകേണ്ടിവരുന്ന സദാശിവന്റെ യാത്രയാണ് കഥയുടെ മുന്നോട്ട് പോക്ക് നിശ്ചയിക്കുന്നത്.
എഴുതിയ ഏത് കഥയായാലും ഇത്രയിഞ്ച് അളവില്‍ രാഷ്ട്രീയം പറയാം എന്ന് തീരുമാനിച്ച് എഴുതിയതൊന്നുമല്ല. കഥയുടെ പ്രമേയം ആവശ്യപ്പെടുന്നത് അതായത് കൊണ്ട് എഴുതിയെന്ന് മാത്രം.
*സ്വതന്ത്ര ലൈംഗികതയെക്കുറിച്ചുളള തുറന്ന ചര്‍ച്ചകളും കുടുംബമെന്ന അധികാര ഘടനയ്‌ക്കെതിരായ വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്ന ഒരു കാലഘട്ടമാണല്ലോ ഇത് . സോഷ്യല്‍ മീഡിയ ഒരര്‍ത്ഥത്തില്‍ അതിന് വലിയ ഊര്‍ജ്ജവും പകര്‍ന്നിട്ടുണ്ട്. കിസ് ഓഫ് ലവ് മുതല്‍ ഇങ്ങോട്ട് പ്രത്യക്ഷമായിത്തന്നെ നമ്മുടെ ആക്ടിവിസത്തിന്റെ ഭാഗവുമാണത്. 'ചതുപ്പ്' ഈ തുറന്ന ലോകത്ത് സംഭവിക്കുന്ന സ്‌നേഹരാഹിത്യത്തിന്റെയും സ്വാര്‍ത്ഥതയടെയും കഥയാണ്. യാഥാസ്ഥിതിക സദാചാര മൂല്യങ്ങളാണ് കഥയുടെ പ്രേരണാ ശക്തി എന്ന് വിധിയെഴുതപ്പെടാവുന്നത്. സമകാലികര്‍ അങ്ങനെ വായിച്ചേക്കുമെന്ന് സ്വയം തോന്നിയില്ലേ ? ആ കഥ വീണ്ടും വായിച്ചപ്പോള്‍..?
ബേസിക്കലി ഷിജു പറഞ്ഞത് പോലെ സോഷ്യല്‍ മീഡിയയുടെ വരവ് നമ്മുടെ സാമൂഹികജീവിതത്തില്‍ നല്ലതായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കുടുംബമെന്ന ആണധികാരവ്യവസ്ഥയ്‌ക്കെതിരെ ഗംഭീരമായ പൊളിച്ചെഴുത്തുകള്‍ സംഭവിക്കുന്നു, അധികാരത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വിരാജിക്കുന്ന രാജാക്കന്മാര്‍ ചോദ്യം ചെയ്യപ്പെടുന്നു, അപ്പൊളിറ്റിക്കലായി ജീവിക്കുന്നതിന്റെ അശ്ലീലത്തെ നിരന്തരം ബോധ്യപ്പെടുത്തുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോലെയുള്ള ധീരമായ സിനിമ വിജയിക്കുന്നതിന് പിന്നിലെ പ്രധാനഘടകം സോഷ്യല്‍മീഡിയയാണെന്ന് ഒരു സംശയവുമില്ലാതെ പറയാം. അങ്ങനെയൊക്കെ സംഭവിക്കുമ്പോഴും ജീവിതത്തിലേക്ക് കണ്‍സ്യൂമറിസം കൊണ്ടുവരുന്ന കൊമ്മോഡിഫിക്കേഷനും സ്‌നേഹരാഹിത്യവും കാണാതിരുന്ന് കൂടാ. അതിന്റെ അനിശ്ചിതാവസ്ഥയിലും അരക്ഷിതാവസ്ഥയിലും പെട്ടുപോകുന്ന മനുഷ്യരെക്കുറിച്ചുള്ള വേവലാതിയാണ് ചതുപ്പ്. കുടുംബമെന്ന ജനാധിപത്യവിരുദ്ധസ്ഥാപനത്തെ ന്യായികരിക്കുന്ന ഒന്നായി ഇപ്പോഴും എനിക്ക് ചതുപ്പിനെ കാണാന്‍ കഴിയില്ല. കുടുംബമെന്ന പ്രഷര്‍കുക്കറില്‍ വെന്തുകൊണ്ടിരിക്കുന്ന ജീവിതങ്ങളെ ആഖ്യാനിക്കാനാണ് ആ കഥയിലൂടെ ഞാന്‍ ശ്രമിച്ചത്. എനിക്ക് തോന്നിയത് വായിക്കുമ്പോള്‍ കിട്ടിയെന്നിരിക്കില്ല. ഒരു കാര്യം, കഥയെഴുതിക്കഴിഞ്ഞാല്‍ പിന്നെയത് വായനക്കാര്‍ക്കുള്ളത്. അവരത് അവരുടെയിഷ്ടം പോലെ വായിക്കട്ടെ. വലിച്ചുകീറി, ചുമരിലൊട്ടിക്കട്ടെ. കഥയും കൊണ്ട് തോന്നിയ പോലെ യാത്രയാവട്ടെ. ഇഷ്ടമുള്ളത് എടുക്കട്ടെ, കഷ്ടമുള്ളത് കളയട്ടെ. അത്രതന്നെ...!
*പണ്ട് മനോരമ ശ്രീയിൽ കഥാ മത്സരത്തിലെ കണ്ണുകീറൽ എന്ന കഥ മുതൽ സ്ഥലം വരെയുളള മിക്കവാറും കഥകളിൽ കാഴ്ചയുടെ ഒരു ഡീറ്റെയിലിംഗ് ഉണ്ട്. പിന്നീട് തിരക്കഥയും തനിക്ക് വഴങ്ങുന്ന ഒരു മീഡിയമാണെന്ന് ഷാജി തെളിയിച്ചു. സ്വന്തം രചനാ ശൈലിയുടെ ഒരു മുഖമുദ്രയാണോ ഈ ദൃശ്യപരത ?
കുട്ടിക്കാലം തൊട്ട് തന്നെ കാഴ്ചകളിൽ ഭ്രമിച്ചു നിൽക്കുന്ന ശീലമുണ്ടായിരുന്നു. പക്ഷികൾ, മൃഗങ്ങൾ ,ആകാശം , പുഴകൾ, മലകൾ, മരങ്ങൾ , മനുഷ്യർ കണ്ണിലുടക്കി നിൽക്കുന്നതും നോക്കിയങ്ങനെ നിൽക്കും. സിനിമാഭ്രാന്തും കൂടിയായപ്പോൾ വിഷ്വൽ സിനോടുള്ള അടുപ്പം കുറേക്കൂടി തീവ്രമായി. എഴുതും മുമ്പേ മനസ്സിൽ കഥ കാഴ്ചയായി രൂപപ്പെട്ടിട്ടുണ്ടാവും. കഥാപാത്രത്തിന്റെ ചലനങ്ങൾ , കഥയുടെ പരിസരം ഒക്കെ ച്ചേർന്ന .ചിത്രങ്ങൾ. എഴുതുമോൾ ഈ ചിത്രം കണ്ടെഴുതുകയാണ്. ആദ്യം തൊട്ട് ഇങ്ങനെയാണ് .ബോധപൂർവ്വമല്ല, സ്വാഭാവികമായാണ് എഴുത്തിൽ ദൃശ്യപര ത കടന്നു വരുന്നതെന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്നത് അങ്ങനെയൊരു അനുഭവതലം ഉള്ളതുകൊണ്ടാണ്.
*നിരാശയും നിസ്സഹായതയും ദുഃഖവും ദുരിതവുമൊക്കെ പ്രമേയമാവുമ്പോഴും ജീവിത വീക്ഷണത്തിലെ നിർമ്മമതയും നർമ്മബോധവും ഈ കഥകളെ അതിവൈകാരികതയിലേക്ക് വഴുതാതെ കൂറെക്കൂടി ബലമുള്ളതാക്കുന്നതായി തോന്നിയിട്ടുണ്ട്. അതിനെക്കുറിച്ച്..
ദുരന്ത ജീവിതത്തിലൂടെ കടന്നുപോയവർക്കാണ് ഏറ്റവും നന്നായി ചിരിക്കാനും തമാശകൾ പറയാനും കഴിയുക. ഇത് അനുഭവമാണ്. അനേകം പ്രശ്നങ്ങളിലൂടെ കടന്നു വന്നവർക്ക് ജീവിതം കുറെക്കൂടി നിസംഗതയോടെ കാണാൻ കഴിയും. വേവലാതികളും സംഘർഷങ്ങളുമൊക്കെയുണ്ടെങ്കിലും അതിലേക്ക് ചിരിയുടെ പൂക്കൾ ചേർത്തുവെക്കാൻ എളുപ്പം സാദ്ധ്യമാണെന്ന് എന്നെ പഠിപ്പിച്ചത് എന്റെ വീടാണ് , പിന്നെ ഈ നാടും. നിത്യജീവിതത്തിൽ പല പ്രയാസങ്ങളും അഭിമുഖീകരിക്കുന്ന സാധാരണക്കാർ കൂടുതലുള്ള നാടണ് എന്റേത് എന്നാൽ അവർ അവർ ജീവിതത്തെ സമീപിക്കുന്നത് നർമ്മരസത്തോടു കൂടിയാണ്. കുട്ടിക്കാലം മുതലുള്ള ആ സ്വാധീനം എഴുത്തിൽ സ്വാഭാവികമാണ്.
ആരുടെ മുകളിലും അധികാരം പ്രയോഗിക്കാനറിയാത്ത, നിഷ്‌കളങ്കത ഏറിയ മനുഷ്യരാണ് കാസര്‍ഗോഡുകാര്‍ എന്നാണ് സ്വന്തം അനുഭവത്തില്‍ നിന്ന് തോന്നിയത്. കൗശലവും സ്വാര്‍ത്ഥതയും നന്നേ കുറഞ്ഞ മനുഷ്യര്‍. എളുപ്പം പറ്റിക്കപ്പെടാവുന്നവര്‍. അങ്ങനെയുള്ളവര്‍ക്ക് സ്വന്തം കാര്യം നേടിയെടുക്കാനുള്ള തന്റേടവും സാമര്‍ത്ഥ്യവും കുറവായിരിക്കുമല്ലോ. അതുകൊണ്ട് കൂടിയാണ് കാസര്‍ഗോഡ് ഇങ്ങനെ ചുരുങ്ങിപ്പോയത്. കാസര്‍ഗോഡിന് അത്രമതി, അവര്‍ക്ക് പരിഭവങ്ങളോ പരാതിയോ ഉണ്ടാവില്ല എന്ന് ഭരണകൂടം വിധിയെഴുതുന്നു...... Ee wordsil ഓരോ kasaragod karaneum ജീവിച്ചിരിക്കുന്നു ,karanam idhanu kasargodkar. വളരെ വ്യക്തമാക്കി വിവരിച്ച സംഭാഷണം.
തുറന്നു പറച്ചില്‍ നന്നായി