ആഫ്രിക്കൻ സ്ത്രീകൾ അമേരിക്കയിൽ എത്തപ്പെട്ടതുമുതൽ മുതൽ അറുപതുകളുടെ...
ഹോസ്പിറ്റലിൽ നില ഒമ്പത്. ഒരുദിവസം ഏതാണ്ട്, എല്ലാറ്റിലും കയറിയിറങ്ങണം. ഒ.പി. യിൽ നിന്ന് ഫാർമസിയിലേക്ക്. അവിടുന്ന് ഐസിയു. കാഷ്വാലിറ്റി - ഒ പി - എക്സ്‌റേ - ലാബ് - എൻക്വയറി - വാർഡ് - ഡോക്ടറുടെ മുറി - ടോയ്ലറ്റ് - ഡ്രെസ്സിംഗ് റൂം - പിന്നേം ഒ.പി. കയ്യിൽ കിട്ടുന്ന നീലയും വെള്ളയും മഞ്ഞയും റോസും ഫയൽ ഷീറ്റുകൾ. ഓരോ മുറികളിലും ബെഡുകളിലും മാറി മാറി വരുന്ന രോഗികൾ. വലിയ ഒച്ചയിൽ ചുവന്നു തെളിയുന്ന ടോക്കൺ നമ്പരുകൾ..എത്ര തവണ എല്ലായിടത്തും വഴി തെറ്റിയിരിക്കുന്നു.
മുള്ളൻപന്നിക്കൂട്ടം താറിത്താറി വരുന്നു. നട്ടുച്ച വെയിൽ. പാറ മുകളിൽ തട്ടി മുള്ളുകളിലേക്ക് വളരുന്ന സൂര്യന്റെ ഈർക്കിലി കഷ്ണങ്ങൾ. അടുത്തുള്ള മണൽത്തരികളിലേക്ക് അല്പാല്പമായി ഊറിയിറങ്ങിപ്പോകുന്ന തെളിനീര്. കാലനില്ലാത്ത കാലം മണക്കുന്ന കാരമുൾച്ചെടികൾ.
അർപ്പിത, നടത്തത്തിന് വേഗം കൂട്ടി. ചെവിയുടെ കണങ്കാലിലൂടെ ഇറ്റു വീഴുന്ന വിയർപ്പ് കഴുത്തിലേക്ക് ഞെരിഞ്ഞമരുന്നത് എത്ര അസഹനീയമാണ്.
അർജുൻ പറയാറുണ്ട്. തന്റെ വിയർപ്പിന് മലബാർ ബ്രെഡ് പൂത്ത മണമാണെന്ന്.
കാറ്റ് വീശുന്നുണ്ട്. ഒന്നും തടിക്ക് കൊള്ളുന്നില്ല.
എതിരേ വന്ന കറുത്തു മെലിഞ്ഞ് സുന്ദരിയായ ചേച്ചി. വീട്ടിലേക്കുള്ള വഴി ഏതെന്നു ചോദിക്കാനുള്ള ആരോഗ്യം മാത്രമേ ബാക്കിയുള്ളൂ. കണ്ണിൽ ഇരുട്ടിന്റെ ദോശക്കല്ല്. വെളുത്ത കൊറേ വട്ടങ്ങൾ കൊണ്ട് ദോശ സദ്യ.
ശൂ..ശൂ.. രണ്ടൊച്ച.
"എന്ത്യേനും ? കയ്യാണ്ടാവ്ന്ന്‌ണ്ടാ - "
"തല കറങ്ങ് ന്ന മാതിരി.. "
"ഇത് ഏയ്ല്യാപ്പാ വന്നിന്, ഈ വയിലേക്കൂടി ആരെങ്ക്ലും വെരല്ണ്ടാ - "
മൂക്കിന്റെ താഴത്തൂടെ ചിറിപ്പാലം താണ്ടി വായിലേക്കു വന്ന വെള്ളത്തുള്ളിക്ക് ഉപ്പിന്റെ ചൊയ.
"ഏടയാപ്പാ പോണ്ട് -
ആടിരിക്ക്.. ഞാൻ പോയിറ്റ് വെള്ളം കൊണ്ടരാ.. "
അർജുൻ പറയാറുണ്ട്. ബോധക്കേടിന്റെയും സ്വബോധത്തിന്റെയും ഇടയിലെവിടെയോ താൻ കാരമുള്ളുകളെപ്പറ്റി സംസാരിക്കാറുണ്ടെന്ന്. അത് പറഞ്ഞു കഴിയുമ്പോഴേക്കും അർപ്പിതയുടെ ചുണ്ടുകളിൽ ചോര പൊടിയും.
"ഇന്നാ ഇത് കുടിക്ക്. വെയില് കൊണ്ടിറ്റാന്ന്. ഏട്ത്തേക്കാന്ന് ഈ നേരത്ത് പോന്ന്.. ഈട ഇരുന്നാ ഷീണൊന്നും മാറൂല്ല. അങ്ങന് ത്തെ വെയിലല്ലേ... എന്നാക്കാനാ ഇപ്പം.. എനക്ക് നിന്ന എട്ത്ത് പൊന്തിക്കാനൊന്നും കയ്യൂല.. "
വര: അമ്പിളി വിജയൻ
കുഴപ്പമില്ല എന്ന് ആംഗ്യം കാണിച്ച് അർപ്പിത വെള്ളത്തിനായി കൈ നീട്ടി. അവര് പിന്നെയും എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു കൊണ്ടേയിരുന്നു. കൊണ്ടുവന്ന വെള്ളത്തിന്റെ പകുതിയും വറ്റിപ്പോയി. അവളുടെ നാവിന്റടിയിൽ രണ്ട് മുലക്കാമ്പുകൾ വെള്ളം ചുരത്തിത്തുടങ്ങി. അത് നുണഞ്ഞ് നുണഞ്ഞ് അവരുടെ മടിയിൽ കിടന്ന് ഉപ്പിന്റെ നിറമുള്ള വിയർപ്പ് പുതച്ച് അവളുറങ്ങി.
അർജുൻ പറയാറുണ്ട്, ഉറങ്ങുമ്പോൾ പോലും താൻ പതിയെ ചിരിക്കാറുണ്ട്. ആ കള്ളച്ചിരി കണ്ട് അവനും ചിരിക്കാറുണ്ട്. കള്ളമാണ്. താൻ ഉറങ്ങാറില്ല.
ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എട്ട് മണിക്കാണ് കാഞ്ഞങ്ങാട് നിന്ന് ബസ് കയറിയത്. യൂനിഫോം അലക്കിയിട്ടില്ലാത്തതു കൊണ്ട് അലക്കേണ്ട രണ്ട് സെറ്റും ബാഗിൽ കുത്തിത്തൂർത്തു വെച്ചിട്ടുണ്ടായിരുന്നു. സിറിഞ്ചുകളുടെയും കയ്യുറകളുടെയും വലിയൊരു കൂന എടുത്തു മാറ്റാതെ അവിടെത്തന്നെ ഇരിപ്പുണ്ടായിരുന്നു. അത് ആരെങ്കിലും എടുത്തു മാറ്റി കാണും. എനിക്ക് വയ്യായിരുന്നു. ചെറിയ ചൂടുണ്ട്. പനിയാവില്ല. ഡോളോ കഴിച്ചിട്ടുണ്ട്.
അർജുൻ പറയാറുണ്ട്, സൂചി വെക്കുമെന്ന് പേടിച്ച് താൻ ആശുപത്രിയിൽ പോകാറില്ലെന്ന്. സ്വന്തം കാര്യം വരുമ്പോൾ നഴ്സ് ഡോക്ടറാകുമെന്ന്.
ബസിലെ സ്ഥിരം കണ്ടക്ടർ ചേട്ടൻ. കഴിഞ്ഞാഴ്ചയാണ് കിളിയിൽ നിന്ന് കണ്ടക്ടറിലേക്ക് പ്രമോഷൻ കിട്ടിയത്. ഒരേ സമയം ചിരിക്കാനും ചന്തിക്ക് പിടിക്കാനും അതിവിദഗ്ധൻ. രാവിലെ പാസ് കൊടുത്ത് പോകുന്ന ആൺപിള്ളേരുടെ ചന്തിയിലേക്ക് ഇടക്കിടെ അയാൾ കാരമുള്ളെറിയുന്നതു കാണാം. അവിടങ്ങളിൽ വിയർപ്പു തുള്ളികളായാണ് ചോര പൊടിയുന്നത്.
ബസിലിരുന്ന് ഉറങ്ങിപ്പോയതാണ്. ഒരു സർക്കാർ ജീവനക്കാരിയുടെ ജീവിതത്തിൽ ഒട്ടും അസാധാരണമല്ലാത്ത സംഭവം. എന്നും കയറാറുള്ള ബസ്സ്. എന്നാൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ബസ് സ്റ്റോപ്പ്. ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റാൽ കട ബോർഡുകൾ നോക്കിയാണ് സ്ഥലങ്ങൾ മനസിലാക്കിയിരുന്നത്. തനിക്ക് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞിരിക്കുന്നു എന്ന് തട്ടിയുണർത്തി കണ്ടക്ടർ പറഞ്ഞു.
"ഈടെ ഇറങ്ങിക്കോ.. പാലത്തിന്റടീന്ന് ഓട്ടോർഷ കിട്ടും."
ഇറങ്ങി. പാലം കണ്ടില്ല. ഓട്ടോറിക്ഷയിൽ കയറിയുമില്ല. കണ്ടത് ഈ വളപ്പാണ്. അവിടവിടെയായി കമിഴ്ത്തി വെച്ച ആമത്തോടുകൾ പോലെ പാറകൾ. ഉണങ്ങി പച്ചയിറങ്ങിപ്പോയ പുല്ലുകൾ. കൂട്ടമായി പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുന്ന കാരമുൾച്ചെടികൾ.
വഴിതെറ്റുന്നത് പുതിയ കാര്യമാണോ -
ഹോസ്പിറ്റലിൽ നില ഒമ്പത്. ഒരുദിവസം ഏതാണ്ട്, എല്ലാറ്റിലും കയറിയിറങ്ങണം. ഒ.പി. യിൽ നിന്ന് ഫാർമസിയിലേക്ക്. അവിടുന്ന് ഐസിയു. കാഷ്വാലിറ്റി - ഒ പി - എക്സ്‌റേ - ലാബ് - എൻക്വയറി - വാർഡ് - ഡോക്ടറുടെ മുറി - ടോയ്ലറ്റ് - ഡ്രെസ്സിംഗ് റൂം - പിന്നേം ഒ.പി. കയ്യിൽ കിട്ടുന്ന നീലയും വെള്ളയും മഞ്ഞയും റോസും ഫയൽ ഷീറ്റുകൾ. ഓരോ മുറികളിലും ബെഡുകളിലും മാറി മാറി വരുന്ന രോഗികൾ. വലിയ ഒച്ചയിൽ ചുവന്നു തെളിയുന്ന ടോക്കൺ നമ്പരുകൾ..എത്ര തവണ എല്ലായിടത്തും വഴി തെറ്റിയിരിക്കുന്നു.
വഴി തെറ്റിക്കയറുന്ന മോർച്ചറി-
നട്ടപ്പാതിര ഇരുട്ട്. മുള്ളൻപന്നികൾ പാഞ്ഞു വരുന്നു. വെള്ള തുണിക്കെട്ടുകളിൽ നിന്നും സൂചി കുത്തിയിറക്കുമ്പോൾ ഉള്ള ഞരക്കങ്ങൾ. പിൻവലിക്കുമ്പോൾ ഉള്ള ഞെട്ടലുകൾ. കാലൻ മാത്രമുള്ള കാലം മണക്കുന്ന ആസിഡിന്റെയും ഫിനോയിലിന്റെയും മണം. നേരം കൂടി വരുന്തോറും വളരുന്ന വിരൽ നഖങ്ങൾ. തണുത്ത ചുണ്ടുകളോട് കലഹിക്കുന്ന അനുസരണയില്ലാത്ത ചത്ത പല്ലുകൾ. അടച്ചിട്ട കണ്ണുകളിൽ നിന്നും എരിഞ്ഞു പുകയുന്ന കണ്ണിന്റെയുള്ളിലെ കുഞ്ഞ്. വിസർജ്യം കലക്കാതെ ആർത്തി പിടിച്ച യോനികളും വൃഷണങ്ങളും. ഒരു കെട്ടിന്റെ മറുതലയ്ക്ക് കാന്തം പിടിപ്പിച്ച കണങ്കാല്.
വഴി തെറ്റാതെ കയറുന്ന മോർച്ചറി-
കരച്ചിലിൻ്റെ ഏമ്പക്കം വിടുന്ന ഇരുട്ട്. മുള്ളൻപന്നികൾ പിന്നെയും മുടന്തി വരുന്നു. നട്ടുച്ചയുടെ ഇരുട്ട്.
അർപ്പിത കണ്ണു തുറന്നു.
അവര് പൊയ്ക്കഴിഞ്ഞിരിക്കുന്നു. കറുത്തു മെലിഞ്ഞ ചേച്ചി. അവരു കൊണ്ടുവന്ന വെള്ളം താൻ കുടിച്ചു കാണണം.
അർജുൻ പറയാറുണ്ട്. മറക്കുകയെന്നാൽ മരിക്കുകയാണെന്ന്.
അർപ്പിത എഴുന്നേറ്റു.
താറിത്താറി മുൾക്കൂട്ടത്തിലേക്ക് നടന്നു. പച്ച കയറി വന്ന ഷിഫോൺ സാരിയിൽ വിവിധ തരം മുനക്കൂർപ്പുള്ള സൂചികൾ കുത്തിക്കയറിയിരിക്കുന്നു. ഒന്നിൽ നിന്ന് ചോര കുറഞ്ഞു കൊണ്ടിരിക്കുന്നു. മറ്റൊന്നിൽ നിന്ന് കടുത്ത നിറമുള്ള മഞ്ഞ ദ്രാവകം. ചിലതിൽ വിയർപ്പ്. മറ്റു ചിലതിൽ തുപ്പൽ. ചിലതിലേക്ക് ചോര കയറുന്നു. വെള്ളം കയറ്റുന്നു. ഉമിനീരൊഴുകുന്നു. താറിത്താറി മുള്ളിലേക്കു വീണു പെരങ്ങി. വെയിൽ തണുത്തു. ചത്തവന്റെയും കൊന്നവന്റെയും ചോര ഒന്നിച്ച് ഛർദ്ദിച്ചു.
അർജുൻ പറയാറുണ്ട്. കൊന്നാ പാപം തിന്നാ തീരും.
പെറ്റവളുടെയും പേറെടുത്തവളുടെയും പേറ്റു മാവ് ഒന്നിച്ച് തൂറി.
അർജുൻ പറയാറുണ്ട് - ഒരുമയുണ്ടെങ്കിൽ ഉലക്ക മേലും കിടക്കാം.
ശ്വാസമെടുക്കാൻ ഏറെ പണിപ്പെട്ടു കൊണ്ട് അർപ്പിത മുള്ളു കുടഞ്ഞെണീറ്റു. കറുത്തു മെലിഞ്ഞ ചേച്ചി ഒരു കഷ്ണം പന്നിയിറച്ചിയുമായി നിൽക്കുന്നു.
മുഴുത്ത മുളളൻ പന്നിയിറച്ചി...
കൊള്ളാം നന്നായിട്ടുണ്ട് സഖാവിൻ്റെ സഖി ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
Nallezhuth