വൈദ്യുതി (ഭേദഗതി) ബിൽ 2025 രാജ്യത്തിന്റെ ഊർജ്ജ മേഖലയെ പൂർണ്ണമായും ...
അദൃശ്യരുടെ പേരെഴുതുമ്പോൾ തെളിഞ്ഞു വരുന്ന പേരുകളിലൊന്നായിട്ടാണ് കെ.സി.നാരായണൻ അദ്ദേഹത്തെ ഓർമ്മിക്കുന്നത്. പലരുടെയും ഓർമ്മകളിൽ മാത്രം ജീവിച്ചൊരാളാണ് ചെലവൂർ വേണു.
ചെലവൂർ വേണുവിനെ അറിയാൻ മികച്ച രൂപകം സിനിമ തന്നെയാണ്. കോഴിക്കോട്ടങ്ങാടിയിൽ ഏതു സന്ദർഭങ്ങളിലും കണ്ടുമുട്ടാൻ കഴിയുമായിരുന്ന ചെലവൂർ വേണു, പലവിധത്തിൽ എഡിറ്റു ചെയ്തു ചേർക്കാവുന്ന സിനിമാദൃശ്യങ്ങളാണ്. സിനിമ, ഫിലിം സൊസൈറ്റി പ്രസ്ഥാനം, പത്രാധിപത്യം, രാഷ്ട്രീയം, സ്പോർട്ട്സ്, കല,സംസ്ക്കാരം, തുടങ്ങി വൈവിദ്ധ്യങ്ങളുടെ ഒരങ്ങാടി. പറഞ്ഞുകേട്ടതും രേഖപ്പെടുത്തപ്പെട്ടതുമായ പല കഥകൾ ചേർത്തുവെക്കുമ്പോൾ അദ്ദേഹത്തിന്റെ കൂടുതൽ വലിയൊരു ചിത്രം ലഭിക്കും. അത് സിനിമ നൽകുന്ന അനുഭവത്തിനും അനുഭൂതിക്കും തുല്യമാണ്. ‘എസ്തപ്പാൻ’ എന്ന സിനിമയിലേതു പോലൊരു അനുഭവം. സിനിമയിലെ എസ്തപ്പാൻ പലർക്കും പലതായിരുന്നല്ലോ. എസ്തപ്പാന്റെ സംവിധായകനായ അരവിന്ദൻ കോഴിക്കോടൻ കൂട്ടായ്മയിലെ ഒരംഗമായിരുന്നു. അതുപോലൊരു അനുഭവം ‘ഇത്രമാത്രം’ (കെ.ഗോപിനാഥൻ) എന്ന സിനിമയിലെ സുമിത്രയും നൽകുന്നുണ്ട്. ആ സിനിമയുടെ നിർമ്മാണ സഹായികളിലൊരാൾ ചെലവൂർ വേണുവായിരുന്നു.
സമാന്തരങ്ങൾ
എഴുപതുകളുടെയും എൺപതുകളുടെയും സവിശേഷതകളായിരുന്നു സമാന്തരസിനിമയും സമാന്തരപ്രസിദ്ധീകരണങ്ങളും സമാന്തരജീവിതങ്ങളും. അവയെല്ലാം സാഹസികങ്ങളുമായിരുന്നു. സമാന്തര പ്രസിദ്ധീകരണങ്ങളിലേറെയും അകാലത്തിൽ ചരമമടഞ്ഞു. സമാന്തരസിനിമയും സമാന്തരജീവിതങ്ങളുമെല്ലാം പരിണാമ വിധേയമായി. ‘പ്രത്യാശ, അരാജകത്വം, രാഷ്ട്രീയ സാഹസികത എന്നിവയുടെ കുഴമറിച്ചിലായിരുന്നു ആ കാലഘട്ടത്തിന്റെ നിർമ്മാണ ചേരുവകൾ’ (സി. എസ്. വെങ്കിടേശ്വരൻ).

സംവിധാന മോഹവുമായി രാമു കാര്യാട്ടിന്റെ അസിസ്റ്റന്റാകാൻ മദിരാശിയിലേക്ക് വണ്ടികയറുകയും അവിടെ വെച്ച് മികച്ച ക്ലാസിക്കുകൾ കണ്ട് അത്ഭുതസ്തബ്ധനായി ഇനി തന്റെ സിനിമകൾക്ക് പ്രസക്തിയില്ല എന്നു മനസ്സിലാക്കി, ആ മോഹം ഉപേക്ഷിക്കുകയും ചെയ്ത ആളാണ് അദ്ദേഹം. സിനിമാ സംവിധായകനാകനുള്ള മോഹം ഉപേക്ഷിച്ചുവെങ്കിലും സിനിമാസന്ദർഭങ്ങൾ അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. മലയാളത്തിലെ നവതരംഗ സിനിമയുടെ കൂടെ നിയോഗം പോലെ അദ്ദേഹം നിലകൊണ്ടു. അരവിന്ദൻ, പവിത്രൻ, പട്ടത്തുവിള, ചിന്ത രവി, പി.എ ബക്കർ, തിക്കോടിയൻ, ടി.വി.ചന്ദ്രൻ, ജോൺ എബ്രഹാം, കെ.ഗോപിനാഥൻ തുടങ്ങിയവരുടെയെല്ലാം സിനിമകൾക്കൊപ്പം അദ്ദേഹവും സഞ്ചരിച്ചു. ചിലപ്പോഴെല്ലാം അദ്ദേഹത്തിന്റെ ഇടപെടലുകളാണ് ചില സിനിമകളെങ്കിലും യാഥാർത്ഥ്യമാകാനിട വരുത്തിയത്. എങ്കിലും ക്രെഡിറ്റ് സ്കോറുകളിലൊന്നും ചെലവൂർ വേണു എന്ന പേര് ദൃശ്യമല്ല. അദൃശ്യരുടെ പേരെഴുതുമ്പോൾ തെളിഞ്ഞു വരുന്ന പേരുകളിലൊന്നായിട്ടാണ് കെ.സി.നാരായണൻ അദ്ദേഹത്തെ ഓർമ്മിക്കുന്നത്. പലരുടെയും ഓർമ്മകളിൽ മാത്രം ജീവിച്ചൊരാളാണ് ചെലവൂർ വേണു.
ഫിലിം സൊസൈറ്റികളും അക്കാലത്ത് സമാന്തര സാംസ്ക്കാരികജീവിതത്തിന്റെ പ്രതീകങ്ങളിലൊന്നായിരുന്നു.സിനിമാ താല്പര്യങ്ങളാണോ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളാണോ ചെലവൂർവേണുവിനെ മലയാളത്തിലെ നവസിനിമകളുമായി കൂട്ടുചേരാൻ പ്രേരിപ്പിച്ചതെന്ന് വേർതിരിക്കാനാവില്ല. അന്ന് അവ രണ്ടും അഭിന്നമായിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ‘ചിത്രലേഖ’ എന്ന കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റിയാണ് മലയാളത്തിലെ ആദ്യ നവതരംഗ സിനിമയുടെ ( കൊടിയേറ്റം) നിർമ്മാണവും നടത്തിയത്. ’ചിത്രലേഖ’യെ പിന്തുടർന്ന് കോഴിക്കോട്ട് രൂപീകരിക്കപ്പെട്ട അശ്വനി ഫിലിം സൊസൈറ്റിയുടെ പിന്നിൽ ഏതാനും എഴുത്തുകാരും മറ്റും ഉൾപ്പെട്ട ഉയർന്ന വിഭാഗംമാത്രമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. ചെലവൂർ വേണുവിലേക്ക് അതിന്റെ നേതൃത്വം വൈകാതെ എത്തിയതോടെ ഫിലിം സൊസൈറ്റി പ്രദർശനങ്ങൾ കൂടുതൽ ജനകീയവൽക്കരിക്കപ്പെട്ടു. വിദ്യാർത്ഥി ഫെഡറേഷന്റെ ജില്ലാ നേതൃത്വത്തിൽ പ്രവർത്തിച്ചു നേടിയ രാഷ്ട്രീയാനുഭവങ്ങൾ അതിന് പിന്തുണയായി നിന്നു. പല കാരണങ്ങൾ കൊണ്ടും ഫിലിം സൊസൈറ്റി പ്രദർശനങ്ങൾ (കലാ) സിനിമയെ സവിശേഷ ശിക്ഷണം ആവശ്യമുള്ള അഭിജാതകലയായി അബോധമായി നിർവ്വചിച്ചിരുന്നു. ഫിലിം സൊസൈറ്റികൾ വഴി പ്രദർശിപ്പിക്കപ്പെട്ട സിനിമകളിലെ കാഴ്ചാനുഭവങ്ങൾ പുതിയ സംവേദനശീലങ്ങൾ ആവശ്യപ്പെട്ടു. വ്യത്യസ്തങ്ങളായ ഭാഷകൾ, ദേശങ്ങൾ, സംസ്ക്കാരങ്ങൾ, ആഖ്യാനരീതികൾ എന്നിവയെല്ലാം അത്തരം സിനിമകൾ കാണാൻ ചില മുന്നൊരുക്കങ്ങൾ അനിവാര്യമാക്കി. ഈ സന്ദർഭത്തിലാണ് മലയാളത്തിൽ ഗൗരവമായ സിനിമാനിരൂപണവും ആരംഭിക്കുന്നത്. അവ രണ്ടും പരസ്പര പൂരകങ്ങളുമായിരുന്നു. ഈ വിധം ശിക്ഷണം ലഭിച്ചു തുടങ്ങിയ പരിമിതരായ കാണികൾക്കു മുന്നിലേക്കാണ് ‘സ്വയംവര’വും തുടർന്നുണ്ടായ നവതരംഗ സിനിമകളും കടന്നു ചെന്നത്. അതോടെ കലാ സിനിമ/കച്ചവട സിനിമ എന്നീ അർത്ഥ സൂക്ഷ്മത കുറഞ്ഞ നിർവ്വചനങ്ങളിലേക്ക് മലയാള സിനിമ നയിക്കപ്പെടുകയും ചെയ്തു. ഈയൊരു ദ്വന്ദത്തെ പിൻപറ്റിയാണ് ഫിലിം സൊസൈറ്റികൾ പ്രവർത്തിച്ചത്.
മലയാളമായിരുന്നില്ല ആദ്യകാലത്തെങ്കിലും ഫിലിം സൊസൈറ്റികളുടെ ‘ഔദ്യോഗിക’ ഭാഷ. സബ്ടൈറ്റിലുകളില്ലാത്തതോ ഇംഗ്ലീഷിൽ സബ്ടൈറ്റിൽ ചെയ്തതോ ആയ സിനിമകൾ ദൃശ്യഭാഷകൊണ്ടു മാത്രം ആസ്വദിക്കപ്പെടുന്നതിന് പരിമിതികളുണ്ടായിരുന്നു. സിനിമയുടെ സംഗ്രഹവും മറ്റും അധികവും ഇംഗ്ലീഷ് ഭാഷയിലായിരുന്നു. ഈയൊരു പ്രവണത മലയാള സബ്ടൈറ്റിലുകൾ സുലഭമായിക്കഴിഞ്ഞ ഇക്കാലത്തും ചില ഫിലിം സൊസൈറ്റികൾ തുടരുന്നുണ്ട്.
സെല്ലുലോയ്ഡിൽ മലയാളം ഉപശീർഷകങ്ങൾ കൂട്ടിച്ചേർക്കാനൊന്നും അക്കാലത്ത് സമയവും സാങ്കേതികതയുമുണ്ടയിരുന്നില്ല. തീവണ്ടി മാർഗ്ഗവും മറ്റും എത്തുന്ന പ്രിന്റുകൾ പ്രദർശനത്തിന് തൊട്ടു മുൻപാവും കയ്യിലെത്തുന്നത്. സിനിമയുടെ ഉള്ളടക്കം സംബന്ധിച്ചുതന്നെ ആർക്കും വലിയ ധാരണയൊന്നും ഉണ്ടാവുകയുമില്ല. സ്പൂളുകളുടെ ക്രമം മാറിപ്പോയ രസകരമായ അനുഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. പലവിധത്തിൽ ദുഷ്കരമായിരുന്ന അന്നത്തെ സാഹചര്യത്തിൽ സിനിമാപ്രദർശനങ്ങൾ ജനകീയമാക്കാൻ നടത്തുന്ന ഏതു യത്നവും മറ്റൊരു സാഹസികതയാണ്. അമ്പതുകൊല്ലങ്ങൾക്കിപ്പുറം ലാപ്ടോപ്പും എൽ.സി.ഡി.പ്രൊജക്ടറും മലയാളം സബ്ടൈറ്റിലുമായി കാണികളധികമില്ലാത്ത ഹാളിൽ സാഹസികതയേതുമില്ലാതെ പ്രദർശനങ്ങൾ നടത്തുമ്പോൾ രണ്ടു പ്രദർശനങ്ങൾക്കും സാക്ഷ്യം വഹിച്ച ചെലവൂർ വേണൂ ഇതെല്ലാം ഓർത്തിരിക്കണം.
ഇതേ സാഹസികതയാണ് സമാന്തരമാസികാ പ്രസാധനത്തിലേക്കും അദ്ദേഹത്തെ എത്തിച്ചത്. സമാന്തരതകളുടെ ആ കാലത്ത് അങ്ങനെ മാത്രമേ ഒരാൾക്ക് തന്റെ സ്വത്വത്തെ ആവിഷ്ക്കരിക്കാനാവുമായിരുന്നുള്ളു. സിനിമ നിർമ്മിക്കാനുള്ള പണമുണ്ടാക്കാനാണ് വിവിധ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചത്. സ്പോർട്ട്സിനും സ്ത്രീകൾക്കും മനശ്ശാസ്ത്രത്തിനുമെല്ലാം കേരളത്തിലാദ്യമായി പ്രസിദ്ധീകരണങ്ങൾ തുടങ്ങുകയും അവ ഒന്നൊന്നായി അടച്ചു പൂട്ടുകയും ചെയ്തു. മനശ്ശാസ്ത്ര പഠനങ്ങൾക്കായി ആരംഭിച്ച ‘സൈക്കോ’ മാസിക മാത്രമാണ് കുറച്ചധികം കാലം നിലനിന്നത്. അവസാന കാലത്ത് സിനിമക്കുവേണ്ടി അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ ആരംഭിച്ച ‘ദൃശ്യതാളം’ മാസികയാണ് നിലനിന്ന ഒരേ ഒരു പ്രസിദ്ധീകരണം.

ആരംഭിച്ച് ഏറെചെല്ലും മുൻപ് മൃതിയടഞ്ഞ പ്രസിദ്ധീകരണങ്ങളിൽ ചിലതെല്ലാം കാലത്തിനു മുൻപേ സഞ്ചരിച്ചവയായിരുന്നു. ദീർഘകാലം നിലനിന്ന സൈക്കോ മാസികയുടെ പേരിലാണ് അദ്ദേഹം ഏറെ അറിയപ്പെട്ടത്. നാഗ്ജി ഫുട്ബോൾ കാണാനെത്തുന്ന പതിനായിരക്കണക്കിണ് കാണികളെ കണ്ട ആവേശത്തിലാണ് ‘സ്റ്റേഡിയം’ എന്ന പേരിൽ സ്പോർട്ട്സ് മാസികയുടെ പ്രസിദ്ധീകരണത്തിനൊരുങ്ങിയത്. എന്നാൽ കളി കാണാനെത്തിയവരൊന്നും മാസിക വാങ്ങി വായിച്ചില്ല. അത്തരത്തിൽ ചിലതെല്ലാം പിന്നീട് മുഖ്യധാരാ പ്രസിദ്ധീകരണസ്ഥാപനങ്ങൾ പുറത്തിറക്കുകയും സാമ്പത്തിക വിജയം നേടുകയും ചെയ്തു. സമാന്തര സിനിമയിൽ നിന്ന് മുഖ്യധാരാ സിനിമയും സമാന്തര പ്രസിദ്ധീകരണങ്ങളിൽ നിന്ന് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും പലതും കടംകൊണ്ടിട്ടുണ്ട്. സമാന്തരതയെ മുഖ്യധാരയിൽ ലയിപ്പിച്ചെടുക്കുന്ന പ്രക്രിയയാണ് കാലാന്തരത്തിൽ സംഭവിച്ചത്.
ഫിലിം സൊസൈറ്റി പ്രസ്ഥാനവും സമാന്തര സിനിമകളും ഒരുമിച്ചു നിന്നതുപോലെ സമാന്തര പ്രസിദ്ധീകരണങ്ങളും അവയോടൊപ്പമുണ്ടായിരുന്നു. ’ദൃശ്യകല’ എന്ന പ്രസിദ്ധീകരണം അക്കാലത്താണ് ആരംഭിക്കുന്നത്. അതിൽ ഏറിയ പങ്കും സിനിമാ പഠനങ്ങളായിരുന്നു. ‘സംക്രമണം’ മാസിക സിനിമാ പഠനങ്ങൾക്ക് ഇടം നൽകുകയും സിനിമാ പതിപ്പുകൾ പുറത്തിറക്കുകയും ചെയ്തു. അതിലാണ് ‘സൈലൻസി’(ബർഗ് മാൻ)ന്റെ തിരക്കഥയുടെ പരിഭാഷ (സാനന്ദരാജ്) അച്ചടിച്ചു വന്നത്.
അരവിന്ദനും ചെലവൂർ വേണുവുമടങ്ങിയ കോഴിക്കോടൻ കൂട്ടായ്മ മലയാളത്തിലെ നവസിനിമയുടെയും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെയും ചരിത്രവുമായി ഇട കലർന്നതാണ്. ‘നമുക്കും ഒരു സിനിമയെടുത്താലെന്താ’ എന്ന കൂട്ടായ ചിന്തയിൽ നിന്നാണ് ‘ഉത്തരായണം’ എന്ന സിനിമയുടെയും അരവിന്ദൻ എന്ന സംവിധായകന്റെയും പിറവി. പട്ടത്തുവിളയും തിക്കോടിയനുമെല്ലാം അതിന് കൂട്ടുനിന്നു. സംവിധായകനാവൻ അരവിന്ദൻ തീരെ തല്പരനായിരുന്നില്ല. ‘ഉത്തരായണ’ത്തിന് ലഭിച്ച അംഗീകാരങ്ങൾ അരവിന്ദനെ അമ്പരപ്പിക്കുകയും ഇനി സിനിമയെടുക്കാതെ നിവൃത്തിയില്ലെന്ന സ്ഥിതിയിലെത്തിക്കുകയും ചെയ്ത കാര്യം ചെലവൂർ വേണു അനുസ്മരിക്കുന്നുണ്ട്. സംവിധായകനെന്ന നിലയിൽ പ്രശസ്തനായിക്കഴിഞ്ഞിട്ടും ‘അശ്വനി’യുമായുള്ള ബന്ധം അരവിന്ദൻ കൈവിട്ടില്ല. മലയാളത്തിൽ സിനിമാ പുസ്തകങ്ങളൊന്നും ലഭ്യമല്ലാത്ത അക്കാലത്ത് അരവിന്ദന്റെ കൈവശമുണ്ടായിരുന്ന ഇംഗ്ലീഷിലുള്ള സിനിമാ പുസ്തകങ്ങൾ ഉപയോഗിച്ചാണ് അശ്വിനി ഫിലിം സൊസൈറ്റിയുടെ പ്രദർശനങ്ങൾക്ക് കഥാസംഗ്രഹം തയ്യാറാക്കിയിരുന്നത്.
രവീന്ദ്രന്റെ ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ എന്ന സിനിമയും കോഴിക്കോടൻ കൂട്ടായ്മയിൽ രൂപം കൊണ്ടതാണ്. അതിന്റെ ഷൂട്ടിംഗ് നടന്നത് ‘സൈക്കോ’യുടെ ഓഫീസിലായിരുന്നു. രവിയും ചെലവൂർ വേണുവും പരസ്പരം കണ്ടെത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള പാരസ്പര്യം സൗഹൃദത്തെ പുതിയൊരു തലത്തിലെത്തിച്ചു. മദ്ധ്യവർഗ്ഗ നാഗരിക ജീവിതങ്ങളുടെ സംഘർഷങ്ങളും ഇച്ഛാഭംഗങ്ങളും ആവിഷ്ക്കരിക്കുന്ന സിനിമ അതിന് ഒരു സമാന്തര പ്രസിദ്ധീകരണത്തിന്റെ അതിജീവനശ്രമങ്ങളെയാണ് ആധാരമാക്കുന്നത്. മാസിക അച്ചടിച്ചിറക്കാൻ പാടുപെടുന്ന പവിത്രന്റെയും സുഹൃത്തുക്കളുടെയും ജീവിത സമരങ്ങൾ അതിൽ നിന്ന് ഭിന്നമല്ല. എന്തിനാണ് ഇങ്ങനെ ഒരു മാസിക നടത്തുന്നത്? എന്ന് സിദ്ധാർത്ഥൻ ചോദിക്കുമ്പോൾ ജലാശയത്തിൽ കല്ലെറിയുന്ന പോലെയാണ് അതെന്ന് പവിത്രൻ പറയുന്നു. അത് സൃഷ്ടിക്കുന്ന ഓളങ്ങൾ എവിടെയെത്തുമെന്ന് ആർക്കറിയാം? നിങ്ങളുടെ മാസിക ഒരു സൈദ്ധാന്തിക ജാടയാണെന്ന് സിദ്ധാർത്ഥൻ വിമർശിക്കുന്നു. നിങ്ങളുടെ എതിർപ്പു പോലും ബൂർഷ്വാ സമൂഹത്തിന്റെ സൗജന്യമാണ്. ചിട്ടിപ്പരസ്യം പിടിച്ചാണ് വിപ്ലവ മാസിക നടത്തുന്നത്. ’ഉത്തരം’ എന്ന പേരുള്ള മാസിക അവർക്ക് ഉത്തരങ്ങളൊന്നും നൽകുന്നില്ല. തെരുവിലൂടെ പോകുന്ന ഒരു സമരജാഥ മുകളിൽ നിന്ന് നിസ്സംഗരായി കാണുന്ന അവരിലൊരാൾ ചുവരിൽ ആണിയടിച്ചുറപ്പിക്കാൻ ശ്രമിക്കുന്ന ചിത്രം ലെനിന്റെതാണ്. ആ സിനിമയുടെ ‘ചലച്ചിത്രപ്രബന്ധം’എന്ന അവകാശവാദത്തെ ചോദ്യം ചെയ്യുന്ന ഒരു ലേഖനം ‘ദൃശ്യകല’യിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കുട്ടിനാരായണൻ എന്ന പേരിൽ സിനിമാ നിരൂപകൻ ഐ.ഷണ്മുഖദാസാണ് അതെഴുതിയത്. ‘മലയാള സിനിമയിലെ പരാജയപ്പെട്ട ഒരു വിജയം’എന്നാണ് അദ്ദേഹം ആ സിനിമയെ വിശേഷിപ്പിച്ചത്. ‘യാഥാർത്ഥ്യത്തിന്റെ നാലുമുഖങ്ങൾ’ എന്ന പേരിൽ ഈ സിനിമയടക്കം നാലു സിനിമകളുടെ തിരക്കഥ സമാന്തര പ്രസിദ്ധീകരണ സ്ഥാപനമായിരുന്ന ‘നിള പബ്ലിഷേഴ്സ്’ പുസ്തകമാക്കിയപ്പോൾ അതിനു മുൻകയ്യെടുത്തതും ചെലവൂർ വേണുവായിരുന്നു.
‘ഒഡേസാമൂവീസി’ന്റെ പേരിൽ വലിയൊരാൾക്കൂട്ടം നിർമ്മാണ നിർവ്വഹണം നടത്തിയ ‘അമ്മ അറിയാൻ’ എന്ന സിനിമയുടെയും പവിത്രൻ, ടി.വി. ചന്ദ്രൻ തുടങ്ങിയവരുടെ വിവിധ സിനിമകളുടെയും കൂടെ അദ്ദേഹം സഞ്ചരിച്ചു. ‘അഗ്രഹാരത്തിൽ കഴുതൈ’ എന്ന സിനിമയുടെ പൂർത്തീകരണത്തിൽ അദ്ദേഹത്തിന്റെ ഇടപെടൽ നിർണ്ണായകമായിരുന്നു.
ലോകത്തെ അറിഞ്ഞ വിധം
ഫിലിം സൊസൈറ്റിയിൽ അംഗമാവുകയെന്നാൽ ലോകത്തെ അറിയുക എന്നായിരുന്നു അർത്ഥം. കഴിഞ്ഞ രണ്ടു ദശകങ്ങളിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനം ദുർബ്ബലമായിത്തീർന്നുവെങ്കിലും അതിന്റെ നേതൃസ്ഥാനത്തേക്ക് ഏതാനും പ്രഗത്ഭമതികൾ എത്തിച്ചേരുകയുണ്ടായി. അവരിലൊരാളാണ് ചെലവൂർ വേണു. ചലച്ചിത്ര അക്കാഡമി അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞ ശേഷമാണ് കെ.ആർ. മോഹനൻ ഫെഡറേഷന്റെ അദ്ധ്യക്ഷ സ്ഥാനത്തെത്തിയത്. തുടർന്ന് ചെലവൂർ വേണുവിന്റെ ഊഴമായിരുന്നു. അദ്ദേഹത്തിനു ശേഷം ഇപ്പോൾ ആ സ്ഥാനത്ത് ഷാജി എൻ.കരുൺ ആണ്.

അമ്പതോളം വർഷങ്ങളിലെ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെ തുടർച്ചയിലാണ് ചെലവൂർ വേണു ഫിലിം സൊസൈറ്റി ഫെഡറേഷന്റെ അദ്ധ്യക്ഷ സ്ഥാനത്തെത്തുന്നത്. അപ്പോഴേക്ക് ഫിലിം സൊസൈറ്റി പ്രസ്ഥാനം മാറുന്ന ലോകക്രമത്തോടും സാങ്കേതിക വികാസത്തോടും പൊരുതി നിൽക്കാനാവാതെ അതിന്റെ നിഷ്ക്രമണ ഘട്ടത്തിലായി രുന്നു. നിർജ്ജീവാവസ്ഥയിലായ അമ്പതിൽ താഴെ ഫിലിം സൊസൈറ്റികളെ പുനരുജ്ജീവിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നത്. തൊണ്ണൂറുകൾ വരെ നീണ്ട സുവർണ്ണ കാലത്തിനു ശേഷം സിനിമകളുടെ ലഭ്യത കൂടുകയും സാങ്കേതിക വിദ്യ ലളിതവും കയ്യിലൊതുങ്ങുന്നതുമാവുകയും ചെയ്തതിനൊപ്പം കാണികൾക്കും കാഴ്ചാരീതികൾക്കും മാറ്റം വന്നു. തിയേറ്ററുകളിൽ കലാസിനിമകൾക്ക് ലഭ്യമായിരുന്ന പരിമിത ഇടം നഷ്ടമായി. അവശേഷിച്ച ഫിലിം സൊസൈറ്റികൾ പ്രതിമാസ പ്രദർശനങ്ങൾക്കൊപ്പം ചലച്ചിത്രോൽസവങ്ങളിലേക്കും സിനിമാ സംവാദങ്ങളിലെക്കുമൊക്കെ പ്രവർത്തന രീതികൾ മാറ്റി. ഫിലിം സൊസൈറ്റികൾ നിർജ്ജീവതയിലേക്ക് പ്രവേശിച്ച കാലത്ത് അതിന്റെ നേതൃത്വത്തിലെത്തിപ്പെട്ടവർക്ക് അവിടെത്തന്നെ തുടരേണ്ടി വന്നു. കോവിഡ് കാലത്ത് ഏതെങ്കിലും ഇടത്തിൽ കുടുങ്ങിപ്പോയവരെപ്പോലെയായിരുന്നു അത്. ഇപ്പോഴും കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ ഭാരവാഹികളിൽ ഭൂരിപക്ഷത്തിന്റെയും ശരാശരി പ്രായം അൻപത് വയസ്സിനു മുകളിലാണ്. വനിതാ പ്രാതിനിധ്യമാകട്ടെ നാമമാത്രവും കൃത്രിമവുമാണ്. അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന് ആർത്തലച്ചെത്തുന്ന യുവാക്കളും യുവതികളുമൊന്നും പ്രാദേശിക ഫിലിം സൊസൈറ്റികളിലേക്ക് തിരിഞ്ഞു നോക്കാറില്ല.
അന്നത്തെ നിഷ്ക്രിയാവസ്ഥയിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ ക്രിയാത്മകമാക്കാൻ ചെലവൂർ വേണു കണ്ടെത്തിയ മാർഗ്ഗങ്ങളിലൊന്ന് ‘ദൃശ്യതാളം’ മാസികയുടെ പ്രസിദ്ധീകരണമായിരുന്നു. തന്നിൽ അന്തർലീനമായ പത്രപ്രവർത്തന താല്പര്യവും സമാന്തര മാസികാ പ്രവർത്തന പരിചയവും അതിന് മുതൽക്കൂട്ടായി. തന്റെ മുൻ കാല മാസികകളുടെ ഹ്രസ്വജീവിതങ്ങൾക്ക് അപവാദമായി അത് മുടക്കംകൂടാതെ പുറത്തിറങ്ങി. മുഖചിത്രം വർണ്ണാഭമായതൊഴിച്ചാൽ സമാന്തര മാസികാസംസ്ക്കാരത്തിന്റെ ചില മാതൃകകളും പിന്തുടർച്ചകളും അതിൽ നിഴലിച്ചിരുന്നു. ഫിലിം സൊസൈറ്റികളെ ‘ദൃശ്യതാളം’ ഭാവനാത്മകമായി കൂട്ടിയിണക്കി. കോവിഡ് കാലത്ത് ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളെല്ലാം നിലച്ചപ്പോഴും ‘ദൃശ്യതാളം’ പ്രസിദ്ധീകരിക്കപ്പെട്ടു. അക്കാലത്ത് ഫെഡറേഷനെന്നാൽ ‘ദൃശ്യതാളം’ മാത്രമായി. സിനിമാ മോഹങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും തുടങ്ങുകയും അതിൽ കുടുങ്ങി ചിതറിപ്പോവുകയും ചെയ്ത ചെലവൂർ വേണുവിന്റെ ജീവിതം അവസാനം ഫിലിം സൊസൈറ്റി ഫെഡറേഷന്റെ അദ്ധ്യക്ഷനായും ദൃശ്യതാളം മാസികയുടെ പത്രാധിപരായും ഒരു വൃത്തം പൂർത്തീകരിക്കുകയായിരുന്നു.
ഫിലിം സൊസൈറ്റികളുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിനൊപ്പം സഞ്ചരിച്ച ചെലവൂർ വേണുവിനെപ്പോലെ മറ്റൊരാളെ ചൂണ്ടിക്കാണിക്കാനില്ല.ചെലവൂർ വേണുവിന്റെ ജീവിതചിത്രം ആലേഖനം ചെയ്യാൻ ശ്രമിക്കുമ്പോൾ അതോടൊപ്പം ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രത്തെ മാറ്റി നിർത്താനാവില്ല. ഒരുമിച്ചുള്ള ഒരു യാത്രയായിരുന്നു അത്. അങ്ങനെയൊരു താല്പര്യം അദ്ദേഹത്തെ കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കാൻ മുൻ കയ്യെടുക്കുമ്പോൾ ഫിലിം സൊസൈറ്റി ഫെഡറേഷന്റെയും ചലച്ചിത്ര അക്കാദമി യുടെയും മുന്നിലുണ്ടായിരുന്നിരിക്കണം. ‘ചെലവൂർ വേണു: ജീവിതം, കാലം’ (സംവിധാനം: ജയൻ മങ്ങാട്) എന്ന ഡോക്യുമെന്ററിയിൽ കോഴിക്കോടും അദ്ദേഹം നടന്നു തീർത്ത വഴികളുടെ വൈപുല്യവും ദൈർഘ്യവുമെല്ലാമുണ്ട്. സിനിമാ പ്രവർത്തകരും എഴുത്തുകാരും രാഷ്ട്രീയ പ്രവർത്തകരുമെല്ലാം അദ്ദേഹത്തെ ഹൃദ്യമായി അനുസ്മരിക്കുന്നു. ഗാന്ധിജി മരിച്ച വാർത്ത കേട്ട് ദുഃഖിതനായി വീട്ടിൽ തിരിച്ചെത്തിയ സ്വന്തം പിതാവിന്റെ ഓർമ്മയിൽ സിനിമ തുടങ്ങുകയും എൽ.സി.ഡി പ്രൊജക്ടറും ലാപ്പ് ടോപ്പുമുള്ള പുതിയകാല ഫിലിം സൊസൈറ്റി പ്രദർശനത്തിൽ അത് അവസാനിക്കുകയും ചെയ്യുന്നു. വിദൂരമായ ഒരു ഭൂതത്തിൽ തുടങ്ങി സമീപഭൂതത്തിൽ അവസാനിക്കുന്ന ദൃശാവിഷ്ക്കാരം സമഗ്രമെങ്കിലും ധാരാളം ഫിലിം സൊസൈറ്റികളെ പ്രചോദിപ്പിക്കുകയും അവയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്ത ചെലവൂർ വേണുവിന്റെയും അത്തരം ഫിലിം സൊസൈറ്റികളുടെയും ചരിത്രം അതിൽ രേഖപ്പെടുത്തപ്പെട്ടില്ല. അമ്പതു വർഷമാകാൻ പോകുന്ന മലപ്പുറത്തെ രശ്മി ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്തത് അദ്ദേഹമാണ്. കട്ടപ്പന(ഇടുക്കി)യിൽ കഠിന സാഹചര്യങ്ങളിൽ പ്രവർത്തിക്കുകയും നാല്പതിലേറെ വർഷങ്ങൾ പൂർത്തീകരിക്കുകയും ചെയ്ത ദർശന ഫിലിം സൊസൈറ്റിയുടെ രേഖപ്പെടുത്തിയ ചരിത്രം നമുക്ക് മുന്നിലുണ്ട്. കോഴിക്കോടു തന്നെയുള്ള ഒഡേസയുടെ ചരിത്രം വേറൊന്നാണ്.
ഓർമ്മയുടെ യന്ത്രം
കോഴിക്കോട്ടെ മിഠായിത്തെരുവിൽ നഗരത്തിരക്കിലേക്ക് നോക്കിയിരിക്കുന്ന എസ്.കെ പൊറ്റെക്കാടിന്റെ പ്രതിമയുണ്ട്. പൊറ്റെക്കാട് നിരന്തര സഞ്ചാരിയായിരുന്നെങ്കിലും കോഴിക്കോടായിരുന്നു എസ്.കെ.യുടെ സ്വന്തം നഗരം. ജോൺ എബ്രഹാം മരിച്ച നഗരവും കൂടിയാണ് കോഴിക്കോട്.

വേണുവിന്റെ കോഴിക്കോടിനെ കുറിച്ചുള്ള ഓർമ്മകളിലൊന്ന് കുട്ടിക്കാലത്ത് അമ്മാവനായ എസ്.കെ.പൊറ്റെക്കാടിന്റെ സൈക്കിളിന്റെ പിന്നിലിരുന്ന് കടൽ കാണാൻ പോയതാണ്. പിൽക്കാലത്ത് അദ്ദേഹം കോഴിക്കോടിന്റെ നഗരഹൃദയത്തിലൂടെ നിരന്തരം സഞ്ചരിച്ചു. കോഴിക്കോട് നഗരം തിളച്ചുമറിഞ്ഞത് ചെലവൂർ വേണുവിന്റെ അകത്തും പുറത്തുമായിരുന്നു. കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകൾ അദ്ദേഹമില്ലാതെ പൂർത്തിയായില്ല.അദ്ദേഹത്തിന്റെ ഓർമ്മകളിലൂടെ ഒരു പക്ഷേ നമുക്കപരിചിതമായ ആ കാലം തിരിച്ചു വരുന്നു. അദ്ദേഹത്തെ ഓർക്കുമ്പോൾ അപരിചിതമായ ആ കാലവും കൂടെയെത്തുന്നു. പലതരം യന്ത്ര സാക്ഷ്യങ്ങളിലൂടെ ആ ഓർമ്മകൾ തിരിച്ചെത്തുന്നു.
സിനിമ എന്ന ഓർമ്മയോടൊപ്പം പലതരം യന്ത്രങ്ങളും സന്ദർഭങ്ങളും കടന്നുവരും പോലെ ഫിലിം സൊസൈറ്റി കാലത്തെ കുറിച്ചുള്ള ഓർമ്മകൾക്കും സ്വന്തമായി ഒരു യന്ത്രമുണ്ട്. അതിന്റെ പ്രാരംഭകാലവും സുവർണ്ണകാലവും 16 എം.എം പ്രൊജക്ടർ എന്ന ഒരു യന്ത്രവുമായി ബന്ധപ്പെട്ടതാണ്.ഫിലിം സൊസൈറ്റികളുടെ ആയുധം എന്നാണ് അതിനെ വിശേഷിപ്പിക്കാറുള്ളത്. ഫിലിം സൊസൈറ്റി കാലത്തിന്റെ ആകെ പ്രതീകമായിരുന്നു 16.എം.എം പ്രൊജക്ടറുകൾ. അനലോഗ് കാലത്തിന്റെ ആ യന്ത്രത്തിന് കൈമാറാൻ കഴിയുന്നത്രയും ഓർമ്മകളൊന്നും സി.ഡി./ഡി.വി.ഡി. കാലത്തിന്റെ കൈവശമില്ല. ഫിലിം സൊസൈറ്റി പ്രവർത്തകർക്ക് അത് ഗൃഹാതുര സ്മരണകൾ നൽകുന്നു. ചെലവൂർ വേണുവിന്റെ സൊസൈറ്റിയും പിൽക്കാലത്ത് അത്തരമൊരു പ്രൊജക്ടർ സ്വന്തമാക്കി. മലപ്പുറം രശ്മി, കട്ടപ്പന ദർശന തുടങ്ങിയ മറ്റു ചില സൊസൈറ്റികൾക്കും അത്തരം യന്ത്രങ്ങൾ സ്വന്തമായുണ്ടായിരുന്നു. മറ്റുള്ളവർ അത് വാടകക്കെടുത്തു. ‘16.എം. എം: ഓർമ്മകളും മുന്നേറ്റങ്ങളും ഒരു യന്ത്രവും’ (16m.m:memories,movements & a machine/ K.R.Manoj) എന്ന് പേരിട്ട സിനിമ പ്രസ്തുത യന്ത്രമുത്പാദിപ്പിക്കുന്ന സ്മരണകളെ പിന്തുടരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെയാകെ വിചാരണക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്, ആ സിനിമ.
അനന്തരം ഇരുട്ടായി
‘അമ്മ അറിയാൻ’ എന്ന സിനിമയുടെ നിർമ്മാണത്തിനും പ്രദർശനങ്ങൾക്കുമൊപ്പം ചെലവൂർ വേണുവുമുണ്ടായിരുന്നു. അതിന്റെ ആദ്യ കാല പ്രദർശനങ്ങളെല്ലാം ഫിലിം സൊസൈറ്റികൾ വഴിയും 16.എം.എം. പ്രൊജക്ടർ ഉപയോഗിച്ചുമായിരുന്നു.സിനിമ അവസാനിക്കുന്നത് 16 എം.എം പ്രൊജക്ടർ ഉപയോഗിച്ചുള്ള ഒരു പ്രദർശനത്തിന്റെ ദൃശ്യത്തിലാണ്. അതേ സിനിമ തന്നെയാണ് സിനിമക്കകത്തും പുറത്തുമുള്ളവർ കാണുന്നത്. തങ്ങളഭിനയിച്ച ഒരു സിനിമയുടെ പ്രദർശനത്തിനുശേഷം അഭിനേതാക്കൾ പ്രേക്ഷകരായി പിരിഞ്ഞു പോകുന്നു. ആളുകളൊഴിഞ്ഞുപോയിട്ടും കറങ്ങിക്കൊണ്ടിരിക്കുന്ന പ്രൊജക്ടറിന്റെ ശബ്ദം കുറച്ചുനേരം കൂടി കേൾക്കാം. പിന്നീട് ഇരുട്ടു വ്യാപിക്കുന്നു.അത് ഫിലിം സൊസൈറ്റികളുടെ അനന്തരകാലത്തിന്റെ ഇരുട്ടായിരുന്നു.

പ്രൊജക്ടർ ലാമ്പിലെ വെളിച്ചം കെട്ടപ്പോൾ ആഗതമായ ഇരുട്ടിൽ നിന്ന് ഫിലിം സൊസൈറ്റികൾ പുറത്തു കടന്നുവോ? തൊണ്ണൂറുകളുടെ തുടക്കത്തിൽ പലവിളക്കുകളും അണഞ്ഞുപോയതിന്റെ ഇരുട്ട് ലോകമെങ്ങും പരക്കാൻ തുടങ്ങിയിരുന്നു. അനലോഗ് കാലത്തെ മറികടന്ന് ലോകം ഡിജിറ്റലാവാൻ തുടങ്ങി. ആധുനികതയുടെ ദ്വന്ദ്വ സമീപനം നിരാകരിക്കപ്പെട്ടു. ലോകം എല്ലാവർക്കും മുന്നിൽ കൂടുതൽ തുറന്നുകിട്ടി. പല അതിരുകളും ഇല്ലാതായ കൂട്ടത്തിൽ കലാസിനിമയും കച്ചവട സിനിമയും തമ്മിലുള്ള അതിരുകളും അദൃശ്യമായി. പ്രദർശനങ്ങൾക്ക് കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ ഉണ്ടായി. ടെലിവിഷൻ സ്ക്രീനുകൾ നിരന്ന ഗൃഹാന്തർഭാഗങ്ങളിൽ നിന്ന് ഇരുട്ട് മെല്ലെ പടിയിറങ്ങി.
ഈ കാലത്തെ പിന്തുടരാൻ ശ്രമിച്ചതാണ് പുതിയ നൂറ്റാണ്ടിലെ ഫിലിം സൊസൈറ്റികളുടെ ചരിത്രം. കേരളത്തിനു പുറത്ത് ഫിലിം സൊസൈറ്റി പ്രസ്ഥാനം നാമാവശേഷമായപ്പോഴും കേരളത്തിൽ നാമമാത്രമായെങ്കിലും അത് പിടിച്ചുനിൽക്കുന്നത് അവയുടെ അണയാൻ കൂട്ടാക്കാത്ത രാഷ്ട്രീയ ഉള്ളടക്കവും ചെലവൂർ വേണുവിനെ പോലുള്ള ചിലമനുഷ്യരുടെ സാന്നിദ്ധ്യവും നിതാന്തജാഗ്രതയും കാരണമാണ്. മാദ്ധ്യമ പ്രവർത്തകനും ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മളി’ലെ പ്രധാന നടനുമായ ശശികുമാർ ഒരു ‘പ്രതിഭാസ’മെന്നും ‘സാധാരണക്കാരനായ അസാധാരണ വ്യക്തി’ എന്നും വിശേഷിപ്പിക്കുന്ന ചെലവൂർ വേണു അവകാശവാദങ്ങളൊന്നുമില്ലാതെയും അടയാളങ്ങളധികം ബാക്കിവെക്കാതെയും കടന്നു പോയിരിക്കുന്നു.
റഫറൻസ്:
1. രവീന്ദ്രൻ/രവീന്ദ്രന്റെ തിരക്കഥകൾ
2. ഇ.ജെ.ജോസഫ്/ഒരു ഫിലിം സൊസൈറ്റിയുടെ സാംസ്കാരിക ജീവിതം
നല്ല ലേഖനം. വേണുവിൻ്റെ സാംസ്കാരിക ജീവിതത്തിൻ്റെ ഒരു ചെറു ചിത്രം കിട്ടി. സന്തോഷം.
രോഷ്‌നി സ്വപ്ന
പോളിഷ് കവിയായ സ്ബിഗ് ന്യൂ ഹെബർട്ടിനെക്കുറിച്ച് കെ.ജി.എസിന്റെ ഏതോ ഒരു പ്രഭാഷണത്തിൽ കേട്ട ഓർമ്മയുണ്ട്. പോളിഷ് കവിതയുടെ ആത്മാവിൽ ആണ്ടു കിടക്കുന്ന മാതൃഭൂമിയുടെ അടയാളങ്ങൾ...
രോഷ്‌നി സ്വപ്ന
വായിക്കാൻ വൈകിപ്പോയ കവിയാണ് ഡൈലൻ തോമസ് എന്ന് തോന്നിയിട്ടുണ്ട്. പലപ്പോഴും വായിച്ചു തിരിച്ചു വക്കാറാണ് ചെയ്തിട്ടുള്ളത്.പക്ഷെ ഈ വരികൾ ഈ കവിയിലേക്ക് എന്നെ കുടഞ്ഞിട്ടു.[I'm]a freak user of words, not a...
രോഷ്‌നി സ്വപ്ന
‘’കൂട്ടക്കൊല നടന്ന വീടിനു മുന്നിൽ വച്ചാണ്
ജനാധിപത്യം എന്താണെന്ന്
എനിക്ക് മനസിലായത് ‘’ - ധൂമിൽ
കവിതയെ മനുഷ്യന് വേണ്ടി കണ്ടെടുത്ത കവിയാണ് ചന്ദ്രകാന്ത്...
രോഷ്‌നി സ്വപ്ന
"Humanism is the only - I would go so far as saying the final- resistance we have against the inhuman practices and injustices that disfigure human history." - Edward W. Said
എഡ്വേർഡ് സെയ്ദിന്റെ പ്രതിരോധ സങ്കൽപ്പം ബഹുമുഖമായ ഒന്നായാണ് എഡ്വേർഡ് സെയ്ദിന്റെ പ്രതിരോധ...
രോഷ്‌നി സ്വപ്ന
സൂര്യനു കീഴെ, ഇലകളും പക്ഷികളും തിരിച്ചുവരും - പലസ്തീൻ കവി ഫദ് വാ തഖ് വാന്റെ കവിതകൾ
Resistance എന്ന വാക്കിന്റെ മൂലം തിരഞ്ഞു പോയപ്പോൾ ലാറ്റിൻ വാക്ക് ആയ Resistentia എന്ന...
രോഷ്‌നി സ്വപ്ന
"All history is a corridor of mirrors " - Dom Moraes ന്റെ "Where somethings are remembered എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ് ഈ വാക്യം. മനുഷ്യരെയും ഇടങ്ങളെയും തൊട്ടടുത്ത് പോയി നിന്നു കൊണ്ടു നിരീക്ഷിക്കുന്ന പുസ്തകമാണ്. സംഭാഷണങ്ങളും...
യു. നന്ദകുമാർ
മലയാള സിനിമ ഗാനങ്ങളിൽ പ്രണയം എക്കാലവും പ്രധാന വിഷയമായിരുന്നു. ദുഖവും വേർപാടുകളും ദാരിദ്ര്യവും ഭക്തിയും ഒക്കെയുണ്ടെങ്കിലും പ്രണയഗാനങ്ങൾക്കാണ് പ്രാമുഖ്യം. പ്രണയഗാനങ്ങളുടെ...
എ.ടി. മോഹൻരാജ്
ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട ആരാധനാസമ്പ്രദായമായ തെയ്യ (തിറ) ത്തിന്റെ ആഹാര്യശോഭയുടെ ഘടകങ്ങളിൽ ഏറെ പ്രാധാനുമുള്ള ചിത്ര വേലകളൂടെ സൂക്ഷ്തതകളെ പരിചയപ്പെടുത്തുകയാണ് ഡോ. വൈ. വി. കണ്ണൻ...
രോഷ്‌നി സ്വപ്ന
"A book is a garden, an orchard, a storehouse, a party, a company by the way, a counselor, a multitude of counselors" - Baudelaire
ഭാഷയെയോ ഭാഷയിലെ സ്വപ്നങ്ങളെയോ വാക്കുകളായും ചിലപ്പോൾ നിശബ്ദതയായും ആവാഹിച്ചെടുക്കുന്ന സമയത്തെ ഒരുപക്ഷേ കവിത...
രോഷ്‌നി സ്വപ്ന
"I want to live with myself
I want to enjoy the good that i owe to heaven alone....
Without witness
Free of love...."
Fray luis de leon എന്ന ഫ്രെഞ്ച് കവിയുടെ ഈ വരികൾ എഡ്ഗാർ അല്ലൻ പോ മന:പാഠമാക്കിയിരുന്നുവത്രേ. അദ്ദേഹം എഴുതുന്നു.
"എന്നെ സംബന്ധിച്ച്...
ഡോ.ടി.കെ അനിൽകുമാർ
യുദ്ധങ്ങളിലൊക്കെയും ആദ്യം ആക്രമിക്കപ്പെടുക സത്യത്തെയാണെന്ന് പറയാറുണ്ട്. സത്യം നിശ്ചലമാകുകയും നുണകൾ മനുഷ്യരെ തേടി വരികയും ചെയ്യും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അതിർത്തിയിൽ...
ഡോ.ടി.കെ അനിൽകുമാർ
മലയാള നാടകവേദിയെ ചലനാത്മകമാക്കിക്കൊണ്ട് ചെറുത്തുനില്പിന്റെ രാഷ്ട്രീയം പറയുന്ന നാടകമാണ് മാടൻമോക്ഷം. കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി വേദികളിൽ നിറഞ്ഞാടുകയാണ് ഈ നാടകം. ഇത്...
രോഷ്‌നി സ്വപ്ന
സീജ് ഫ്രൈഡ് സാസൂണിന്റെ കളക്ടഡ് പോയംസ് വായിച്ചത് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ വെച്ചാണ്. പൂതലിച്ച തവിട്ടു ചട്ടയിൽ നിന്ന് ഒരു ക്രൂരകാലത്തിന്റെ പൊടിക്കാറ്റ് വന്നു...
രോഷ്‌നി സ്വപ്ന
"I believe that
this war is being
deliberately
prolonged by those
who have the power to end it' - Siegfried Sasson
ഏറ്റവും സംഘർഷാത്മകമായ ജീവിതം നയിച്ചവർ ഇരുപതാം നൂറ്റാണ്ടിലെ കവികൾ ആണെന്ന് ടി പി രാജീവൻ ഒരിക്കൽ എഴുതിയത്...
ഡോ.ഷാജു നെല്ലായി
വരയുടെ തമ്പുരാക്കളെ ആഘോഷിക്കുന്ന കേരളത്തില്‍ സവർണ്ണ അധികാരാധീശത്വങ്ങളെ ധ്വനിപ്പിക്കുന്ന ബിംബങ്ങൾക്കും പ്രയോഗങ്ങൾക്കും പ്രിയമേറുന്നത് സ്വാഭാവികം. അതിനിടയില്‍, നമ്മുടെ രൂ...
ഡോ.ഷാജു നെല്ലായി
‘ആവിഷ്കരണത്തിലൂടെ സ്വയം വസ്തുവത്കൃതമാകാത്ത യാതൊന്നും അന്തർജ്ഞാനമല്ല’ - ബെനഡെറ്റോ ക്രോച്ചേ
ആവിഷ്കരിക്കുന്നതിലൂടെമാത്രമാണ് അന്തർജ്ഞാനം...
Supper