SUBSCRIBE


കവിതകൾ

or
Author


17th February | Issue 94

രണ്ടു കവിതകൾ



വാലന്റീന മെലണി



 

 

ഒരു പൂവൊരിക്കലും ഒരുപോലാവുന്നില്ല 

എന്റെ തലയ്ക്കു മുകളിൽ  മേഘങ്ങൾ കടന്നുപോകെ, 
ദിനങ്ങളും കടന്നുപോകുന്നു.
സമയസംഗീതത്തിൽ വർഷങ്ങൾ അലിയുന്നു.
എന്നെ തിരയേണ്ട. 
ഒരു പൂവൊരിക്കലും ഒരു പോലാവുന്നില്ല.
ഓരോ ദിനവും വ്യത്യസ്തമാണ്.
നിങ്ങൾ  ക്ഷീണിക്കും. 

 

എന്റെ ജീവിതവും അങ്ങനെ തന്നെ. 
പൂക്കാനായി ഞാൻ തിരിച്ചു വരില്ല.
എന്റെ ഇതളുകളിൽ നിന്ന് തേൻ ശേഖരിക്കാൻ 
തേനീച്ചകൾ വരില്ല.
ഒരു കൈയും  പൊടുന്നനെ എന്നെ കടന്നു പിടിക്കില്ല.
ഞാൻ വാടും. നിങ്ങളെന്നെ തിരിച്ചറിയില്ല.
നിങ്ങളെപ്പോഴും ഗൃഹാതുരത്വത്തിന്റെ ഇരുണ്ട പുഷ്‌പത്തെ
എന്നിൽ തിരഞ്ഞു കൊണ്ടിരിക്കും.

 

ആ പൂവിന്റെ വാസന സുനിശ്ചിതമാവില്ല.
കാഴ്ചയെ തെളിമയോടെ കാണിക്കാത്ത ഒരു ഓര്മ മാത്രം.
എന്നെ തേടരുത്. 
നിങ്ങളറിയാത്ത മരത്തിൽ നിന്നാണ് ഞാൻ വരുന്നത്.
ഞാൻ ഒരു അംശമല്ല, മുഴുവനുമാണ്.
നിങ്ങൾക്കെന്നെ വേണ്ട പോലെ കാണാൻ കഴിയില്ല.

 

പക്ഷെ...ഈ ഇലകളെ കാറ്റ് പറത്തിക്കൊണ്ട് പോകും.
അവയെ നിങ്ങൾക്കടുത്തു എത്തിക്കും.
നിങ്ങളവയെ കൈകളിൽ കോരിയെടുക്കുമ്പോൾ 
വാരിയെല്ലുകൾക്കിടയ്ക്കു എഴുതപ്പെട്ട 
കുഞ്ഞു കവിതകളെ വായിക്കാൻ മറക്കരുത്.
ഞാൻ അവയിലുണ്ട്.

 

 

പ്രായമായ പെൺകുട്ടി 

മഴയായിരിക്കും എന്റെ കണ്ണീരിനെ 
ചിന്താക്കുഴപ്പത്തിൽ ആക്കുക.
ഓരോ കാൽവെപ്പും സുനിശ്ചിതമല്ലെന്നു തോന്നും.
പ്രഭാതത്തിലെ മങ്ങിയ വെളിച്ചത്തെ
അന്തിമങ്ങൂഴമാണെന്നു ധരിക്കും.
സമയം നഷ്ടമായത് പോലിരിക്കും.

 

അല്ലെങ്കിൽ സമയത്തിനു എന്നെ നഷ്ടമായതുപോലെ - 
അതിനാൽ ഡിസംബറിലെ അവസാനനാളുകളിലെ
മണിക്കൂറുകളെപ്പറ്റി ഞാൻ നിശ്ചിന്തനായിരിക്കും.
തിരക്ക് കൂട്ടുന്ന നിമിഷത്തിന്റെ 
നിഷ്ക്രിയ മരണത്തിനുമുന്നിൽ ഞാൻ കുമ്പിടും 
അതിനാൽ മുമ്പില്ലാതിരുന്ന ആ ചുളിവിനെ 
ഞാൻ തേടുകയില്ല.

 

മുടിയിഴയുടെ വെള്ളനിറത്തിലും 
ഞാൻ ഹരിതമാവാൻ പോകുന്നു.
വിളറിയ മഞ്ഞിൽ പുതഞ്ഞ എല്ലാം 
രജതനിദ്രയിൽ കെട്ടുപിണഞ്ഞു ശയിക്കും...
ഞാനോ യാത്രയാകും  
നിശബ്ദമായി പ്രായം ചെന്നതായി
ഒരു കൊച്ചു പെണ്കുട്ടിയെപ്പോലെ 
ഞാനും നിദ്രയിൽ ആഴും.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 2

  • Mini Babu

    17/Feb/2022 [11:17-pm]

    Beautiful

  • valentina meloni

    17/Feb/2022 [04:05-pm]

    Heartfelt tanks, happy to see my poems in malayalam ! Valentina Meloni