SUBSCRIBE


കവിതകൾ

or
Author


28th September | Issue 178

രണ്ടു കവിതകൾ



ജി. ഹരി നീലഗിരി



 

 

കൊടിയേറ്റം

കൊടുങ്കാറ്റ് മുറിച്ചുയരും
കൊടികൾ..!
കൊടികളിതെല്ലാം വിണ്ണിൽ മാറ്റൊലികൊള്ളും സമരോൽസുക ഗാഥകൾ..!
കൊടികളുയർത്തീ കയ്യുകൾ...
പാറക്കല്ലുകൾ ചുമലേറ്റും കയ്യുകൾ...
അവരുടെ കരവിരുതാൽ തീർത്തൂ വീരേതിഹാസം മൊഴിയും കൊടികൾ...
കോടികൾകൊയ്യും ബ്രേസ്‌ലെറ്റ് കയ്യുകൾ 
പിന്നീടാക്കൊടികൾ സ്വന്തമാക്കീ...
ഞങ്ങളൊരുക്കിയ സ്വർണ്ണത്തറികളിലല്ലോ
ഇക്കൊടി നൂറ്റെന്നവരോതും
പേമാരിയിലാ കൊടികൾ കീറെ,
കണ്ണീരുപ്പാൽ കൊടികൾ നനയെ,
കൊടികീറിയ കയ്യുകൾ പറയും;
ഞങ്ങളുയർത്തീ ഇക്കൊടി!
നിങ്ങളഴിച്ചൂ ഇക്കൊടി..

 

IFFK-27

വിശ്വ മഹാകവിയുടെ സവിധത്തിൽ 
ഈ ശരത്കാലത്ത്
ആയിരം പൂക്കൾ
വിരിഞ്ഞു...
വെണ്മയുടെ വിശുദ്ധിയുമായ് മുല്ല.
അനന്തവർണ്ണങ്ങളിൽ റോസ്.
മജന്തയിൽ ലില്ലി.
ചുവന്ന ചെമ്പരത്തികൾ...
മധു വിടർത്തുന്ന ക്രൈസാന്തിമങ്ങൾ...
ഓർക്കിഡ്, തൊട്ടാവാടി, നിശാഗന്ധി, പാരിജാതം...

 

താമരക്കണ്ണിയെന്നും മത്തങ്ങാക്കണ്ണിയെന്നും
പരിഭാഷകളുള്ള കാക്റ്റസുകൾ...

 

പൂക്കളെക്കണ്ടമ്പരന്ന വംഗകവി 
ഒരു ചകോരമായി 
തന്റെ കൗമാരത്തിലേക്ക്‌ ചിറകുവിരിച്ചു പറന്നുപോയി

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.