മുള്ളുകൾ ചേർത്ത് തുന്നിയ
ഉടുപ്പഴിച്ചു.
ഉടലിൽ ഒളിച്ച മുറിവുകൾ
ചിരിച്ചു കൊണ്ടേയിരിക്കുന്നു.
ഭൂതകാലമൊരു പടുകിണറാണ്
കയറി വരുമ്പോൾ
ഉരഞ്ഞു തീരുന്നു തൊലി.
തൊലിയഴിക്കാൻ തോന്നി
അഴിച്ചില്ല
ജീവനെടുക്കാൻ തോന്നി
എടുത്തില്ലതോന്നിയതൊന്നും
ചെയ്തതല്ല ശീലം.
ഉടലും പോന്ന വേദനയെ
തീറ്റിയും പോറ്റിയുമേ വാഴ്‌വ്.
ഉടൽ ഒരൊഴുക്കൻ വാക്കാണ്
വേദന ഒരുശിരൻ മരവും.
നിലം തൊടുമ്പോൾ
നിവരാമെന്നു വെച്ചു
ആഴം,
അതിശയോക്തി നിറഞ്ഞ
ഒരു വാക്ക് പോലെ
താഴേക്കു തന്നെ വളരുന്നു.
ഭൂതകാലമൊരു പടുകിണറാണ്
വെച്ചു മാറാനാവുന്നില്ല
പാതാള ശൂന്യതയെ.
"...തോന്നിയതൊന്നും ചെയ്തല്ലശീലം ഉടലും പോന്നവേദനയെ തീറ്റിയും പോറ്റിയുമേ വാഴ്‌വ്..." അർത്ഥവത്തായ അകം പൊള്ളിക്കുന്ന വരികൾ.. തുടരുക....