

പൊയ്‌പ്പോയ ദിനങ്ങളുടെ
പൊടി, വിരൽപ്പാടുകൾ
പറ്റിപ്പിടിച്ചു നിറം കെട്ടു
മങ്ങിയതാണീ വാതിൽപ്പിടി.
പരുക്കൻ തുണിക്കീറാൽ
പതുക്കെ തുടക്കുമ്പോൾ
വെളുപ്പിൽ തെളിയുന്നു
മെഴുക്കിന്റെ പല രൂപം.
വിരുന്നു വന്നവർ, എന്നേക്കും
വിട്ടുപോയവർ, വെറുപ്പോടെ
വീണ്ടും തിരിച്ചെത്തിയ ചിലർ
വീട് തെറ്റി കയറിയൊരാൾ.
ക്ലാവ് പിടിച്ചൊരീ ലോഹ-
ക്കിരുകിരുപ്പിൽ നേർത്തു
കേൾക്കുന്നു ഉമ്മറക്കോലായ
താണ്ടിയ പഴയ കാലൊച്ചകൾ.
കൊള്ളപ്പലിശയുടെ നട്ടുച്ച
കടുംപിടുത്തത്തിൽ നിയമം
കലുഷമാക്കിയ സന്ധ്യകൾ
കളവിനുള്ള ശ്രമത്തിൽ പാതിര.
പണിസ്ഥലം, ആതുരാലയം
പലചരക്കു കട, മദ്യശാല
പട്ടണ പരിഭ്രാന്തികളെല്ലാം
പിന്നിട്ടെത്തിയ തളർച്ചകൾ
അടക്കൽ തുറക്കൽ ശ്രേണിയിൽ
ഉയർന്നു താഴുന്നു കാലം
ഇടമുറിഞ്ഞും പിന്നെ ചേർന്നും
നിലനില്പിന്റെ ശോകതാളം.
വൃത്തിയായോ? വിട്ടിരുന്നു
വാതിൽപ്പിടി നോക്കുന്നു ഞാൻ.
അറിയാതിരുന്നതു നൊടിനേരം
അബോധത്തിൽ തൊട്ടപോൽ
വിഭ്രമം പടരുന്ന കാഴ്ചയിൽ
വന്നുമായുന്നു പിച്ചളത്തിളക്കം.
താഴുന്നു താനെ വാതിൽപ്പിടി
എങ്ങുനിന്നോ നിഴൽ മിന്നായം
ഏതാണീ അരൂപി? എന്തിനെന്നിൽ
ചേർന്നു നിൽക്കുന്നു നീ മൂകം?
വ്യത്യസ്തമായ കവിത
നന്നായിട്ടുണ്ട് , നന്ദൻ