SUBSCRIBE


കവിതകൾ

or
Author


27th October | Issue 130

കടൽ വരയ്‌ക്കുന്നവൾ



മായ ചെമ്പകം



 

 

വൈകുന്നേരങ്ങളിൽ
ഞാനൊരു കടൽ വരയ്‌ക്കുന്നു 
തിരയും ചുഴിയുമുള്ളത്,
കലങ്ങിമമറിഞ്ഞു കറുത്തിരുണ്ട
ഒന്ന്,
തിരമാലകൾക്കുമീതെ
കൊള്ളിയാൻ വീഴുന്ന
ഒന്ന്,
തീരത്ത് നിൽക്കുമ്പോൾ
പതഞ്ഞുചിതറിയോടി വന്ന്
പാദങ്ങളിൽ ചുറ്റിപ്പിടിക്കുന്ന
ഒന്ന്,
വിദൂരത്തുനിന്നു കവിതയുടെ
ചിപ്പിയുമായി കടന്നുവരുന്ന
ഒന്ന്,  

നീലയും കറുപ്പും വെള്ളയും
ചാരക്കളറുംകൊണ്ട്
കടലിന് ഞാൻ നിറം
കൊടുത്തു കൊണ്ടേയിരിക്കുന്നു.
കടലപ്പോൾ പാറക്കെട്ടുകളിലേക്ക്
ചിതറിവീഴുന്നു.
ഒന്നിനുപിറകെ ഒന്നായി
തിരപ്പെയ്‌ത്തിൽ പൊട്ടിച്ചിരിക്കുന്നു.
ആഴങ്ങക്കടലിൽ നാദങ്ങൾ നിറച്ച
ഒരു ശംഖു തിരയുന്നു.
ഏതേതോ തീരങ്ങളിലേക്ക്
പിടഞ്ഞു വീഴുന്നു.
ഉരുണ്ടുപിടച്ച് വീണ്ടും കടലിലേക്ക്
ധൃതിപ്പെട്ടിറങ്ങിപ്പോകുന്നു.
പിന്നെയും പിന്നെയും 
മടങ്ങിയെത്തുന്നു.

മതിവരാതെ,
കടലിലേക്ക് ഒരു വാക്ക് കൂടി 
ഞാൻ വരച്ച‌ുചേർക്കുന്നു.
കടലൊരു കൂറ്റൻ തിരമാലയായി
അപ്പോളഴിഞ്ഞു വീഴുന്നു.
മണലിലേക്ക് തന്നെയൊന്നാകെ
എഴുതിവയ്‌ക്കുന്നു.
കടൽക്കാറ്റിൽ തീരങ്ങളിലേക്ക്
അവ പപടർന്നു പിടിക്കുന്നു.
അതിനിഗൂഢമായി
ഒരു കവിതയ‍ുള്ളിൽപ്പേറി
തിരിച്ച് പോകുന്നു .

തിരയിലേക്കിറങ്ങി നിൽക്കുന്ന
ഒരുവളെക്കൂടി ഞാൻ
വരച്ചു ചേർക്കുന്നു.
കടലൊന്നാകെയവളെ വന്ന‍ു
ചുറ്റിപ്പിടിക്കുന്നു, പയ്യാരം പറയുന്നു,
നനയ്‌ക്കുന്നു,
കരയുന്നു, ചിരിക്കുന്നു,
ആർത്തലയ്‌ക്കുന്നു, മെല്ലെ മെല്ലെ
അവൾക്കു ചുറ്റും
നനഞ്ഞൊഴുകുന്നു.
അവളപ്പോൾ കുനിഞ്ഞ് കടലിനെ
കൈക്കുമ്പിളിലെടുക്കുന്നു.
കടലവളിലേക്കിറക്കിവച്ചിട്ട്
തീരത്തവർ ഒരുമിച്ചിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 1

  • എൻബി സുരേഷ്

    28/Oct/2022 [11:33-am]

    മറുകടൽ