കാടിന്റെ
ഇരുൾബന്ധമഴിച്ച്
വെളിച്ചം
അലയുമൂരിൽ
കാല് വേയ്ക്കുന്നു
ഭയം നാറുന്നു.
ആദ്യമാണ്.
ചടച്ച
ആകാശ ചന്ദ്രൻ
വിശപ്പ് ശർദ്ദിക്കുന്നു.
ഉലയും ഇലപ്പൂവിൽ
നിലയ്ക്കുന്നൂ ശ്വാസം.
സഞ്ചാരത്തിനില്ല
വേഗം ഒരെറുമ്പിനോളം.
ഇന്നലെയാദ്യമായ്
മുല ചുരക്കും മുമ്പ്
ഇര കെടയ്ക്കാതെ
പല പകൽ കറുത്തിരുന്നു
പ്ലാശിൻ
ഇതൾ വിരിയിൽ
ഉറക്കം
തെന്നിയെത്തിയിരുന്നു
കാട്ടുനദിയിലെ
വെള്ളമൊരിറക്ക്
തൃപ്തിയായിരുന്നു
കാലി വയറ്റിൽ
വിശപ്പ്
സ്വകാര്യമായിരുന്നു.
പൊന്തം ചീനിയുടെ[i]
ചോട്ടിൽ തണുപ്പിൽ
സ്ഥൈര്യമുലയ്ക്കും
നോവിൽ പിടയ്ക്കേ
ഇരയുണ്ട നാൾ
രണ്ട് മുന്നെ.
പതിച്ചിയില്ലാപ്പേറിൽ
മയക്കത്തിലും കണ്ടു
മൂന്ന് മഞ്ഞയുടലുകൾ
നെഞ്ഞ് നിറഞ്ഞു.
രോമങ്ങൾ
വേർപ്പ് പൊതിയുന്നു
രാത്രിയിലെ വെട്ടത്തിൽ
കണ്ണ് പുളിയ്ക്കുന്നു.
അപരിചിതയിടങ്ങളിൽ
തല തിരിയുന്നു.
അടുത്തെങ്ങോ
ഉയരുന്നുണ്ട്
പച്ചമാംസച്ചൂര്
ഒരോലക്കൂട്
കുതറുന്നു
ശബ്ദിക്കുന്നു ഭയം
പ്രാണസങ്കടം.
ഒരു മഞ്ഞമിന്നലിൻ
നൃത്തം പോലെ ചാടി
തേറ്റ കുരുക്കി
വെള്ളരോമക്കഴുത്തിൽ
വീണ്ടെടുക്കപ്പെട്ട
മഹാശാന്തത.
തീറ്റ തൂക്കി
കാട് തേടുമ്പോൾ
ഞരമ്പിൽ
മക്കളെപ്പിരിഞ്ഞ
അമ്മദുഃഖം
ഗൃഹാതുരത്വം.
ഇരുട്ടിനെ കൊല്ലും
വെട്ടം കൂടുന്നോ?
ഉയരുന്നോ കലമ്പൽ
പുറകിൽ പല മനുഷ്യപ്പേച്ച്?
ഇരതൂക്കിയ ഇരയുടെ
വേഗം മുറുകുന്നു
കണ്ണിൽ പേടി
തുള്ളുന്നു
വന്ന വഴി തെറ്റുന്നു
ഗന്ധങ്ങൾ ചതിയ്ക്കുന്നു.
പിഴച്ച ചാട്ടം.
"ഇപ്പോൾ, വേഗ"മെന്നൊ-
രിരമ്പം മാത്രം
കാതിലൊരു
സൂചിക്കുത്തായ് ചെന്ന്
കേറുന്നു. പെട്ടെന്ന്
ഓർമ്മയുടയ്ക്കുമൊരു
മുഴക്കം പൊട്ടുന്നു.
പിന്നെയുമൊട്ടോടി-
യൊരു മഞ്ഞ നിഴൽ
മുടന്തി നിൽക്കുന്നു.
[i] പൊന്തം ചീനി - ഒരു കാട്ട് വൃക്ഷം
Valare bhangi yaayi chitreekarichchittunde kavi.