SUBSCRIBE


കവിതകൾ

or
Author


27th May | Issue 5

കവിതപിടുത്തം



എസ് കെ ജയദേവൻ


വര : ബിജു പുതുപ്പണം


1
കണ്ടെത്താനാവുന്നുണ്ടോ കവിതയെ
ഏറെക്കാലമായി തുടരുന്ന
വായന കണ്ട് സുഹൃത്ത് ചോദിച്ചു
"ദൂരെയായി കാണുന്നുണ്ട്
രാത്രിയാകുമ്പോൾ മാത്രം
അനേകം നക്ഷത്രങ്ങളിൽ ഒന്നു മാത്രമായി
കണ്ണെടുത്താൽ
പിന്നെ കണ്ടെടുക്കാനാവാതെ"

എന്നാൽ ഇനി കഷ്ടപ്പെടേണ്ട
ഞാൻ കെണിവച്ച് പിടിച്ചു തരാം
കെണിയിൽ
തേങ്ങാപ്പൂളിനു പകരം
രാത്രിയെ കൊളുത്തിയിടുക
എലിയെപ്പോലെ പതുങ്ങി നിലാവു വരും
പിറകേ മൗനം വരും
മൗനത്തിലേക്ക് മിന്നാമിനുങ്ങ് വെളിച്ചം കൊണ്ടുവരും
അപ്പോൾ കാണാം നിഴലഴിച്ചു വച്ച്
നിരുപമ പ്രവാഹമായി കവിത വരുന്നത്

പിന്നെ കാത്തു നിൽക്കരുത്
ഒറ്റച്ചാട്ടത്തിന് പിടിക്കണം
ഉടലടക്കം വേണം പിടി
മൂക്കുപൊത്തിപ്പിടിച്ചാൽ
ഒന്നു പിടയുമെന്നേയുള്ളൂ
അതാവും നല്ലത്
ഒരൂക്കിന് വലിച്ച് പെട്ടിയിലിട്ടേക്കണം

"ശരി?"

"ശരി"

2
പെട്ടിക്കകത്ത് കവിതയ്ക്ക് ശ്വാസം മുട്ടി

കവിതയെ കീഴടക്കിയതിനു ശേഷം
കവി വായന നിർത്തി
എഴുത്ത് വേണ്ടെന്നു വച്ചു
വലിയ കവികൾക്കു മുന്നിലൂടെ
മുണ്ടഴിച്ചിടാതെ പലവട്ടം നടന്നു
എൻ്റെ കൈയിലാണ് കവിത

വായനയും എഴുത്തും കിട്ടാതെ
കവിത ക്ഷീണിച്ചു
മുമ്പെഴുതിയിരുന്നതും വായിച്ചിരുന്നതും വച്ചാണ്
കൂടിനുള്ളിൽ ഇത്ര ദിവസവും തള്ളി നീക്കിയത്
അത് തീർന്നു
ഇന്ന് മരണം
എന്ന് തീർച്ചയാക്കി
കവിത കണ്ണടച്ചു കിടന്നു

സ്വാതന്ത്ര്യമായിരുന്നു ശ്വാസം
സത്യമായിരുന്നു തത്വശാസ്ത്രം
അതുള്ളിടങ്ങളിൽ പട്ടിണി കിടന്നാലും മരിക്കില്ല

മയക്കത്തിൽ കവിത ഒരു സ്വപ്നം കണ്ടു
മഞ്ഞിലും മരുഭൂവിലും
ചുറ്റിനടന്ന്
ഒരു തണൽ മരച്ചോട്ടിൽ വിശ്രമിക്കുകയായിരുന്നു
അപ്പോൾ
എവിടെ നിന്നെന്നറിയില്ല
വലിയ കല്ലുകൾ
കൂർത്ത കല്ലുകൾ
ചുറ്റിലും പതിക്കാൻ തുടങ്ങി
അവയുടെ എണ്ണം കൂടി വന്നു
എന്നാലൊന്നു പോലും
മേലേക്കു പതിച്ചില്ല
ഒന്നു പോലും മുറിവുണ്ടാക്കിയില്ല
കല്ലുകളുടെ വിടവിൽ
തണുപ്പിൽ
കവിത വീണ്ടും ഉറങ്ങി

കെണിയിലകപ്പെട്ടതോ
വിശന്നതോ
കവിതയ്ക്ക് പിന്നെ ഓർമ്മ വന്നില്ല
അത് മണ്ണിൽ നേർക്കാഴ്ചകളുടെ മണം പിടിക്കുകയും
രാത്രികളിൽ നക്ഷത്രങ്ങളുടെയിടയിൽ നിന്നും ഭൂമിയിലേക്കിറങ്ങി വന്ന
നിലാവ് കുടിച്ച്
എ അയ്യപ്പനെപ്പോലെ
ചുറ്റിക്കറങ്ങുകയും ചെയ്തു

അകപ്പെട്ട കെണി
തുരുമ്പിച്ച്
ഇപ്പൊഴും അവിടെ കാണാം
ചരിത്രാന്വേഷികൾ
ഗവേഷകർ
അത് തേടി വരുന്നതും
കാറുകളിൽ മടങ്ങിപ്പോകുന്നതും കാണാം.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.