SUBSCRIBE


കവിതകൾ

or
Author


3rd March | Issue 44

സോളോ സെക്സ്



കരുണാകരന്‍



“I could not take lightly the idea that people made love without me” Jean Genet – The Thief’s Journal

 

 

ബാല്‍ക്കണിയുടെ 

കിഴക്കേ മൂലയില്‍ ഞാത്തിയിട്ട 

കിളിക്കൂടിനു ചുറ്റും

 

വട്ടമിടുന്നു 

രാത്രിയും മറന്ന് നീ 

 

ഒരു നിശാശലഭം 

 

കൂട്ടിലുറങ്ങുന്നതൊരു  പക്ഷിയാണെന്നും  

ആദ്യം ആഫ്രിക്കയില്‍ നിന്നും പിന്നെ 

മെക്സിക്കൊവില്‍ നിന്നും 

പറന്നു വന്നതാണെന്നും 

 

അതിനിപ്പോള്‍ ഇരുപത്തിയൊന്നു തികഞ്ഞിട്ടേ ഉള്ളൂവെന്നും 

രണ്ടു യാത്രകളുടെ ക്ഷീണം രണ്ടു ഭൂഖണ്ഡങ്ങളുടെ മടുപ്പോടെ 

ഓരോ തുള്ളിയായി ഉറക്കത്തിലത് 

അവസാനിപ്പിക്കുകയാണെന്നും  

 

രാത്രിപോലും മറന്ന നിന്നോടു ഞാന്‍ പറയുന്നു:

നീ എത്ര ചെറിയ പക്ഷി!

രണ്ടു പൂക്കള്‍ക്കിടയില്‍  മണമായി ദൂരം ഞാത്തിയിട്ടവന്‍

കാറ്റിലാടുന്ന എന്റെ രാജ്യംപോലെത്തന്നെ.

ഞാനും പ്രണയത്തിലാകുന്ന നേരം നിന്റെ മണംപോലെ അത്ര  ചെറുത്‌! 

 

ആദ്യമായി കൂടെ ഉമ്മവെച്ചവള്‍, ഒരു നിമിഷം 

ആദ്യമായി കൂടെ അന്തിയുറങ്ങിയവള്‍, രണ്ടു നിമിഷം  

ആദ്യമായി കൂടെ നടന്നവള്‍, മൂന്ന് നിമിഷം 

ആദ്യമായി കൂടെ മറന്നവള്‍, പിന്നെയും മൂന്ന്  നിമിഷം 

 

അവിടെയെത്തുമ്പോള്‍ എന്നെത്തന്നെ ഉപേക്ഷിച്ച് 

ഞാന്‍ എന്റെ കൈകളില്‍ ചിതറിത്തെറിയ്ക്കുന്നു 

 

അതിവേഗം വറ്റുന്ന കണ്ണുകള്‍ ഇരുട്ടിലേക്ക് കൂമ്പുന്നു 

 

ഉറക്കത്തില്‍

മധുരപലഹാരങ്ങള്‍ നിറച്ച ചില്ലുപാത്രങ്ങളുമായി 

കുന്നുകയറുന്ന  വണ്ടിക്കു പിറകില്‍

ഒരിക്കല്‍ അച്ഛന്‍, അതിനും മുമ്പ് മുത്തച്ഛന്‍

അതിനുംമുമ്പ് മുത്തച്ഛനോടു മുത്തശ്ശി പാടിയ പാട്ട് 

ഞാന്‍ മൂളാന്‍ തുടങ്ങുന്നു 

 

ആണ്‍ ശലഭമേ, 

 

ഈ ബാല്‍ക്കണി ആ കുന്നിന്മുകളില്‍

പണി ചെയ്തിരിക്കുന്നു

അതേ പാട്ടുകൊണ്ട്. 

 

രണ്ടു യാതകളുടെ മടുപ്പ് 

തുള്ളിതുള്ളിയായി അവസാനിക്കുമ്പോള്‍ 

ഈ പക്ഷിയും കേള്‍ക്കാനിരിക്കുന്ന ഈ പാട്ടില്‍ 

ഇപ്പോള്‍ നമ്മള്‍ മൂന്നു പേര്‍

 

ഒറ്റയ്‌ക്കൊറ്റയ്ക്ക് 

മൂന്ന് നേരങ്ങള്‍. 

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.