ആ വഴി പോകുന്നതായി
മനസ്സിൽ ഇടക്കിടയ്ക്ക്
ചിന്തയുണ്ടാകും.
മറന്നു വെച്ച എന്തോ
തിരിച്ചെടുക്കാൻ.
അല്ലെങ്കിൽ ഏറ്റെടുത്ത്
പൂർത്തീകരിക്കാനാവാത്ത
ഏതോ ജോലി ചെയ്തു തീർക്കാൻ.
ഏതാണെങ്കിലും
ആ വഴിയുടെ ഓർമ്മ ഇങ്ങനെ മനസ്സിൽ ഇടക്കിടയ്ക്ക് കയറി വരും.
മൺവഴി.
വഴിയരികിൽ ചെങ്കല്ലു കൊണ്ട് തീർത്ത പഴഞ്ചൻ വീട്.
എപ്പോഴോ
വെള്ളം കുത്തിയൊലിച്ച് പാഞ്ഞു പോയതിന്റെ
പാടുകളുമായി
ഒരു തോട്.
അപാര വിജനത.
ഇപ്പോൾ
ആ വഴിയുടെ മുകളിൽ
ദശാബ്ദങ്ങളുടെ തേരോട്ടം കഴിഞ്ഞിരിക്കണം.
വെയിലെന്നോ
മഴയെന്നോ
പകലെന്നോ
രാത്രിയെന്നോ
ഭേദമില്ലാതെ
വേഗങ്ങളുരുണ്ടു
പോകുന്നുണ്ടാകും.
ഒരു പക്ഷേ നാട്ടിലെഏറ്റവും തിരക്കുപിടിച്ച വഴിയായി അത് മാറിയിട്ടുണ്ടാവും.
എങ്കിലും
ആ വിജനത
ഇപ്പോഴും ഇടക്കിടയ്ക്ക്
മനസ്സിൽ പൊന്തി വരാറുണ്ട്.
മരിച്ചു പോയ ഒരാൾ
തന്റെ പഴയ ജീവിതത്തെ
തിരിഞ്ഞു നോക്കുന്ന പോലെ :
അഥവാ, ജീവിച്ചു കൊണ്ടിരുന്ന ഏതൊരാളും
തന്റെ മരണത്തെ
തിരിച്ചറിയുന്ന പോലെ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.