SUBSCRIBE


നിരൂപണം / വിമർശനം

or
Author


21st April | Issue 103

പീഡാനുഭവത്തിന്റെ നരകകാലങ്ങൾ


അജീഷ് ജി. ദത്തൻ

മാർക്കോസിന്റെയും ഭാര്യ മേരിയുടെയും കുഞ്ഞുമകൾ സൗമ്യയുടെ മൃതദേഹവുമായി വെല്ലൂരിൽ നിന്നും കൂട്ടുകാർ ഒരുമിച്ചു നാട്ടിലേക്ക് തിരിക്കുന്നതാണ് നോവലിലെ വർത്തമാനകാലം. പലവഴിക്ക്, പലവിധ രോഗപീഢകളാൽ ഈ മൂന്ന് കുടുംബങ്ങളും വെല്ലൂരിലെത്തിച്ചേരുന്നു. അവിടെ അവർ വീണ്ടും കണ്ടുമുട്ടുന്നു. രോഗപീഢകളും സൗമ്യയുടെ മരണവും അവരെ വീണ്ടും ഒന്നിപ്പിക്കുന്നു.


'നിത്യസ്രവന്തിയായ കാലം കലങ്ങിമറിയുന്നു' എന്ന് തന്റെ ലേഖനത്തിന് ശീർഷകം നൽകുമ്പോൾ കാലത്തിന്റെ കാരുണ്യരഹിതമായ പ്രവാഹത്തെയാണ് കെ.പി അപ്പൻ തിരിച്ചറിഞ്ഞിരുന്നത്. മറ്റെല്ലാത്തിനു നേരെയും ക്രൂരമായ അവഗണന പ്രദർശിപ്പിച്ചു കാലം മുന്നോട്ട് പ്രവഹിച്ചുകൊണ്ടിരിക്കുന്നു. കാലത്തിന്റെ ഈ സ്വാതന്ത്ര്യത്തെ പിടിച്ചുകെട്ടാനാണ് മനുഷ്യർ കാലത്തെപ്പറ്റി പലവിധത്തിൽ ഭാവന ചെയ്യുകയും സ്വന്തം കാലദർശനം രൂപപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം എഴുതുന്നുണ്ട്. 

കലങ്ങിമറിഞ്ഞൊഴുകുന്ന ഈ കാലത്തിന്റെ കാരുണ്യരാഹിത്യത്തിൽ, ഭൂത-ഭാവി കാലത്തിന്റെ മൂർച്ചയേറിയ അമ്പുകൊണ്ട് മുറിവേറ്റ് പിടയാൻ വിധിക്കപ്പെട്ട കുറെ സാധാരണ മനുഷ്യരുടെ അസ്തിത്വദുഃഖങ്ങളാണ് തന്റെ ആദ്യനോവലായ 'അതിനുശേഷം രോഗി ലേപന'ത്തിലൂടെ ജോജോ ആന്റണി അവതരിപ്പിക്കുന്നത്. ഭൂതകാലത്തിന്റെ നിരന്തരമായ ഓർമ്മപ്രവാഹത്തിലൂടെ തന്റെ ആഖ്യാനകലാദർശനം നോവലിസ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നു. തുടക്കത്തിൽ നോവലിസ്റ്റ് ചേർക്കുന്ന വാചകങ്ങൾ നോവലിലേക്ക് കയറാനുള്ള നല്ല വഴിയാണ്. അതിങ്ങനെ: "പൂത്തു നിൽക്കുന്ന കാരമരത്തിന്റെ ചുവട്ടിൽ  ഒരു തഴപ്പായയിലിരുന്നു ന്യായാധിപൻ വിധി പറഞ്ഞു: നാല് ജന്മങ്ങളുടെ ദുരിതം ഒരു ജന്മത്തിൽ അനുഭവിക്കാനായി നിനക്ക് ഞാൻ തരുന്നു. അതിനാൽ നീ നാലായി വഴിപിരിയും. കൂടിനിന്ന ജനങ്ങളെ സാക്ഷിനിർത്തി അയാൾ ഇല്ലാതായി. പകരം, നരകം മണക്കുന്ന നാല്‌ ജീവിതങ്ങൾ ജന്മം കൊണ്ടു". നരകം മണക്കുന്ന ഈ നാല് ജീവിതങ്ങളെയാണ് തുടർന്ന് നോവലിസ്റ്റ് ആഖ്യാനം ചെയ്യുന്നത്. 

'പീഢകളുടെ പിറവിയും പീഢാനുഭവങ്ങളുടെ ഒടുക്കവും ദേവാലയങ്ങളിലാണ്. ഓരോ പിറവിയും മരണവും, ക്രമമൊട്ടുമില്ലാത്ത സമയത്തിന്റെ സുതാര്യമായ ഒരു നൂലിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു' എന്നെഴുതിക്കൊണ്ട് നോവലിന്റെ ആരംഭത്തിൽ തന്നെ ക്രൈസ്തവികമായ ഒരു ദാർശനികതലം എഴുത്തുകാരൻ സൃഷ്ടിക്കുന്നുണ്ട്. വസ്തുനിഷ്ഠമായ ഒന്നായി സമയത്തെ കാണുന്നില്ല ക്രൈസ്തവദർശനം. ഇതോടൊപ്പം തന്നെ പാപ- ശാപങ്ങൾക്കും വിധിക്കും നോവലിൽ കൈവരുന്ന വലിയ പ്രാധാന്യം, അല്ലെങ്കിൽ ആഖ്യാനത്തെ മുന്നോട്ടു നയിക്കുന്നത് തന്നെ ഇതാണ് എന്നു പറയാം. അവസാനഭാഗത്ത്‌ ശാപത്തിന്റെ പിന്നിലെ കഥ ദൃശ്യപ്പെടുന്നതിന് തൊട്ടുമുൻപ് സഹോദരനെ കൊന്ന ജ്യേഷ്ഠന്റെ  കഥ ഉല്പത്തി പുസ്തകത്തിൽ നിന്ന് നോവലിസ്റ്റ് ഉദ്ധരിക്കുന്നുണ്ട്: 

'നമുക്ക് വയലുകളിലേക്ക് പോകാം. ജ്യേഷ്ഠൻ അനുജനോട് പറഞ്ഞു. വയലിന്റെ ശ്യാമളതയെ സാക്ഷിനിർത്തി കടിഞ്ഞൂൽ സന്തതിയുടെ പ്രഹരത്തിൽ അനുജൻ ജീവൻ വെടിഞ്ഞു. പാതകത്തിനു ശേഷം, ഘാതകൻ, പറുദീസയ്ക്ക് കിഴക്കു ഭാഗത്തുള്ള നോഡ് എന്ന രാജ്യത്തേക്ക് പലായനം ചെയ്തു'. നോവലിലെ ശാപത്തിന്റെ ഏറ്റവും മികച്ച സൂചനയായി ഈ ആദിമാതൃക പ്രവർത്തിക്കുന്നുണ്ട്. നോവലിനെ മുന്നോട്ട് കൊണ്ടുപോകുന്ന ഈ ശാപഭൂതകാലം മരണമായും രോഗമായും ഇതിലെ മാർക്കോസിനെയും ജൂലിയസിനെയും രമേശനെയും ലൂയിസിനെയും അവരുടെ ഭാര്യമാരെയും മക്കളെയും പിന്തുടരുകയാണ്. ശാപത്തിന്റെ കാരണഭൂതയായ ത്രേസ്യ വല്യമ്മ പ്രേതസാന്നിധ്യം പോലെ രോഗപീഢകൾ തളം കെട്ടിക്കിടക്കുന്ന ആശുപത്രിയിടനാഴികളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. നാലു വ്യത്യസ്ത ശരീരങ്ങളെങ്കിലും ഒരേയാത്മാവിന്റെ ദുഃഖങ്ങളായി അവർ പാപത്തിന്റെ ശമ്പളം അനുഭവിക്കുന്നു.

മാർക്കോസിന്റെയും ഭാര്യ മേരിയുടെയും കുഞ്ഞുമകൾ സൗമ്യയുടെ മൃതദേഹവുമായി വെല്ലൂരിൽ നിന്നും കൂട്ടുകാർ ഒരുമിച്ചു നാട്ടിലേക്ക് തിരിക്കുന്നതാണ് നോവലിലെ വർത്തമാനകാലം. പലവഴിക്ക്, പലവിധ രോഗപീഢകളാൽ ഈ മൂന്ന് കുടുംബങ്ങളും വെല്ലൂരിലെത്തിച്ചേരുന്നു. അവിടെ അവർ വീണ്ടും കണ്ടുമുട്ടുന്നു. രോഗപീഢകളും സൗമ്യയുടെ മരണവും അവരെ വീണ്ടും ഒന്നിപ്പിക്കുന്നു. ത്രേസ്യയുടെ ശാപത്തിന്റെ ആദ്യ ഇര രമേശനാണ്. ഒരിക്കൽ തന്റെ വർക്ക്ഷോപ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന അയാൾ ഒരു വശം തളർന്ന് കിടപ്പിലാകുന്നു. കൂട്ടത്തിൽ ലൈംഗികമായ പാപബോധങ്ങളും രമേശനെ വേട്ടയാടുന്നു. രതിതൃഷ്‌ണ നിറഞ്ഞ അയാളുടെ ജീവിതം ആഖ്യാനത്തിൽ വളരെ മിതത്വത്തോടെ നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. 

കുഞ്ഞിന്റെ മരണം മൂന്നു സുഹൃത്തുക്കളും ചേർന്ന് രമേശനെ അറിയിക്കുന്നതോട് കൂടി ഭൂതകാലത്തിന്റെ ശാപഭാരത്തിലേക്ക്  അവർ എടുത്തെറിയപ്പെടുന്നു. ഭൂതകാലത്തിന്റെ ഓർമ്മഭാരത്തെ സ്വീകരിച്ചു കൊണ്ട് ഭാവിയെക്കൂടിയാണ് അവർ സ്വീകരിക്കുന്നത്. 'വിഷാദം കലർന്ന വാക്കുകളുടെ പെരുമഴ തലമുറകൾക്ക് മേൽ നിർത്താതെ പെയ്തുകൊണ്ടിരുന്നു' എന്ന നോവലിന്റെ അവസാനവാചകങ്ങൾ വായിക്കുമ്പോൾ കാലം ഒരു മുറിവും ഉണക്കുന്നില്ല എന്ന് എലിയട്ട് പറഞ്ഞത് ഓർമ്മവരും. 

കൊച്ചിയുടെ ഭൂമിശാസ്ത്രം പിന്തുടരുന്ന മറ്റു നോവലിസ്റ്റുകളുടെ തുടർച്ചയിൽ ജോജോ ആന്റണിയുമുണ്ട്. 'തീട്ടപ്പറമ്പുമുക്കി'ന്റെ വിശദമായ വർണ്ണനകൾ അതാണ് കാണിക്കുന്നത്. എങ്കിലും ഭൂതകാലത്തിന്റെ ഓർമ്മകളിലാണ് ആ ആഖ്യാനം രൂപപ്പെട്ടിരിക്കുന്നത്. വർത്തമാനത്തിലല്ല. ദിദറോ പറഞ്ഞപോലെ വർത്തമാനം ഒരു നേർത്തരാശി പോലെയാണ് നോവലിൽ നിലകൊള്ളുന്നത്. ഭൂത-വർത്തമാന- ഭാവികാലങ്ങളിൽ ഒരുപോലെ ജീവിക്കുവാൻ മനുഷ്യർക്കേ കഴിയുകയുള്ളൂ. ഇത് നേരിട്ട് തന്നെ നോവലിസ്റ്റ് ഒരിടത്ത് വിശദമാക്കുന്നത് നോക്കുക: 'ഇപ്പോൾ വർത്തമാനകാലം. ഭൂതത്തിനും ഭാവിക്കും ഇടയിൽ ഇക്വയ്റ്റർ പോലെ ഒരു സാങ്കൽപ്പികരേഖ. ഉണ്ടെന്ന് തിരിച്ചറിയും മുൻപ്, ഭൂതകാലത്തെയ്ക്ക് മറിഞ്ഞ് വീണു ഓർമ്മ മാത്രമാകുന്ന വർത്തമാന കാലം'.

ദുരന്തങ്ങളുടെയും രോഗപീഢകളുടെയും നരകകാലങ്ങളോടൊപ്പം തന്നെ കലങ്ങി മറിഞ്ഞ ഓർമ്മകളുടെ പെരുക്കങ്ങളും ഉപകഥകളായി നോവലിലുണ്ട്. ഓർമ്മയുടെ ഈ കദനഭാരത്തിന്റെ സൂചകങ്ങളായി നോവലിസ്റ്റ് എഴുതുന്നു: 'തിളച്ച വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ അറയ്ക്കുന്നത് വെള്ളത്തിന്റെ ചൂടിനെ പേടിച്ചല്ല; ചൂട് വെള്ളത്തിന്റെ ഓർമ്മയെപ്പേടിച്ചാണ്. ജീവിതത്തെ, സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോൽ വച്ച് അളന്നു നോക്കുമ്പോൾ, അനുഭവങ്ങൾ പോലും ഓർമ്മകളാകുന്നു. ഓർമ്മകളുമായുള്ള നിരന്തര സംവാദമാണ് ജീവിതം'. മറ്റൊരിടത്ത്, 'മറക്കുവാൻ മറന്നുപോയ മറവിയാണ് ഓർമ്മകൾ. മറവിയ്ക്ക് നഷ്ടം വന്ന ലാഭങ്ങളാണവ. മറവിയുടെ ബാക്കിപത്രം' എന്നും ഓർമ്മയെ അവതരിപ്പിക്കുന്നുണ്ട് എഴുത്തുകാരൻ. ഈ ഓർമ്മകളിൽ തീട്ടപ്പറമ്പുമുക്കിലെ ഓരോ മനുഷ്യരും ഓരോ കഥയായി പിറക്കുന്നു. ആത്യന്തികമായി രേഖീയമായ ഒരു കഥ പറഞ്ഞു പോകാതെ, ഇങ്ങനെ വ്യത്യസ്ത മനുഷ്യരുടെ ഓർമ്മകളായി, കഥകളുടെ കൊളാഷ് പോലെ ആഖ്യാനം വല നെയ്യുന്നു. അവിടെ, ജോസഫ് സാറിന്റെയും മറിയമ്മ ടീച്ചറിന്റെയും കഥ, പട്ടാളം തോമാസിന്റെ കച്ചവടം, എഡ്വേർഡിന്റെയും ഫ്ലോറിയുടെയും പ്രണയം, കല്ലുവെച്ചു വിഷചികിത്സ നടത്തുന്ന കന്യാസ്ത്രീ, ഇലക്ട്രീഷ്യനായ ജോബും കന്യാസ്ത്രീയായ ജെസീന്ത സിസ്റ്ററും തമ്മിലുള്ള പ്രണയം, കാരോത്തു തറവാട്ടിലെ പെൺവേട്ടക്കാരനായ ചീക്കുവിന്റെ ദുരന്തം, കരിപ്പായി വർഗ്ഗീസ് എന്ന ചട്ടമ്പിയും അയാളെ അടിച്ചു വീഴ്ത്തുന്ന കള്ള് ചെത്തുകാരൻ  ശശിയുടെയും കഥ, മൊസൈക്ക് കമ്പനി മുതലാളിയായ തമിഴന്റെ മകൾ ഗോമതി, നിഗൂഢമായ ആഴമുള്ള കൊക്കരണി നിരന്തരം സാന്നിദ്ധ്യം വഹിക്കുന്ന ദുരന്തങ്ങൾ...ഇങ്ങനെ അനേകം ഉപകഥാപാത്രങ്ങൾ,സംഭവങ്ങൾ.. അവരുടെ പ്രണയവും കാമവും പ്രതികാരവും ദുഃഖങ്ങളും സ്വപ്നങ്ങളും മരണവും ജീവിതവും ഭൂതകാലത്തിലെ ഓർമ്മകളുടെ നിത്യപ്രവാഹം പോലെ കലങ്ങി രേഖീയമായ കാലത്തെ തകിടം മറിക്കുന്നു.

ഓർമ്മകളുടെ വർത്തമാനകാലമെന്നും ഘടികാരത്തിന്റെ ഭ്രമണമെന്നും ഓരോ അധ്യായങ്ങൾക്ക് ശീർഷകം നൽകുന്നുണ്ട് നോവലിസ്റ്റ്. പലപ്പോഴും ആവർത്തിക്കുന്ന ഘടികാര സൂചനകൾ, ഓർമ്മകളുടെ ക്രമരഹിതമായ കൂടികലരൽ എന്നിവ ഈ എഴുത്തുകാരന്റെ ആഖ്യാനകലയുടെ മികവുറ്റ ഭാവപദ്ധതിയാണ്. ഘടികാര സമയത്തെപ്പറ്റിയുള്ള നേരിട്ടുള്ള പരാമർശം നോക്കുക: 'ഘടികാരത്തിലെ സൂചി, ഭൂമിയുടെ ഭ്രമണത്തിന് ഏതാണ്ട് തൊണ്ണൂറുഡിഗ്രിയിൽ ഒരു പ്രതലത്തിൽ മാത്രം ചലിക്കുന്നു. എങ്കിലും രണ്ടു സഞ്ചാരങ്ങളും സമയത്തെ, അതുവഴി ജീവിതത്തെയാണ് കാർന്നു തിന്നുന്നത്'. എഴുത്തുകാരുടെ കാലാനുഭവം എപ്പോഴും ജീവിതചിന്തയുടെ ഭാഗമാണ് എന്നതിനെ ഈ വിവരണവും ഉറപ്പിക്കുന്നു. ഓർമ്മകളുടെ എതിർസ്ഥാനത്ത് വർത്തമാന- ഭാവികാലങ്ങളുടെ യാഥാർഥ്യത്തിലേക്ക് എത്താനും ഈ ഘടികാരസൂചകം ഉപയോഗിക്കുന്നതായി കാണാം. രോഗാവസ്ഥയിൽ കിടക്കുന്ന ജൂലിയസ്സിന്റെ അവതരണം നോക്കുക: ' അയാളുടെ തലച്ചോറിനുള്ളിൽ പൊടുന്നനെ നിറഞ്ഞ ചൂടിന്  ഇടതുചെവിയിൽ മാത്രം നല്ല തണുപ്പ്. എന്തുകൊണ്ടെന്നറിയാതെ മാറിപ്പോയ ലോകം. തലയുയർത്തി നോക്കുമ്പോൾ നേരെ എതിരെ, മതിലിൽ ഞാത്തിയിരുന്ന ഘടികാരം പെട്ടന്ന് വലത്തോട്ട്, പിന്നെ വീണ്ടും വലത്തോട്ട്'..


ജോജോ ആന്റണി

നിത്യമായ കാലത്തെപ്പറ്റി, അനന്തമായ പ്രപഞ്ചത്തെപ്പറ്റിയുള്ള സൂചനകൾ വരുന്ന ഒരു വിവരണം നോക്കുക: 'നമ്മുടെ പടിഞ്ഞാറിന് നമ്മളും നമ്മുടെ കിഴക്കും കിഴക്കാണ്. അങ്ങനെ ആരുടെയൊക്കെയോ കിഴക്കായി പോകുന്ന നമ്മൾ നമ്മുടെ കിഴക്കിന്‌ പക്ഷെ, പടിഞ്ഞാറ്. ഭൂമിയുടെ പ്രദേശികത്വത്തിനപ്പുറം പ്രപഞ്ചം അനന്തമായി വിഹരിക്കുന്നു. ആ അനന്തതയിൽ കിഴക്കു പടിഞ്ഞാറുകളില്ല, സഹിക്കാനാകാത്ത ഒരു തണുപ്പ് മാത്രം'. രേഖീയമായ കാലത്തെ മറികടക്കുന്ന, കൃത്യമായ ഉത്തരങ്ങളില്ലാത്ത, സ്ഥിരനിലകളെ പുൽകാത്ത ഒരു പ്രപഞ്ചബോധമാണ് ഈ നോവലിസ്റ്റ് പ്രകടിപ്പിക്കുന്നത് എന്നു തോന്നുന്നു. എന്തായാലും ഓർമ്മകളുടെ പെരുംപ്രവാഹം കൊണ്ട് ആഖ്യാനകല രൂപപ്പെടുത്തുന്ന ഈ നോവലിസ്റ്റ്, തന്റെ കഥാപാത്രങ്ങളിലൂടെ രോഗീ ലേപനത്തിന്റെ നരകകാലത്തിലേക്ക് വായനക്കാരെ  ക്ഷണിക്കുന്നു.



പൊതുഭാഷയെ പുറത്തു നിർത്തുന്ന പുതുഭാവന


ദേവേശൻ പേരൂർ

ഉള്ളിൽ തുടിക്കുന്ന ആത്മരോഷത്തിന്റെയോ, കരളിൽ വിതുമ്പുന്ന നഷ്ടസ്വപ്നങ്ങളുടെയോ, ഹൃദയം കവിയുന്ന കഠിന കാമനകളുടേയോ ഭാവാത്‌മകമായ ദീപ്തിയാണ് കവിത. ചിലപ്പോഴത് പൊള്ളിക്കുന്ന തീയാവും, വേറെ...

+


'ഇലകളെ വായിക്കുന്ന പുഴുക്കളെ ആരു തടയുന്നു'


ആര്‍. ചന്ദ്രബോസ്

'മഞ്ഞ് വരുന്നു
കിളികൾ മഞ്ഞിന്റെ വക്കത്തിരിക്കുന്നു
മഴ വരുന്നു
തുള്ളികളിലൂടെ കൊക്കു നീട്ടുന്നു
വേനൽ വരുന്നു
മരത്തിന് അടയിരിക്കുന്നു
പാട്ടുകൾ വിതയ്ക്കുന്നു
സന്തോഷം...

+


കവിതയുടെ മുറ്റത്തെ പേരമരം


സരൂപ

ആശ ബി.യുടെ 'മാംസ നിബദ്ധം' എന്ന കാവ്യസമാഹാരത്തിലെ കവിതകളിൽ ആദ്യം കണ്ടുമുട്ടിയത് ഒരു പെൺകുട്ടിയെയാണ്.  അവൾക്ക് പ്രായം ഇല്ല, പേരില്ല, നിറമില്ല, രൂപത്തെപ്പറ്റിയും കവി ഒന്നും പറയുന്നില്ല. ...

+


വെയിലും മഴയും: ലെനിൻ സിനിമകളുടെ ദൃശ്യഭൂപടങ്ങൾ


രാജേഷ് എം. ആര്‍.

മലയാള സിനിമയെ പ്രത്യയശാസ്ത്രപരമായി ജനകീയവത്കരിച്ച സംവിധായകരിൽ ഒരാളാണ് ലെനിൻ രാജേന്ദ്രൻ. പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും ദൃശ്യസൗന്ദര്യശാസ്ത്രത്തിൽ നവീനതയുണ്ടാക്കി,...

+


ഉടൽക്ഷോഭം


ദേവേശൻ പേരൂർ

ആണിനെ മോഹിപ്പിക്കുന്ന ഉടൽ രൂപമാണ് മലയാളകവിതയിലെന്നും പെൺ സ്വരൂപം. ആശാൻ , ആറ്റൂർ തുടങ്ങിയ അല്പം ചിലരുടെ കവിതകളെ മാറ്റി നിർത്തിയാൽ കാണാം മദിപ്പിക്കുന്ന ഉടൽസ്വരൂപമായെത്തുന്ന ...

+


ഗോബരഹ: മനുഷ്യാന്തസ്സിന്റെ ഗോൾഡൻ ഡക്ക്


നിഷ അനില്‍കുമാര്‍

വേൾഡ് കപ്പിൽ ഇന്ത്യ ഓസ്ട്രേലിയയോടു തോറ്റതിന്റെ പിറ്റേന്നാണ് ഗോബരഹ എന്ന നോവൽ എന്റെ കൈയിൽ കിട്ടുന്നത്. വെളുത്തവന്റെ കളി  നമ്മുടേത് കൂടിയായ ചരിത്രത്തിന് എത്ര പഴക്കമുണ്ടെന്ന്...

+


കാവ്യകാന്താരത്തിലെ ഒറ്റയാൻ


ബാലകൃഷ്ണൻ മൊകേരി

ജീവി എന്ന സംജ്ഞ സൂചിപ്പിക്കുന്നത് ജീവനുള്ളത് എന്നാണല്ലോ. ജീവനില്ലാത്തതിനെ മരിച്ചത് എന്നും അടയാളപ്പെടുത്തുന്നു. മറ്റെല്ലാ ജീവജാലങ്ങളും ഒരുപക്ഷേ, ഈ രണ്ടവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ...

+


മലയാള സാഹിത്യ വിമർശന ചരിത്രത്തിന്റെ തിരുത്തിയെഴുത്ത്


എ.ടി. മോഹൻരാജ്

മാർക്സിയൻ കലാവിമർശനാശയങ്ങളെ മലയാള സാഹിത്യവിമർശനത്തിൽ സർഗ്ഗാത്മകമായി പ്രയോഗിക്കുന്ന വിമർശകനാണ് ഡോ. എസ്. എസ്. ശ്രീകുമാർ. ഔദ്യോഗികമായ പുരോഗമന സാഹിത്യവിമർശന സമീപനങ്ങളോട്...

+


വിശുദ്ധ ഇന്ത്യൻ മതപ്പാടുകൾ


ശ്യാം സോർബ

"ആചാരങ്ങളുടെ പേരിൽ മാംസകമ്പോളത്തിലേക്ക് വലിച്ചെറിയപ്പെട്ട ജീവിതങ്ങൾ" - അരുൺ എഴുത്തച്ഛൻ തന്റെ 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ' എന്ന പുസ്തകത്തിന്റെ കവർ പേജിൽ ഇങ്ങനെ...

+


മരണം പുളയ്ക്കുന്ന ജലാശയങ്ങൾ


ടി. റെജി

ഞാനൊരു ശുഭ വിശ്വാസിയല്ല, ദുരന്തത്തിലാണ് എനിക്ക് വിശ്വാസം" - ടി.പി രാജീവൻ

ദുരന്തത്തിന്റെ അതിർത്തി രേഖകൾ മരണം കൊണ്ടോ, മരണത്തോളം പോന്ന ദുരിതങ്ങൾ കൊണ്ടോ...

+


'ദലിത' - സമകാലിക കേരളീയ സമൂഹത്തിലെ ദലിതാവസ്ഥകൾ


വിപിൻ വി

കേരളം വിദ്യാഭ്യാസ-സാംസ്കാരിക-സാമൂഹിക മേഖലകളിൽ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും ജാതി ബോധവും ജാതി വിവേചനവും വർധിച്ചു വരുന്നുവെന്നത് യാഥാർത്ഥ്യമാണ്. ജാതിവിവേചനത്തിന്റെ...

+


ഉടലാഴങ്ങളുടെ പിടച്ചിലുകൾ


സുരേഷ് പനങ്ങാട്

നാട്ടിൻപുറത്തിന്റെ കഥാകാരൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന കഥാകൃത്താണ് ഇളവൂർ ശശി. ഏതാണ്ട് മിക്ക കഥകളുടേയും ഭൂമികകളും, കഥാപാത്രങ്ങളും, പ്രമേയവും നാട്ടിൻപുറജീവിതവുമായി പ്രത്യക്ഷമായോ...

+


പ്രതിരോധത്തിന്റെ പെട്ടകങ്ങൾ


അജേഷ് പി.

ഫതം (വേലിയിറക്കം) അവസാനിച്ചെന്നു തോന്നുന്നു. കടൽ പതുക്കെ കയറി വരാൻ തുടങ്ങിയിട്ടുണ്ട്. ബിയ്യാശ കഥ പറയാനിരുന്നു കേൾക്കാൻ മാസ്റ്റും ( മാസ്റ്റർ) കൂടെ നമ്മളും .....

മംഗലാപുരത്തെ...

+


ഉടലിന്റെ കടൽ ചുഴിയിലേക്ക് കവിതയുടെ കപ്പൽ ചലിക്കുന്നു


മുർശിദ് ബത്തേരി

"കാമലീലയിൽ മതിമറന്നിരിക്കുന്ന ക്രൗഞ്ച യുഗ്മത്തിൽ ഒന്നിനെ കൊന്നതിനാൽ നീ അധികനാൾ ജീവിച്ചിരിക്കുകയില്ല... താനറിയാതെ പുറപ്പെട്ടതും തന്ത്രീലയ സമന്വിതവും സമാക്ഷരപദനിബദ്ധവുമായ ഈ വാങ്മയം...

+


ഇഞ്ചുറി ടൈം: അതിജീവിത കവിതകളിലെ പ്രതിബിംബിത യാഥാർഥ്യങ്ങൾ


കസ്തൂരി ഭായി

പോൾ റിക്കോർ (Paul Ricoeur) എന്ന തത്ത്വചിന്തകൻ കവിതയെപ്പറ്റി പറഞ്ഞിട്ടുള്ളതിന്റെ ചുരുക്കം ഇങ്ങനെ പറയാമെന്ന് കരുതുന്നു.  " ഏറ്റവും ഉചിതവും നൂതനവുമായ 'പ്രതീകങ്ങളും, ബിംബങ്ങളും കവിതയിലൂടെ...

+


മനുഷ്യൻ ഒരു ഗോത്രവർഗ മൃഗമാണ്


ഷിനു സുകുമാരൻ

ഇരു എന്ന നോവൽ ഒരു സാമൂഹ്യ സൃഷ്ടിയാണെന്ന് എഴുത്തുകാരനായ വി ഷിനിലാൽ തന്നെ ഒരു സൗഹൃദ സദസിൽ അടിവരയിട്ട് പറഞ്ഞതോർമിച്ചുകൊണ്ടാണ് ഞാനീ കുറിപ്പ് ആരംഭിക്കുന്നത്. ആയിരക്കണക്കിന് മനുഷ്യരുടെ...

+