“In the field of behavioural economics, neoliberalism allows that human behaviour often deviates from the model of Homo economicus. The deviations considered, however, focus on the ways in...
നവോത്ഥാനകാല കഥാകൃത്തുകൾക്ക് ശേഷമുള്ള തലമുറയിൽപ്പെട്ടവരുടെ, വിശപ്പ് പ്രമേയമായ, തെരഞ്ഞെടുത്ത കഥകളും, സമകാലികകഥയിൽ വിശപ്പിനെ ആവിഷ്‌കരിച്ച ഇ. സന്തോഷ് കുമാറിന്റെ 'മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ' എന്ന കഥയുമാണ് ഈ ലേഖനത്തിൽ പഠനവിധേയമാക്കുന്നത്. നവോത്ഥാനാനന്തര കഥകളിൽ നിന്ന് വ്യത്യസ്തമായി ആധുനികോത്തര കഥയിൽ വിശപ്പ് എങ്ങനെ ആവിഷ്‌കൃതമായിരിക്കുന്നു എന്ന അന്വേഷണമാണിത്.
നവോത്ഥാന കാലകഥകൾ തൊട്ടാണ് മലയാള കഥാസാഹിത്യത്തിൽ ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങൾ പ്രമേയമായി വരുന്നത്. തകഴിയും, ദേവും, കാരൂരും, ബഷീറുമെല്ലാം അക്കാലത്തെ കേരളീയ ജീവിതത്തിന്റെ നേർ ചിത്രങ്ങൾ തങ്ങളുടെ രചനകളിൽ ആവിഷ്‌കരിച്ചു. പുരോഗമന സാഹിത്യപ്രസ്ഥാനം ശക്തിയാർജ്ജിച്ച കാലഘട്ടം കൂടിയായിരുന്നു അത്. ദാരിദ്ര്യം, വിശപ്പ്, രോഗങ്ങൾ, ഏകാന്തത, അനാഥത്വം, കടഭാരം തുടങ്ങി ദുസ്സഹമായ ജീവിതാവസ്ഥകൾ ഈ കാലഘട്ടത്തിലെ മലയാള സാഹിത്യത്തിൽ ആവിഷ്‌കരിക്കപ്പെട്ടു. ദാരിദ്ര്യദുഃഖം ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകളും ചെറുകഥകളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. നവോത്ഥാനകാല ചെറുകഥകളിലാണ് ജീവിതത്തെ പച്ചയായി ആവിഷ്‌കരിച്ചു തുടങ്ങിയത്. വിശപ്പ് പ്രമേയമായ ധാരാളം കഥകൾ നവോത്ഥാനകാലകഥകളിലുണ്ട്. ബഷീറിന്റെ ജന്മദിനവും, കാരൂരിന്റെ പൊതിച്ചോറും, കേശവദേവിന്റെ കൂൾഡ്രിംഗ്‌സും പോലുള്ള അനവധി കഥകൾ ഉദാഹരണങ്ങൾ ആയുണ്ട്. കാരൂരിന്റെ അദ്ധ്യാപക കഥകളെല്ലാം തന്നെ അവരുടെ കുടുംബത്തിന്റെ വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും കഥകൾ കൂടിയാണ്. നവോത്ഥാനകാല കഥാകൃത്തുകൾക്ക് ശേഷമുള്ള തലമുറയിൽപ്പെട്ട പ്രമേയമായ തെരഞ്ഞെടുത്ത കഥകളും, സമകാലികകഥയിൽ വിശപ്പിനെ ആവിഷ്‌കരിച്ച ഇ. സന്തോഷ് കുമാറിന്റെ 'മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ' എന്ന കഥയുമാണ് ഈ ലേഖനത്തിൽ പഠനവിധേയമാക്കുന്നത്. നവോത്ഥാനാനന്തര കഥകളിൽ നിന്ന് വ്യത്യസ്തമായി ആധുനികോത്തര കഥയിൽ വിശപ്പ് എങ്ങനെ ആവിഷ്‌കൃതമായിരിക്കുന്നു എന്ന അന്വേഷണമാണിത്.
കോവിലന്റെ 'റ', 'എന്ന'കഥയാണ് ഇവിടെ ആദ്യം വിശകലനം ചെയ്യുന്നത്. വിശപ്പ് ഏറ്റവും അടിസ്ഥാനപരമായ വികാരമാണ്. മുതിർന്ന മനുഷ്യർ വിശപ്പ് അടിച്ചമർത്താൻ കുറച്ചെങ്കിലും സാധിക്കുന്നവരാണ്. എന്നാൽ കുട്ടികളാകട്ടെ വിശപ്പ് സഹിക്കാൻ തീരെ സാധിക്കാത്തവരാണ്. അതിനാൽ വിശപ്പ് പ്രമേയമായ കോവിലന്റെ 'റ'യിലും, 'പായസ'ത്തിലും കുട്ടികൾ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങൾ, 'റ' എന്ന കഥയിലെ പ്രധാനകഥാപാത്രം ബാജി എന്ന കുട്ടിയാണ്. അവന്റെ അച്ഛൻ കൂലിപ്പണിക്കാരനാണ്. അയാൾക്ക് സുഖമില്ലാത്തതിനാൽ ജോലിക്കു പോകാൻ കഴിയുന്നില്ല. അച്ഛൻ ജോലിക്കു പോയിരുന്നപ്പോൾ അവന് ചോറും, കൂട്ടാനും, കപ്പയും കാപ്പിയും കിട്ടുമായിരുന്നു. എന്നാൽ അച്ഛൻ കിട്ടപ്പിലായതോടെ അതെല്ലാം ഇല്ലാതായി. അമ്മ പണിക്കു പോയാൽ കിട്ടുന്നത് പഴകിയ എച്ചിൽ ഭക്ഷണം മാത്രമാണ്. അവന്റെ അമ്മ ആ വിഷം തിന്നിട്ടും മരിച്ചു പോയില്ല എന്നാണ് കഥയിൽ ഉള്ളത്. എന്നാൽ മരിച്ചാൽ മതിയെന്നായിരുന്നു ബാജിയുടെ അമ്മയുടെ ആഗ്രഹം ''മരിച്ചു പോയാൽ, മനുഷ്യൻ പിന്നെ വിശപ്പറിയില്ല.'' വിശപ്പിന്റെ തീവ്രതയെ അനുഭവിപ്പിക്കാൻ കോവിലൻ ഉപയോഗിച്ചിരിക്കുന്നത് ശക്തമായ ഈ വാക്യമാണ്. പട്ടിണി കിടന്ന് നരകിക്കുന്നതിനേക്കാൾ ഭേദം മരണം തന്നെയെന്ന സാമാന്യ ബോധത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സ്‌കൂളിൽ ഉപ്പുമാവ് കൊടുത്തു തുടങ്ങുന്ന ദിവസമായതിനാൽ അമ്മ ബാജിക്ക് കുഞ്ഞിച്ചട്ടി കഴുകി കൊടുത്തുവിടുന്നു. പള്ളിക്കൂടത്തിൽ പഠിക്കുന്ന 'റ' എന്ന അക്ഷരത്തിനും അവന്റെ കമിഴ്ന്നു കിടക്കുന്ന കുഞ്ഞിച്ചട്ടിയ്ക്കും 'റ'യുടെ ആകൃതിയായിരുന്നു. ''ഒരു റായുടെ ഉള്ളിൽ അവന്റെ ജീവിതം തുടങ്ങുന്നു. അതേ റായ്ക്കുള്ളിൽ ആ ജീവിതം അവസാനിക്കുന്നു.''ഇവിടെ 'റ' എന്നത് കൊണ്ട് സൂചിപ്പിക്കപ്പെടുന്നത് വിശപ്പ് തന്നെയാണ്. ആഹാരം ഒന്നും കഴിക്കാത്ത ബാജി ക്ഷീണിതൻ ആയി തളർന്നിരിക്കുകയാണ്. അപ്പോഴാണ് അന്ന് ഉപ്പുമാവ് വിതരണം നടക്കാത്തതിനെ കുറിച്ച് ടീച്ചർ ഓർക്കുന്നത്. ശമ്പള പരിഷ്‌കരണത്തെ തുടർന്നുള്ള ഓപ്ഷൻ ഡേറ്റിന്റെയും, അരിയറിന്റെയും ബഹളം ആയിരുന്നു സ്‌കൂൾ ഓഫീസിൽ. അതിനിടയിൽ കുട്ടികൾക്ക് ഉപ്പുമാവ് നൽകേണ്ട കാര്യം ഓർത്തതു പോലുമില്ല.
കോവിലൻ
ബാജിയുടെ വിശപ്പ് മാത്രമല്ല, കാരൂർക്കഥകളിലെന്ന പോലെ ടീച്ചറുടെ ദാരിദ്ര്യവും കഥയിൽ സൂചിതമാകുന്നുണ്ട്. ശമ്പളപരിഷ്‌കരണമുണ്ടാകുമ്പോൾ അരിയർ കിട്ടുമെന്ന് പറഞ്ഞ് താൻ നെല്ല് കടം വാങ്ങിയ കാര്യവും, കിട്ടാൻ പോകുന്ന അരിയർ കുറവായതിനാൽ കടം വീട്ടാൻ നിവൃത്തിയില്ലാത്തതും ഓർത്ത് ടീച്ചർ കണ്ണീരൊപ്പുന്ന രംഗം കഥയിലുണ്ട് ഇത്തരത്തിൽ വിശപ്പ് എന്നത് ഇവിടെ സാമൂഹ്യവത്കരിക്കപ്പെടുന്നു. കൂലിപ്പണിക്കാരന്റെ മകനും, വിദ്യാലയത്തിലെ അദ്ധ്യാപികയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ വിശപ്പ് എന്ന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നു എന്നാണ് 'റ' എന്ന കഥ പറയുന്നത്. അട്ടപ്പാടി പോലുള്ള ആദിവാസിക്കോളനികൾ ഉള്ള സ്ഥലത്ത് പട്ടിണി മരണങ്ങൾ ഇപ്പോഴുമുണ്ടാകുന്നതായി പത്രവാർത്തകൾ സൂചിപ്പിക്കുന്നുണ്ട്. പട്ടിണിയും, ദാരിദ്ര്യവും നിർമ്മാർജ്ജനം ചെയ്യാൻ മാറി മാറി വരുന്ന ഗവൺമെന്റുകൾ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. എന്നാൽ ഇതെല്ലാം എത്തേണ്ടവരിൽ വേണ്ട വിധം എത്തിച്ചേരുന്നില്ല.
'വിശപ്പ്' എന്ന പേരിൽ തന്നെ കഥ എഴുതിയ കഥാകൃത്താണ് നന്തനാർ. വിലക്കപ്പെട്ട കഞ്ഞി'യിലും വിശപ്പ് തന്നെയാണ് പ്രമേയം. അദ്ദേഹത്തിന്റെ 'മൊയ്തീൻ' പോലുള്ള ചില കഥകളിലും വിശപ്പിന്റെ ചിത്രീകരണമുണ്ട്. വിശപ്പ് മുഖ്യപ്രമേയമായ കഥ 'വിശപ്പിൽ' വിശപ്പിനെ കേവലം ശാരീരികമായ പ്രതിഭാസമായിട്ട് മാത്രം കാണാതെ, കാമനകളുമായി കൂടി ബന്ധിപ്പിച്ചിരിക്കുന്നു. ആ അർത്ഥത്തിലും 'വിശപ്പ്' എന്ന പേര് അന്വർത്ഥം തന്നെ പട്ടിണിക്കാരനായ ഒരു ചെറുപ്പക്കാരനാണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം. ലൈംഗികത, വിശപ്പ് തുടങ്ങിയവ മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളാണെന്ന് മനഃശാസ്ത്രം പറയുന്നുണ്ട്. ഇത്തരത്തിൽ രണ്ട് അടിസ്ഥാന വികാരങ്ങളെ ബന്ധപ്പെടുത്തിയാണ് നന്തനാർ ഈ കഥ രചിച്ചിരിക്കുന്നത്.
പഞ്ഞമാസമായ കർക്കടകത്തിലെ തിരിമുറിയാതെ മഴ പെയ്യുന്ന ഒരു ദിനത്തിലാണ് കഥ ആരംഭിക്കുന്നത്. തകർത്തു പെയ്യുന്ന മഴയിലേക്കു നോക്കി പകൽക്കിനാവ് കാണുന്ന മനുഷ്യർ നന്തനാരുടെ പല കഥകളിലുമുണ്ട്. ഈ കഥയിൽ മഴ കൗമാര പ്രായത്തിലുള്ള നായകന്റെ കാമവികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഒന്നായി വർത്തിക്കുന്നു. എന്നാൽ രണ്ടു ദിവസം പച്ചവെള്ളം മാത്രം കുടിച്ച് പട്ടിണി കിടന്നതോടെ അവനിലെ ലൈംഗിക ചിന്തകൾ മാറുകയും വിശപ്പ് ശക്തിയാർജ്ജിക്കുകയും ചെയ്യുന്നു. ''യാഥാർത്ഥ്യമെന്നു വെച്ചാൽ വിശപ്പാണ്; വയറിന്റെ വിശപ്പ്. വയറിന്റെ വിശപ്പിനേക്കാൾ ഉപരിയായി മറ്റൊരു യാഥാർത്ഥ്യവും ഈ ലോകത്തിലില്ല. വേദനയും വിമ്മിഷ്ടവുമെല്ലാം വയറിന്റെ വിശപ്പാണ് !'' ഇത്തരത്തിൽ വിശപ്പിനെ നന്തനാർ ദാർശനികമായി തന്നെ അവതരിപ്പിക്കുന്നു.
വിശപ്പ് സഹിക്കവയ്യാതെ ആ പതിനേഴുകാരൻ കാളിയമ്മയുടെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്നാൽ ആഹാരം വല്ലതും ഉണ്ടെങ്കിൽ അവർ അറിഞ്ഞു തരുമെന്ന് അവനുറപ്പാണ്. മഴയ്ക്കു മുമ്പേ അവൻ കാളിയമ്മയുടെ വീട്ടിൽ എത്തിയെങ്കിലും അവരവിടെ ഉണ്ടായിരുന്നില്ല. നടപടിദൂഷ്യം മൂലം സംബന്ധക്കാരൻ ഉപേക്ഷിച്ചു പോയ കല്ലു, കാളിയമ്മയുടെ മകൾ, അവിടെയിരുന്ന് നെല്ല് കുത്തുന്നത് കാണുന്ന അവനിൽ ലൈംഗികചിന്തകൾ ഉണരുന്നുണ്ട്. തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവനെ വിളിച്ച് അവൾ ഊണ് കൊടുക്കുന്നു. ആഹാരത്തിനു മുന്നിൽ മറ്റെല്ലാ ചിന്തകളും അവൻ മറക്കുന്നു. എന്നാൽ ആഹാരത്തിനു ശേഷം മറ്റൊരു വിശപ്പും ശമിപ്പിച്ചാണ് അവൻ അവിടെ നിന്നും പടിയിറങ്ങിയത്. തളർന്ന ശരീരവുമായി വീട്ടിലെത്തിയ അവന് വീണ്ടും വിശക്കാൻ തുടങ്ങി; വയറിന്റെ വിശപ്പ്. 'വിശപ്പ്' എന്ന ഈ കഥയിൽ വയറിന്റെ വിശപ്പും ലൈംഗികമായ വിശപ്പും നന്തനാർ ആവിഷ്‌കരിച്ചിരിക്കുന്നു. മനുഷ്യമനസ്സിന്റെ അടിസ്ഥാന വികാരങ്ങളാണ് ഇവ രണ്ടും. ഈ രണ്ടു വികാരങ്ങളെയും ബന്ധപ്പെടുത്തി നന്തനാർ ആവിഷ്‌കരിച്ചിരിക്കുന്നു. വയറിന്റെ വിശപ്പ് ഇല്ലാതിരുന്നപ്പോഴാണ് പതിനേഴുകാരന് ലൈംഗിക ചിന്തകൾ ഉടലെടുത്തത്, എന്നാൽ വയറ് വിശന്നപ്പോൾ മറ്റേ വിശപ്പ് ഇല്ലാതായി. വയറിന്റെ വിശപ്പ് ശമിച്ചപ്പോൾ ലൈംഗികദാഹം വീണ്ടും തലപൊക്കി. ആ വിശപ്പ് ശമിച്ചപ്പോൾ വീണ്ടും വയറ് വിശന്ന് തുടങ്ങി. ഇങ്ങനെ ചാക്രികയമായ രീതിയിൽ ഈ രണ്ടു തരം വിശപ്പുകളെയും ബന്ധപ്പെടുത്തി ആവിഷ്‌കരിച്ചതാണ് വിശപ്പ് പ്രമേയമായ മറ്റ് കഥകളിൽ നിന്നും ഈ കഥയെ വ്യത്യസ്തമാക്കുന്നത്.
ആധുനികോത്തര കാലഘട്ടത്തിൽ രചിക്കപ്പെട്ട ഒരു കഥയാണ് ഇ.സന്തോഷ്‌കുമാറിന്റെ മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ'. മുസ്ലീം അപരത്വം പ്രമേയമായ ഈ കഥയിൽ വിശപ്പാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ബീരാവുവിന്റെ കുഞ്ഞു മകൻ വിശപ്പിന്റെയും, ദാരിദ്ര്യത്തിന്റെയും ആൾരൂപമായി കഥയിലുണ്ട്. ''പ്രായത്തിനു തക്ക വളർച്ചയില്ലാത്ത ഒരു കുഞ്ഞായിരുന്നു അവൻ. രണ്ടു കണ്ണുകൾ മാത്രം ആ വിളറിയ മുഖത്തു തുറിച്ചു നിന്നു.'' പോലീസുകാർ ഇടിച്ച് ശരീരം കേടാക്കിയ ബീരാവു ഉമ്മയോട് പോലും യാത്ര പറയാതെ നാട് വിട്ടു പോയി. അവന്റെ കൈക്കുഞ്ഞിനെ വളർത്തുക എന്നത് അവന്റെ ഉമ്മയുടെ കടമയായി മാറി. പ്രായത്തിന് തക്ക വളർച്ചയില്ലാത്ത ആ കുഞ്ഞിന്റെ ശരീരം അവരുടെ കുടുംബത്തിന്റെ ദാരിദ്ര്യം വിളിച്ചോതുന്നു. തന്റെ വീട്ടിൽ നിന്ന് ഒന്നും എടുക്കാനില്ല എന്ന് കള്ളന്മാർക്കു പോലും അറിയാമെന്ന് ബീരാവുവിന്റെ ഉമ്മ പറയുന്നുണ്ട്. പോലീസുകാർ സംശയത്തിന്റെ പേരിൽ മകനെ മർദ്ദിച്ച് അവശനാക്കിയതായും, അവന് പച്ച മുട്ട കൊടുക്കാൻ വൈദ്യർ നിർദ്ദേശിച്ചതുമെല്ലാം ബീരാവുവിന്റെ അമ്മ ഓർക്കുന്നുണ്ട്. കഞ്ഞി വയ്ക്കാൻ പോലും വകയില്ലാത്ത തനിക്ക് ബീരവുവിന് മുട്ട കൊടുക്കാൻ കഴിയുന്നതെങ്ങനെ എന്നവർ പറയുന്നുണ്ട്.
ബീരാവുവിന്റെ മകനാകട്ടെ കൗതുകത്തോടെയാണ് അസാധാരണമായ ചാരനിറമുള്ള ആ മുട്ടയെ സമീപിച്ചത്. അതൊരു മുട്ടയല്ലെന്നും പരുപരുത്ത അതിന്റെ തോട് കണ്ടിട്ട് അത് ഏതെങ്കിലും കായാകാനാണ് സാധ്യതയെന്നും പറയുന്നതോടെ കൗതുകപൂർവ്വം മുട്ടയെ പൊതിഞ്ഞു നിന്നിരുന്ന കുട്ടികൾ അത് ഉപേക്ഷിച്ചു പോയി. ആർക്കും വേണ്ടാതിരുന്ന മുട്ടയെ കൗതുകപൂർവ്വം കൈക്കലാക്കിയ ബീരാവുവിന്റെ മകൻ തന്റെ കൊച്ചരിപ്പല്ലുകൾ കൊണ്ട് അത് കടിച്ചു പൊട്ടിക്കാൻ ശ്രമിച്ചതും ഒരു ഉഗ്രസ്‌ഫോടനം ഉണ്ടായി. അപ്പോൾ മാത്രമാണ് അതൊരു ബോംബായിരുന്നെന്ന് വ്യക്തമാകുന്നത്. ജീവിതത്തിൽ ഒരിക്കലും ഒരു മുട്ട തിന്നിട്ടില്ലാത്ത കുഞ്ഞാണ് വിശപ്പ് മൂലം അത് കഴിക്കാൻ നോക്കിയപ്പോൾ ദുരന്തത്തിൽ പെട്ടത്.
വിശപ്പ് മാത്രമല്ല ഈ കഥയുടെ പ്രമേയം. അപരവത്കരണത്തിന്റെ ഇരയാണ് ഈ കഥയിലെ ബീരാവു. തീവണ്ടിയ്ക്ക് ബോംബ് വച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബീരാവുവിനെ വീട്ടുകാർക്ക് മുന്നിലിട്ട് പോലീസുകാർ തല്ലിചതച്ചതും, ഇടിവണ്ടിയിൽ കയറ്റികൊണ്ടു പോയതുമെല്ലാം ബീരാവുവിന്റെ ഉമ്മ ഓർക്കുന്നുണ്ട്. മതേതരത്വരാജ്യം എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിൽ ഇന്ന് ഇസ്ലാംമതത്തിൽപെട്ടവരോട് സഹിഷ്ണുതയില്ലാതെ ആണ് ചില രാഷ്ട്രീയ കക്ഷികൾ പെരുമാറുന്നത്. കലാകാരൻ ആയ ഒരു ഇസ്ലാം മതസ്ഥനോട് പാക്കിസ്ഥാനിലേക്കു പോകാൻ ആജ്ഞാപിക്കുന്ന തരത്തിലേക്ക് ഇന്ത്യയിൽ വർഗീയഫാസിസം പടർന്നു കഴിഞ്ഞു. കഥയിൽ ബീരാവുവിന്റെ തിരോധാനം ഇതിന് ദൃഷ്ടാന്തമാണ്. ഇത്തരത്തിൽ പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയധ്വനികളോടൊപ്പമാണ് വിശപ്പ് മുട്ടയോളം വലിപ്പമുള്ള ധാന്യമണികളിൽ' പ്രത്യക്ഷപ്പെടുന്നത്.
കോവിലന്റെ കഥയിൽ വിശപ്പ് എന്ന സാമൂഹിക യാഥാർത്ഥ്യത്തെ പച്ചയായി അവതരിപ്പിച്ചിരിക്കുന്നു. ഉച്ചഭക്ഷണം കഴിക്കാത്ത സ്‌കൂൾ കുട്ടികളും, തുച്ഛമായ ശമ്പളമുള്ള അദ്ധ്യാപകരും കഥാപാത്രങ്ങളാകുന്ന 'റ' എന്ന കഥയിൽ ദാരിദ്ര്യവും, വിശപ്പും വിദ്യാർത്ഥി - അദ്ധ്യാപകഭേദമില്ലാതെ എല്ലാവരുടെയും ജീവിതത്തിലുമുണ്ടെന്ന് വ്യക്തമാക്കുന്നു. വിശപ്പിനെ വൈയക്തികം എന്നതിലുപരി സാമൂഹിക പ്രശ്‌നമായിട്ടാണ് കോവിലൻ കണ്ടിരുന്നതെന്ന് ഈ കഥയിൽ നിന്ന് വ്യക്തമാകുന്നു. വിശപ്പ് പോലെ തന്നെ മനുഷ്യന്റെ അടിസ്ഥാനവികാരങ്ങളിൽ ഒന്നാണ് ലൈംഗികത. വിശപ്പിനെയും ലൈാംഗികതയെയും ചാക്രികമായി അവതരിപ്പിച്ച കഥയാണ് നന്തനാരുടെ 'വിശപ്പ്'. വിശപ്പ് എന്നതിന് ഈ കഥയിൽ വ്യത്യസ്തമാനങ്ങൾ നൽകിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. യൗവനാരംഭകാലത്തെ കാമചിന്തകൾ പാപമെല്ലെന്നും മറിച്ച് അത് വിശപ്പ് പോലെ തന്നെ സ്വഭാവികം ആയിട്ടുണ്ടാകുന്നതാണെന്നുമാണ് നന്തനാർ ഈ കഥയിലൂടെ പറയാൻ ശ്രമിക്കുന്നത്. ആധുനികോത്തരകാലഘട്ടത്തിലെ കഥയായ 'മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ' വിശപ്പ് മാത്രം പ്രമേയമായ ഒരു കഥയല്ല. മുസ്ലീം അപരവത്കരണത്തെ അവതരിപ്പിക്കുന്ന ഈ കഥയിൽ വേട്ടയാടപ്പെടുന്ന ഇരയുടെ കുടുംബത്തിന്റെ ദൈന്യജീവിതത്തിന്റെ അവശേഷിപ്പുകൾ ആയിട്ടാണ് ദാരിദ്ര്യത്തെയും, വിശപ്പിനെയും അവതരിപ്പിച്ചിരിക്കുന്നത്. കോവിലന്റെ കഥയിൽ വിശപ്പ് മാത്രമായിരുന്നു പ്രമേയമെങ്കിൽ, നന്തനാരുടെ കഥയിൽ വിശപ്പിനെയും കാമത്തെയും ഒരു നാണയത്തിന്റെ ഇരുപുറമെന്ന പോലെ ആവിഷ്‌കരിച്ചു. ഇ.സന്തോഷ്‌കുമാറിന്റെ കഥയിൽ മുഖ്യമായ ഒരു സമകാലിക ജീവിതപ്രശ്‌നത്തെ മുൻനിർത്തിയാണ് വിശപ്പിനെ ആവിഷ്‌കരിച്ചത്. ഇത്തരത്തിൽ നവോത്ഥാനാന്തര കഥാകൃത്തുകളിൽ നിന്ന് വ്യത്യസ്തമായി നവീനകാലത്തിന്റെ രാഷ്ട്രീയ അനുഭവങ്ങളെ കൂടി ആവിഷ്‌കരിക്കാൻ ഇ.സന്തോഷ്‌കുമാറിന് സാധിച്ചു.
സഹായകഗ്രന്ഥങ്ങൾ
1. കോവിലൻ, 2009, പ്രിയകഥകൾ, ഡി.സി.ബി.കോട്ടയം
2. സന്തോഷ്‌കുമാർ. ഇ., 2008, മൂന്നുവിരലുകൾ, ഡി.സി.ബി., കോട്ടയം
3. നന്തനാർ, 2012, മലയാളത്തിന്റെ സുവർണകഥകൾ, ഗ്രീൻബുക്‌സ്, തൃശ്ശൂർ
“In the field of behavioural economics, neoliberalism allows that human behaviour often deviates from the model of Homo economicus. The deviations considered, however, focus on the ways in...
ഫ്രാൻസിസ് പതിനാറാമൻ മാർപാപ്പയുടേതുപോലെ നിറഞ്ഞ സത്യസന്ധതയുള്ള...
തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് സെങ്കുട്ടപാളയത്തിലുള്ള ഒരു സ്‌കൂളിൽ...
സുരേഷ് പനങ്ങാട്
ദേശാഭിമാനി വാരികയിൽ ഈയിടെ പ്രസിദ്ധീകരിച്ച, ഷീല ടോമിയുടെ കഥയുടെ പേര് മഹാ-ഭാരതവും കുറേ തസ്കരന്മാരും എന്നാണ്. മഹാ - ഭാരതം എന്ന പ്രയോഗത്തിനു തന്നെ ഐറണിക്കായ ഒരു പരിവേഷമുണ്ട്. ഒരു...
ആര്‍. ചന്ദ്രബോസ്
"തോറ്റം ചൊല്ലുകയാണോ ഊർമ്മിള? ചുണ്ടുകളിൽ നിന്ന് മലരു വറുക്കുന്നതുപോലെ വാക്കുൾ പൊട്ടിയടരുന്നുണ്ട് പതുക്കനെയായതുകൊണ്ട് വാക്കുകൾ തെളിയുന്നില്ല. ഇടയ്ക്ക് അവൾ കണ്ണുകൾ തുറുപ്പിക്കുകയും...
ജയശ്രീ ശ്രീനിവാസൻ
ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം മനുഷ്യർ - അവരുടെ കൂട്ടുജീവിതത്തിന്റെ ഉള്ളുണർവുകളും സ്നേഹപ്രവാഹത്തിന്റെ തുടർച്ചകളും ഇടർച്ചകളുമാണ് ഷംസുദ്ദീൻ കുട്ടോത്തിന്റെ...
രാജേഷ് കരിപ്പാൽ
"Man is an ensemble of social relations" (സാമൂഹ്യ ബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യൻ) - കാൾ മാർക്സ്
പൂർവ്വനിർണീതമോ അന്തരികമോ ആയ പ്രകൃതമല്ല, സാമൂഹ്യ ഘടനകളിലൂടെയുള്ള ഇടപെടലുകളാണ് ഒരു...
പ്രസാദ് കാക്കശ്ശേരി
ഇസ്ലാമിലെ ആത്മീയ ധാരയായ സൂഫിസത്തിന്റെ ആന്തരിക ദർശനങ്ങളും കലാവബോധവും സ്വാംശീകരിച്ച സർഗരചനകൾ മലയാളത്തിൽ വേണ്ടത്ര ഉണ്ടാകുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാണ് കരീം കരിയന്നൂർ എഴുതിയ...
ഷിബിൻ കെ
‘ചരിത്രം അവസാനിച്ച ഒരു കഥയല്ല, അവസാനിക്കാത്ത തുടർച്ചയാണ്‘ - വില്യം ഫോക്ക്നർ
’കാട്ടൂർ കടവ്’ ഒറ്റ നോട്ടത്തിൽ ഒരു ദേശത്തിന്റെ പേരാണെന്നു തോന്നുമെങ്കിലും...
കെ.ടി. അനസ് മൊയ്തീൻ
"സ്നേഹിക്കപ്പെടുക" എന്ന പരമാർത്ഥമാണ് പലരെയും ധാർമിക ജീവിതത്തിന് വിധേയരാക്കുന്നത്. തങ്ങൾ ഇടപെടുന്ന പ്രവർത്തനമേഖലകളിലെല്ലാം അത്തരമൊരു ആവശ്യം അവർ സ്ഥിരപ്പെടുത്തുന്നുവെന്ന്,...
ഡോ. ഉമർ തറമേൽ
പത്തമ്പത് വർഷം മുമ്പു മുതൽക്കിങ്ങോട്ടുള്ള ഒരു നാടിന്റെ കഥ പറയുക. 'ചേറുമ്പ് അംശം ദേശ'ത്തിന്റെ പിൽക്കാല കഥ. മനുഷ്യ സഹജമായ ജീവിതത്തിന്റെ തേനും വയമ്പും പോലെ. പരിണാമഗുപ്തിയൊന്നുമില്ലാതെ...
ഡോ. സിന്ധു പി
“ഏതൊരു കാലഘട്ടത്തിന്റെയും ചരിത്രം പുനർവായിക്കുകയും പുനർരചിക്കുകയും ചെയ്യേണ്ടത് ചരിത്രകാരൻമാർ തന്നെയാകണമെന്നില്ല” എന്ന നിരീക്ഷണം അവതരിപ്പിച്ചത് ചരിത്രകാരനായ കെ. എൻ പണിക്കരാണ്....
സനുഷ് മനിയേരി
നവജാത ശിശുവിന്റെ ചെവിയിൽ മതപരമായ ചടങ്ങുകൾക്കനുസരിച്ചുള്ള വാക്കുകൾക്ക് പകരം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വാചകങ്ങൾ പറയുന്ന പിതാവിനെ സങ്കൽപ്പിക്കാൻ സാധിക്കുമോ ?...
മാർഷാനൗഫൽ
"വളരെ മെച്ചപ്പെട്ടൊരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും'' ഡോ. ബി ആർ അംബേദ്കറുടെ...
ഡോ. പി.കെ തിലക്
ആത്മകഥനത്തിന്റെ മലകയറ്റം കവിതകൊണ്ട് എത്രത്തോളം അനായാസമാക്കാം എന്ന അന്വേഷണമാണ് ദേശമംഗലം രാമകൃഷ്ണന്റെ 'ആത്മകഥ: ഒരു ജീവിതത്തിന്റെ ഓർമകൾ' എന്ന കാവ്യം. പത്ത് അധ്യായങ്ങളുള്ള ഒരു ആത്മകഥ...
ദേവേശൻ പേരൂർ
ഉടന്തടിയുള്ള ഫലപ്രാപ്തിയോ പൊടുന്നനെ യുള്ള വിവാദങ്ങളിൽ വസ്തുപ്രതീതി സൃഷ്ടിക്കലോ യഥാർത്ഥസാഹിത്യത്തിന്റെ ലക്ഷ്യമാവാൻ ഇടയില്ല. അത്തരമൊരു ആകാരമോ പ്രകാരമോ അല്ല നല്ല...
വി. വിജയകുമാർ
ലോകത്തിന്റെ അനിശ്ചിതത്വങ്ങളെയും മനുഷ്യജീവിതത്തിന്റെ നിസ്സഹായാവസ്ഥകളെയും അതേ അനിര്‍ണ്ണീതത്വങ്ങളോടെ എഴുതുന്ന കഥാകാരനാണ് സി.സന്തോഷ് കുമാര്‍. എല്ലാം...
ശ്രീജയ സി.എം
സന്ധ്യാമേരിയുടെ ‘മരിയ വെറും മരിയ’ എന്ന നോവലിന്റെ ആഖ്യാനപരിസരം മലയാള നോവലുകളുടെ പൂർവ്വധാരണകളെ,അവയുടെ ഭാവുകത്വപരിസരത്തെ ചിരിച്ച് പുറന്തള്ളുകയാണ് ചെയ്യുന്നത്.മരിയയെന്ന...
കെ. ബാലകൃഷ്ണൻ
രേഖ കെ.യുടെ വള്ളുവനാട് എന്ന കഥയുടെ തലക്കെട്ട് തായംതൊടിക്കാരുടെ കളപ്പുര എന്നോ ചെമ്മാനംതൊടിയെന്നോ ആയിരുന്നില്ലേ വേണ്ടത്. ആദ്യവായനയിലെ ആ തോന്നൽ ഇന്നും പൂർണമായും അങ്ങ് മാറിയിട്ടില്ല....
മുട്ടയോളം വലിപ്പമുള്ള ധാന്യമണികൾ .. ഇഷ്ടപ്പെട്ട കഥയാണ് ... കാലത്തിനനുസരിച്ച് വിശപ്പിന് വരുന്ന പരിണാമങ്ങൾ കോവിലൻ നന്ദനാർ ഇ 'സന്തോഷ് കുമാർ എന്നിവരുടെ കഥകളിലൂടെ സുവ്യക്തമായി അവതരിപ്പിച്ചു. കോവിലന്റെയും നന്ദനാരുടെയും കഥകൾ വായിച്ചില്ല ,പക്ഷേ വായിച്ച അനുഭവം കിട്ടി ...