വൈദ്യുതി (ഭേദഗതി) ബിൽ 2025 രാജ്യത്തിന്റെ ഊർജ്ജ മേഖലയെ പൂർണ്ണമായും ...
രാമസവിധം വെടിയുന്നതോടെ തകര്‍ന്നു പോകുന്ന സീത, മദനനില്ലാതാകുന്നതോടെ ആത്മഹത്യ ചെയ്യുന്ന ലീല, ആനന്ദനെ തേടിയിറങ്ങുന്ന ചണ്ഡാലി, ഉപഗുപ്തനായി കാത്തിരിക്കുന്ന വാസവദത്ത ഇവരെല്ലാം ഒരേ പെണ്ണവസ്ഥയുടെ കാവ്യപ്രത്യക്ഷങ്ങളാണ്.
കുമാരനാശാന്റെ നളിനി സാമാന്യേന വിലയിരുത്തപ്പെടുന്നത് പ്രണയത്തിന്റെ ഭൗതികലോകത്തിനപ്പുറം കടന്ന കഥാപാത്രമായാണ്. ഭൂമിയില്‍ ജീവിക്കുമ്പോഴല്ല; മരണം മാറോട് ചേര്‍ക്കുമ്പോഴാണ് നളിനിയുടെ പ്രണയം പൂര്‍ണമാകുന്നത്. അഥവാ പ്രണയപൂര്‍ത്തീകരണം ജീവിതത്തിന്റെ പൂര്‍ത്തീകരണവും മരണത്തിന്റെ സ്വീകരണവുമായി മാറുന്നു. ആശാന്റെ പ്രമുഖ നായികമാരെല്ലാം ഇത്തരത്തില്‍ മരണത്തെ വരിച്ചവരാണ്. അശുഭനശ്വരങ്ങളില്‍ ചേര്‍ത്തുവെയ്ക്കേണ്ട ഒന്നായല്ല ആശാന്‍ പ്രണയത്തെ കാണുന്നത്. അത് ജീവിതത്തിനപ്പുറക്കേയ്ക്കു വ്യാപരിക്കുന്ന അലൗകികമായ ഒരു അനുഭൂതിയാണ്. ഇപ്രകാരമാണ് പലരും നളിനിയെ വിലയിരുത്തിയത്. നളിനിയുടെ ജീവത്യാഗത്തെ ഉദാത്തവത്കരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമെന്നതിനപ്പുറം പൂര്‍വ്വപക്ഷത്തിന്റെ വ്യാഖ്യാനങ്ങള്‍ക്ക് വേരുറപ്പുണ്ടോ? മേല്‍ നിരീക്ഷണത്തെ പുന:പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
പ്രണയപരവശയും ആ പ്രണയനഷ്ടത്താല്‍ മരണമടയുന്നവളുമാണ് നളിനി. ഈ മരണത്തെ സാക്ഷീഭാവത്തില്‍ നോക്കിക്കണ്ട നാം പ്രണയത്തിന്റെ പവിത്രതയെന്ന് അതിനെ അവതരിപ്പിക്കുകയായിരുന്നു. നായകനോടുള്ള പ്രണയത്തെ ജീവവായുവായിക്കണ്ട, നായകസാമീപ്യത്തില്‍ മാത്രമേ ജീവിതം പൂര്‍ണ്ണമാകൂ എന്നു വിശ്വസിച്ചവളാണ് നളിനി. നായകന്റെ ഛായയില്‍ നിന്നു മാറുമ്പോള്‍ സ്വയം അപൂര്‍ണ്ണയാകുന്ന, നിലനില്‍പില്ലാതാകുന്ന കഥാപാത്രമാണ് നളിനി. അവള്‍ മാത്രമല്ല, മദനനെ തേടിയിറങ്ങി അവനു പിറകെ നദിയില്‍ ചാടി മരിക്കുന്ന ലീലയും ആനന്ദനെ തേടിയിറങ്ങിയ ചണ്ഡാലിയും ഉപഗുപ്തനെ തേടി തോഴിയെ അയയ്ക്കുന്ന വാസവദത്തയും നായകഛായയില്‍ ജീവിതം തേടുന്ന കഥാപാത്രങ്ങളാണ്. ശരീരസാന്നിധ്യം തന്നെയാണ് ഈ കഥാപാത്രങ്ങളെല്ലാം ആഗ്രഹിക്കുന്നത്.
നളിനിയെ ഉദാത്തവത്കരിക്കാന്‍ ശ്രമിച്ച മിക്ക പഠനങ്ങളും ആശ്രയിച്ചത് ഏ.ആര്‍. നളിനിയ്ക്കെഴുതിയ അവതാരികയും1 ലീലയുടെ മുഖവുരയില്‍2 ആശാന്‍ നളിനിയെക്കുറിച്ച് നല്‍കുന്ന സൂചനകളുമാണ്. സത്വഗുണ പ്രധാനമായ ശൃംഗാരരസം ആവിഷ്കരിച്ച കൃതിയാണ് നളിനി എന്ന ഏ.ആറിന്റെ വാദം, രാജസം മിക്കവാറും വിട്ടവര്‍ എന്ന് ആശാന്‍ ആവര്‍ത്തിക്കുന്നു. രചയിതാവോ അവതാരികാകാരനോ നല്‍കുന്ന ഒരു പ്രസ്താവന കൊണ്ട് നിര്‍ണ്ണയിക്കപ്പെടേണ്ടതല്ല കാവ്യവസ്തുവിന്റെ സ്വഭാവം. രചനാശേഷം പാഠത്തിന് പുറത്താണ് എഴുത്തുകാരന്‍. രചിക്കപ്പെട്ട കവിതയാണ് തുടര്‍ന്നങ്ങോട്ട് പാഠങ്ങള്‍ നിര്‍മ്മിക്കുന്നത്. പാഠമാണ് വായനക്കാരന്റെ വഴികാട്ടി. നളിനി എന്ന പാഠം പ്രണയത്തെ ഏത് തരത്തിലാണ് പ്രകടമാകുന്നത് എന്നാണ് പ്രധാനം. അവിടെ എഴുത്തുകാരന്റെ ചൂണ്ടുവിരലുകളല്ല, ആന്തരികസൂചനകളാണ് അനുവാചകനെ നയിക്കുക. ഇപ്രകാരം വായിക്കുമ്പോള്‍ ആഘോഷിക്കപ്പെട്ടതില്‍ നിന്ന് വളരെ വ്യതിരിക്തമായ പാതകളിലൂടെയാണ് നളിനി സഞ്ചരിക്കുന്നത് എന്ന് കാണാനാവും. അവിടെ പുരുഷകേന്ദ്രിത സംസ്കാരവ്യവസ്ഥക്കകത്തെ തണ്ടുറപ്പു കുറഞ്ഞ ഒരു പ്രണയപുഷ്പമായി നളിനി മാറും. ഇത്തിരി സാഹസം - ആത്മഹത്യാര്‍ത്ഥം പുഴയില്‍ ചാടാന്‍ മാത്രമുള്ള സാഹസം- അവള്‍ക്ക് കൂടുതലുണ്ട് എന്നതൊഴിച്ചാല്‍ പൂര്‍വ്വകാല പ്രണയനായികമാരെ അതിശയിപ്പിക്കുന്ന സവിശേഷതകളൊന്നും നളിനിയില്‍ ദര്‍ശിക്കാവതല്ല. സാത്വിക പ്രണയം എന്ന ആഭരണം അവള്‍ക്ക് അലങ്കാരമല്ല, ഭാരമാണ്.

കാട്ടില്‍ വസിക്കുന്നു, യോഗിനീസമേതയാണ്, കാഷായം ധരിച്ചു എന്നതിനുമപ്പുറം നളിനി സാത്വികതലത്തിലേക്കുയര്‍ന്നു എന്നു വാദിക്കാന്‍ മാത്രം എന്ത് വ്യത്യാസമാണ് അവളുടെ ജീവിത പരിസരത്ത് വായനക്കാരന് കണ്ടെത്താനാവുക?! രാജസമാണ് അവളെ നയിക്കുന്നത് എന്ന് ചിന്തിക്കാനുള്ള വകകള്‍ കവിത ആവോളം ഉള്‍ക്കൊള്ളുന്നുമുണ്ട്. പ്രണയത്തിന്റെ രാജസഭാവം പ്രഭാവം നേടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഈ കവിതയിലുണ്ട്. സാത്വികഭാവത്തെ അംഗരസമാക്കി രാജസം അംഗിയായിത്തീരുന്നു.
നളിനിയുടെ യോഗിനിയായുള്ള പരിവര്‍ത്തനം മാനസികമല്ല, ശാരീരികം മാത്രമാണ്. നായകന്റെ തിരോധാനാനന്തരം പ്രണയവിരഹിയായ നളിനി, തന്റെ വിവാഹശ്രമങ്ങള്‍ നടക്കുന്നു എന്നറിഞ്ഞപ്പോള്‍ ആത്മഹത്യക്കു ശ്രമിക്കുന്നു. കയത്തില്‍ നിന്ന് അവളെ രക്ഷിച്ചു യോഗിനി ഒപ്പം കൂട്ടുന്നു. യോഗിനിയോടൊപ്പം ചേര്‍ന്ന നളിനിയെ ആശാന്‍ അവതരിപ്പിക്കുന്നത് നോക്കൂ: ഈവിധം സകലലോഭനീയമീ /ജീവിതം വ്രതവിശീര്‍ണ്ണമാക്കിനാള്‍ /ഭാവുകാംഗി .. (ശ്ലോകം 27).ജീവിതാശകള്‍ നശിച്ചു വാടിയുള്‍/പ്പൂവ് ജീവഗതിയോര്‍ത്ത് ചെയ്കയാം /ദേവദേവ പദ സേവയേവമീ/ഭൂവിലാവിലത പോവതിന്നവള്‍ (ശ്ലോകം 28)
തന്റെ മൃദുകരം കൊതിച്ച പല യുവാക്കളേയും ദഗ്ധരാക്കിയെന്ന് മാത്രമല്ല സകലരെയും കൊതിപ്പിക്കാത്തക്കതായ സ്വന്തം ജീവിതത്തെപ്പോലും വ്രത കാര്‍ക്കശ്യത്താല്‍ നളിനി ശുഷ്കമാക്കി മാറ്റി. മനോദുഖം മാറ്റുന്നതിനായി ദേവദേവപദസേവയില്‍ മനംനട്ട്, ജീവിതത്തെക്കുറിച്ചുള്ള മോഹങ്ങളില്‍ നിന്ന് മുക്തയായിനില്ക്കുന്ന ഒരു നളിനിയെയാണ് ആശാന്‍ വര്‍ണ്ണിക്കുന്നത്. ഗൃഹസ്ഥാശ്രമിയായ നളിനിയുടെ യോഗിനീജീവിതത്തിലേക്കുള്ള മാറ്റമാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത് . ഈ ഭാഗം വായിക്കുമ്പോള്‍ നളിനിയെന്ന യുവയോഗിനിയുടെ ചിത്രമാണ് വായനക്കാരന് ലഭിക്കുക.
എന്നാല്‍ അരക്ഷണം കൊണ്ട് ആ ചിത്രം തകരുന്നത് നോക്കൂ. ശാന്തയായ് സുചിരയോഗസംയത-/സ്വാന്തയായിവിടെ മേവിയേറെനാള്‍/കാന്തയിന്നടിതകര്‍ന്ന സേതുപോല്‍/ദാന്തിയറ്റു ദയനീയയായിതേ. (ശ്ലോകം 29) അടിതകര്‍ന്ന സേതു എന്ന പ്രയോഗം അവളുടെ സന്യാസജീവിതത്തിന്റെ അടിത്തറയുടെ ബലക്ഷയത്തെയാണ് വ്യക്തമാക്കുന്നത്. കൊതിച്ചത് ‘സിദ്ധിയും’ ലഭിച്ചത് ‘ആമയ’വും എന്ന വൈരുധ്യം കവി തന്നെ ചൂണ്ടിക്കാട്ടുന്നു. (ശ്ലോകം 30). അതിവിജ്ഞയാണെങ്കിലും അവളുടെ മനസ്സ് അധീരമാണ്. (ശ്ലോകം 31). നൊന്തചിത്തമോടെ അവള്‍ കണ്ണീര്‍ പൊഴിക്കുന്ന ദൃശ്യം ഇവിടെത്തന്നെ കാണാം. അവള്‍ ആലപിക്കുന്ന ഗാനം വണ്ടിനും സൂര്യനുമായി ജീവിതം പകുത്തേകിയ താമരയുടെ ധന്യജീവിതത്തെ കുറിച്ചാണ്. ആ താമര നളിനി തന്നെയാണ്. ഇഹത്തിനും പരത്തിനുമായി സ്വജീവിതം വീതം വെക്കേണ്ടിവന്ന, അതില്‍ ദയനീയമായി പരാജയപ്പെട്ട നളിനിയുടെ നിന്ദ്യമായജീവിതത്തിന്റെ എതിര്‍ജീവിതമാണ് താമരയുടേത്. ഭഗവത് പാദപൂജയില്‍ കേന്ദ്രീകരിക്കാനാവാതെ ദിവാകരധ്യാനത്തിലേക്ക് ശ്രദ്ധമാറിയൊഴുകുന്ന സ്വമനസ്സിന്റെ ചിത്രം നമുക്കിവിടെ വായിച്ചെടുക്കാം. പൂമണം വഹിച്ചെത്തുന്ന കാറ്റിനോട് മലിനമേനിയല്ലാത്ത തന്നെ തഴുകാന്‍ പറയുമ്പോള്‍ ശ്രോതൃസ്ഥാനം കാറ്റിനല്ലെന്ന് വ്യക്തമാണ്. താന്‍ സന്യസിക്കുമ്പോഴും ഭവാനായിരുന്നു മനസ്സില്‍ എന്ന വെളിപ്പെടുത്തല്‍ (ശ്ലോകം 59) . ആന്തരികവത്കരിക്കാതെ പോയ യോഗീഭാവത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയാണ്. സന്യാസം എന്ന വാക്കിന് ഞാനെന്നും എന്‍റേതെന്നുമുള്ള സകലതും ത്യജിച്ച അവസ്ഥ എന്നാണര്‍ത്ഥം എന്നാല്‍ ഇവിടെ ഞാനെന്ന അവസ്ഥയും എന്‍റേതെന്ന ചിന്തയുമാണ് നളിനിയെ നയിക്കുന്നത്. ഇല്ലത്ത് നിന്നും ഇറങ്ങിയ നളിനി അമ്മാത്തേക്കുള്ള ഇടവഴിയില്‍പോലും എത്തിയിട്ടില്ല. വല്‍ക്കലം കൊണ്ട് മൂടാവുന്നതല്ല രാജസം.
മാറില്‍ നിന്നുടനിഴിഞ്ഞ വല്‍ക്കലം/പേറിയാശുപദരേണുതൊട്ടവള്‍ (ശ്ലോകം 51) എന്നവരികള്‍ ശ്രദ്ധിക്കൂ. ഈ വല്‍ക്കലം അഴിഞ്ഞ്പോകല്‍ തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയയാണ്. സന്യാസത്തിന്റെ ബാഹ്യസൂചനയാണ് വല്‍ക്കലം. അവളുടെ സന്യാസം ആ ബാഹ്യാവരണത്തില്‍ ഒതുങ്ങുന്നു. നളിനി യോഗിനിയാവുന്നത് വളരെ യാദൃച്ഛികമായാണ്. ജലത്തില്‍ നിന്നും അവളെ രക്ഷിച്ച സന്യാസിനി ഈറന്‍ മാറാന്‍ അവള്‍ക്ക് നല്‍കിയത് വല്‍ക്കലമായിരുന്നു. വല്‍ക്കലം വനവാസത്തിന് ഉതകുന്നത് തന്നെ. ശരീരം പൊതിയാനല്ലാതെ മനസ്സിനെപ്പൊതിയാന്‍ അതിന് ശേഷിയില്ലെന്നു തന്നെയാണ് നളിനിയുടെ പിന്‍ജീവിതം നല്‍കുന്ന സൂചനകള്‍. പഞ്ചവൃത്തികളടക്കി അഞ്ച്വര്‍ഷം അവള്‍ തപസ്സിലാണ്ടു എന്ന് കവി സാക്ഷ്യപ്പെടുത്തിയിട്ടും അവളുടെ പ്രവൃത്തികള്‍ നല്‍കുന്ന സാക്ഷ്യം ആത്മനിയന്ത്രണം അവള്‍ നേടിയില്ലെന്നു തന്നെയാണ്. ചിരവിയുക്തയായ ഒരു ഭര്‍തൃണിയുടെ, പുന:സമാഗമവേളയിലെ ചേഷ്ടകള്‍ നളിനി ദിവാകരസംഗമ വേളയില്‍ പ്രകടമാണ്. സന്യസിച്ചളവുമാസ്ഥയാല്‍ ഭവാന്‍-/തന്നെയോര്‍ത്തിഹ തപസ്സില്‍ വാണ ഞാന്‍/ധന്യയായ് സപതി കാണ്‍കമൂലമ-/ ങ്ങെന്നെയോര്‍ക്കുകിലുമോര്‍ത്തിടായ്കിലും (ശ്ലോകം 59)

തന്റെ തപസ്സില്‍പോലും ദിവാകരനെയാണ് അവളോര്‍ത്തത്. ഇപ്പോള്‍ വീണ്ടും കണ്ടത് മൂലം ഞാന്‍ ധന്യയായി. ഈ വാക്യത്തില്‍ ആത്മഹര്‍ഷമുണ്ട്; ആത്മാര്‍ത്ഥതയുണ്ട്. ദിവാകരന്‍ തന്നെ മറന്നതിലുള്ള വേദനയുണ്ട്, വിമര്‍ശനവുമുണ്ട്.
കാട്ടില്‍വെച്ച് പരസ്പരം കണ്ട് നളിനി തന്റെ ജീവിതകഥ വിവരിച്ചത് കേട്ടശേഷവും ദിവാകരന്‍ യോഗമുണ്ടെങ്കില്‍ വീണ്ടും കാണാമെന്ന് പറഞ്ഞ് പിരിയുകയാണ്. അപ്പോള്‍ ദിവാകരന്റെ കാല്‍ക്കല്‍വീണ് നളിനി പറയുന്ന വാക്കുകള്‍ ദിവാകരസന്നിധിയിലേ തനിക്ക് പൂര്‍ണ്ണതയുള്ളൂഎന്നാണ്.എന്റെ യേകധനമങ്ങു,ജീവന-/ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും/എന്റെ യീശ! ദൃഢമീപദാംബുജ-/ത്തിന്റെ സീമ,യിതുപോകിലില്ല ഞാന്‍ (131)
ഈ കാല്‍പാദങ്ങള്‍ക്കപ്പുറം എനിക്ക് ജീവിതമില്ലെന്ന നളിനിയുടെ പ്രസ്താവന വെറുമൊരു പറച്ചിലല്ല. അത് അവളിലെ പ്രണയത്തിന്റെ ശരീരശാസ്ത്രപരമായ ഉച്ചകോടിയാണ് വെളിവാക്കുന്നത്. ഒപ്പം നളിനിയെന്ന, പുരുഷനു കീഴൊതുങ്ങുവാന്‍ കൊതിക്കുന്ന പ്രണയിനിയുടെ വെളിപ്പെടുത്തല്‍ കൂടിയാണ്. ദിവാകരന്റെ കാലടികളിലാണ് അവള്‍ സ്വന്തം ജീവന്‍ സമര്‍പ്പിക്കുന്നത്. തുല്യ നിലയിലുള്ള പ്രണയികളായി തങ്ങളെ(തന്നെയും ദിവാകരനെയും ) കാണാന്‍പോലും നളിനി ഒരുക്കമല്ല. ദിവാകരന്‍ അവള്‍ക്ക് ഈശനാണ്. ആ ഈശന്റെ പാദാര്‍ച്ചന ചെയ്യുന്ന ആരാധികയോ തോഴിയോ ആണ് അവള്‍. തന്റെ ഏകധനം, ജീവന്‍, ഭോഗം, മോക്ഷം എന്ന് ജീവിതത്തിന്റെ പൂര്‍ത്തീകരണത്തിന്റെ നിയാമകഘടകമായാണ് നളിനി ദിവാകരനെ പ്രണയിക്കുന്നത്. ഒരേ സമയം ഭോഗവും മോക്ഷവും ആയി മാറുന്നു ദിവാകരന്‍.
പക്ഷേ ദിവാകരന്‍ അവളെ തത്ത്വബോധത്തിലൂടെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത്. നളിനിയുടെ പരിശുദ്ധ ഹൃദയത്തെ ചിതാശവങ്ങളില്‍ പൂവെന്നപോലെ അശുഭനശ്വരങ്ങളില്‍ നിക്ഷേപിക്കരുത് എന്നത്രേ ദിവാകരോപദേശം. വ്യക്തികേന്ദ്രിത സ്നേഹത്തില്‍ നിന്ന് സ്വയം വിടുതല്‍ നേടിയവനാണ് താനെന്നാണ് ദിവാകരന്‍ പറയുന്നത്; ആപ്തസത്യന്‍! അവിയോഗമായ സുഖം- നിത്യമായ സുഖം- ആപ്തസത്യന് മാത്രമേ സാധ്യമാകൂ എന്ന പ്രപഞ്ചരസവും അവന്‍ അവള്‍ക്ക് ഓതിക്കൊടുക്കുന്നു. അവന്‍ അത് പറഞ്ഞപ്പോള്‍ ദീപ്ത ദീപശിഖയെന്നപോലെ അവന്റെ കാല്‍ച്ചുവട്ടില്‍ നിന്ന് അവള്‍ എണീക്കുന്നു. വാക്കിനാല്‍ അപരിമേയമായ, മഹത്തായ ശാശ്വതസത്യം തുടര്‍ന്ന് അവന്‍ അവളിലേക്ക് പകരുന്നു. ആ മഹാതത്വം ശ്രവിച്ച നളിനി ദിവാകരന്റെ മാറില്‍ വീണ് മരിച്ചു എന്നാണ് കാവ്യഗതിയെങ്കില്‍ ആ മരണത്തിനൊരു സാത്വികഭാവമുണ്ട്. എന്നാല്‍ തത്ത്വശ്രവണത്തിന് ശേഷം നളിനിയുടെ അവസ്ഥ വിവരിക്കുന്ന രണ്ട് ശ്ലോകങ്ങള്‍ നളിനിയുടെ ഇനിയും ഒടുങ്ങാത്ത ലൗകിക പ്രേമത്തിന്റെ കനലാട്ടമാണ് കാട്ടിത്തരുന്നത്.ശങ്കപോയ്,ശിശിരവായുവേറ്റപോ-/ലങ്കുരിച്ചു പുളകം,വിറച്ചുതേ/പങ്കഹീന, ഘനദാഹഹൃഷ്ടമാം./ പൊങ്കടമ്പിന്നുടെ കൊമ്പുപോലവള്‍ ((ശ്ലോകം 139) അന്തരുത്തട രസോര്‍മ്മിദു:സ്ഥയായ്/ഹന്തചാഞ്ഞുതടവല്ലിപോല്‍സതി/സ്വന്തമെയ് വികലമായപോലണ-/ഞ്ഞന്തരാനിയമിതാങ്ങി കൈകളാല്‍ (ശ്ലോകം 140)
അപരിമേയ മഹാസത്യംശ്രവിച്ച നളിനി ശാന്തയാവുകയല്ല ചെയ്തത് ഇടിനാദമേറ്റ്, മൊട്ടിട്ട പൊന്‍കടമ്പുപോലെ വിറച്ചു എന്ന വരികള്‍ സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. മൊട്ടിടുക എന്ന പ്രവൃത്തി നിവൃത്തിയുടെ വിപരീതമാണ്. ജീവിതത്തിന്റെ അനുസ്യൂതിയുടെ അടയാളമാണത്. നളിനി മൊട്ടിട്ട പൊന്‍കടമ്പ് പോലെയാണ് എന്ന് കവി പറഞ്ഞു വെക്കുമ്പോള്‍ ലൗകിക ജീവിതത്തിനോടാണ് അതിന് അടുപ്പം. (കടമ്പ് ശ്രീകൃഷ്ണ പ്രണയകഥകളിലെ പാശ്ചാത്തലമാണ്.) അങ്ങനെയെങ്കില്‍ എന്ത് ശങ്കയാണ് നളിനിക്ക് മാറിയത്. ദിവാകരനിലുള്ള പ്രണയം തന്നെയാണ് തന്റെ മോക്ഷം എന്ന് ഉറപ്പിക്കലല്ലാതെ മറ്റൊന്നുമല്ല അത്. തിരയടിയില്‍ കരയിടിയുമ്പോള്‍ കടപുഴകുന്ന തടവല്ലിപോലെ ആന്തരികമായ പ്രണയപ്രവാഹത്തിന്റെ തിരതള്ളലില്‍- നളിനിയുടെ തന്നെ വാക്കില്‍ ഏകഭോഗമായ ദിവാകരന് നേര്‍ക്കുള്ള പ്രണയരസമല്ലാതെ അന്തരുത്തടരസോര്‍മി മറ്റെന്താവാന്‍- അവള്‍ നിലതെറ്റി വീഴുന്നു. വീഴുന്ന അവളെ ദിവാകരന്‍ താങ്ങുന്നത് സ്വന്തം മെയ് എന്ന പോലെയാണ്. ആ മാറില്‍ വീണ അവള്‍ മരണമടയുന്നു. ദിവാകരനെ നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് അവള്‍ മരണമടയുന്നത്. പ്രാണനെന്നെ വെടിയുന്നിതേ ജലം/താണുപോം ചിറയെ മത്സ്യമെന്നപോല്‍ എന്ന് നേരത്തെ അവള്‍ പ്രവചിച്ചിട്ടുമുണ്ട്. ദിവാകരനെ പിരിയുന്നത് പ്രാണന്‍ പിരിയുന്നതിന് തുല്യമാണ്. തനിക്കുവാഴാനുള്ള ജലമാണ് ദിവാകരന്‍. ആ ജലത്തിന്റെ അസാന്നിധ്യം മരണമാണ്. എങ്കില്‍ ആദ്യത്തെ വിയോഗത്തെ നളിനി എങ്ങിനെ അതിജീവിച്ചു എന്നചോദ്യം പ്രസക്തമാണ്. അവന്‍ ജീവിക്കുന്ന മണ്ണില്‍ വാഴുക എന്നതാണ് അതിന് അവള്‍ക്കുള്ള ആശ്രയം. ആദ്യവിയോഗം ചില നേരിയ പ്രതീക്ഷകളെങ്കിലും ബാക്കിവെച്ചിരുന്നു. പിതാവ് വിവാഹ നിശ്ചയം നടത്തുന്നതോടെ എന്നെങ്കിലും ദിവാകരനില്‍ അലിയാം എന്ന പ്രതീക്ഷയാണ് അറ്റുപോകുന്നത്. അപ്പോഴാണ് അവള്‍ ആത്മഹനനമാര്‍ഗം തേടുന്നത്. ഇപ്പോള്‍ വീണ്ടുമൊരു സംഗമം. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ രണ്ടാം അവസരം. പക്ഷേ ഇവിടേയും പഴയതിന്റെ ആവര്‍ത്തനം. സര്‍വസംഗപരിത്യാഗിയായ ദിവാകരനെ ഇനിയൊരിക്കലും തന്‍റേതായി ലഭിക്കില്ല എന്നറിഞ്ഞതാണ് ഈ സംഗമത്തിന്റെ ആത്യന്തിക ഫലം.
ഈ പ്രഹരം താങ്ങാനുള്ള ശേഷി നളിനിക്കില്ല. ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെട്ടിരിക്കുന്നു. ജലം വാര്‍ന്ന് പോയിരിക്കുന്നു. തന്റെ ഏകധനം തന്‍റേതല്ലാതായിരിക്കുന്നു. പ്രണയനഷ്ടത്തിന്റെ കനത്ത ആഘാതത്തില്‍ അവളുടെ മരണം നടക്കുന്നു. വൈദ്യശാസ്ത്രത്തിന് അതിനെ ഹൃദയാഘാതം എന്നുവിളിക്കാം. മരിക്കുമ്പോള്‍ പോലും അവള്‍ ദിവാകരനിലേക്ക് ചേര്‍ന്ന് നില്‍ക്കുന്നു. ദിവാകരന്‍റേതാവുക ദിവാകരനെ തന്‍റേതാക്കുക എന്ന പരമാഭിലാഷം മരണനേരത്ത് അവള്‍ സാക്ഷാത്കരിക്കുന്നു. അവന്റെ ഹൃദയത്തോടൊട്ടിയുള്ള നില. വീചിയില്‍ വീചി പോലെ, കാന്തിയില്‍ കാന്തിപോലെ, നാദത്തില്‍ നാദംപോലെ വേര്‍പിരിയാത്ത മേളനം. കരണസത്വയുഗ്മങ്ങളുടെ അറിവറ്റുള്ള ലയനം. ഈ ലയനത്തില്‍ പ്രജ്ഞ പ്രണയത്തിനു കീഴടങ്ങുന്നു. ശരീര നിരപേക്ഷമല്ല ആ ലയനം. കരണസത്വയുഗ്മം എന്ന പദം ശ്രദ്ധിക്കുക. മനസ്സിനൊപ്പമോ ഇത്തിരി മുന്നിലോ ആണ് കരണങ്ങള്‍.
യഥാര്‍ത്ഥത്തില്‍ നളിനിയുടെ മരണകാരണം ദിവാകരന്റെ പ്രണയനിഷേധം തന്നെയാണ്. ദിവാകരന്റെ പ്രപഞ്ചസത്യബോധനം ശ്രവിച്ച് അവള്‍ മോക്ഷം പ്രാപിച്ചു എന്നെല്ലാം ആ മരണത്തെ ഉദാത്തീകരിക്കാന്‍ ചേര്‍ക്കുന്ന വിശേഷണങ്ങളാണ്. അഞ്ചാണ്ടു നീണ്ട യോഗിനീ സഹവാസവും വ്രതചര്യകളും അവള്‍ക്കുണ്ടാക്കിയ മാറ്റം നാം കണ്ടതാണല്ലോ. കയത്തില്‍ ചാടും മുമ്പുള്ള നളിനിയില്‍ നിന്ന് ഒട്ടും മുന്നോട്ട് പോയിട്ടില്ല യോഗിനിയായ നളിനി.
ആശാന്റെ നളിനി പ്രണയത്തെ ഈ ജീവിതത്തില്‍ തന്നെ സഫലീകരിക്കാന്‍ കൊതിക്കുന്നവളാണ്. നായകസാമീപ്യത്തില്‍ മാത്രമേ ആ പ്രണയം പൂര്‍ണ്ണമാകൂ. അരികില്ലെങ്കിലും വിയോഗമറിയാത്ത, ആപ്തസത്യയാവാന്‍ അവള്‍ക്കു കഴിയുന്നില്ല. ദിവാകരന്‍ അത്തരമൊരു തലത്തിലേക്ക് വികസിച്ചെന്ന് പറയുമ്പോഴും3 ഒരു പച്ച മനുഷ്യന്റെ വിചാരവികാരങ്ങളുള്ള ജീവിയായി നളിനി തുടരുന്നു. ദിവാകര സാന്നിധ്യം അസാധ്യമാകുമ്പോള്‍ നളിനിയ്ക്ക് ജീവിതം തന്നെ അസാധ്യമാകുന്നു. ദിവാകരന്‍-നളിനി, സൂര്യന്‍-താമര എന്ന ദ്വന്ദം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കുക. ദിവാകര സാന്നിധ്യം താമരയ്ക്ക് അനുപേക്ഷണീയമാണ്. എന്നാല്‍ നളിനമില്ലാത്ത അവസ്ഥ സൂര്യനെ ബാധിക്കുകയേയില്ല. പുരുഷപ്രണയത്താല്‍ മാത്രം താന്‍ പൂര്‍ണ്ണയാകുന്നു എന്നു കരുതുന്ന, പുരുഷാധിപത്യ വ്യവസ്ഥയില്‍ ശിക്ഷണം നേടിയ ഒരു പെണ്ണാണ് നളിനി. നളിനിയുടെ മരണം ദിവാകരനെ സ്പര്‍ശിക്കാതെ കടന്നു പോയതിന് കാണം അയാളുടെ ആപ്തസത്യബോധമാണെന്നത് പുരുഷന്റെ വ്യാഖ്യാനമാണ്. യോഗിനിക്കു പകര്‍ന്നു നല്‍കാനാവാത്ത വിശുദ്ധമായ ഒരു ജ്ഞാനമാണ് ആപ്തസത്യജ്ഞാനമെന്നും, ദിവാകരന് അരമാത്രകൊണ്ട് നളിനിയെ സാത്വികയാക്കാന്‍ കഴിഞ്ഞു എന്നതും കൂട്ടിവായിക്കുക.
കരുത്തരായ സ്ത്രീകള്‍ എന്ന് പ്രച്ഛന്നവേഷം ധരിച്ചെത്തിയ, പുരുഷാരാധകരായ, ശീലാവതീ തുല്യകളായ സാധാരണ സ്ത്രീകള്‍ തന്നെയാണ് ആശാന്റെ നായികമാര്‍. രാമസവിധം വെടിയുന്നതോടെ തകര്‍ന്നു പോകുന്ന സീത, മദനനില്ലാതാകുന്നതോടെ ആത്മഹത്യ ചെയ്യുന്ന ലീല, ആനന്ദനെ തേടിയിറങ്ങുന്ന ചണ്ഡാലി, ഉപഗുപ്തനായി കാത്തിരിക്കുന്ന വാസവദത്ത ഇവരെല്ലാം ഒരേ പെണ്ണവസ്ഥയുടെ കാവ്യപ്രത്യക്ഷങ്ങളാണ്. ചണ്ഡാലിയൊഴികെ മൂന്നുപേരും നായകനെ നഷ്ടപ്പെടുമ്പോള്‍ മരണം വരിക്കുന്നവരും (ഇടയ്ക്ക് സീത രാമ വിമര്‍ശനത്തിന്റെ ചില കനലുകള്‍ ജ്വലിപ്പിക്കുന്നില്ലെന്നല്ല.) സൂര്യനും താമരയും അങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു; ആശാന്റെ കവിതകളില്‍.
സൂചനകള്‍:
1. നളിനി അവതാരിക- ഏ.ആര്‍ രാജരാജവര്‍മ്മ -1911
സാധാരണക്കാര്‍ രജോഗുണ പ്രധാനമെന്നും ആ ഗുണത്തെ പോഷിപ്പിക്കുന്ന സാമഗ്രികള്‍കൊണ്ടുമാത്രം പുഷ്ടിപ്പെടുന്നതാണെന്നും കരുതി വര്‍ണ്ണിച്ചു വരുന്ന ശൃംഗാരം തന്നെയാണ് ഇതിലെ സ്ഥായിയായ രസമെങ്കിലും പ്രാപഞ്ചിക വ്യവഹാരങ്ങളില്‍ നിന്നൊഴിഞ്ഞ് സ്വത്വഗുണവൃത്തിയവലംബിച്ചുകൊണ്ടിരിക്കുന്ന നിലയിലെങ്കിലും ആ അനുരാഗം വര്‍ദ്ധിക്കുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്.
2. ലീല- മുഖവുര- കുമാരനാശാന്‍- 1914
നളിനിയിലെ നായികാ നായകന്മാര്‍രാജസം മിക്കവാറും വിട്ട് ,സാത്വികാവസ്ഥയില്‍ എത്തിനില്ക്കുന്ന പുണ്യാത്മാക്കളാണ്
3. യോഗിയും ചിത്തവൃത്തിനിരോധം സാധിച്ചവനുമായാണ് ദിവാകരന്‍ അവതരിപ്പിക്കപ്പെടുന്നത്. അതേ സമയം അവനും തുടരുന്നു വാസനാബന്ധം എന്ന് ആശാന്‍ പറയുന്നുണ്ട്.
ധ്യാനശീലനവനങ്ങധിത്യകാ /സ്ഥാനമാര്‍ന്നു തടശോഭ നോക്കിനാന്‍ / വാനില്‍ നിന്ന് നിജനീഡമാര്‍ന്നന്നെഴും /കാനനം ഖഗയുവാവുപോലവേ (ശ്ലോകം 5)ഈ വരികള്‍ അത്ര നിഷ്കളങ്കമാണോ . ദിവാകരന്‍ ‘ചിത്തമാര്‍ന്ന വലിയ വൈരി കീഴമര്‍ന്നത്തല്‍തീര്‍ന്ന യമി’ ആണെങ്കില്‍ സ്വന്തം കൂട് വാനില്‍ നിന്നും നോക്കിക്കാണുന്ന ആണ്‍കിളിയുടെ ഉപമ അസ്ഥാനത്തല്ലേ . ദിവാകരന്റെ പാത്രസൃഷ്ടിയില്‍ ഇത്തിരി ലൗകികതയുടെ ചായം ആശാന്‍ അറിയാതെ പുരളുന്നില്ലേ
കാട്ടില്‍കേട്ട ഗാനം ആരാണ് പാടുന്നതെന്ന് ദിവാകരനറിയില്ല. എന്നാല്‍ ആ ഗായികയെ അവനന്വേഷിക്കുന്നു. ആ ഗാനം അയാള്‍ സാകൂതംശ്രവിക്കുന്നു. മാത്രമല്ല ആ ഗാനം ദിവാകരനെ അസ്വസ്ഥനാക്കുന്നു. ഇവിടെയാണ് ജന്തുവിന്നു തുടരുന്നു വാസനാ/ ബന്ധമിങ്ങുടലു വീഴുവോളവും -എന്ന സമാധാനം ആശാന്‍ ഉന്നയിക്കുന്നത്. എങ്കില്‍ ചിത്തവൃത്തി നിരോധനത്തിന്റെ കാര്യമെന്താണ് ?
അവളെ കണ്ടപ്പോള്‍ തിരിച്ചറിയാതെ പോയത് ഭൂതകാലത്തെ താന്‍ മായ്ച്ചുകളഞ്ഞതിനാലല്ല എന്ന് ദിവാകരന്‍ ഏറ്റുപറയുന്ന രംഗവും കവിതയില്‍ കാണാം. അവളുടെ വയോരൂപങ്ങളില്‍ വന്ന മാറ്റമാണ് അതിനു കാരണം. ഇളം കുരുന്നായ്കണ്ട നീ വല്ലിയായല്ലോ എന്ന് ആ മാറ്റം വിശേഷിക്കപ്പെടുന്നു. ഒപ്പം അവളുടെ പ്രണയ ചാപല്യങ്ങളെ അയാള്‍ ഓര്‍ത്തെടുക്കുകയും ചെയ്യുന്നു.
നളിനി ദിവാകര സംഗമനേരത്ത് കടന്നു വരുന്ന ഉപമാനങ്ങള്‍ മിക്കവയും ലൗകിക ജീവിതത്തിന്റെ , പ്രണയത്തിന്റെ സ്പര്‍ശമുള്ളവളാണ്. ഇവയില്‍ പലതും ദിവാകരപക്ഷത്തു നിന്നും നളിനിയെ ലക്ഷ്യമാക്കി ഉണ്ടാകുന്നവയുമാണ്. കാടുതന്‍ നടുവില്‍ സുമര്‍ത്തുവില്‍ പാടുന്ന കുയില്‍ പോലെയാണ് പൂര്‍വ്വകഥാ വിസ്തരണ വേളയില്‍ നളിനി. വസന്ത ഋതുവില്‍ പ്രണയസ്വരത്തില്‍ പാടുന്ന കുയില്‍ഗാനം തിരിച്ചറിയാന്‍ യോഗിക്ക് വിരക്തമയ അവസ്ഥയിലും കഴിയുന്നു!
ഇങ്ങനെ ഇടയ്ക്കിടെ പിടിവിട്ടു പോകുന്നെങ്കിലും അഹംബുദ്ധിയുടെ കരുത്തിനുമുന്നില്‍ ലൗകിക താല്‍പര്യങ്ങളെ ദമനം ചെയ്യാന്‍ ദിവാകരന് സാധിക്കുന്നുണ്ട്. വിഭാണ്ഡകനും വിശ്വാമിത്രനുമെല്ലാമാണല്ലോ പൂര്‍വ്വ മാതൃകകള്‍
സഹായ ഗ്രന്ഥങ്ങള്‍:
1. ആശാന്റെ പദ്യ കൃതികള്‍- ഡി സി ബുക്സ്- 1998
2. കാവ്യകല കുമാരനാശാനിലൂടെ - പി കെ ബാലകൃഷ്ണന്‍- ഡിസി ബുക്സ് 2018
ഇ കെ ദിനേശൻ
മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ അന്വേഷണം എത്തിനിൽക്കേണ്ടത് ജനാധിപത്യം, സാഹോദര്യം, സമത്വം തുടങ്ങിയ ചിന്താധാരയിൽ ആയിരിക്കണം. വ്യത്യസ്തമായ അഭിരുചി ലോകത്തിൽ ഏതെങ്കിലും ഒരു...
ആര്‍. ചന്ദ്രബോസ്
'വ്യസനത്തിന്റെയും
നൈരാശ്യത്തിന്റെയും
പശ്ചാത്തലവാദ്യങ്ങളുള്ള ക്രോധത്തെക്കാൾ
നിർബ്ബാധപ്രകാശനസാധ്യതയുള്ള
വികാരം വേറെയില്ല' (പ്രണയിയുടെ കുമ്പസാരം)
സിനിസിസത്തിന്റെ...
കെ.ടി. ബാബുരാജ്
ഇരുട്ട്, കുറ്റാക്കുറ്റിരുട്ടായി
കുന്നിറങ്ങി വരുന്നുണ്ട്
ഇരുട്ട്, ഒരം വെച്ച് തിടം വച്ച്
ആയിരത്തിരയേറി വരുന്നുണ്ട്
കാടിളക്കി കരയിളക്കി
കൊടുങ്കാറ്റായലറി പെരുമഴയായിരമ്പി +
രവിശങ്കർ എസ്. നായർ
1.
വാൽക്കണ്ണാടിയിൽ നിഴലിക്കുന്ന സ്വന്തം മുഖത്തിൽ മുഴുകിനിൽക്കുന്ന സ്ത്രീ. അത് യക്ഷിയാകാം, ദേവദാസിയാകാം, രാജകുമാരിയാകാം. ഭാരതീയ ദൃശ്യകലാ പാരമ്പര്യങ്ങളിലെ ഈ...
പ്രശോഭ് കെ
'അവിടുന്നെഴുന്നള്ളുന്നു: ഉച്ചിരോമം പാറി, നെറ്റിയിൽ, മാറത്തും, കൈകളിലും തെളിഭസ്മം പൂശി, സ്വർണ്ണം കെട്ടിയ ഗൗരീശങ്കര രുദ്രാക്ഷമാല ധരിച്ച് കോടിയലക്കിയ പാവുടുത്ത് ഇടങ്കൈയിൽ തോർത്തും...
അബു ഇരിങ്ങാട്ടിരി
വായിച്ചാസ്വദിക്കാനും സർഗപരമായ കഴിവുകൾക്ക് പ്രചോദനമേകാനും കഴിയുന്ന സാഹിത്യരൂപമാണ് ആത്മകഥകൾ. നോവലോ കഥയോ കവിതയോ വായിക്കുന്നതിനേക്കാൾ അനുഭൂതി മികച്ച ആത്മകഥകൾ വായിക്കുമ്പോൾ കിട്ടും....
ആര്‍. ചന്ദ്രബോസ്
നാളിതു വരെ ഒരു വ്യവഹാരത്തിലും ഇടം ലഭിച്ചിട്ടില്ലാത്ത അരികു ജീവിതങ്ങളുടെ അതിദാരുണമായ ജീവിതാവസ്ഥകളിലേക്കാണ് അശ്വതി എം. മാത്യു തന്റെ കഥാഭാവനയെ വിന്യസിക്കുന്നത്. ഏകാകികളുടെയും...
ഇ കെ ദിനേശൻ
മലയാള നോവൽ സാഹിത്യം ലോകസാഹിത്യമായി വളരുന്ന കാലമാണിത്. പ്രമേയത്തിലും ആഖ്യാനത്തിലും ഭാവുകത്വത്തിലും സൃഷ്ടിക്കപ്പെടുന്ന പുതുമ നോവൽ സാഹിത്യ ശാഖയെ സമ്പന്നമാക്കുന്നുണ്ട്. നോവലിന്റെ...
വി.കെ. ബാബു
ചരിത്രം എന്നത് ഏറ്റവും സമഗ്രവും വിശാലവുമായ അർത്ഥത്തിൽ ഒരു കാലഘട്ടത്തിൽ ജീവിച്ച മനുഷ്യരുടെ അനുഭവങ്ങളുടേയും അനുഭൂതികളുടേയും ചരിത്രം കൂടി ഉൾച്ചേർന്നതാണ്. ദേശ ജീവിതത്തിന്റെ...
ശിവകുമാർ ആർ.പി
റാണി നാരായണന്റെ കഥകളുടെ ആദ്യവായനയിൽത്തന്നെ ശ്രദ്ധയിൽ വരുന്ന ഒളിപ്പിച്ചുവച്ചിരിക്കുന്ന ഹിംസാത്മകമായ അന്തർഗതങ്ങൾക്ക് കാലവുമായി ചില നീക്കുപോക്കുകളുണ്ട്. ചില കഥകളിൽ അവ തീവ്രവും...
ആര്‍. ചന്ദ്രബോസ്
'എല്ലാറ്റിന്റെയും ചരിത്രമറിയൽ കവിത
വിത്തിലെ വൃക്ഷമാകൽ
വൃക്ഷത്തിലെ വനമാകൽ
ഇലയിലെ തണൽക്കുളിരാകൽ
ഇലച്ചാറിലെ സഞ്ജീവനിയാകൽ
ജീവന്റെ പൂക്കാലത്തിൽ
കരിയിലകളുടെ...
ഡോ. അർഷാദ് അഹമ്മദ് എ
'ആത്മാദരം'
ഐശ്വര്യ കമലയുടെ പ്രഥമനോവലായ വൈറസിൽ ഏറ്റവും കൂടുതൽ തവണ വായിച്ച പദമാണ് ആത്മാദരം. ഭൂരിപക്ഷം വരുന്ന ദുർബല വിഭാഗങ്ങളെ നിർദയമായും നിർഭയമായും അടക്കിനിർത്താനും...
ഷബ്‌ന മറിയം
ചലച്ചിത്ര ഫ്രയിമുകളിൽ നിർമ്മിച്ചെടുത്ത കഥാക്കൂട്ടിൽ സ്വപ്നവും യാഥാർത്ഥ്യവും പല കാലങ്ങളും ഇടകലർത്തിക്കൊണ്ടുള്ള കഥനരീതിയാണ് ജിംഷാറിന്റെത്. സിനിമകളും അതിലെ കഥാപാത്രങ്ങളും...
രാമചന്ദ്രൻ കൊടുവള്ളി
നോക്കുകയും (to look) കാണുകയും (to see) ചെയ്യുക എന്നത് അർത്ഥതലത്തിൽ പര്യായപദങ്ങളെപ്പോലെ തോന്നിക്കുമെങ്കിലും രണ്ടിലും ഉൾച്ചേർന്നിരിക്കുന്ന പ്രക്രിയകൾ വ്യത്യസ്തമാണ്. "തെയ്യോൻ "എന്ന...
വിനീഷ് കളത്തറ
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പുരസ്കാര ജേതാവും ദീർഘകാലം യുറീക്ക ശാസ്ത്രമാസികയുടെ പത്രാധിപരുമായിരുന്ന ജനു പുനരാഖ്യാനം...
വി. വിജയകുമാർ
സാഹിതീയതയുടെയും സാമൂഹികതയുടെയും മൂലകങ്ങളെ സമന്വയിപ്പിക്കുകയും സമതുലിതമായി ഉപയോഗിക്കുകയും ചെയ്തുകൊണ്ട് എഴുതപ്പെട്ട വിമർശനലേഖനങ്ങളാണ് പ്രസന്നരാജൻറേത്. മലയാളത്തിലെ...
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.