സ്കൂൾ വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന അസ്വസ്ഥതകളെയും...
പ്രവർത്തികളുടെ അടയാളങ്ങൾ പോലെയും ദൃശ്യങ്ങളിലേക്കുള്ള ദിശാസൂചികൾ പോലെയും എടുത്തുവെയ്ക്കാനായി വാക്കുകൾക്ക് ബാധകമായ പുതിയ കൃത്യതകളെ ഈ കവി സംവിധാനം ചെയ്യുന്നു. 'വെയിലിന്റെ മാറ്റൊലി'യായ വെളിച്ചത്തെയും 'നിഴൽ വിരിച്ച് കിടക്കുന്ന' ഒരാളിനെയുമൊക്കെ ഇവിടെ കവിതയിലെടുത്തിരിക്കുന്നത് ഈ വിധത്തിലാണ്.
പറയുന്ന കാര്യത്തിന്റെ പരിചിതമായ പരിധികളെ അതിലംഘിച്ചോ, അപ്രതീക്ഷിതങ്ങളായ ആഴങ്ങളെ തൊട്ടെടുത്തുകൊണ്ടോ സാധാരണതയുടെ സമ്മതങ്ങൾക്കപ്പുറത്തേക്കുള്ള സഞ്ചാരങ്ങൾ സാക്ഷാത്ക്കരിക്കുന്നുണ്ട്, എല്ലാ നല്ല കവിതകളും. Metaphor എന്ന വാക്കിന്റെ മൂലപദത്തിനു തന്നെ സ്ഥലംമാറ്റം എന്ന് പൊരുളുണ്ടല്ലോ. കവിതയെഴുതുന്നയാൾ വിനിമയത്തിനായി രണ്ട് വിധത്തിലുള്ള സഞ്ചാരങ്ങൾ ചെയ്യാറുള്ളതായി സങ്കൽപ്പിക്കാമെന്ന് തോന്നുന്നു: ഒന്ന് കവി എന്ന് സ്വയം തിരിച്ചറിയുകയും അങ്ങനെ തന്നെ സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്ന ഒരാൾ തന്നിലെ കവിതയെയും കൊണ്ട്, അഥവാ തന്നിലെ കവി(ത)യെ പ്രതിനിധീകരിക്കുന്ന വിധത്തിൽ പുറംലോകത്തേക്ക് പോകുന്ന ഒരു യാത്രയാണ്. രണ്ടാമത്തെ രീതിയിലുള്ള സഞ്ചാരത്തിലാകട്ടെ, പുറംലോകത്ത് നിന്ന് കവിതയിലേക്ക് വന്നിരിക്കുന്ന ഒരാളാണ് എഴുത്താൾ. അവിടെ എത്തി എന്തോ പറഞ്ഞിട്ട് തിരിച്ചുപോകാനാണ് പലപ്പോഴും അയാളുടെ പ്ലാൻ. നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രസംഗത്തിൽ വിസ്ലാവ സിംബോർസ്ക ഇത്തരം കവികളെപ്പറ്റി സൂചിപ്പിക്കുന്നുണ്ട് — കവിയാണെന്ന് സ്വയം സമ്മതിക്കാൻ മടിയോ, പേടിയോ വിശ്വാസക്കുറവോ ഒക്കെയുള്ള എഴുത്തുകാരെപ്പറ്റി. കവി എന്ന സ്വത്വം പരസ്യപ്പെടുത്തുന്ന വിധത്തിൽ ആളുകളുടെ മുന്നിലേക്ക് വരാൻ ഇവർക്ക് സങ്കോചവും സംശയവുമുണ്ടാവും. മനുഷ്യരുമായി സംവദിക്കുമ്പോഴോ ഇടപഴകുമ്പോളോ തന്റെ കവിസ്വത്വം മറച്ചുപിടിക്കുമെന്ന് മാത്രമല്ല, എഴുതുന്ന കവിതയിൽ തന്റെ കർത്തൃത്വ സ്ഥാനത്തെ അടച്ചുപിടിക്കുന്ന മട്ടിൽ മേൽപ്പറഞ്ഞ സങ്കോചങ്ങളും സംശയങ്ങളും ഈ കവികളിൽ പ്രവർത്തിക്കുകയും ചെയ്യും. രണ്ടുവിധത്തിലുള്ള കവികളുണ്ട്, അവർ രണ്ട് പ്രത്യേകതരം കവിതകൾ എഴുതിപ്പോരുന്നു എന്ന് ബൈനറിയിൽ തീർപ്പാക്കുന്നത് തീർച്ചയായും അബദ്ധമായിരിക്കും. ഒരേ കവി തന്നെ ഈ രണ്ടുവിധത്തിലുള്ള കവിതകൾ എഴുതാനും ഒരു കവിതയിൽ തന്നെ ഈ രണ്ട് വിധം സ്വഭാവങ്ങൾ പ്രകടമാകാനോ സർവ്വവിധ സാധ്യതകളുമുണ്ട്. എന്നിരുന്നാലും, ഒരു കവിയ്ക്ക് ഈ നിലപാടുകളിൽ ഒന്നിനോട് പ്രാഥമികവും നൈസർഗികവുമായ ഒരു ചായ്‌വ് ഉണ്ടാകുമെന്ന് തോന്നുന്നു. ആ ചായ്‌വിന്റെ ദിശയും കോണളവും ആപേക്ഷികതയുമൊക്കെ കവിയുടെ മൗലികതയെ നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളായിരിക്കും. സുജീഷിന്റെ കവിതകളുടെ സ്വരം രൂപപ്പെടുന്നത് കവിതകളുടെ പുറത്തുള്ള ലോകത്ത് നിന്ന്, ഒരുപക്ഷേ കവിത ബാധകമല്ലാത്ത ലോകത്ത് നിന്ന് കവിതയിലേക്ക് വന്ന് ഒരാൾ സംസാരിക്കുന്നതുപോലെയാണ്. അവിടെ വെച്ച് പക്ഷേ ഒരൽപ്പം അപ്രതീക്ഷിതമായ ചിലത് സംഭവിക്കുന്നു. സംസാരിച്ചു തുടങ്ങാൻ മുരടനക്കുന്നതുതൊട്ട് കവിതയിലായിരിക്കാൻ സുജീഷ് കൗതുകകരമായ ശ്രദ്ധയും വാശിയും പ്രകടിപ്പിക്കുന്നു. ഇതാവട്ടെ ആ കവിതകളിൽ സൂക്ഷ്മമായ ചില അട്ടിമറികളെ ഉൾച്ചേർക്കുന്നു. എല്ലാവരെയും ധിക്കരിച്ചുകൊണ്ട് സ്വയം തിരഞ്ഞെടുത്ത ഒരു വഴിയോടെന്നവണ്ണമാണ് കവിതകളോട് സുജീഷിന്റെ സമീപനം. എഴുതുന്നതിലുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഇവിടെ ഒന്ന് വേറൊന്നിൽ നിന്ന് വേർപെടാതെ സമന്വയിക്കുന്നു. കവിതയുടെ മൗലികമായ ഒരു ദൗത്യത്തിനായി ഒന്നിച്ചു പണിയെടുക്കുന്ന രീതിയിൽ സ്വാതന്ത്ര്യത്തെയും ഉത്തരവാദിത്തത്തെയും കണ്ടുമുട്ടുന്നത് എത്ര ഉന്മേഷകരമാണ്! ഗഹനമായ ഉന്മേഷങ്ങളുടെ അനവധി സന്ദർഭങ്ങൾ സുജീഷിന്റെ കവിതകളിൽ നമ്മളെ അഭിമുഖീകരിച്ച് നിലനിൽക്കുന്നു.
ആർ. രാമചന്ദ്രന്റെ പ്രശസ്ത കവിതയായ 'പ്രലോഭന'വുമായി താരതമ്യം ചെയ്യാവുന്ന ഒന്നാണ് സുജീഷിന്റെ 'മഴക്കാലരാത്രി' എന്ന കവിത. രണ്ട് കവിതകളൂം പകലറുതിയുടെ മ്ലാനവും മൂകവും വിഷാദാത്മകവുമായ സമയത്തെ പശ്ചാത്തലമാക്കി അവതരിപ്പിച്ചുകൊണ്ടാണ് തുടങ്ങുന്നതും, തുടരുന്നതും. സമാനമായ ഭാവപരിസരങ്ങളിൽ നിന്ന് വരുന്ന ഈ കവിതകൾ തമ്മിൽ സൂക്ഷ്മതലത്തിലുള്ള വ്യത്യാസങ്ങളെപ്പറ്റി ആലോചിക്കുന്നത് നമ്മുടെ കവിതാസാഹിത്യത്തിൽ ഉണ്ടായിട്ടുള്ള പരിണാമങ്ങളെ വെളിപ്പെടുത്തുമെന്ന് വിചാരിക്കുന്നു. ആർ രാമചന്ദ്രന്റെ കവിതയിൽ "കരളോർക്കുമേതോ പുരാണ ശോക കഥ പോലെ" യുള്ള ഭൂമിയിൽ "പഥികർ കാണാതെ കടന്നുപോവും പെരുവഴിത്തിരിവിലെ വിഗ്രഹം പോലെ"നിൽക്കുന്ന കവിയുടെ ആത്മാവിനെ പരിചിതമെന്ന് തോന്നുന്ന ഒരു സ്വരം വിളിക്കുകയും "മറുപടി ചൊല്ലാൻ മടിച്ച് " അത് ഇരുളിലൊളിച്ചിരിക്കുകയുമാണ്. സുജീഷിന്റെ കവിതയിലാകട്ടെ, കുന്നുകൾക്കിടയിൽ കരിമ്പൂച്ചയായി ചുരുണ്ടുകൂടിയ രാത്രിയിൽ മഴവെള്ളമൊഴുകിയ വഴിയെ ഒഴുക്കിനെതിരെ നീന്തി, മഴയൊഴിഞ്ഞപ്പോൾ തളം കെട്ടിയ വെള്ളത്തിൽ കുടുങ്ങിപ്പിടയുന്ന മീനാണ് ഉള്ളത്. നേരത്തെ സൂചിപ്പിച്ച വിധത്തിലുള്ള, കവിതയ്ക്ക് പുറത്ത് നിന്ന് കവിതയിലേക്ക് വന്ന ഒരു മനസ്സിനെ നമുക്ക് ഇവിടെ വായിക്കാം. കവിയിൽ കവിത എന്ത് ചെയ്യുന്നു എന്നതിന്റെ പ്രതീകാത്മകമായ അവതരണമെന്ന നിലയിൽ ആർ. രാമചന്ദ്രന്റെ കവിതയെ സമീപിക്കുമ്പോൾ നമ്മൾ കാണുന്നത് കാവ്യാത്മകമായ ഒരു മനസ്സിൽ ഒതുങ്ങിയൊളിച്ച് കഴിഞ്ഞുകൂടുന്ന കാവ്യപ്രേരണയെയും അതിന്റെ പുറംലോകത്തോടുള്ള വേർപിരിയലുമാണ്. മഴക്കാല രാത്രിയിലാവട്ടെ, ഒരനിവാര്യതയിലെന്നോണം പുറത്ത് നിന്ന് കവിതയിലെത്തി അവിടെ കെണിഞ്ഞിരിക്കുന്ന ഒരു മനസ്സിന്റെ പിടച്ചിലുകളാണ്. പുറം ലോകം എന്നത് അതിന് ഒഴിവാക്കാനാവാത്ത പ്രാരംഭ ബിന്ദുവും എതിർ ദിശയിലേക്ക് സഞ്ചരിക്കാനുള്ള പ്രേരണയുടെ ഉറവിടവുമാണ്. കവിതയിലെ മനസ്സ് അങ്ങനെ ലോകവുമായി എൻഗേജ് ചെയ്യുന്നു, ഏതൊരു എതിർദിശാ സഞ്ചാരത്തിനും എതിർപ്പിനും ആവശ്യം വരുന്നതുപോലെ. ഈ കവിതയിൽ ആളുകളും വീടുകളും ഉൾപ്പെട്ടിരിക്കുന്ന വിധം വളരെ പ്രധാനമാണ്. ആളുകളും വീടുകളും കൂടി ഉൾച്ചേരേണ്ട ഒരു ദർശനത്തിലേക്കുള്ള സഞ്ചാരമാണ് ഈ കവിത സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്നത്. ആർ. രാമചന്ദ്രന്റെ കവിതയിൽ നിന്ന് സുജീഷിന്റെ കവിതയ്ക്കുള്ള സാരമായ ഒരു വ്യത്യാസം ഇവിടെയാവണം.
കുന്നുകൾക്കിടയിൽ രാത്രി
കരിമ്പൂച്ചയായി ചുരുണ്ടുകൂടി.
ശ്മശാനത്തിൽ കല്ലറകൾ പോലെ
കുന്നിൻ ചെരുവിൽ വീടുകൾ
അവയെ മഴ അഴിയിട്ടകറ്റി.
ഇരുട്ടു പുതച്ചുറങ്ങി ആളുകൾ.
മഴവെള്ളമൊഴുകിയവഴിയെ
ഒഴുക്കിനെതിരെ നീന്തി പുഴമീൻ.
മഴയൊഴിഞ്ഞു. തളംകെട്ടിക്കിടക്കും
വെള്ളത്തിൽ മീൻ കിടന്നു പിടയുന്നു.
(മഴക്കാലരാത്രി)
വായനക്കാരുടെ ശ്രദ്ധയെയും ഭാവനെയെയും എളുപ്പത്തിൽ പിടിച്ചെടുക്കുമെന്ന് ഉറപ്പുള്ള കൗതുകങ്ങളെയും, സ്തോഭങ്ങളെയും, പ്രതിനിധാനങ്ങളെയുമൊക്കെ തന്റെ കവിതയിൽ നിന്ന് മാറ്റി നിർത്താൻ തീവ്രമായ ഒരു നിഷ്ഠയുണ്ട് സുജീഷിന്. ഒരു തരത്തിൽ ഇതൊരു സാഹസികത കൂടിയാണ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സാധാരണതയോടുള്ള വിസമ്മതമാണ് സുജീഷിന്റെ കവിതകളുടെ ആന്തരികമായ നിലപാട്. സാധാരണ വ്യവഹാരങ്ങളോട് അതൃപ്തിയുള്ളവരാണല്ലോ കവിതയിലേക്ക് വരിക, അതിസാധാരണങ്ങളായ ചിട്ടപ്പടി കവിതകൾക്ക് അതിനാൽ തന്നെ യാതൊരു സാംഗത്യവുമില്ലല്ലോ എന്ന് സുജീഷ് വിചാരിക്കുന്നതിന്റെ പ്രതിഫലനം അയാൾ എഴുതുന്ന കവിതകളിലുണ്ട്. ചിഹ്നങ്ങളെയും രൂപകങ്ങളെയും കവിതകളിൽ ഉൾപ്പെടുത്തുന്നതിനോടൊപ്പം തന്നെ അത് എന്തുകൊണ്ട് കവിതയിൽ വന്നു എന്നും എത്തരത്തിലാണ് താൻ അതിനെ ഒരു രൂപകമായി തിരിച്ചറിഞ്ഞതെന്നും പരോക്ഷമായി വിശദീകരിക്കുന്ന സ്വഭാവം സുജീഷിന്റെ പല കവിതകൾക്കുമുണ്ട്. ഈയൊരു വിശദീകരണം തന്നെയാണ് ചില കവിതകളുടെ മുഴുവൻ വരികളും. ഒരു മാജിക്കുകാരൻ തന്റെ ഐറ്റം അവതരിപ്പിക്കുന്നതിനോടൊപ്പം അതിന്റെ ട്രിക്ക് വെളിപ്പെടുത്തുന്നതിലുള്ളതുപോലെ അന്തംവിട്ട സാഹസികത ഇതിലുണ്ട്. കവിതയുടെ ദർശനമൂല്യത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് സുജീഷിന്റെ ഈ സാഹസികതയുടെ പിൻബലം. ഈ സാഹസികതയാണ് ഈ പുസ്തകത്തിലെ കവിതകളെ നമുക്ക് അത്ര പരിചയമില്ലാത്ത ചില രീതികളിൽ ക്രിയാത്മകമാക്കുന്നത്.
വെയിൽ, പകൽ, രാത്രി, ഇരുട്ട്, കാറ്റ്, മരം, ഇലകൾ, ചില്ലകൾ, കാറ്റ്, വഴി, താഴ്വര, നാട്, ഉറക്കം എന്നിവയൊക്കെ സുജീഷിന്റെ കവിതകളിൽ ആവർത്തിച്ച് വരുന്നവയാണ്. ഒരർത്ഥത്തിൽ സുജീഷിന്റെ കാവ്യഭാഷയുടെ അക്ഷരമാലയാണ് ഈ പദങ്ങൾ എന്ന് പറയാം. ഏറ്റവും സാമാന്യമായ ദൃശ്യങ്ങളിൽ നിന്ന്, അനുഭവങ്ങളിൽ നിന്ന്, ചരിത്രത്തിൽ നിന്ന്, ഓർമ്മകളിൽ നിന്നും കവിതയുടെ അധികമാനത്തെ തിരിച്ചറിയാനും രേഖപ്പെടുത്താനുമുള്ള സവിശേഷമായ ഉപകരണങ്ങളായി സുജീഷ് ഈ പദങ്ങളെ പരിവർത്തിപ്പിക്കുന്നു. ജീവിതത്തിൽ നിന്ന് കവിതയിലേക്കുള്ള ദിശാസൂചികളായി, ഭാഷയ്ക്കുമേൽ ദർശനത്തിന്റെ ആന്റിനകളായി, അവ ഈ സമാഹാരത്തിലെ കവിതകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഒരു വിവരം പങ്കുവെയ്ക്കുകയോ, വിശകലനം അവതരിപ്പിക്കുകയോ ചെയ്യുന്നതിനു പകരം ഒരു ദർശനത്തിലോ നിർദ്ധാരണത്തിലോ വന്നുചേർന്നിട്ടുള്ള അപൂർണ്ണതയെ ചൂണ്ടിക്കാണിക്കുന്ന ഒരു മട്ടാണ് സുജീഷിന്റെ കവിതകൾക്ക്. ജീവിതത്തെയും അതിന്റെ അനുഭവങ്ങളെയും സമീപിക്കുന്നതിന്/സ്വീകരിക്കുന്നതിന് ഒരു പുതിയ രീതിശാസ്ത്രം നിർദ്ദേശിക്കുന്ന വിധത്തിൽ ഈ കവിതകൾ നമ്മളോട് സംസാരിക്കും.
ഓരോ വാതിലും പൂട്ടുമ്പോൾ
രണ്ട് തടവറകളുണ്ടാകുന്നു.
ഓരോ ജനലും തുറക്കുമ്പോൾ
രണ്ട് കാഴ്ചകൾ വെളിപ്പെടുന്നു.
മതിലിനിരുപുറത്തു നിന്ന് അവർ
പറയുന്നു: ഞങ്ങളാണ് അകത്ത്.
(അകത്തോ പുറത്തോ)
കവിത കൊണ്ട് പൂർത്തിയാവുന്ന അർത്ഥങ്ങളെ വാക്കുകളിൽ അന്വേഷിക്കുന്ന കവി കൂടിയാണ് സുജീഷ്. വാക്കുകളുടെ തിരഞ്ഞെടുപ്പിലുള്ള ശ്രദ്ധ വായനക്കാരെ നേരിട്ട് ബോധ്യപ്പെടുത്താനുള്ള ഒരു ഉപബോധ ലക്ഷ്യം കൂടി സുജീഷിന്റെ എഴുത്തിനുണ്ടെന്ന് നമുക്ക് തോന്നും. പ്രവർത്തികളുടെ അടയാളങ്ങൾ പോലെയും ദൃശ്യങ്ങളിലേക്കുള്ള ദിശാസൂചികൾ പോലെയും എടുത്തുവെയ്ക്കാനായി വാക്കുകൾക്ക് ബാധകമായ പുതിയ കൃത്യതകളെ ഈ കവി സംവിധാനം ചെയ്യുന്നു. 'വെയിലിന്റെ മാറ്റൊലി'യായ വെളിച്ചത്തെയും 'നിഴൽ വിരിച്ച് കിടക്കുന്ന' ഒരാളിനെയുമൊക്കെ ഇവിടെ കവിതയിലെടുത്തിരിക്കുന്നത് ഈ വിധത്തിലാണ്.
വിത്തുപിളർത്തി ഇല
ഇറങ്ങിപ്പോയ വഴി
തണ്ടായി.
ഇലകൾക്കു മേൽ
ഇലകളായി, വഴികളായി.
വിത്തിൽ അനേകം
വേരുകളായതുപിന്നെ
മണ്ണിൽ വഴി കുഴിക്കുകയായി.
വേരും ഇലയും
പിരിഞ്ഞകലുന്നത്
മരത്തിന് വളർച്ചയായി.
ആ മരം
ഞാൻ വിട്ടുപോന്ന
വീടിന് വഴിയടയാളമായി.
മരത്തിനു കീഴെ, വീടിനകത്തും
വെയിൽ നേരിട്ടെത്താത്ത
ഇടങ്ങളുണ്ടായി;
അവിടങ്ങളിലേക്ക്
വെയിലിന്റെ മാറ്റൊലി
ചെന്നെത്തുന്നു വെളിച്ചമായി.
(വഴിയേ)
വികാരങ്ങളോട് സുജീഷിനുള്ള സമീപനം (പരിചരണവും) മനസ്സിരുത്തിയും, സൂക്ഷ്മതയോടെയും, ലക്ഷ്യബോധത്തോടെയും രൂപപ്പെടുന്നതാണെന്ന് ഈ കവിതകൾ കാണിച്ചുതരുന്നുണ്ട്. ഒരു ഭൂപടത്തിൽ സ്ഥലരാശികൾ അടയാളപ്പെടുത്തിയതുപോലെ അയാൾ വികാരങ്ങളെ കവിതകളിൽ എടുത്തുവെയ്ക്കുന്നു. എന്നിട്ട് ആ ഭൂപടത്തിലെ സ്കെയിലും വരകളും നിറങ്ങളുമൊക്കെയായി കവിതയെ വിന്യസിക്കുന്നു. നിർമമതയുടെയും സംവേദനത്തിന്റെയും ഒരു പുതിയ സമനിലയെ ലക്ഷ്യംവെയ്ക്കാൻ സുജീഷിന്റെ ഭാവുകത്വത്തിന് സാധിക്കുന്നുണ്ട്. ഈയൊരു ദിശയാവാം സുജീഷിന്റെ ഭാവിയിലെ കവിതകളുടെ വ്യതിരിക്തതയെയും നിർണ്ണയിക്കുക എന്ന് തോന്നുന്നു.
സന്ദര്‍ശകര്‍ക്കായി തുറന്നിട്ട കോട്ടയില്‍
ഇരുണ്ട നിലവറയിൽ, മറ്റാരുമില്ലാനേരം.
ഞങ്ങൾ തെരുതെരെ ഉമ്മവെച്ചു, ആദ്യമായി.
എന്തിനെന്നില്ലാതെ അരക്കെട്ടിളകി,
കൈകളും കാലുകളും വിറകൊണ്ടു.
തീപിടിച്ച വീടിനിറയത്തെ
കൂട്ടിലെ കിളിയെന്നപോലെ
വാരിയെല്ലിന്‍ക്കൂട്ടിൽ നിന്നും
പുറത്തുകടക്കാനാകാതെ
ഉള്ളിൽക്കിടന്നെന്തോ പിടഞ്ഞു.
(പിടച്ചിൽ)
വൈകാരികവും ദാർശനികവും അനുഭവപരവും അഭിരുചിപരവുമായ തലങ്ങളിൽ Infantile ആയി അഭിനയിക്കുക എന്നത് സ്വീകാര്യത ഉറപ്പുവരുത്താനുള്ള ഒരു സൂത്രമായി സമീപകാലത്തെ മലയാളകവിതയിൽ കവിതയെ ഗൗരവമായി കാണുന്ന വായനക്കാർ ശ്രദ്ധിച്ചിട്ടുണ്ടാവും. ഈയൊരു സൗകര്യത്തിന്റെ പ്രലോഭനങ്ങളെ തീർത്തും അവഗണിച്ചിരിക്കുന്നു എന്നതാണ് സുജീഷിന്റെ കവിതയിൽ ഞാൻ കാണുന്ന ഒരു ഭംഗി. വിവരവും, വിവേചനശേഷിയും, യുക്തിബോധവുമുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽത്തന്നെയുള്ള ഒരാളിനെയാണ് സുജീഷിന്റെ കവിത അഭിസംബോധന ചെയ്യുന്നത്. Sensuality (ഇന്ദ്രിയത)യെയും sexuality (രതി)യെയും സുജീഷിന്റെ കവിത അവതരിപ്പിക്കുന്നതിലെ അന്തസ്സുറ്റ തെളിമ ഇതിന് അടിവരയിടുന്നു.
താഴ്‌വരയിൽ
മുഖം പൂഴ്ത്തിക്കിടന്നു
രാത്രി.
ഇരുട്ടിനെ നക്കി നീക്കി
വെളിച്ചം പരത്തുന്ന
മെഴുകുതിരിനാളം പോലെ
എന്റെ നാവ്.
പാതിവെളിവിലും
പാതി ഇരുളിലുമായ മുഖം
മുലകൾക്കിടയിലൂടെ കണ്ടു.
തുടകൾ കൊണ്ട്
അവളെന്റെ കാതുകളടച്ചു.
വിയർത്തൊലിച്ച് രാവൊടുങ്ങി,
പുലരിയിലതാ നനഞ്ഞു
നിൽക്കുന്നു ശംഖുപുഷ്പം.
(ഇടയിൽ)
കവിതകൊണ്ട് മാത്രം സാധ്യമാവുന്ന ആവിഷ്ക്കാരങ്ങളുണ്ട് എന്ന തീർച്ച സുജീഷിന്റെ കവിതകളുടെ ബോധത്തിന്റെ ഊർജ്ജമാണ്. കവിതകൊണ്ട് മാത്രം തുറക്കാവുന്ന പൂട്ടുകളെ അത് സധൈര്യം സഗൗരവം സമീപിക്കുന്നു. നമ്മൾ കണ്ടുപരിചയിച്ചിട്ടില്ലാത്ത മേഖലകളിലേക്ക് പടരാനുള്ള കെൽപ്പും കല്പനാവൈഭവവും ഈ കവിതകളിൽ സന്നിഹിതമാണ്. പുതിയ മലയാളകവിതയിൽ പ്രധാനപ്പെട്ട ഒരു പുസ്തകമായിരിക്കും ഇതെന്ന് എനിക്കുറപ്പുണ്ട്.
മുളപൊട്ടുന്ന ഒരു വിത്തിന് അതിന്റെ വളർച്ചയുടെ അകത്തേക്കും പുറത്തേക്കുമുള്ള വഴികൾ അറിയാം. ആ അറിവിനെ നമ്മൾ നോക്കി നിൽക്കുമ്പോൾ എങ്ങോട്ട് വളരണമെന്നതിന്റെ സാധ്യതകളെക്കുറിച്ച് നമ്മുടെ മനസ്സിന് പുതിയ സന്ദേശങ്ങൾ ലഭിച്ചേക്കും. ഈ കവിതകൾ വായിക്കുക. കവിതയുടെ വിതയുള്ള മനസ്സുകളിലൂടെയല്ലേ ഭാഷയ്ക്ക് വശങ്ങളിലേക്കും ആഴങ്ങളിലേക്കും വെട്ടിയൊഴിഞ്ഞ് വളരേണ്ടത്?
പുസ്തകം വാങ്ങുന്നതിനുള്ള വഴികൾ
നോഷൻ പ്രെസ്സ്:
https://notionpress.com/read/veyilum-nizhalum-mattu-kavithakalum-1365804-1365804
ആമസോൺ:
https://www.amazon.in/dp/B09RPJWF2L
ഫ്ലിപ്കാർട്ട്:
https://www.flipkart.com/veyilum-nizhalum-mattu-kavithakalum/p/itm9d86a600b8960
കിൻഡിൽ ഇ-ബുക്ക്:
എൻ.കെ സലീം
ഏറ്റവും നിസ്സാരമെന്ന് നമുക്ക് തോന്നിയേക്കാവുന്ന ഭൂപടത്തിലെ ചെറിയൊരു വര മനുഷ്യരെ രണ്ടായി കീറിമുറിക്കുന്ന അപാരമായ ചങ്ങലക്കണ്ണികൾ ആണെന്ന് പലപ്പോഴും നമ്മൾ ഓർക്കാറില്ല. എത്ര...
നീതു കെ.ആർ.
സമൂഹത്തിൽ മേൽക്കോയ്‌മയുള്ള പ്രത്യയശാസ്ത്രങ്ങളുടെ സംരക്ഷകരാണ് മാധ്യമങ്ങൾ എന്ന ധാരണയെ തിരുത്തുന്നുവയാണ് നവമാധ്യമങ്ങൾ. മാധ്യമലോകത്തിന് പുത്തൻ ദിശാബോധം നൽകിക്കൊണ്ട് വളർന്നുവന്ന...
റിഹാന്‍ റാഷിദ്
“ഖാൻ യൂനിസിലെ ചെമ്പോത്ത്” പ്രവാസിയായ റസീന ഹൈദർ തന്റെ അനുഭവങ്ങളിൽ നിന്നും പലപ്പോഴായി പരിചയപ്പെട്ട മനുഷ്യരിൽ നിന്നും ഖനിച്ചെടുത്ത ജീവിതങ്ങളാണ്. അതിൽ നിന്നും...
ഡോ.പി. സുരേഷ്
ധർമ്മസങ്കടങ്ങളും നിസ്സഹായതയും അനിശ്ചിതത്വവും ഇഴചേർന്ന് ഞെരുക്കുന്ന ഹൃദയവുമായി ജീവിക്കുന്നവരാണ് ഇതിഹാസങ്ങളിലെ കഥാപാത്രങ്ങൾ മിക്കതും. അതുകൊണ്ടാണ് ഇരുൾ നിറഞ്ഞ നിഗൂഢകാനനം...
ഡോ. പരമേശ്വരൻ
കുറച്ചു കാലം മുൻപ് തനിയ്ക്കിഷ്ടപ്പെട്ടതും തുടക്ക വായനാകുതുകികൾ വായിച്ചിരിയ്ക്കേണ്ടതുമായ പുസ്തകങ്ങളെ കുറിച്ച് ശശി തരൂർ യൂട്യൂബിൽ സംസാരിച്ചത് ശ്രദ്ധിച്ചിരുന്നു. അതിൽ അദ്ദേഹം...
ടി. റെജി
"ഓർമ്മയിലിന്നൊരു നീലമയൂരം
ചൂലു വിരിക്കുന്നു."
പി.പി രാമചന്ദ്രന്റ ആദ്യ കവിതാ സമാഹാരമായ 'കാണെക്കാണെ'യിലെ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ കവിതയാണ് 'ബസ്റ്റാന്റിലെ തൂപ്പുകാരി'....
ഡോ.പി. സുരേഷ്
മറ്റുള്ളവർക്ക് അർത്ഥം വേർതിരിച്ചെടുക്കാൻ സാധിക്കാത്ത നിഗൂഢലിപികളിലാണ് പലരുടെയും ജീവിതം എഴുതപ്പെട്ടിരിക്കുന്നത്. അതിനാൽ ഉടനീളം ഡീ കോഡ് ചെയ്തുകൊണ്ടിരിക്കുക എന്നത് മനുഷ്യരുടെ...
രോഷ്നി സ്വപ്ന
Good and bad two ways
or moving about your death
Dylan Thomas: The Legend and the Poet എന്ന പുസ്തകത്തിലെ ആദ്യഭാഗം 'ദി മാന്‍’ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. രണ്ടാം ഭാഗം ‘ദി പോയറ്റ് ’എന്നും. ഏകദേശം ഇരുപത്തൊന്നോളം...
ഡോ. ശാലിനി പി.
തലമുറകളിൽ നിന്നും തലമുറകളിലേക്ക് വാശിയുടെയും പ്രതികാരത്തിന്റെയും തീ പന്തങ്ങൾ കൈമാറുന്ന ഏർക്കാനയുടെ കഥയാണ് മരണവംശം. ചെറുക്കുന്നവനും ചതിക്കുന്നവനും, കൊള്ളുന്നവനും കൊടുക്കുന്നവനും...
റിഹാന്‍ റാഷിദ്
മറ്റ് വ്യക്തികളടെ ജീവിതത്തിന്റെ ഉള്ളടരുകളെക്കുറിച്ച് അറിയാന്‍ ഒരുവിധം മനുഷ്യരെല്ലാം താത്പര്യപ്പെടുന്നുണ്ടാവും. അവര്‍ പ്രശസ്തരാണെങ്കില്‍ കൂടുതല്‍ ശ്രദ്ധയോടെ അവരുടെ...
റെഷി
വായിക്കാനൊന്നുമില്ല. എം.ടി യുടെ മഞ്ഞ് എന്ന നോവലിന്റെ ആദ്യവാചകം. അതൊരു വല്ലാത്ത ഇല്ലായ്മയാണ്. ലോകം മുഴുവൻ അനേക ലക്ഷം അതിനേക്കാൾ കൂടുതലോ ഇപ്പോഴും സൂക്ഷിപ്പുണ്ടായിട്ടും ഒന്നും...
മുബാറക് മുഹമ്മദ്
ഞാനന്ന് ഒമാനിലായിരുന്നു. ചാറ്റിങ്ങും വീഡിയോ കോളുകളും ഇല്ലാത്ത എസ് എം എസ് മെസേജുകളുടെ കാലം. രണ്ടായിരത്തിന്റെ അവസാന പാദം. മസ്കറ്റിലെ റൂവി ടൗണിലേക്ക് വെള്ളം വറ്റിയ രണ്ടു വാദികൾ കടന്ന്...
അശ്വിൻ ചന്ദ്രൻ
കഥകൾ പ്രസിദ്ധീകരിച്ച് വരുമ്പോൾ ഇപ്പോഴും ഏറെ പ്രതീക്ഷയോടെ വായിക്കാറുള്ള എഴുത്തുകാരനാണ് സന്തോഷ് എച്ചിക്കാനം. മാറുന്ന കാലഘട്ടത്തിനനുസരിച്ച് കഥ പറച്ചിൽ നടത്താനുള്ള അദ്ദേഹത്തിന്റെ...
മനോജ് വെങ്ങോല
കാണാതായവ കണ്ടെത്താനുള്ള എളുപ്പവഴി എന്താണ്? തിരയുക തന്നെ. അടുത്ത ചോദ്യം ഉടനെ വരുന്നു: എവിടെ തിരയും? ഉത്തരം ലളിതമാണ്. കണ്ടുകിട്ടാൻ സാധ്യതയുള്ള ഇടങ്ങളിൽ. എങ്കിലും അതെവിടെ?...
പി.എസ്. മനോജ്‌കുമാർ
സമയം അധിക ധാരണയുള്ള ഒരു ഓട്ടക്കാരൻ ആണോ?
രോഷ്നി സ്വപ്നയുടെ 'ഏറ്' എന്ന കവിത വായിക്കുമ്പോൾ സമയത്തെക്കുറിച്ചും കാലത്തെക്കുറിച്ചും വന്ന ആദ്യ ചോദ്യമാണത്. രണ്ട് ഇടങ്ങളിൽ വ്യത്യസ്തമായ...
ഡോ. ശാലിനി പി.
മഹാഭാരതം എന്ന ബൃഹദ് ഗ്രന്ഥത്തിൽ നിന്നും ഒരു കഥാപാത്രത്തെ തിരഞ്ഞെടുത്ത്, അതും പേരിനു പോലും വീരത്വം കൽപ്പിക്കപ്പെടാത്ത ശിഖണ്ഡി എന്ന കഥാപാത്രത്തെ അടർത്തിയെടുത്ത്, വീരപരിവേഷം നൽകി...
നല്ല നിരൂപണം.