വൈദ്യുതി (ഭേദഗതി) ബിൽ 2025 രാജ്യത്തിന്റെ ഊർജ്ജ മേഖലയെ പൂർണ്ണമായും ...
അപരത്തെക്കുറിച്ചുളള കരുതലാണ് ഗോപീകൃഷ്ണന്റെ കവിതകളുടെ പ്രധാനസവിശേഷത. ജാതീയവും മതപരവും ലിംഗപരവും സാമ്പത്തികവുമായ അധികാര ബന്ധങ്ങളെ ഈ കവിതകള്‍ പരിശോധനാ വിധേയമാക്കുന്നു. താന്‍ അധികാരസ്ഥാനത്തിരുന്നുകൊണ്ട് താഴേക്ക് നോക്കി നടത്തുന്ന വിശകലനമോ വിമര്‍ശനമോ അല്ല ഇക്കവിതകള്‍. സ്ത്രീയോ, കീഴാളനോ, മുസ്ലീമോ, കോങ്കണ്ണനോ മണ്ടനോ കൊലയാളിയോ വേട്ടക്കാരനോ എല്ലാമായി കവി തന്നെ പരിണമിക്കുന്നു. അവരായി നിന്നുകൊണ്ട് എഴുതുന്നു.
സാഹിത്യ മണ്ഡലത്തെ (Literary Field), മറ്റ് മണ്ഡലങ്ങൾ പോലെത്തന്നെ സ്ഥാനത്തിനു വേണ്ടിയുള്ള മത്സരങ്ങളാൽ നിശ്ചയിക്കപ്പെടുന്ന ഒരിടമായാണ്, പിയർ ബോർദ്യു (Pierre Bourdieu) വിലയിരുത്തുന്നത്. കഥ, കവിത, നോവല്‍, നാടകം തുടങ്ങിയ വിവിധ സാഹിത്യ വിഭാഗങ്ങളെ സാഹിത്യ മണ്ഡലത്തിന്റെ ഉപമണ്ഡല (Sub Fields) ങ്ങളായി എടുത്താൽ ഇവയ്ക്കിടയിലും ഏതിനാണ് കൂടുതല്‍ നീണ്ട ചരിത്രമുളളത്, കൂടുതല്‍ മികച്ചത്, കൂടുതല്‍ ജനപ്രിയം എന്നിങ്ങനെയുളള മത്സരങ്ങളുണ്ട് എന്ന് കാണാം. ഓരോ ഉപമണ്ഡലത്തിലും അതിന്റെ ആധികാരിക സ്വഭാവമെന്ത് എന്നതിനെ ചൊല്ലിയുളള ആഭ്യന്തര മത്സരങ്ങളുമുണ്ട്. സാഹിത്യ വിഭാഗങ്ങൾക്കിടയിലെ മത്സരത്തിൽ മുന്നിലായിരുന്ന കവിതയും കവിയും ഇന്ന് പിന്നിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. കവിതയെന്ത് എന്നതിനെക്കുറിച്ച്, കവിതയിലെ ആൾപ്പെരുപ്പത്തെക്കുറിച്ച്, കവിതയിൽ ശ്രദ്ധേയമാകുന്ന വിഷയങ്ങളെക്കുറിച്ച്, കവിതയുടെ നിലവാരത്തെക്കുറിച്ച്, കവിതാ സാഹിത്യരംഗത്ത് മുൻനിരയിലെത്താൻ വേണ്ട യോഗ്യതകളെക്കുറിച്ച് ഒക്കെ കവിതയിലിടപെടുന്നവരും അല്ലാത്തവരും വ്യത്യസ്തമായ അഭിപ്രായങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കുന്നു. ഞാറ്റുവേല എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ മലയാളത്തിലെ പ്രമുഖകവികള്‍ കവിതയുടെ വര്‍ത്തമാനത്തെക്കുറിച്ചു നടത്തിയ അഭിപ്രായങ്ങള്‍ 'കാക്ക ' മാസികയില്‍ പ്രസിദ്ധീകരിക്കുക യുണ്ടായി (ഫാ: പത്രോസിന്റെ ചിത്രത്തിന് പി. രാമന്‍ ശ്ലോകം രചിച്ചപ്പോള്‍..., കാക്ക, ഒക്ടോബര്‍-ഡിസംബര്‍ 2017). കവികള്‍ക്കിടയിലെ കവിതാ സംബന്ധമായുളള അഭിപ്രായ വ്യത്യാസങ്ങള്‍ പ്രമുഖകവികള്‍ പങ്കെടുത്ത ഈ ചര്‍ച്ചയില്‍ തെളിയുന്നുണ്ട്. ഇത്തരത്തിലുള്ള ചര്‍ച്ചകൾ ഏറെക്കാലമായി തുടരുന്നുണ്ട്. പാരമ്പര്യത്തെ അതുപോലെ നിലനിര്‍ത്താനാഗ്രഹിക്കുന്ന കവികളും പാരമ്പര്യത്തില്‍ പുതുമ സൃഷ്ടിക്കണമെന്ന് കരുതുന്നവരും തികച്ചും പുതുവഴി പോകാമെന്ന് കരുതുന്നവരും കവികള്‍ക്കിടയിലുണ്ട്. ഇത് സമകാലികകവിതയേയും കവിതയെന്തെന്ന നിര്‍വ്വചനത്തെയും സങ്കീര്‍ണ്ണമാക്കുന്നു.
വിവിധങ്ങളായ സാഹിത്യശാഖകളും അവയുടെ ഉപശാഖകളും രൂപപ്പെടുന്നതോടൊപ്പംതന്നെ അവയ്ക്കൊക്കെയും കൃത്യമായ നിര്‍വ്വചനങ്ങളും സ്വഭാവനിര്‍ണ്ണയനങ്ങളും ഉണ്ടാകുന്നുണ്ട് . ഇത് ഓരോ സാഹിത്യ വിഭാഗങ്ങളും കൃത്യമായ ഘടനയ്ക്കുളളില്‍ രൂപപ്പെടുന്നതിന് കാരണമായി. എന്നാല്‍ കാലക്രമത്തില്‍ ഇത്തരം ഘടനകള്‍ പലതും പൊളിയുകയും കാവ്യത്തിന്റെയോ നാടകത്തിന്റെയോ കേന്ദ്ര സ്വഭാവങ്ങളായി കണക്കാക്കപ്പെട്ട ലക്ഷണങ്ങളില്‍ തന്നെ മാറ്റങ്ങളുണ്ടാവുകയും ചെയ്തു. മാതൃഭൂമി പത്രത്തിന്‍റെ 2018 ജനുവരി മാസത്തിലെ വാരാന്ത്യപതിപ്പില്‍ വന്ന തന്‍റെ 'വളവ് ' എന്ന കഥയുടെ ആദ്യരൂപം കവിതയായിരുന്നു എന്ന് ശ്രീജിത്ത് അരിയല്ലൂര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. (ശ്രീജിത്ത് അരിയല്ലൂര്‍, FB പോസ്റ്റ് , :2018 ജനുവരി 14). കുടുംബത്തിലെ മരിച്ചുപോയ ഒരനിയനെക്കുറിച്ചുളള ഓര്‍മ്മ കവിതയായി മനസ്സിലേക്കു വന്നു എന്നും പ്രിയപ്പെട്ട ഒരാള്‍ക്ക് അത് വായിക്കാന്‍ കൊടുത്തപ്പോള്‍ "ഒരു വാക്കുപോലും മാറ്റാതെ കഥയായി കൊടുത്തോട്ടെ" എന്നയാള്‍ ചോദിച്ചെന്നും അതാണ് 'വളവെ' ന്ന തന്‍റെ കഥയെന്നും ശ്രീജിത്ത് അരിയല്ലൂര്‍ എഴുതുന്നു. കഥ/കവിത എന്നിവയ്ക്കിടയിലെ ദൂരമില്ലായ്മയെ ഇത് സൂചിപ്പിക്കുന്നുണ്ട്. ഇന്ന് ധാരാളം പേർ കഥയോടടുത്ത കവിതകൾ എഴുതുന്നു. സാഹിത്യവിഭാഗങ്ങള്‍ക്കിടയിലെ ഇത്തരത്തിലുളള അതിര്‍ത്തി ലംഘനങ്ങള്‍ പാരമ്പര്യവാദികളെ അസ്വസ്ഥരാക്കുന്നുമുണ്ട്.
സാഹിത്യത്തിൽ സാഹിത്യഭാഷ വേണോ സാഹിത്യഭാഷ എന്നൊന്നുണ്ടോ എന്ന കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. സാധാരണഭാഷയില്‍ നിന്ന് വ്യത്യസ്തമായി ഭാവനാത്മകമോ ആലങ്കാരികമോ ആയ ഭാഷ എന്ന അർത്ഥത്തിലാണ് സാഹിത്യഭാഷ എന്ന് സാധാരണയായി പ്രയോഗിക്കാറുള്ളത്. വിവിധ സാഹിത്യശാഖകളിലെ കൃതികളെ താരതമ്യം ചെയ്താൽ കാവ്യത്തിലാണ് സാഹിത്യഭാഷ കൂടുതലായി ഉപയോഗിച്ചിരുന്നത് എന്ന് കാണാം. എന്നാല്‍ മറ്റു സാഹിത്യശാഖകളിലെപ്പോലെ തന്നെ കാവ്യവും ഉടനീളം സാഹിത്യഭാഷയില്‍ രചിക്കപ്പെട്ടതായിരുന്നില്ല. കാവ്യാത്മകത തീരെയില്ലാത്തതും സാധാരണവും ഗദ്യസമാനവുമായ ഭാഷ ആദ്യകാലം മുതലുളള കാവ്യങ്ങളില്‍ കാണാവുന്നതാണ്. അത്തരം ഘട്ടങ്ങളില്‍ ഈണവും താളവുമാണ് കാവ്യാത്മകത നിലനിര്‍ത്തുകയും ഗദ്യരൂപത്തില്‍ നിന്ന് വ്യത്യസ്തമായൊരു സ്വത്വം കാവ്യത്തിന് നല്‍കുകയും ചെയ്തത്. പുതിയ കാലത്ത് ഈണത്തെയും താളത്തെയും ആലങ്കാരിക ഭാഷയേയും കൈവിടുന്നതും കവിതയെ നിര്‍വ്വചിക്കുക എന്ന പ്രവർത്തിയെ ക്ലേശകരമാക്കിത്തീർക്കുന്നു.
സംസ്കാരവും ഭാഷയും അഭിരുചികളും മാറിക്കൊണ്ടേയിരിക്കുമ്പോൾ കവിതയ്ക്ക് മാത്രമായി ഒരു സ്ഥിരതയില്ല. ദ്വിതീയാക്ഷര പ്രാസത്തെ വിട്ടു കളഞ്ഞാൽ പിന്നെ കവിതയില്ലെന്ന് കരുതിയവരുണ്ടായിരുന്നെങ്കിലും വാദിച്ചും വാദിക്കാതെയും അതിനെ പിന്തള്ളിക്കടന്നു പോകാൻ കവിതയ്ക്ക് കഴിഞ്ഞു. അതു കൊണ്ട് കഴിഞ്ഞതൊന്നുമല്ല കവിത എന്നും ഇനി വരാൻ പോകുന്നതാണ് കവിത എന്നും ഒരു കവിക്കോ വിമർശകനോ വായനക്കാരനോ നിലപാടെടുക്കാം . ഭൂതകാലമഹാകവികളെ വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നവരോട് ഭൂതകാലം ഒരേകത അല്ലെന്നും അതിൻ്റെ പല വഴികളിൽ, കണ്ടെടുക്കപ്പെട്ട, പല കാരണങ്ങൾ കൊണ്ട് ശ്രദ്ധേയമായ , ആ ഒരു വഴിയെയാണോ നിങ്ങൾ ഭൂതകാലം എന്ന് വിളിക്കുന്നത് എന്നും തിരിച്ചും ചോദിക്കാം. കവിതയുടെ ചരിത്രത്തെയും വർത്തമാനത്തെയുമറിയുന്നത് സ്വന്തം നിലയും സ്ഥാനവും തിരിച്ചറിയാൻ കവിയെ സഹായിച്ചേക്കാം . അതേ സമയം ഭൂതകാലത്തെ അമിതമായി വായിക്കുന്നത് തീർത്തും പുതുതായി ഒന്നിനെ കാണാനും ആവിഷ്ക്കരിക്കാനുമുള്ള സാധ്യതകളെ പരിമിതപ്പെടുത്തുകയും ചെയ്യാം. തുടർച്ചയെന്ന പോലെ വിച്ഛേദവുമാണ് കവിത.
കവിതയെക്കുറിച്ചുളള പാരമ്പര്യധാരണകളെ വിട്ടു കളഞ്ഞ് മുന്നോട്ടു പോകുന്ന എഴുത്തുകാരനാണ് പി. എന്‍. ഗോപീകൃഷ്ണന്‍. ഗോപീകൃഷ്ണന്റെ ആദ്യകവിതാസമാഹാരമായ 'മടിയരുടെ മാനിഫെസ്റ്റോ' യില്‍ ഗദ്യവും പദ്യവും ഇടകലര്‍ത്തിയെഴുതിയ കവിതകള്‍ ചേർത്തിട്ടുണ്ട്. എന്നാല്‍ ഗദ്യകവിതയെന്ന പ്രയോഗത്തോട് പല കവികള്‍ക്കുമെന്നതുപോലെ ഗോപീകൃഷ്ണനും വിയോജിപ്പാണ്. ഈണത്തില്‍ ചൊല്ലാവുന്ന പാരമ്പര്യപദ്യരൂപത്തെ മാത്രം കവിതയായി കാണുമ്പോഴാണ് ഗദ്യകവിത എന്ന പ്രയോഗം വേണ്ടിവരുന്നത്. മറിച്ച് കാവ്യാത്മകതയ്ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ ഗദ്യകവിത എന്ന പ്രയോഗം അപ്രസക്തമാണെന്നു കാണാം. ഗോപീകൃഷ്ണനെ സംബന്ധിച്ച് തന്റെ നിലപാടുകളാ വിഷ്കരിക്കാനുളള മാധ്യമമാണ് കവിത. കവിതയുടെ ലക്ഷ്യം,ധര്‍മ്മം എന്നിവയെക്കുറിച്ചുളള തന്‍റെ നിലപാടുകള്‍ ഗോപീകൃഷ്ണന്‍ തന്റെ കവിതകളില്‍ തന്നെ പറഞ്ഞുവെക്കുന്നുണ്ട്.
'41% പെണ്ണുങ്ങളും 37% ആണുങ്ങളും ഉറക്കത്തില്‍ സംസാരിക്കുന്നു' എന്ന കവിത നമ്മില്‍ കറയായി പറ്റിപ്പിടിച്ചിരിക്കുന്ന ജീവിതത്തെ വെളുപ്പിച്ചെടുക്കാന്‍ പകല്‍വെണ്മയുളള ഡിറ്റര്‍ജന്‍റ് കഥകളും കവിതകളും പോരാ ഉറക്കത്തിന്‍റെ സ്ഫോടഭാഷയിലുളള കഥകളും കവിതകളും വേണമെന്ന് പറയുന്നു. ഇവിടെ പകലിന്‍റെ ചട്ടക്കൂടുകള്‍ക്കു വിധേയമായ കഥ/കവിതകളില്‍ നിന്നു വ്യത്യസ്തമായി, മറച്ചു വെക്കപ്പെട്ട, അടക്കിവെക്കപ്പെട്ട , നിയന്ത്രണങ്ങള്‍ക്ക് വഴങ്ങാത്ത ആശയങ്ങളും അഭിലാഷങ്ങളുമാണ് യഥാര്‍ത്ഥ കവിതകളും കഥകളുമാകുന്നത് എന്ന് കവി പറയുന്നു. കവിതയുടെ ബാര്‍ബര്‍ഷോപ്പ് ' എന്ന കവിതയില്‍ കവിതയെ ശരീരത്തിലെ ചലിപ്പിക്കാന്‍ കഴിയാത്ത ഒരവയവമായി കവി സ്ഥാനപ്പെടുത്തുന്നു. കൈപ്പത്തിയും കൈമുട്ടും നമുക്ക് ചലിപ്പിക്കാം. ചലിപ്പിക്കാന്‍ കഴിയാത്ത കൈത്തണ്ടയിലാണ് വേദനയും ദുരിതവുമെന്ന് കവിത പറയുന്നു. അതിനെക്കുറിച്ച് മോട്ടിവേറ്റര്‍മാരോ സന്യാസിമാരോ അങ്ങാടിയോ മിണ്ടുന്നില്ല. ഏവരും നിശബ്ദരാകുന്ന ആ സ്ഥലത്ത് കവിതയ്ക്ക് ബാര്‍ബര്‍ഷോപ്പ് പണിയാനും ഇവിടെ രാഷ്ട്രീയം പറയാം എന്ന അറിയിപ്പുവെക്കാനും ഇക്കവിത ആവശ്യപ്പെടുന്നു. കവിത ഇടപെടേണ്ടതെവിടെ എന്ന വ്യക്തമായ സൂചന ഈ വരികളില്‍ കാണാം.
'പ്രേതം'എന്ന കവിതയില്‍ പ്രേതവും അയാളും തമ്മിലുളള സംഭാഷണങ്ങള്‍ക്കു ശേഷം പ്രേതം എഴുതിവെച്ചുപോയ "ജീവജാലങ്ങള്‍ക്കിടയില്‍/ഒരേ ഒരു ഭീകര സംഘടനയേ/ പ്രവര്‍ത്തിക്കുന്നുളളൂ/ മനുഷ്യന്‍ " എന്ന വരികള്‍ തിരിച്ചും മറിച്ചും എഴുതിയതാണ് തന്റെ ഇതുവരെയുളള കാവ്യ ജീവിതം എന്ന് കവി പറയുന്നു. കവിത മനസ്സിലാകാത്ത ഒരാള്‍ ജീവിതം മനസ്സിലാകാത്ത ഒരാള്‍ കൂടിയായിത്തീരുന്നത് 'പുതിയ കവിതകള്‍ ഇങ്ങനെയൊക്കെയാണ്' എന്ന കവിതയില്‍ കാണാം. പുതിയ ആണ്‍കവിതകള്‍ ഇങ്ങനെയൊക്കെയാണ് എന്ന ആത്മവിമര്‍ശനം കൂടി ഇക്കവിതയിലുണ്ട്. ഇല്ലാത്ത തീവണ്ടിയില്‍ ഉപയോഗശൂന്യമായ ടിക്കറ്റ് കൊണ്ട് യാത്രചെയ്ത് പിന്നിലൊരു സ്റ്റേഷനില്‍ എത്തിച്ചേരുന്ന അയാള്‍ വേഗതയും അവിവേകവുമായി കവിതയില്‍ നിറയുന്നു. കവിതയുടെ ധര്‍മ്മത്തെക്കുറിച്ചുളള ചിന്ത 'അത്രതന്നെ '' എന്ന കവിതയിലും കാണാം. കവിത ഭൗതിക സമൃദ്ധികളൊന്നും തരുന്നില്ല. പണമോ മറ്റ് ആവശ്യങ്ങളോ അതിനാല്‍ നടക്കുന്നില്ല. മറിച്ച് കവിത അതിനെപ്പേറുന്ന കടലാസുകൊണ്ട് അതിന്‍റെ മരത്തെ ഓര്‍മ്മിപ്പിച്ചേക്കാം എന്നാണ് ഇക്കവിത പറയുന്നത്. ഗോപീകൃഷ്ണന്റെ കവിതകളും മരത്തെയാണ് ഓർമ്മിപ്പിക്കുന്നത്. കവിത എഴുതിയ വ്യക്തിയുടെ സ്വത്വാവിഷ്ക്കാരം എന്നതിലുപരി സാമൂഹ്യജിവിതത്തിന്റെ, ചരിത്രവര്‍ത്തമാനങ്ങളുടെ, ആവിഷ്കാരങ്ങളായാണ് ഗോപീകൃഷ്ണന്റെ കവിതകളുടെയും സ്ഥാനപ്പെടല്‍.
ആധുനികതാ വിമര്‍ശനങ്ങള്‍
ക്ലാസിസ്സിസവും നിയോക്ലാസിസ്സിസവും കടന്ന് റൊമാന്‍റിസിസത്തിലേക്കെത്തിയ കാലഘട്ടത്തിൽ , കവിത കവിസ്വത്വത്തെ കൂടുതലായി വെളിപ്പെടുത്തിയിട്ടുണ്ട്. ആശാന്റെയും വളളത്തോളിന്റെയും ഉളളൂരിന്‍റെയും ഇടപ്പളളിയുടെയും പി. കുഞ്ഞിരാമന്‍ നായരുടെയും കവിതകള്‍ നമ്മള്‍ പഠിക്കുന്നത് അവരുടെ ജീവിതം കൂടി ചേര്‍ത്തുവെച്ചുകൊണ്ടാണ്. അവരുടെ സാഹിത്യജീവിതത്തില്‍ വ്യക്തിസ്വത്വം അടയാളപ്പെട്ടുകിടക്കുന്നുമുണ്ട്. സാമൂഹ്യജീവിതവും വ്യക്തിജീവിതവും ചേര്‍ന്ന് സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ ആധുനിക,ആധുനികാനന്തര കവിതകളിൽ കാണാം. വ്യക്തിജീവിതത്തെ പരമാവധി ചുരുക്കിക്കൊണ്ട് സാമൂഹ്യജിവിതമാണ് ഗോപീകൃഷ്ണന്റെ കവിതകളില്‍ തെളിഞ്ഞുവരുന്നത്. പഠിച്ച സ്കൂള്‍, പഠിപ്പിച്ച അധ്യാപകര്‍, കളിച്ചമൈതാനം, നടന്ന വഴികള്‍, സിനിമ കണ്ട ടാക്കീസ്, ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മണങ്ങള്‍, രുചികള്‍, ശബ്ദങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവയെല്ലാം ഗോപീകൃഷ്ണന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്. എന്നാല്‍ ഇവയൊക്കെ സ്വകാര്യാനുഭവങ്ങളായി അവസാനിക്കുന്നതിനു പകരം സാമൂഹ്യാനുഭവങ്ങളായി വികസിക്കുകയും സാമൂഹ്യവിമര്‍ശനങ്ങളായി പരിണമിക്കുകയുമാണ് ആ കവിതകളില്‍ . പ്രണയത്തെ പ്രമേയമാക്കുന്ന കവിതകളില്‍ പോലും ഇതുണ്ട്. ലോകത്തിലെ എല്ലാകവിതകളും തീകൊളുത്തണമെന്നും അവളോടൊപ്പം ഉടലുകള്‍ കൊണ്ട് ഏറ്റവും നല്ല മനുഷ്യസങ്കീര്‍ത്തനം എഴുതണമെന്നുമാഗ്രഹിക്കുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പ് ' എന്ന കവിതയില്‍ ''നിസ്സഹായമായ എല്ലാ ഉടലുകളും/നമ്മില്‍ വന്ന് ചേരട്ടെ " എന്ന് രണ്ട് ഉടലുകളെ പല ഉടലുകളോട് ബന്ധിപ്പിക്കുന്നത് കാണാം.
മനുഷ്യരുടെയും ലോകത്തിന്‍റെയും പരിണാമങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന കവിതകളാണ് ഗോപീകൃഷ്ണന്റെത്. ഈ വിമര്‍ശനങ്ങള്‍ കേരളീയാധുനീകതയുടെ വിമര്‍ശനങ്ങളായി വികസിക്കുന്നുമുണ്ട്. 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന കവിതയില്‍ ജീവിതത്തിലും ദേശത്തിലുമുണ്ടായ പരിണാമങ്ങളെല്ലാം പൊന്നല്ല എന്ന്-മൂല്യവത്തല്ലെന്ന്- ഗോപീകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്‍റെ ആധുനിക ഭൗതിക പരിണാമങ്ങളും പ്രഖ്യാപിതമായ വികസനമാതൃകയും ഗോപീകൃഷ്ണന്റെ കവിതകളില്‍ ചോദ്യംചെയ്യപ്പെടുന്നു. നമ്മുടെ ഭാഷയിലും സംസ്കാരത്തിലുമുണ്ടായ അന്യഭാഷയുടെയും സംസ്കാരത്തിന്റെയും കലര്‍പ്പ് 'മലയാളത്തിൽ' എന്ന കവിതയില്‍ കാണാം. പലനാടുകളില്‍ നിന്നു വാങ്ങിയ കടലകള്‍ വില്‍ക്കുന്ന ഒരാളെയാണ് 'രുചിയൊന്ന് കഥവേറെ' എന്ന കവിതയില്‍ നാം കാണുന്നത്. കടലകളിലൂടെ ഓരോ നാടിന്റെയും സ്വഭാവവും കടലക്കാരന്‍ പറയുന്നു. കേരളത്തിലെ കടലയെക്കുറിച്ച് അയാള്‍ പറയുന്നത് ഇങ്ങനെയാണ്.
"അത് ബലൂണ്‍ പോലെ പൊള്ള
മത്തങ്ങയാണെന്ന് ഭാവിക്കും
തേങ്ങയാണെന്ന് വാചകമടിക്കും
വറചട്ടിയില്‍ക്കിടന്ന്
ഭേരിയടിക്കും
വായില്‍ ചതഞ്ഞരയുമ്പോഴാകട്ടെ
ഞങ്ങളിതാ ഒരു മനുഷ്യനെത്തിന്നുന്നു
എന്ന് പ്രഖ്യാപിക്കും" എന്നാണ്. ഉളളുപൊളളയായ ഇത്തരം പൊങ്ങച്ചങ്ങളാണ് നമ്മുടെ വികസനവും പുരോഗതിയുമെന്ന് പല കവിതകളിലും ഗോപീകൃഷ്ണന്‍ പറയുന്നു.
'പാതാളത്തിൽ' എന്ന കവിതയില്‍ കൂട്ട ആത്മഹത്യചെയ്യുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് അവതരിക്കപ്പെടുന്നത്. കേരളത്തിന്റെ പ്രബുദ്ധതയില്‍ ജനിച്ചതിനാലാണ് മൂന്നാംവയസ്സില്‍ താന്‍ തന്‍റെ പിതാവിനാല്‍ കൊല്ലപ്പെട്ടതെന്ന് ആത്മഹത്യചെയ്ത കുടുംബത്തിലെ കുട്ടി പറയുന്നു. ബുദ്ധിയും പ്രതിഭയും കൈകളുമുണ്ടായിട്ടും കരുണയില്ലാതെ പോകുന്ന സമൂഹത്തെക്കുറിച്ചുളള വിമര്‍ശനം ഇക്കവിതയില്‍ കാണാം.'ഹൃദയം മാഷ് ' എന്ന കവിതയില്‍ ഹൃദയത്തെക്കുറിച്ച് പഠിപ്പിക്കാനായി ഹൃദയം വരച്ച്, ഹൃദയം തുറന്നുവെച്ച്, പാതിപഠിപ്പിച്ച് പോയ മാഷ് ഹൃദയസ്തംഭനം വന്ന് മരിക്കുന്നതാണ് ആവിഷ്ക്കരിക്കുന്നത്.
"പറയണം മാഷെ
സാക്ഷരരാക്കിയ ശേഷം
നിങ്ങള്‍ ഞങ്ങളെ
എന്തുചെയ്തു?" എന്ന ചോദ്യത്തിലാണ് കവിത അവസാനിക്കുന്നത്. ആധുനിക കേരളം വിദ്യാഭ്യാസ രംഗത്തു നേടിയ വളര്‍ച്ചയും ഭൗതിക നേട്ടങ്ങളും അതിന്‍റെ തുടര്‍ച്ചയില്ലായ്മയില്‍ വഴിമുട്ടി നില്‍ക്കുന്നതിനെ ഇക്കവിതകളില്‍ ചോദ്യം ചെയ്യുന്നു. കാമ്പുളള ഓര്‍മ്മ അങ്ങാടിയില്‍ കിട്ടില്ല എന്നോര്‍മ്മിപ്പിക്കുന്ന 'അതെ അതല്ലാതെ ' എന്ന കവിതയിലും കേരളത്തിലുണ്ടായ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. എവിടെച്ചെന്നിരുന്നാലും അതേ പെപ്സി/അതേദോശ/അതേ പാനിപ്പൂരി എന്ന് ദേശത്തിലുണ്ടായ സാംസ്കാരിക കലര്‍പ്പുകളെ കവിത അടയാളപ്പെടുത്തുന്നുണ്ട്. ഈ കലര്‍പ്പുകള്‍ ദേശീയതയുടെ ഒരു അന്തരീക്ഷസൃഷ്ടി കവിതയില്‍ നടത്തുന്നുണ്ട്. അതേസമയം വിലയേറിയ പല ഓര്‍മ്മകളെയും മ്യൂസിയത്തില്‍ നിന്നും, കേരളത്തെ ഭൂപടത്തില്‍ നിന്നും കണ്ടെത്താനാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. യഥാര്‍ത്ഥ്യങ്ങളല്ല അവയുടെ പ്രതീതികള്‍, എന്നാൽ യാഥാർത്ഥ്യത്തിൻ്റെ ചിഹ്നവല്‍ക്കരണങ്ങള്‍ യാഥാർത്ഥ്യത്തെക്കാൾ പ്രധാനമായിത്തീരുന്നതാണ് ഇക്കവിതയില്‍ കാണുന്നത്.
"പരസ്യമാണ്
വസ്തുതയല്ല.
അനുഭൂതിയാണ് കാര്യം
അനുഭവമല്ല.
പ്രതിച്ഛായയാണ് കാര്യം
ജീവനല്ല " എന്ന് 'ഞാനല്ല' എന്ന കവിതയിലും ഇതേ ആശയം വെളിപ്പെടുന്നുണ്ട്.
പുതു ആശയ വിനിമയ സംവിധാനങ്ങളും ഗോപീകൃഷ്ണന്റെ കവിതകളില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. മൊബൈല്‍ ഫോണിനെക്കുറിച്ച് പറയുന്ന കവിതകളാണ് 'മണ്ടൻ' , 'അന്നന്നത്തെ മോക്ഷം' എന്നീ കവിതകള്‍. മൊബൈല്‍ ഉപയോഗിക്കാന്‍ അറിയാത്തതിനാല്‍ മണ്ടന്‍ എന്ന കവിതയിലെ മണ്ടന്‍ പോലീസ് പിടിയിലാവുന്നു. മൊബൈല്‍ ഫോണില്‍ നിന്ന് കൂടുതല്‍ ആധുനീകമായ സംവിധാനങ്ങളിലേക്കല്ല പിന്നിലേക്കാണ് 'അന്നന്നത്തെ മോക്ഷം' എന്ന കവിതയില്‍ പോകാനാഗ്രഹിക്കുന്നത്. സാങ്കേതിക വികാസങ്ങള്‍ മനുഷ്യമനസ്സിനെ വികസിപ്പിക്കുന്നില്ല എന്ന് ഇക്കവിതയില്‍ കാണാവുന്നതാണ്.
തീവ്രവിപ്ലവത്തില്‍ നിന്ന് ഭക്തിയിലേക്കുളള കേരളീയാധൂനികതയുടെ പ്രയാണം 'ഇടിക്കാലൂരി പനമ്പട്ടടി' എന്ന കവിതയിലുണ്ട്. കേരളത്തിന്റെ സമസ്ത മേഖലകളിലും പടർന്നു കയറി മാറ്റങ്ങളുണ്ടാക്കിയ ഇടിക്കാലൂരി പനമ്പട്ടടിയെ കാണാതായെന്ന്, അല്ലെങ്കില്‍ ഗുമസ്തക്കസേരയില്‍ ഇരുന്നുണങ്ങിപ്പോയെന്ന് വിമര്‍ശിക്കുന്ന കവിത നെറ്റിയില്‍ കുറിയും ചുണ്ടില്‍ തണുത്ത നാമജപവുമായാണ് അയാളെ കണ്ടെത്തുന്നത്.
മിമിക്രികളില്‍, അനുകരണങ്ങളില്‍, ഭ്രമിച്ചുപോയ കേരളത്തെ 'മിമിക്രി ' എന്ന കവിതയില്‍ കാണാം. അനുകരിച്ചനുകരിച്ച് സ്വന്തം ശബ്ദവും അസ്തിത്വവും നഷ്ടപ്പെടുന്ന മനുഷ്യനെക്കുറിച്ച് പറയുന്ന കവിത ''ക്യാമറയ്ക്ക് മുന്നില്‍/ഗാന്ധിസവും മാര്‍ക്സിസവും/മിമിക്രി കാണിക്കുന്ന കൂറകൾ " എന്ന വരികളിലെത്തുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനമായി മാറുന്നു. തങ്ങളനുകരിക്കുന്ന , പിന്തുടരുന്ന വ്യക്തികളെയോ ആശയങ്ങളെയോ ആഴത്തിലറിയാത്ത അനുകരണങ്ങളായി, പ്രകടനങ്ങളായി, രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും മാറുന്നത് കവിതയില്‍ വിമര്‍ശിക്കപ്പെടുന്നു. 'മരണം ഗാന്ധിയെപ്പോലും വലുതാക്കുന്നു ' എന്ന കവിതയിലും ഗാന്ധിയോടുളളതിലും അധികം ബഹുമാനം ഗാന്ധിയുടെ ഓര്‍മ്മകളോട് - പ്രതീതികളോട് കാണിക്കുന്നതായിക്കാണാം. മരിച്ചതിനു പിറ്റേന്ന് ആശ്രമത്തിലെത്തിയ ഗാന്ധി തന്റെ ജീവിതം ഇത്ര ഒതുങ്ങുന്നതായിരുന്നോ എന്ന് സംശയിച്ച് തിരിച്ചുപോകുന്നു. ഉപഭോഗാസക്തമായ സമൂഹത്തെ 'ചാള' എന്ന കവിതയില്‍ ആവിഷ്കരിച്ചിരിക്കുന്നു. മീനിനെ നാം ഓര്‍മ്മിക്കുന്നു എന്നാല്‍ അതിനര്‍ത്ഥം അതിന്റെ രുചി ഓര്‍മ്മിക്കുന്നു എന്നാണെന്ന് പറയുന്ന കവിത
"നമ്മെ മനസ്സിലാക്കി എന്ന്
ചിലര്‍ പറയുന്നത്
വലിയൊരു പാത്രത്തില്‍
തിളക്കുന്ന എണ്ണയില്‍
വറുത്തെടുക്കാനായിരിക്കുമോ?''എന്ന് ആശങ്കപ്പെടുന്നുണ്ട്.
ഫാസിസം ഗോപീകൃഷണന്റെ പല കവിതകളിലും വിമര്‍ശന വിധേയമാകുന്നു. തങ്ങളുടേതായ നീതിയും നിയമവും നടപ്പിലാക്കുന്ന ഫാസിസത്തെക്കുറിച്ചാണ് 'ഞങ്ങളുടെ മാനിഫെസ്റ്റോ ' എന്ന കവിത പറയുന്നത്. വധശിക്ഷ വിധിച്ചാലും, പാമ്പിനെ തല്ലിക്കൊല്ലാന്‍ കോടതിയില്‍ പോകേണ്ടതില്ലല്ലോ എന്ന യുക്തിയാണ് ഇക്കൂട്ടരെ നയിക്കുന്നത്. ആനയെയും മരത്തെയും വിത്തിനെയും കല്‍ബുര്‍ഗിയെയും കൊല്ലുന്ന ഇവര്‍ തങ്ങളാണ് ശരി എന്നുറപ്പിയ്ക്കുന്നു. 2010 ജൂലായ് 11,28 സെപ്തംബര്‍ 2015 എന്നിങ്ങനെ രണ്ട് കവിതകളടങ്ങുന്ന 'ഇരട്ടക്കവിതകളി' ലും ഫാസിസത്തിന്റെ വിമര്‍ശനം കാണാം. ആദ്യകവിത സ്പെയില്‍ ഹോളണ്ട് ലോക കപ്പ് ഫൈനല്‍ മത്സര ദിനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ആര്യന്‍ റോബന്റെ നീക്കങ്ങളെ ഹിറ്റ്ലറോടും കരുത്തിനോടും ബന്ധിപ്പിക്കുന്ന കവിത സ്പെയിനിന്റെ നീക്കങ്ങളില്‍ ദൈവങ്ങളേയും ശില്പികളേയും കവിതയെയും കണ്ടെത്തുന്നു. ആര്യന്‍ റോബനു പറ്റിയ പിഴ കരുത്തിനുമേല്‍ കവിത നേടിയ വിജയമായി കാണുന്നു. രണ്ടാമത്തെ കവിത ബീഫ് സൂക്ഷിച്ചതിനാല്‍ വര്‍ഗ്ഗീയവാദികളാല്‍ അഖ്ലാക്ക് കൊല്ലപ്പെട്ട ദിവസത്തെ അടിസ്ഥാനമാക്കിയാണ്. ഇക്കവിതയിലും ഫുട്ബോള്‍ കളിയെ പ്രതീകാത്മകമായി ഉപയോഗിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഹിറ്റ്ലറെത്തുക ആര്യന്‍ റോബനായോ ഫുട്ബോളായോ ക്രിക്കറ്റായോ അല്ലെന്നും ഹിംസാത്മകമായ ആള്‍ക്കൂട്ടമായാണെന്നും കവിത പറയുന്നു.
''നമുക്ക്
വീണ്ടും കവികളാകേണ്ടിവരും
നാലുവരി നാലുവരി എഴുതി
ഗോളടിക്കാന്‍ കാത്തുനില്‍ക്കുന്ന
മുന്‍നിരക്കവികളല്ല
പിന്നിലേക്ക് പിന്നിലേക്കിറങ്ങി
ഭാവിയുടെ വലയം കാക്കുന്ന
ഗോളിക്കവികൾ ". എന്ന് രാജ്യം വര്‍ഗ്ഗിയമായി വിഭജിക്കപ്പെടുമ്പോള്‍ കവിയുടെ കടമയെന്തെന്ന് പറഞ്ഞു കൊണ്ടാണ് കവിത അവസാനിക്കുന്നത്.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകനാളുകളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട 'പിടികിട്ടാപ്പുളളി' എന്ന കവിതയില്‍ കൊലയാളി തന്നെയാണ് സംസാരിക്കുന്നത്. വാളല്ലാ താന്‍ തന്നെയാണ് തൊണ്ടി എന്ന് കൊലയാളി പറയുന്നു. തന്നെപ്പോലൊരാളെ സൃഷ്ടിക്കുന്നതിനായിരുന്നോ നിങ്ങള്‍ സംഘടിച്ചത്? സഹിച്ചത്? ത്യജിച്ചത്? എന്ന അയാളുടെ ചോദ്യത്തില്‍ കേരളത്തിലെ സംഘടിത സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റങ്ങളെല്ലാം വഴിതെറ്റിയോ എന്ന സംശയവും വിമര്‍ശനവും കാണാം.
അപരത്തെക്കുറിച്ചുളള കരുതലുകള്‍
സാമൂഹ്യപ്രസ്ഥാനങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രശ്നവല്‍ക്കരിച്ച അധികാരബന്ധങ്ങളാണ് നവോത്ഥാനഘട്ട സാഹിത്യവും പ്രശ്നവല്‍ക്കരിച്ചത്. എല്ലാ അധികാരങ്ങളും ഈ ഘട്ടത്തിൽ വിമർശിക്കപ്പെടുന്നില്ല. 'ദുരവസ്ഥ'യിലും 'ചണ്ഡാലഭിക്ഷുകി ' യിലും ജാതി വ്യവസ്ഥയെ വിമര്‍ശിച്ച കുമാരനാശാന്‍ 'ദുരവസ്ഥ' യില്‍ ദുഷ്ടമുഹമ്മദീയര്‍, മ്ലേഛന്മാര്‍, ദുഷ്ടമുസല്‍മാന്‍മാര്‍, ശുദ്ധിയില്ലാത്ത മലയാള ഭാഷയില്‍ ക്രൂദ്ധിച്ചസഭ്യങ്ങള്‍ ചൊല്ലുന്നവര്‍ എന്നിങ്ങനെ മുസ്ലീം വിഭാഗത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആധുനിക ആധുനികാന്തരഘട്ട സാഹിത്യത്തില്‍ അധികാരത്തിന്‍റെ കൂടുതല്‍ വിപുലവും സൂക്ഷ്മവുമായ വിശകലനവും വിമര്‍ശനവും കാണാം. അപരത്തെക്കുറിച്ചുളള കരുതലാണ് ഗോപീകൃഷ്ണന്റെ കവിതകളുടെ പ്രധാനസവിശേഷത. ജാതീയവും മതപരവും ലിംഗപരവും സാമ്പത്തികവുമായ അധികാര ബന്ധങ്ങളെ ഈ കവിതകള്‍ പരിശോധനാ വിധേയമാക്കുന്നു. താന്‍ അധികാരസ്ഥാനത്തിരുന്നുകൊണ്ട് താഴേക്ക് നോക്കി നടത്തുന്ന വിശകലനമോ വിമര്‍ശനമോ അല്ല ഇക്കവിതകള്‍. സ്ത്രീയോ, കീഴാളനോ, മുസ്ലീമോ, കോങ്കണ്ണനോ മണ്ടനോ കൊലയാളിയോ വേട്ടക്കാരനോ എല്ലാമായി കവി തന്നെ പരിണമിക്കുന്നു. അവരായി നിന്നുകൊണ്ട് എഴുതുന്നു. സ്വയം പ്രതിസ്ഥാനത്തുനിന്നുകൊണ്ട് ആത്മവിമര്‍ശനം നടത്തുന്നു.
സാംസ്കാരിക ദേശീയതയുടെ നിര്‍മ്മിതിയില്‍ അപരവല്‍ക്കരിക്കപ്പെടുന്ന മുസ്ലീം ജനവിഭാഗത്തെ 'അസ്സലും പകര്‍പ്പും', 'അപ്പോള്‍കോയ', 'ബിരിയാണി ഒരു സസ്യേതര രാഷ്ട്രീയ കവിത' എന്നീ കവിതകളില്‍ ഗോപീകൃഷ്ണന്‍ അവതരിപ്പിക്കുന്നു. സൈനുദ്ദീന്‍ എന്ന തന്റെ സുഹൃത്തിനെ പെട്ടെന്നൊരു നിമിഷത്തില്‍ അവന്റെ മതമായും അന്യനായും സംശയിക്കുന്ന ഒരാളെയാണ് 'അസ്സലും പകര്‍പ്പും' എന്ന കവിതയില്‍ കാണുന്നത്. അത്യാവശ്യഘട്ടത്തില്‍ എ.ടി.എമ്മില്‍ നിന്ന് കാശെടുത്ത് കൊടുത്ത് അയാളെ സഹായിച്ച ആളാണ് സൈനുദ്ദീന്‍. കാശ് കളളനോട്ടാണോ എന്ന് ബാങ്കുകാര്‍ സംശയിക്കുന്ന ഒരു നിമിഷത്തില്‍ സൈനുദ്ദീന്റെ മഹാമനസ്കതയും ദാനശീലവും പോലും അഭിനയങ്ങളായി അയാള്‍ക്ക് തോന്നുന്നു കളളനോട്ടല്ലെന്ന് ബാങ്കുകാര്‍ പരിശോധനയ്ക്ക് ശേഷം അറിയിക്കുമ്പോള്‍ സൈനുദ്ദീനെക്കുറിച്ച് തോന്നിയ സംശയം അയാളുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോകുന്നു. യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെക്കാനും പുതിയ യാഥാര്‍ത്ഥ്യങ്ങളെ സൃഷ്ടിച്ചെടുക്കാനുമുളള വ്യവഹാരങ്ങളുടെ മാരകശേഷി ഇക്കവിതയില്‍ തെളിയുന്നുണ്ട്.
ഇതേ വ്യവഹാരങ്ങള്‍ അയല്‍പക്കക്കാരെ ശത്രുരാജ്യങ്ങളാക്കുന്ന കാഴ്ച 'അപ്പോള്‍ കോയ ' എന്ന കവിതയില്‍ കാണാം. ഒരിക്കല്‍ സഹൃത്തായിരുന്ന കോയയുടെ വീട് കാണാനിഷ്ടമില്ലാത്തതിനാല്‍ തന്റെ വീടിന്‍റെ ജനല്‍ തുറക്കാത്ത അയാള്‍ കവിതയില്‍ ഭൂരിപക്ഷവിഭാഗത്തിന്‍റെ പ്രതിനിധിയാണ്. ഒരേ ഉയരത്തില്‍ തങ്ങളിരുന്നുകുടെന്ന കണക്കുകൂട്ടലില്‍ "ആത്മാവിന്റെ പല്ലിനിടയില്‍ കുടുങ്ങിയ പോത്തിറച്ചി " പോലെ അയാള്‍ കോയയെ കുത്തിക്കളയുന്നു. "ആത്മാവിന്റെ മലബന്ധം പോലെ/ നീ എന്നെ/ പേറി നടന്നോളൂ" എന്നാണ് കോയയോടുളള അയാളുടെ ആജ്ഞ. ന്യൂനപക്ഷത്തെ ഭൂരിപക്ഷത്തിന് അവഗണിക്കാന്‍ സാധിക്കുന്നതുപോലെ ന്യൂനപക്ഷത്തിന് ഭൂരിപക്ഷത്തെ അവഗണിക്കാന്‍ സാധിക്കില്ലെന്ന് ഈ വരികള്‍ വ്യക്തമാക്കുന്നുണ്ട്. ഭൂരിപക്ഷത്തിന്റെ ഹിംസാത്മകത തന്നെയാണ് ഇക്കവിതയില്‍ തെളിയുന്നത്.
വരേണ്യ വര്‍ഗ്ഗത്തിന്റെ ഭക്ഷണശീലത്തെ മതന്യൂനപക്ഷത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന വ്യവഹാര നിര്‍മ്മിതിക്കെതിരായ രാഷ്ട്രീയ ഇടപെടലാണ് 'ബിരിയാണി ഒരു സസ്യേതര രാഷ്ട്രീയ കവിത ' എന്ന കവിത. ചേരുവകകളുടെ വിശകലനങ്ങള്‍ കൊണ്ട്, ബിരിയാണിയുടെ രുചിഭേദങ്ങള്‍കൊണ്ട്, ഇക്കവിത ദേശകാലങ്ങളെ അടയാളപ്പെടുത്തുന്നു. ബിരിയാണിയുടെ ചരിത്രവും വര്‍ത്തമാനവും ഈ കവിതയില്‍ കടന്നുവരുന്നു. ബിരിയാണി തിന്നുന്നവരെ പാക്കിസ്ഥാനിലേക്ക് നാടുകടത്തിയേക്കും എന്ന വരികള്‍ കൊണ്ട് ഇരകളാരെന്ന് സൂചിപ്പിക്കുന്നു. ബിരിയാണി മതേതര ഭക്ഷണമായി മാറുന്നതില്‍ ഭയപ്പെടുന്നവരാണ് ബിരിയാണിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും സൂചിപ്പിക്കുന്നു. കോര്‍പ്പറേറ്റ് ഓവനുകള്‍ നിര്‍മ്മിക്കുന്ന സസ്യഭക്ഷണത്തെ ചവച്ചരച്ച് സസ്യേതരഭക്ഷണമാക്കാന്‍ ശേഷിയുളള പല്ലുകള്‍ ഞങ്ങളുടെ പക്കലുണ്ട് എന്നാണ് കവിത അവസാനിപ്പിക്കുന്നത്. രുചികള്‍ക്കുമേല്‍ അധികാരം നേടിയെടുക്കുന്ന, ഏകരുചികളെ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന, മത, രാഷ്ട്രീയ, കമ്പോള മേലാളന്മാരോടുളള പ്രതിരോധമായി ഇക്കവിത മാറുന്നു.
മതപരമായ അസഹിഷ്ണുതകള്‍ മാത്രമല്ല ജാതീയമായ അസഹിഷ്ണുതകളും ഗോപീകൃഷ്ണന്റെ കവിതയില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. 'രാമനും കൃഷ്ണനും' എന്ന കവിതയില്‍ ആഖ്യാതാവായ ചാക്കോയുടെ കൂട്ടുകാരാണ് രാമനും കൃഷ്ണനും. മതം മാറിയെങ്കിലും രാമനോട് കൃഷ്ണന് അസഹ്യത തോന്നുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് മതം അവരില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ കഥമാറുന്നു. കവിതയ്ക്കൊടുവില്‍ കൃഷ്ണന്‍ രാമനെ കൊല്ലുകയും പരസ്പരം ചാരന്മാരായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്യുന്നു. രക്ഷകനായ ദൈവവും മതവും തന്നെ ശിക്ഷകനായി മാറുന്നത് 'ഒരു മൂന്നാംകിട ചലച്ചിത്രത്തിന്റെ തിരക്കഥപോലെ' എന്ന കവിതയിലും കാണാം. മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം വിതയ്ക്കുകയും പരസ്പരം ശത്രുക്കളാക്കുകയും കൊലയാളികളാക്കുകയും ചെയ്യുന്ന മതത്തിന്റെ പതനമാണ് ഇക്കവിതകളില്‍ കാണുന്നത്. രോഹിത് വെമുല മരിച്ച നാളില്‍ എഴുതിയ 'അധികാരിയുടെ അനുശോചനം' എന്ന കവിതയില്‍ മതത്തിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ചുളള വിമര്‍ശനവും കാണാം. രോഹിതിന്റെ മരണശേഷമാണ് അധികാരി കരുണയുളളവനാകുന്നത്. എന്നാല്‍ കവിതയിലുടനീളം രോഹിത് എന്ന പേരുപോലും അധികാരി തെറ്റിച്ചാണ് ഉച്ചരിക്കുന്നത്. മരണത്തില്‍ പോലും അവന്‍റെ പേരോ സ്വത്വമോ അംഗീകരിക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. അയാള്‍ അങ്ങനെ അഭിനയിക്കുന്നുണ്ടെങ്കിലും. 'കൃഷ്ണൻ'എന്ന കവിതയിലെ കൃഷ്ണന്‍ കുഴലും പീലിയും നൃത്തവും മാത്രമല്ല താന്‍ കറുപ്പും പുറമ്പോക്കും കൂടിയാണെന്ന്- തന്റെ ദളിത് സ്വത്വത്തെക്കൂടി അംഗീകരിക്കേണ്ടതുണ്ടെന്ന് - പറയുന്നു.
സാമ്പത്തിക അധികാരബന്ധങ്ങളിലൂടെയും ഗോപീകൃഷ്ണന്റെ കവിതകള്‍ സഞ്ചരിക്കുന്നുണ്ട്. ഇഹലോകം മാത്രമല്ല പരലോകം പോലും ദരിദ്രനായ ഒരുവന്റെ മേല്‍ അധികാരം സ്ഥാപിക്കുന്നത് 'എന്നിട്ടും എന്റെ ജോസേ ' എന്ന കവിതയില്‍ കാണാം. പണക്കാരനായ ജോസിന് വിധേയനായി, ദരിദ്രനായ ഒരുവൻ്റെ ബുദ്ധിയും ശക്തിയും ശരീരവും മനസ്സും തലകുനിച്ച് നിന്ന് വേവലാതിപ്പെടുന്നത് കവിതയില്‍ കാണാം, 'വധശിക്ഷാരാവ് ' എന്ന കവിതയില്‍ ദരിദ്രനായ ഒരുവന് ജീവിതത്തില്‍ കിട്ടാത്ത കരുണയെക്കുറിച്ചും വധശിക്ഷയ്ക്കു മുമ്പുളള അവസാന നിമിഷങ്ങളില്‍ കിട്ടുന്ന പരിഗണനയെക്കുറിച്ചും പറയുന്നു. തോല്‍ക്കുന്ന, വിധേയത്വം പേറുന്ന മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും പ്രകൃതിയോടും ഗോപീകൃഷ്ണന്റെ കവിതകള്‍ ഐക്യപ്പെടുന്നു. 'കരയുടെ യാചകൻ' എന്ന കവിതയില്‍ ആനയെ കരയുടെ യാചകനായി അടയാളപ്പെടുത്തുന്നു. കിഴക്കുളള ഏതോ കാട്ടില്‍ നിന്ന് അവനെ തട്ടിയെടുത്ത മനുഷ്യന്റെ തെറ്റിനെക്കുറിച്ച് ഖേദിക്കുന്നു. കോഴി,പട്ടി, മീന്‍,കൊതുക്, തവള തുടങ്ങിയ ജീവികളെല്ലാം കവിതകളില്‍ കടന്നു വരുന്നുണ്ട്. ജീവിതത്തെ വിവരിക്കാനും അധികാരത്തെ വിമര്‍ശിക്കാനുമുളള ഉപാധിയായി ഈ ജീവികള്‍ പല കവിതകളിലും പരിണമിക്കുന്നു.
സൃഷ്ടാവായ സ്ത്രീ
തങ്ങളുടെ സ്വാതന്ത്ര്യ മോഹങ്ങളും സ്വത്വസംഘര്‍ഷങ്ങളും ആവിഷ്കരിച്ചുകൊണ്ട് സ്ത്രീകവിതകള്‍ സജീവമാകുന്നതിനു മുമ്പ് തന്നെ ആശാനെപ്പോലുളള കവികള്‍ സ്ത്രീയുടെ ചിന്താമണ്ഡലത്തിലേക്ക് കടന്നു ചെല്ലുന്നുണ്ട്. ഗോപീകൃഷ്ണന്റെ ആദ്യ കവിതാ സമാഹാരമായ 'മടിയരുടെ മാനിഫെസ്റ്റോ'യില്‍ പുരുഷത്വത്തിന്‍റെ സംഘര്‍ഷങ്ങളും ആഖ്യാനങ്ങളുമാണ് പ്രബലമായിരിക്കുന്നത്. എന്നാല്‍ പില്‍ക്കാല കവിതാ സമാഹാരങ്ങളായ 'ഇടിക്കാലൂരി പനമ്പട്ടടി' , 'എന്‍റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത് ' 'ബിരിയാണിയും മറ്റ് കവിതകളും' എന്നീ സമാഹാരങ്ങളിലെത്തുമ്പോള്‍ സ്ത്രീസ്വത്വം കൂടുതല്‍ പ്രബലമായി തീരുന്നത് കാണാം.'മടിയരുടെ മാനിഫെസ്‌റ്റോ 'എന്ന കവിതയില്‍ കീഴടക്കാന്‍, വിജയിക്കാന്‍ വെമ്പല്‍ കൊളളുന്ന പുരുഷനെയാണ് നാം കാണുന്നത്. "ഞാന്‍ പുരുഷന്‍/ എന്റെ പ്രശ്നം/അനശ്വരത" എന്ന് കവിതയില്‍ അവന്റെ ലക്ഷ്യത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. 'പറയൂ പരിണാമമേ' എന്ന കവിതയില്‍ ആണത്തമെന്നാല്‍ ശാരീരിക സവിശേഷതകളാണോ എന്ന് സംശയിക്കുന്നുണ്ട്. ഭക്ഷണമുണ്ടാക്കുകയും വിളമ്പുകയും ചെയ്യുന്ന സ്ത്രീയുടെയും ഉപഭോക്താവായ പുരുഷന്റെയും ബിംബങ്ങളിലൂടെ, ഉപഭോഗത്തിലും ആസ്വാദനത്തിലും മുഴുകി നീളുന്ന പുരുഷന്റെ അധികാരസ്വഭാവത്തെ 'രുചിപ്രഭാഷണം' എന്ന കവിത വരച്ചുവെക്കുന്നു.
"അതിനാൽ
എടീശാന്തമ്മോ, വിളമ്പ്
വീണ്ടും വിളമ്പ്
വീണ്ടും വീണ്ടും വിളമ്പ്.
ഞാനിരുന്നും നീ നിന്നുമുളള
ആ ദൃശ്യം
പാഠപുസ്തകങ്ങളില്‍ ചെന്നു പറ്റട്ടെ
അതിനടിയില്‍
ലക്ഷം ലക്ഷം കുഞ്ഞുങ്ങള്‍
വീട് എന്ന്
വീണ്ടും വീണ്ടും
എഴുതിപഠിക്കട്ടെ ''
എന്ന് അവസാനിക്കുന്ന കവിത പാരമ്പര്യ വാര്‍പ്പുമാതൃകകളെയും ലിംഗപദവീപരമായ സ്വത്വ നിര്‍മ്മിതികളെയും അവയെ പുനരുല്പാദിപ്പിക്കുന്ന വ്യവഹാരങ്ങളെയും ഇതിനെയെല്ലാം നിലനിര്‍ത്താനാഗ്രഹിക്കുന്ന പുരുഷാധികാരത്തെയും ആവിഷ്കരിക്കുന്നു.
'ഇടിക്കാലൂരി പനമ്പട്ടടി' എന്ന സമാഹാരത്തിലെ കരയുന്നതിനു പകരം ' ആണുങ്ങള്‍ അട്ടഹസിക്കുന്നു ' എന്ന കവിതയില്‍ അധികാരിയായ പുരുഷനെ വിമര്‍ശനത്തിന്‍റെ വിചാരണസ്ഥലത്തേക്ക് നീക്കി നിര്‍ത്തുന്നത് കാണാം. പ്രസവം എന്തെന്നറിയാതെ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന, വസ്ത്രം അലക്കുന്നതെങ്ങനെ എന്നറിയാതെ ലോകം മുഷിച്ചുകൊണ്ടിരിക്കുന്ന പുരുഷന്‍. തൊണ്ടയ്ക്കുളളിലെ മുഴയാണ് ഹൃദയം എന്ന് വിചാരിക്കുന്ന ഭൂരിപക്ഷം പുരുഷന്മാരും ഉപരിതലങ്ങളില്‍ ജീവിക്കുന്നവരും ജീവിതത്തിന്റെ ആഴങ്ങളെ അനുഭവിക്കാത്തവരുമായാണ് കവിതയില്‍ തെളിയുന്നത്. 'വൃത്തം' എന്ന കവിതയിലെ ആഖ്യാതാവ് സ്ത്രീയാണ്. അവളുടെ ചലനത്തെ വൃത്തമായും അവന്റെത് രേഖീയ ചലനമായും കവിത പറഞ്ഞുവെക്കുന്നു. പുരുഷനായതുകൊണ്ടുതന്നെയാണ് പുറപ്പെട്ടുപോയ ഒരു നായയ്ക്ക് ഈ കവിതയില്‍ വീട്ടില്‍ തിരിച്ചെത്താന്‍ സാധിക്കാത്തത്. സ്ത്രീയുടെ ചലനത്തെയും ജീവിതത്തെയും ഗോപീകൃഷ്ണന്റെ പല കവിതകളിലും വര്‍ത്തുളതയായി അവതരിപ്പിക്കുന്നുണ്ട്. വൃത്തത്തിലാവേണ്ടി വരുന്ന അവളുടെ സഞ്ചാരങ്ങള്‍ വെളിപ്പെടുത്തുന്ന മറ്റൊരു കവിതയാണ് 'വാതിലുകൾ'. രാവിലെ കിടപ്പു മുറിയില്‍ നിന്ന് പുറത്തുകടക്കുന്ന അവനും അവളും രണ്ടു കാഴ്ചകളിലേക്കാണ് പോകുന്നത്. അവന്റെ കാഴ്ചകള്‍ ആകാശച്ചെരുവിലെ പുതിയ സൂര്യനിലേക്ക് നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോള്‍ അവള്‍ അടുക്കളയിലേക്കാണ് പോകുന്നത്. "അടുപ്പില്‍/ അവളെക്കാത്ത് /വളരെപ്പഴകിയ സൂര്യൻ" എന്നവസാനിക്കുന്ന കവിത അവളുടെ ദിനാരംഭത്തിന്‍റെ മടുപ്പിക്കുന്ന ആവര്‍ത്തനമെന്നതു പോലെ അവളുടെ വര്‍ത്തുളചലനവും സൂചിപ്പിക്കുന്നുണ്ട്.
സാമാന്യബുദ്ധി വാര്‍ത്തെടുത്ത, ലളിതവും പൂര്‍ണ്ണവുമായ ഒരു പെണ്‍സൂചിയായി (സേഫ്റ്റി പിന്‍) സ്ത്രീയെ അവതരിപ്പിക്കുന്ന കവിതയാണ് പെണ്‍ സൂചി. പുരുഷനെ മൊട്ടുസൂചിയായി അവതരിപ്പിക്കുന്ന ഇക്കവിതയിലും അവളുടെ ചലനത്തിന്റെയും ജീവിതത്തിന്റെയും വര്‍ത്തുളത സൂചിപ്പിക്കപ്പെടുന്നുണ്ട്. അതേസമയം "പിളര്‍ന്നു പോകാതെ/ ലോകത്തെ പിടിച്ചു നിര്‍ത്തുന്നത് / ഞാനാണ് " എന്ന വരികളിലെത്തുമ്പോള്‍ ഈ വര്‍ത്തുളത അര്‍ത്ഥപൂര്‍ണ്ണമായൊരു ജീവിതമായി പരിവര്‍ത്തിക്കുന്നത് കാണാം.
'ദാസിന്റെ അമ്മ' എന്ന കവിതയിലെ,
''ഒരറ്റം മണ്ണുമൂടിയ
പൊക്കിള്‍ കൊടിയുടെ മറ്റേ അറ്റത്ത്
ആ അമ്മ
പശുവിനെപ്പോലെ
വട്ടം ചുറ്റുന്നു
ഒരു ചെറിയ ഭൂമിയുണ്ടാക്കുന്നു" എന്ന വരികളില്‍ ഈ വര്‍ത്തുള ചലനം വളരെ വ്യക്തമായി തെളിയുന്നു.
'അര്‍ജ്ജുനന്റെ അമ്മ' എന്ന കവിതയിലെ സ്ത്രീയെ നോക്കൂ. അവള്‍ മറ്റുളളവര്‍ക്ക് വേണ്ടി ജീവിക്കുന്നു. തന്‍റെ ജീവിതം ദുരന്തമാണെന്ന് അവള്‍ ഭാവിക്കുന്നതേയില്ല. സാമൂഹ്യലോകത്തിലേക്ക് അവര്‍ എത്തിപ്പെടുന്നില്ലെങ്കിലും തന്‍റെ ലോകത്ത് തന്റെ ഭാഷയില്‍ തന്നോട് തന്നെ സംസാരിച്ച് വൃത്തത്തിനുളളിലെ ജീവിതം ആസ്വദിക്കുന്ന സ്ത്രീയാണവര്‍. എല്ലാ ജാതിമതത്തില്‍ പെട്ട സ്ത്രീകളെയും അവളുടെ തൊഴില്‍ സമാനതകൊണ്ട് കൂട്ടിയിണക്കുന്ന കവിതയാണ് 'അലക്ക് '. പ്രതിഫലമോ അഭിനന്ദനമോ കിട്ടാത്ത അലക്ക് ജോലി എല്ലാ സ്ത്രീകളും ചെയ്തുകൊണ്ടിരിക്കുന്നു. കുളം മൂടിപ്പോവുകയും അലക്കു മെഷീനും, ടിവിയും വരികയും ചെയ്യുമ്പോള്‍ അവര്‍ പുറത്തേക്ക് കൂടുതല്‍ സ്വതന്ത്രയാവുകയല്ല ഉളളിലേക്ക് കൂടുതല്‍ ഒതുങ്ങുകയാണ്. സാങ്കേതികവിദ്യാവികാസങ്ങളും അവളെ സാമൂഹ്യ സ്ഥലത്തേക്ക് എത്തിക്കുന്നില്ല എന്ന് ഇക്കവിത പറയുന്നു.
'ചെസ്സ് ' എന്ന കവിതയില്‍ ആണുങ്ങളും മൃഗങ്ങളും യുദ്ധവാഹനമായ തേരുമുളള ഒരു സാമൂഹ്യസ്ഥലത്തിന്‍റെ വ്യക്തമായ ചിത്രമുണ്ട്. സസ്യങ്ങളും പെണ്ണുമില്ലാത്ത പുസ്തകമാണ് ചെസ്സ് എന്നും അവിടെ യുദ്ധമേ നടക്കൂ എന്നും ഒരുവള്‍ ഇവിടെ തന്‍റെ വിയോജിപ്പ് പറഞ്ഞുവെച്ച് അടുക്കള യിലേക്ക് പോകുന്നു. 'ലൂസിയുടെ കോഴി' എന്ന കവിതയിലും 'എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത് ' എന്ന കവിതയിലും സ്ത്രീയുടെ ഏകാന്തജീവിതം കാണാം. ഭര്‍ത്താവ് മരിച്ച, കുട്ടികള്‍ വിദേശത്തായ ലൂസിയുടെ ജീവിതത്തില്‍ കോഴിയുടെ കാണാതാകല്‍ ഏകാന്തതയെ ഇരട്ടിപ്പിക്കുന്ന സംഭവമാകുന്നു. 'എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത് 'എന്ന കവിതയില്‍ അനാരോഗ്യത്തില്‍ ജീവിതം തളളി നീക്കുന്ന ഒരു വൃദ്ധസ്ത്രീയെയാണ് നാം കാണുന്നത്. മകന്‍റെ ജനനസമയത്ത് ഒരു നിമിഷം താന്‍ തുടയിടുക്ക് കൂട്ടിപ്പിടിച്ചിരുന്നെങ്കില്‍ അവനിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്ന് ആ അമ്മ അവന്‍റെ ഭാര്യയോട് പറയുന്നു. ജീവിതത്തില്‍ തോറ്റുപോകുന്നെങ്കിലും, ദുര്‍ബലയും നിസ്സഹായയുമായി തീര്‍ന്നിട്ടുണ്ടെങ്കിലും, അവരിലെ കരുണയുടെ ദീപം കെട്ടിട്ടില്ല. മഴ നനഞ്ഞു വരുന്ന നായയ്ക്ക് ഇപ്പോഴും അവിടെ അര അഭയമുണ്ട്. "ആ നായ അവനാണെങ്കില്‍ കൂടിയും " എന്നാണ് ഇക്കവിത അവസാനിക്കുന്നത് . ജീവനെ ഉത്പാദിപ്പിക്കുന്നവള്‍, നിലനിര്‍ത്തുന്നവള്‍ എന്ന സ്ഥാനത്തേക്ക് ആ അമ്മയെ ഉയര്‍ത്തുന്ന കവിത അവനെ നന്ദികെട്ട ഒരു നായയായി താഴ്ത്തുന്നു.
പ്രണയം പ്രമേയമാവുന്ന 'പിരിഞ്ഞാൽ ', 'ബനലതാസെൻ ' , 'പിന്നെയും നീ ബാക്കി' , 'ഉയിര്‍ത്തെഴുന്നേല്പ്' , 'നന്മനിറഞ്ഞ നഗരത്തില്‍ അഥവാ റസിയാ റസിയാ' എന്നീ കവിതകളിലെല്ലാം പ്രണയവും സ്ത്രീയും സങ്കല്പത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലുളള ഒരവ്യക്തതയായി നില്‍ക്കുന്നു. "നാരങ്ങാതിന്നു തീര്‍ന്നിട്ടും ഇല്ലാത്ത ഒരല്ലി ബാക്കിയാവുന്നതുപോലെ, നിന്റെ എത്രയോ പ്രതീതികളെ/പ്രേമിച്ചിട്ടും/ഭോഗിച്ചിട്ടും/കുടിച്ചിട്ടും/തിന്നിട്ടും/ എന്നെ കുഴക്കാന്‍ പിന്നെയും നീ ബാക്കി " എന്ന് 'പിന്നെയും ബാക്കി' എന്ന കവിതയില്‍ സങ്കല്പമായി നിലനില്‍ക്കുന്ന പ്രണയം 'ബനലതാസെൻ ' കവിതയിലെത്തുമ്പോള്‍ യാഥാര്‍ത്ഥ്യത്തെ സ്പര്‍ശിക്കുന്ന തോന്നലുണ്ടാകുന്നു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍: ഒരുവളോട് കവി എന്തോ പറയാനാഗ്രഹിക്കുന്നു. കവിതയ്ക്കൊടുവില്‍ ഒരു നിമിഷം അവളെ കണ്ടു മുട്ടിയോ എന്ന് സംശയിക്കുന്നു. ആ സംശയത്തില്‍ "എന്റെ ഹൃദയത്തിലെ/ഒരു നര/ പെട്ടെന്ന് കറുത്തു " എന്ന് അയാള്‍ യൗവ്വനത്തിലേക്ക് തിരിച്ചു വരുന്നു. പ്രണയിനി /ഭാര്യ എന്നീ വേഷങ്ങളില്‍ രണ്ടാമത്തെ വേഷം സ്ത്രീക്ക് എപ്പോഴും വിധേയത്വത്തിന്‍റെതും അസ്വാതന്ത്ര്യത്തിൻ്റെയും വേഷമായി മാറുന്നത് വീട് എന്ന സ്ഥാപനത്തോട് ചേര്‍ത്തുവെയ്ക്കുമ്പോള്‍ കൂടിയാണ്. 'വീട് ' എന്ന കവിതയില്‍ പുരുഷാധികാരത്തിന്‍റെ കൂടായാണ് വീട് അവതരിക്കപ്പെടുന്നത്. ശാരീരികബലം കൊണ്ട് അവന്‍ വീടിന്റെ അധികാര കേന്ദ്രമായിത്തീരുന്നു. ഊതി വീര്‍പ്പിച്ച തന്റെ പുരുഷ്വത്വത്തെ കുത്തിപ്പൊട്ടിക്കുന്ന ഒരുവളായി സ്ത്രീ മാറുമ്പോള്‍ പുരുഷന്‍ അവളെ ഇല്ലാതാക്കുന്നതും താനല്ല അത് ചെയ്തതെന്ന് നിഷേധിക്കുന്നതും 'ഞാനല്ല' എന്ന കവിതയില്‍ കാണാം. അവള്‍ അവന് കണ്ണാടി ആയതാണ്, തന്‍റെ യാഥാര്‍ത്ഥ്യത്തെ അവന് വെളിപ്പെടുത്തി കൊടുത്തതാണ്, മൂര്‍ച്ചയും തെളിമയുമായതാണ്, അവനെ പ്രകോപിപ്പിക്കുന്നത്. സത്യത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവാതെ അയാള്‍ കണ്ണാടി തകര്‍ത്തു കളയുന്നു.
സാമൂഹ്യ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത, തന്‍റെ കൊച്ചു വൃത്തങ്ങളില്‍ തൃപ്തരായോ അതൃപ്തരായോ ചുറ്റിത്തിരിയുന്ന, സ്ത്രീകള്‍ മാത്രമല്ല ഗോപീകൃഷ്ണന്റെ കവിതകളിലുളളത്. വൃത്തം ഭേദിച്ച് പുറത്തുപോകുന്നവരും ഇക്കവിതകളിലുണ്ട്. 'ഓട് റോസാ ഓട്' എന്ന കവിതയില്‍ പ്രതിബന്ധങ്ങളെല്ലാം മറികടന്നുകൊണ്ട് ഓടാന്‍ കവി റോസയോട് ആവശ്യപ്പെടുന്നു.
"ഓട് റോസാ ഓട്
ഈ കാലില്ലാത്തവനെ
ചുമലിലെടുത്ത്
ഓട് ,ഓട്"
എന്ന വരികളിലവസാനിക്കുന്ന കവിതയില്‍ അവള്‍ നേരിടുന്ന വ്യക്തിപരവും സാമൂഹ്യവുമായ പ്രതിസന്ധികളെ മറികടക്കാനുളള പരിശ്രമമായി ഓട്ടം മാറുന്നു. അവനെക്കാള്‍ അതിന് കഴിവുളളവളായി കവിതയില്‍ അവള്‍ അവതരിപ്പിക്കപ്പെടുന്നു. 'ഓട് റോസാ ഓട് ' എന്ന കവിതയില്‍ വൃത്തത്തിനു പുറത്തേക്ക്, ഓടാന്‍ പ്രേരിപ്പിക്കപ്പെടുകയാണെങ്കില്‍'മേരികോം' എന്ന കവിതയില്‍ പുറത്തേക്ക് പോകാനും വിജയിക്കാനുമുളള കരുത്ത് അവള്‍ സ്വയം നേടിയെടുക്കുന്നതാണ്. ഒളിമ്പിക്സ് മെഡല്‍ നേടിയ മേരീകോമിനെ പ്രമേയമാക്കുന്ന ഈ കവിത മേരികോമിന്റെ വിജയത്തെ മണിപ്പൂരിലെ പല പെണ്‍പോരാളികളുടെയും വിജയമായി അവതരിപ്പിച്ചിരിക്കുന്നു. മണിപ്പൂരിലെ വീട്ടമ്മമാരുടെ പരാജയപ്പെട്ട പ്രതിരോധത്തിനും ഇറോം ഷര്‍മ്മിള എഴുതാതെ പോയ കവിതകള്‍ക്കും കൂടിയുളളതാണ് ഈ ഓട്ടുമെഡല്‍. മാത്രമല്ല പെണ്‍മക്കളുടെ ഭാഷയില്‍ നിന്നും ദുസ്വപ്നങ്ങളെ ഉരിഞ്ഞുകളയാനും ഈ ഓട്ടുമെഡല്‍ സഹായകരമാകുമെന്ന് കവിത പ്രത്യാശിക്കുന്നു. വൃത്തങ്ങള്‍ക്ക് പുറത്തേക്കുളള പെണ്‍പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നൊരു കവിതയാണിത്. വൃത്തത്തിനുളളില്‍ കറങ്ങുന്ന ഒരു സ്ത്രീ വൃത്തത്തിന് - ഘടനയ്ക്ക് - പുറത്തേയ്ക്ക് കടന്നു കൊണ്ട് ആവശ്യ ഘട്ടത്തില്‍ കരുത്തയായി തീരുന്നത് 'ഒരു കാസര്‍കോടന്‍ കഥ ' എന്ന കവിതയില്‍ കാണാം. ദൈവത്തിനു മുന്‍പിലെ കല്‍മണ്ഡപത്തില്‍ അരയ്ക്കു താഴെ തളര്‍ന്ന മകനെ ഇരുത്തി പരീക്ഷണം നടത്തുന്ന അപ്പയ്യമണിയാണിയോടും അവന്റെ ദൈവത്തോടും അവള്‍ പൊട്ടിത്തെറിക്കുന്നു. നായിന്റെ മോനെ എന്റെ കുഞ്ഞിനെ താങ്ങ് എന്ന് ആക്രോശിക്കുന്നു, പുരുഷനും ദൈവത്തിനും നേരെ വിരല്‍ ചൂണ്ടുന്ന. ദൈവവിഗ്രഹത്തെ വെടിവെച്ചു തകര്‍ക്കുന്ന ആ അമ്മ ക്ഷണനേരം കൊണ്ടാണ് തന്റെ വിധേയകര്‍ത്തൃസ്ഥാനത്തെ കുടഞ്ഞുകളയുന്നത്.
ഗോപീകൃഷ്ണന്റെ കവിത പുരുഷന് തുല്യയായി സ്ത്രീയെ സ്ഥാപിക്കുകയല്ല. പുരുഷനെക്കാള്‍ ഉയരത്തില്‍ അവളെ നിര്‍ത്തുകയാണ് ചെയ്യുന്നത്. സഹനത്തിന്റെയും കരുണയുടെയും മാതൃകാബിംബങ്ങളായി, വീടിനു ചുറ്റുമുളള വട്ടംകറങ്ങലുകളായി, അവതരിപ്പിക്കപ്പെടുന്ന സ്ത്രീയും അവളുടെ ജീവിതവും പാരമ്പര്യ സ്ത്രീബിംബ പ്രതിഷ്ഠ തന്നെയല്ലേ എന്ന് നമുക്ക് സംശയം തോന്നിയേക്കാം. എന്നാല്‍ പുരുഷന്‍റെ എല്ലാ അഹങ്കാരങ്ങളെയും വിമര്‍ശിച്ചുകൊണ്ടാണ് ഇക്കവിതകള്‍ സ്ത്രീയെ മനുഷ്യവര്‍ഗ്ഗത്തിന്റെ മുന്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. അവളെന്നാല്‍ സ്നേഹവും കരുണയും മാത്രമല്ല ജീവന്റെ നിലനില്പും അതിജീവനത്തിന്‍റെ കരുത്തുമായാണ് പല കവിതകളിലും കാണുന്നത്. കരുണയും സ്നേഹവും ദയയുമൊക്കെയാണ് ലോകത്തെ നിലനിര്‍ത്തുന്നത് എന്ന ആശയത്തില്‍ മേലാണ് ഈ കവിതകളിലെ സ്ത്രീകള്‍ ഉയര്‍ന്നു നില്‍ക്കുന്നത്.
ദൈവം ആറുദിവസം കൊണ്ടു സൃഷ്ടിച്ചതെല്ലാം അവനടക്കം, അവള്‍ക്ക് മുന്നിലായി കാണപ്പെടുന്നെങ്കിലും, അവനാണ് സൃഷ്ടികളില്‍ മുമ്പില്‍ എന്ന് അവന്‍ അഹങ്കരിക്കുന്നെങ്കിലും യാഥാര്‍ത്ഥ്യം അതല്ലെന്ന് 'ദൈവം ഏറ്റവും അവസാനം സൃഷ്ടിച്ചത് എന്നെയാണ് ' എന്ന കവിത പറയുന്നു. യഥാര്‍ത്ഥ വേദപുസ്തകത്തില്‍ രണ്ടേരണ്ടു വരികളേ ഉള്ളൂ എന്ന് കൂട്ടിച്ചേര്‍ക്കുന്നു. അതിങ്ങനെയാണ്.
''ദൈവംഅവസാനമായി
സ്ത്രീയെ സൃഷ്ടിച്ചു.
പിന്നീടെല്ലാം അവള്‍ സൃഷ്ടിച്ചു " ഈ വരികളില്‍, പുരുഷനും ദൈവവും അടുത്തടുത്ത് നിന്ന് സൃഷ്ടിക്കുന്ന ആണധികാരഘടനയെ , അവര്‍ക്കിടയില്‍ സൃഷ്ടാവായ ദൈവത്തിനൊപ്പം മറ്റൊരു സൃഷ്ടാവായി ചേര്‍ന്ന് നിന്ന് അവള്‍ അട്ടിമറിക്കുന്നത് കാണാം.
പാരിസ്ഥിതിക ജാഗ്രതകള്‍
പുരുഷന്‍/സ്ത്രീ എന്ന ക്രമത്തെ അട്ടിമറിക്കുന്ന ഗോപീകൃഷ്ണന്റെ കവിതകള്‍ മനുഷ്യന്‍/പ്രകൃതി എന്ന ക്രമത്തെയും അട്ടിമറിക്കുന്നുണ്ട്. മനുഷ്യനെ കേന്ദ്രീകരിക്കുന്ന ലോകബോധത്തെ ഇക്കവിതകള്‍ പിന്തുടരുന്നില്ല. സാങ്കേതികവിദ്യ എത്രതന്നെ വികസിച്ചിട്ടും ലോകം മുഴുവന്‍ തനിക്ക് കീഴിലെന്ന് കരുതി ജീവിക്കുന്ന മനുഷ്യന് ഒരു മാവിന്‍റെ സാഹസീകതയ്ക്കൊപ്പം എത്താനാവുന്നില്ല എന്നാണ് 'ഹേ, ഡാര്‍വിന്‍ കേള്‍ക്കുന്നുണ്ടോ' എന്ന കവിതയില്‍ കവി പറയുന്നത്. കലയിലും ഭാഷയിലും മനുഷ്യന്‍ പരിണമിച്ചാണ് മരം ഉണ്ടായതെന്ന് പറയുന്ന കവിത. സംശയമുണ്ടെങ്കില്‍ നിഘണ്ടു നോക്കാന്‍ ആവശ്യപ്പെടുന്നു. "മനുഷ്യന്‍ എന്നവാക്കിന്/ എത്രയോ ശേഷമാണ്/മരം എന്ന പദം" എന്ന് ഈ കവിത പ്രകൃതിയെ മനുഷ്യനേക്കാള്‍ മുമ്പില്‍ നിര്‍ത്തുന്നു.
മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന ബലപ്രയോഗങ്ങളെ 'വാടാനപ്പിള്ളി'എന്ന കവിത വിമര്‍ശനവിധേയമാക്കുന്നു. ഭൗതീകസ്ഥലത്തിനപ്പുറത്ത് സ്വാഭാവികവും വഴങ്ങാന്‍ തയ്യാറാകാത്തതുമായ എല്ലാത്തിന്റെയും പ്രതീകമായി കവിതയില്‍ വാടാനപ്പിളളി മാറുന്നു എന്നാല്‍ ഒരു നാള്‍ വാടാനപ്പിളളിയെ ആരൊക്കെയോ ചേര്‍ന്ന് മലര്‍ത്തിക്കിടത്തി നാഷണല്‍ ഹൈവേകൊണ്ട് ബലാത്സംഗം ചെയ്തെന്ന് പറയുന്ന കവിതയുടെ ഒടുവില്‍ ജീവച്ഛവമായാണ് വാടാനപ്പിളളിയെ നാം കാണുന്നത്. 'അതിരപ്പിളളിക്കാട്ടിൽ' എന്ന കവിതയിലും പ്രകൃതിയെ മനുഷ്യനെക്കാള്‍ വലുതായി കവി കാണുന്നു. മുപ്പതോ നാല്പതോ കൊല്ലം മാത്രം ആയുസുളള മന്ത്രി, നൂറുകൊല്ലത്തെ സാങ്കേതികത, ഒരു ദിവസം ആയുസ്സുളള പത്രം എന്നിങ്ങനെ മനുഷ്യരെയും മനുഷ്യനിര്‍മ്മിതമായവയേയും ചെറുതാക്കിക്കൊണ്ട് ഇക്കവിതയില്‍ ഒരു വൃക്ഷവും അതിന്റെ നീണ്ട ആയുസ്സും അതിന്റെ "കടലിനോളം ഓളങ്ങളുളള ഉയിരും/ പര്‍വതങ്ങളെക്കാള്‍ വലിപ്പമുളള ഓര്‍മ്മകളും "നില്‍ക്കുന്നു. നദിയില്‍ നിന്ന് വെട്ടിമാറ്റിയ ആഴങ്ങളെയും ചുഴികളെയും കുറിച്ചും നദികള്‍ക്ക് വെട്ടിയൊരുക്കി ഇട്ടുകൊടുത്ത കോണ്‍ക്രീറ്റ് കുപ്പായങ്ങളെക്കുറിച്ചും നാം പാലിക്കുന്ന മൗനത്തെപ്പറ്റി 'നദി' എന്ന കവിത പറയുന്നു.
പ്രകൃതിയിലെ സസ്യജാലസമൃദ്ധിയും അവയിലെ മനുഷ്യരുടെ ദോഷകരമായ ഇടപെടലുകളും മാത്രമല്ല ഗോപീകൃഷ്ണന്റെ കവിതകളില്‍ കാണുന്നത്. മനുഷ്യന്‍റെ ഇടപെടലുകള്‍ പുതിയ രൂപങ്ങളെന്ന പോലെ ചിലപ്പോള്‍ പുതിയ ഭാവങ്ങളും അര്‍ത്ഥങ്ങളും ആവാസവ്യവസ്ഥയിലുണ്ടാക്കുന്നു. ചിലപ്പോള്‍ ഭൗതീകസ്ഥലം പൊതു ഇടമായി വളരുന്നു. 'ഹൈസ്ക്കൂള്‍ മൈതാനം , പനങ്ങാട് ' എന്ന കവിത നോക്കുക. ഇക്കവിതയില്‍ മൈതാനം സാമൂഹ്യസ്ഥലവും പൊതുവായി പങ്കുവെയ്ക്കപ്പെടുന്ന ആകാശവുമാണ് . അവിടെ തോല്‍വിയും വിജയവും കളിയായുധങ്ങളും വ്യത്യസ്തമായ അര്‍ത്ഥങ്ങളും ചിഹ്നങ്ങളുമാകുന്നു. മനുഷ്യരുടെ ചില കൈയ്യേറ്റങ്ങള്‍ സാമൂഹ്യസ്ഥല നിര്‍മ്മിതികളായിത്തീരുന്നതും ഗോപീകൃഷ്ണന്റെ കവിതകളില്‍ കാണാം.
ഗ്രന്ഥസൂചി
1. പി. എൻ. ഗോപീകൃഷ്ണന്‍ , മടിയരുടെ മാനിഫെസ്റ്റോ, കറന്‍റ് ബുക്സ്: തൃശ്ശൂര്‍ , 2006.
2. പി. എൻ. ഗോപീകൃഷ്ണന്‍ , ഇടിക്കാലൂരി പനമ്പട്ടടി, മാതൃഭൂമി ബുക്സ്; കോഴിക്കോട്, 2012.
3. പി.എൻ. ഗോപീകൃഷ്ണന്‍, എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത്, മാതൃഭൂമി ബുക്സ്; കോഴിക്കോട്, 2017.
4. പി.എൻ. ഗോപീകൃഷ്ണന്‍ , ബിരിയാണിയും മറ്റ് കവിതകളും, ഡി. സി. ബുക്സ്; കോട്ടയം, 2017.
5. Pierre Bourdieu , The Field of Cultural Production (Essays on Art and Literature, Polity Press: Cambridge, 1993.
ഇ കെ ദിനേശൻ
മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ അന്വേഷണം എത്തിനിൽക്കേണ്ടത് ജനാധിപത്യം, സാഹോദര്യം, സമത്വം തുടങ്ങിയ ചിന്താധാരയിൽ ആയിരിക്കണം. വ്യത്യസ്തമായ അഭിരുചി ലോകത്തിൽ ഏതെങ്കിലും ഒരു...
ആര്‍. ചന്ദ്രബോസ്
'വ്യസനത്തിന്റെയും
നൈരാശ്യത്തിന്റെയും
പശ്ചാത്തലവാദ്യങ്ങളുള്ള ക്രോധത്തെക്കാൾ
നിർബ്ബാധപ്രകാശനസാധ്യതയുള്ള
വികാരം വേറെയില്ല' (പ്രണയിയുടെ കുമ്പസാരം)
സിനിസിസത്തിന്റെ...
കെ.ടി. ബാബുരാജ്
ഇരുട്ട്, കുറ്റാക്കുറ്റിരുട്ടായി
കുന്നിറങ്ങി വരുന്നുണ്ട്
ഇരുട്ട്, ഒരം വെച്ച് തിടം വച്ച്
ആയിരത്തിരയേറി വരുന്നുണ്ട്
കാടിളക്കി കരയിളക്കി
കൊടുങ്കാറ്റായലറി പെരുമഴയായിരമ്പി +
രവിശങ്കർ എസ്. നായർ
1.
വാൽക്കണ്ണാടിയിൽ നിഴലിക്കുന്ന സ്വന്തം മുഖത്തിൽ മുഴുകിനിൽക്കുന്ന സ്ത്രീ. അത് യക്ഷിയാകാം, ദേവദാസിയാകാം, രാജകുമാരിയാകാം. ഭാരതീയ ദൃശ്യകലാ പാരമ്പര്യങ്ങളിലെ ഈ...
പ്രശോഭ് കെ
'അവിടുന്നെഴുന്നള്ളുന്നു: ഉച്ചിരോമം പാറി, നെറ്റിയിൽ, മാറത്തും, കൈകളിലും തെളിഭസ്മം പൂശി, സ്വർണ്ണം കെട്ടിയ ഗൗരീശങ്കര രുദ്രാക്ഷമാല ധരിച്ച് കോടിയലക്കിയ പാവുടുത്ത് ഇടങ്കൈയിൽ തോർത്തും...
അബു ഇരിങ്ങാട്ടിരി
വായിച്ചാസ്വദിക്കാനും സർഗപരമായ കഴിവുകൾക്ക് പ്രചോദനമേകാനും കഴിയുന്ന സാഹിത്യരൂപമാണ് ആത്മകഥകൾ. നോവലോ കഥയോ കവിതയോ വായിക്കുന്നതിനേക്കാൾ അനുഭൂതി മികച്ച ആത്മകഥകൾ വായിക്കുമ്പോൾ കിട്ടും....
ആര്‍. ചന്ദ്രബോസ്
നാളിതു വരെ ഒരു വ്യവഹാരത്തിലും ഇടം ലഭിച്ചിട്ടില്ലാത്ത അരികു ജീവിതങ്ങളുടെ അതിദാരുണമായ ജീവിതാവസ്ഥകളിലേക്കാണ് അശ്വതി എം. മാത്യു തന്റെ കഥാഭാവനയെ വിന്യസിക്കുന്നത്. ഏകാകികളുടെയും...
ഇ കെ ദിനേശൻ
മലയാള നോവൽ സാഹിത്യം ലോകസാഹിത്യമായി വളരുന്ന കാലമാണിത്. പ്രമേയത്തിലും ആഖ്യാനത്തിലും ഭാവുകത്വത്തിലും സൃഷ്ടിക്കപ്പെടുന്ന പുതുമ നോവൽ സാഹിത്യ ശാഖയെ സമ്പന്നമാക്കുന്നുണ്ട്. നോവലിന്റെ...
വി.കെ. ബാബു
ചരിത്രം എന്നത് ഏറ്റവും സമഗ്രവും വിശാലവുമായ അർത്ഥത്തിൽ ഒരു കാലഘട്ടത്തിൽ ജീവിച്ച മനുഷ്യരുടെ അനുഭവങ്ങളുടേയും അനുഭൂതികളുടേയും ചരിത്രം കൂടി ഉൾച്ചേർന്നതാണ്. ദേശ ജീവിതത്തിന്റെ...
ശിവകുമാർ ആർ.പി
റാണി നാരായണന്റെ കഥകളുടെ ആദ്യവായനയിൽത്തന്നെ ശ്രദ്ധയിൽ വരുന്ന ഒളിപ്പിച്ചുവച്ചിരിക്കുന്ന ഹിംസാത്മകമായ അന്തർഗതങ്ങൾക്ക് കാലവുമായി ചില നീക്കുപോക്കുകളുണ്ട്. ചില കഥകളിൽ അവ തീവ്രവും...
ആര്‍. ചന്ദ്രബോസ്
'എല്ലാറ്റിന്റെയും ചരിത്രമറിയൽ കവിത
വിത്തിലെ വൃക്ഷമാകൽ
വൃക്ഷത്തിലെ വനമാകൽ
ഇലയിലെ തണൽക്കുളിരാകൽ
ഇലച്ചാറിലെ സഞ്ജീവനിയാകൽ
ജീവന്റെ പൂക്കാലത്തിൽ
കരിയിലകളുടെ...
ഡോ. അർഷാദ് അഹമ്മദ് എ
'ആത്മാദരം'
ഐശ്വര്യ കമലയുടെ പ്രഥമനോവലായ വൈറസിൽ ഏറ്റവും കൂടുതൽ തവണ വായിച്ച പദമാണ് ആത്മാദരം. ഭൂരിപക്ഷം വരുന്ന ദുർബല വിഭാഗങ്ങളെ നിർദയമായും നിർഭയമായും അടക്കിനിർത്താനും...
ഷബ്‌ന മറിയം
ചലച്ചിത്ര ഫ്രയിമുകളിൽ നിർമ്മിച്ചെടുത്ത കഥാക്കൂട്ടിൽ സ്വപ്നവും യാഥാർത്ഥ്യവും പല കാലങ്ങളും ഇടകലർത്തിക്കൊണ്ടുള്ള കഥനരീതിയാണ് ജിംഷാറിന്റെത്. സിനിമകളും അതിലെ കഥാപാത്രങ്ങളും...
രാമചന്ദ്രൻ കൊടുവള്ളി
നോക്കുകയും (to look) കാണുകയും (to see) ചെയ്യുക എന്നത് അർത്ഥതലത്തിൽ പര്യായപദങ്ങളെപ്പോലെ തോന്നിക്കുമെങ്കിലും രണ്ടിലും ഉൾച്ചേർന്നിരിക്കുന്ന പ്രക്രിയകൾ വ്യത്യസ്തമാണ്. "തെയ്യോൻ "എന്ന...
വിനീഷ് കളത്തറ
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പുരസ്കാര ജേതാവും ദീർഘകാലം യുറീക്ക ശാസ്ത്രമാസികയുടെ പത്രാധിപരുമായിരുന്ന ജനു പുനരാഖ്യാനം...
വി. വിജയകുമാർ
സാഹിതീയതയുടെയും സാമൂഹികതയുടെയും മൂലകങ്ങളെ സമന്വയിപ്പിക്കുകയും സമതുലിതമായി ഉപയോഗിക്കുകയും ചെയ്തുകൊണ്ട് എഴുതപ്പെട്ട വിമർശനലേഖനങ്ങളാണ് പ്രസന്നരാജൻറേത്. മലയാളത്തിലെ...
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.