SUBSCRIBE


നിരൂപണം / വിമർശനം

or
Author


20th September | Issue 21

വീരാൻകുട്ടിക്കവിതകൾ: തണൽ മരങ്ങളെ വഹിക്കുന്ന അപ്പൂപ്പൻ താടികൾ


നിഷി ജോർജ്

പുതിയ ലോകത്തിന്റെ വേഗങ്ങളെയും ടെക്നോളജി നടത്തുന്ന ഇടപെടലുകളെയും വീരാൻകുട്ടി തന്റെ കവിതകളിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്. അതിർത്തികളെക്കുറിച്ച് നാം വെച്ച ഒച്ചകൾക്കെല്ലാം മീതെയായി മുൾവേലി പൂത്തിരിക്കുന്നത് അദ്ദേഹം കാണിച്ചുതരുന്നു. ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ട മരങ്ങൾ മണ്ണിനടിയിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നത് നാം കാണുന്നു. പുഴയെന്നും കടലെന്നും വിഭജിച്ചും പേരിട്ടും അച്ഛനുമമ്മയും നടത്തുന്ന യുദ്ധത്തെ വെള്ളമെന്ന് പറഞ്ഞ് തീർപ്പാക്കുന്ന മകളെപ്പോലെ മനുഷ്യർക്കിടയിലെ വിഭജനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ഏകതയെ ഉറപ്പിക്കുകയും ചെയ്യുന്നുണ്ട് വീരാൻകുട്ടിക്കവിതകൾ. നാവടക്കം എന്ന കവിതയിൽ രാഷ്ട്രീയ നിലപാടുകളില്ലാതെ, നിശ്ശബ്ദതയും നിഷ്പക്ഷതയും പാലിക്കുന്നതിനെക്കുറിച്ചാണ് വീരാൻ കുട്ടി പറയുന്നത്. അദ്ദേഹത്തിന്റെ കവിതകൾ നിലപാടുകളില്ലാത്ത നിശ്ശബ്ദതകളല്ല. ഉരഗമെങ്കിലും അത് പത്തിവിടർത്തുന്നു. അപ്പൂപ്പൻ താടിയെങ്കിലും അത് പറന്ന് വീണിടത്ത് തണലാകുന്നു.


"ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ പഠിച്ചിരുന്നപ്പോൾ മലയാളത്തിൽ പ്രചരിച്ചുകൊണ്ടിരുന്ന പുതിയ പുതിയ സംസ്കൃത ശബ്ദങ്ങൾ തേടിപ്പിടിച്ചുപയോഗിക്കാൻ പലർക്കുമെന്ന പോലെ എനിക്കും എന്തെന്നില്ലാത്തൊരാവേശമായിരുന്നു. കുട്ടികൾക്കു 'കളർമാനിയ' ഉണ്ടാകുംവണ്ണം വെള്ളംപോലെ പുതിയ പുതിയ പദങ്ങൾ നാവിലൂടെ അങ്ങൊഴുകിയാലേ നല്ല കവിതയെഴുതാൻ പറ്റൂ എന്നായിരുന്നു അന്നത്തെ ധാരണ.'' - മുണ്ടശ്ശേരി തൻ്റെ ആത്മകഥയായ കൊഴിഞ്ഞ ഇലകളിൽ പറയുന്നു. അക്കാലത്തെ സാഹിത്യാഭിരുചികളെക്കുറിച്ച് വിശദമായിത്തന്നെ മുണ്ടശ്ശേരി തന്റെ ആത്മകഥയിൽ എഴുതുന്നുണ്ട്. സംസ്കൃതഭ്രമം പിടിപെട്ട മുണ്ടശ്ശേരി താൻ തേടിക്കണ്ടെത്തിയ 'യഥാകഥഞ്ചിൽ ' എന്ന വാക്ക് പ്രയോഗിക്കാനൊരവസരം തേടിനടന്ന് സ്കൂളിൽ ആർക്കോ വേണ്ടി തയ്യാറാക്കിയ മംഗളപത്രത്തിൽ അത് ഔചിത്യമില്ലാതെ പ്രയോഗിച്ചതായും ആത്മകഥയിൽ വിവരിക്കുന്നു. മുണ്ടശ്ശേരിയെ മലയാളം പഠിപ്പിച്ച മുൻഷി, കുമാരനാശാന്റെ കവിതകളെക്കുറിച്ച് പറഞ്ഞത് അവയെല്ലാം പിഴച്ചെഴുതിയ കവിതകളാണ് എന്നായിരുന്നു. സംസ്കൃതഛന്ദസ്സുകൾ കൈവിട്ടതിനാൽ വള്ളത്തോൾ ഭഗീരഥനെക്കാൾ അധ:പതിച്ചു പോയി എന്നായിരുന്നു സംസ്കൃതം മുൻഷിയുടെ അഭിപ്രായം. പ്രാസപ്രയോഗത്തിൽ കാണിച്ച മികവാണ് അക്കാലത്ത് കാവ്യത്തിന്റെ മേന്മ നിശ്ചയിച്ചതെന്നും മുണ്ടശ്ശേരി തന്നെയും പത്തായിരത്തിൽപരം ശ്ലോകങ്ങൾ പാരമ്പര്യ രീതിയിൽ പ്രാസനിഷ്ഠമായി എഴുതിയെന്നും അതിൽ വലിയ അഭിമാനം തോന്നിയിരുന്നു എന്നും ആത്മകഥയിൽ കാണാം. എന്നാൽ പുതിയ കാവ്യങ്ങൾ പരിചയപ്പെടുന്നതോടെ കാവ്യത്തെക്കുറിച്ചുള്ള മുണ്ടശ്ശേരിയുടെ നിലപാടുകളിൽ മാറ്റം വരുന്നു.

കുമാരനാശാനും വള്ളത്തോളും മാത്രമല്ല പ്രാസവും വൃത്തവുമില്ലാതെഴുതിയ അവരുടെ പിൻതലമുറകളും കാലക്രമത്തിൽ അംഗീകരിക്കപ്പെട്ടു. ഓരോ തലമുറയും കൊണ്ടുവന്ന പുതുമകളോട് മുൻതലമുറക്കാർ മുഖം തിരിച്ചെങ്കിലും പിൻതലമുറയാൽ ഒഴുക്ക് നിലയ്ക്കാതെ കവിത മുന്നോട്ടു തന്നെ പോയി. കവിതയുടെ ഭാഷ പലമാറ്റങ്ങളിലൂടെയും കടന്നു പോയി. മലയാള കഥയിലെന്ന പോലെ കവിതയിലും ഇന്ന്  ഭാഷാഭേദങ്ങൾ ശക്തമായ ആഖ്യാന മാധ്യമമാണ്. കവിതയിൽ ഭാഷയുടെ പ്രൗഢിയെ സംബന്ധിച്ച് കെട്ടിപ്പൊക്കിയ ധാരണകൾ ഇന്ന് ഏതാണ്ട് ഇടിഞ്ഞു വീണിരിക്കുന്നു. അല്ലെങ്കിൽ അത്തരം ധാരണകളെ ഗൗനിക്കാതെ പ്രാദേശിക ഭാഷയോ ന്യൂജെൻ പ്രയോഗങ്ങളോ ഒക്കെ കവിതയിൽ  തല നിവർത്തി കടന്നുവരുന്നു. കാർന്നോന്മാരുടെ മുഖം ചുളിക്കൽ വകവെക്കാതെ കസേരയിട്ടിരിക്കുന്നു.

 

വീരാൻകുട്ടി

 

ഭാഷാഭേദങ്ങളുടെ , പ്രാദേശിക ഭാഷകളുടെ ഉപയോഗമായല്ല മറിച്ച്, മാനകഭാഷയുടെ തന്നെ ലാളിത്യമായാണ് വീരാൻകുട്ടിയുടെ കവിതകളിലെ ഭാഷ തെളിയുന്നത്. 'പഠിപ്പ്' എന്ന കവിതയിൽ വീരാൻകുട്ടി എഴുതുന്നു. 

" മനസ്സിലായതേയില്ല

അവൾക്ക്

പൂമ്പാറ്റയുടെ

ചിത്രം കാണിച്ച്

ചിത്രശലഭം എന്ന്

ടീച്ചർ പഠിപ്പിച്ചു കൊണ്ടിരുന്നത്.

ഒടുവിൽ

വിഷമിച്ചാണെങ്കിലും

അവളും

ചിത്രശലഭം എന്നു

പറഞ്ഞു തുടങ്ങി

പൂമ്പാറ്റ എന്നത്

അതിന്റെ വീട്ടിൽ

വിളിക്കുന്ന പേര്

എന്നു സമാധാനിച്ചുകൊണ്ട് " എന്ന്.  വീരാൻകുട്ടിയുടെ കവിതകൾ ചിത്രശലഭങ്ങളെ പൂമ്പാറ്റകളായി തന്നെ കാണിച്ചുതരുന്നു. ആഡംബരങ്ങളും അലങ്കാരങ്ങളും ഉപേക്ഷിച്ചു കൊണ്ട് വീരാൻകുട്ടിയുടെ കവിതകൾ ഭാഷാപരമായ ലാളിത്യത്തെ സ്വീകരിക്കുന്നു. വാക്കുകളുടെ പ്രൗഢികളിൽ ഭ്രമിക്കാതെ തനിക്ക് പറയാനുള്ളത് ലളിതവും വ്യക്തവുമായി വീരാൻകുട്ടി തന്റെ കവിതകളിൽ പറയുന്നു.

വീരാൻകുട്ടിക്കവിതകളുടെ ലാളിത്യം ഭാഷയിൽ മാത്രം പ്രകടമാകുന്ന ഒന്നല്ല. പ്രമേയത്തിൽ, കാവ്യബിംബങ്ങളുടെ തെരഞ്ഞെടുപ്പിൽ, പലപ്പോഴും രൂപത്തിൽ ഒക്കെ പ്രകടമാകുന്ന സവിശേഷ സ്വഭാവമാണ് ഈ ലാളിത്യം. തീരെ ചെറിയ ഒച്ചകളെക്കുറിച്ചും ചെറുചലനങ്ങളെക്കുറിച്ചും ചെറുവസ്തുക്കളെക്കുറിച്ചും പറയുന്ന വീരാൻകുട്ടിക്കവിതകൾ ചെറുതുകൾക്കൊപ്പം നിൽക്കുന്ന രാഷ്ട്രീയ നിലപാടുകൾ കൂടിയായിത്തീരുന്നുണ്ട്.

വീണപൂവ് എന്ന ആശാന്റെ കവിത, കവിതയിൽ അതുവരെ പരിചിതമല്ലാത്ത ഒരു പ്രമേയത്തെയാണ് കാവ്യരചനയ്ക്കായി ഉപയോഗപ്പെടുത്തിയത്. ദൈവങ്ങളെക്കുറിച്ചും വലിയ മനുഷ്യരെക്കുറിച്ചും വലിയ സംഭവങ്ങളെക്കുറിച്ചും വലിയ വസ്തുക്കളെക്കുറിച്ചും പറഞ്ഞു തുടങ്ങിയ മലയാള കവിതയുടെ നടപ്പുവഴിയിൽ സാധാരണമായ ഭാഷയും സാധാരണ പ്രമേയങ്ങളും കാലക്രമത്തിൽ കടന്നു വരുന്നുണ്ടെങ്കിലും തുടക്കത്തിൽ പറഞ്ഞതുപോലുള്ള വരേണ്യമായ ഒരു ഭാവുകത്വ ശീലത്തിന്റെ അവശേഷിപ്പുകൾ പലതരത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട്. അത്തരമൊരു കവിതാലോകത്ത് ഏറെക്കുറെ ചെറുതുകളെക്കുറിച്ച് മാത്രം പറഞ്ഞു കൊണ്ട് ഒരു കവി സ്വീകാര്യനായിത്തീരുന്നു എന്നത് പ്രധാനമാണ്. പൊതുവേ കവിതകളുടെ ജനപ്രിയത കുറഞ്ഞിട്ടുണ്ട് എന്ന വിലയിരുത്തൽ നിലനിൽക്കുമ്പോഴും ക്യാമ്പസുകളിലും ഓൺലൈൻ ഫ്ളാറ്റ്ഫോമുകളിലും വീരാൻകുട്ടിക്കവിതകൾ പറന്നു നടക്കുന്നു.

 

 

അപ്പൂപ്പൻ താടി, തൊട്ടാവാടി, സൂചി, നൂല്, ചെറുവിരൽ, നഖം, രോമം, ചിലന്തിവല, മെഴുകുതിരി, പാത്രത്തിലെ വെള്ളം, അരിമണി, ഉറുമ്പ്, ഇല, മണ്ണിര എന്നിങ്ങനെ നിസ്സാരമായി കണക്കാക്കപ്പെടുന്ന എത്രയെത്ര വസ്തുക്കളെയാണ് വീരാൻകുട്ടി തന്റെ കവിതകൾക്കുള്ള അസംസ്കൃത വസ്തുക്കളാക്കുന്നത് എന്നത് വായനക്കാരെ അത്ഭുതപ്പെടുത്തും. ചെറുവസ്തുക്കളെ എഴുത്തിനുപയോഗിക്കുന്നു എന്ന് പറയുമ്പോൾ പല തരത്തിലുള്ള ചെറുതുകളാണ് അവ. ഭാരം കുറഞ്ഞവ, ഒച്ച കുറഞ്ഞവ, കനം കുറഞ്ഞവ, ദുർബ്ബലമായവ.. അങ്ങനെ ചെറുതിന്റെ തന്നെ പലവകഭേദങ്ങളെ നാം വീരാൻകുട്ടിയുടെ കവിതകളിൽ കാണുന്നു. ദീർഘകാലത്തെ കടന്നു പോകാൻ പതുക്കെ കരുതലോടെയുള്ള ചുവടുവെപ്പുകൾ വേണമെന്ന് ഇക്കവിതകളിൽ മണിക്കൂർ സൂചി, സെക്കൻ്റ് സൂചിയെ പഠിപ്പിക്കുന്നു. വേഗതയുടെ ലോകത്ത് ഇക്കവിതകൾ ചെറുതായും ഇഴഞ്ഞും ജീവിക്കുന്നതിന്റെ ആനന്ദം കണ്ടെത്തുന്നു. ചെറുതായിരിക്കുക എന്നാൽ പ്രയോജനരഹിതമായിരിക്കുക എന്നല്ല. ചെറുതിന്റെ പ്രയോജനം മനസ്സിലാക്കപ്പെടുന്നില്ല എന്നാണ്. അഥവാ ചെറുതുകൾ അദൃശ്യമാക്കപ്പെടുന്നു എന്നാണ് 

 

" ഈ ചെറുവിരലെന്തിനെന്നു തോന്നാം

അതുകൊണ്ടെന്തു പ്രയോജനം ?

...........................................................

എങ്കിലും അതിനും കാണും

ചെറിയ ചില പ്രയോജനങ്ങൾ

ഇല്ലാതാകുമ്പോൾ മാത്രം'

അറിയാനാവുന്നത് " എന്ന് 'ചെറുതിന്റെ പ്രയോജനം' എന്ന കവിതയിൽ വീരാൻകുട്ടി എഴുതുന്നത് ഇതുകൊണ്ടാണ്.

സ്മാരകം എന്ന കവിതയിൽ ഈ പ്രയോജനത്തെ ഒരു തണലായി കവി വിടർത്തിവെക്കുന്നുണ്ട്. അറിവില്ലായ്മയുടെ ഭാരക്കുറവിൽ പറക്കുന്ന അപ്പൂപ്പൻ താടിയുടെ ശ്രമം - എളിയതെങ്കിലും അത് ധീരമാണ്. വീണുപോകുന്നിടത്ത് അതൊരു സ്മാരകമായി ഉയരുമെന്നും മരമായി തണൽ വിരിക്കുമെന്നും വീരാൻകുട്ടി എഴുതുമ്പോൾ ചെറുതെങ്കിലും അർത്ഥപൂർണ്ണമായ ഒരു ജീവിതത്തിന്റെ ചിത്രം നമുക്ക് കിട്ടുന്നു‌. സ്മാരകം എന്ന കവിതയുടെ ആശയം വീരാൻകുട്ടി കവിതകളുടെ മേൽവിലാസം കൂടിയായിത്തീരുന്നുണ്ട്‌. ചെറുതിനെക്കുറിച്ച് പറയുന്ന ചെറു കവിതകളാണിവയെങ്കിലും ഇക്കവിതകളും അപ്പൂപ്പൻ താടികളെ പോലെയാണ്. വലിയ ആശയങ്ങളുടെ വിത്തുകളെ അവ വഹിക്കുന്നു .

അരികുവൽക്കരിക്കപ്പെട്ടവർക്കൊപ്പം നിൽക്കുന്ന രാഷ്ടീയമാണ് വീരാൻ കുട്ടിക്കവിതകളുടെ ഒരു പ്രധാന പ്രത്യേകത.

"ഉണ്ണുന്നവർ

ഓർമ്മിക്കുമ്പോലെയാവില്ല

അരിമണി

ഓർക്കുന്നത്

മെതിക്കുമ്പോൾ ഏറ്റ ചവിട്ടിനെ" എന്ന് അനുഭവം എന്ന കവിതയിലെഴുതുന്ന വീരാൻകുട്ടി മറ്റനേകം കവിതകളിൽ ചവിട്ടേക്കുന്നവന്റെയും ചവിട്ടേൽക്കുന്നവളുടെയും പക്ഷത്ത് നിൽക്കുന്നു .

"കറുപ്പൊരു നിറമല്ല

സഹിച്ചതൊക്കെയും

തഴമ്പിച്ചതാണത് " എന്ന് 'തനിനിറം' എന്ന കവിതയിലെഴുതുമ്പോഴും അമ്മയോടൊപ്പം ഉടൽ മുഴുവൻ കറുപ്പണിഞ്ഞ് പോകുന്നൊരു പെൺകുട്ടിയെ ഉടുപ്പെന്ന കവിതയിൽ വരച്ചിടുമ്പോഴും തന്റെ കവിതയെ നിലപാടുകളുടെ പ്രഖ്യാപനം കൂടി ആക്കിത്തീർക്കുന്നുണ്ട് വീരാൻകുട്ടി .

 

 

" അരുതെന്നു വിലക്കാൻ

കൊടിയേന്താൻ

ഇഷ്ടമില്ലാഞ്ഞിട്ടല്ല.

ഉദ്യമിക്കാഞ്ഞിട്ടുമല്ല .

കാര്യങ്ങൾ കയ്യേൽക്കാൻ

അവസരം വരുമ്പോഴെല്ലാം

വലതുകൈ ചാടി വീണ് അത്

ചെയ്തിരിക്കും" എന്ന് 'ഇടതുകൈ ' എന്ന കവിതയിലെഴുതുമ്പോൾ  അരികുവൽക്കരിക്കപ്പെടുക എന്നത് ഒരു തെരഞ്ഞെടുപ്പോ സഹനമെന്നത് സന്തോഷമോ പിൻമാറലെന്നത് നിസ്സംഗതയോ അല്ലെന്ന് കവി വ്യക്തമാക്കുന്നു.

സ്ത്രീയനുഭവിക്കുന്ന വിവേചനങ്ങളെ, അവളുടെ സ്വാതന്ത്ര്യ കാംക്ഷകളെ സൂക്ഷ്മമായി പകർത്തിവെച്ചിട്ടുള്ള കവി കൂടിയാണ് വീരാൻകുട്ടി. 'പുകയില്ലാത്ത അടുപ്പുകളുടെ ഉപമ' എന്ന കവിതയിൽ സ്ത്രീ ജീവിതത്തെ കവി മൂന്ന് അടുപ്പു കല്ലുകളോട് ഉപമിക്കുന്നു. അമ്മയും ഭാര്യയും മകളുമായി, അവൾ ചെയ്യുന്ന വിവിധ വേഷങ്ങളാണ് മൂന്ന് അടുപ്പ് കല്ലുകൾ. പുകയില്ലാത്ത അടുപ്പുകൾക്കാണ് കൂടുതൽ സ്വീകാര്യത എന്ന് പറയുന്ന കവിത സങ്കടങ്ങൾ ഒതുക്കി വെച്ച് സ്വയം സഹിച്ച് കടന്നു പോകുന്ന സ്ത്രീ ജീവിതങ്ങൾക്ക് കിട്ടുന്ന സ്വീകാര്യതയിലേക്ക് കൂടി വിരൽ ചൂണ്ടുന്നു. അടുപ്പുകൾ ഇന്ന് മാറിയിട്ടുണ്ടെങ്കിലും സ്ത്രീ ജീവിതത്തിന് ഇന്നും ഈ പര്യായം ഉചിതമാണെന്നും കവിത പറയുന്നു. 'വധു' എന്ന കവിതയിൽ,

"കുടുംബത്തിന്റെ വിളക്കേ

എന്ന വിളിയിൽ

നീ വീണു പോയോ

എങ്കിൽ സന്ധ്യയ്ക്ക്

മണ്ണെണ്ണയൊഴിച്ച്

കത്തിക്കാൻ

അവർ വരുമ്പോൾ

നിനക്കെങ്ങനെ കുതറാനാകും"  എന്ന് വീരാൻകുട്ടി  എഴുതുന്നു. ഈ കുതറലും പറക്കലും വീരാൻകുട്ടിയുടെ പല കവിതകളിലും കാണാം. 'ചിറകായിരുന്നവ' എന്ന കവിതയിൽ പെൺകുട്ടികളുടെ കൈകൾ പണ്ട് ചിറകുകളായിരുന്നുവെന്നും പിന്നീടത് പറക്കലിനെ കൈവിട്ടെന്നും പറയുന്നു. വീണ്ടും അവൾ പറന്നു കാണാനും കൈകൊട്ടുന്നതു കാണാനും വീഴ്ച്ചയെ വേഗമാക്കുന്നത് കാണാനും ആഗ്രഹിക്കുന്നു.

വീരാൻകുട്ടിയുടെ കവിതകളിലാകെ നിറഞ്ഞു നിൽക്കുന്ന സാന്നിധ്യമാണ്, പ്രകൃതി.  അതിലെ ചെറിയ ഒച്ചകളെയും മണത്തെയും ചെറുചലനങ്ങളെയുമെല്ലാം അദ്ദേഹം തന്റെ കവിതകളിലേക്ക് ഒപ്പിയെടുക്കുന്നു. ഒരു ധ്യാനത്തിന്റെ ഏകാഗ്രതയും സൂക്ഷ്മതയും പരിസ്ഥിതിയെക്കുറിച്ചെഴുതുമ്പോൾ അദ്ദേഹത്തിന്റെ കവിതകൾക്ക് കൈവരുന്നു.

"അരുതേ

എന്നു തൊട്ടാവാടി

കൈകൂപ്പി

നിശ്ശബ്ദം യാചിച്ചത്

ഈ ഭൂമിക്ക് വേണ്ടിയായിരുന്നു

എന്ന്

ഓർത്തിരുന്നുവോ

പിഴുതുകളയുമ്പോൾ "എന്ന് 'തൊട്ടാവാടി' എന്ന കവിതയിലെഴുതിയത് വായിക്കുമ്പോൾ തൊട്ടാവാടിയുടെ കൂമ്പുന്ന ഇലകളെ ഇങ്ങനെ വായിച്ചിട്ടേ ഇല്ലല്ലോ എന്ന് നാം അത്ഭുതപ്പെടുന്നു.

അരുതേയെന്ന ഈ പ്രാർത്ഥന സമരമായും മുദ്രാവാക്യമായും മാറുന്നത് മൺവീറ്, അതിരപ്പള്ളി എന്നീ കവിതകളിൽ കാണാം.

"കൊന്നാലും തരില്ല

ഞാനീ മണ്ണിനെ എന്ന്

ഒരിക്കൽ വെടിയുണ്ടയ്ക്ക്

കൊടുത്ത വാക്ക്

അവൾ ഇന്ന് പാലിച്ചേക്കും" എന്ന് മൺവീറിലെഴുതുമ്പോൾ പരിസ്ഥിതിയെ രക്ഷിക്കാൻ ജീവൻതന്നെ കളയാൻ തയ്യാറായി നിൽക്കുന്ന ഒരുവളുടെ ചിത്രമാണ് കാണുന്നതെങ്കിൽ 'അതിരപ്പള്ളി' എന്ന കവിതയിൽ

"ഇന്നലെ അതിരപ്പള്ളിയിൽ പോയി

പുഴ താഴേക്കെടുത്തു ചാടി,

ആത്മഹത്യ പരിശീലിക്കുന്നതു കണ്ടു

വീഴ്ച്ചയ്ക്കു തൊട്ടു മുകളിൽ വച്ച് 

കളികളായ് മാറുന്ന

സ്വപ്നത്തെ പറക്കാൻ വിട്ടു കൊണ്ട്

ഞാൻ പറഞ്ഞു

ചാടുമ്പോൾ നീ ഒറ്റയ്ക്കാവില്ല" എന്നെഴുതുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിനായി ജീവൻ കളയാനുള്ള സ്വയം സന്നദ്ധത കൂടി കവി വെളിപ്പെടുത്തുന്നുണ്ട്.

 

 

പ്രണയത്തെക്കുറിച്ച്  എഴുതിയ കവിതകളാണ് വീരാൻകുട്ടിക്ക് ഏറെ പ്രശസ്തിയും സ്വീകാര്യതയും നേടിക്കൊടുത്തത്. തൊട്ടുതൊട്ടു നടക്കുമ്പോൾ എന്ന സമാഹാരത്തിലും മറ്റ് സമാഹാരങ്ങളിലെ കവിതകളിലും പ്രണയം വിഷയമാകുന്നു. "പ്രണയമില്ലെങ്കിൽ ഉടലിനോളം കടുപ്പമുള്ള മരമില്ല വേറെ " എന്നും "രണ്ടു പേർ പ്രണയിച്ചു തുടങ്ങുമ്പോൾ / അവരെ മാത്രമാക്കി ചുറ്റുമുള്ള ലോകം എങ്ങോട്ടാണ് പോയ്ക്കളയുന്നത് " എന്നും അദ്ദേഹം എഴുതുന്നു.

"പുഴുവായ്

ഉറങ്ങി ഞാൻ

ഉണർന്നപ്പോൾ

പൂമ്പാറ്റയായിരിക്കുന്നു .

അത്രയും പ്രണയത്താൽ

സ്വപ്നത്തിൽ ആരാണ്

വന്ന് ഉമ്മ വെച്ചത് "

എന്ന് പ്രണയത്തിന്റെ മാസ്മരികതയെ വർണ്ണച്ചിറകായി വരക്കുന്നു. പറന്നു വരുന്ന രണ്ട് തീവണ്ടികൾ കാവലില്ലാത്ത ലെവൽ ക്രോസിൽ പരസ്പരം കൂട്ടിയിടിച്ച് തകരുമ്പോലെ ആശ്ലേഷിക്കണമെന്ന് തീവ്രവും വന്യവുമായ ഒരു സ്വയം സമർപ്പണമായും ചിലപ്പോൾ വീരാൻകുട്ടിയുടെ പ്രണയ സങ്കല്ലം രൂപാന്തരപ്പെടുന്നത് കാണാം. സ്റ്റിക്കർ എന്ന കവിതയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന സ്റ്റിക്കർ പറിച്ചെടുക്കുമ്പോലെയാണ് വേർപിരിയലിനെ അവതരിപ്പിക്കുന്നത്. മുറിവുപറ്റി അകലുന്ന രണ്ട് ഹൃദയങ്ങളെ ഇതിലേറെ കൃത്യമായി എങ്ങനെ പകർത്താനാവും!  വിവാഹശേഷം ക്രമത്തിൽ വറ്റിപ്പോകുന്ന പ്രണയത്തെക്കുറിച്ചും വീരാൻകുട്ടി തന്റെ കവിതകളിൽ പറയുന്നുണ്ട്. വിവർത്തകൻ കവിതയിലെന്ന പോലെ ഓരോ അണുവിലും വിശ്രമിച്ച, തീ പോലെ കത്തിപ്പടർന്ന, പ്രണയത്തിന്റെ പരിണാമം രണ്ട് മനുഷ്യരെ രണ്ട് ഇരുട്ടുകളാക്കുന്നത് 'പാവം' എന്ന കവിതയിൽ കാണാം.

ജീവിതത്തിന്റെ ചില അനശ്വരമുഹൂർത്തങ്ങളെയും വീരാൻകുട്ടിയുടെ കവിതകൾ തൊട്ടു പോകുന്നുണ്ട്. ഉരഗമേ ,കൊല്ലാം പക്ഷേ, നിശ്ശബ്ദതയുടെ റിപ്പബ്ലിക്ക് ,സ്മാരകം എന്നീ കവിതകളിൽ ജീവിതത്തിന്റെ നിസ്സഹായതയ്ക്കുമേൽ തലയുയർത്തി നിൽക്കുന്ന മനുഷ്യരെയും അവരുടെ ശ്രമങ്ങളെയും കാണാം. മരണത്തിന് ഇല്ലാതാക്കാൻ കഴിയാത്ത നിലപാടുകളെക്കുറിച്ചാണ് നിശ്ശബ്ദതയുടെ റിപ്പബ്ലിക്കിൽ പറയുന്നത്. ഉരഗമേ എന്ന കവിതയിൽ പത്തി വിരിച്ചുള്ള ഒരു നിമിഷത്തെ നിൽപ്പിൽ റദ്ദായിപ്പോകുന്നുണ്ട് അതുവരെയുള്ള ഇഴച്ചിലുകൾ.

മനുഷ്യരുടെ സങ്കീർണ്ണ സ്വഭാവത്തെക്കുറിച്ചുള്ള കവിതകളാണ് വാസന, അന്ധന്റെ കാഴ്ച, ഉപമകൾ, മിണ്ടാപ്രാണി എന്നീ കവിതകൾ. മരിച്ച ശേഷം ഒരു മനുഷ്യനോട് കാണിക്കുന്ന ഔപചാരിക ദയകളെ പരിഹസിക്കുന്ന കവിതയാണ് മിണ്ടാപ്രാണി. പുതിയ ലോകത്തിന്റെ വേഗങ്ങളെയും ടെക്നോളജി നടത്തുന്ന ഇടപെടലുകളെയും വീരാൻകുട്ടി തന്റെ കവിതകളിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്. അതിർത്തികളെക്കുറിച്ച് നാം വെച്ച ഒച്ചകൾക്കെല്ലാം മീതെയായി മുൾവേലി പൂത്തിരിക്കുന്നത് അദ്ദേഹം കാണിച്ചുതരുന്നു. ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ട മരങ്ങൾ മണ്ണിനടിയിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നത് നാം കാണുന്നു. പുഴയെന്നും കടലെന്നും വിഭജിച്ചും പേരിട്ടും അച്ഛനുമമ്മയും നടത്തുന്ന യുദ്ധത്തെ വെള്ളമെന്ന് പറഞ്ഞ് തീർപ്പാക്കുന്ന മകളെപ്പോലെ മനുഷ്യർക്കിടയിലെ വിഭജനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ഏകതയെ ഉറപ്പിക്കുകയും ചെയ്യുന്നുണ്ട് വീരാൻകുട്ടിക്കവിതകൾ. നാവടക്കം എന്ന കവിതയിൽ രാഷ്ട്രീയ നിലപാടുകളില്ലാതെ, നിശ്ശബ്ദതയും നിഷ്പക്ഷതയും പാലിക്കുന്നതിനെക്കുറിച്ചാണ് വീരാൻ കുട്ടി പറയുന്നത്. അദ്ദേഹത്തിന്റെ കവിതകൾ നിലപാടുകളില്ലാത്ത നിശ്ശബ്ദതകളല്ല. ഉരഗമെങ്കിലും അത് പത്തിവിടർത്തുന്നു. അപ്പൂപ്പൻ താടിയെങ്കിലും അത് പറന്ന് വീണിടത്ത് തണലാകുന്നു.

 

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 14

  • SREENESH N chingapuram

    03/Aug/2024 [02:39-am]

    വീരാൻകുട്ടി മാഷിൻ്റെ കവിതകളിലെ ആഴം എത്ര മാത്രം വിശാലമാണ് എന്ന് വ്യക്തതയോടെ എഴുതിയിരിക്കുന്നു. ഒരു മഴത്തുള്ളിയിൽ ചുറ്റുമുള്ള പ്രകൃതി പ്രതിഫലിക്കുന്നതുപോലെ ചെറുകവിതയിൽ വലിയ ശബ്ദം ഒളിപ്പിച്ചിരിക്കുന്നു. ഇതിനെയെല്ലാം ഉദാഹരണ സഹിതം ചേർത്തുവെച്ച് വിശകലനം ചെയ്ത ലേഖനം ശ്രദ്ധേയമാണ്.

  • SREENESH N chingapuram

    03/Aug/2024 [02:36-am]

    Good



അന്വേഷണാത്മക ബുദ്ധിയിലെ പ്രായോഗിക ചിന്തകൾ


ഇ കെ ദിനേശൻ

മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ അന്വേഷണം എത്തിനിൽക്കേണ്ടത്  ജനാധിപത്യം, സാഹോദര്യം, സമത്വം തുടങ്ങിയ ചിന്താധാരയിൽ ആയിരിക്കണം.  വ്യത്യസ്തമായ അഭിരുചി ലോകത്തിൽ ഏതെങ്കിലും ഒരു...

+


നവനാഗരികതയിലെ കണ്ണാടിപ്പൂട്ടുകൾ


ആര്‍. ചന്ദ്രബോസ്

'വ്യസനത്തിന്റെയും
നൈരാശ്യത്തിന്റെയും
പശ്ചാത്തലവാദ്യങ്ങളുള്ള ക്രോധത്തെക്കാൾ
നിർബ്ബാധപ്രകാശനസാധ്യതയുള്ള
വികാരം വേറെയില്ല' (പ്രണയിയുടെ കുമ്പസാരം)

സിനിസിസത്തിന്റെ...

+


വാക്ക് പൂക്കുന്ന നേരങ്ങളിൽ


കെ.ടി. ബാബുരാജ്

ഇരുട്ട്, കുറ്റാക്കുറ്റിരുട്ടായി
കുന്നിറങ്ങി വരുന്നുണ്ട്
ഇരുട്ട്, ഒരം വെച്ച് തിടം വച്ച്
ആയിരത്തിരയേറി വരുന്നുണ്ട്
കാടിളക്കി കരയിളക്കി
കൊടുങ്കാറ്റായലറി പെരുമഴയായിരമ്പി

+


ലക്കാന്റെ കണ്ണാടിഘട്ടവും ഇ. സന്തോഷ് കുമാറിന്റെ 'പരുന്ത്' എന്ന കഥയും


രവിശങ്കർ എസ്. നായർ

1. 

വാൽക്കണ്ണാടിയിൽ നിഴലിക്കുന്ന സ്വന്തം മുഖത്തിൽ മുഴുകിനിൽക്കുന്ന സ്ത്രീ. അത് യക്ഷിയാകാം, ദേവദാസിയാകാം, രാജകുമാരിയാകാം. ഭാരതീയ ദൃശ്യകലാ പാരമ്പര്യങ്ങളിലെ ഈ...

+


'പട്ടാമ്പിക്കവിത'യുടെ പാരമ്പര്യ വഴിയിൽ വെളിപ്പെടുന്നതെന്ത്?


പ്രശോഭ് കെ

'അവിടുന്നെഴുന്നള്ളുന്നു: ഉച്ചിരോമം പാറി, നെറ്റിയിൽ, മാറത്തും, കൈകളിലും തെളിഭസ്മം പൂശി, സ്വർണ്ണം കെട്ടിയ ഗൗരീശങ്കര രുദ്രാക്ഷമാല ധരിച്ച് കോടിയലക്കിയ പാവുടുത്ത് ഇടങ്കൈയിൽ തോർത്തും...

+


കാലം ആവശ്യപ്പെടുന്ന പുസ്തകം


അബു ഇരിങ്ങാട്ടിരി

വായിച്ചാസ്വദിക്കാനും സർഗപരമായ കഴിവുകൾക്ക് പ്രചോദനമേകാനും കഴിയുന്ന സാഹിത്യരൂപമാണ് ആത്മകഥകൾ. നോവലോ കഥയോ കവിതയോ വായിക്കുന്നതിനേക്കാൾ അനുഭൂതി മികച്ച ആത്മകഥകൾ വായിക്കുമ്പോൾ കിട്ടും....

+


അരികുജീവിതങ്ങളുടെ മാരക അലിഗറികൾ


ആര്‍. ചന്ദ്രബോസ്

നാളിതു വരെ ഒരു വ്യവഹാരത്തിലും ഇടം ലഭിച്ചിട്ടില്ലാത്ത അരികു ജീവിതങ്ങളുടെ അതിദാരുണമായ ജീവിതാവസ്ഥകളിലേക്കാണ് അശ്വതി എം. മാത്യു തന്റെ കഥാഭാവനയെ വിന്യസിക്കുന്നത്. ഏകാകികളുടെയും...

+


മിയ കുൾപ്പയിലെ സ്വയം വിചാരണകൾ


ഇ കെ ദിനേശൻ

മലയാള നോവൽ സാഹിത്യം ലോകസാഹിത്യമായി വളരുന്ന കാലമാണിത്. പ്രമേയത്തിലും ആഖ്യാനത്തിലും ഭാവുകത്വത്തിലും സൃഷ്ടിക്കപ്പെടുന്ന പുതുമ നോവൽ സാഹിത്യ ശാഖയെ സമ്പന്നമാക്കുന്നുണ്ട്. നോവലിന്റെ...

+


ഓർമകളിലൂടെ ദേശചരിത്രത്തെ പൂരിപ്പിക്കുന്ന 'മറതി'


വി.കെ. ബാബു

ചരിത്രം എന്നത് ഏറ്റവും സമഗ്രവും വിശാലവുമായ അർത്ഥത്തിൽ ഒരു കാലഘട്ടത്തിൽ ജീവിച്ച മനുഷ്യരുടെ അനുഭവങ്ങളുടേയും അനുഭൂതികളുടേയും ചരിത്രം കൂടി ഉൾച്ചേർന്നതാണ്. ദേശ ജീവിതത്തിന്റെ...

+


ഗുലാൻ പെരിശ്: മുറിവേറ്റു നിലയ്ക്കുന്ന വിനിമയങ്ങൾ


ശിവകുമാർ ആർ.പി

റാണി നാരായണന്റെ കഥകളുടെ ആദ്യവായനയിൽത്തന്നെ ശ്രദ്ധയിൽ വരുന്ന ഒളിപ്പിച്ചുവച്ചിരിക്കുന്ന ഹിംസാത്മകമായ അന്തർഗതങ്ങൾക്ക് കാലവുമായി ചില നീക്കുപോക്കുകളുണ്ട്. ചില കഥകളിൽ അവ തീവ്രവും...

+


വാക്കുകളുടെ സമയസഞ്ചാരങ്ങൾ


ആര്‍. ചന്ദ്രബോസ്

'എല്ലാറ്റിന്റെയും ചരിത്രമറിയൽ കവിത
വിത്തിലെ വൃക്ഷമാകൽ
വൃക്ഷത്തിലെ വനമാകൽ
ഇലയിലെ തണൽക്കുളിരാകൽ
ഇലച്ചാറിലെ സഞ്ജീവനിയാകൽ
ജീവന്റെ പൂക്കാലത്തിൽ
കരിയിലകളുടെ...

+


ഐശ്വര്യ കമലയുടെ വൈറസ്: മാലാഖമാരുടെ സുവിശേഷം


ഡോ. അർഷാദ് അഹമ്മദ് എ

'ആത്മാദരം' 

ഐശ്വര്യ കമലയുടെ പ്രഥമനോവലായ വൈറസിൽ ഏറ്റവും കൂടുതൽ തവണ  വായിച്ച പദമാണ് ആത്മാദരം.  ഭൂരിപക്ഷം വരുന്ന ദുർബല വിഭാഗങ്ങളെ നിർദയമായും നിർഭയമായും അടക്കിനിർത്താനും...

+


സിനിമ ഫ്രെയിമുകളിലെ കഥാക്കൂട്ട്


ഷബ്‌ന മറിയം

ചലച്ചിത്ര ഫ്രയിമുകളിൽ നിർമ്മിച്ചെടുത്ത കഥാക്കൂട്ടിൽ സ്വപ്നവും യാഥാർത്ഥ്യവും പല കാലങ്ങളും ഇടകലർത്തിക്കൊണ്ടുള്ള കഥനരീതിയാണ് ജിംഷാറിന്റെത്. സിനിമകളും അതിലെ കഥാപാത്രങ്ങളും...

+


ഓർമ്മിക്കുവാൻ നാമെന്തുചെയ്യണം?


രാമചന്ദ്രൻ കൊടുവള്ളി

നോക്കുകയും (to look) കാണുകയും (to see) ചെയ്യുക എന്നത് അർത്ഥതലത്തിൽ പര്യായപദങ്ങളെപ്പോലെ തോന്നിക്കുമെങ്കിലും രണ്ടിലും ഉൾച്ചേർന്നിരിക്കുന്ന പ്രക്രിയകൾ വ്യത്യസ്തമാണ്. "തെയ്യോൻ "എന്ന...

+


അതിരുകളില്ലാത്ത ഭാവനാഭൂപടങ്ങള്‍


വിനീഷ് കളത്തറ

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ  പുരസ്കാര ജേതാവും ദീർഘകാലം യുറീക്ക ശാസ്ത്രമാസികയുടെ പത്രാധിപരുമായിരുന്ന ജനു പുനരാഖ്യാനം...

+


കവിതയും അധികാരവിമർശവും


വി. വിജയകുമാർ

സാഹിതീയതയുടെയും സാമൂഹികതയുടെയും മൂലകങ്ങളെ സമന്വയിപ്പിക്കുകയും സമതുലിതമായി ഉപയോഗിക്കുകയും ചെയ്തുകൊണ്ട് എഴുതപ്പെട്ട വിമർശനലേഖനങ്ങളാണ് പ്രസന്നരാജൻറേത്. മലയാളത്തിലെ...

+