SUBSCRIBE


നിരൂപണം / വിമർശനം

or
Author


3rd July | Issue 218

നിഴലുകൾ ഇല്ലെങ്കിലും ഒരു പക്ഷി കവിയുടെ ശിരസ്സിൽ കൂടുവെക്കും


രോഷ്‌നി സ്വപ്ന 

ജീവിതത്തിൽ നിന്ന് അറുത്തെറിയാൻ സാധിക്കാത്ത ഒരു ഭാഷയാണ് തന്റെ കവിതകളിൽ വിൽസൺ സ്വീകരിക്കുന്നത്. അത് എത്ര കാലത്തേക്കെന്നോ, ഏതു കാലത്തിനുവേണ്ടിയെന്നോ സാക്ഷ്യപ്പെടുത്താൻ താൻ ബാധ്യസ്ഥനല്ല എന്ന് കവിക്കറിയാം. ഒന്നായി നിൽക്കാനാവാത്ത ഒരു സംഖ്യയിലെ രണ്ടക്കങ്ങൾ രണ്ടായിത്തന്നെ നിലനിൽക്കുമെന്നും/ രണ്ട് ഒന്നുകളായി നിലനിൽക്കുമെന്നും പ്രഖ്യാപിക്കുകയാണീക്കവിതകൾ.


ഫ്രഞ്ച് തത്വചിന്തകനായ ഗസ്റ്റേൺ ബാച്ലിന്റിന്റെ  The Poetics of Space എന്ന പുസ്തകത്തിൽ റെയ്നർ മാരിയ റിൽക്കേയുടെ ഒരു ചിന്ത പങ്കുവെക്കുന്നുണ്ട്.

' These trees are magnificent
but even more
magnificent is the sublime
and moving space
between them .''

വാക്കിന്റെ ഏറ്റവും അടിത്തട്ടിലെ ഉണ്മയെ പുറത്തെടുക്കണമെന്നും അതിനൊരു ഇലയുടെ പേരിടണമെന്നും ആഗ്രഹിക്കുന്ന കവി. കാടുകൾ വെട്ടിത്തെളിക്കാതെ കാടിനകത്തു കൂടിയാണ് ഈ കവി നടക്കുന്നത്. പൂക്കൾ പറിക്കാതെ വസന്തത്തെ മുഴുവനായി ഉടുത്താണ് ഈ കവി സ്വപ്നം കാണുന്നത്. വസന്തം അതിന്റെ പേരു പറഞ്ഞുകൊണ്ടേയിരിക്കുമ്പോഴും മഴയും വെയിലും കാറ്റും തണുപ്പും മാറി മാറി വന്നുകൊണ്ടിരിക്കുമ്പോഴും കവിതയെഴുതുകയും കാടുകയറിയ കവിതയിൽ നിന്ന് പാഞ്ഞുപോകുന്ന മുയലിനെ തേടുകയും, പാകുന്ന വിത്ത് മണ്ണിലേക്ക് ഊർന്നിറങ്ങിയില്ലല്ലോയെന്ന് തേങ്ങുകയും ഒക്കെയാവുന്നുണ്ട് കവിയുടെ ചിന്തകൾ.

കാൽപ്പനികതയുടെ ഏറ്റവും പ്രകടമായ സവിശേഷതയായ വൈകാരികാനുഭൂതിയും ആവിഷ്കാരവും ആധുനികകവിതയുടെ ആഖ്യാനപരിസരങ്ങളിലേക്കു കൊണ്ടുവന്ന കവിയാണ് കുഴൂർ വിൽസൻ. കവിതയുടെ നീണ്ട ചരിത്രത്തിൽ ഒറ്റക്കാണ് ഈ കവിയുടെ നിൽപ്പും നടപ്പും. ആരും തന്നെ കൂടെകൂട്ടണമെന്ന് കവിക്ക് നിർബന്ധമില്ല. കവിതയുടെ വഴിതന്നെയാണ് കവിക്കുമെന്ന ഉറച്ച ബോധ്യം വിൽസന്റെ എഴുത്തിലുണ്ട്. വ്യവസ്ഥാപിത കവിതാചരിത്രം പറയുന്ന നിയമാവലികൾ ചിലപ്പോൾ, ഈ കവിയുടെ കവിതകൾ വായിച്ചതിനുശേഷം നമ്മെ വിട്ടുപോയേക്കാം.

എങ്കിൽപ്പിന്നെ എന്തിനെഴുതുന്നു എന്ന് ചോദിക്കാം. ജീവിതവും കവിതയും തമ്മിലുള്ള അന്തരമെന്തെന്ന പ്രശ്നത്തിന് ആസ്ട്രിയൻ ദാർശനികനായ വിറ്റ്ഗൻസ്റ്റീനിന്റെ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. ദർശനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിയാലും ബാക്കിയാവുക ജീവിതം എന്ന സമസ്യയാണെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ദർശനത്തിനോ ചിന്തക്കോ ഒന്നും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു സങ്കീർണ്ണത ജീവിതത്തിനുണ്ട്. ഹാംലറ്റിലും, സരമാഗോവിന്റെ  അന്ധതയിലും, ടി.എസ്. എലിയറ്റിന്റെ വേസ്റ്റ് ലാന്റിലും ഇതേ സങ്കീർണ്ണതയെ അനുഭവിക്കാം. അതിന്റെ കുരുക്കഴിച്ചെടുക്കലാവുന്നു ചിലപ്പോൾ കവിതയും, സംഗീതവും, കലയുമെല്ലാം.

ചിലപ്പോൾ കവി, താനല്ലാത്ത മറ്റൊരാളെ തന്നിൽ, തന്റെ കവിതയിൽ നിന്ന് കണ്ടെടുക്കുന്നുണ്ടാവാം. ഒരുതരം അപരാവിഷ്കാരം (അത് ആത്മാവിഷ്കാരവുമാവാം). 'പതിനൊന്ന്' എന്ന കവിതയിലുണ്ട് ഇത്തരമൊരു കുതറൽ, ചിതറൽ.പതിനൊന്നെവിടെയെന്ന് ആരും തിരഞ്ഞില്ല.

'പൂജ്യത്തിന്റെ
ശൂന്യതയിൽ നിന്ന്
പരിധി ലംഘിച്ച്
പുറത്തുകടന്ന
അതിനെ ലോകം
മറന്നതായി ഭാവിച്ചു.
അത് 
രണ്ട് 
ഒന്നുകളിലായി നിലകൊണ്ടു.'

കവിത അവസാനിക്കുന്നു. ജീവിതം ആരംഭിക്കുന്നു.

നിലനിൽപ്പിനെക്കുറിച്ച്, നിലകൊള്ളുന്നതിനെക്കുറിച്ച് തീവ്രമായി ചിന്തിപ്പിക്കുന്ന കവിതയാണിത്. ചൈനീസ് കവിയായ ലിപോ ഒരിക്കലെഴുതി,

' Since water still flows,
though we cut it with swords
And sorrows returns.'

ജീവിതം ഒരൊഴുക്കാണ്. ആ ഒഴുക്കിന്റെ വേഗമാണ് കവിത, അയവാണ് കവിത. ലോകം പതിനൊന്നിനെ രണ്ടാക്കി മുറിക്കുകയാണ്. ഒഴുകുന്ന വെള്ളത്തിന്റെ ഒഴുക്കിനെ ഒരു വാൾ മുറിക്കും പോലെ. ലോകത്തിന്റെ ആയുധം മറവിയാണ്. മറവി കൊണ്ടാണ് മനുഷ്യനെ ലോകം അടിമപ്പെടുത്തുന്നത്. മറക്കാൻ ശ്രമിക്കുന്നത് ഓർമ്മയിലേക്കുതന്നെ തിരിച്ചുവരും. ഉറവയിലേക്ക് പുഴ തിരിച്ചെത്തും പോലെ! 'ഒരു മുയൽ അതിന്റെ പൊന്ത തെരഞ്ഞുകൊണ്ടോടിപ്പോകുന്നു' എന്ന് ഒരിക്കൽ വിൽസൻ എഴുതിയിട്ടുണ്ട്. കവിതയിലെ ഭാഷയിലുണ്ട് ആ വേഗം. പറയാനുള്ള കാര്യത്തിന്റെ രൂപം മാത്രമല്ല വേഗവും ആയവും കൂടി ഈ കവി ആവിഷ്കരിക്കും. സൂക്ഷ്മമായ അർത്ഥത്തിൽ മുയലിന്റെ ഓട്ടം മാത്രമാണ് വേഗത്തിലുള്ളത്. ലക്ഷ്യമെന്നത് എന്തുമാകാം. യാത്ര ചെയ്യുന്ന കർതൃത്വത്തിന്റെ തെരഞ്ഞെടുപ്പാണത്. കവിത വായിക്കുന്നവരിലും ഈ രീതിശാസ്ത്രം പ്രവർത്തിക്കുമെന്നത് യാഥാർത്ഥ്യം.

കുഴൂർ വിത്സൺ

ഡി. വിനയചന്ദ്രനിൽ നിന്നോ ആറ്റൂരിൽ നിന്നോ സഞ്ചരിച്ചുവന്ന ഒരു നിഷേധാത്മകത ചിലപ്പോൾ ഈ കവിതകളിലുണ്ടാവാം. 'മരങ്ങളില്ലാത്ത കാട്ടിൽ ഞാനകപ്പെട്ടു' എന്നെഴുതുമ്പോഴും, സെമിത്തേരി പെട്ടെന്ന് അമ്മ നട്ട പൂന്തോട്ടമായി എന്ന് പറയുമ്പോഴും  അവ്യക്തതയുടെ, അമൂർത്തതയുടെ കാവ്യബിംബങ്ങൾക്കു മുന്നിൽപ്പെടുന്ന ഒരു കവിയെ കാണാം. ആധുനികതയുടെയും ഉത്തരാധുനികതയുടെയും ധ്വനനശേഷിയുടെ അടയാളങ്ങൾ പോലെ ഇവ കവിതയിൽ കടന്നുവരുന്നു. സ്വന്തം ജീവിതത്തിൽ നിന്ന് പ്രണയത്തെ മാറ്റിവയ്ക്കാനാവാതെ, ആകുലതകളെ മാറ്റിവയ്ക്കാനാവാതെ, ഭയത്തെയും ആശങ്കയേയും മാറ്റിവയ്ക്കാനാവാതെ ഒരു മനുഷ്യൻ നിൽക്കുകയാണ്. ജീവിതത്തെ ജീവിതംകൊണ്ടു നേരിടാനാവാതെ അയാൾ കവിതയിലേക്കു നോക്കുന്നു.

വാക്കും മനുഷ്യനും പ്രകൃതിയും തമ്മിൽ വിൽസന്റെ കവിതയിൽ നിരന്തര സംവാദങ്ങൾ നടക്കുന്നുണ്ട്. 'മരയാളം' എന്ന വാക്ക് വിൽസണിൽ നിന്ന് പുറപ്പെട്ടത് ആ സംവാദത്തിന്റെ അകത്തുനിന്നാണ്. മനുഷ്യരിൽ നിന്ന് വേറിട്ടാൽ മരങ്ങളിലേക്കും മരങ്ങളിൽ നിന്ന് വേറിട്ടാൽ മനുഷ്യരിലേക്കും തെളിയുന്ന ഒരു പാലമുണ്ടീക്കവിതകളിൽ

ആകാശത്തെ നക്ഷത്രങ്ങൾ പോലെയും
കടൽത്തീരത്തെ മണൽത്തരികൾ പോലെയും
പെറ്റുപെരുകിയ 
വാക്കുകളെല്ലാം
മലീമസപ്പെട്ടതായി

തിരിച്ചറിയുന്ന ഒരു ദൈവമുണ്ട് വിൽസന്റെ കവിതകളിൽ

ഉപേക്ഷിക്കപ്പെട്ട വാക്കുകൾക്കു വേണ്ടി ഒരു പുതിയ പേടകത്തിനാണ് ദൈവം ആഗ്രഹിക്കുന്നത്. വാക്കുകൾ മലിനപ്പെടുമ്പോൾ മണ്ണിലേക്ക് ഇരച്ചുകയറുന്ന ജലം ഒരു പ്രതീകമാണ് ഈ കവിതയിൽ. തിരിച്ചുപോകുമെന്നുറപ്പിച്ച് തന്നെയാണ് ജലം തന്റെ പൂർവ്വസ്മൃതികളെ വിഴുങ്ങുന്നത്. ഒരുപക്ഷെ ദൈവത്തോടൊപ്പം ഇറങ്ങിപ്പോകുമ്പോൾ ജലം ഒരുവാക്ക് ഉപേക്ഷിക്കുന്നുണ്ടാവാം. കവി അത് കണ്ടെടുക്കുന്നുമുണ്ടാവാം.

'പ്രളയത്തിൽ തെരഞ്ഞെടുത്ത് ഞാൻ
നോഹയുടെ പെട്ടകത്തിൽ
അടച്ചുവച്ച വാക്കുകൾ'

കവിക്ക് തിരിച്ചു കിട്ടുന്നു.

വിശക്കുമ്പോൾ കവി ഇലകളെയും മരങ്ങളെയും വിളിച്ചാണ് കരയുന്നത് (ഉപമയിലെ ആട്). മുറിവുകളെല്ലാം ഉണക്കി, മായ്ച്ചുകളയാൻ ആകാശത്തിൽ നിന്ന് ഒരത്ഭുതം വരുമെന്ന വിശ്വാസമുണ്ട് ഈ കവിതകളിൽ. ജീവിതത്തിലെയും കവിതയിലെയും ഉപമകൾ ഒന്നല്ല എന്നാണ് കവിത പറയുന്നത്.

ഉപമയുടെ കൂട്ടിനകത്താണെങ്കിലും
ഇത് ഒരു വലിയ കാടാണെന്നെനിക്കറിയാം
കയ്യും കാലും നെറ്റിയും മുറിഞ്ഞാലും
യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ ആട്

ഇങ്ങനെയൊക്കെ ചിന്തിക്കാമോയെന്ന സംശയം കവിക്കുണ്ട്. വിശപ്പും ദാഹവും പീഢയുമുണ്ടെങ്കിലും തന്റെ സ്ഥിതത്വത്തിൽ, ആടിന്, കവിക്ക് പരിഭ്രാന്തിയുണ്ട്. 'ജീവിതത്തിൽ, കൂട്ടത്തിലൊന്നിനെ കാണാതായപ്പോൾ ബാക്കിയെല്ലാ ആടുകളേയും വിട്ട് അന്വേഷിച്ചുപോയ നല്ല ഇടയന്റെ ഉപമയിലെ ആടല്ലേ' എന്ന് കവി ചോദിക്കുന്നുണ്ട്. കവിത തീരുന്നത് എല്ലാ ആശങ്കകളേയും അവസാനിപ്പിച്ചുകൊണ്ടാണ്.

കവിതയിലെ ഉപമയിലല്ലല്ലോ! അപ്പോൾ കവിതയോ ജീവിതമോ സത്യം?

ബാഹ്യമായി അലഞ്ഞുതിരിയുന്ന ഒരു കവിയല്ല കുഴൂരിലുള്ളത്. ആൾക്കൂട്ടങ്ങളിൽ അയാളുടെ കവിത നിശ്ശബ്ദമായിരിക്കുന്നു. എന്നിട്ട് ഇടയ്ക്കെപ്പോഴോ സമയമുണ്ടാക്കുന്ന കളികളിക്കുന്നു. 'ആനപ്പറമ്പിനെ ഞങ്ങൾ ഒറ്റക്ക് കെട്ടിയിട്ടു' എന്നെഴുതുന്നു. അദൃശ്യമായ ഒരാൾക്കൂട്ടം വലിയ ഒച്ചകളിലേക്ക് കവിയെ പ്രേരിപ്പിച്ചേക്കാം. ആ ആൾക്കൂട്ടത്തിൽത്തന്നെ അയാൾ കളഞ്ഞുപോയേക്കാം. കവിതക്കു പ്രേരിപ്പിച്ച കാടുകളിൽ, ആവാസവ്യൂഹങ്ങളിൽ ഒറ്റക്കുപോയി തന്റെ ഉന്മാദത്തിന്റെ രഹസ്യം തെരഞ്ഞേക്കാം. അപ്പോഴായിരിക്കാം കടലിന്റെ അസുഖങ്ങൾക്കുള്ള മരുന്ന് തെരയാൻ കവിക്കു തോന്നുക.

പക്ഷിയെ തിരയുന്ന ഒരു കൂടാണ് ഞാൻ എന്ന് കാഫ്ക പറയുന്നുണ്ട്. ഈ കവിയെ സംബന്ധിച്ചിടത്തോളം കവിതക്കുവേണ്ടിയാണ് ജീവിതമെന്ന് മാറ്റിയെഴുതേണ്ടി വരും. 'പുട്ടിന്റെ ആത്മകവിത 'യിൽ ധരിച്ചിരിക്കുന്ന ഷർട്ടിലെ ഇലകൾ പഴുക്കുകയും പൊഴിയുകയും ചെയ്യുന്നു. എങ്കിലും ഇലകളില്ലാത്ത ആ ഷർട്ട് തന്നെയിട്ട് കവി ഉറങ്ങാൻ പോകുന്നു. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാടും മരങ്ങളും മനുഷ്യനിൽ നിന്ന് ഊർന്നുപോകുന്ന ജീവന്റെ അടയാളമാകുന്നുണ്ട്.

കാടും ഇലയും പച്ചയുമില്ലാത്ത ഭൂമിയിൽ നിന്ന് കവി മുഖം തിരിക്കുന്നു.

'ഞാനുറങ്ങിപ്പോയേക്കും
വസന്തം
നേരത്തെയെങ്ങാൻ വന്നാൽ

വിളിച്ചുണർത്തണേ' - യെന്ന അഭ്യർത്ഥനയുണ്ട് കവിയിൽ. വസന്തം വരുമെന്ന പ്രതീക്ഷയും. കവിതയും മനുഷ്യനും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ രേഖപ്പെടുത്തുന്ന ചരിത്രത്തിലേക്ക് കവി, വായനക്കാരെ ക്ഷണിക്കുന്നു.

'കണ്ണുകളിൽ' ഒരു പ്രണയകവിതയാണ്. പ്രണയിനി കുതിരകളെ പൂട്ടിയിരിക്കുന്നത് കണ്ണുകളിലാണ്. ആ കണ്ണുകളുടെ രഥത്തിൽ ചെല്ലപ്പേരുകളുള്ള കുതിരകളുടെ വേഗത്തിൽ ഈ ലോകത്തുനിന്ന് ഓടി മറയുകയാണ് കവി. പ്രണയവും നിരാസവും ഒരുപോലെ ധ്വനിപ്പിക്കുന്ന കവിത!

സ്വതന്ത്രനായി അലഞ്ഞുനടക്കുകയും, അതേസമയം സ്വയം നഷ്ടപ്പെടുകയും ചെയ്യുന്നു ഈ കവി ചിലപ്പോൾ.

ജനലിൽ ഇരുമ്പുകൊണ്ടൊരു പൂവ്/ അതിൽ തൊട്ടു/ തുരുമ്പിച്ച പൂമ്പൊടികളിൽ.... നല്ല സങ്കടം തോന്നി./ ഉള്ളിലിരുമ്പുകൊണ്ട് ചിത്രശലഭങ്ങളെ തുന്നുമ്പോൾ/ പുറത്ത് കാറ്റല്ല (മറ്റെന്തോ)

കാവ്യാനുഭൂതിയുടെ സ്പർശങ്ങൾ പോലെ, ഇരുമ്പും, പൂമ്പൊടിയും, ചിത്രശലഭവും കാറ്റും കവിതയിലേക്കു വരുന്നു.

അരക്ഷിതമായ സ്വപ്നാനുഭവങ്ങൾ, പുല്ലുമൂടിയ വഴികൾ, വഴുതിപ്പോകുന്ന വാക്കുകൾ, തെറ്റുന്ന വഴികൾ, വാലായ്കകൾ, കലർച്ചകൾ, പൊടുന്നനെയുള്ള മരണങ്ങൾ, പ്രളയത്തിന്റെ നെഞ്ചിടിപ്പുകൾ തുടങ്ങി, അതിതീവ്രമായ അനുഭൂതിയാവിഷ്കാരങ്ങൾ കുഴൂർ വിൽസന്റെ കവിതയിലുണ്ട്.

അനുഭവങ്ങളെ പകർത്തുക മാത്രമല്ല; അവയുടെ ആഴങ്ങളെ വിമർശനാത്മകമായി സമീപിക്കുക കൂടി ഈ കവിതയിൽ ചെയ്യുന്നു. ടി.പി. രാജീവന് എന്ന കവിത നോക്കൂ.

'പടക്കമായിരുന്നെങ്കിൽ
ഞാനെപ്പോഴേ പൊട്ടിത്തെറിച്ചേനെ
പൂവായിരുന്നെങ്കിൽ
ഞാനെപ്പോഴേ
പിരിഞ്ഞുകൊഴിഞ്ഞു
മണ്ണിൽ കലർന്നേനെ!
മൈക്കായിരുന്നെങ്കിൽ
ഞാനെപ്പോഴേ
പറഞ്ഞു തീർന്നേനെ' - !

താൻ എന്തൊക്കെയല്ല എന്നതിന്റെ അവബോധം കൂടിയാണീക്കവിത. സ്വപ്നങ്ങളിലൂടെ നാം ഈ  ലോകത്തെ പുതുക്കി നിർവചിക്കുകയാണെന്നും, നമ്മുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യത്തിലേക്ക് പരിവർത്തിപ്പിക്കുകയാണ് നാമെന്നും, മനുഷ്യർ ദൈവങ്ങളാണെന്നും, അവരവർക്കുള്ളിൽ നാം മറഞ്ഞിരിക്കുകയാണെന്നും കരുതുന്നതുപോലെ ഈ കവിതകൾ സ്വപ്നങ്ങളിലും യാഥാർത്ഥ്യങ്ങളിലും ഒരുപോലെ യാത്രചെയ്യുന്നു. മനുഷ്യജീവിതം എത്ര നിസ്സഹായമാണ് എന്ന തിരിച്ചറിവിനോടൊപ്പം സഞ്ചരിക്കുകയാണ് കവി. ആ യാത്രയിൽ കൂടെ വരുന്ന അനുഭവങ്ങളെ കവിതയിൽ നട്ടുവളർത്തുകയും ചെയ്യുന്നു.

'കള്ളൻ ചേട്ടൻ' എന്ന കവിതയിൽ, ആഖ്യാനത്തിന്റെ സുഖമുണ്ട്.

ചെറുപ്പത്തിൽ കള്ളൻ എന്ന പേരിൽ കാണേണ്ടിവന്ന ഒരാൾ!
അയാളെ നാല്പതുവർഷം കഴിഞ്ഞ് കാണേണ്ടി വരുന്നു.

'ഒരിക്കലും ഓർക്കാത്ത
ഒരാളായി
മാറിക്കഴിഞ്ഞിരുന്നു' -

രണ്ടുപേർ, ഒരു ജനലഴിക്കപ്പുറവും ഇപ്പുറവും നിന്ന് പരസ്പരം നോക്കുന്നു. ആരാണകത്ത്? ആരാണ് പുറത്ത്? ആ തെരച്ചിൽ തന്നെയോ കവിത?

'വാലായ്മകൾ തീരുന്ന
അനാദിയായ ഒരു കാലമുണ്ട്
അതിലേക്കാണ്
നീട്ടിയുള്ള എന്റെയീ നടത്തം.
അന്ന് നീയും ഞാനും
നമ്മുടെ ഉത്സവങ്ങൾ തന്നെയും
ഇങ്ങനെയൊന്നുമാവണമെന്നില്ല' -

എന്ന് 'കവിതോത്സവം' എന്ന കവിതയിൽ വായിക്കാം. ടി.പി. രാജീവനാണ് ഈ കവിത സമർപ്പിച്ചിട്ടുള്ളത്. ടി.പി. രാജീവന്റെ കവിതയും കാലവും അർഹിക്കപ്പെട്ട ഇടങ്ങളിലേക്കെത്തിയില്ല എന്ന ധ്വനി ഈ കവിതയിലുണ്ട്. ആനന്ദങ്ങളും, അരക്ഷിതത്വങ്ങളും, അസ്വസ്ഥതകളും, ഇരിപ്പുറക്കായ ദൃശ്യബിംബങ്ങളായി വിൽസന്റെ കവിതയിലേക്ക് കടന്നിരിക്കുന്നു. ജീവിതത്തിന്റെയും സ്വപ്നങ്ങളുടെയും നൈരന്തര്യത്തിലേക്ക് വിൽസനിലെ കവി, തന്റെ കാലത്തെയും തന്റെ മനുഷ്യരേയും ചേർത്തുവെക്കുന്നു.

ക്ഷണികതയുടെ അനുഭൂതിയാവിഷ്കാരമാണ് 'ഇല പറഞ്ഞു' എന്ന കവിത. പാരസ്പര്യത്തിന്റെ ക്ഷണികാനുഭൂതിയാണീക്കവിതയിൽ. ഇലയും താനും തമ്മിലുള്ള ഇഷ്ടമാണ് വിഷയം. 'താനും അപരനു'മെന്ന് ആർക്കും വായിക്കാം. അവിടേക്കാണ് 'കാറ്റ്' എന്ന മൂന്നാമന്റെ വരവ്. നിലനിൽപ്പിന്റെ എല്ലാ അടയാളങ്ങളും മാഞ്ഞുപോകുമ്പോഴും ഒരു ചിരിയാണ് കവി സൂക്ഷിക്കുന്നത്.

ക്ഷണികതയുടെ ആവിഷ്കാരങ്ങൾ വേറെയും ചില കവിതകളിലുണ്ട്.

'പുതിയ പുലരിയിൽ
ശേഷിച്ച വാക്കുകളേതൊക്കെയെന്ന
കൗതുകം
ഇത് വായിച്ച നിങ്ങൾക്കുണ്ടാകുമെന്ന്
എനിക്കുറപ്പാകയാൽ
നിങ്ങൾക്ക് മുൻപിൽ വച്ചുതന്നെ
തുറന്നുവിടുന്നു-
പ്രളയത്തിൽ തെരഞ്ഞെടുത്ത് ഞാൻ
നോഹയുടെ പെട്ടകത്തിൽ
അടച്ചുവച്ച വാക്കുകൾ.'(വാക്കുകളുടെ പെട്ടകം)

ഞങ്ങൾ
ഒറ്റക്ക് കെട്ടിയിട്ട
ആനപ്പറമ്പിപ്പോൾ
ആനക്കാട്. (ആനപ്പറമ്പ്-1)

എന്നിട്ടുമതിന്റെ മുതുകിൽ
നെഞ്ചുംവിരിച്ച്
വെട്ടിത്തിളങ്ങുന്നു
ഞങ്ങളുടെ തന്നെ
ഉയിർത്തിടമ്പുകൾ (ആനപ്പറമ്പ്-3)

കതിരായി പൊന്തിയും
മുകളിൽ നിന്ന് വീണും
ആവിയിൽ വെന്തും
ഇതാ കഷണം കഷണമായി ഞാൻ (പുട്ടിന്റെ ആത്മകവിത)

നല്ല വെയിലുള്ള പാട്ടുകൾ പാടി
ചിലത്
മാറിൽ വേനലായി വരഞ്ഞു. (ഗയാ)

ചെല്ലപ്പേരുകളുള്ള
കുതിരകളുടെ വേഗത്തിൽ
നാം ഈ ലോകത്തുനിന്ന് ഓടിമറയുന്നു. (കണ്ണുകളിൽ)

ബലൂണുകളാണ് 
ഉത്സവങ്ങളുടെ കൊടിയടയാളം
അവ, മാനത്ത് പറന്നുകളിക്കുന്നു.
പൊടുന്നനെ
മരിച്ചുപോകുന്നു. (കവിതോത്സവം)

അനുഭവങ്ങളുടെ തീവ്രതയെ അപ്പാടെ വെളിപ്പെടുത്തുന്നില്ല കുഴൂർ വിൽസൺ. ജീവിതം ഒരുണർച്ചയും ഉറക്കവുമാണെന്ന് തിരിച്ചറിഞ്ഞ്, സ്വന്തം ഭാവനയുടെ സ്വതന്ത്രാവിഷ്കാര ശക്തികളായി കവിതയിൽ നിന്ന് കണ്ടെടുക്കുകയാണ് ചെയ്യുന്നത്. ഒപ്പം തീവ്രമായ ഏകാന്തതയുടെ ആഴങ്ങളിൽ നിന്ന് ഭാവനയുടെ അടരുകളെ ചെത്തിയെടുക്കുകയും ചെയ്യുന്നു.

താൻ എന്ന വെളിപാടിന്റെയും/ വെളിപ്പെടലിന്റെയും ഇടയിൽ എപ്പോഴോ എഴുത്തുകാരൻ/ കവി തന്റെ കൈകളിലേക്ക് തിരിഞ്ഞുനോക്കുന്നു. സ്വന്തം സൃഷ്ടിയെ അനുഭവിക്കുന്നു. സ്വന്തം സ്വത്വത്തെ നോക്കിക്കാണുന്നു. സ്വന്തം ദേശത്തെ, ആത്മാവിനെ, താനെന്ന മറ്റൊരാളെ അളന്നെടുക്കുന്നു.

'ഇന്ന് ഞാൻ, നാളെ നീയാന്റപ്പൻ' എന്ന പഴയ കവിതയിലതിന്റെ സ്ഫുരണങ്ങളുണ്ട്. 'വച്ചിട്ടുണ്ട്' എന്ന കവിതയിൽ റോഡരികിലെ മരം വീഴുകയാണ്. അതേ ദിവസമാണ് വഴിയാത്രികനും മരണപ്പെടുന്നത്. മനുഷ്യരെ വെട്ടിക്കൂട്ടിച്ചവിട്ടിയപ്പോൾ, മരംപോലെ മിണ്ടാതെ നിന്നവരെക്കുറിച്ച് കവിതയിൽ പരാമർശമുണ്ട്. രാഷ്ട്രീയവും അരാഷ്ട്രീയതയും ചർച്ചാവിഷയമാക്കുന്ന കവിതയാണിത്. മനുഷ്യൻ, കവി എന്ന അസ്ഥിത്വങ്ങളിൽ നിന്ന് കുതറിച്ചാടുന്ന ആത്മവിമർശകനായ ഒരു വ്യക്തി, സമൂഹരാഷ്ട്രീയത്തെ നേർക്കുനേർ നിർത്തുന്നു ഈ കവിതയിൽ.

'ഞങ്ങടെയടുക്കളമുറ്റത്തൂടെ
വഴിവെട്ടിയ നിങ്ങക്ക്
വടി വേറെയും വച്ചിട്ടുണ്ട്.'

എന്നാണ് കവിതയിലൂടെ നൽകുന്ന മുന്നറിയിപ്പ്. പുരോഗതി കവർന്നെടുക്കുന്ന സാധാരണ ജീവിതങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ കവിത ധാരാളം! 'കവി' ഇവിടെ പ്രതിബദ്ധനായ മനുഷ്യകർതൃത്വത്തിലേക്ക് കടന്നിരിക്കുന്നു. സ്റ്റീഫൻ മല്ലാർമേ ഈ അനുഭവത്തെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്. കവിതയെക്കുറിച്ചാണ് മല്ലാർമേ പറഞ്ഞതെങ്കിലും, എഴുത്തിന്റെ പ്രക്രിയയെ മുഴുവനായി അടയാളപ്പെടുത്താൻ ധാരാളമാണ് ആ വാക്കുകൾ.

'Poetry is not about telling stories
but about creating a world.'

എന്നാണ് മല്ലാർമേ പറഞ്ഞത്. കുഴൂർ വിൽസണും ഈ ഒരു അവസ്ഥയെ അഭിസംബോധന ചെയ്തുകാണണം. ഇത് സൗന്ദര്യാനുഭവത്തിന്റെ സവിശേഷമായൊരു തലമായാണ് കവി കണ്ടെടുക്കുന്നത്. ഈ അനുഭവത്തെ ഊട്ടി ഉറപ്പിക്കുന്നതും സ്വന്തം രചനാ കർതൃത്വം ആത്മവിമർശനത്തിന്റെ ഭാഷ സ്വീകരിക്കുന്നതും തന്റെ ഉള്ളിലെ കവിതയുടെ കാമ്പ് ഉറപ്പിക്കാനാണ്. താനും കവിതയുമായി ഒറ്റയ്ക്കാവാനാണ്. കുഴൂർ വിൽസന്റെ ആദ്യകാല കവിതകളിൽ കാണാൻ കഴിയുന്ന സവിശേഷമായൊരു ഘടകമെന്നത്, തനിക്കു സ്വായത്തമായ സർഗ്ഗാത്മകതയുടെ ഭാഷയിലൂടെ, ആ ഭാഷ നിർമ്മിച്ചെടുക്കുന്ന അനുഭൂതിയെ, ആ അനുഭൂതി ഉൽപ്പാദിപ്പിച്ചതിനുശേഷം അതിനാൽത്തന്നെ റദ്ദാക്കുന്നു. ഒരേസമയം അടുപ്പത്തിന്റെയും അകലത്തിന്റെയും രീതിശാസ്ത്രങ്ങൾ കവി പിൻതുടരുന്നു. 'വയലറ്റിനുള്ള കത്തുകൾ' എന്ന സമാഹാരത്തിലെ മിക്ക കവിതകളും പങ്കുവക്കുന്നത് ഈ വായനാനുഭവമാണ്.

'രണ്ടുബർണറുകൾ' എന്ന ഈ പുസ്തകത്തിലേക്കെത്തുമ്പോൾ, ഒരേസമയം ചേർച്ചയുടെയും നിരാസത്തിന്റെയും കാവ്യരീതികൾ കവി പിൻതുടരുന്നതായി കാണാം. 'ഭൂമിയുടെ വിത്ത്' എന്ന കവിത നോക്കൂ. ഭൂമിയുടെ വിത്തുകൾ ശേഖരിക്കാൻ പോകുന്ന ഒരാളെക്കുറിച്ചാണ് കവിത. പറക്കുകയാണയാൾ. പക്ഷിയെന്ന പരാമർശമില്ല. ചിറകുകളില്ല എന്ന് പറയുംവരെ പക്ഷിയാകാമല്ലോ!

തിരിച്ചുപറക്കും വഴി
ചിലത്
മലമുകളിൽ വീണു.
മറ്റു ചിലത് വയലുകളിൽ
ഭൂമിയുടെ വിത്തുകൾ
മണ്ണിലും വിണ്ണിലും
മുളക്കാൻ തുടങ്ങി.

മനുഷ്യനും ദൈവവും പ്രകൃതിയുമായിക്കലർന്ന് ഒരു സംഭാഷണം രൂപപ്പെടുന്നുണ്ട് ഈ കവിതയിൽ. നേരിയ നർമ്മത്തിന്റെ, ഉള്ളിൽക്കരയുന്ന വേദനയുടെ ചിരിയാണ് വിൽസന്റെ ചില കവിതകൾ. ഭാഷയും ഭാവനയും കാവ്യവ്യവഹാരങ്ങളുമെല്ലാം ഈ അടരുകളിൽച്ചേർന്ന് വർത്തിക്കുന്നു.

ഓർമ്മയാണ് ഈ കവിതകളുടെ മറ്റൊരിടം. ആത്മസഹനങ്ങളുടെ ഓർമ്മകൾ, വിട്ടുപോക്കിന്റെ ഓർമ്മകൾ, മരണത്തിന്റെ, ഇല്ലാതാവലിന്റെ, ഓർമ്മകൾ! വിശപ്പും അതിജീവനവും ഈ ഓർമ്മകൾക്കൊപ്പം കൂടുന്നു. ആദ്യം വരാനിരുന്ന ഒരാളുടെ ഓർമ്മയ്ക്കൊപ്പം, ഇപ്പോഴുള്ള ഒരാളെ മറന്നുപോകുന്നു. (കുടമ്പുളിയിട്ട് വറ്റിച്ച ഭാഗ്യം).

'രണ്ടു ബർണ്ണറുകൾ' എന്ന കവിത ആത്മഭാഷണത്തിന്റെ ഛായയുള്ള രചനയാണ്. വസ്തുവിന്റെ ഛായ ആരോപിച്ച് ഇമേജിനെ അർത്ഥമാക്കുന്ന കവിതയാണിത്. കവിയാണ് ആഖ്യാതാവ്. അവനവനോടുതന്നെ നടത്തുന്ന ഭാഷണമാകാം.

'സ്റ്റൗവിന്റെ രണ്ട് ബർണറുകൾ
നിന്റെ മുലക്കണ്ണുകളാവുന്ന
ഒരു കവിത
ഏറെക്കാലമായി
അടുക്കളയിൽ
ചുറ്റിത്തിരിയുന്നു.'

എന്നാണ് കവിതയുടെ ആരംഭം. പിന്നീട് അതിലൊന്ന് തൊടാനാഞ്ഞതും, പരാജയപ്പെട്ടതും, വിശന്നതും, പാചകപരീക്ഷണങ്ങളിലേർപ്പെട്ടതും പരാമർശിക്കുന്നു. പിന്നീട് ഭക്ഷണസാധനങ്ങളുടെ നീണ്ടനിരയാണ്. എവിടെയാണ് നിർത്തേണ്ടത് ഈ വിശപ്പിനെ എന്നറിയാതെ കവി കുഴങ്ങുന്നു.

തിന്നു തിന്നു മടുത്തു
തടി കൂടി
കവിത മറന്നു
എന്നതാണ് ഫലം.

മനുഷ്യന്റെ ചോദനകൾക്കകത്ത് കവിതക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് കവിതയിലൂടെത്തന്നെ ചോദിക്കുന്നു കവി. 'കാറ്റാടിമരങ്ങളുമായി' എന്ന കവിതയിൽ അടർന്നുപോയ ഒരു കാലത്തെക്കുറിച്ചാണ് പറയാൻ ശ്രമിക്കുന്നത്. ഒരുവളെ പിരിഞ്ഞതിൻ ശേഷം കാറ്റാടിമരങ്ങളുമായി പിണക്കത്തിലാവുന്നതും, അവ കവിയെ വേദനിപ്പിക്കുന്നതും, കവിയുടെ മുറിവുകളിലുപ്പു നീറ്റുന്നതും, അവയെ വെറുത്തതിൽ കവി കാറ്റാടിമരങ്ങളോട് മാപ്പ് ചോദിക്കുന്നതും ഏതൊരു മനുഷ്യനിലുമുണ്ടായിരിക്കേണ്ട പാരിസ്ഥിതിക കാവ്യനീതിയാണ്. മരങ്ങളുടെയും കാക്കകളുടെയും പാട്ടു കേൾക്കാനാണ് കവി പറയുന്നത്.

പക്ഷികളെ കേൾക്കൂ
നിങ്ങൾക്ക് നിങ്ങളെക്കാണാം.
എന്ന തോറോ വചനം ഓർക്കാം.

മരങ്ങളുടെ നിഴലുകൾ കവിയുടെ നെഞ്ചത്താണ് കൊള്ളുന്നത്. ജീവിതത്തെത്തന്നെ മാറ്റി നിർണ്ണയിച്ച ഒരു വൈകാരികാനുഭവത്തെ എത്രമേൽ തീവ്രമായ ആത്മപീഢയുടെയും മുറിവുകളുടെയും സാക്ഷ്യത്തിൽ തിരുത്തിയെഴുതി ഒരു പക്ഷിയുടെ പാട്ടിലേക്കും ഒരിലയുടെ മന്ത്രത്തിലേക്കും കലർത്താൻ കഴിയുന്നു എന്നതുതന്നെയാണ് കുഴൂർക്കവിതകളുടെ സവിശേഷത എന്നു തോന്നുന്നു. ഈ സവിശേഷത വ്യവസ്ഥാപിത കാവ്യനീതികളെ പിൻപറ്റുന്നില്ല. താൻ കാലത്തിനു പുറത്തുതന്നെ നിൽക്കുമെന്ന് കുഴൂർ വിൽസനും, കുഴൂർ വിൽസന്റെ കവിതകൾക്കും നിശ്ചയമുണ്ട്.

Poetry is nearer to
vital truth than history.

എന്നത് വിൽസന്റെ കവിതയിലെത്തുമ്പോൾ, യാഥാർത്ഥ്യമാകുന്നു. ജീവിതത്തിൽ നിന്ന് അറുത്തെറിയാൻ സാധിക്കാത്ത ഒരു ഭാഷയാണ് തന്റെ കവിതകളിൽ വിൽസൺ സ്വീകരിക്കുന്നത്. അത് എത്ര കാലത്തേക്കെന്നോ, ഏതു കാലത്തിനുവേണ്ടിയെന്നോ സാക്ഷ്യപ്പെടുത്താൻ താൻ ബാധ്യസ്ഥനല്ല എന്ന് കവിക്കറിയാം. 

ഒന്നായി നിൽക്കാനാവാത്ത ഒരു സംഖ്യയിലെ രണ്ടക്കങ്ങൾ രണ്ടായിത്തന്നെ നിലനിൽക്കുമെന്നും/ രണ്ട് ഒന്നുകളായി നിലനിൽക്കുമെന്നും പ്രഖ്യാപിക്കുകയാണീക്കവിതകൾ. പക്ഷികൾക്ക് കേൾക്കാനാണീക്കവിതകളുടെ സംഗീതം.

 

(ബുക്ക് ജിന്ന് പുറത്തിറക്കുന്ന കുഴൂർ വിത്സന്റെ പുതിയ കവിതാ സമാഹാരം രണ്ട് ബർണ്ണറുകൾക്ക് എഴുതിയ പഠനം)

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 3

  • എം ഒ രഘുനാഥ്

    08/Jul/2024 [09:21-pm]

    "വാക്കിന്റെ ഏറ്റവും അടിത്തട്ടിലെ ഉണ്മയെ പുറത്തെടുക്കണമെന്നും അതിനൊരു ഇലയുടെ പേരിടണമെന്നും ആഗ്രഹിക്കുന്ന കവി." തുടക്കം മുതൽ ഒടുക്കം വരെ നന്നായി. കുഴൂരിന്റെ കവി ജീവിതത്തിലൂടെ ഒരു യാത്ര... അഭിനന്ദനങ്ങൾ രോഷ്നി.

  • Sheeba dilshad

    04/Jul/2024 [03:09-am]

    Elaborate and Elegant



അന്വേഷണാത്മക ബുദ്ധിയിലെ പ്രായോഗിക ചിന്തകൾ


ഇ കെ ദിനേശൻ

മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ അന്വേഷണം എത്തിനിൽക്കേണ്ടത്  ജനാധിപത്യം, സാഹോദര്യം, സമത്വം തുടങ്ങിയ ചിന്താധാരയിൽ ആയിരിക്കണം.  വ്യത്യസ്തമായ അഭിരുചി ലോകത്തിൽ ഏതെങ്കിലും ഒരു...

+


നവനാഗരികതയിലെ കണ്ണാടിപ്പൂട്ടുകൾ


ആര്‍. ചന്ദ്രബോസ്

'വ്യസനത്തിന്റെയും
നൈരാശ്യത്തിന്റെയും
പശ്ചാത്തലവാദ്യങ്ങളുള്ള ക്രോധത്തെക്കാൾ
നിർബ്ബാധപ്രകാശനസാധ്യതയുള്ള
വികാരം വേറെയില്ല' (പ്രണയിയുടെ കുമ്പസാരം)

സിനിസിസത്തിന്റെ...

+


വാക്ക് പൂക്കുന്ന നേരങ്ങളിൽ


കെ.ടി. ബാബുരാജ്

ഇരുട്ട്, കുറ്റാക്കുറ്റിരുട്ടായി
കുന്നിറങ്ങി വരുന്നുണ്ട്
ഇരുട്ട്, ഒരം വെച്ച് തിടം വച്ച്
ആയിരത്തിരയേറി വരുന്നുണ്ട്
കാടിളക്കി കരയിളക്കി
കൊടുങ്കാറ്റായലറി പെരുമഴയായിരമ്പി

+


ലക്കാന്റെ കണ്ണാടിഘട്ടവും ഇ. സന്തോഷ് കുമാറിന്റെ 'പരുന്ത്' എന്ന കഥയും


രവിശങ്കർ എസ്. നായർ

1. 

വാൽക്കണ്ണാടിയിൽ നിഴലിക്കുന്ന സ്വന്തം മുഖത്തിൽ മുഴുകിനിൽക്കുന്ന സ്ത്രീ. അത് യക്ഷിയാകാം, ദേവദാസിയാകാം, രാജകുമാരിയാകാം. ഭാരതീയ ദൃശ്യകലാ പാരമ്പര്യങ്ങളിലെ ഈ...

+


'പട്ടാമ്പിക്കവിത'യുടെ പാരമ്പര്യ വഴിയിൽ വെളിപ്പെടുന്നതെന്ത്?


പ്രശോഭ് കെ

'അവിടുന്നെഴുന്നള്ളുന്നു: ഉച്ചിരോമം പാറി, നെറ്റിയിൽ, മാറത്തും, കൈകളിലും തെളിഭസ്മം പൂശി, സ്വർണ്ണം കെട്ടിയ ഗൗരീശങ്കര രുദ്രാക്ഷമാല ധരിച്ച് കോടിയലക്കിയ പാവുടുത്ത് ഇടങ്കൈയിൽ തോർത്തും...

+


കാലം ആവശ്യപ്പെടുന്ന പുസ്തകം


അബു ഇരിങ്ങാട്ടിരി

വായിച്ചാസ്വദിക്കാനും സർഗപരമായ കഴിവുകൾക്ക് പ്രചോദനമേകാനും കഴിയുന്ന സാഹിത്യരൂപമാണ് ആത്മകഥകൾ. നോവലോ കഥയോ കവിതയോ വായിക്കുന്നതിനേക്കാൾ അനുഭൂതി മികച്ച ആത്മകഥകൾ വായിക്കുമ്പോൾ കിട്ടും....

+


അരികുജീവിതങ്ങളുടെ മാരക അലിഗറികൾ


ആര്‍. ചന്ദ്രബോസ്

നാളിതു വരെ ഒരു വ്യവഹാരത്തിലും ഇടം ലഭിച്ചിട്ടില്ലാത്ത അരികു ജീവിതങ്ങളുടെ അതിദാരുണമായ ജീവിതാവസ്ഥകളിലേക്കാണ് അശ്വതി എം. മാത്യു തന്റെ കഥാഭാവനയെ വിന്യസിക്കുന്നത്. ഏകാകികളുടെയും...

+


മിയ കുൾപ്പയിലെ സ്വയം വിചാരണകൾ


ഇ കെ ദിനേശൻ

മലയാള നോവൽ സാഹിത്യം ലോകസാഹിത്യമായി വളരുന്ന കാലമാണിത്. പ്രമേയത്തിലും ആഖ്യാനത്തിലും ഭാവുകത്വത്തിലും സൃഷ്ടിക്കപ്പെടുന്ന പുതുമ നോവൽ സാഹിത്യ ശാഖയെ സമ്പന്നമാക്കുന്നുണ്ട്. നോവലിന്റെ...

+


ഓർമകളിലൂടെ ദേശചരിത്രത്തെ പൂരിപ്പിക്കുന്ന 'മറതി'


വി.കെ. ബാബു

ചരിത്രം എന്നത് ഏറ്റവും സമഗ്രവും വിശാലവുമായ അർത്ഥത്തിൽ ഒരു കാലഘട്ടത്തിൽ ജീവിച്ച മനുഷ്യരുടെ അനുഭവങ്ങളുടേയും അനുഭൂതികളുടേയും ചരിത്രം കൂടി ഉൾച്ചേർന്നതാണ്. ദേശ ജീവിതത്തിന്റെ...

+


ഗുലാൻ പെരിശ്: മുറിവേറ്റു നിലയ്ക്കുന്ന വിനിമയങ്ങൾ


ശിവകുമാർ ആർ.പി

റാണി നാരായണന്റെ കഥകളുടെ ആദ്യവായനയിൽത്തന്നെ ശ്രദ്ധയിൽ വരുന്ന ഒളിപ്പിച്ചുവച്ചിരിക്കുന്ന ഹിംസാത്മകമായ അന്തർഗതങ്ങൾക്ക് കാലവുമായി ചില നീക്കുപോക്കുകളുണ്ട്. ചില കഥകളിൽ അവ തീവ്രവും...

+


വാക്കുകളുടെ സമയസഞ്ചാരങ്ങൾ


ആര്‍. ചന്ദ്രബോസ്

'എല്ലാറ്റിന്റെയും ചരിത്രമറിയൽ കവിത
വിത്തിലെ വൃക്ഷമാകൽ
വൃക്ഷത്തിലെ വനമാകൽ
ഇലയിലെ തണൽക്കുളിരാകൽ
ഇലച്ചാറിലെ സഞ്ജീവനിയാകൽ
ജീവന്റെ പൂക്കാലത്തിൽ
കരിയിലകളുടെ...

+


ഐശ്വര്യ കമലയുടെ വൈറസ്: മാലാഖമാരുടെ സുവിശേഷം


ഡോ. അർഷാദ് അഹമ്മദ് എ

'ആത്മാദരം' 

ഐശ്വര്യ കമലയുടെ പ്രഥമനോവലായ വൈറസിൽ ഏറ്റവും കൂടുതൽ തവണ  വായിച്ച പദമാണ് ആത്മാദരം.  ഭൂരിപക്ഷം വരുന്ന ദുർബല വിഭാഗങ്ങളെ നിർദയമായും നിർഭയമായും അടക്കിനിർത്താനും...

+


സിനിമ ഫ്രെയിമുകളിലെ കഥാക്കൂട്ട്


ഷബ്‌ന മറിയം

ചലച്ചിത്ര ഫ്രയിമുകളിൽ നിർമ്മിച്ചെടുത്ത കഥാക്കൂട്ടിൽ സ്വപ്നവും യാഥാർത്ഥ്യവും പല കാലങ്ങളും ഇടകലർത്തിക്കൊണ്ടുള്ള കഥനരീതിയാണ് ജിംഷാറിന്റെത്. സിനിമകളും അതിലെ കഥാപാത്രങ്ങളും...

+


ഓർമ്മിക്കുവാൻ നാമെന്തുചെയ്യണം?


രാമചന്ദ്രൻ കൊടുവള്ളി

നോക്കുകയും (to look) കാണുകയും (to see) ചെയ്യുക എന്നത് അർത്ഥതലത്തിൽ പര്യായപദങ്ങളെപ്പോലെ തോന്നിക്കുമെങ്കിലും രണ്ടിലും ഉൾച്ചേർന്നിരിക്കുന്ന പ്രക്രിയകൾ വ്യത്യസ്തമാണ്. "തെയ്യോൻ "എന്ന...

+


അതിരുകളില്ലാത്ത ഭാവനാഭൂപടങ്ങള്‍


വിനീഷ് കളത്തറ

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ  പുരസ്കാര ജേതാവും ദീർഘകാലം യുറീക്ക ശാസ്ത്രമാസികയുടെ പത്രാധിപരുമായിരുന്ന ജനു പുനരാഖ്യാനം...

+


കവിതയും അധികാരവിമർശവും


വി. വിജയകുമാർ

സാഹിതീയതയുടെയും സാമൂഹികതയുടെയും മൂലകങ്ങളെ സമന്വയിപ്പിക്കുകയും സമതുലിതമായി ഉപയോഗിക്കുകയും ചെയ്തുകൊണ്ട് എഴുതപ്പെട്ട വിമർശനലേഖനങ്ങളാണ് പ്രസന്നരാജൻറേത്. മലയാളത്തിലെ...

+