“In the field of behavioural economics, neoliberalism allows that human behaviour often deviates from the model of Homo economicus. The deviations considered, however, focus on the ways in...
പി കുഞ്ഞിരാമൻ നായരുടെ വൈയക്തിക ജീവിതം കാവ്യജീവിതം പോലെതന്നെ ഒന്നിലും തറഞ്ഞു നിൽക്കാത്ത സൗന്ദര്യോപാസനയുടേതായിരുന്നു. എങ്കിലും അടിസ്ഥാനപരമായി ആ ഒഴുക്ക് പ്രകൃതിയുടെ അമൂർത്തമായ ലയന്യാസങ്ങളെ പുണർന്നുകൊണ്ടിരുന്നു. പ്രണയബന്ധങ്ങളുടെ കുത്തൊഴുക്കിലും കുഞ്ഞുലക്ഷ്മി എന്ന പ്രണയിനിയെ പുല്കിയിരുന്ന പോലെ. കവിയുടെ പൗത്രിയും അഡ്വ പിവിസി നായരുടെ പത്നിയുമായ ജയശ്രീ വടയക്കളം, കുഞ്ഞുലക്ഷ്മി എന്ന തന്റെ അമ്മമ്മയെ ഓർത്തെടുക്കുന്നു
1
സ്നേഹം എന്ന രണ്ടക്ഷരം മതിയാവും അമ്മമ്മയെ കുറിച്ച് പറയാൻ. ഉറുമ്പുകൾ വരിവരിയായി പോകുന്ന കാഴ്ച കണ്ടിരിക്കാൻ എനിക്ക് ഏറെയിഷ്ടമായിരുന്നു. വെറുതെ ഒരു നേരമ്പോക്കിന് ഒരു കഷണം കടലാസോ, ഈർക്കിലിയോ അതിനിടയിൽ ഞാൻ കൊണ്ടുവെയ്ക്കും -ഉറുമ്പുകൾ ചിതറിയോടുന്നത് കാണാൻ.ഒരിക്കൽ അമ്മമ്മ ഇത് കണ്ടോണ്ട് വന്നു: ''അമ്മൂ ...നീ എന്തിനുള്ള ഭാവാ? അരുത് കുട്ടീ.. അവര് പരിഭ്രാന്തരായിപ്പോകില്ലേ... കൂട്ടം തെറ്റിയാൽ എത്ര സങ്കടാവും, അറിയോ....?"എന്നും പറഞ്ഞ് എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. ഇന്നും ഞാനങ്ങനെ ചെയ്യാറില്ല. ഒരു ജീവിയെയും അറിഞ്ഞോണ്ട് വേദനിപ്പിക്കാറുമില്ല.
കോട്ടയ്ക്കലിന്നടുത്ത് പൊന്മളയിൽ അച്ചുവത്ത് രാമൻ മൂസതിന്റെയും വടയക്കളം കല്യാണിയമ്മയുടെയും എട്ടു മക്കളിൽ രണ്ടാമത്തവളായിരുന്നു കുഞ്ഞു ലക്ഷ്മി. സുന്ദരിക്കുട്ടികളായ ആറു പെൺമക്കളെയും വീട്ടിലിരുത്താതെ നല്ല വിദ്യാഭ്യാസം നൽകാൻ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിൽ പഠിച്ചവരായിരുന്നു എല്ലാവരും. കൂട്ടത്തിൽ അമ്മമ്മയായിരുന്നത്രെ ഏറ്റവും സുന്ദരി. വെളുത്തു മെലിഞ്ഞ് അധികം പൊക്കമില്ലാതെ , നീലക്കണ്ണുകളും, മുറുക്കിച്ചുവപ്പിച്ചതു പോലുള്ള ചുണ്ടുകളും, നീണ്ട മൂക്കും ഒക്കെ കൂടി സുന്ദരിയായിരുന്നു അമ്മമ്മ - ഏതാണ്ട് അമ്പതു വയസ്സുവരെയും ആ ഭംഗി കാര്യമായി മങ്ങിപ്പോയില്ല. പുന്നശ്ശേരി നീലകണ്ഠശർമയായിരുന്നു പട്ടാമ്പി സംസ്കൃത കോളേജിലെ ഗുരുനാഥൻ. അവിടെ വെച്ചാണ് കവിയുമായി പ്രണയത്തിലാവുന്നത്.
കല്യാണം കഴിക്കുന്നതിന് മുമ്പ് പാലക്കാട് ഏതോ ഒരു സ്ഥാപനത്തിൽ പഠിപ്പിച്ചിരുന്നു അമ്മമ്മയും, ഏടത്തി ശ്രീദേവിയും (അമ്മു ഓപ്പോളെന്നോ മറ്റോ ആണ് വിളിച്ചിരുന്നതെന്നാണോർമ). ഒരനിയത്തിയും അനിയനും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ വൈദ്യന്മാരായിരുന്നു, കുറച്ചുനാൾ. മറ്റൊരനിയത്തി ജ്യോതിഷമായിരുന്നു ഐച്ഛികവിഷയമായെടുത്തത്.
കുളിച്ചീറനോടെ ചുണ്ടിൽ നാമവുമായി കടന്നുവരുന്ന അമ്മമ്മയുടെ രൂപം ഇന്നുമെൻ്റെ മനസ്സിലുണ്ട്. ചന്ദനക്കൊരട് അമ്മിയിൽ അരച്ചെടുത്ത ചന്ദനമാണ് നെറ്റിയിൽ തൊടുക. നീളത്തിൽ ഒറ്റവരക്കുറി. മുറിയിലേക്ക് കടന്നു വരുമ്പോൾ തന്നെ ചന്ദനത്തിന്റെയും ഭസ്മത്തിന്റെയും കലർപ്പുള്ള ഒരു നേർത്ത ഗന്ധമാണ്. അല്ല, ഇനി സ്നേഹത്തിന്റെ മണമായിരുന്നോ അത്? അറിയില്ല.
വയ്യാണ്ടിരിക്കണ ദിവസങ്ങളിൽ അമ്മമ്മ കുളിക്കാറില്ല. കാലും മുഖവും കഴുകി കൈ നനച്ച് ഭസ്മം തൊടാറാണ് പതിവ്. പക്ഷെ അപ്പോഴും ആ നെഞ്ചോട് പറ്റിച്ചേർന്നു കിടക്കുമ്പോൾ ഇപ്പറഞ്ഞ ചന്ദനമണം തന്നെയാണ്. കുഞ്ഞുന്നാളിലെ എന്റെ രാത്രികളെ ധന്യമാക്കിയിരുന്നത് കഥ പറഞ്ഞു തന്നും, ശ്ലോകങ്ങൾ ചൊല്ലിക്കേൾപ്പിച്ചും, മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് കവിതകൾ പാടിത്തന്നും ഉറക്കിയിരുന്ന അമ്മമ്മ തന്നെയായിരുന്നു.
അന്ന് പറഞ്ഞുതന്നിരുന്ന കഥകളുടെയെല്ലാം വിത്ത് വിശ്വമാനവികതയും സഹജീവി സ്നേഹവും തന്നെയായിരുന്നു എന്ന് --അന്യമായിട്ടൊന്നുമില്ല എന്ന് ഞാൻ പതുക്കെപ്പതുക്കെ മനസ്സിലാക്കുകയായിരുന്നു. ശിബിചക്രവർത്തിയുടെ കഥകളും ,ഹോജാ - മുല്ലാ കഥകളും, കാളിദാസന്റെ മേഘ സന്ദേശവും ഒക്കെ അമ്മമ്മയുടെ വാക്കുകളിലൂടെ എൻ്റെ കുഞ്ഞുമനസ്സിലിടം പിടിച്ചു. കഥ പറച്ചിലിനിടയിൽ ഞാനെന്നും സംശയങ്ങൾ ചോദിക്കുമായിരുന്നു .
യുക്തിരഹിതമായ ഒരു മറുപടിയും ആ മുഖത്തു നിന്ന് കേൾക്കേണ്ടി വന്നിട്ടില്ല. ഗർഭിണിയായ സീതയെ ഉപേക്ഷിച്ച രാമനെ കുറിച്ചും ധാർമികത നഷ്ടപ്പെട്ട യുദ്ധമുറകളെ കുറിച്ചും എന്റെ തീരാത്ത സംശയങ്ങൾക്ക് കൃത്യമായ മറുപടിയായിരുന്നു തന്നിരുന്നത്. തെറ്റ് തെറ്റായും ശരി ശരിയായും തന്നെ മനസ്സിലാക്കിത്തരുമായിരുന്നു.
'ന്റെ കുട്ടി നല്ലതെന്ന് തോന്നണത് മാത്രം എട്ത്താ മതി.., ' എന്നും പറഞ്ഞ് ഒരു ചിരിയുണ്ട്. "അല്ലെങ്കിൽ തന്നെ തെറ്റും ശരിയുമൊക്കെ നോട്ടം പോലെയല്ലേയെൻ്റ കുട്ട്യേ... "എന്ന് വിരാമമിട്ടൊരു പറച്ചിലും. ഈയൊരറിവ് എന്റെ മനസ്സിലുറച്ചു പോയത് അങ്ങനെയാവണം.
2
കഥപറച്ചിലിനിടയിലെപ്പോഴോ മുത്തശ്ശൻ തനിച്ചാക്കി പോയതിൽ ദേഷ്യമോ സങ്കടമോ തോന്നാറുണ്ടോ എന്നൊരിക്കൽ ഞാൻ ചോദിച്ചു. കാരണം സഹപാഠികൾ എപ്പഴോ ഒരു തവണ കളിയാക്കിയിരുന്നു - നാടുമുഴുവൻ കല്യാണം കഴിച്ച് നടക്കുന്നയാളല്ലേ നിന്റെ കവിമുത്തശ്ശൻ എന്ന്. എട്ടിലോ ഒൻപതിലോ പഠിക്കുമ്പോഴായിരുന്നു അത്. ഒരു പതിനാലുവയസ്സുകാരിക്ക് താങ്ങാൻ പറ്റുന്നതിലപ്പുറമായിരുന്നു എന്റെ സങ്കടം.(അദ്ധ്യാപകരിൽ നിന്ന് കവിയുടെ കൊച്ചുമകൾ എന്ന ചെറിയ പരിഗണന കിട്ടുന്നതിലുള്ള കുശുമ്പു കൊണ്ടാണോ അവർ അങ്ങനെ ചോദിച്ചത്? ആവോ അറിയില്ല.) അങ്ങനെയാണ് മടിച്ചു മടിച്ച് അമ്മമ്മയോട് ആ ചോദ്യം ഞാൻ ചോദിച്ചത്. അന്ന് കിട്ടിയ മറുപടി എന്റെ മനസ്സിനെ എന്നെന്നേക്കുമായി തൃപ്തിപ്പെടുത്താൻ പോന്നതായിരുന്നു.'എന്തിനാ ദേഷ്യപ്പെടണെ? ശരീരങ്ങൾ തമ്മിലുള്ള ബന്ധമല്ലല്ലോ മോളേ പ്രണയം..! മനസ്സുകൾ തമ്മിലല്ലേ..!' ആ മനസ്സിലെന്നും ഞാൻ മാത്രമേയുള്ളു, എന്റെ മനസ്സിലദ്ദേഹവും..!'. അത് വസ്തുതാകഥനമാണോ അല്ല ആദർശഭാവനയാണോ എന്ന് ആലോചിച്ച് ഞാൻ വേവലാതിയിൽ വീണിട്ടില്ല. അതെനിക്കൊരു വിദ്യാഭ്യാസം കൂടിയായിരുന്നു. പ്രണയം എന്ന വാക്കിൻ്റെ അർത്ഥം തേടി ഇനി നിഘണ്ടുപ്പുറങ്ങൾ മറിക്കേണ്ടതുമില്ല.
3
കൂടാളി ഹൈസ്കൂളിൽ കവിമുത്തശ്ശൻ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സമയത്ത് അമ്മമ്മയും അമ്മയും അമ്മാവനും കൂടെത്തന്നെയുണ്ടായിരുന്നു. ഏതാണ്ട് പത്തുവർഷത്തോളം. അമ്മയും കുറച്ചു നാൾ ആ സ്കൂളിൽ തന്നെ ജോലി ചെയ്തിരുന്നു. അച്ഛനും മകളും എന്നുംഒന്നിച്ച് സ്ക്കൂളിൽ പോകുന്ന കഥ പറഞ്ഞ് അമ്മമ്മയും അമ്മയും ചിരിക്കും. നടന്ന് നടന്ന് പാടത്തൂടെ നടക്കാൻ തുടങ്ങുമ്പൊ ഒന്നുകിൽ പശുവിനെ കാണും, അല്ലെങ്കിൽ കൂട്ടം കൂട്ടമായെത്തുന്ന പക്ഷികളെ..തീർന്നു കഥ.. മുത്തശ്ശനതും നോക്കി ഒറ്റ നില്പാവും. വിളിച്ചാൽ പോലും അറിയില്ല. പതുക്കെ മുത്തച്ഛനെ കടന്ന് അമ്മ വേഗം നടന്ന് സ്ക്കൂളിലേക്ക് പോകും. 'കവി എന്ന പരിഗണന അച്ഛന് മാത്രല്ലേ കിട്ടൂ, എനിക്കില്ലല്ലോ. സമയത്തെത്തണ്ടേ 'എന്നും പറഞ്ഞു ചിരിക്കും അമ്മ.
4.
ആദ്യത്തെ കുഞ്ഞിനെ (എൻ്റെ അമ്മ- ലീല) പ്രസവിക്കുന്നത് വരെ അമ്മമ്മ എഴുതാറുണ്ടായിരുന്നു. ലേഖനങ്ങൾ മാതൃഭൂമിയിൽ കൊടുത്ത് കിട്ടുന്ന കാശ് കൊണ്ടാണ് അഷ്ടിക്കുള്ള വക കണ്ടെത്തിയത്. പ്രസവശേഷം എഴുത്തു നിന്നു. കുഞ്ഞുലക്ഷ്മിയിലെ എഴുത്തുകാരി എന്നെന്നേക്കുമായി ഇല്ലാതായി. മുത്തച്ഛനിലെ ആണധികാരി ഇല്ലാതാക്കിയ പ്രതിഭയാണോ അമ്മമ്മ?. ഈ ചോദ്യം എന്റെ മനസ്സിൽ പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. അമ്മമ്മയോട് ചോദിക്കണം എന്ന് വിചാരിച്ചിട്ടുമുണ്ട്. ചോദിച്ചില്ല. അമ്മമ്മ പറഞ്ഞുമില്ല. ആ നഷ്ടം അമ്മമ്മയെ വിഷമിപ്പിച്ചിട്ടില്ല എന്നു കരുതാമോ? ഉറപ്പില്ല. ഞങ്ങളെല്ലാം ചേർന്ന് (അമ്മമ്മ, അഛൻ, അമ്മ, ഞങ്ങൾ മൂന്ന് മക്കൾ) മുത്തശ്ശന്റെ കൂടെ നിന്നെടുത്ത ഒരു ഫോട്ടോയുണ്ട്. ഫോട്ടോഗ്രാഫറെയും കൂട്ടി മുത്തശ്ശൻ തന്നെയാണ് അന്നൊരു സന്ധ്യയ്ക്ക് കേറി വന്നത്. ഉത്സാഹത്തിലായിരുന്നു.
വയ്യാതെ കിടക്കയായിരുന്നു അമ്മമ്മ. മുത്തശ്ശൻ അടുത്ത് കിടക്കയിലിരുന്ന് കൈ തടവിക്കൊണ്ട് കുറേ നേരം സംസാരിച്ചു. എന്നെയും അനിയന്മാരെയും മറ്റേകൈ കൊണ്ട് ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു. അന്നത്തെ ചായയ്ക്ക് ചക്കഅടയും പഴം നുറുക്കുമായിരുന്നു ഉണ്ടായിരുന്നതെന്നാണോർമ്മ. ഫോട്ടോയുടെ കാര്യം പറഞ്ഞപ്പൊ, "വയ്യാണ്ടിരിക്കുമ്പഴോ? ആകെ ക്ഷീണിച്ചിരിക്യല്ലേ ഞാൻ "എന്ന് അമ്മമ്മ ഒഴിഞ്ഞുമാറി. "അത് സാരൂല്ല. ഇനിയൊരു പക്ഷേ അടുത്തൊന്നും എനിക്ക് വരാൻ പറ്റിയില്ലെങ്കിലോ" എന്നാണ് മുത്തശ്ശൻ മറുപടി പറഞ്ഞത് - "തനിക്ക് കാണണം ന്ന് തോന്നുമ്പൊ ഞാനയച്ചുതരുന്ന ഈ ഫോട്ടോയിലേക്ക് നോക്യാ മതി "എന്നും പറഞ്ഞ് അമ്മമ്മയെ പിടിച്ചെഴുന്നേൽപിച്ചു കട്ടിലിലിരുത്തി. മാത്രമല്ല "എപ്പോഴെങ്കിലും കവി കുടുംബമില്ലാത്തവൻ എന്ന് കേൾക്കേണ്ടി വന്നാൽ അതിനുള്ള ഉത്തരമാവട്ടെ ഈ ഫോട്ടോ "എന്നും പറഞ്ഞ് കണ്ണടക്കിടയിലൂടെ ഞങ്ങളെ നോക്കി ചിരിച്ചു. അമ്മമ്മയും അത് കേട്ടു, പക്ഷെ പ്രതികരണമൊന്നും മുഖത്തു നിന്ന് വായിക്കാനായില്ല. അതിന്റെ അർത്ഥവ്യാപ്തി മനസ്സിലാക്കാൻ എനിക്ക് കുറച്ചു കാലം കാത്തിരിക്കേണ്ടി വന്നു. അമ്മമ്മ ആ കുംടുംബഫോട്ടോ ഫ്രെയിം ചെയ്യിക്കാതെ തന്റെ കട്ടിലിൽത്തന്നെ സൂക്ഷിച്ചു പോന്നു. 1989 ൽ അമ്മമ്മ പോയി. അതിനു ശേഷമാണ് ഞങ്ങളത് തൊട്ടത്.
5
കൂടാളിയിലെ പത്തുവർഷത്തെ താമസത്തിന് ശേഷം കുറേക്കാലം പിരിഞ്ഞിരിക്കേണ്ടി വന്നിരുന്നു. അതിന് ശേഷം അമ്മമ്മയെ കൂട്ടിക്കൊണ്ടുപോകാൻ വരുന്നു. ഒറ്റയ്ക്ക് ഭക്ഷണമൊന്നും ശരിയാകുന്നില്ല എന്നൊക്കെ പറഞ്ഞ് കത്തെഴുതി. അത് കിട്ടണതിന് മുമ്പേ ആളങ്ങെത്തി. അന്ന് ഞാൻ കൈക്കുഞ്ഞായിരുന്നു. അമ്മ പറഞ്ഞു കേട്ടതാണ്. മുത്തശ്ശൻ ഉമ്മറത്തേക്ക് കയറിയതും അമ്മമ്മ എന്നെയുമെടുത്ത് പടികടന്ന് ഉമ്മറത്തേക്ക് വരികയായിരുന്നു. ഉടനെ എന്നെ വാരിയെടുത്ത് എന്റെ കാലുകൾ മുത്തശ്ശൻ സ്വന്തം തലയിൽ വെച്ച് പറഞ്ഞത്രെ - ''അറിഞ്ഞില്ല, ലക്ഷ്മീ..തന്നെ ഇപ്പോൾ ആവശ്യം എന്നേക്കാൾ കൂടുതൽ ഈ കുഞ്ഞിനാണ്.. ഞാനിനിയൊരിക്കൽ വരാം''. ഊണ് കഴിച്ചവിടെനിന്നിറങ്ങി..
അതിന് ശേഷം മൂന്നോ നാലോ തവണ അമ്മമ്മയ്ക്ക് വയ്യാണ്ടായപ്പൊ "കാണണം ന്ന് മോഹണ്ട് "എന്നുപറഞ്ഞ് എഴുത്തെഴുതിയിരുന്നു. അപ്പഴൊക്കെ വരികയും ചെയ്തിരുന്നു. വന്നെന്നറിഞ്ഞാൽ അമ്മ അടുക്കളയിൽ മുത്തശ്ശനിഷ്ടപ്പെട്ട പലഹാരങ്ങളൊക്കെ ഉണ്ടാക്കണ തിരക്കിലാവും. ചക്ക വറുത്തത്, പഴം ചെറുതായി മുറിച്ച് കടലമാവിൽ മുക്കിച്ചുട്ടത്, വത്സൻ..ഒക്കെണ്ടാവും ചായയ്ക്ക്. ഇവർ രണ്ടുപേരും സംസാരിക്കുന്ന സ്ഥലത്ത് ഞങ്ങൾ കുട്ടികൾ മാത്രം. എന്തൊക്കെയോ പറഞ്ഞ് ചിരിക്കും .. കൂടെ ഞങ്ങളും. ഒരിക്കൽ മുത്തശ്ശൻ പറഞ്ഞ വാക്കുകൾ ഇന്നും ഓർക്കുന്നു..'തനിക്ക് പൂവാറായിട്ടില്ലഡോ.. ഞാൻ പോയിട്ടേ താൻ പോകൂ. ഒരീസം റേഡിയോവിലോ മറ്റോ കേൾക്കാം .. കവി യാത്രയായി എന്ന്. അന്ന് താൻ വിഷമിക്വേം വേണ്ട. ട്വോ.. അല്ലെങ്കിൽ തന്നെ ദേഹമല്ലേ യാത്രയാകുന്നുള്ളൂ..."മുത്തശ്ശന്റെ മരണവാർത്ത കേട്ട് വീട്ടിൽ നിന്നെല്ലാവരും പോയി. ഞാനും അമ്മമ്മയും മാത്രം വീട്ടിൽ. ഞാൻ കെട്ടിപ്പിടിച്ച് ഇരുന്നു.
അമ്മമ്മ കരയുന്നില്ല. പക്ഷെ ദു:ഖത്തിന്റെ ആഴം ഞാൻ കണ്ണുകളിൽ നിന്ന് വായിച്ചെടുത്തു. അത് സഹിക്കാനെനിക്കാവില്ലായിരുന്നു. ഞാൻ കരഞ്ഞു. അമ്മമ്മ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. അന്ന് മാതൃഭൂമിയിൽ നിന്ന് ആരോ ഒരാൾ വന്നിരുന്നു. ഏതാണ്ട് രണ്ടുമണിക്കൂറോളം അയാൾ സംസാരിച്ചു. പേര് ഓർക്കുന്നില്ല. മുഖം നല്ല ഓർമയുണ്ട്. ആജാനുബാഹുവായ സുന്ദരനായ ഒരു ചെറുപ്പക്കാരൻ. എന്തിനാണയാൾ അത്രനേരം കഥകൾ ചോദിച്ച് അവിടെ ഇരുന്നതെന്നറിയില്ല. ഞങ്ങൾക്കത് വലിയൊരാശ്വാസമായിരുന്നു. മുത്തശ്ശൻ അന്ന് പറഞ്ഞിട്ട് പോയ വാക്കുകൾ അയാളോട് അമ്മമ്മ പറയുന്നുണ്ടായിരുന്നു. അന്നാണ് ശരിക്കും ഞാനാ വാക്കുകളൂടെ അർത്ഥം ഉൾക്കൊണ്ടത്.
സത്യമായിരുന്നു അപ്പറഞ്ഞതെല്ലാമെന്ന് കവിയെ വായിച്ചറിയാൻ തുടങ്ങിയപ്പോൾ മനസ്സിലായി. സ്നേഹാദരങ്ങളോടെ മാത്രമേ കുഞ്ഞുലക്ഷ്മി എന്ന വാക്ക് അദ്ദേഹം ഉച്ചരിച്ചിരുന്നുള്ളൂ. ശീലാവതി എന്ന് ഒരിടത്ത് എഴുതിയതായും കണ്ടു.
അലിവുള്ള, ഉള്ളുലയ്ക്കുന്ന എഴുത്ത്. നന്നായി
അനിൽകുമാർ എ.വി.
ഫ്രാൻസിസ് പതിനാറാമൻ മാർപാപ്പയുടേതുപോലെ നിറഞ്ഞ സത്യസന്ധതയുള്ള രാഷ്ട്രനേതാക്കൾ ഉണ്ടായിരുന്നെങ്കിൽ - വിശുദ്ധ ഭൂമിയിലും ലോകമാകെയും സമാധാനത്തിന്റെ വെള്ളിവെളിച്ചം...
ബിനിത തമ്പി
കേരളത്തിൽ തൊണ്ണൂറുകളോടെ ഉയർന്നു വന്ന ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകയാണ് സി എസ് ചന്ദ്രിക. എഴുത്തുകാരിയായും കലാ സാംസ്‌കാരിക പ്രവർത്തകയായും, ഗവേഷകയായും...
ഡോ.പി.കെ. പോക്കർ
"Higher than love of one’s neighbor stands love of the most distant man and of the man of the future: higher still than love of man I account love of causes and of phantoms. " - Jacques Derrida, Politics of Friendship
ഒരുകാലത്ത് സിനിമകൾ കാണാൻ പ്രകടിപ്പിപ്പിച്ചിരുന്ന താൽപര്യം എനിക്കിപ്പോൾ...
മുജീബ് റഹ്മാൻ കിനാലൂർ
പോലീസ് സേനയും പൊതുജനവും ഒന്നു ചേർന്ന് പരീക്ഷ എഴുതി വരുന്ന കുട്ടികളെ 'സുരക്ഷിതരായി' വീട്ടിലെത്തിക്കാൻ അതീവ ജാഗ്രത കാണിക്കുന്ന അനുഭവമാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ അവസാനിക്കുന്ന...
പി. ജിംഷാർ
ഇൻസെസ്റ്റ് റിലേഷൻ, മനുഷ്യന്റെ ആദിമ കാലം മുതൽ വർത്തമാനകാലത്തും തുടർന്ന് വരാനിരിക്കുന്ന കാലത്തേക്കും നീളുന്നതാണ്!.. രക്തബന്ധം ഉള്ളവർ തമ്മിലുള്ള ലൈംഗിക ബന്ധങ്ങളെ ടാബു (Taboo) ആയി...
പി. പ്രേമചന്ദ്രൻ
'സന്ദര്‍ശനം' എന്ന തന്റെ കവിത പാഠപുസ്തകത്തില്‍ നിന്ന് പിന്‍വലിക്കണമെന്നും തന്റെ കവിതകള്‍ സിലബസ്സില്‍ ഒരിക്കലും ഉള്‍പ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് ബാലചന്ദ്രന്‍ ചുള്ളിക്കാട്...
ഡോ. ഉമർ തറമേൽ
’ഉമ്മയുടെ ഓമനത്തം കണ്ട് സിനിമയില്‍ ചേര്‍ക്കാന്‍ കൊടുക്കുമോ എന്ന് ചോദിച്ചു. ഉമ്മയെ വെല്ല്യാപ്പ എടുത്തുകൊണ്ട് ഒറ്റ ഓട്ടമായിരുന്നു. അതേ ഓട്ടം ഏഴു പേരെയും നെല്ലിമറ്റത്തെത്തിച്ചു....
ആദർശ് രത്‌നാകരൻ
വെളിച്ചപ്പാട് വിഗ്രഹത്തിന്റെ മുഖത്തേക്ക് തുപ്പുന്ന ഒറ്റ സീനിന്റെ പേരില്‍ വര്‍ത്തമാനകാലത്തും സംസാരവിഷയമാകുന്ന സിനിമയാണ് നിര്‍മ്മാല്യം. അമ്പത് വര്‍ഷത്തിനിപ്പുറവും സംസാരിക്കാൻ...
ജസ്റ്റിസ് ഹരിഹരൻ നായർ
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ട് 77 വർഷങ്ങൾ കഴിഞ്ഞുവെങ്കിലും നമ്മുടെ ജില്ലാ കോടതി മുതൽ താഴോട്ടുള്ള കീഴ്കോടതികൾ ഇപ്പോഴും ഇംഗ്ലീഷ് ഭാഷയിലാണ് വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നത്. ...
ഹരീഷ് റാം അടൂർ
പശ്ചിമേന്ത്യയിൽ അക്കാലത്ത് പടിക്കിണറുകൾ അനിവാര്യമായിരുന്നു. വരണ്ട പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കണ്ടെത്തിയ ജലക്കുഴികൾ. രാജാധിപത്യത്തിന്റെ നാളുകളിലെ യുദ്ധവും...
ഡോ.പി.കെ. പോക്കർ
മലബാറും ആമസോണും തമ്മിൽ എന്താണ് ബന്ധം എന്ന ചോദ്യം ചോദിക്കേണ്ടത് വർത്തമാന സാമൂഹിക പരിതോവസ്ഥയിൽ അനിവാര്യമാണ്. ഒരു പ്രദേശത്തെയോ ജനതയെയോ നാമകരണം ചെയ്യുമ്പോൾ അതിൽ...
പ്രവീണ നാരായണൻ
ആദ്യമേ പറയട്ടെ, യാത്രാവിവരണങ്ങളിൽ കാണുന്ന സ്ഥലചരിത്രമോ വിവരണങ്ങളോ ഇതിലില്ല. യാത്ര പോകുന്നതിന് മുൻപ് നിർബന്ധമായും കേൾക്കൂ, ഉപകാരപ്പെടും എന്നും അവകാശപ്പെടാനില്ല. ഇത് പൂർണമായും...
മുനീർ.എം
ലോകത്തെ ഏറ്റവും ശക്തമായ പ്രതിരോധ-ഇന്റലിജൻസ് സംവിധാനങ്ങളുള്ള ഇസ്രായേലിനെതിരെ 2023 ഒക്ടോബർ 7 - ന് ഹമാസ് ഇസ്രായേലിന്റെ മണ്ണിൽ നടത്തിയ ആക്രമണവും, അതേത്തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിലധികമായി...
കവിതാരാമൻ
ആഭിജാത്യവും കൂലീനതയും സവര്‍ണ്ണരുടെ ജന്മസ്വഭാവമാണെന്ന ജാതിബോധത്തെ ഊട്ടി ഉറപ്പിക്കുന്നുണ്ട് കുമാരനാശാന്റെ 'ദുരവസ്ഥ'. സവര്‍ണ്ണവും ആഭിജാതവുമായൊരു ആശയമണ്ഡലം ആശാന്റെ കാവ്യലോകം...
മുഹമ്മദ് അൽത്താഫ് എം പി
മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട പദം നിസ്സംശയമായും 'റിവ്യൂ ബോംബിങ്' തന്നെയാണ്. എന്നാൽ ഇതുമായി കിടപിടിക്കുന്ന രണ്ട് പ്രയോഗങ്ങൾ കൂടി...
കെ.ടി. ബാബുരാജ്
'കുമാരനെല്ലൂരിലെ കുളങ്ങൾ' എം എ റഹ്മാൻ എന്ന ചലച്ചിത്രകാരന്റെ എം ടി ചിത്രമാണ്. ബഷീർ ദ മേനിലും, കോവിലന്റെ തട്ടകത്തിലും തുറന്നു വെച്ച ക്യാമറ എം ടി എന്ന മഹാസാഹിത്യകാരനെ ആവാഹിച്ചത് മറ്റൊരു...
കവിയെപ്പറ്റി എത്ര കേട്ടാലും മതിവരില്ല....